ഇണക്കത്തിന്റെയും പിണക്കത്തിന്റെയും അമ്പതു വര്‍ഷങ്ങള്‍

പി.കെ ജമാല്‍‌‌

ഗള്‍ഫില്‍ പാര്‍ലമെന്ററി ജനാധിപത്യം പുലരുന്ന രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന കുവൈത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും വികാസവും പരിശോധിക്കുമ്പോള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളെ കുറിച്ച സാമാന്യ ധാരണ ആവശ്യമാണ്. സുന്നി-ശീഈ-സെക്യുലര്‍-ലിബറല്‍-സോഷ്യലിസ്റ്റ് ധാരകളെ പ്രതിനിധാനം ചെയ്യുന്ന മുഖ്യ രാഷ്ട്രീയ കക്ഷികള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കുവൈത്തില്‍ ഏറക്കുറെ തുറന്ന ജനാധിപത്യമാണ് നിലവിലുള്ളത്.

* കുവൈത്ത് ലിബറല്‍ ബ്ലോക്ക് (ലിബറല്‍)
* നാഷ്‌നല്‍ ഡെമോക്രാറ്റിക് അലയന്‍സ്, കുവൈത്ത് ഡെമോക്രാറ്റിക് ഫോറം (സെക്യുലര്‍)
* പോപ്പുലര്‍ ആക്ഷന്‍ മൂവ്‌മെന്റ്, പോപുലര്‍ ആക്ഷന്‍ ബ്ലോക് (സോഷ്യലിസ്റ്റ്)
* ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റ്, ഇസ്‌ലാമിക് സലഫി അലയന്‍സ് (സുന്നി ഇസ്‌ലാമിസ്റ്റ്)
* നാഷ്‌നല്‍ ഇസ്‌ലാമിക് അലയന്‍സ്, ജസ്റ്റിസ് ആന്റ് പീസ് അലയന്‍സ് (ശീഈ). ഈ രാഷ്ട്രീയ കക്ഷികളുടെ സജീവസാന്നിധ്യവും നാഷ്‌നല്‍ അസംബ്ലി തെരഞ്ഞെടുപ്പുകളിലെ അവയുടെ പങ്കാളിത്തവും ലോകതലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്.

സുന്നി ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്ന ഇഖ്‌വാന്‍-സലഫി രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കും കൂട്ടായും ഗവണ്‍മെന്റിനോട് ഇണങ്ങിയും പിണങ്ങിയും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധ കാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സാന്നിധ്യം പാര്‍ലമെന്റില്‍ ഇസ്‌ലാമിക താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് ഉതകിയിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ. അടിക്കടിയുണ്ടാവുന്ന മന്ത്രിമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന രീതിയും അവിശ്വാസ പ്രമേയങ്ങളുടെ തുടരെത്തുടരെയുള്ള അവതരണങ്ങളും രാഷ്ട്രീയ അപക്വതയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും അവയെ സഹിഷ്ണുതാപൂര്‍വം സമീപിക്കുന്ന ഭരണകൂടത്തിന്റെ നിലപാട് പൊതുവില്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഈ, സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ അല്‍ ഹറകതുദ്ദുസ്തൂരിയ്യത്തുല്‍ ഇസ്‌ലാമിയ്യ കുവൈത്തിലെ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാണ്. ചിട്ടയോടെ നടത്തുന്ന വ്യവസ്ഥാപിത സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും മതപ്രബോധന-ജീവകാരുണ്യ സംരംഭങ്ങളുടെയും ഫലമായി ജനഹൃദയങ്ങളില്‍ അനിഷേധ്യസ്ഥാനമുറപ്പിക്കാന്‍ സാധിച്ച ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റ് (ഐ.