ദേശം, പശു, പൂജാരി
ജലാല്‍ അല്‍ജാക്
ഖുറൈശ് ഗോത്രത്തില്‍ ഒരു പൂജാരിയുണ്ടായിരുന്നു. അയാള്‍ വിഗ്രഹാരാധകരോട് പറയും; 'ഒരു പശുവിനെ വേണമെന്നാണ് വിഗ്രഹം നിങ്ങളോടു ആവശ്യപ്പെടുന്നത്.' വിഗ്രഹം മിണ്ടുകയില്ലെന്ന് ആര്‍ക്കാണറിയാത്തത്? അപ്പോള്‍ ആര്‍ക്കാണ് പശുവിനെ വേണ്ടത്? പൂജാരിക്ക് തന്നെ.
എനിക്കൊരു പശുവിനെ വേണമെന്ന് പൂജാരി ജനങ്ങളോടാവശ്യപ്പെട്ടാല്‍ ആരും അത് കൊടുക്കുകയില്ലെന്ന് തീര്‍ച്ച. അതുകൊണ്ടാണ് ജനം പൂജിക്കുകയും ബഹുമാനിക്കുകയും പരിശുദ്ധപ്പെടുത്തുകയും മരിക്കാന്‍ പോലും സന്നദ്ധരാവുകയും ചെയ്യുന്ന വിഗ്രഹം നിര്‍മിക്കാനുള്ള സൂത്രമുണ്ടാകുന്നത്.
പിന്നെ വിഗ്രഹത്തെ വാഴ്ത്താനും ബഹുമാനിക്കാനും ജനത്തോടാവശ്യപ്പെട്ടുകൊണ്ട് പൂജാരി വിഗ്രഹത്തിന്റെ വക്താവായി വിലസാന്‍ തുടങ്ങി. എത്രത്തോളമെന്നു വെച്ചാല്‍ വിഗ്രഹത്തിന്റെ ആരാധകരോട് പൂജാരി വിഗ്രഹത്തിനു വേണ്ടി എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ സന്തോഷപൂര്‍വം അവര്‍ അത് അയാള്‍ക്ക് കൊടുക്കും. വിഗ്രഹം തങ്ങളില്‍നിന്നത് സ്വീകരിച്ചതായി പൂജാരി തങ്ങളെ അറിയിക്കുന്നതും കാത്തിരിക്കുകയും ചെയ്യും അവര്‍.
രണ്ടാം ലോക യുദ്ധത്തിനു മുമ്പ് ജര്‍മന്‍കാരെ അഭിസംബോധന ചെയ്ത ഹിറ്റ്‌ലര്‍, ദൈവത്തിന് പകരം ആരാധിക്കാനായി ഒരു ദേവനെ സൃഷ്ടിച്ചു തരാമെന്ന് ജര്‍മന്‍കാരോട് പറഞ്ഞു. ജര്‍മന്‍ ദേശമായിരുന്നു ആ ദൈവം. അതിന്റെ മാര്‍ഗത്തില്‍ വേണം അവര്‍ മരിക്കാന്‍. അതിന്റെ പ്രതാപം ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ത്യാഗാര്‍പ്പണം നടത്തണം.
അപ്പോള്‍ ദേശവും ഒരു ആരാധ്യ വസ്തുതന്നെ.
യഥാര്‍ഥ ദൈവത്തില്‍നിന്ന് വ്യത്യസ്തമായ വിഗ്രഹത്തെപ്പോലെത്തന്നെ ഒരു മിണ്ടാ ദൈവം. ദേശത്തിനു വേണ്ടി സംസാരിക്കുക രാഷ്ട്രീയക്കാരായിരിക്കും; വിഗ്രഹത്തെ പ്രതിനിധീകരിക്കുന്ന പൂജാരിമാരെപോലെ.
രാഷ്ട്രീയക്കാര്‍ ദേശത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ക്കു വേണ്ടി ത്യാഗം ചെയ്യണമെന്നാണ് അതിന് അര്‍ഥമാക്കുന്നത്. സാധാരണക്കാരുടെ മേല്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി.
