ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ആധാര ശിലകള്‍

വി.കെ അലി‌‌
img

മനുഷ്യ ജീവിതത്തെ ദൈവിക നിര്‍ദേശങ്ങള്‍ക്കൊത്ത് വാര്‍ത്തെടുക്കുകയെന്നതാണ് ജീവിതലക്ഷ്യമായി ഇസ്‌ലാം നിര്‍ണയിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ഒരുമേഖലയും ഇതില്‍നിന്നൊഴിവല്ല. ആത്മീയ വിഷയങ്ങള്‍ ദൈവവും മറ്റു മേഖലകള്‍ മനുഷ്യനും കൈകാര്യം ചെയ്യുക എന്ന സങ്കല്‍പം ഇസ്‌ലാം വിരുദ്ധമാണ്. രാഷ്ട്രീയം അതിപ്രധാനമായ ജീവിത മേഖലയായതിനാല്‍ സ്വാഭാവികമായും ഇസ്‌ലാം അതിനെ സവിശേഷം പരിഗണിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ഇരുനൂറിലേറെ സൂക്തങ്ങല്‍ ഭരണ ധര്‍മവുമായി ബന്ധപ്പെട്ട് കാണാം. ഇസ് ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ നിരാകരിക്കാന്‍ മുസ്‌ലിമോ അമുസ്‌ലിമോ ആയ ആര്‍ക്കും സാധിക്കാത്തത് അതിനാലാണ്.

അതേസമയം ഇസ്‌ലാം ഒരു മാതൃകാ ഭരണഘടന എഴുതി സമര്‍പ്പിക്കുകയല്ല ചെയ്യുന്നത്. മാറ്റങ്ങള്‍ക്കതീതമായ ദൈവിക നിര്‍ദേശങ്ങള്‍ അക്കൂട്ടത്തിലുണ്ട്. എന്നാല്‍ കാലാകാലങ്ങളില്‍ മനുഷ്യ ജീവിതം നേരിടുന്ന പരിവര്‍ത്തനങ്ങളും വികാസങ്ങളും ഉള്‍ക്കൊണ്ട് കാലത്തോടൊപ്പം സഞ്ചരിക്കുന്ന 'മെക്കാനിസ'വും അതിന്നുണ്ട്. ഡോ. യൂസുഫുല്‍ ഖര്‍ദാവി എഴുതി: 'അല്ലാഹുവിന്റെ ആജ്ഞാധികാരമെന്നതിന്റെ വിവക്ഷ അവന്‍ അനുവാദം നല്‍കിയ മേഖലകളില്‍ മനുഷ്യര്‍ക്ക് നിയമ നിര്‍മാണാവകാശമില്ല എന്നതല്ല. ദൈവഹിതത്തിനെതിരെ സമ്പൂര്‍ണ സ്വതന്ത്രനായി നിയമ നിര്‍മാണം നടത്താന്‍ അവന്നധികാരമില്ല എന്നാണ്. ആരാധനാ കര്‍മങ്ങളില്‍ പുതിയ ചടങ്ങുകളും ആചാരങ്ങളും നിര്‍മിക്കുക, അവയില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുക, മാറ്റത്തിരുത്തലുകള്‍ വരുത്തുക, ഹലാല്‍-ഹറാമുകള്‍ മാറ്റിമറിക്കുക തുടങ്ങിയവ ഉദാഹരണം. മതപ്രമാണങ്ങളില്‍ മ്ലേഛ കൃത്യങ്ങളെന്നും ദുര്‍വൃത്തികളെന്നും വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍, നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്നും ഇല്ലെങ്കില്‍ ശിക്ഷാര്‍ഹമെന്നും വിധിച്ച കാര്യങ്ങള്‍ ഇവയെല്ലാം ഈ ഗണത്തില്‍ പെടുന്നു.
ഇതല്ലാത്ത മറ്റു വിഷയങ്ങളില്‍ മനുഷ്യര്‍ക്ക് നിയമനിര്‍മാണമാകാം. ജീവിതത്തിലെ വിശാലമായ പല മേഖലകളും അതില്‍പെടും. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ മതത്തിന്റെ പൊതുധര്‍മങ്ങള്‍ പാലിക്കണം. ജനതകള്‍ക്ക് പ്രയോജനകരമായത് അവലംബിക്കാം. ദ്രോഹകരമായത് വര്‍ജിക്കുകയും വേണം. ആധുനിക കാലഘട്ടത്തിലെ നിരവധി നിയമങ്ങള്‍ ഈ ഇനത്തില്‍ പെടും. തൊഴില്‍ നിയമങ്ങള്‍, ആരോഗ്യ നിയമങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, വ്യോമയാന നിയമങ്ങള്‍, നാവിക ചട്ടങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്. ഖണ്ഡിതമായ മതശാസനകളുമായി ഏറ്റുമുട്ടുമ്പോഴേ അവ വര്‍ജ്യമാകുന്നുള്ളൂ.'1
അതേസമയം രാഷ്ട്രീയം കാടുകയറാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. മൗലികമായ അതിര്‍വരമ്പുകളും മാറ്റത്തിരുത്തലുകള്‍ക്ക് വഴങ്ങാത്ത അടിത്തറകളും നിര്‍ണയിച്ചത് അതുകൊണ്ടാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ആധാരശിലകളായി അവ പരിഗണിക്കാം. ഇതുപക്ഷേ, ബലം പ്രയോഗിച്ച് നടപ്പാക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നില്ല. സമൂഹങ്ങള്‍ സ്വമേധയാ തൃപ്തിപ്പെട്ട് സ്വീകരിക്കേണ്ടതാണ്. ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ മൂലശിലകളെ ഇപ്രകാരം സംഗ്രഹിക്കാം.