സി.എം- അഥവാ അല്‍ ഹറകത്തുദ്ദുസ്തൂരിയ്യത്തുല്‍ ഇസ്‌ലാമിയ്യ- ഹദസ്) ആവട്ടെ, ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഈ ആവട്ടെ ഭരണകൂടവുമായി തുറന്ന സംഘട്ടനത്തിന് മുതിര്‍ന്ന ചരിത്രമില്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണ പാര്‍ലമെന്ററി രാഷ്ട്രീയ പ്രക്രിയയായി പരിവര്‍ത്തിപ്പിക്കാന്‍ നാഷ്‌നല്‍ റിഫോമിസ്റ്റ് പ്രോഗ്രാം (മശ്‌റൂഉല്‍ ഇസ്വ്‌ലാഹില്‍ വത്വനി) എന്ന പേരില്‍ നടന്ന ഒപ്പുശേഖരണത്തില്‍ അറച്ചറച്ചാണെങ്കിലും പങ്കുവഹിച്ചു എന്നതാണ് എടുത്തു പറയാവുന്ന ഒരു വിമത പ്രവര്‍ത്തനം. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെയും മറ്റ് മതസംഘടനകളുടെയും സ്വാധീനത്തില്‍നിന്ന് ഔഖാഫ് മന്ത്രാലയത്തെയും അനുബന്ധ സ്ഥാപനങ്ങളെയും 'മോചിപ്പിക്കാന്‍' ഭരണകൂടം ആസൂത്രിതമായി നീങ്ങിത്തുടങ്ങിയപ്പോള്‍ 2017 മെയ് മാസത്തില്‍ ഇഖ്‌വാന്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ശക്തമാക്കി, ഐ.സി.എമ്മിനെ മുന്നില്‍ നിര്‍ത്തി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഐ.സി.എം മാത്രമല്ല സമാന സ്വഭാവമുള്ള രാഷ്ട്രീയ സംഘടനകളെയും വ്യക്തിത്വങ്ങളെയും അണിനിരത്തി സമരം ശക്തമാക്കാനും ഇഖ്‌വാന് സാധിച്ചു.

പല ഘട്ടങ്ങളിലും കുവൈത്തിലെ ഇഖ്‌വാനും ഭരണകൂടവും പരസ്പര ധാരണയോടെയാണ് പ്രവര്‍ത്തിച്ചുപോന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടത്-ലിബറല്‍-ദേശീയ രാഷ്ട്രീയ കക്ഷികളെ നേരിടുന്നതില്‍ തങ്ങളെ ഉപയോഗപ്പെടുത്തിയ ഭരണകൂടത്തിന്റെ പിന്തുണ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങായി നില്‍ക്കുമെന്ന് ഇഖ്‌വാന്‍ കണക്കുകൂട്ടി. 1959-ല്‍ ഡെപ്യൂട്ടി അമീറായിരുന്ന ശൈഖ് അബ്ദുല്ല മുബാറക്, രാഷ്ട്രീയ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ സ്‌പോര്‍ട്‌സ് ക്ലബുകളും സാമൂഹിക-സാംസ്‌കാരിക സംഘടനകളും ചാരിറ്റി സൊസൈറ്റികളും അടച്ചുപൂട്ടിയപ്പോഴും ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹിന്റെ പ്രാഗ് രൂപമായ 'ജംഇയ്യത്തുല്‍ ഇര്‍ശാദില്‍ ഇസ്‌ലാമി'യുടെ മേല്‍ കൈവെച്ചില്ല. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ വ്യക്തിത്വ ശോഭയില്‍ ആകൃഷ്ടമായി അറബ് നാടുകളില്‍ ശക്തിപ്പെട്ടുവന്ന അറബ് ദേശീയ പാര്‍ട്ടികളെ നേരിടുന്നതില്‍ ഇഖ്‌വാന്‍ വഹിക്കുന്ന പങ്ക് നന്നായറിയുന്ന ഭരണകൂടത്തിന്റെ 'രാജ്യതന്ത്രജ്ഞത'യായിരുന്നു അതിനു കാരണം. ഈജിപ്തും സുഊദി അറേബ്യയും ചെയ്തതുപോലെ ഇഖ്‌വാനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കുവൈത്ത് വിസമ്മതിച്ചതും ഭരണകൂടവുമായുള്ള ധാരണയുടെ പേരില്‍തന്നെ.

