ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ആര്‍ജവമുള്ള രാഷ്ട്രീയം, അടിത്തട്ടിലെ സേവന പ്രവര്‍ത്തനം
അശ്‌റഫ് കീഴുപറമ്പ്
1984-ല്‍ താന്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവ് പ്രഫ. ഗുലാം അഅ്‌സമുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പാകിസ്താനിയായ ആരിഫുല്‍ ഹഖ് ആരിഫ് 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' മാസികയില്‍ (2018 ഒക്‌ടോബര്‍) എഴുതിയിട്ടുണ്ട്. 1971-ല്‍ ബംഗ്ലാദേശിന്റെ രൂപവല്‍ക്കരണത്തോടെ മാതൃസംഘടനയായ പാക് ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് വേറിട്ടു പോരേണ്ടിവന്നെങ്കിലും, ആ വേറിട്ടുപോക്കാണ് മേഖലയിലെ സവിശേഷമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വതന്ത്രമായ നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ബംഗ്ലാ ജമാഅത്തിനെ പ്രാപ്തമാക്കിയതെന്ന് ആ അഭിമുഖത്തില്‍ ഗുലാം അഅ്‌സം പറയുന്നുണ്ട്. 'ഉര്‍വശീ ശാപം ഉപകാരം' (Blessing in disguise) എന്ന് പറയുമ്പോലെ. അന്നത്തെ കിഴക്കന്‍ പാകിസ്താനായ ഇന്നത്തെ ബംഗ്ലാദേശ് വേറിട്ടുപോയി സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ അനുകൂലിച്ചിരുന്നില്ല ജമാഅത്തെ ഇസ്‌ലാമി. ചില കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ അഞ്ചിലധികം സംഘടനകള്‍ക്കും ഇതേ നിലപാടായിരുന്നു. ഏതു തരത്തിലുള്ള പിളര്‍പ്പും വിഭജനവും രാഷ്ട്രത്തെയും സമൂഹത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കി. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രം യാഥാര്‍ഥ്യമായതോടെ ഈ പാര്‍ട്ടികള്‍, പ്രത്യേകിച്ച് അവയില്‍ ഏറ്റവും പ്രബലമായ ജമാഅത്തെ ഇസ്‌ലാമി അങ്ങേയറ്റം പ്രതിരോധത്തിലായി. അക്കാലത്ത് നടന്നുവെന്ന് പറയപ്പെടുന്ന യുദ്ധകുറ്റകൃത്യങ്ങളിലൊന്നും ജമാഅത്തുകാരനായ ഒരാളും പ്രതിചേര്‍ക്കപ്പെട്ടിരുന്നില്ലെങ്കിലും, രാഷ്ട്രീയ എതിരാളികള്‍ ഈ നിലപാടിന്റെ മറപിടിച്ച് ജമാഅത്തിനെ വേട്ടയാടുമെന്ന് പ്രഫ. ഗുലാം അഅ്‌സം മുന്‍കൂട്ടി കണ്ടിരുന്നു. അത്തരം പ്രതിസന്ധികളെ മറികടക്കാനാവുംവിധമുള്ള ഒരു പ്രവര്‍ത്തന തന്ത്രമാണ് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതലേ സ്വീകരിച്ചത്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന് നിയമാനുസൃതമായ സംഘങ്ങള്‍ രൂപവത്കരിക്കുക എന്നതായിരുന്നു ഈ സ്ട്രാറ്റജിയുടെ കാതല്‍. ഈ സംഘങ്ങള്‍ക്ക് സംഘടനയുമായി ഔദ്യോഗികമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. നിയമാനുസൃതമായ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കും അവ പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ അവയെ ചലിപ്പിക്കുന്നത് ജമാഅത്ത് പ്രവര്‍ത്തകരും അനുഭാവികളും തന്നെയായിരിക്കും. സംഘടനയെ നിരോധിച്ചാലും, അതിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലില്‍ തളച്ചാലും ഈ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം തടയാനാവില്ല. അവയെ നിയന്ത്രിക്കുന്ന ബോര്‍ഡില്‍നിന്ന് ജമാഅത്ത് പ്രവര്‍ത്തകരെ പുറത്താക്കാനോ മാറ്റിനിര്‍ത്താനോ ഒക്കെ കഴിഞ്ഞെന്നിരിക്കും. ബംഗ്ലാദേശ് ജമാഅത്ത് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലും ജമാഅത്ത് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ച സ്ഥാപനങ്ങളും എന്‍.ജി.ഒകളും ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് അറിവ്.
സാമൂഹിക സേവന മേഖലകളില്‍ പാക്-ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമികള്‍ തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഓക്‌സ്ഫഡ് റിസര്‍ച്ച് ഫെല്ലോ മസൂദാ ബാനുവിന്റെ പഠനത്തില്‍ (Maker of Identity: Religious, Political Parties and Welfare Work-the Case of Jamaat-i-Islami in Pakistan and Bangladesh, 2009) ഇക്കാര്യം അടിവരയിടുന്നുണ്ട്. പാകിസ്താനും ബംഗ്ലാദേശും പൊതുവായി പങ്കുവെക്കുന്ന ഒരു സാമൂഹിക യാഥാര്‍ഥ്യം, ഇരു രാഷ്ട്രങ്ങളിലെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമെടുക്കുന്നില്ല എന്നതാണ്. അപവാദമായി ചിലതൊക്കെ ചൂണ്ടിക്കാട്ടാനായേക്കും. പാകിസ്താനിലെ പീപ്പ്ള്‍സ് പാര്‍ട്ടിക്കോ മുസ്‌ലിം ലീഗിനോ മുത്തഹിദ ഖൗമി മൂവ്‌മെന്റി(എം.ക്യു.എം)നോ അങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടാനില്ല. ഏറ്റവുമൊടുവില്‍ രാഷ്ട്രീയ ഗോദയിലെത്തുകയും ഇപ്പോള്‍ ഭരണത്തിലേറുകയും ചെയ്ത ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഇംറാന്‍ ഖാന്‍, കാന്‍സര്‍ ബാധിച്ച് മരിച്ച തന്റെ മാതാവിന്റെ ഓര്‍മക്കായി ശൗക്കത്ത് ഖാനം കാന്‍സര്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചുകൊണ്ടാണ് രാഷ്ട്രീയ യാത്രക്ക് തുടക്കം കുറിച്ചതെങ്കിലും താന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഘടനയില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സ്ഥാനമില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി ഏറ്റെടുത്ത് നടത്തുന്ന ഒരു വിംഗ് പോലും ഇന്‍സാഫ് പാര്‍ട്ടിക്ക് ഇല്ല. എന്നാല്‍ പാക് ജമാഅത്താവട്ടെ തുടക്കം മുതലേ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊന്നല്‍ നല്‍കിപ്പോന്നിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിത മുഖം കൈവരുന്നത് പാക് ജമാഅത്ത് ഖിദ്മത്തെ ഖല്‍ഖ് ഫൗണ്ടേഷനും (KKF) 'റീഡും' (Rural Education and Development- READ) സ്ഥാപിച്ചതോടെയാണ്. ഇതൊക്കെയും പാക് ജമാഅത്തിന്റെ പോഷക ഘടകങ്ങളായാണ് പ്രവര്‍ത്തിക്കുന്നതും. ഒരുകാലത്ത് മാതൃസംഘടനയായിരുന്ന പാക് ജമാഅത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാ ജമാഅത്തും കടമെടുക്കുന്നുണ്ടെങ്കിലും വ്യക്തികള്‍ നടത്തുന്ന സംരംഭങ്ങളായാണ് അവ സ്ഥാപിക്കപ്പെടുകയും വളരുകയും ചെയ്യുന്നത്. ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്ത് നേതാവ് ബാരിസ്റ്റര്‍ അബ്ദുര്‍റസാഖ് പറയുന്നു: ''ജമാഅത്ത് അത്തരം സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നതിനു പകരം അതിന്റെ അംഗങ്ങളെ അവ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും സഹായിക്കുകയാണ് ചെയ്യുക. പെട്ടെന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ജമാഅത്ത് നേരിട്ട് ഏറ്റെടുക്കുക.'' പാകിസ്താനിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെപ്പോലെ ബംഗ്ലാദേശിലെ അവാമി ലീഗും ബംഗ്ലാ നാഷ്‌നലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി)യും സേവന പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് പലവിധ സഹായങ്ങളെത്തിച്ചുകൊണ്ട് ഗ്രാമീണ മേഖലയില്‍ ആഴത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബംഗ്ലാ ജമാഅത്തിന് സാധ്യമായി. അതേക്കുറിച്ച വിശദാംശങ്ങള്‍ പിന്നീട്.
ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങള്‍
തുടക്കം മുതലേ ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുപോന്നിട്ടുണ്ട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. പാര്‍ലമെന്റിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ അത് പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ സാധാരണക്കാര്‍ക്കു വേണ്ടിയാണ് പാര്‍ട്ടി എം.പി മാര്‍ ശബ്ദിച്ചത്. യഥാര്‍ഥ ജനപ്രതിനിധികളായി വന്നവര്‍ തന്നെയായിരുന്നു ബംഗ്ലാ ജമാഅത്തിന്റെ നേതൃനിര. ഈ സംഘടിത ശക്തിയെ തകര്‍ക്കാനാണ് എല്ലാ കാലത്തെയും ഭരണാധികാരികള്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും രക്തസാക്ഷികളായി. കള്ളക്കേസുകളുണ്ടാക്കി ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം ജമാഅത്ത് നേതൃനിരയെ ഏതാണ്ട് പൂര്‍ണമായി തന്നെ തൂക്കുമരത്തിലേറ്റുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മുല്ല (2013 ഡിസംബര്‍ 12), ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഖമറുസ്സമാന്‍ (2015 ഏപ്രില്‍ 11), സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദ് (2015 നവംബര്‍ 22), ദേശീയ അധ്യക്ഷന്‍ മുത്വീഉര്‍റഹ്‌മാന്‍ നിസാമി (2016 മെയ് 11), കേന്ദ്ര കൂടിയാലോചനാ സമിതിയംഗം മീര്‍ ഖാസിം അലി (2016 സെപ്റ്റംബര്‍ 3) എന്നിവരാണ് ഈയടുത്ത കാലത്ത് തൂക്കിലേറ്റപ്പെട്ട നേതാക്കള്‍. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിച്ചിരുന്ന ബി.എന്‍.പി നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരി (2015 നവംബര്‍ 22) യെയും ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റുകയുണ്ടായി. ബംഗ്ലാ ജമാഅത്തിന്റെ സമുന്നത നേതാവ് 91-കാരനായ പ്രഫ. ഗുലാം അഅ്‌സം മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ദൈവസന്നിധിയിലേക്ക് യാത്രയാവുകയായിരുന്നു (2014 ഒക്‌ടോബര്‍ 23). ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നേതൃനിരയും ഏറക്കുറെ ജയിലുകളില്‍ തന്നെ; ഒപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും.
ബംഗ്ലാദേശിന്റെ രൂപവത്കരണം മുതല്‍തന്നെ ഇത്തരം ജനാധിപത്യ, മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മതകീയാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാന്‍ തുടക്കത്തില്‍ തന്നെ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. വെസ്റ്റ് മിനിസ്റ്റര്‍ മാതൃകയിലുള്ള ജനാധിപത്യ രീതിയാണ് വിഭാവന ചെയ്യപ്പെട്ടിരുന്നതെങ്കിലും, തീര്‍ത്തും അപ്രതീക്ഷിതമായ 1975-ലെ നാലാം ഭരണഘടനാ ഭേദഗതിയിലൂടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിക്കുകയും ഏകപാര്‍ട്ടി ഭരണം കൊണ്ടുവരികയും ചെയ്തു. പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്‌മാന്‍ വധിക്കപ്പെടുകയും സൈന്യം ഭരണം കൈയേല്‍ക്കുകയും ചെയ്ത ശേഷം, 1978 ഡിസംബര്‍ 15-നാണ് അവാമി ലീഗ് അടിച്ചേല്‍പ്പിച്ച ഏകപാര്‍ട്ടി ഭരണസംവിധാനത്തിന് അന്ത്യം കുറിക്കപ്പെടുന്നത്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ സംരംഭങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളൊക്കെ 1976 മെയ് 4-നു തന്നെ എടുത്തുകളഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് 1976 ആഗസ്റ്റ് 24-ന് ഡെമോക്രാറ്റിക് പാര്‍ട്ടി, നിസാമെ ഇസ്‌ലാം പാര്‍ട്ടി, ഖിലാഫത്തെ റബ്ബാനി പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി എന്നീ നാല് കക്ഷികള്‍ ചേര്‍ന്ന് ഇസ്‌ലാമിക് ഡെമോക്രാറ്റിക് ലീഗ് (IDL) എന്ന മുന്നണി രൂപവത്കരിച്ചു. ഐ.ഡി.എല്ലിന്റെ ചെയര്‍മാന്‍ നിസാമെ ഇസ്‌ലാം പാര്‍ട്ടിയുടെ മൗലാനാ സിദ്ദീഖ് അഹ്‌മദ് ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയില്‍നിന്നുള്ള മൗലാനാ അബ്ദുര്‍റഹീം, അഡ്വ. സഅ്ദ് അഹ്‌മദ് എന്നിവരായിരുന്നു മുന്നണിയുടെ വൈസ് പ്രസിഡന്റുമാര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അഡ്വ. ശഫീഖുര്‍റഹ്‌മാന്‍ ജനറല്‍ സെക്രട്ടറിയും. 1973-ല്‍ നിരോധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ് ലാമിവിലക്കുകള്‍ മറികടന്ന് ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് ഐ.ഡി.എല്‍ മുന്നണി രൂപവത്കരിച്ചുകൊണ്ടാണ്. 1979 ഫെബ്രുവരി 18-നു നടന്ന ഈ രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) 300 അംഗ പാര്‍ലമെന്റില്‍ 207 സീറ്റ് നേടി. അവാമി ലീഗിന് കിട്ടിയത് 39 സീറ്റ്; മുസ്‌ലിം ലീഗിന് 14 സീറ്റും. ഐ.ഡി.എല്‍ മുന്നണിക്ക് ആറ് സീറ്റ് ലഭിച്ചു. ജയിച്ചവരില്‍ ആറു പേരും ജമാഅത്ത് സ്ഥാനാര്‍ഥികളായിരുന്നു. ജമാഅത്തിന്റെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് പങ്കാളിത്തമാണിത്.