1. ദൈവത്തിന്റെ പരമാധികാരം.
സൃഷ്ടികര്‍ത്താവിന്നാണ് സൃഷ്ടികളുടെ മേല്‍ പരമാധികാരം. ഈ അധികാരത്തില്‍ മറ്റാര്‍ക്കും പങ്കില്ല. 
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾
''ആരുടെ കരത്തിലാണോ സമ്പൂര്‍ണമായ അധികാരം അവന്‍ അനുഗൃഹീതന്‍'' (അല്‍മുല്‍ക്: 1).
وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ
  ''ആധിപത്യത്തില്‍ അവന്ന് പങ്ക്കാരാരുമില്ല'' (അല്‍ ഇസ്‌റാഅ്: 111). എന്നാല്‍ തന്റെ അധികാരത്തില്‍ ചിലത് അവന്‍ ചില സൃഷ്ടികള്‍ക്ക് വിട്ടുകൊടുക്കും.
اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ
 ''അല്ലാഹു തന്റെ അധികാരം അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു'' (ആലുഇംറാന്‍ 26).
أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُۚ 
''അല്ലാഹു അനുവദിക്കാത്ത വല്ല നിയമനിര്‍മാണവും നടത്താന്‍ അധികാരമുള്ള വല്ല പങ്കുകാരെയും അവര്‍ സ്വീകരിക്കുന്നുവോ? (അശ്ശുറാ 21).
ചുരുക്കത്തില്‍, അല്ലാഹുവിന്റെ അധികാര സീമയില്‍ അവന്‍ അനുവദിക്കാത്ത അധികാര കേന്ദ്രങ്ങള്‍ സങ്കല്‍പിക്കുകയും നിശ്ചയിക്കുകയും ചെയ്യാന്‍ പാടില്ല. ദൈവിക ശാസനകള്‍ക്ക് നിരുപാധികം വഴങ്ങുകയെന്നതാകണം വിശ്വാസികളുടെ നിലപാട്.
إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَاۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥١﴾
''അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിധിതീര്‍പ്പിനായി വരികയെന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ വിശ്വാസികള്‍ പറയുക, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യാം എന്നുമാത്രമാകും. അവരത്രെ വിജയികള്‍'' (അന്നൂര്‍ 51).
ഇമാം ഇബ്‌നു തൈമിയ പറയുന്നു: ജനങ്ങളുടെ ഭരണസംവിധാനം ദീനിന്റെ അതിപ്രധാന നിര്‍ബന്ധങ്ങളില്‍ പെട്ടതാണ്. മാത്രമല്ല, അതില്ലാതെ ദീനിനും ദുന്‍യാവിനും നിലനില്‍പില്ല. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ അവര്‍ പരസ്പരം ഒന്നിക്കുകയും സംഘടിക്കുകയും വേണം. സംഘടിക്കുമ്പോള്‍ നേതൃത്വം അനിവാര്യമാകും. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്: മൂന്നാളുകള്‍ ഒരുയാത്ര പോകുമ്പോള്‍ അവരില്‍ ഒരാളെ നേതാവാക്കണം (അബൂദാവൂദ്). ഇമാം അഹ്‌മദ് നിവേദനം ചെയ്യുന്നു: നബി പറഞ്ഞു: മരുഭൂമിയില്‍ കഴിയുന്ന മൂന്നു പേരാണെങ്കില്‍ പോലും അവരിലൊരാളെ നേതാവാക്കാതിരിക്കാന്‍ പറ്റില്ല. ഒരു യാത്രയില്‍ യാദൃഛയാ സംഭവിക്കുന്ന മൂന്നാളുടെ കൊച്ചുസമൂഹം പോലും ഒരാളെ അമീറാക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ മറ്റെല്ലാ കൂട്ടായ്മകള്‍ക്കും അതെത്രമാത്രം ആവശ്യമാണെന്ന് അതുണര്‍ത്തുന്നു.'2
ശൈഖ് റശീദ് രിദാ വിവരിക്കുന്നു: അല്ലാഹുവിനെ അംഗീകരിക്കുന്ന ഒരു വിശ്വാസി ദൈവിക ഗ്രന്ഥത്തില്‍ ഒരു വിധി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് അതില്‍ മാറ്റം വരുത്തുന്നതും അതവഗണിച്ചുകൊണ്ടോ അതിനേക്കാള്‍ മികച്ചതെന്ന് വിശ്വസിച്ചുകൊണ്ടോ മറ്റൊന്ന് കണ്ടെത്തുന്നതും ശരിയാണെന്ന് ബുദ്ധി സമ്മതിക്കുകയില്ല. എന്നിട്ടും അയാളുടെ വിശ്വാസവും (ഇസ്‌ലാമും ഈമാനും) സുരക്ഷിതമായി നില്‍ക്കുമെന്നും'3.