ഇഖ്‌വാന്‍ ചുവടുറപ്പിക്കുന്നു
അബ്ദുല്‍ അസീസ് അലി അല്‍ മുത്വവ്വ (പിന്നീട് ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹിന്റെ പ്രസിഡന്റായ അബ്ദുല്ല അലി അല്‍ മുത്വവ്വ-അബൂബദ്ര്‍-യുടെ സഹോദരന്‍) മക്കയില്‍ ശൈഖ് ഹസനുല്‍ ബന്നായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കുവൈത്തില്‍ ഇഖ്‌വാന്‍ രൂപം കൊള്ളുന്നത്. 1963-ല്‍ ഔദ്യോഗികാംഗീകാരം ലഭിച്ച ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹ് കുവൈത്തില്‍ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ഇടപെട്ടു തുടങ്ങി. ജമാല്‍ അബ്ദുന്നാസിര്‍ ഈജിപ്തിലും അബ്ദുല്‍ കരീം ഖാസിം ഇറാഖിലും കൈക്കൊണ്ട ഇഖ്‌വാന്‍ അടിച്ചമര്‍ത്തല്‍ നയത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ ഇഖ്‌വാന്‍ പണ്ഡിതന്മാരും നേതാക്കളും കുവൈത്തില്‍ കുടിയേറി. അതോടെ കുവൈത്തിലെ ഇഖ്‌വാന്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി. 1991-ല്‍ ഇറാഖി അധിനിവേശത്തില്‍നിന്ന് മോചിതയായ സ്വതന്ത്ര കുവൈത്തില്‍ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹിന്റെ രാഷ്ട്രീയ രൂപമായി ഐ.സി.എം രംഗപ്രവേശം ചെയ്തു. സമഗ്ര ജീവിത പദ്ധതിയായ ഇസ്‌ലാം രാജ്യത്തിന്റെ അടിത്തറയും രാജ്യസുരക്ഷയുടെ അടിസ്ഥാനവുമായി അംഗീകരിക്കപ്പെടുകയും ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണം രാഷ്ട്രത്തിന്റെ നയവും നിലപാടുമായിത്തീരുകയും ചെയ്യണമെന്ന് ഐ.സി.എം വാദിച്ചു. ഇസ്‌ലാമിക മൂല്യങ്ങളുടെയും സദാചാര സംഹിതകളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതം ചിട്ടപ്പെടുത്താന്‍ അടിക്കടി ഭരണകൂടത്തെ ഉദ്‌ബോധിപ്പിച്ച ഐ.സി.എം യഥാര്‍ഥത്തില്‍ പാരമ്പര്യ വിശ്വാസങ്ങളെയും ജീവിതരീതിയെയും പ്രതിബദ്ധതയോടെ മുറുകെ പിടിച്ചുപോന്ന കുവൈത്തി പൗരസമൂഹത്തിന്റെ ഹൃദയവികാരത്തോടൊപ്പം നിലകൊള്ളുകയായിരുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിനോട് പ്രതിബദ്ധത പുലര്‍ത്തിയ രാഷ്ട്രത്തിന്റെ പൊതുവികാരമായി ഇഖ്‌വാന്‍ അംഗീകാരം നേടി. ഇറാഖി അധിനിവേശത്തില്‍നിന്ന് സ്വതന്ത്രയായ കുവൈത്തിന്റെ പുനര്‍ നിര്‍മാണത്തിന് വിശദമായ സ്ട്രാറ്റജി ആവിഷ്‌കരിച്ച് 'ഹദസ്' (ഐ.സി.എം) ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു. ഭരണഘടനാ തത്ത്വങ്ങള്‍ക്കനുസാരമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ സാക്ഷാല്‍ക്കാരത്തിനും അവര്‍ പദ്ധതികള്‍ മുന്നോട്ടുവെച്ചു. പെട്രോളിയം-ഊര്‍ജ മേഖലകളില്‍ നയപരവും ഭരണപരവുമായ പൊളിച്ചെഴുത്ത്, രാഷ്ട്രീയ പരിഷ്‌കരണം, ദേശീയ ഐക്യം, സ്ത്രീകളുടെ സിവില്‍-സോഷ്യല്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം, രാഷ്ട്രമേധാവികളുടെയും ഭരണകര്‍ത്താക്കളുടെയും സ്വത്തു വിവരം വെളിപ്പെടുത്തല്‍, രാഷ്ട്രീയ കക്ഷികള്‍ക്ക് ഔദ്യോഗികാംഗീകാരം തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട അവകാശ പ്രഖ്യാപന ചാര്‍ട്ടറുമായി രംഗത്തുവന്ന ഐ.സി.എം, രാഷ്ട്ര നിര്‍മാണ വിഷയത്തില്‍ കഴിവും കാഴ്ചപ്പാടും ഉള്ളവരാണെന്ന് കുവൈത്തിലെ പൊതുസമൂഹവും ബുദ്ധിജീവി വിഭാഗവും വിലയിരുത്തി. അതോടൊപ്പം ഐ.സി.എമ്മിന്റെയും ഇഖ്‌വാന്റെയും കാഴ്ചപ്പാടുകളെ നഖശിഖാന്തം എതിര്‍ക്കാന്‍ ഇടത്-ലിബറല്‍ കക്ഷികള്‍ രംഗത്തുവന്നു.