ദേശപൂജകരായ ആളുകള്‍ സന്തോഷത്തിലാണ്. അവര്‍ ദേശത്തിനു വേണ്ടി ജീവന്‍ വെടിയുന്നു. അപ്പോള്‍ ദേശീയ നേതാക്കള്‍ അവര്‍ക്ക് ദേശത്തിന്റെ രക്തസാക്ഷി എന്ന പട്ടം നല്‍കുന്നു. എന്നാല്‍ നേതാക്കളോ? അവര്‍ ദേശത്തിനു വേണ്ടി അങ്ങനെയൊന്നും മരിക്കാന്‍ പോവുകയില്ല. അവര്‍ ദേശത്തിനു വേണ്ടി സ്വന്തം ശരീരം വിട്ടുകൊടുക്കുകയില്ല. കാരണം അവര്‍ തന്നെയാണ് ദേശം. അവര്‍ക്ക് വേണ്ടിയാണ് ദേശപൂജകര്‍ മരിക്കുന്നത്..!
'രാജ്യത്തിന്റെ ഖജനാവ്', രാജ്യത്തിന്റെ സ്വത്തുക്കള്‍, രാഷ്ട്രത്തിന്റെ ഭൂമി, രാജ്യത്തിന്റെ ഗാംഭീര്യം, രാഷ്ട്രപതി തുടങ്ങി ഭാരമുള്ള വാക്കുകള്‍ പലപ്പോഴും നിങ്ങള്‍ കേള്‍ക്കാറുണ്ടാകും.
രാജ്യം തകര്‍ന്നുവീഴാതിരിക്കാനാണ് എല്ലാവരും ജീവത്യാഗം ചെയ്യുന്നത്.
രാജ്യം.... രാജ്യം....രാജ്യം..... എന്നാലോ ഏതാണീ രാജ്യം എന്ന് ആരും സ്വയം ചോദിക്കുന്നതായി കാണുന്നില്ല.... എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന ഇപ്പറയപ്പെടുന്ന വിശുദ്ധ വസ്തു എന്താണ്? നിങ്ങളില്‍നിന്ന് എല്ലാം, നിങ്ങളുടെ മതം.... നിങ്ങളുടെ ജീവന്‍... നിങ്ങളുടെ അഭിമാനം.... ചോറ്റുരുള തുടങ്ങി എല്ലാം കവരാന്‍ അവകാശമുള്ള ഈ പവിത്ര സ്വത്വം എന്താണ്?
തന്റെ വിശപ്പു മാറാനായി ജനത്തോട് പട്ടിണി കിടക്കാനാവശ്യപ്പെടുന്ന ഈ വിശുദ്ധ വിഗ്രഹം എന്താണ്? അതിന് വയറ് നിറക്കാന്‍ നീ പട്ടിണി കിടക്കണം. അതിന് സുഖലോലുപതയിലാറാടാന്‍ നീ ലളിത ജീവിതം നയിക്കണം... അതിന് ജീവിക്കാന്‍ നീ മരിക്കണം.... അതിന്റെ ഗാംഭീര്യം നിലനിര്‍ത്താന്‍ നീ നിന്ദിതനാകണം!
യഥാര്‍ഥത്തില്‍ ദേശമെന്നാല്‍ ഒരു 'സങ്കല്‍പ വിഗ്രഹ'മല്ലാതെ മറ്റൊന്നുമല്ല.... രാഷ്ട്രം എന്ന സ്വപേരിനെ മറയാക്കി ദൈവത്തിന്റെ അധികാരം കവരുന്ന, ജനങ്ങളെ അടിച്ചമര്‍ത്തുന്ന അധികാരത്തിന്റെ പൈശാചിക ശക്തിദുര്‍ഗങ്ങളാണത്. ജനം അവര്‍ക്ക് പൂര്‍ണമായും കീഴടങ്ങുന്നതുവരെ തങ്ങള്‍ ചെയ്യുന്നതൊന്നും തങ്ങള്‍ക്കോ കുടുംബത്തിനോ വേണ്ടിയല്ല, രാജ്യത്തിനും രാജ്യതാല്‍പര്യത്തിനും വേണ്ടിയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും.