1979 മെയ് 25-27 ദിവസങ്ങളില്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ അബ്ബാസ് അലി ഖാന്‍ ധാക്കയിലെ ഏദന്‍ ഹോട്ടലില്‍ ഒരു സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. 450 പേര്‍ പങ്കെടുത്ത ആ യോഗത്തില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശ് ഔദ്യോഗികമായി രൂപവത്കരിക്കപ്പെടുന്നത്. ഭരണഘടനയും നാലിന പരിപാടിയും ആ സമ്മേളനത്തില്‍ വെച്ച് അംഗീകരിക്കപ്പെട്ടു.
അധികാരത്തിലിരിക്കുന്നവര്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ബംഗ്ലാദേശില്‍ തുടര്‍ന്നുവന്നിരുന്ന രീതി. ഇലക്ഷന്‍ കമീഷനൊന്നും നിഷ്പക്ഷമായിരുന്നില്ല. അതിനാല്‍ യഥാര്‍ഥ ജനവിധി പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല തെരഞ്ഞെടുപ്പുകള്‍. ഇതിനൊരു പരിഹാര നിര്‍ദേശവുമായി വരുന്നത് 1980-കളുടെ മധ്യത്തില്‍ അന്നത്തെ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ പ്രഫ. ഗുലാം അഅ്‌സമാണ്. നിലവിലെ മന്ത്രിസഭ രാജിവെച്ച് ഒരു ഇടക്കാല ഭരണകൂടമാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് (CGS- Caretaker Government System) എന്നായിരുന്നു അദ്ദേഹത്തിന്റെ ഫോര്‍മുല. ജമാഅത്ത് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയ ശേഷം ഈ ആശയം രാജ്യത്തിന് മുമ്പാകെ വെച്ചു. ഒരു കാലത്ത് അവാമി ലീഗ് സി.ജി.എസിനു വേി ശക്തമായി വാദിച്ചിരുന്നു. രാജ്യം പിന്നീട് ആ സംവിധാനത്തിലേക്ക് വരികയും ചെയ്തു. അത് നിലവില്‍ വന്നതുകൊണ്ടാണ് ബി.എന്‍.പി സഖ്യത്തിന് വന്‍ഭൂരിപക്ഷത്തോടെ പിന്നീട് അധികാരത്തില്‍ വരാനായത്. തെരഞ്ഞെടുപ്പു കൃത്രിമങ്ങള്‍ നടത്താനാവില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് അവാമി ലീഗ് ഭരണകൂടം ആ സംവിധാനം എടുത്തുകളഞ്ഞതും. അത് പുനഃസ്ഥാപിക്കാനായി പ്രതിപക്ഷം ഇപ്പോഴും ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു.
1982-ലാണ് ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദ് ബംഗ്ലാദേശില്‍ മാര്‍ഷല്‍ ലോ പ്രഖ്യാപിക്കുന്നത്. അതിനെതിരെ അവാമി ലീഗിന്റെ 15 പാര്‍ട്ടി സഖ്യവും ബി.എന്‍.പിയുടെ എട്ട് പാര്‍ട്ടി സഖ്യവും സംയുക്തമായി പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ, അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. ഇരു മുന്നണികളും തമ്മിലുളള കണ്ണിയായി വര്‍ത്തിച്ചത് ഈ ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. 1986-ല്‍ ജനറല്‍ ഇര്‍ശാദ് ഒരു തെരഞ്ഞെടുപ്പു പ്രഹസനം നടത്തി. അദ്ദേഹം തട്ടിപ്പടച്ചുണ്ടാക്കിയ പാര്‍ട്ടിക്ക് 158 സീറ്റുകള്‍ ലഭിച്ചു. ജമാഅത്തിന് ലഭിച്ചത് പത്ത് സീറ്റുകള്‍. സൈനിക ആധിപത്യത്തിനെതിരെയുള്ള പ്രക്ഷോഭം പിന്നീട് രൂക്ഷമായി. ജമാഅത്തിന്റെ പത്ത് എം.പിമാരും തങ്ങളുടെ സ്ഥാനം രാജിവെച്ചാണ് പ്രതിഷേധിച്ചത്. ജനരോഷത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ 1990 ഡിസംബര്‍ 6-ന് ജനറല്‍ ഇര്‍ശാദ് അധികാരം കൈമാറി.