തങ്ങള്‍ക്ക് ഇസ്‌ലാമികമോ ദേശീയമോ ആയ വിദേശ-ബാഹ്യ സംഘടനകളോടൊന്നും ഒരു ബന്ധവുമില്ലെന്ന് രൂപവല്‍ക്കരണത്തിന്റെ ഒന്നാം നാള്‍തൊട്ട് ഐ.സി.എം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുപോന്നു. നയപരമായി അവരെ സംബന്ധിച്ചേടത്തോളം അതൊരു ആവശ്യവുമായിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെ ഉളവായ ദേശീയ- അന്താരാഷ്ട്ര പ്രശ്‌നങ്ങളും കുവൈത്തിന്റെ മോചനത്തിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇടപെടലും ലോക ഇഖ്‌വാന്‍ പ്രസ്ഥാനത്തെ രണ്ട് തട്ടിലാക്കിയിരുന്നു. ഇറാഖി സൈന്യത്തെ തുരത്താനും പരാജയപ്പെടുത്താനും അമുസ്‌ലിം-വിദേശ സൈനിക സഹായം തേടുന്നതിനോട് കുവൈത്തിലെ ഇഖ്‌വാന് യോജിപ്പായിരുന്നു. ഇറാഖി സൈന്യത്തിനെതിരെ ഒരു ഇസ്‌ലാമിക സൈനിക സഖ്യം രൂപപ്പെടുന്നതുവരെ കാത്തിരിക്കണമെന്നായിരുന്നു ഈജിപ്ഷ്യന്‍ ഇഖ്‌വാന്‍ നിലപാട്. ഈ ഭിന്ന സമീപനം ഇഖ്‌വാന്‍ പ്രസ്ഥാനത്തിന്റെ ലോക ഹൈക്കമാന്റിലും അനുരണനങ്ങളുണ്ടാക്കി. രണ്ട് സമീപനങ്ങളെയും അംഗീകരിക്കുന്നവരും നിരാകരിക്കുന്നവരുമായി രണ്ടു തട്ടിലായി ഇഖ്‌വാന്‍ നേതാക്കള്‍. ഇതിന്റെ പ്രതിഫലനം കുവൈത്തിലും ഉണ്ടായി. ഇറാഖി അധിനിവേശത്തോടുള്ള കുവൈത്തിലെ ഇഖ്‌വാന്റെ സുതാര്യവും സ്വതന്ത്രവുമായ സമീപനം സൗകര്യപൂര്‍വം വിസ്മരിച്ച് 'ഇറാഖിനോടൊപ്പം നിലകൊണ്ടവരാണ് ഇഖ്‌വാനികള്‍, എന്ന് പെരുമ്പറയടിച്ച് അന്തരീക്ഷം കലുഷമാക്കാന്‍ ഇടതുപക്ഷവും ദേശീയവാദികളും ശ്രമിച്ചു. ബഹുജനമധ്യത്തില്‍ ഇഖ്‌വാന്‍ സമീപനത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അത്തരം പ്രചാരണങ്ങള്‍ക്ക് ഒരളവോളം സാധിച്ചുവെങ്കിലും അധിനിവിഷ്ട കുവൈത്തില്‍ ഇഖ്‌വാന്‍ നടത്തിയ രചനാത്മക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങിയതോടെ ആ പ്രചാരണങ്ങളുടെ ആരവം നിലച്ച മട്ടായി. സന്ദര്‍ഭവശാല്‍ ഓര്‍ക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്: ഇറാഖിന്റെ കുവൈത്ത് അധിനിവേശം കൈകാര്യം ചെയ്യുന്നതില്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാവാന്‍ മുഖ്യകാരണം മറുപക്ഷത്ത് അമേരിക്കയാണെന്ന വസ്തുതയായിരുന്നു. അമേരിക്കക്കെതിരില്‍ നിലയുറപ്പിക്കുകയെന്നാല്‍ കുവൈത്തിന്റെ വിമോചന യത്‌നങ്ങളെ നിരാകരിക്കുകയാണെന്ന കാഴ്ചപ്പാട് വളര്‍ന്നു. സ്വാഭാവികമായും അത് സദ്ദാം അനുകൂല നിലപാടായി വിശേഷിപ്പിക്കപ്പെട്ടു. കുവൈത്തിന്റെ സ്വാതന്ത്ര്യത്തില്‍ തുടങ്ങുകയും അമേരിക്കയുടെ പിന്‍വാങ്ങലില്‍ അവസാനിക്കുകയും ചെയ്യേണ്ടതാണ് വിമോചനത്തിനു വേണ്ടിയുള്ള എല്ലാ സഖ്യങ്ങളും ഇടപെടലുമെന്ന് വിവേകമതികളായ രാഷ്ട്രതന്ത്രജ്ഞര്‍ അന്നേ പറഞ്ഞുപോരുന്നുണ്ടായിരുന്നു. വിമോചിത കുവൈത്തില്‍ അമേരിക്കക്ക് കൈവന്ന സ്വാധീനവും അതുളവാക്കിയ സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങളും മുകളില്‍ സൂചിപ്പിച്ച വിവേകമതികളുടെ അഭിപ്രായം ശരിവെക്കുന്നതായിരുന്നു.

സാഹസിക സേവനങ്ങള്‍
ഇറാഖി അധിനിവേശത്തിന്റെ ഏഴ് മാസങ്ങളില്‍ കുവൈത്തില്‍ നിലയുറപ്പിച്ച ഇഖ്‌വാന്‍കാര്‍, ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹിന്റെ നേതൃത്വത്തില്‍ നടത്തിയ സാഹസിക സേവന സംരംഭങ്ങള്‍ 'ആലുസ്സ്വബാഹ്' രാജകുടുംബത്തിന്റെയും കുവൈത്തി ജനതയുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ഇഖ്‌വാനു മാത്രമേ തങ്ങളുടെ കാഡറുകളിലൂടെ അത്തരം സേവനങ്ങള്‍ അര്‍പ്പിക്കാനുള്ള മനസ്സും ധൈര്യവും ഉണ്ടായുള്ളൂ എന്ന് കുവൈത്ത് ഒന്നടങ്കം വിലയിരുത്തിയ നാളുകളായിരുന്നു വിമോചനത്തെ തുടര്‍ന്നുണ്ടായത്. സാമൂഹിക സുരക്ഷാ കമ്മിറ്റികളുടെ രൂപവല്‍ക്കരണം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രവര്‍ത്തനത്തിലെ പങ്കാളിത്തം, കുവൈത്തി ചെറുത്തുനില്‍പ് പ്രസ്ഥാനത്തിന്റെ സംഘാടനം, അന്താരാഷ്ട്ര തലത്തില്‍ കുവൈത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് അമേരിക്കയിലുള്ള കുവൈത്തി ഇഖ്‌വാന്‍ യുവനേതാവ് ഡോ. ത്വാരിഖ് സുവൈദാന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, കുവൈത്ത്-യു.എ.ഇ ഫ്രന്റ്ഷിപ്പ് സൊസൈറ്റി, ദുബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ കുവൈത്തി വനിതാ കമ്മിറ്റി രൂപവല്‍ക്കരണം, യു.കെയില്‍ ഫ്രീകുവൈത്ത് മൂവ്‌മെന്റ് രൂപവല്‍ക്കരണം എന്നീ പ്രവര്‍ത്തനങ്ങളോടൊപ്പം 'ഹറകതുല്‍ മുറാബിത്വീന്‍' എന്ന പേരില്‍ രാജ്യം വിട്ടുപോകാതെ പ്രതിബദ്ധതയോടെ നിലയുറപ്പിച്ചവരുടെ പ്രസ്ഥാനം ഉണ്ടാക്കി, ഇതര ചാരിറ്റി സൊസൈറ്റികളുമായി സഹകരിച്ച് കുവൈത്തിലെ മുഴുവന്‍ വീടുകളിലും ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കാനും ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാനും മയ്യിത്ത് സംസ്‌കരണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇഖ്‌വാന്‍ നേതൃത്വം നല്‍കി. ഇഖ്‌വാന്നും അതുവഴി ഐ.സി.എമ്മിനും പൊതുജനസ്വീകാര്യത നേടിക്കൊടുത്തു ഇറാഖിന്റെ കുവൈത്ത് അധിനിവേശം.