അവര്‍ നിങ്ങളെ അത്യന്തം നിന്ദിക്കും... നിങ്ങളുടെ ജീവന്‍ അപഹരിക്കാന്‍ അനുവദിക്കും.... എന്നിട്ട് തങ്ങള്‍ ഇതൊക്കെ ചെയ്യുന്നത് രാജ്യത്തിന്റെ ഗാംഭീര്യം നിലനിര്‍ത്താനും രാജ്യതാല്‍പര്യം സംരക്ഷിക്കാനും വേണ്ടിയാണെന്ന് പറയുകയും ചെയ്യും.
തങ്ങളുടെ അധികാരക്കസാലകളുടെ സംരക്ഷണാര്‍ഥം അവര്‍ ഭടന്മാരെ ചൂഷണം ചെയ്ത് യുദ്ധത്തിലേക്ക് തള്ളിയിട്ട് തങ്ങള്‍ ദേശത്തെ രക്ഷിക്കുകയാണെന്ന് അവകാശപ്പെടും. എന്തുകൊണ്ടെന്നാല്‍, ഞങ്ങള്‍ നിങ്ങളെ കൊല്ലുകയും നിന്ദിക്കുകയും നിങ്ങളുടെ പണം കവരുകയും ചെയ്യുന്നത് സ്വന്തം അധികാരം നിലനിര്‍ത്താനാണെന്ന് അവര്‍ തുറന്നുപറഞ്ഞാല്‍ ആരും അത് സ്വീകരിക്കുകയില്ലല്ലോ. പിന്നെ ഈ വിഗ്രഹത്തെ കൂടുതല്‍ മഹത്വവല്‍ക്കരിക്കാന്‍ അവര്‍ ഉദ്ദേശിക്കുമ്പോള്‍ അവരതിനെ വിശുദ്ധ ദേശം എന്ന് വിളിക്കുന്നു.
ഉദാഹരണത്തിന്, ഈജിപ്തില്‍ അവര്‍ ജനത്തെ തങ്ങളുടെ പിന്നില്‍ അണിനിരത്തിക്കൊണ്ട് ഇങ്ങനെ മുദ്രാവാക്യം വിളിപ്പിച്ചുകൊണ്ടിരിക്കും:
'നീണാള്‍ നീണാള്‍ വാഴട്ടെ
ഈജിപ്ത് നീണാള്‍ വാഴട്ടെ
ഞങ്ങളെ നാട്ടിന്‍ സ്വാതന്ത്ര്യത്തിന്
ജീവന്‍ ഞങ്ങള്‍ ത്യജിച്ചീടും.'
ഈജിപ്തിനു വേണ്ടി ജനം മരിക്കേണ്ടതാവശ്യമാണെങ്കില്‍ നാം ചോദിക്കേണ്ടതുണ്ട്; 'ജനം നിന്ദയേറ്റു വാങ്ങുകയും തടവില്‍ കിടക്കുകയും മരിക്കുകയും ചെയ്യേണ്ട ഈ ഈജിപ്ത് ഏതാണ്?'
ഈജിപ്ത് എന്നാല്‍ ജനതയല്ലെങ്കില്‍ അത് കേവലം ഭൂപ്രദേശം മാത്രമാണോ?
അത് ഭൂമിയാണെങ്കില്‍ ആരാണതിന് അതിര്‍ത്തി വരച്ചത്? ചരിത്രം മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണോ ഈ അതിര്‍ത്തികള്‍? മാറാതെ സുസ്ഥിരമായി നില്‍ക്കുന്നത് പേര് മാത്രമാണോ? എന്നാല്‍ ഇന്നത്തെ മിക്ക രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ നിര്‍ണയിച്ചിട്ടുള്ളത് സാമ്രാജ്യത്വ ശക്തികളായ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമാണ്. എന്റെയോ നിങ്ങളുടെയോ വല്യുപ്പമാരല്ല.
ഭൂമിയുടെ അതിരുകളില്‍ നാം യോജിച്ചെന്നു തന്നെ വെക്കുക. എങ്കില്‍ ഭൂമി ജനങ്ങളെ ഉടമപ്പെടുത്തുകയാണോ അതോ ജനം ഭൂമിയെ ഉടമപ്പെടുത്തുകയോ?
