അള്‍ജീരിയയിലെ ഇസ്‌ലാമിക രാഷ്ട്രീയാവിഷ്‌കാരം
കെ.എ ഹുസൈന്‍
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയ ഭരണഘടനാപരമായി അറബ്, ഇസ്‌ലാമിക രാജ്യമാണ്. രാജ്യത്തിന്റെ ചരിത്രവും അസ്തിത്വവും അരക്കിട്ടുറപ്പിച്ചിരിക്കുന്നത് ഇസ്‌ലാമിക അടിത്തറയിലാണ്. സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന് നിര്‍ണായക സ്വാധീനമുണ്ട്.
അള്‍ജീരിയയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് ചെറുത്തുനില്‍പ്പിലാണ്. ഫ്രഞ്ച് അധിനിവേശത്തിനെതിരായിരുന്നു ആദ്യ പോരാട്ടമെങ്കില്‍ സ്വാതന്ത്ര്യാനന്തരം അത് പട്ടാള മേധാവികള്‍ അടിച്ചേല്‍പിച്ച സ്വേഛാധിപത്യത്തിനെതിരിലായിരുന്നു. ഫ്രഞ്ച് കോളനിവത്കരണത്തിനെതിരായ 132 വര്‍ഷം നീണ്ടുനിന്ന പോരാട്ടം ഇസ്‌ലാമിക രാഷ്ട്രീയത്തിന് അടിത്തറയാവുകയും അതിനെ ത്വരിതപ്പെടുത്തുകയും ചെയ്തു. രണ്ടാം ലോക യുദ്ധം അവസാനിച്ചശേഷം അറബ് നാടുകളെ ഇളക്കിമറിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ജനങ്ങള്‍ക്ക് പ്രചോദനമായത് ജിഹാദി-ദേശാഭിമാന വികാരങ്ങളായിരുന്നു. പത്തു ലക്ഷത്തോളം പേരെ രക്തസാക്ഷികളാക്കി 1962 ജൂലൈയില്‍ ഫ്രഞ്ച് അധിനിവേശത്തില്‍നിന്ന് മോചനം നേടിയ അള്‍ജീരിയയിലെ സ്വാതന്ത്ര്യസമരത്തില്‍ കാപിറ്റലിസമോ സോഷ്യലിസമോ മതനിഷേധ പ്രസ്ഥാനങ്ങളോ ഒരു പങ്കും വഹിച്ചിട്ടില്ല. ജിഹാദിനെക്കുറിച്ച ഇസ്ലാമിക പണ്ഡിതന്മാരുടെ ആഹ്വാനങ്ങളാണ് സ്വാതന്ത്ര്യസമരത്തിലേക്ക് മുസ്‌ലിം ജനസാമാന്യത്തെ എത്തിച്ചത്. ഈ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രചോദനം ഇസ്ലാമിക ജിഹാദ് തന്നെയായിരുന്നുവെന്ന് പ്രക്ഷോഭാനന്തരം തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് അവസരം ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍തന്നെ ദേശീയവാദി, മതനിരാസ, മുതലാളിത്ത അടിത്തറയുള്ള കക്ഷികളെയൊക്കെ തൂത്തെറിഞ്ഞ് ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനങ്ങള്‍ അധികാരത്തിലേറ്റിയത് ചാരത്തിനടിയില്‍ എരിഞ്ഞടങ്ങാതെ അവശേഷിച്ച കനലായിരുന്നു ഇസ്ലാമിക രാഷ്ട്രീയയശക്തിയെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു.
ഫ്രഞ്ച്‌വിരുദ്ധ പോരാട്ടം
കോളനിവത്കരണ മോഹവുമായി 1830 ജൂണ്‍ 14-നാണ് ഫ്രഞ്ച് നാവികസേന അള്‍ജീരിയയിലെത്തിയത്. പടിപടിയായി രാജ്യത്തെ അധിനിവേശപ്പെടുത്തിയ ഫ്രഞ്ച് കോളനിവാഴ്ചക്കെതിരെ 1839 നവംബര്‍ എട്ടിന് ധീരയോദ്ധാവും സ്വൂഫി പണ്ഡിതനുമായ അമീര്‍ അബ്ദുല്‍ഖാദിര്‍ അല്‍ജസാഇരി (1808-1883) വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു. നീണ്ട പോരാട്ടത്തിനൊടുവില്‍ അമീര്‍ അബ്ദുല്‍ഖാദിര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതമായതോടെയാണ് 1847 ഡിസംബര്‍ 23-ന് ഫ്രഞ്ച് ആധിപത്യം അരക്കിട്ടുറപ്പിക്കപ്പെട്ടത്. അടുത്തവര്‍ഷം അള്‍ജീരിയ ഫ്രഞ്ച് അധീനപ്രദേശമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പൗരത്വവും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട അള്‍ജീരിയന്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍നിന്ന് ഇസ്‌ലാമിനെ തൂത്തെറിയാനായിരുന്നു പിന്നീട് ഫ്രഞ്ചുകാരുടെ ശ്രമം. പക്ഷേ അതുകൊണ്ടൊന്നും അള്‍ജീരിയന്‍ ജനതയുടെ ഹൃദയത്തില്‍നിന്ന് ഇസ്‌ലാമിനെ അകറ്റാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അവരിലെ ജിഹാദി, രാജ്യസ്‌നേഹ വികാരം ആളിക്കത്തുകയാണ് ചെയ്തതെന്നതിന് ചരിത്രം സാക്ഷിയാണ്. ഫ്രഞ്ചുകാര്‍ക്കെതിരെ നടത്തുന്നത് വിശുദ്ധ സമരമായും (ജിഹാദ്) അതില്‍ ജീവന്‍ ബലിയര്‍പ്പിക്കുന്നവര്‍ രക്തസാക്ഷികളായും മനസ്സിലാക്കപ്പെട്ടു.
അബ്ദുല്‍ഖാദിര്‍ ജസാഇരിക്കുശേഷം സ്വാതന്ത്ര്യസമരത്തെ മുന്നില്‍ നിന്ന് നയിച്ച ധീരയോദ്ധാക്കളെയും നേതാക്കളെയുമൊക്കെ പോരാട്ടരംഗത്തിറക്കിയത് ഇസ്‌ലാമിക വിപ്ലവാവേശമായിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത് അള്‍ജീരിയയിലെ മുസ്‌ലിം പണ്ഡിതന്മാര്‍ രംഗത്തിറങ്ങി ജനങ്ങളെ സ്വാതന്ത്ര്യസമര രണാങ്കണങ്ങളിലേക്ക് ഇറക്കി. 1931-ല്‍ ശൈഖ് അബ്ദുല്‍ഹമീദ് ബിന്‍ ബാദീസ് (1889-1940) രൂപം കൊടുത്ത ജംഇയ്യത്തുല്‍ ഉലമാ എന്നറിയപ്പെട്ട അല്‍ജീരിയന്‍ പണ്ഡിത സംഘടന (അസോസിയേഷന്‍ ഓഫ് അല്‍ജീരിയന്‍ ഉലമാ French: Aossciation desoulepmas musulmans algeriens,AOMA) ഫ്രഞ്ച്‌വിരുദ്ധ സമരത്തില്‍ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു. 1920-കളില്‍ മധ്യപൗരസ്ത്യ ദേശത്തും ഉത്തരാഫ്രിക്കയിലും അറബ്-മുസ്‌ലിം പൊതുബോധത്തിലുണ്ടായ ഇസ്‌ലാമികമായ ഉണര്‍വ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിറവിക്ക് കാരണമായി. അറബ് ലോകത്ത് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപിതമാകുന്നത് ഈ കാലയളവിലാണ്.
1954 നവംബര്‍ ഒന്നിന് ഫ്രഞ്ച് അധിനിവേശത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സംഘടിത സായുധ വിപ്ലവത്തെ തുടര്‍ന്നാണ് നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ദേശീയ സംഘടന നിലവില്‍വരുന്നത്. ഇവര്‍ക്കു കീഴിലും ജനങ്ങളുടെ പോരാട്ടവീര്യത്തെ ത്രസിപ്പിച്ചുനിര്‍ത്തിയത് ഇസ്‌ലാമിന്റെ വിമോചന ആശയങ്ങള്‍ തന്നെയായിരുന്നു. സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ എഫ്.എന്‍.എല്ലിന് ജംഇയ്യത്തുല്‍ ഉലമായുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. 1962-ല്‍ സ്വാതന്ത്ര്യം നേടി രാജ്യം എഫ്.എല്‍.എന്നിനു കീഴില്‍ വന്നപ്പോള്‍ പോലും പൊതുജീവിതത്തില്‍നിന്ന് ഇസ്‌ലാമിനെ പൂര്‍ണമായി മാറ്റിനിര്‍ത്താന്‍ ദേശീയവാദികളായ അവര്‍ക്കും കഴിയുമായിരുന്നില്ല.
ഇസ്‌ലാമിക രാഷ്ട്രീയം സ്വാതന്ത്ര്യാനന്തര അള്‍ജീരിയയില്‍
ഫ്രഞ്ച് കോളനിവാഴ്ചക്കാലത്ത് എല്ലാ ജനവിഭാഗങ്ങളും പ്രസ്ഥാനങ്ങളും രാജ്യത്തിന്റെ സ്വാതന്ത്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി നിന്നെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതായിരുന്നില്ല സ്ഥിതി. ഭരണത്തില്‍ കയറിപ്പറ്റാന്‍ സോഷ്യലിസ്റ്റുകളും ലിബറലുകളും സൈനിക മേധാവികളും ബര്‍ബരി വംശജരുമൊക്കെ ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത ചിന്താധാരകള്‍ മത്സരിക്കുകയായിരുന്നു. ഇസ്‌ലാമിക ശരീഅത്തില്‍ അധിഷ്ഠിതമായ ഭരണകൂടം സ്ഥാപിക്കണമെന്ന് വാദിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെപ്പോലുള്ള സംഘടനകള്‍ക്കും നേതാക്കള്‍ക്കും മുഖ്യധാരയില്‍ ഇടമില്ലാതായി. എന്നാല്‍ അധികാരത്തില്‍ വന്ന എഫ്.എല്‍.എന്‍ തീവ്രമായി നടപ്പാക്കിത്തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഇസ്‌ലാമിസ്റ്റുകളുടെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി.
സ്വാതന്ത്ര്യത്തിനുശേഷവും അള്‍ജീരിയയില്‍ ഫ്രഞ്ച് സ്വാധീനം ശക്തമായിരുന്നു. യൂനിവേഴ്‌സിറ്റികളിലെ അധ്യയന മാധ്യമമായി ഫ്രഞ്ച് ഭാഷ തുടര്‍ന്നു. ഫ്രഞ്ച് ഭാഷയില്‍ വിദ്യാഭ്യാസം നേടിയവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലും അധികാരകേന്ദ്രങ്ങളിലും ഉന്നതജോലികളിലും എത്തിപ്പെട്ടപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും അറബ് വംശജരും അരികുവത്കരിക്കപ്പെട്ടു. ഇതുമൂലമുള്ള അസംതൃപ്തിയും ഇസ്‌ലാമികവത്കരണത്തിനുവേണ്ടിയുള്ള മുറവിളി ശക്തമാകാന്‍ കാരണമായി.
അല്‍ഖിയം
ഭരണകൂടത്തിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ക്കും ഫ്രഞ്ച് സ്വാധീനത്തിനുമെതിരെ 1960-കളില്‍ രൂപീകൃതമായ ഇസ്‌ലാമിക സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് ഇസ്‌ലാമിക മുല്യങ്ങളുടെ സംസ്ഥാപനത്തിനായി രംഗത്തുവന്ന മൂല്യങ്ങള്‍ എന്നര്‍ഥം വരുന്ന 'അല്‍ഖിയം' എന്ന സംഘടന. രാജ്യത്തെ ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്ന് സംഘടന ശക്തമായി വാദിച്ചു. ഹാശിം തിജാനിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെ സ്വാധീനഫലമായാണ് പ്രസിഡന്റായിരുന്ന അഹ്‌മദ് ബെന്‍ ബെല്ല (1916-2012) സ്‌കൂളുകളില്‍ ഇസ്‌ലാമിക മതപഠനം ഏര്‍പ്പെടുത്തിയത്. മജല്ലത്തുത്തദ്ഹീബില്‍ ഇസ്‌ലാമിയ്യ എന്ന ഔദ്യോഗിക ജേണലിലൂടെയും മറ്റും സംഘടന രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന സെക്യുലറിസത്തിനെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി. മുസ്‌ലിം ജനസാമാന്യത്തെ, പ്രത്യേകിച്ച് യുവാക്കളെ ശക്തമായി സ്വാധീനിക്കാന്‍ അല്‍ഖിയമിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തിനുവേണ്ടിയുള്ള മുറവിളി രാജ്യത്ത് ശക്തിപ്പെട്ടുതുടങ്ങി. 1982 നവംബര്‍ 12-ന് അള്‍ജിയേഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ 'ഇസ്‌ലാമിക രാഷ്ട്രത്തിനുവേണ്ടിയുള്ള ഒരു രൂപരേഖ' (A charter for an Islamic state) പുറത്തുവിടുന്നത് ഈ ഘട്ടത്തിലാണ്. ക്ലാസ് ബഹിഷ്‌കരിച്ച് കാമ്പസിനകത്തും പുറത്തും പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഭരണകൂടം ചെയ്തത്. ഇസ്‌ലാമിക ഭരണകൂടത്തിനായുള്ള മുറവിളി രാജ്യമെങ്ങും അലയടിച്ചു. എന്നാല്‍ ഇതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ നേരിട്ട പ്രസിഡന്റ് ശാദ്‌ലി ബെന്‍ജദീദ് (chadli bendjedid الشاذلي بن جديد,- 1929-2012) 1984-ല്‍ കോണ്‍സ്റ്റന്റയ്‌നില്‍ മികച്ച ഒരു ഇസ്‌ലാമിക സര്‍വകലാശാല സ്ഥാപിച്ചു. മുന്‍ഗാമി ഹുവാരി ബൂമദീന്റെ (houari boumediene) അടിച്ചമര്‍ത്തല്‍ നയത്തില്‍നിന്ന് ഭിന്നമായി 1979-ല്‍ അധികാരത്തില്‍ വന്ന ബെന്‍ജദീദ് ഇസ്‌ലാമിസ്റ്റുകളോട് താരതമ്യേന സഹിഷ്ണുത കാണിച്ചു. ഇസ്‌ലാമിസ്റ്റുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാമിക ശരീഅത്തില്‍ അധിഷ്ഠിതമായ ഫാമിലി കോഡ് നടപ്പില്‍വരുത്താനും അദ്ദേഹം നിര്‍ബന്ധിതനായി. ഫ്രഞ്ച് ഭാഷയുടെ മേല്‍ക്കോയ്മക്കെതിരെ അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്ന അല്‍ഖിയമിന്റെ നയം സര്‍വകലാശാലാ വിദ്യാര്‍ഥികളെ അതിലേക്ക് ആകര്‍ഷിച്ചു. കാമ്പസുകളില്‍ വളര്‍ന്നുവരുന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്ക് ബദലാകാന്‍ അല്‍ഖിയമിന് ഭരണകൂടത്തിന്റെ തന്നെ പരോക്ഷ പിന്തുണ കിട്ടുന്ന സ്ഥിതിവരെയുണ്ടായി. ഇതേത്തുടര്‍ന്ന് 1980-കളില്‍ സംഘടന ശക്തിപ്രാപിക്കുകയും 1982 നവംബറില്‍ അള്‍ജിയേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ ബെന്‍ അക്‌നൂന്‍ കാമ്പസില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അള്‍ജീരിയയില്‍
ഫ്രഞ്ച് കോളനിവാഴ്ചയുടെ (1830-1962) അവസാന ഘട്ടത്തിലാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അള്‍ജീരിയയിലെത്തുന്നത്. 1953 മുതല്‍ ശൈഖ് അഹ്‌മദ് സഹ്‌നൂനാണ് (1907-2003) പ്രസ്ഥാനത്തെ അള്‍ജീരിയയില്‍ നയിച്ചത്. 1954-1962 കാലഘട്ടത്തില്‍ ഇഖ്‌വാന്‍ അംഗങ്ങളും അനുഭാവികളും അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ സജീവമായി പങ്കുചേര്‍ന്നിരുന്നു. മതവിദ്യാഭ്യാസ രംഗത്തും പള്ളികള്‍ സ്ഥാപിക്കുന്നതിലും ഇസ്‌ലാമിക കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിലുമൊക്കെ ഇഖ്‌വാന്‍ അനുഭാവികള്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക കക്ഷികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭരണകൂടവുമായി നേരിട്ട് ഏറ്റുമുട്ടുന്നതില്‍നിന്ന് ഇഖ്‌വാനികള്‍ മാറിനിന്നെങ്കിലും രാജ്യത്തിന്റെ ഇസ്‌ലാമിക ഭരണവ്യവസ്ഥക്കായി വാദിച്ച് കര്‍മരംഗത്തുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ അറബ്‌വത്കരണം ഇസ്‌ലാമിസ്റ്റുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. അഹ്‌മദ് ബെന്‍ ബെല്ല, ഹുവാരി ബുമദീന്‍ എന്നിവരുടെ ഭരണകാലത്ത് നടപ്പാക്കിയ അറബ്‌വത്കരണനയങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സഹായകമായി. അറബ് നാടുകളില്‍നിന്ന്, വിശിഷ്യാ ഇഖ്‌വാന്റെ ജന്മദേശമായ ഈജിപ്തില്‍നിന്ന് എത്തിയ അറബി അധ്യാപകരുടെ വരവ് അള്‍ജീരിയയില്‍ ഇഖ്‌വാന്റെ സാന്നിധ്യം ശക്തിപ്പെടുത്തി.
മഹ്ഫൂദ് നഹ്‌നാഹും
ഇഖ്‌വാന്‍ അനുകൂല 'ഹമാസ്' പാര്‍ട്ടിയും
അല്‍ഖിയമിന്റെ കാലത്തുതന്നെ മറ്റ് ചില ഇസ്‌ലാമിക കക്ഷികളും അള്‍ജീരിയയില്‍ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.
മഹ്ഫൂദ് നഹ്‌നാഹ് (1942-2003) രൂപംകൊടുത്ത അല്‍ ഇസ്വ്‌ലാഹ് വല്‍ ഇര്‍ശാദ് അത്തരമൊരു സംഘടനയാണ്. ഭരണകൂടത്തിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ക്കെതിരെ ഈ സംഘടനയും രംഗത്തിറങ്ങി. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസമത്വം ചൂണ്ടിക്കാട്ടി സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളുടെ ഇസ്‌ലാമിക പരിഹാരത്തെക്കുറിച്ച് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു.
അള്‍ജിയേഴ്‌സ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരിക്കെ അവിടത്തെ ഈജിപ്ഷ്യന്‍ അധ്യാപകരുടെ സ്വാധീനഫലമായാണ് അദ്ദേഹം ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ ചേര്‍ന്നത്. 1990-കളില്‍ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ നഹ്‌നാഹിന്റെ നേതൃത്വത്തിലാണ് ഹമാസ് എന്ന പേരില്‍ ഇഖ്‌വാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മതകീയ പാര്‍ട്ടികള്‍ക്ക് നിരോധനം വന്നപ്പോള്‍ ഇതിനെ movement of society for peace (msp, ഹറകത്തു മുജ്തമഇസ്സില്‍മ് حركة مجتمع السلم) എന്നായി പേരു മാറ്റി. പക്ഷേ ഹമാസ് എന്ന ചുരുക്കപ്പേര് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
1976-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 15 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ശൈഖ് നഹ്‌നാഹ് നാലുവര്‍ഷത്തിനുശേഷം മോചിപ്പിക്കപ്പെട്ടു. അതിനുശേഷമാണ് മുഹമ്മദ് ബുസ്‌ലിമാനിക്കൊപ്പം (mohammed bouslimani) ചേര്‍ന്ന് അല്‍ഇസ്വ്‌ലാഹ് വല്‍ ഇര്‍ശാദ് രൂപവത്കരിക്കുന്നത്. അഹ്‌മദ് സഹ്‌നൂനുമായി ചേര്‍ന്ന് Islamic preaching league എന്ന സംഘടനക്കും രൂപംനല്‍കി. സ്വാതന്ത്ര്യാനന്തര അള്‍ജീരിയയുടെ ഇസ്‌ലാമികവത്കരണത്തിനുള്ള പോരാട്ടങ്ങളില്‍ അബ്ബാസി മദനി തുടങ്ങിയ നേതാക്കളെപ്പോലെ മുന്നണിപ്പോരാളിയാണെങ്കിലും ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ ചില ആശയങ്ങളുമായി യോജിപ്പില്ലാത്തതിനാല്‍ അതുമായി സഹകരിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. ക്രമപ്രവൃദ്ധവും സാവധാനത്തിലുള്ളതുമായ ഇസ്‌ലാമികവത്കരണവും അതനുസരിച്ചുള്ള പരിഷ്‌കരണങ്ങളുമാണ് അദ്ദേഹം ലക്ഷ്യംവെച്ചത്. ഒരു ഇസ്‌ലാമിക രാഷ്ട്രമെന്നല്ല, അള്‍ജീരിയയില്‍ പൂര്‍ണ ജനാധിപത്യം നടപ്പാക്കാന്‍ പോലും രാജ്യത്തെ സൈന്യവും പാശ്ചാത്യ രാജ്യങ്ങളും അനുവദിക്കാനിടയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനം ശരിയായിരുന്നുവെന്ന് പില്‍ക്കാല ചരിത്രം തെളിയിച്ചു.
പ്രാദേശിക അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സാല്‍വേഷന്‍ ഫ്രണ്ട് വിജയിച്ച പശ്ചാത്തലത്തില്‍ 1990 ഡിസംബര്‍ ആറിനാണ് നഹ്‌നാഹ് സ്വന്തമായി ഹമാസ് (പിന്നീട് എം.എസ്.പി) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. നഹ്‌നാഹിന്റെ മിതവാദ നയനിലപാടുകള്‍ കാരണം 1992-ലെ പട്ടാള അട്ടിമറിക്കുശേഷവും അദ്ദേഹത്തിന്റെ പാര്‍ട്ടി നിരോധിക്കപ്പെടുകയുണ്ടായില്ല.
ഇഖ്‌വാനില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ചിലര്‍ അബ്ദുല്ല ജബല്ലയുടെ നേതൃത്വത്തില്‍ 'അന്നഹ്ദ' എന്ന പേരില്‍ പില്‍ക്കാലത്ത് മറ്റൊരു പാര്‍ട്ടിയുണ്ടാക്കി. പിന്നീട് ഇതിലും പിളര്‍പ്പുണ്ടായി തീവ്രവാദ നിലപാടുകളുള്ള അല്‍ ഇസ്വ്‌ലാഹ് എന്ന പാര്‍ട്ടിയും രംഗത്തുവന്നു. പക്ഷേ ഈ രണ്ട് കക്ഷികള്‍ക്കും ആഗോള ഇഖ്‌വാന്‍ നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. എം.എസ്.പിയാണ് ഇഖ്‌വാനോട് അനുഭാവമുള്ള അള്‍ജീരിയയിലെ രാഷ്ട്രീയ പാര്‍ട്ടി. ഇന്ന് അള്‍ജീരിയയിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയാണിത്.
കുറേ അണികള്‍ അതിലേക്ക് പോയെങ്കിലും സാല്‍വേഷന്‍ ഫ്രണ്ടുമായും ഇഖ്‌വാന്‍ അകലം പാലിച്ചു. പട്ടാള അട്ടിമറിക്കുശേഷം നിലവില്‍വന്ന സായുധ തീവ്രവാദി സംഘടനകളെയും ഇഖ്‌വാന്‍ തള്ളിപ്പറഞ്ഞു. ഭരണകൂടവുമായുള്ള തുറന്ന ഏറ്റുമുട്ടലിനു പകരം സമാധാനപരമായ സഹവര്‍ത്തിത്വത്തിനായാണ് സംഘടന നിലകൊള്ളുന്നത്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ട എം.എസ്.പി, സാല്‍വേഷന്‍ ഫ്രണ്ട് നേതാക്കള്‍ ബഹിഷ്‌കരിച്ച മിക്ക തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. ഈ നിലപാടു മൂലം പാര്‍ട്ടിയുടെ നിരവധി അനുയായികള്‍ തീവ്രവാദ സൈനിക ഗ്രൂപ്പുകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
1997 മുതല്‍ ലിയാമിന്‍ സര്‍വലിന്റെയും (liamine zeroual) അബ്ദുല്‍ അസീസ് ബൂതഫ്‌ലിഖയുടെയും ഭരണത്തിനു കീഴില്‍ പല രംഗങ്ങളിലും അവരുമായി സഹകരിച്ചുപോരുന്നു. ഭരണകൂടത്തോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട്, രാജ്യത്ത് വര്‍ധിച്ചുവരുന്ന സെക്യൂലറിസ്റ്റ് ആശയഗതികളെ ചെറുക്കുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചുപോരുന്നത്. സായുധ പോരാളി സംഘങ്ങളുമായുള്ള വെടിനിര്‍ത്തലിന് ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന പാര്‍ട്ടി, അല്‍ഖാഇദയെപ്പോലുള്ള ആഗോള ഭീകരപ്രസ്ഥാനങ്ങളെ തുറന്നെതിര്‍ക്കുകയും ചെയ്യുന്നു.
സാല്‍വേഷന്‍ ഫ്രണ്ടിന് ഭുരിപക്ഷം ലഭിച്ച 1991-ലെ ഒന്നാംഘട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടിക്ക് 5.3 ശതമാനം മാത്രം വോട്ട് നേടി നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സാല്‍വേഷന്‍ ഫ്രണ്ട് 47 ശതമാനം വോട്ടുമായി ഒന്നാം സ്ഥാനത്തായിരുന്നു. സാല്‍വേഷന്‍ ഫ്രണ്ടിനെ നിരോധിച്ച സൈനിക അട്ടിമറിയെ അപലപിച്ച എം.എസ്.പി അതിനെ തുടര്‍ന്ന് ഉടലെടുത്ത തീവ്രവാദ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു.
1995-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശൈഖ് നഹ്‌നാന്‍ മത്സരിക്കുകയും 25.38 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. പട്ടാള പിന്തുണയുള്ള ജനറല്‍ ലിയാമിന്‍ സര്‍വലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1999-ലെ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും 1942 ജൂലൈക്കു മുമ്പ് ജനിച്ചിട്ടും അള്‍ജീരിയന്‍ സ്വാത്രന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ അയോഗ്യനാക്കപ്പെട്ടു.
2003 ജൂണ്‍ 19-ന് 61-ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു ശേഷം ബൂഗറ സുല്‍ത്താനിയാണ് (bouguerra soltani അറബിയില്‍ അബൂജര്‍റ സുല്‍ത്താനി) പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. 1997-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത പാര്‍ട്ടി 14.8 ശതമാനം വോട്ട് നേടി പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി. നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സഖ്യകക്ഷിയായ ആര്‍.എന്‍.ഡിയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന സര്‍വല്‍ അനുകൂല ഭരണസമിതിയിലും പാര്‍ട്ടി പങ്കാളിയായി.
സര്‍വലിനുശേഷം 1999-ല്‍ അധികാരമേറ്റ ബൂതഫ്‌ലിഖയുമായും പാര്‍ട്ടി സഖ്യത്തിലായി. 2002-ല്‍ ബൂതഫ്‌ലീഖയുടെ ഭരണകാലത്ത് നടന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴു ശതമാനം വോട്ട് നേടി 38 അംഗങ്ങളെ ജയിപ്പിച്ചെടുത്തു. 2004-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണച്ചത് ബൂതഫ്‌ലീഖയെയാണ്. ഭരണകക്ഷിയായ എഫ്.എല്‍.എന്‍, ആര്‍.എന്‍.ഡി എന്നിവയുമായി ചേര്‍ന്നുള്ള ത്രികക്ഷി സഖ്യത്തിലെ പങ്കാളിയായ എം.എസ്.പി ബൂതഫ്‌ലീഖക്കു നല്‍കുന്ന പിന്തുണക്ക് പകരമായി സമൂഹത്തിന്റെ ഇസ്‌ലാമികവത്കരണമെന്ന പ്രധാന ആവശ്യമാണ് മുന്നോട്ടുവെച്ചത്. മുന്‍കാല ഇസ്‌ലാമിസ്റ്റ് തീവ്രവാദി വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കുകയെന്ന പ്രസിഡന്റിന്റെ നയത്തിലും എം.എസ്.പിയുടെ സ്വാധീനമുണ്ട്.
2007-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ത്രികക്ഷി സഖ്യമായി മത്സരിച്ച പാര്‍ട്ടി 52 അംഗങ്ങളുമായി 9.64 ശതമാനം വോട്ട് നേടി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി. 2009-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബൂതഫ്‌ലീഖയെ പിന്തുണക്കുകയായിരുന്നു.
ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട്
1980-കളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭരണകൂടം സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍നിന്ന് വ്യതിചലിച്ച് സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ദരിദ്രരും ധനികരും തമ്മിലെ അന്തരം വര്‍ധിച്ചുവരുമ്പോള്‍തന്നെ സമ്പന്ന ഉദ്യോഗസ്ഥവൃന്ദം അഴിമതി നടത്തി തടിച്ചുകൊഴുത്തുകൊണ്ടിരുന്നു. തുറന്ന സമ്പദ്‌വ്യവസ്ഥയും, സബ്‌സിഡികളും സാമൂഹികക്ഷേമ പദ്ധതികളും വെട്ടിക്കുറച്ചുള്ള സാമ്പത്തിക ഉദാരീകരണം പോലുള്ള സര്‍ക്കാറിന്റെ വികല നയങ്ങളും എണ്ണവരുമാനത്തിലെ കുറവുമുലം വന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം അസംതൃപ്തരായ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ 1988-ല്‍ ആഭ്യന്തരകലാപം ആരംഭിച്ചു. ഇതിനെ അടിയന്തരാവസ്ഥകൊണ്ട് നേരിട്ട ശാദ്‌ലി ഭരണകൂടം അക്രമങ്ങള്‍ അടിച്ചൊതുക്കി. 'ബ്ലാക്ക് ഒക്‌ടോബര്‍' കലാപത്തെത്തുടര്‍ന്ന് ഇസ്‌ലാമികശക്തികള്‍ ചില പ്രദേശങ്ങളില്‍ അധികാരം സ്ഥാപിച്ചു. 1989-ല്‍ നിലവില്‍വന്ന പുതിയ ഭരണഘടന സോഷ്യലിസം ഒഴിവാക്കിയും ജനാധിപത്യത്തിനു മുന്‍തൂക്കം നല്‍കിയും രാഷ്ട്രീയമായ ഉദാരവത്കരണത്തിന് തുടക്കംകുറിച്ചു. ഇതേവര്‍ഷം മാര്‍ച്ചിലാണ് ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് (front islamique de salut- fis) എന്ന പുതിയൊരു ഇസ്‌ലാമിക രാഷ്ട്രീയശക്തി നിലവില്‍വന്നത്. സെപ്റ്റംബര്‍ 16-ന് രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകനായി അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ശൈഖ് അബ്ബാസി മദനിയാണ് (ജനനം 1931) ഇതിന്റെ സ്ഥാപകന്‍. സ്വാതന്ത്ര്യസമരകാലത്ത് മദനി എട്ടുവര്‍ഷ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം ഇസ്‌ലാമിക കക്ഷിയായ അല്‍ഖിയമില്‍ ചേര്‍ന്നു. മതവിദ്യാഭ്യാസത്തിനു പുറമെ തത്ത്വശാസ്ത്രവും മനശ്ശാസ്ത്രവും പഠിച്ച അദ്ദേഹം 1978-ല്‍ ബ്രിട്ടനില്‍നിന്നാണ് പി.എച്ച്.ഡി നേടിയത്. ഫ്രഞ്ചിന് പകരം അറബി ഭാഷയുടെ പ്രചാരണത്തിനായി പരിശ്രമിച്ചു എന്ന കുറ്റത്തിന് 1982-ല്‍ കുറച്ചുകാലം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ജയിലില്‍നിന്ന് മോചിതനായ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി.
1988-ല്‍ എഫ്.എല്‍.എന്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായിക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉജ്ജ്വല മുന്നേറ്റം ഏവരെയും അമ്പരപ്പിച്ചു. അള്‍ജിയേഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരിക്കെ തന്റെ വിദ്യാര്‍ഥികളിലേക്ക് അദ്ദേഹം പകര്‍ന്ന ഇസ്‌ലാമികവികാരം കാമ്പസിലെ ഇസ്‌ലാമിസ്റ്റ് മുന്നേറ്റത്തെ സഹായിച്ചു. രാജ്യത്തിന്റെ പ്രസിഡന്റായി ശാദ്‌ലിയുടെ പിന്‍ഗാമിയായി മദനി വരുമെന്ന ധാരണവരെ പരന്നു. 1991 മെയില്‍ ഭരണകൂടത്തിനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച മദനി താമസിയാതെ അറസ്റ്റിലായി.
പുതിയ സാഹചര്യത്തില്‍ അടിച്ചമര്‍ത്തല്‍ നയം ഉപേക്ഷിച്ച ഭരണകൂടം, പൗരാവകാശങ്ങള്‍ അനുവദിക്കാനും ഭരണപരിഷ്‌കാര നടപടികള്‍ക്കും നിര്‍ബന്ധിതരായി. ബഹുകക്ഷി തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന വിപ്ലവകരമായ പരിഷ്‌കരണം നടപ്പാക്കിയതും ഈ ഘട്ടത്തിലാണ്. ഇസ്‌ലാമിസ്റ്റുകള്‍ കാത്തിരുന്ന ഈ പരിഷ്‌കരണം അവര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. രാജ്യം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാം മാത്രമാണ് പരിഹാരമെന്ന് മനസ്സിലാക്കി യുവാക്കളും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും കച്ചവടക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സമൂഹത്തിലെ ഗണ്യമായ വിഭാഗം എഫ്.ഐ.എസിനു പിന്നില്‍ അണിചേര്‍ന്നു. തുടക്കത്തില്‍ പലരും വിലകുറച്ചുകണ്ടെങ്കിലും, തൊഴിലില്ലാതെ ദുരിതംപേറുന്ന ആയിരക്കണക്കിന് യുവാക്കളെ അതിവേഗം ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. 1990-കളുടെ തുടക്കത്തില്‍ അള്‍ജീരിയന്‍ ജനസംഖ്യയുടെ 70 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 50 ശതമാനത്തിലേറെ പേരും 19 വയസ്സില്‍ താഴെയുമായിരുന്നു. അസംതൃപ്തരായ ഈ യുവസമൂഹം പാര്‍ട്ടിയെ ഒരു വികാരമായി ഏറ്റെടുത്ത് അതിനെ അതിവേഗം വളര്‍ത്തി.
ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഫലമായി സിദ് അഹ്‌മദ് ഖോസാലിയുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം നിലവില്‍വന്നു. സ്വതന്ത്രമായി ജനഹിതം വിനിയോഗിക്കാന്‍ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ അള്‍ജീരിയന്‍ ജനത ഇസ്‌ലാമിക ശക്തികളെയാണ് പുണര്‍ന്നത്. 1990 ജൂണ്‍ 12-ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സാല്‍വേഷന്‍ ഫ്രണ്ട് വന്‍ മുന്നേറ്റം നടത്തി. സ്വതന്ത്ര അള്‍ജീരിയയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ബഹുകക്ഷി സമ്പ്രദായത്തിലെ തെരഞ്ഞെടുപ്പായിരുന്നു അത്. ഗ്രാമങ്ങളില്‍ മാത്രമല്ല, തലസ്ഥാനമായ അള്‍ജിയേഴ്‌സിലും സമ്പന്നര്‍ കൂടുതലുള്ള നഗരങ്ങളിലും ശാദ്‌ലി ബെന്‍ജെദീദിന്റെ നാടായ അല്‍തര്‍ഫിലും (EL Tarf) പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു.
ശക്തമായ ജനകീയ അടിത്തറയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനരീതിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ഗാത്മക ജനാധിപത്യവുമായിരുന്നു സാല്‍വേഷന്‍ ഫ്രണ്ടിന്റെ കൈമുതല്‍.
ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍ സ്വാംശീകരിച്ച സംഘടനക്ക് ലക്ഷ്യപൂര്‍ത്തീകരണത്തിന് അധോലോക പ്രവര്‍ത്തനങ്ങളിലേക്ക് തിരിയേണ്ടിവന്നില്ല. സംഘടനയുടെ സ്ഥാപകനായ ശൈഖ് അബ്ബാസി മദനി അടക്കമുള്ള മിതവാദി നേതാക്കളുടെ ഇടപെടലാണ് ഈ രീതിയിലേക്ക് അതിനെ നയിക്കാന്‍ കാരണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയത്തിലും ബഹുസ്വര സമൂഹത്തിലെ ക്രിയാത്മക ഇടപെടലിലുമാണ് അബ്ബാസി മദനി വിശ്വസിച്ചിരുന്നതെങ്കില്‍ പാശ്ചാത്യ ജനാധിപത്യത്തിന്റെ ദൂഷ്യങ്ങളാണ് മറ്റൊരു നേതാവായ അലി ബെല്‍ഹാജ് (ജനനം 1956) എടുത്തുകാട്ടിയത്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള നിര്‍ണായക തീരുമാനത്തിലൂടെ അബ്ബാസി മദനിയുടെ മിതവാദ നിലപാടാണ് പാര്‍ട്ടി ഏറ്റെടുത്തത്.
രാഷ്ട്രീയ അനുരജ്ഞനവും 'ആക്രമണോത്സുകത'യും (Aggressiveness) എന്ന ദ്വിമുഖ പ്രവര്‍ത്തനരീതിയായിരുന്നു സംഘടനയുടേത്. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ടും അവര്‍ മുഖ്യധാരയോടൊപ്പം നിലകൊള്ളുകയും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാവുകയും ചെയ്തു. അതോടൊപ്പം ഭരണകൂടത്തിന്റെ ഇസ്‌ലാമികവിരുദ്ധ നടപടികളെയും ബ്യൂറോക്രസിയുടെ അഴിമതിയെയും സ്വജനപക്ഷപാതിത്വത്തെയും ശക്തമായി കടന്നാക്രമിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പോലെ രാജ്യത്തിനു പുറത്തുള്ള ഒരു ഇസ്‌ലാമിക പ്രസ്ഥാനവുമായും ബന്ധം പുലര്‍ത്താതിരുന്ന എഫ്.ഐ.എസ് സാമ്പത്തികരംഗത്ത് തുറന്ന വിപണിയെന്ന നയത്തിന് അനുകൂലമായിരുന്നു. നികുതികള്‍ കുറക്കുക, വ്യവസായ വികസനത്തിന് സ്വകാര്യ മേഖലക്ക് സബ്‌സിഡി നല്‍കുക, പ്രതിരോധ ചെലവ് വെട്ടിച്ചുരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാര്‍ട്ടി മുന്നോട്ടുവെച്ചു.
1991 ഡിസംബര്‍ 26-ന് നടന്ന 430 അംഗ പാര്‍ലമെന്റിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച 231 സീറ്റുകളില്‍ 188-ഉം പിടിച്ചെടുത്ത് സാല്‍വേഷന്‍ ഫ്രണ്ട് ഉജ്ജ്വല വിജയം നേടി. 59 പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ടിന് (എഫ്.എല്‍.എന്‍) കേവലം 15 സീറ്റേ നേടാനായുള്ളൂ.
തെരഞ്ഞെടുപ്പിലൂടെ എഫ്.ഐ.എസ് അധികാരത്തില്‍ വരുമെന്നായപ്പോള്‍ 1992 ജനുവരി 16-ന് നടക്കേണ്ട രണ്ടാം ഘട്ട വോട്ടെടുപ്പിന് അവസരം കൊടുക്കാതെ ജനുവരി 11-നുതന്നെ പട്ടാള അട്ടിമറിയിലൂടെ പാര്‍ലമെന്റ് പിരിച്ചുവിടുകയും സാല്‍വേഷന്‍ ഫ്രണ്ടുമായി അധികാരം പങ്കിടാന്‍ തയാറായിരുന്ന പ്രസിഡന്റ് ശാദ്‌ലി ബെന്‍ജദീദിനെ സ്ഥാനഭ്രഷ്ടനാക്കി അഞ്ചംഗ സൈനിക അധികാരസമിതി ഭരണമേറ്റെടുക്കുകയുമായിരുന്നു. സാല്‍വേഷന്‍ ഫ്രണ്ടിന്റെ നേതാക്കളായ അബ്ബാസി മദനിയും അലി ബെല്‍ഹാജും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞാണ് 1991 ജൂണ്‍ 30-ന് മദനിയെ ജയിലിലടച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമായപ്പോള്‍ 1992 ഫെബ്രുവരി 9-ന് ഗവണ്‍മെന്റ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും സാല്‍വേഷന്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ പള്ളികള്‍ ഉപയോഗപ്പെടുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പുനഃസ്ഥാപിച്ച സൈനിക ഭരണകൂടം, സാല്‍വേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കിരാതമായി നേരിട്ടു. രക്തരൂഷിതമായ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും കലാപങ്ങള്‍ക്കുമാണ് തുടര്‍ന്ന് അള്‍ജീരിയ സാക്ഷ്യംവഹിച്ചത്. സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ പ്രതിഫലനമായി 1993-ല്‍ രൂപംകൊണ്ട 'ആംഡ് ഇസ്‌ലാമിക് ഗ്രൂപ്പ്' (GIA) ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ് നടത്തി. പതിനായിരക്കണക്കിനാളുകളാണ് ഈ കലാപത്തില്‍ വധിക്കപ്പെട്ടത്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെയല്ല, മറിച്ച് തുറന്ന ഏറ്റുമുട്ടലിലൂടെയാണ് സ്വേഛാധിപത്യ ഭരണകൂടത്തെ തൂത്തെറിയേണ്ടതെന്ന് വിശ്വസിച്ച ഈ വിഭാഗത്തിന്റെ ശത്രുപക്ഷത്തായിരുന്നു സാല്‍വേഷന്‍ ഫ്രണ്ടിനെപ്പോലുള്ള ഇസ്‌ലാമിക പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സാല്‍വേഷന്‍ ഫ്രണ്ടിന്റെ നയം ഇവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. 1980-കളില്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത യോദ്ധാക്കളടങ്ങുന്ന ജി.ഐ.എയുടെ സാല്‍വേഷന്‍ ഫ്രണ്ടിനെതിരായ പ്രധാന വിമര്‍ശം ഭരണത്തിനുവേണ്ടി ജിഹാദ് കൈയൊഴിച്ചു എന്നതായിരുന്നു.
ജി.ഐ.എയെപ്പോലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും പിന്നീട് സാല്‍വേഷന്‍ ഫ്രണ്ടിന്റെ സൈനിക വിഭാഗമായി മാറിയ ഇസ്‌ലാമിക് സാല്‍വേഷന്‍ ആര്‍മിയും (AIS) ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടത്തെ ചെറുത്തുനിന്നു.
ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥയും സ്വതന്ത്രമായ തെരഞ്ഞെടുപ്പുമെന്ന പുതിയ ജനാധിപത്യ പരീക്ഷണത്തിന് കേവലം മൂന്നു വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ശക്തമായ ബഹുജനാടിത്തറയുള്ള ഇസ്‌ലാമിസ്റ്റ് കക്ഷികളെ പേടിച്ച് ജനാധിപത്യ പരീക്ഷണത്തില്‍നിന്ന് ഓടിയൊളിക്കുന്ന നയമാണ് സൈന്യത്തിന്റെ പിന്തുണയോടെ പിന്നീട് ഭരണകൂടം നടപ്പാക്കിയത്. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംബന്ധിച്ച് അവകാശവാദങ്ങള്‍ മുഴക്കുന്ന വന്‍ശക്തികളും അന്തര്‍ദേശീയ സമൂഹവും ഇതിന് നിര്‍ലജ്ജം കൂട്ടുനിന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കൊപ്പം അതുവരെയുണ്ടായിരുന്ന ചിലരെയെങ്കിലും ആത്യന്തിക പ്രവര്‍ത്തന മാര്‍ഗങ്ങളിലേക്കും തീവ്രവാദ പ്രവണതകളിലേക്കും മാറാന്‍ പ്രേരിപ്പിച്ചത് ജനാധിപത്യത്തിന്റെ ഈ കൂട്ടക്കുരുതിയായിരുന്നു. അതിന്റെ തിക്തഫലങ്ങള്‍ രാജ്യം ഇന്നും അനുഭവിക്കുന്നു.
1994-ല്‍ ലാമിന്‍ സെറൂള്‍ അധികാരമേറ്റെടുത്തു. 1995-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സെറൂളിന് 75 ശതമാനം വോട്ട് ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
1995 ജനുവരിയില്‍ റോം കരാറിലൂടെ സാല്‍വേഷന്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള എട്ട് പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാറും ചേര്‍ന്ന് ആയുധം താഴെവെക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനുമുള്ള ധാരണയിലെത്തി. ഇതിനു പിന്നാലെ 1997-ല്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ആര്‍മി ഭരണകൂടവുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അതേവര്‍ഷം ജൂലൈയില്‍ അബ്ബാസി മദനിയെ ജയിലില്‍നിന്ന് മോചിപ്പിച്ച് വീട്ടുതടങ്കലിലാക്കി. 2003 ആഗസ്റ്റ് മുതല്‍ മലേഷ്യയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇപ്പോള്‍ ഖത്തറില്‍ പ്രവാസജീവിതം നയിക്കുകയാണ്.
1999-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പാര്‍ട്ടികളും പങ്കെടുത്തില്ല. സൈന്യത്തിന്റെ പിന്‍ബലമുള്ള അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖയാണ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത്.
സാല്‍വേഷന്‍ ഫ്രണ്ടിലെ മൂന്നാമനായി ഗണിക്കപ്പെടുന്ന അബ്ദുല്‍ഖാദിര്‍ ഹഖാനിയുടെ ഇടപെടലിനെ തുടര്‍ന്ന് 1999-ല്‍ സാല്‍വേഷന്‍ ഫ്രണ്ട്, സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ക്ക് പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ആംഡ് ഇസ്‌ലാമിക് ഗ്രൂപ്പിനെപ്പോലുള്ള തീവ്രവാദി വിഭാഗങ്ങള്‍ ആയുധം വെക്കാന്‍ തയാറായില്ല. ഭരണകൂടവുമായി ഒത്തുതീര്‍പ്പിലെത്തിയതിന് സാല്‍വേഷന്‍ ഫ്രണ്ടിനെ രൂക്ഷമായി വിമര്‍ശിച്ച ഈ സായുധ ഗ്രുപ്പ് 1999 നവംബറില്‍ ഹഖാനിയെത്തന്നെ കൊലപ്പെടുത്തി.
ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് നിരോധിത രാഷ്ട്രീയ കക്ഷിയായി ഇന്നും തുടരുന്നു. അതിലെ പല നേതാക്കളും അണികളും വ്യത്യസ്ത ഇസ്‌ലാമിക പ്രതിപക്ഷ കക്ഷികളുടെ ഭാഗമായി പ്രവര്‍ത്തനരംഗത്ത് സജീവമാണ്.
ഗ്രീന്‍ അള്‍ജീരിയ അലയന്‍സ്
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പാര്‍ട്ടിയായ എം.എസ്.പി (ഹമാസ്) ഉള്‍പ്പെടെയുള്ള മൂന്ന് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഗ്രീന്‍ അള്‍ജീരിയ അലയന്‍സ്. 2012-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് അതേവര്‍ഷം മാര്‍ച്ച് ഏഴിന് സഖ്യം രൂപവത്കരിക്കുന്നത്. അന്നഹ്ദ എന്നറിയപ്പെടുന്ന ISLMAMIC RENAISSANCE MOVEMENT,അല്‍ ഇസ്വ്‌ലാഹ് എന്നറിയപ്പെടുന്ന THE MOVEMENT FOR NATIONAL REFORMഎന്നിവയാണ് സഖ്യത്തിലെ മറ്റു രണ്ടു പാര്‍ട്ടികള്‍. എം.എസ്.പി നേതാവ് ബൂഗറാ സുല്‍ത്താനി ആണ് സഖ്യത്തെ നയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 6.22 ശതമാനം വോട്ടുകളുമായി വെറും 49 സീറ്റേ ഗ്രീന്‍ അലയന്‍സിന് നേടാനായുള്ളൂ. 2014-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എം.എസ്.പി ബഹിഷ്‌കരിക്കുകയാണുണ്ടായത്. 2017-ല്‍ ഗ്രീന്‍ അലയന്‍സ് പിരിച്ചുവിടുകയും ചെയ്തു. അതേവര്‍ഷം മെയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.പി 33 സീറ്റുകള്‍ നേടി പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി. എന്നാല്‍, സര്‍ക്കാറില്‍ ചേരാനുള്ള ബൂതഫ്‌ലീഖയുടെ ക്ഷണം പാര്‍ട്ടി നിരസിച്ചു. ഭരണക്ഷിയായ എഫ്.എല്‍.എന്‍, സഖ്യകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക് റാലി എന്നിവയായിരുന്ന യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
അറബ് വസന്താനന്തരം
അറബ് ലോകത്ത് 2010 അവസാനത്തില്‍ സംഭവിച്ച അറബ് വസന്തത്തിന്റെ അനുരണനങ്ങള്‍ അള്‍ജീരിയയിലും പ്രകടമാകാതിരുന്നില്ല.
2011 നവംബറില്‍ അള്‍ജീരിയയില്‍ കൂടുതല്‍ ജനാധിപത്യം ആവശ്യപ്പെട്ട് റാലികള്‍ അരങ്ങേറി. സര്‍ക്കാറിന്റെ വിലക്കുകളെ അതിജീവിച്ചാണ് അള്‍ജീരിയയില്‍ പ്രക്ഷോഭങ്ങള്‍ നടന്നത്. ചിലയിടങ്ങളില്‍ പൊലീസും പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടലുകളുണ്ടായി. ചിലരെ പൊലീസ് അറസ്റ്റു ചെയ്തു. രാഷ്ട്രീയ മാറ്റത്തിനും ഉയര്‍ന്ന ജീവിതനിലവാരത്തിനുമായാണ് ഈജിപ്ത്, തുനീഷ്യ, യമന്‍ മാതൃകയില്‍ അള്‍ജീരിയയിലും പ്രക്ഷോഭങ്ങള്‍ നടന്നത്. തലസ്ഥാനമായ അള്‍ജിയേഴ്സില്‍ മെയ് ഒന്ന് ചത്വരത്തിനു മുന്നില്‍ നിരവധി പേര്‍ തടിച്ചുകൂടി. പ്രസിഡന്റിനെതിരായ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്നി മുബാറക് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്തുപോയതിന്റെ പത്രവാര്‍ത്തകളും അവര്‍ കൈയിലേന്തിയിരുന്നു. 30,000-ത്തിലധികം പൊലീസുകാരാണ് പ്രക്ഷോഭകാരികളെ നേരിടാനുണ്ടായിരുന്നത്. അതേസമയം പ്രസിഡന്റ് ബൂതഫ്ലീഖയെ പിന്തുണക്കുന്നവരും തെരുവിലിറങ്ങിയിരുന്നു.
2012 മെയ് 10-ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം പകുതി സീറ്റുകളും തൂത്തൂവാരുകയും ഇസ്ലാമിസ്റ്റുകള്‍ പിന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ അള്‍ജീരിയന്‍ ജനത അറബ് വസന്തത്തെ തിരസ്‌കരിച്ചുവെന്ന് വാദിക്കുന്നവരുണ്ട്. ഈജിപ്തിലെയും തുനീഷ്യയിലെയും പ്രകടനം അള്‍ജീരിയയില്‍ ആവര്‍ത്തിക്കാനായില്ലെന്നത് ശരിതന്നെ. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവിടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്തതാണ് കാരണം. കൊട്ടിഘോഷിച്ച തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ബൂത്തിലെത്തിയത്. യുവജനങ്ങള്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അവിശ്വാസം രേഖപ്പെടുത്തി മാറിനില്‍ക്കുകയായിരുന്നു.
1992-ലെ തെരഞ്ഞെടുപ്പില്‍ ഭരണത്തോടടുത്ത സാല്‍വേഷന്‍ ഫ്രണ്ടിനെ അട്ടിമറിച്ച ഗവണ്‍മെന്റ് നടപടിയെ തുടര്‍ന്ന് ഒരു ദശാബ്ദം നീണ്ടുനിന്ന രക്തപങ്കിലമായ പോരാട്ടങ്ങള്‍ അള്‍ജീരിയക്കാര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഭരണകൂടത്തെ അതിന്റെ സകലമാന ജീര്‍ണതകളും സഹിച്ച് അള്‍ജീരിയന്‍ ജനത നിലനിര്‍ത്താന്‍ തീരുമാനിച്ചാലും അത്ഭുതമില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
2012-ലെ തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം കാണിച്ചും കള്ളവോട്ട് ചെയ്തും അധികാരദുര്‍വിനിയോഗം നടത്തിയുമാണ് ബൂതഫ്ലീഖയുടെ പാര്‍ട്ടി വിജയം ഉറപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നത് സംശയമില്ലാത്ത കാര്യമാണെന്നാണ് എം.എസ്.പി നേതാവ് ബൂഗറാ സുല്‍ത്താനി പറയുന്നത്. ഇസ്ലാമിസ്റ്റുകളെ ഭരണത്തില്‍നിന്ന് അകറ്റാനാണ് ഈ കൃത്രിമം കാട്ടിയത്. നിലവില്‍ അള്‍ജീരിയയിലെ വലിയ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചവരുടേതാണെന്നും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചവര്‍ രണ്ടാംസ്ഥാനത്തുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അമീര്‍ അബ്ദുല്‍ഖാദിര്‍ അല്‍ജസാഇരി ജീവിച്ച മണ്ണ് വിപ്ലവങ്ങള്‍ക്ക് വളക്കൂറുള്ളതാണെന്ന പ്രതീക്ഷയിലാണ് ഇസ്‌ലാമിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്.
അള്‍ജീരിയ ഇന്ന്
2017-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ ചേരാനുള്ള നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ക്ഷണം നിരസിച്ചുകൊണ്ട് പാര്‍ട്ടി പ്രസിഡന്റ് അബ്ദുര്‍റസാഖ് മഖ്‌രി പ്രതികരിച്ചത്, സര്‍ക്കാറില്‍ ഞങ്ങള്‍ ചേരുന്നില്ലെങ്കിലും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ടെന്നായിരുന്നു. എന്നാല്‍ 2019 ഏപ്രിലില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.പി മത്സരിക്കുമെന്ന് മഖ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, തുനീഷ്യയിലെ അന്നഹ്ദ, മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി തുടങ്ങി ഏതെങ്കിലും സംഘടനകളുടെ ശാഖയല്ല തന്റെ പാര്‍ട്ടിയെന്നും ഓരോ രാജ്യത്തെയും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
1999 മുതല്‍ അധികാരത്തിലുള്ള 81-കാരനായ ബൂതഫ്‌ലീഖ അഞ്ചാം തവണയും മത്സരിക്കുമോയെന്ന് വ്യക്തമല്ല. അടുത്ത വര്‍ഷവും മത്സരരംഗത്തുണ്ടാകണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയും തൊഴിലാളി യൂനിയനും അഭ്യര്‍ഥിക്കുന്നുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് 2013 മുതല്‍ വീല്‍ചെയറില്‍ സഞ്ചരിക്കുന്ന അദ്ദേഹം ഈയിടെയായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറുമില്ല. രാജ്യത്ത് ശക്തമായ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം വേണമെന്നാണ് മഖ്‌രിയുടെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സഹകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പൊതുവായ വിഷയങ്ങളില്‍ യോജിച്ച് ഇസ്‌ലാമിസ്റ്റുകളും സെക്യുലറിസ്റ്റുകളും സഖ്യമായി ഭരിക്കുന്ന തുനീഷ്യയെയാണ് അദ്ദേഹം മാതൃകയാക്കുന്നത്. മുസ്‌ലിം രാജ്യങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ എപ്പോഴും ഇസ്‌ലാമിസ്റ്റ് കക്ഷികളേ വിജയിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മൊറോക്കോയിലും തുനീഷ്യയിലുമൊക്കെ അവര്‍ വിജയിച്ചത് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാതിരുന്നാല്‍ അള്‍ജീരിയയിലും അതുതന്നെയാവും സംഭവിക്കുകയെന്ന് ഉറപ്പിച്ചുപറയുന്നു.
രോഗബാധിതനായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത പ്രസിഡന്റും മന്ത്രിസഭയില്‍ നിയന്ത്രണം നഷ്ടപ്പെട്ട പ്രധാനമന്ത്രിയും നയിക്കുന്ന രാജ്യത്ത് ഭരണസ്തംഭനമാണെന്ന പ്രചാരണവുമായി ആനുകാലിക രാഷ്ട്രീയരംഗത്ത് അള്‍ജീരിയയിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ എം.എസ്.പി സജീവമാണിപ്പോള്‍. ദുര്‍ബലമായ സര്‍ക്കാറിന് ജനങ്ങളുമായി ഒരു ബന്ധവുമില്ലാതായിരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മഖ്‌രി കുറ്റപ്പെടുത്തുന്നു.
മറ്റ് പ്രധാന ഇസ്‌ലാമിക് പാര്‍ട്ടികള്‍
ഇസ്‌ലാമിക് റിനൈസന്‍സ് മൂവ്‌മെന്റ്:
മിതവാദ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷിയാണ് അന്നഹ്ദ എന്നറിയപ്പെടുന്ന the Islamic renaissance movement(Arabic: حركة النهضة الاسلامية French: mouvemetn de la renaissance islamique, MRI). ജംഇയ്യത്തുന്നഹ്ദ എന്ന സംഘടന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ 1990-ല്‍ MRI എന്ന പേരില്‍ പാര്‍ട്ടിയായി രൂപാന്തരപ്പെടുകയായിരുന്നു. 1988-ല്‍ അബ്ദുല്ല ജബല്ലയാണ് (ABDALLAH DJABALLAH) ജംഇയ്യത്തുന്നഹ്ദ ആരംഭിച്ചത്. സഖ്യം രൂപപ്പെടുത്താനുള്ള സന്നദ്ധത സാല്‍വേഷന്‍ ഫ്രണ്ട് നിരസിച്ചതോടെയാണ് അന്നഹ്ദ സ്വന്തമായി പാര്‍ട്ടി രൂപവത്കരിച്ചത്.
1991-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇവര്‍ക്ക് ഒരു സീറ്റ് പോലും നേടാനാകാതെ വെറും 2.2 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ '97-ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടി 8.7 ശതമാനമായി വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി. എന്നാല്‍ 2002-ല്‍ ഒരൊറ്റ സീറ്റും 0.6 ശതമാനം വോട്ടും മാത്രമേ നേടാനായുള്ളൂ.
2007-ലെ തെരഞ്ഞെടുപ്പില്‍ ഇത് അഞ്ചു സീറ്റും 3.4 ശതമാനം വോട്ടും എന്ന നിലയിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചു. 2012-ല്‍ ഗ്രീന്‍ അലയന്‍സിന്റെ ഭാഗമായാണ് പാര്‍ട്ടി മത്സരിച്ചത്. 6.22 ശതമാനം വോട്ടും 49 സീറ്റുമായിരുന്നു ത്രികക്ഷി ഹരിത സഖ്യത്തിന്റെ സമ്പാദ്യം.
മൂവ്‌മെന്റ് ഫോര്‍ നാഷ്‌നല്‍ റിഫോം:
അറബിയില്‍ حكة الإصلاح الوطني എന്നും ഫ്രഞ്ചില്‍ movement pour la feforme national എന്നും വിളിക്കപ്പെടുന്ന, അല്‍ഇസ്വ്‌ലാഹ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇത് മിതവാദി ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയാണ്. സര്‍ക്കാറില്‍ ചേരാനുള്ള അന്നഹ്ദയുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് അതില്‍നിന്ന് തെറ്റിപ്പിരിഞ്ഞ അബ്ദുല്ല ജബല്ലയെപ്പോലുള്ള ചില നേതാക്കള്‍ 1999-ല്‍ ഈ പാര്‍ട്ടി രൂപീകരിച്ചത്. 2002-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 43 സീറ്റ് നേടാനായി. എന്നാല്‍ 2007-ല്‍ മൂന്നു സീറ്റും 2.53 ശതമാനം വോട്ടുമായി പാര്‍ട്ടി താഴേക്കുപോയി. ഇതില്‍നിന്ന് രാജിവെച്ച ജബല്ല ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് ഫ്രണ്ട് എന്ന പാര്‍ട്ടിക്കും രൂപം നല്‍കി. അല്‍ഇസ്വ്‌ലാഹും അന്നഹ്ദയും എം.എസ്.പിയും ചേര്‍ന്നാണ് 'അള്‍ജീരിയന്‍ ഹരിത സഖ്യം' എന്ന പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് ഇടക്കാലത്ത് രൂപംനല്‍കിയത്.
ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് ഫ്രണ്ട്:
തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയില്‍നിന്ന് (justice and development party) ആവേശം ഉള്‍ക്കൊണ്ട് 2011-ല്‍ അബ്ദുല്ല ജബല്ലയാണ് ഇതും രൂപീകരിച്ചത്. ഇസ്‌ലാമിക ജനാധിപത്യവും അള്‍ജീരിയന്‍ ദേശീയതയുമാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. 462 അംഗ പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് എട്ട് അംഗങ്ങള്‍ മാത്രമാണുള്ളത്.
The movement for democracy in algeria (French: mouvemetn pour la democratie en algeria) എന്ന പേരിലും അള്‍ജീരിയയില്‍ ഒരു ഇസ്‌ലാമിക കക്ഷിയുണ്ട്. 1982-ല്‍ അഹ്‌മദ് ബെന്‍ ബെല്ലയാണ് സ്ഥാപിച്ചത്. 1990-ല്‍ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരം ലഭിച്ചു. 2002-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇവര്‍ ബഹിഷ്‌കരിച്ചിരുന്നു. ഈ ഇസ്‌ലാമിക കക്ഷികളൊക്കെ ചേരുന്നതാണ് അള്‍ജീരിയയിലെ നിലവിലെ പ്രതിപക്ഷം. ജനാധിപത്യ പരിഷ്‌കരണത്തിനും ഇസ്‌ലാമികവത്കരണത്തിനുമുള്ള പ്രചാരണങ്ങളുമായി ഇവയൊക്കെ പ്രവര്‍ത്തനരംഗത്തുണ്ട്.
(മാധ്യമം മലപ്പുറം യൂനിറ്റിലെ ന്യൂസ് എഡിറ്ററാണ് ലേഖകന്‍)..