ഭരണകൂടവുമായുള്ള ഇഖ്‌വാന്റെ ചങ്ങാത്തത്തിനും ഇഖ്‌വാനുമായുള്ള കുവൈത്ത് ഭരണകൂടത്തിന്റെ സൗഹൃദപൂര്‍ണമായ സമീപനത്തിനും ആദാനപ്രദാനങ്ങളുടെ ഒരു തലമുണ്ടായിരുന്നു. ഇടത്-ദേശീയ-ലിബറല്‍ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടവും ഇഖ്‌വാനും കൈകോര്‍ത്തു. അമ്പതുകളില്‍ രൂപപ്പെട്ട ഈ സൗഹൃദം, ഇഖ്‌വാന്‍ മുന്നോട്ടുവെച്ച പല പദ്ധതികള്‍ക്കും അംഗീകാരം നല്‍കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കി. ടെക്‌നോക്രാറ്റുകളുടെയും ലിബറലുകളുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് ഇഖ്‌വാന്റെ സ്വപ്‌ന പദ്ധതിയായ കുവൈത്ത് ഫൈനാന്‍സ് ഹൗസിന് (ബൈത്തുത്തംവീലില്‍ കുവൈത്തി) ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഗവണ്‍മെന്റും ഇഖ്‌വാനും തമ്മിലെ രൂഢമൂലമായ ബന്ധത്തിന്റെ അസന്ദിഗ്ധ പ്രഖ്യാപനം കൂടിയായിരുന്നു കെ.എഫ്.എച്ചിന്റെ പിറവി.

1981-ല്‍ പാര്‍ലമെന്റിലെ ഇസ്‌ലാമിസ്റ്റ് അംഗങ്ങള്‍ മുന്നോട്ടുവെച്ച ശരീഅത്തനുസൃതമായ ചില നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിലേക്ക് വികസിച്ചു ഈ പരസ്പരധാരണയും ദൃഢബന്ധവും. പ്രത്യുപകാരമായി 1967-ലെ തെരഞ്ഞെടുപ്പു കൃത്രിമ കേസിലും 1976-ല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട ഭരണഘടനാവിരുദ്ധ നടപടിയിലും ഇസ്‌ലാമിസ്റ്റുകള്‍ മൗനം പാലിച്ചു. ഇഖ്‌വാന് കുവൈത്തിലെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വികസിപ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരമായിരുന്നു അക്കാലം. പള്ളികള്‍, സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റി, തൊഴിലാളി യൂനിയനുകള്‍, അധ്യാപക-ഉദ്യോഗസ്ഥ-അഭിഭാഷക പ്രഫഷനല്‍ സംഘടനകള്‍ തുടങ്ങി സര്‍വ മേഖലകളിലും സ്വാധീനമുറപ്പിച്ച് മത-രാഷ്ട്രീയ രംഗത്ത് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഇഖ്‌വാന് സാധിച്ചത് ഗവണ്‍മെന്റുമായുള്ള അനുനയ-സൗഹാര്‍ദ സമീപനത്തിലൂടെയാണ്. അധിനിവേശത്തെത്തുടര്‍ന്ന് സദ്ദാം ഹുസൈന്‍ കുവൈത്തിനെതിരില്‍ ഉന്നയിച്ച മുഖ്യ ആരോപണം, സ്വബാഹ് കുടുംബത്തിന്റെ രാജഭരണം നിയമവിരുദ്ധവും ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കി സ്വേഛാധിപത്യം അടിച്ചേല്‍പ്പിക്കുന്നതും ആണെന്നായിരുന്നു. തന്റെ കുവൈത്ത് അധിനിവേശത്തിന് സദ്ദാം ഹുസൈന്‍ ഉയര്‍ത്തിക്കാട്ടിയ മുഖ്യകാരണങ്ങളില്‍ ഒന്നായിരുന്നു ഇത്. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചക്കിട്ടു. തുടര്‍ന്ന് ത്വാഇഫിലെ കുവൈത്തി വിപ്രവാസ ഗവണ്‍മെന്റ് സ്വബാഹ് കുടുംബത്തിന്റെ നിയമസാധുത ബോധ്യപ്പെടുത്താന്‍ ജിദ്ദയില്‍ കുവൈത്തിലെ സര്‍വ വിഭാഗങ്ങളുടെയും സമ്മേളനം വിളിച്ചുചേര്‍ത്തു. ജിദ്ദയിലെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി സഅ്ദുല്‍ അബ്ദുല്ല അസ്സ്വബാഹ് മുഴുവന്‍ പൗര സമൂഹത്തെയും ആഹ്വാനം ചെയ്തു. സന്ദര്‍ഭം ഉപയോഗപ്പെടുത്തി കുവൈത്തിലെ രാഷ്ട്രീയ കക്ഷികള്‍, നാഷ്‌നല്‍ അസംബ്ലി (പാര്‍ലമെന്റ്) പുനഃസ്ഥാപിക്കാനും 1962-ലെ ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരാനും കുവൈത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ ഗവണ്‍മെന്റ് രൂപവല്‍ക്കരിക്കാനും വിപ്രവാസ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