എന്നാല്‍, മാന്യശ്രീമാന്മാരേ, നിങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റുകളുണ്ടല്ലോ- അവയുടെ പോലും ഉടമകളല്ല നിങ്ങള്‍. ഫ്‌ളാറ്റോ ഭൂമിയോ ഉള്ള ഉടമകളൊക്കെ സ്റ്റേറ്റിന് കരമൊടുക്കേണ്ടതുണ്ട്. പ്രസിഡന്റില്‍നിന്നോ സര്‍ക്കാരില്‍നിന്നോ പ്രസിഡന്റിന്റെ ഭരണ കക്ഷിയില്‍നിന്നോ അവനത് വാടകക്കെടുത്ത മട്ടാണ്. മാത്രമോ? നമ്മളൊക്കെ ഭൂമിക്ക് കരമൊടുക്കുന്നുണ്ട്. എന്തിന്? മരിച്ചാല്‍ ഖബ്‌റടക്കപ്പെടുന്നതിന്.
അപ്പോള്‍ പിന്നെ നിങ്ങള്‍ സംരക്ഷണാര്‍ഥം ജീവന്‍ ത്യജിക്കുന്ന ആ ഭൂമി എവിടെ? അത് സ്റ്റേറ്റിന്റെ ഭൂമിയാണ്; ജനത്തിന്റെ ഭൂമിയല്ല. സ്റ്റേറ്റിന്റെ പൂജാരിയായ പ്രസിഡന്റ് തന്റെ പരിവാരങ്ങള്‍ക്കും കുടുംബക്കാര്‍ക്കും അവരുടെ കൂറുറപ്പിക്കാന്‍ വിതരണം ചെയ്യുന്ന, ഖുറൈശികളിലെ പൂജാരികള്‍ പശുവിനെ ഉപയോഗിച്ച് സമ്പാദിക്കുംപോലെ നേട്ടമുണ്ടാക്കാന്‍ അഴിമതിക്കാരായ ബിസിനസുകാര്‍ക്കും വിദേശനിക്ഷേപകര്‍ക്കും നല്‍കുന്ന ഭൂമിയാണത്.
അപ്പോള്‍ സ്റ്റേറ്റും ദേശവുമൊന്നും ഭൂമിയല്ല. എങ്കില്‍ സംരക്ഷണാര്‍ഥം ജനം ജീവത്യാഗത്തിനൊരുമ്പെടുന്ന സ്റ്റേറ്റിന്റെയും രാജ്യത്തിന്റെയും വിവക്ഷ പിന്നെന്താണ്? വളരെ ലളിതമാണ് അതിന്റെ വിവക്ഷ. അധികാര കേന്ദ്രങ്ങളാണ് യഥാര്‍ഥത്തില്‍ സ്റ്റേറ്റ്; അധികാരത്തിന്റെ ഊരാളന്മാര്‍. അവര്‍ നിങ്ങളോട് പട്ടിണി കിടക്കാന്‍ ആവശ്യപ്പെട്ടെന്നിരിക്കും. നിന്ദ ഏറ്റുവാങ്ങാനും അവരുടെ അധികാര വ്യവസ്ഥകളുടെ നിലനില്‍പ്പും ഭരണം തുടരാനുള്ള അവരുടെ താല്‍പര്യ സംരക്ഷണത്തിനും വേണ്ടി മരിക്കാനും നിങ്ങളോടവര്‍ പറയും. ഈ പൈശാചിക മതേതര വിഗ്രഹ സങ്കല്‍പമാണ് രാഷ്ട്രം എന്ന പേരില്‍ അറിയപ്പെടുന്നത്. ദൈവത്തിന്റെ സ്ഥാനത്ത് ജനമനസ്സുകളില്‍, ദിവ്യത്വവും മഹത്വവും കല്‍പിക്കുന്ന ഈ ദേശീയത അവരുടെ അധികാരത്തിനും ദുരാഗ്രഹങ്ങള്‍ക്കുമുള്ള വിധേയത്വമല്ലാതെ മറ്റൊന്നുമല്ല.... ദൈവത്തിന്റെ നിയമത്തിന്റെ സ്ഥാനത്ത് മതേതര നിയമം പ്രതിഷ്ഠിക്കാനാണ് അവരുടെ ആഗ്രഹം. അതോടെ മുസ്‌ലിംകളെ അടിമകളാക്കാനെളുപ്പമായി.