1991 ഫെബ്രുവരി 27-ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.എന്‍.പിക്ക് 140-ഉം അവാമി ലീഗിന്-88 ഉം ഇര്‍ശാദിന്റെ ജാതീയ പാര്‍ട്ടിക്ക് 35-ഉം സീറ്റുകള്‍ ലഭിച്ചു. ജമാഅത്തിന് പതിനെട്ടും. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ജമാഅത്തിന്റെ പിന്തുണ ലഭിക്കുന്നവര്‍ക്കേ മന്ത്രിസഭ രൂപവത്കരിക്കാനാവൂ എന്ന നില വന്നു. ഇന്ന് ജമാഅത്തിന്റെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അതിന്റെ നേതാക്കളെ തൂക്കുകയറില്‍ കുരുക്കുന്ന ഹസീന വാജിദ് അന്ന് ജമാഅത്തിന്റെ പിന്തുണ കിട്ടാന്‍ തന്റെ പ്രതിനിധി അമീര്‍ ഹുസൈന്‍ അമുവിനെ ജമാഅത്ത് കേന്ദ്രത്തിലേക്ക് അയച്ചു; ഏതാനും മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തു. പക്ഷേ, ബി.എന്‍.പിക്കാണ് ജമാഅത്ത് നിരുപാധിക പിന്തുണ നല്‍കിയത്. ഏറെ വൈകാതെ ബി.എന്‍.പി ഏകാധിപത്യ പ്രവണതകള്‍ കാണിക്കാന്‍ തുടങ്ങി. കെയര്‍ടേക്കര്‍ രീതി നടപ്പാക്കുമെന്ന് ബി.എന്‍.പി നല്‍കിയ തെരഞ്ഞെടുപ്പു വാഗ്ദാനത്തില്‍നിന്ന് അവര്‍ പിറകോട്ടു പോയപ്പോള്‍, അതിനെതിരെ പ്രക്ഷോഭം നടത്തുന്ന അവാമി ലീഗിനും ജാതീയ പാര്‍ട്ടിക്കും ഒപ്പം ചേരുകയാണ് ജമാഅത്ത് ചെയ്തത്. ജമാഅത്തിന്റെ പിന്തുണ നഷ്ടമായതോടെ കാലാവധി തികക്കുന്നതിനു മുമ്പ് ബി.എന്‍.പി ഭരണം നിലം പൊത്തുകയും ചെയ്തു. 1996-ല്‍ നടന്ന ഏഴാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് 146 സീറ്റും ബി.എന്‍.പി 116 സീറ്റും ജാതീയ പാര്‍ട്ടി 32 സീറ്റും ജമാഅത്ത് മൂന്നു സീറ്റും നേടി.
തീര്‍ത്തും ഏകാധിപത്യപരമായിരുന്നു അവാമി ലീഗ് ഭരണം. ഇതിനെതിരെ 1999-ല്‍ ബി.എന്‍.പി, ഇസ്‌ലാമി ഒക്കിയ ജോട്ട്, ജാതീയ പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി എന്നിവ ചേര്‍ന്ന് ചതുര്‍ സഖ്യം രൂപവത്കരിച്ചു. 2001-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി 193 സീറ്റുകളും അവാമി ലീഗ് 62 സീറ്റുകളും ജമാഅത്ത് 17 സീറ്റുകളും നേടി. സ്ത്രീ സംവരണ ഇനത്തില്‍ 4 സീറ്റുകള്‍ വേറെയും ജമാഅത്തിന് ലഭിച്ചിരുന്നു. ബി.എന്‍.പി നേതാവ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ജമാഅത്ത് അധ്യക്ഷന്‍ മുത്വീഉര്‍റഹ്‌മാന്‍ നിസാമി തൊഴില്‍ മന്ത്രിയും സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദ് സാമൂഹിക ക്ഷേമ മന്ത്രിയുമായി. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണം ഒരുപക്ഷേ ഈ കാലയളവില്‍ (2001-2006) ആയിരിക്കും ഉണ്ടായിട്ടുണ്ടാവുക. സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നിരവധി സംരംഭങ്ങളും തുടക്കമിടാന്‍ ഈ ഗവണ്‍മെന്റിന് സാധിച്ചു.
കൃത്രിമം നടന്നു എന്ന് വ്യാപകമായി ആരോപണമുയര്‍ന്ന 2009-ലെ തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് അധികാരത്തിലെത്തിയതോടെയാണ് പൗരന്മാരുടെയും സംഘടനകളുടെയും ജനാധിപത്യാവകാശങ്ങള്‍ വ്യാപകമായി കൈയേറ്റം ചെയ്യപ്പെടാന്‍ തുടങ്ങിയത്. ജമാഅത്തായിരുന്നു അവാമിക്കാരുടെ മുഖ്യ ഉന്നം. ജമാഅത്തിന് പൊതുപരിപാടികളൊന്നും നടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷം സംജാതമായി. ഭരണകക്ഷി ജമാഅത്ത് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഭീകര സംഘടനയായി അതിനെ മുദ്രകുത്താന്‍ വേണ്ടിയായിരുന്നു അത്. ജമാഅത്ത് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും അവരെ നിലക്കു നിര്‍ത്താന്‍ ശ്രമിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ലോകത്തെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം സ്വീകരിച്ചത്. സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും ജമാഅത്ത് പ്രവര്‍ത്തകരെ ഹിംസയുടെ മാര്‍ഗത്തിലേക്ക് തള്ളിവിടാനായില്ല. കടുത്ത അന്യായങ്ങള്‍ക്കെതിരെ ജമാഅത്ത് ദേശവ്യാപകമായി നടത്തിയ ഹര്‍ത്താലുകളിലൊന്നു പോലും, ഗവണ്‍മെന്റ് ഏജന്‍സികള്‍ പ്രക്ഷുബ്ധമായ പല രംഗങ്ങള്‍ സൃഷ്ടിച്ചിട്ടും അക്രമത്തിലേക്ക് വഴിമാറിയില്ല. ഇതിലൊക്കെയുള്ള കലിപ്പ് തീര്‍ക്കുന്ന നടപടികളാണ് പിന്നീടങ്ങോട്ട് ഹസീനാ വാജിദിന്റെ ഗവണ്‍മെന്റ് സ്വീകരിച്ചത്.
അങ്ങനെയാണ് 1971-ലെ യുദ്ധ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനെന്ന പേരില്‍ സ്വന്തക്കാരെ കുത്തിനിറച്ച ഒരു ട്രൈബ്യൂണല്‍ ഹസീന വാജിദ് തട്ടിക്കൂട്ടുന്നത്. കള്ളക്കേസുകളുണ്ടാക്കി ജമാഅത്തിന്റെ പ്രധാന നേതാക്കളെയെല്ലാം തൂക്കിലേറ്റി. ജമാഅത്തെ ഇസ്‌ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പാര്‍ട്ടിക്ക് സ്വന്തം പേരില്‍ ഇനി മത്സരിക്കാനാവില്ല. പ്രതികാര നടപടികള്‍ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരുന്നപ്പോഴാണ് 2014-ല്‍ അവാമിലീഗ് ഗവണ്‍മെന്റ് പത്താം ദേശീയ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ജമാഅത്തിനെ മാത്രമല്ല ബി.എന്‍.പി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ കക്ഷികളെയും പുറത്തിരുത്തിയ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പു പ്രഹസനത്തില്‍ 153 സീറ്റില്‍ എതിരാളികളേ ഉണ്ടായിരുന്നില്ല. വേണ്ടുവോളം സീറ്റുകള്‍ സ്വയമെടുത്ത് ബാക്കി തനിക്ക് മുമ്പില്‍ മുട്ടിലിഴയുന്ന ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്ന ഹസീന വാജിദ്. 2018 ഡിസംബര്‍ 30-ന് നടന്നതും തെരഞ്ഞെടുപ്പു പ്രഹസനമല്ലാതെ മറ്റൊന്നായിരുന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ തുടക്കം മുതല്‍ ഒടുക്കം വരെ അട്ടിമറിക്കപ്പെടുകയായിരുന്നു. പ്രതിപക്ഷ ഏജന്റുമാരെപ്പോലും പോളിംഗ് ബൂത്തിലേക്ക് അടുപ്പിച്ചില്ല. നേരത്തെ എഴുതിത്തയാറാക്കിയ 'തെരഞ്ഞെടുപ്പ് ഫല'വും പുറത്ത് വന്നു. 298 സീറ്റില്‍ 288-ഉം അവാമി ലീഗിന് തന്നെ! ജമാഅത്തിനാവട്ടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച സംക്ഷിപ്ത വിവരണമാണ് ഇവിടെ നല്‍കിയത്. നീതിക്കു വേണ്ടി ജനപക്ഷത്തുനിന്ന് ശബ്ദമുയര്‍ത്തുകയായിരുന്നു ജമാഅത്ത് എല്ലാ സന്ദര്‍ഭങ്ങളിലും. അവാമി ലീഗിനെ മാത്രമല്ല ജമാഅത്ത് എതിര്‍ത്തത്. സ്വന്തം പാര്‍ട്ടി എം.പിമാര്‍ പിന്തുണക്കുന്ന ബി.എന്‍.പി ഏകാധിപത്യ പ്രവണതകള്‍ കാണിച്ചപ്പോള്‍ അവാമി ലീഗിനോടൊപ്പം ചേര്‍ന്ന് ആ കക്ഷിയെ എതിര്‍ക്കുകയും താഴെയിറക്കുകയും ചെയ്തിട്ടുണ്ട്. ഈ തത്ത്വാധിഷ്ഠിത നിലപാടെടുക്കാന്‍ രണ്ട് മുഖ്യധാരാ പാര്‍ട്ടികള്‍ക്കും കഴിയില്ലെന്നതും വ്യക്തം. ജമാഅത്തിന്റെ നിലപാടിന് ലഭിക്കുന്ന ജനസ്വീകാര്യത തന്നെയാണ്, കൊന്ന് കുഴിച്ചുമൂടിയേ അടങ്ങൂ എന്ന വാശിയോടെ അവാമി ലീഗ് പ്രതികാര ചിന്തയോടെ അതിനെ വേട്ടയാടാനുള്ള കാരണവും.
സേവന പ്രവര്‍ത്തനങ്ങളുടെ തിളക്കം
''പലവിധ സഹായങ്ങള്‍ നല്‍കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ സാമൂഹിക അടിത്തറ വിപുലപ്പെടുത്താന്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്ക് സാധിക്കുകയുണ്ടായി. നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ആദര്‍ശം ജനകീയവല്‍ക്കരിക്കുന്നതിനായി പലതരം സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക കൂട്ടായ്മകള്‍ക്കാണ് സംഘടന രൂപം നല്‍കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക-സാമ്പത്തിക അടിത്തറ വളരെ ശക്തമാണ് ബംഗ്ലാദേശില്‍. ഇസ്‌ലാമിക് ഛാത്ര ശിബിര്‍ എന്ന പേരിലുള്ള അതിന്റെ വിദ്യാര്‍ഥി വിഭാഗവും വളരെ ശക്തം. 'ഖൗമി' മദ്‌റസകളില്‍നിന്നുള്ളവരാണ് കാര്യമായും അതിലെ അംഗങ്ങള്‍. മദ്‌റസകളും ആശുപത്രികളും യൂനിവേഴ്‌സിറ്റികളും ഓര്‍ഫനേജ് സെന്ററുകളും മറ്റും ജമാഅത്ത് സ്ഥാപിക്കുന്നു. വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കാന്‍ തക്കവിധമുള്ള മത്സരശേഷി വളര്‍ത്തിയെടുക്കാന്‍ ജമാഅത്ത് വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോച്ചിംഗ് സെന്ററുകളും നടത്തുന്നുണ്ട്. ഇതിനൊക്കെ പുറമെ, എന്‍.ജി.ഒകള്‍ സ്ഥാപിച്ചും വിപുലപ്പെടുത്തിയും ഇസ്‌ലാമിക് ബാങ്കുകള്‍ക്കും ക്ലിനിക്കുകള്‍ക്കും മൈക്രോ ക്രെഡിറ്റ് പദ്ധതികള്‍ക്കും രൂപം നല്‍കിയും വളരെ വിപുലമായ മണ്ഡലങ്ങളിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുന്നു.'' ഉപേന്ദ്ര കുമാറും ഡോ. കെ.ആര്‍ നാരായണനും ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ പഠനത്തില്‍നിന്നുള്ളതാണ് ഈ വരികള്‍ (The Networks of Social Infrastructure Linked with Jamat-e-Islami in Bangladesh/International Journal of African and Asian Studies, Vol. 43, 2018). ഒരു ഇസ്‌ലാമിക രാഷ്ട്രം ഉണ്ടാക്കാനുള്ള മുന്നൊരുക്കങ്ങളാണിതെന്ന് തുടര്‍ന്ന് പറയുന്നുണ്ട്. ഇതും സെക്യുലര്‍ പ്രതലത്തില്‍നിന്നുകൊണ്ട് ജമാഅത്തിനെ നോക്കിക്കാണുന്ന പഠനമാണെങ്കിലും, കുറേയൊക്കെ നിഷ്പക്ഷത പുലര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ സേവനപ്രവര്‍ത്തനങ്ങളൊക്കെ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് വാദിക്കുന്ന നാന്‍സി റോസന്‍ ബ്ലെമിനെപ്പോലുള്ളവരെ ഈ രണ്ടു ഗവേഷകരും തിരുത്തുകയും ചെയ്യുന്നു. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം തെരഞ്ഞെടുപ്പു രാഷ്ട്രീയം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പലതരം വിലക്കുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കും. പലപ്പോഴും സ്വന്തം പേരില്‍ സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കാനേ കഴിയില്ല. ഇപ്പോഴും അതാണ് സ്ഥിതി. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള സന്ദര്‍ഭങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഊര്‍ജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ജമാഅത്ത്. ആദര്‍ശ പ്രതിബദ്ധത തന്നെയാണ് അതിനു കാരണം.
1971 മുതല്‍ 1975 വരെ അവാമി ലീഗിന്റെ ഏക പാര്‍ട്ടി ഭരണമായിരുന്നു. 1975 മുതല്‍ 1990 വരെ ഏറക്കുറെ മിലിട്ടറി ഭരണവും. മിലിട്ടറി ഭരണകാലത്താണ് ജമാഅത്തിനെപ്പോലുള്ള സംഘടനകള്‍ക്ക് കുറച്ചൊക്കെ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചത്. അതിനാല്‍ തൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ക്കാണ് ബംഗ്ലാ ജമാഅത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത് എന്നു പറയാം. കൊടുങ്കാറ്റും വെള്ളപ്പൊക്കവും തീരദേശ മേഖലയില്‍ നിരന്തരം കനത്ത നാശങ്ങള്‍ വിതക്കുന്ന ഒരു രാജ്യത്ത് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ സംവിധാനമാണ് ജമാഅത്ത് ഏര്‍പ്പെടുത്തിയിരുന്നത്. അതില്‍നിന്നാണ് ഇപ്പോഴുള്ള എന്‍.ജി.ഒകളും മറ്റു നിരവധി സാമ്പത്തിക-സാമൂഹിക സംരംഭങ്ങളും ഉയര്‍ന്നുവന്നത്. എന്‍.ജി.ഒകള്‍ ബംഗ്ലാദേശില്‍ നേരത്തേയുണ്ട്. പക്ഷേ, അവ നിയോ-ലിബറല്‍ നയങ്ങള്‍ പിന്തുടരുന്നവയായിരുന്നു. സാധാരണക്കാര്‍ക്ക് പലപ്പോഴും അവ അപ്രാപ്യമായി. ഗവണ്‍മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും ഒട്ടും തൃപ്തികരമായിരുന്നില്ല.
വിദ്യാഭ്യാസമായിരുന്നു ജമാഅത്തിന്റെ ഒരു പ്രധാന പ്രവര്‍ത്തന മണ്ഡലം. ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളരെ അപര്യാപ്തമായിരുന്നു. വിദ്യാഭ്യാസത്തിന് ബജറ്റില്‍ വകയിരുത്തുന്ന തുക നോക്കിയാല്‍ ഇത് വ്യക്തമാകും. 1991-ല്‍ അത് കേവലം 1.2 ശതമാനം മാത്രമായിരുന്നു. 2016 വരേക്കും ആ തുക 2.2 ശതമാനത്തിലധികം ഉയര്‍ത്താനും കഴിഞ്ഞിട്ടില്ല. വകയിരുത്തുന്ന സംഖ്യ തന്നെ വലിയൊരു ഭാഗവും പോകുന്നത് നഗരപ്രദേശങ്ങളിലേക്കാണ്. അവാമി ലീഗ്, ബി.എന്‍.പി പോലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പാകിസ്താനിലേതു പോലെത്തന്നെ സേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ല. അതിനു വേണ്ടിയുള്ള വിംഗുകളോ സന്നദ്ധപ്രവര്‍ത്തകരോ അവര്‍ക്കില്ല. ഒരു സംഘടന എന്ന നിലയില്‍ ജമാഅത്ത് മാത്രമേ വ്യവസ്ഥാപിതമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നുള്ളൂ. നിലവിലുള്ള മദ്‌റസകള്‍ കാര്യക്ഷമമാക്കിയും നവീന സിലബസോടെ പുതിയതിന് രൂപം നല്‍കിയുമാണ് ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ ജമാഅത്ത് പദ്ധതി ആവിഷ്‌കരിച്ചത്. 1972-ല്‍ സെക്കന്ററി, പോസ്റ്റ് സെക്കന്ററി മദ്‌റസകളുടെ എണ്ണം 1412 ആയിരുന്നെങ്കില്‍, 2004 ആകുമ്പോഴേക്കും അവയുടെ എണ്ണം 11,746 ആയി വര്‍ധിക്കുന്നുണ്ട്. ഇതില്‍ കാര്യമായും ജമാഅത്തിന്റെ സംഭാവനതന്നെ.
ഉന്നത പഠനത്തിന് യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാനും ജമാഅത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നു. ഇസ്‌ലാമിക പണ്ഡിതനും കാംബ്രിഡ്ജിലെ ഇസ്‌ലാമിക അക്കാദമിയുടെ ഡയറക്ടര്‍ ജനറലുമായിരുന്ന സയ്യിദ് അലി അശ്‌റഫ് (1925-1998) സ്ഥാപിച്ച ദാറുല്‍ ഇഹ്‌സാന്‍ യൂനിവേഴ്‌സിറ്റി അവയിലൊന്നാണ്. നിയമവിരുദ്ധമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി എന്ന് ആരോപിച്ച് ഭരണകൂടം 2016-ല്‍ ഈ സ്ഥാപനം അടച്ചുപൂട്ടി. ബംഗ്ലാദേശിലെ തന്നെ തലയെടുപ്പുള്ള യൂനിവേഴ്‌സിറ്റികളിലൊന്നാണ് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ചിറ്റഗോംഗ്. Combines Quality with Morality എന്നാണ് അതിന്റെ പ്രമാണവാക്യം. സ്ഥാപിതമായത് 1995-ല്‍. 2001-ല്‍ സ്ഥാപിതമായ മനാറത്ത് ഇന്റര്‍നാഷ്‌നല്‍ യൂനിവേഴ്‌സിറ്റിയാണ് മറ്റൊന്ന്. ശഹീദ് അബ്ദുല്‍ ഖാദിര്‍ മുല്ലയായിരുന്നു അതിന്റെ ആദ്യത്തെ സെക്രട്ടറി. മൗദൂദി റിസര്‍ച്ച് സന്‍സദ്, സെന്റര്‍ ഫോര്‍ സ്ട്രാറ്റജി ആന്റ് പീസ് സ്റ്റഡീസ് എന്നിവ ജമാഅത്തിന്റെ ഗവേഷണ സ്ഥാപനങ്ങളായിരുന്നു. അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.
ഇസ്‌ലാമീ ബാങ്ക് ബംഗ്ലാദേശ് ലിമിറ്റഡി(IBBL)ന്റെ ചാരിറ്റി വിംഗായ ഇസ്‌ലാമീ ബാങ്ക് ഫൗണ്ടേഷനാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നു പറയാം. ഹസീനാ വാജിദിന്റെ ഏകാധിപത്യ ഭരണകൂടം കള്ളക്കേസുണ്ടാക്കി ഏറ്റവുമൊടുവില്‍ തൂക്കിലേറ്റിയ ജമാഅത്ത് നേതാവ് മീര്‍ ഖാസിം അലിയായിരുന്നു ഈ ബൃഹദ് സ്ഥാപനത്തിന്റെ ജീവാത്മാവും പരമാത്മാവുമെല്ലാം. 2016-ല്‍ ജമാഅത്ത് ബന്ധം ആരോപിച്ച് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ നൂറുല്‍ ഇസ്‌ലാമിനെ തല്‍സ്ഥാനത്തുനിന്ന് ഭരണകൂടം പുറത്താക്കിയിരുന്നു. ഈ സ്ഥാപനം നടത്തുന്ന ഒരു മികച്ച പ്രഫഷനല്‍ സ്ഥാപനമാണ് ഇസ്‌ലാമീ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IBIT). ഈ പേരില്‍ ആറ് സ്ഥാപനങ്ങളുണ്ട്. രണ്ടെണ്ണം ധാക്കയില്‍, ഓരോന്ന് വീതം ബോഗ്‌റ, സില്‍ഹട്ട്, ചിറ്റഗോംഗ്, ഖുല്‍ന എന്നിവിടങ്ങളില്‍. ഇസ്‌ലാമീ ബാങ്ക് ഇന്റര്‍ നാഷ്‌നല്‍ സ്‌കൂള്‍ ആന്റ് കോളേജ്, ഇസ്‌ലാമീ ബാങ്ക് മോഡല്‍ സ്‌കൂള്‍ ആന്റ് കോളേജ് എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. ഫുര്‍ഖാനിയ മക്തബ് എന്ന പേരില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള സ്‌കൂളുകളും നടത്തുന്നു. ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. 2016-ലെ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, 1983-2016 കാലയളവില്‍ 14,991,452 ഗുണഭോക്താക്കള്‍ക്കായി 4,997.88 മില്യന്‍ ടാക്കയാണ് അത് ചെലവഴിച്ചത്. ധാക്കാ യൂനിവേഴ്‌സിറ്റി പ്രഫസറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ അബ്ദുല്‍ ബറകാത്ത് പറയുന്നത്, ജമാഅത്ത് 'രാഷ്ട്രത്തിനകത്ത് ഒരു രാഷ്ട്ര'വും 'സമ്പദ്ഘടനക്കകത്ത് ഒരു സമ്പദ്ഘടന'യും സൃഷ്ടിച്ചിട്ടുണ്ടെന്നാണ്. ധാക്ക ട്രൈബ്യൂണില്‍ (2015 ഫെബ്രുവരി 9) അമിതാവ മുഖര്‍ജി എഴുതിയ ലേഖനത്തില്‍ (Economy of Islamic Fundamentalism in Bangladesh), ദേശീയ സമ്പദ്ഘടന ആറ് ശതമാനം മാത്രം വളരുമ്പോള്‍ ജമാഅത്ത് നടത്തിവരുന്ന വിപുലമായ സംവിധാനങ്ങളുടെ വളര്‍ച്ച ഒമ്പതു ശതമാനമാണെന്ന് രേഖപ്പെടുത്തുന്നു.
ഗ്രാമീണ മേഖലയിലടക്കം വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യപരിരക്ഷക്ക് ജമാഅത്ത് ഒരുക്കിയിട്ടുള്ളത്. ഇസ്‌ലാമീ ബാങ്ക് ഹോസ്പിറ്റല്‍ എന്ന പേരില്‍ ധാക്ക, രാജ്ശാഹി, ഖുല്‍ന എന്നിവിടങ്ങളിലായി ഏഴ് വലിയ ആശുപത്രികളുണ്ട്. കമ്യൂണിറ്റി ഹോസ്പിറ്റലുകള്‍ ഏഴെണ്ണം വേറെയും. 2003-ല്‍ രാജ്ശാഹിയില്‍ ഒരു മെഡിക്കല്‍ കോളേജും ഇസ്‌ലാമീ ബാങ്കിന്റെ കീഴില്‍ ആരംഭിച്ചു. വിധവകളോ അഗതികളോ ആയ സ്ത്രീകളെ പുനരധിവസിപ്പിക്കാനും തൊഴില്‍ പരിശീലനം നല്‍കാനും മീര്‍പൂരില്‍ ഒരു വിമന്‍ റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
ഇസ്‌ലാമീ ബാങ്കിനോടൊപ്പം തന്നെ തൊള്ളായിരത്തി എണ്‍പതുകള്‍ മുതലേ ജമാഅത്ത് പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഇബ്‌നു സീനാ ട്രസ്റ്റ് സ്ഥാപിതമായിട്ടുണ്ട്. ആരോഗ്യ പരിരക്ഷക്കുള്ള പലതരം കേന്ദ്രങ്ങള്‍ ട്രസ്റ്റ് നടത്തുന്നു. ഇബ്‌നു സീനാ ഹോസ്പിറ്റല്‍ (ധന്‍മൊന്തി), ഇബ്‌നുസീനാ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ (കല്യാണ്‍പൂര്‍), ബംഗ്ലാദേശ് ജേണല്‍ ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങി പലതരം സംരംഭങ്ങള്‍ ഇതിനു കീഴിലുണ്ട്. സുഊദി അറേബ്യയിലെ പ്രമുഖ എന്‍.ജി.ഒ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ ഒരു ശാഖയും 1980-ല്‍ ഇവിടെ സ്ഥാപിതമായിരുന്നു. മീര്‍ ഖാസിം അലി തന്നെയാണ് അതിനു നേതൃത്വം നല്‍കിയത്. ഫാര്‍ ഈസ്റ്റ് ഇസ്‌ലാമീ ലൈഫ് ഇന്‍ഷ്വറന്‍സ്(2000), തകാഫുല്‍ ഇസ്‌ലാമീ ഇന്‍ഷ്വറന്‍സ് ലിമിറ്റഡ് (2001) എന്നിവ ശരീഅഃ തത്ത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളാണ്. സന്‍ഗ്രം, നയാ ദിഗന്ത എന്നീ ദിനപത്രങ്ങളും പ്രസിദ്ധീകരിക്കുന്നു. നയാ ദിഗന്ത 2004-ലാണ് പ്രസിദ്ധീകരിക്കാനാരംഭിച്ചത്. മീര്‍ ഖാസിം അലി തന്നെ സ്ഥാപിച്ച ദിഗന്ത മീഡിയ കോര്‍പറേഷനായിരുന്നു പ്രസിദ്ധീകരണ ചുമതല. ഇതേ മീഡിയ കോര്‍പറേഷന്‍ തന്നെ 2008-ല്‍ ദിഗന്ത ടി.വി ചാനല്‍ ആരംഭിച്ചു. 'നിരുത്തവാദപരമായി' റിപ്പോര്‍ട്ട് നല്‍കി എന്നാരോപിച്ച് 2013-ല്‍ ഭരണകൂടം ഈ ചാനല്‍ അടച്ചുപൂട്ടി.
ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായ ഒരു വിവരണമാണ് നല്‍കിയത്. ജമാഅത്തിനെ നിരന്തരം വേട്ടയാടുന്ന ഭരണകൂടത്തിന് അതിന്റെ പ്രവര്‍ത്തകര്‍ നടത്തുന്ന ചില സ്ഥാപനങ്ങള്‍ പൂട്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ജമാഅത്ത് ബന്ധം ആരോപിച്ച് ചിലരെ ഭരണസമിതികളില്‍നിന്ന് പുറത്താക്കിയിട്ടുമുണ്ട്. കടുത്ത ജനരോഷം ഭയക്കുന്നതുകൊണ്ടാവാം, പാവങ്ങളുടെ അത്താണികളായ അത്തരം സ്ഥാപനങ്ങളുടെ മേല്‍ കൈവെക്കാന്‍ ഭരണകൂടം ഭയക്കുന്നത്. ഈ ലേഖനത്തില്‍ ബംഗ്ലാ ജമാഅത്തിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെയും പ്രവര്‍ത്തനങ്ങളെയും ലഘുവായി പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. ജമാഅത്തിനെതിരെ നിരന്തരം ഉയര്‍ത്തപ്പെടുന്ന യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി ഈ ലേഖകന്‍ എഡിറ്റ് ചെയ്ത 'ബംഗ്ലാദേശ്-തൂക്കിലേറുന്നത് നീതിയും ജനാധിപത്യവും' (ഐ.പി.എച്ച്) എന്ന പുസ്തകത്തില്‍ വിശദമായി വന്നിട്ടുണ്ട്.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവ് ഗുലാം അഅ്‌സം പറഞ്ഞതു പോലെ, തീര്‍ത്തും വേറിട്ട വഴിയിലൂടെയായിരുന്നു അവിടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രയാണം. രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കപ്പെട്ടപ്പോള്‍ അവര്‍ മുഴുശ്രദ്ധയും സേവനമേഖലയില്‍ കേന്ദ്രീകരിച്ചു. സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈഷണികമായും സാമ്പത്തികമായും നേതൃത്വം നല്‍കിയത് മറ്റാരുമായിരുന്നില്ല, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി മീര്‍ ഖാസിം അലി. 'കോടിപതി'യായ ഒരു ഇസ്‌ലാമിസ്റ്റ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉജ്ജ്വല മാതൃക. അദ്ദേഹത്തെക്കുറിച്ച് ഏതാനും വാക്കുകളെഴുതാതെ ഈ കുറിപ്പ് പൂര്‍ണമാവുകയില്ല. ധീരനായ ആ ശഹീദിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സലീം മന്‍സൂര്‍ ഖാലിദ് 'തര്‍ജുമാനുല്‍ ഖുര്‍ആനി'ല്‍ (2016 ഒക്‌ടോബര്‍) എഴുതി: ''ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു മീര്‍ ഖാസിം അലി. അദ്ദേഹം ഇസ്‌ലാമീ ബാങ്കിന്റെ ഡയറക്ടറായിരുന്നു. ദിഗന്ത മീഡിയ കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നു. അതിന്റെ കീഴിലാണ് ബംഗ്ലാദേശിലെ പ്രശസ്തമായ സ്വകാര്യ ചാനല്‍ ദിഗന്ത ടി.വി സംപ്രേഷണം ആരംഭിക്കുന്നത്. വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു അദ്ദേഹം ഇബ്‌നുസീനാ ട്രസ്റ്റിന് രൂപം നല്‍കി. 'ഇസ്‌ലാമിക് ഇന്‍ഷ്വറന്‍സി'ന് അടിത്തറ പാകി. ദീനീ മദ്‌റസകള്‍ സ്ഥാപിച്ചുകൊണ്ട് അതിന്റെ പാഠ്യപദ്ധതിയെ ആധുനിക വിജ്ഞാനങ്ങളുമായി ബന്ധിപ്പിച്ചു. പള്ളിനിര്‍മാണത്തിന് പ്രത്യേക സംവിധാനമൊരുക്കി. ബംഗ്ലാദേശിലെ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ പ്രധാന വക്താവായിരുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും വളരെ വിലകുറച്ചും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ ബംഗ്ലാദേശില്‍ ആദ്യമായി സംവിധാനമുണ്ടാക്കിയതും മീര്‍ ഖാസിം അലി തന്നെ.....
''അടിയുറച്ച ദീനീബോധം, കഠിനാധ്വാനം, സല്‍പെരുമാറ്റം തുടങ്ങി ഒട്ടേറെ വിശിഷ്ട ഗുണങ്ങള്‍ക്കുടമയായ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കിടയിലെ 'വലിയ പണക്കാരന്‍' തന്നെയായിരുന്നു. പക്ഷേ, ആ പണം സ്വന്തം ജീവിത സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിച്ചതേയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധന-സേവന പ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്രരുടെയും അനാഥകളുടെയും കണ്ണീരൊപ്പുന്നതിനും ആ ധനമത്രയും ചെലവഴിക്കുകയായിരുന്നു. കോടിപതിയായ ഈ മനുഷ്യന്‍ അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ചെറിയ ഒരു വീട്ടിലാണ് കഴിഞ്ഞുകൂടിയിരുന്നത്.''
(പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്ററാണ്
ലേഖകന്‍)