ജിദ്ദയില്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ച യോഗത്തിലേക്കുള്ള ക്ഷണം പോലും അപ്രസക്തമാക്കുംവിധം ഈ പോയന്റില്‍ ഉടക്കി ഇരുപക്ഷവും താന്താങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ഇവിടെ മധ്യസ്ഥന്റെ റോളില്‍ പ്രത്യക്ഷപ്പെട്ട ഇഖ്‌വാന്‍, പ്രസിഡന്റ് അബ്ദുല്ല അലി അല്‍ മുത്വവ്വയെ രംഗത്തിറക്കി. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇരു വിഭാഗത്തിനുമിടയിലെ മഞ്ഞുരുകി. 1962-ലെ ഭരണഘടനക്ക് വിധേയമായി പാര്‍ലമെന്ററി ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ ഒടുവില്‍ ത്വാഇഫിലുള്ള വിപ്രവാസ കുവൈത്ത് ഗവണ്‍മെന്റിന് സമ്മതിക്കേണ്ടിവന്നു. സര്‍വകക്ഷി ദേശീയ ഗവണ്‍മെന്റ് ആശയം തല്‍ക്കാലം മരവിപ്പിച്ചുനിര്‍ത്താനും പ്രതിപക്ഷ കക്ഷികള്‍ തയാറായി. ജിദ്ദ സമ്മേളനത്തിന്റെ സംഘാടനത്തിലും നടത്തിപ്പിലും ഇഖ്‌വാന്‍ പ്രസിഡന്റ് അബ്ദുല്ല അലി അല്‍ മുത്വവ്വക്കും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സംഘടനക്കുമുള്ള പങ്ക് അനിഷേധ്യമാണ്.

അന്ന് നിലവിലുണ്ടായിരുന്ന 25 പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങള്‍ അഞ്ചായി പുനഃസ്ഥാപിക്കാന്‍ 'നബ്ഗീഹാ ഖംസ്' (ഞങ്ങള്‍ക്ക് വേണ്ടത് അഞ്ച്) എന്ന് മുദ്രാവാക്യമുയര്‍ത്തി കുവൈത്തിലെ തെരുവീഥികളില്‍ ചരിത്രത്തില്‍ ആദ്യമായി ബഹുജന പ്രക്ഷോഭങ്ങളും റാലികളും ജാഥകളും ഇഖ്‌വാന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയതോടെയാണ് ഇഖ്‌വാനും ഗവണ്‍മെന്റും തമ്മിലെ ബന്ധം ഉലയാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പഴിമതിക്കും കോഴക്കും നിലവിലെ സംവിധാനം ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്ന ന്യായത്തിലായിരുന്നു പുനഃസംവിധാന പ്രക്ഷോഭം. 2008-ല്‍ ഡാവു കെമിക്കല്‍ കമ്പനിയുമായുള്ള കരാര്‍ പ്രധാനമന്ത്രി നാസിര്‍ മുഹമ്മദുസ്സ്വബാഹ് ഇടപെട്ട് റദ്ദാക്കിയതും ഇഖ്‌വാനുമായുള്ള ബന്ധം വഷളാക്കി. അന്ന് പെട്രോളിയം മന്ത്രിയായിരുന്ന ഡോ. മുഹമ്മദുല്‍ അലീഖിനെ (ഇപ്പോള്‍ ഐ.സി.എം ജനറല്‍ സെക്രട്ടറി) ബലിയാടാക്കി രാജിവെപ്പിച്ച് പ്രക്ഷോഭം ഒതുക്കുകയായിരുന്നു ഗവണ്‍മെന്റ്. സാമ്പത്തിക കുംഭകോണാരോപണമുന്നയിച്ച് 2011-ല്‍ പ്രതിപക്ഷം ഒന്നടങ്കം കുവൈത്ത് തെരുവുകളില്‍ ഗവണ്‍മെന്റിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തിയതും അകല്‍ച്ചയിലേക്ക് നയിച്ചു. രാഷ്ട്രീയ പ്രക്രിയയില്‍ രാജകുടുംബം നേരിട്ട് ഇടപെടുന്നുവെന്നാരോപിച്ച് 2012 ലും 2013-ലും നടന്ന തെരഞ്ഞെടുപ്പുകളും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ഐ.സി.എം ബഹിഷ്‌കരിച്ചു. എന്നാല്‍ ദേശീയ രാഷ്ട്രീയ പരിഷ്‌കരണ പദ്ധതി എന്നു പേരിട്ട രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചില്ല.
കുവൈത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രതിനിധാനം ചെയ്യുന്ന ഇസ്വ്‌ലാഹില്‍ ഇജ്തിമാഈ സംഘടനക്കും രാഷ്ട്രീയ സംഘടനയായ ഐ.സി.എമ്മിനും അവകാശപ്പെടാവുന്ന നേട്ടങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1.    ശരീഅത്തിന്റെ ചട്ടക്കൂടില്‍, കുവൈത്ത് സമൂഹത്തെ ഇസ്‌ലാമികമായി ബോധവല്‍ക്കരിക്കാന്‍ നിരന്തര ശ്രമം.
2.    ഇസ്‌ലാമിക ചിന്തയുടെ നവീകരണത്തിനും അഗാധ സ്വാധീനത്തിനും ഉതകുന്ന ഇസ്‌ലാമിക പുസ്തകമേള പോലുള്ള സംരംഭങ്ങള്‍.
3.    ലോകമെങ്ങുമുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കല്‍. പ്രഭാഷണം, സെമിനാര്‍, സിമ്പോസിയം, കോണ്‍ഫറന്‍സുകള്‍ എന്നിവ ഇതിനുപയോഗപ്പെടുത്തി.
4.    മുസ്‌ലിം നാടുകളിലെ പ്രകൃതി വിപത്തുകള്‍, ദുരിതങ്ങള്‍ എന്നിവക്ക് സാമ്പത്തിക സഹായം
5.    സകാത്ത് കമ്മിറ്റികള്‍, സാമൂഹിക സേവന കമ്മിറ്റികള്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബാലികമാര്‍ക്കും പ്രത്യേകം സംഘടനകള്‍, യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സംഘടനകള്‍, കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലും സജീവസാന്നിധ്യം.
6.    മദ്യം, മയക്കുമരുന്ന് തുടങ്ങിയ കെടുതികള്‍ക്കടിപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍.
7.    രാജ്യത്തെ മര്‍മപ്രധാന വിഷയങ്ങളില്‍ ഗവണ്‍മെന്റിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.
8.    പൗരസമൂഹത്തിനിടയില്‍ നീതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.
9.    സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തിന് സാമ്പത്തിക പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും പ്രാവര്‍ത്തികമാക്കി മാതൃക സൃഷ്ടിക്കുകയും ചെയ്യുക.
10.    ഗള്‍ഫ് രാജ്യങ്ങളെ മുഴുവന്‍ ഏക സാമ്പത്തിക-രാഷ്ട്രീയ-സൈനിക കുടക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമം.

അമേരിക്കയിലെ പ്രസിദ്ധമായ 'ഫോറിന്‍ പോളിസി' പ്രസിദ്ധീകരണത്തില്‍ നതാന്‍ ബ്രൗണും സ്‌കോട്ട് വില്യംസും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ കുവൈത്തിലെ ഇഖ്‌വാനും ഐ.സി.എമ്മും സമൂഹത്തിന്റെ അടിത്തട്ടില്‍ ഇറങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതു മൂലം മറ്റ് അറബ്‌നാടുകളില്‍ ഇഖ്‌വാനെ ഒതുക്കാനും അടിച്ചമര്‍ത്താനും ഭരണകൂടങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നതുപോലെ കുവൈത്ത് ഭരണകൂടം ഒരിക്കലും അത്തരം ആത്മഹത്യാശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയില്ല എന്ന് വ്യക്തമാക്കിയത് ശ്രദ്ധേയമായ ഒരു അപഗ്രഥനമാണ്. റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും തുര്‍ക്കി ഭരണകൂടത്തെയും തുറന്നു പിന്തുണക്കുന്ന കുവൈത്തിലെ ഇഖ്‌വാന്‍ സമീപകാലത്ത് തുര്‍ക്കിയില്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തെയും ലീറയുടെ വിലയിടിവിനെയും മറികടക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും കുവൈത്ത് ഭരണകൂടത്തെ ആ ദിശയിലൂടെ നീങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 
 

(ദീര്‍ഘകാലം കുവൈത്തിലായിരുന്ന ലേഖകന്‍ ഇപ്പോള്‍ പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് ലൈഫ് സ്‌കില്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ്)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top