എന്നാല്‍, ഇസ്‌ലാമില്‍ പ്രഥമ പരിഗണന 'മുസ്‌ലിമി'നാണ്. ഭരണാധികാരി അവരുടെ സേവകന്‍ മാത്രം. സമൂഹമാണ് അധികാര കേന്ദ്രം. അതിനു ചുറ്റുമാണ് അധികാരം കറങ്ങുന്നത്. അതുകൊണ്ടാണ് ആദ്യകാലങ്ങളില്‍ ഭരണാധികാരിയെ മുസ്‌ലിംകള്‍ 'അമീറുല്‍ മുഅ്മിനീന്‍' (വിശ്വാസികളുടെ നേതാവ്) എന്ന് വിൡച്ചുപോന്നിരുന്നത്. രാഷ്ട്രത്തിന്റെ നേതാവ് എന്നല്ല. അദ്ദേഹം ആളുകളില്‍നിന്ന് 'ബൈഅത്ത്' (സമ്മതിദാനം) സ്വീകരിച്ചിരുന്നത് അവരുടെ പൂര്‍ണസംതൃപ്തിയോടെയായിരുന്നു. 'ബൈഅത്ത്' എന്നാല്‍ ഒരു കരാറാണ്. അമീറും ഓരോ വ്യക്തിയും തമ്മിലുള്ള കരാര്‍. ട്രഷറി മുസ്‌ലിംകളുടെ ട്രഷറിയായിരുന്നു. സ്റ്റേറ്റിന്റെ ട്രഷറിയായിരുന്നില്ല. 'മുസ്‌ലിംകളുടെ ബൈത്തുല്‍മാല്‍' എന്നാണ് അതിനെ വിളിച്ചിരുന്നത്. സ്റ്റേറ്റ് ധനമന്ത്രാലയമല്ല, മുസ്‌ലിം കാര്യാലയമാണുണ്ടായിരുന്നത്.
ഭൂമി 'മുസ്‌ലിംകളുടെ ഭൂമി'യായിരുന്നു. തരിശുനിലങ്ങള്‍ ആരെങ്കിലും കൃഷിചെയ്ത് ഫലഭൂയിഷ്ഠമാക്കിയാല്‍ അതിന്റെ ഉടമാവകാശി പിന്നെ അവനായിരിക്കും.
എല്ലാം മനഷ്യനുമായി ബന്ധപ്പെട്ടത്. മനുഷ്യനാണ് ഭൂവുടമാവകാശം. നിര്‍ജീവ വസ്തുക്കള്‍ ചൈതന്യവത്താക്കാനാണ്, മറിച്ചല്ല, മനുഷ്യന് അധീനമാക്കിക്കൊടുത്തത്.
ഇസ്‌ലാമില്‍ വ്യക്തികളാസകലമുള്ള സമൂഹത്തിനാണ് പ്രാധാന്യവും പ്രസക്തിയും.
അവരാണ് അധികാരം
അവരാണ് ശക്തി
അവരാണ് കേന്ദ്രം
ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുകയും 'ശരീഅത്ത്' നല്‍കുകയും ചെയ്തിട്ടുള്ളത് മനുഷ്യ നന്മക്കാണ്, അവന്റെ ധനവും മാനവും രക്തവും സംരക്ഷിക്കാനാണ്.
ഇതില്‍നിന്ന് ഭിന്നമായി മനുഷ്യ നിയമങ്ങള്‍ രാഷ്ട്രനായകനെയും അയാളുടെ പരിവാരങ്ങളെയുമാണ് കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. രാഷ്ട്രത്തെ പൂജിക്കുന്നവരുടെ രക്തവും അഭിമാനവും ധനവും മാനിക്കാതെ നിയമത്തെ തന്റെയും പരിവാരങ്ങളുടെയും സേവനത്തിനായാണ് ഭരണാധികാരി വിധേയമാക്കിയത്. അവര്‍ പൂജിക്കുന്നതാകട്ടെ യഥാര്‍ഥത്തില്‍ സ്റ്റേറ്റിനെയല്ല, ആ ഭരണാധികാരികളെയാണ്.
വിവ: ഷഹ്‌നാസ് ബീഗം
* സുഡാനി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍.