ഉത്തരാഫ്രിക്കയിലെ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ മൊറോക്കന്‍ പരീക്ഷണങ്ങള്‍

ശിഹാബ് പൂക്കോട്ടൂര്‍‌‌
img

അറ്റ്‌ലാന്റിക് മഹാസമുദ്ര തീരത്ത് മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് അള്‍ജീരിയയും മൗറിത്താനിയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യമാണ് കിങ്ഡം ഓഫ് മൊറോക്കോ. അറബ്-യൂറോപ്പ് കള്‍ച്ചറിന്റെ മിശ്രിതമാണ് ഇവിടെ ആധിപത്യം നേടിയിട്ടുള്ളത്. മൂന്നരക്കോടിയിലധികം ജനങ്ങളധിവസിക്കുന്ന മൊറോക്കോയില്‍ അറബിയും അതിന്റെ വ്യത്യസ്ത വകഭേദങ്ങളും ബര്‍ബറും നേരിയ തോതില്‍ ഫ്രഞ്ചും സ്പാനിഷും ഭാഷകളായി ഉപയോഗിക്കുന്നു. റബാത്ത് ആണ് തലസ്ഥാന നഗരി. എ.ഡി 788-ല്‍ ഇദ്‌രീസാണ് മൊറോക്കോ രാജ്യം സ്ഥാപിച്ചത്. ദൈവം, ദേശം, രാജാവ് (الله ، الوطن ، الملك) എന്നാണ് മൊറോക്കോയുടെ ഔദ്യോഗിക മുദ്രാവാക്യം. പാര്‍ലമെന്റും പ്രതിനിധി കൗണ്‍സിലുമുണ്ടെങ്കിലും സൈന്യം, വിദേശ നയങ്ങള്‍ എന്നിവ രാജാവില്‍ നിക്ഷിപ്തമാണ്. പാര്‍ലമെന്റിന്റെ നയങ്ങള്‍ റദ്ദ് ചെയ്യാനും രാജാവിന് അധികാരമുണ്ട്. മൊറോക്കോ ഒരു അര്‍ധ റിപ്പബ്ലിക്കായാണ് നിലകൊള്ളുന്നത്.

ഈയടുത്ത് ജമാഅത്തുല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ എന്ന മൊറോക്കോയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നയങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംഘടനാ വക്താവ് ഫത്ഹുല്ലാഹ് അര്‍സലാന്‍ മീഡിയയെ അഭിമുഖീകരിച്ച് പറഞ്ഞതിങ്ങനെയാണ്: 'ഞങ്ങള്‍ മൊറോക്കോയുടെ സമാധാനവും പുരോഗതിയും കാംക്ഷിക്കുന്നു. അതിനാല്‍ സുതാര്യമായ പ്രവര്‍ത്തന നയങ്ങളുള്ള ആരുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണ്. മറ്റു വിദേശ രാജ്യങ്ങളുടെ കൈകടത്തലുകള്‍ക്കോ നയങ്ങള്‍ക്കോ വിധേയമാകാതെ തികച്ചും സ്വതന്ത്രമായ നയങ്ങളാണ് മൊറോക്കോക്കും മുസ്‌ലിം രാജ്യങ്ങള്‍ക്കും ആവശ്യം. വിദേശ ഇടപെടലുകളാണ് മിക്ക മുസ്‌ലിം രാജ്യങ്ങളുടെയും നയങ്ങളെ സ്വാധീനിക്കുന്നത്. ഇതവസാനിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ സന്നദ്ധരാകുമ്പോള്‍ മാത്രമേ രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ആത്മാഭിമാനമുണ്ടാകൂ.' അബ്ദുസ്സലാം യാസീന്റെ ചിന്തകളില്‍ ആകൃഷ്ടമായി ശക്തിയാര്‍ജിച്ച പ്രസ്ഥാനമാണ് അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍. ലോകത്ത് തലയെടുപ്പുള്ള ഇസ്‌ലാമിക ചിന്തകരില്‍ പ്രമുഖനാണ് അബ്ദുസ്സലാം യാസീന്‍. 1928-ല്‍ മറാകിശില്‍ ജനിച്ച യാസീന്‍ മൊറോക്കോയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ അധ്യാപകനായും ട്രെയ്‌നിംഗ് വിദഗ്ധനായും ധാരാളം സേവനം ചെയ്തിട്ടുണ്ട്. സ്വൂഫി പാരമ്പര്യത്താല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഏകാധിപത്യത്തിനെതിരെ കടുത്ത നിലപാടുകള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മൊറോക്കന്‍ രാജാവ് ഹസന്‍ രണ്ടാമനെതിരെ തുറന്ന കത്ത് എഴുതിയതിന്റെ പേരില്‍ യാസീന് മൂന്ന് വര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഹസന്‍ രാജാവിന്റെ ഭരണം ഇസ്‌ലാമികമല്ല എന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. ജനാധിപത്യത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു യാസീന്‍. ഉമ്മത്ത് (സമൂഹം) എന്നതിന് പകരം ദൗലത്ത് (രാഷ്ട്രം) എന്ന പരികല്‍പനയിലേക്ക് ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയെ ചടുലമാക്കിയത് അബ്ദുസ്സലാം യാസീനായിരുന്നു. അഹിംസ, സുതാര്യത, സ്വദേശി, സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് രാഷ്ട്ര സംവിധാനത്തിന് അദ്ദേഹം ഉപയോഗിച്ചത്. രാഷ്ട്രം സ്വയം തന്നെ അക്രമരഹിതമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്. പൗരന്മാരുടെ ക്ഷേമം, അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയവയില്‍ രാജ്യം പ്രത്യേകം ശ്രദ്ധ ചെലുത്തണം. മറ്റു രാജ്യങ്ങളുടെ സ്വാധീനം ഒഴിവാക്കി സ്വന്തം പുരോഗതി ഉറപ്പുവരുത്താനുള്ള സുതാര്യമായ വഴികള്‍ സ്വീകരിക്കണം. രാജകുടുംബത്തിന് പ്രത്യേക നിയമങ്ങള്‍, അവര്‍ക്ക് ലഭിക്കുന്ന അമിതമായ പ്രിവിലേജ് എന്നിവക്കെതിരെ യാസീന്‍ ശക്തമായി പ്രതികരിച്ചു. ഭരണകൂടത്തെയും ഭരണസംവിധാനങ്ങളെയും അംഗീകരിക്കുന്നതുപോലെത്തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മൗലികമായി പ്രഖ്യാപിക്കണം. മുസ്‌ലിം ഐക്യത്തിനു വേണ്ടി പരിശ്രമിക്കുമ്പോഴും മൊറോക്കന്‍ മുസ്‌ലിംകളുടെ സുരക്ഷയും സമാധാനവും പ്രഥമ പരിഗണനയിലുണ്ടാവണം. യാസീന്റെ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകളുടെ വികാസമാണ് അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍. 2012-ല്‍ പ്രസിഡന്റ് മുഹമ്മദ് അബാദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിന്റെ മുദ്രാവാക്യം No to violence, no to secrecy, no to foreign intervention  എന്നായിരുന്നു. രാജഭരണത്തിന്റെ സുതാര്യത ഉറപ്പുവരുത്താനും ജനപ്രാതിനിധ്യ വ്യവസ്ഥയിലേക്ക് ഭരണക്രമം മാറാനുമായിരുന്നു 'ഖിവാമ' എന്ന പേരില്‍ പ്രതിഷേധം നടത്തിയത്. 'ലാ മുലൂകിയ, ഖിലാഫ ഖിലാഫ' എന്നായിരുന്നു സമരക്കാര്‍ ആര്‍ത്തു വിളിച്ചിരുന്നത്.

ജനാധിപത്യത്തെക്കുറിച്ച യാസീന്റെ ചിന്തകള്‍ തുനീഷ്യയിലെ അന്നഹ്ദയിലും സ്വാധീനം ചെലുത്തി. ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ വക്താവായി അറിയപ്പെടുന്ന റാശിദ് ഗന്നൂശി, യാസീന്‍ ചിന്തകളുടെ പരികല്‍പനകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. തുനീഷ്യന്‍ സമൂഹം, ദേശം, വികസനം എന്നീ പരികല്‍പനകള്‍ മുല്ലപ്പൂ വിപ്ലവാനന്തരം ഗന്നൂശിയന്‍ ചിന്തകളില്‍ വ്യാപകമായി ഉപയോഗിക്കാനുളള കാരണം മൊറോക്കോയിലെ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റെ മുദ്രാവാക്യങ്ങളും ചിന്തകളുമായിരുന്നു. 'ഞങ്ങള്‍ തൂനീഷ്യയെ കുറിച്ചാണ് സംസാരിക്കുന്നത്, ഈ നാട്ടിലുള്ളവരുടെ ദേശീയ വരുമാന വര്‍ധനവ്, വികസനം എന്നിവയാണ് പ്രഥമമായും പരിഗണിക്കുന്നത്' എന്ന ഗന്നൂശിയുടെ പ്രസ്താവന, സാര്‍വലൗകിക സമൂഹം (ഉമ്മത്ത്) എന്നതില്‍നിന്ന് ദേശരാഷ്ട്ര (ദൗലത്ത്) വ്യവഹാരങ്ങളിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അബ്ദുസ്സലാം യാസീന്റെ വാദങ്ങളുടെ തുടര്‍ച്ചയാണ്. രാജഭരണത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ജനാധിപത്യ ഇടങ്ങള്‍ വിശാലമാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ ഈ പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അല്‍ അദ്‌ലിന്റെ ആശയ പ്രബോധനങ്ങളാണ്. ഇസ്‌ലാമിക ഭരണം എന്ന സങ്കല്‍പത്തെ ജനാധിപത്യ സങ്കല്‍പവുമായി ഏറ്റവും അടുത്ത് ചേര്‍ത്തുവെച്ച പണ്ഡിതനാണ് യാസീന്‍. മുഹമ്മദ് അബാദി, യാസീന്റെ മകളായ നാദിയ യാസീന്‍ എന്നിവരും ആദര്‍ശ പ്രബോധന രംഗത്ത് നിറസാന്നിധ്യമുള്ള വ്യക്തിത്വങ്ങളാണ്. രാജഭരണത്തോടുള്ള തന്റെ എതിര്‍പ്പുകള്‍ തുറന്നു പ്രകടിപ്പിക്കുകയും എഴുതുകയും ചെയ്തതിനാല്‍ നിരവധി വര്‍ഷങ്ങള്‍ വീട്ടുതടങ്കലിലടക്കപ്പെട്ടിരുന്ന വ്യക്തിയാണ് യാസീന്‍. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് കാമ്പയിന്‍ ഏറ്റെടുക്കുകയും അല്‍ അദ്‌ലിന്റെ മുഖപത്രമായ അല്‍ ഉസ്ബൂഇയ്യ അല്‍ജദീദയില്‍ രാജഭരണകൂടത്തിന്റെ സുതാര്യമല്ലാത്ത നയങ്ങളെ തുറന്നെതിര്‍ക്കുകയും ചെയ്തതിന്റെ പേരില്‍ നാദിയാ യാസീനെയും അറസ്റ്റ് ചെയ്തിരുന്നു. ഏകാധിപത്യം മൊറോക്കോക്ക് (ഭരണകൂടം) അനുഗുണമല്ല എന്ന തലക്കെട്ടില്‍ അവരെഴുതിയ കുറിപ്പുകള്‍ മൊറോക്കന്‍ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചു. മൊറോക്കോയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ അവകാശങ്ങള്‍ പരിമിതമാണെന്നും ജനങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ തുറന്നുകൊടുക്കാത്ത കാലത്തോളം മൊറോക്കോയുടെ മാറ്റം അസാധ്യമാണെന്നും അവര്‍ സമര്‍ഥിച്ചു. അറബ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ മാറ്റത്തെ വിലയിരുത്തി വികസിതമാവാന്‍ രാജഭരണകൂടങ്ങള്‍ക്കും സാധിക്കുമെന്നും പറയുന്നത് ശരിയല്ലെന്നും നാദിയ വാദിക്കുന്നു. അഭിപ്രായ പ്രകടനത്തിനുള്ള അവസരങ്ങളാണ് ശരിയായ വികാസത്തിലേക്ക് സമൂഹത്തെയും രാജ്യത്തെയും എത്തിക്കുകയെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വായ്മൂടിക്കെട്ടി നിരവധി പ്രദേശങ്ങളില്‍ അല്‍അദ്‌ലിന്റെ വനിതാ വിംഗ് അധ്യക്ഷ കൂടിയായ നാദിയ യാസീന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ധാരാളം അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പ്രസ്തുത പ്രക്ഷോഭത്തില്‍ പങ്കാളികളായി. യൂനിവേഴ്‌സിറ്റികളില്‍ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റ സ്വാധീനം വര്‍ധിക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് ഇദ്‌രീസുബ്‌നു റഫാഇനെ ഉദ്ധരിച്ച് നിരീക്ഷിക്കുന്നുണ്ട്. ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് അബ്ദുല്‍ ഫത്താഹ് സീസി എന്ന പട്ടാള മേധാവി ഭരണം ഏറ്റെടുത്തപ്പോള്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ അല്‍ അദ്‌ലിന്റെ കീഴില്‍ മൊറോക്കോയില്‍ നടന്നിരുന്നു. റാബിഅ അദവിയ്യയുടെ പ്രതീകമായ 'നാല് വിരലുകള്‍ ഉയര്‍ത്തി വിവിധ നഗരങ്ങളില്‍ പ്രതിഷേധ ചത്വരങ്ങള്‍ തീര്‍ത്തു. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ സീസിയെ ആദ്യമായി അഭിനന്ദനമറിയിച്ചത് രാജാവ് മുഹമ്മദ് ആറാമനായിരുന്നു. ഇതിനെതിരെയും ശക്തമായി അല്‍അദ്ല്‍ തെരുവിലിറങ്ങി. അതേസമയം ബ്രദര്‍ഹുഡിനെക്കുറിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം അല്‍അദ്ല്‍ നേതാക്കള്‍ നല്‍കിയ മറുപടി ഫോറിന്‍ പോളിസിയില്‍ സാന്റിയാഗോ യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഏവീസ് വേഗല്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: 'മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിനെതിരെ നിങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ആദര്‍ശപരമായ ഐക്യദാര്‍ഢ്യമാണോ? അല്ല, ജനാധിപത്യത്തെ അട്ടിമറിക്കുന്നതിലൂടെ ഈ മേഖലയില്‍ ഉണ്ടാകുന്ന അസ്ഥിരതയാണ് ഞങ്ങളുടെ പ്രധാന വിഷയം എന്നാണ് ഒരു വക്താവ് പ്രതികരിച്ചത്. മറ്റൊരാളുടെ മറുപടി ഇങ്ങനെയായിരുന്നു: മുര്‍സിയോ ബ്രദര്‍ഹുഡോ അല്ല ഞങ്ങളുടെ വിഷയം, ജനഹിതത്തെ മാനിക്കാതെ നടത്തിയ പിടിച്ചടക്കല്‍ നയമായിരുന്നു പ്രധാന കാരണമായി ഞങ്ങള്‍ മനസ്സിലാക്കുന്നത്.' ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ തുടര്‍ച്ചയായി യാസീനും അല്‍അദ്‌ലും ഉയര്‍ത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ മൊറോക്കോയില്‍ രൂപപ്പെട്ടത്. അറബ് മേഖലയില്‍ രൂപപ്പെടേണ്ട ജനാധിപത്യ തുറസ്സിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും തന്നെയാണ് അല്‍ അദ്‌ലിനെ ജീവസ്സുറ്റതാക്കി ഇന്നും നിലനിര്‍ത്തുന്നത്. സംഘടനയില്‍ അണിചേര്‍ന്ന പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രബുദ്ധത നേടുമ്പോള്‍ തന്നെ ആത്മീയമായ സംസ്‌കരണ പ്രക്രിയക്കും അബ്ദുസ്സലാം യാസീന്‍ ചില പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ശഹീദ് ഹസനുല്‍ ബന്നായുടെ ശൈലിയോടാണ് യാസീന്റെ തസ്‌കിയ ചിന്തകള്‍ അടുത്തു നില്‍ക്കുന്നത്.
മനഃസംസ്‌കരണ രീതിശാസ്ത്രമാണ് തസ്‌കിയത്തിന് അദ്ദേഹം ഉപയോഗിച്ചത് 'ഹുബ്ബ്' എന്ന വിഭാഗത്തില്‍ അല്ലാഹുവിനോടുള്ള സ്‌നേഹം, റസൂലിനോടുള്ള സ്‌നേഹം, പരസ്പര സ്‌നേഹം എന്നിവയാണ് ഉള്ളത്. പ്രവര്‍ത്തകര്‍ക്ക് ദീര്‍ഘനേരം സഹവസിക്കാനുള്ള അവസരമാണ് തര്‍ബിയത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്നത്. സ്വൂഫീ സരണിയില്‍ പ്രവര്‍ത്തിച്ചിരുന്ന യാസീന്‍ തന്റെ തസ്‌കിയത്ത് ശൈലിയില്‍ സ്വാഭാവികമായും സ്വൂഫീ ശൈലി സ്വീകരിച്ചു. മുറബ്ബിയുമായുള്ള സഹവാസമാണ് തര്‍ബിയത്തിന്റെ പ്രധാന കേന്ദ്രമായി അദ്ദേഹം എണ്ണിയത്. മക്തൂബാതുല്‍ ഇമാം എന്ന പേരില്‍ ശൈഖ് യാസീന്‍ നടത്തിയ എഴുത്തുകളും അഭിമുഖങ്ങളും പ്രഭാഷണങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്ന് 'ത്വിബ്ബ്' എന്ന വിഭാഗമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യക്ഷമത എന്നിവയാണ് പ്രധാനമായും ഈ വിഭാഗത്തില്‍ വരുന്നത്. മനസ്സിന്റെ ഉറപ്പിനും സ്ഥൈര്യത്തിനും ആവശ്യമായ ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ശരീരത്തിന്റെ ക്ഷമതക്കാവശ്യമായ വ്യായാമങ്ങള്‍, ഭക്ഷണരീതി, ആരോഗ്യത്തിനു വേണ്ടി ത്യജിക്കേണ്ട ശീലങ്ങള്‍, സ്വീകരിക്കേണ്ട രീതികള്‍, കുടുംബത്തിന്റെ മാനസികവും ആദര്‍ശപരവും ആരോഗ്യകരവുമായ കെട്ടുറപ്പ്, സുരക്ഷിതമായ സാമൂഹിക ഘടനക്കാവശ്യമായ പ്രവാചകാധ്യാപനങ്ങള്‍ എന്നിവയിലൂന്നിയാണ് ഈ വീക്ഷണം വികസിക്കുന്നത്. അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ കാരണമായി ഇസ്‌ലാമിന്റെ ആത്മീയവശത്തെ അവഗണിച്ചുവെന്ന യാസീനെക്കുറിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഇത്തരം സംവിധാനങ്ങള്‍ ദര്‍ശിക്കുമ്പോള്‍ ബോധ്യമാവും.
മറ്റൊന്ന് ലുബ്ബ് എന്ന വിഭാഗമാണ്. വിജ്ഞാനാന്വേഷണം, ധൈഷണികമികവ്, യോഗ്യതയും കഴിവും വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുന്ന പരിശീലനത്തിനാണ് ഇതില്‍ പ്രാധാന്യം നല്‍കുന്നത്.

ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (JDP)

പോപ്പുലര്‍ മൂവ്‌മെന്റിന്റെ സ്ഥാപകരിലൊരാളായിരുന്ന അബ്ദുല്‍കരീം കാതിബാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി 1967-ല്‍ സ്ഥാപിക്കുന്നത്. പിന്നീട് അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റെ നേതൃത്വത്തിലും പിന്തുണയിലും ജെ.ഡി.പി മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. പോപ്പുലര്‍ മൂവ്‌മെന്റ് രാഷ്ട്രീയ പാര്‍ട്ടിയായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഏറെ പഴക്കം ചെന്ന ഒരു രൂപം കൂടിയാണ് ജെ.ഡി.പി. മൊറോക്കോയില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടന്ന 1997-ല്‍ തന്നെ ജസ്റ്റിസ് പാര്‍ട്ടി മത്സരിച്ചിരുന്നു.
 
1997-ല്‍ 42 പാര്‍ലമെന്റ് സീറ്റുകള്‍ നേടുകയും ചെയ്തു. 2002-ല്‍ 325 സീറ്റുകളില്‍ 43 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2007-ല്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. 2007 മുതല്‍ പുതിയൊരു സ്ട്രാറ്റജിയിലേക്ക് പാര്‍ട്ടി പ്രവേശിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവരുമായി യോജിച്ച് അധികാരത്തിലെത്തുകയെന്ന നയം 2007-ല്‍ വികസിപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ നീക്കുപോക്കുണ്ടാക്കുകയും വിജയം സാധ്യമാവുന്ന സീറ്റുകളില്‍ മാത്രം മത്സരിക്കുകയും ചെയ്യുന്ന തന്ത്രമാവിഷ്‌കരിച്ചു. 2011-ല്‍ 107 സീറ്റുകള്‍ നേടി വലിയ കക്ഷിയായി മാറുകയും ചെയ്തു. ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രസിഡന്റ് അബ്ദുല്‍ ഇലാഹ് ബിന്‍കീരാന്‍ മൊറോക്കോയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2017-ല്‍ നടന്ന ഇലക്ഷനിലൂടെ വ്യക്തമായ ആധിപത്യത്തിലേക്ക് പാര്‍ട്ടി വരികയും ജനറല്‍ സെക്രട്ടറിയായിരുന്ന സഅ്ദുദ്ദീന്‍ ഉസ്മാനി മൊറോക്കോയുടെ 16-ാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. ഉസ്മാനിയുടെ ഭരണം മൊറോക്കോയെ ഏറെ മുന്നിലെത്തിച്ചു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ശാക്തീകരണം ലക്ഷ്യം വെച്ച് ചില നിയമങ്ങള്‍ കൊണ്ടുവന്നുവെങ്കിലും രാജഭരണത്തിന് ഭരണഘടനാധികാരങ്ങള്‍ ഉണ്ടായതിനാല്‍ പലതും തിരസ്‌കരിക്കപ്പെട്ടു. രാജഭരണ സംവിധാനത്തോട് നേരിട്ട് കലഹിക്കാത്ത സമവായത്തിന്റെ രീതിയാണ് പാര്‍ട്ടി സ്വീകരിച്ചുപോരുന്നത്. ഈ വിഷയത്തില്‍ അല്‍ അദ്‌ലുമായി പല സന്ദര്‍ഭങ്ങളിലും ഇടയേണ്ടി വന്നിട്ടുണ്ട്. അറബ് ഉച്ചകോടിയില്‍ അബ്ദുല്‍ ഇലാഹും സീസിയും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരെ രൂക്ഷമായ ഭാഷയില്‍ അല്‍ അദ്ല്‍ പ്രതികരിച്ചു. പക്ഷേ, കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറാന്‍ അബ്ദുല്‍ ഇലാഹോ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടിയോ തയാറായില്ല. രസകരമായ വസ്തുത പാര്‍ട്ടിയുടെ യുവജന വിഭാഗം ഈ വിഷയത്തില്‍ പാര്‍ട്ടിക്കെതിരും അല്‍ അദ്‌ലിന്റെ കൂടെയുമായിരുന്നു എന്നതാണ്. അടിസ്ഥാനപരമായി ഒരേ നിലപാടില്‍ നില്‍ക്കുമ്പോഴും പ്രായോഗികമായ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കും അല്‍ അദ്‌ലിനുമിടയില്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. സീസിയുമായിട്ടുള്ള പി.ജെ.ഡി അധ്യക്ഷന്‍ കൂടിയായിരുന്ന പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോട് അല്‍ അദ്ല്‍ വക്താവ് അര്‍സലാന്‍ പ്രതികരിച്ചത് രാഷ്ട്രീയത്തേക്കാള്‍ പ്രധാനം ധാര്‍മികതയാണെന്നായിരുന്നു.

2017-ല്‍ സഅ്ദുദ്ദീന്‍ ഉസ്മാനിയെ മികച്ച ഭരണാധികാരികളില്‍ ഒരാളായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നുണ്ട്. യൂറോപ്പുമായുള്ള നിക്ഷേപസൗഹൃദം, സാമ്പത്തിക ബന്ധം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം അറബ്-മുസ്‌ലിം ഐക്യത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന നേതാവ് കൂടിയാണ് ഉസ്മാനി. നിക്ഷേപങ്ങളുടെ വര്‍ധനവ് രേഖപ്പെടുത്താനും തൊഴിലില്ലായ്മ ഗണ്യമായി കുറക്കാനും ദേശീയ വരുമാന തോത് ഉയര്‍ത്താനും സാധിച്ചതിലൂടെ ഉത്തരാഫ്രിക്കയിലെ മികച്ച രാജ്യമായി മൊറോക്കോ വളര്‍ന്നുകൊണ്ടിരിക്കുന്നു.

അതേസമയം അല്‍ അദ്‌ലുമായി ആശയപരമായ ബന്ധം പുലര്‍ത്തിവരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റേതായ ചില വൈരുധ്യങ്ങള്‍ പരസ്പരം കാണാനും കഴിയും. പാര്‍ട്ടിയുടേത് സമവായത്തിന്റെ രാഷ്ട്രീയവും അല്‍ അദ്‌ലിന്റേത് തിരുത്തല്‍ രാഷ്ട്രീയത്തിന്റേതുമായ വഴിയാണ്. റാബിഅതുല്‍ അദവിയ്യയിലെ കൂട്ടക്കൊലക്കെതിരെ രാജ്യമൊട്ടാകെ അല്‍ അദ്ല്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ മൗനമായിരുന്നു പാര്‍ട്ടിയുടെ നിലപാട്. മൊറോക്കോയുടെ ക്ഷേമവും അഭിവൃദ്ധിയും കൈവരിക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണത്തിന് സാധിച്ചുവെന്നാണ് അല്‍ അദ്‌ലിന്റെയും വിലയിരുത്തല്‍.

തുര്‍ക്കിയിലെ ജസ്റ്റിസ് പാര്‍ട്ടിയില്‍നിന്നാണോ നിങ്ങള്‍ പ്രചോദനം ഉള്‍ക്കൊണ്ടതെന്ന പത്രക്കാരുടെ ചോദ്യത്തിന് ഉസ്മാനി പ്രതികരിച്ചത്, ഞങ്ങളാണാദ്യം ജസ്റ്റിസ് പാര്‍ട്ടി രൂപീകരിച്ചത് എന്നാണ്. നജ്മുദ്ദീന്‍ അര്‍ബകാന്‍ 2003-ലാണ് ജസ്റ്റിസ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. 2002-ല്‍ 43 സീറ്റുകളില്‍ മൊറോക്കോയില്‍ ജസ്റ്റിസ് പാര്‍ട്ടി വിജയിച്ചിട്ടുണ്ടായിരുന്നു. ഉത്തരാഫ്രിക്കയില്‍ വിജയിച്ച പരീക്ഷണമാണ് ജെ.ഡി.പി. രാജ്യത്തിന്റെയും പൗരന്മാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും സുരക്ഷിതമായ ഭരണം നടത്തുന്നതിലും അവര്‍ ഏറെ മുന്നിലാണ്. ഉത്തരാഫ്രിക്കയില്‍ രൂപം കൊണ്ട ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ ഏറ്റവും തികവാര്‍ന്ന തുടര്‍ച്ചയാണ് വിവിധ പരീക്ഷണങ്ങളിലൂടെ മൊറോക്കോയില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. 

(ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിയും ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top