2. ധര്‍മ സംരക്ഷണം
ഏതൊരു സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനില്‍പിന് ശാശ്വത മൂല്യങ്ങളുടെയും സനാതന ധര്‍മങ്ങളുടെയും സംസ്ഥാപനം അനിവാര്യമാണ്. എല്ലാ മതവിഭാഗങ്ങളും വിശ്വാസ സംഹിതകളും ഇതിന്റെ അനിവാര്യത അംഗീകരിക്കുന്നു. മുഹമ്മദ് അത്വാഹിര്‍ ഇബ്‌നു ആശൂര്‍ ഇതിനെمكارم الأخلاق  (ഉല്‍കൃഷ്ട സ്വഭാവങ്ങള്‍) എന്നാണ് വിളിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ധര്‍മസംരക്ഷണത്തെ الأمر بالمعروف (നന്മ കല്‍പിക്കുക)النهي عن المنكر  (തിന്മ വിലക്കുക) എന്നാണ് പ്രയോഗിച്ചത്. സത്യം പറയുക, പരദൂഷണം വര്‍ജിക്കുക, വഞ്ചന, ചതി, അസൂയ തുടങ്ങിയവയില്‍നിന്ന് അകലം പാലിക്കുക- ഇവയെല്ലാം ഉല്‍കൃഷ്ടങ്ങളായ മാനുഷിക ഗുണങ്ങളാണ്. ഇവയുടെ പരിപോഷണം സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. മ്ലേഛ സ്വഭാവങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നില്ലെങ്കില്‍ സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറായി മാറും. സര്‍വനാശത്തില്‍ കലാശിക്കും. അതിനാല്‍ വിശ്വാസികളുടെ ബാധ്യത നന്മകളുടെ പ്രചാരണമായിരിക്കും. 
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِۚ 
''നിങ്ങള്‍ നന്മയിലേക്ക് ക്ഷണിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നിലകൊള്ളുക'' (ആലുഇംറാന്‍: 104).

3. നീതിയും സമത്വവും
മനുഷ്യരെല്ലാം സമന്മാരാണെന്നത് സാമൂഹിക ജീവിതത്തിന്റെ മഹിതമായ സങ്കല്‍പമാണ്. ഉച്ചനീചത്വങ്ങളും ജാതിമേല്‍ക്കോയ്മകളും പകയും വിദ്വേഷവും ജനിപ്പിക്കുകയും മനുഷ്യരാശിയെ ഭിന്നിപ്പിക്കുകയും ചെയ്യും.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ
''ജനങ്ങളെ, നിങ്ങളെയെല്ലാം ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം സൃഷ്ടിച്ചത് (അല്‍ ഹുജുറാത്ത്: 13) എന്നതാണ് ഖുര്‍ആന്റെ അധ്യാപനം. മനുഷ്യ സമൂഹം ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്ന വിശ്വാസം സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തുന്നു. നീതിപൂര്‍വം സഹവസിക്കാന്‍ പ്രേരണ നല്‍കുന്നു.
وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِۚ
''ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വര്‍ത്തിക്കണമെന്നും'' (അന്നിസാഅ്: 58) ആരോടുള്ള വിദ്വേഷം നീതിനിഷേധത്തിന് പ്രേരകമാകരുതെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു.
''ഒരു വിഭാഗത്തോടുള്ള വിദ്വേഷം നീതിചെയ്യാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്'' (അല്‍മാഇദ 5). വിശ്വാസികളെ വിളിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''വിശ്വാസികളേ; നിങ്ങള്‍ നീതിയെ മുറുകെ പിടിക്കുന്നവരും അതിന്നായി നിലകൊള്ളുന്നവരും ദൈവ സാക്ഷികളുമാവുക. അത് നിങ്ങള്‍ക്ക് തന്നെയോ സ്വന്തം മാതാപിതാക്കള്‍ക്കളോ ബന്ധുജനങ്ങള്‍ക്കോ ദോഷകരമാണെങ്കില്‍ പോലും'' (അന്നിസാഅ്: 136). മോഷണകുറ്റം തെളിഞ്ഞ കുലീനമായ ഒരു കുടുംബാംഗത്തെ ശിക്ഷിക്കരുതേ എന്ന് പ്രവാചകനോട് ശിപാര്‍ശ പറഞ്ഞപ്പോള്‍ തിരുമേനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ മുറിച്ചു കളയും? ആളും മുഖവും നോക്കാതെയുള്ള നിഷ്‌കൃഷ്ടമായ നീതിയാണ് സമൂഹത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നത്.

4. സ്വാതന്ത്ര്യവും അടിമത്ത മോചനവും
ചിന്താ സ്വാതന്ത്ര്യം, ആശയ പ്രകാശന സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിവ മനുഷ്യന്റെ ജന്മാവകാശമാണ്. മറ്റുള്ളവരുടെ അവകാശങ്ങളുമായി ഏറ്റുമുട്ടാത്തേടത്തോളം കാലം ഇതിലൊന്നും ആര്‍ക്കും ഇടപെടാന്‍ പറ്റില്ല. അടിമത്തം നിലനിന്നിരുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ ഇസ്‌ലാം മാറ്റം വരുത്തി. അടിമത്തത്തിന്റെ സ്രോതസ്സുകളെ വറ്റിച്ചു. വിശ്വാസ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചു.
لَا إِكْرَاهَ فِي الدِّينِۖ
'മതത്തില്‍ നിര്‍ബന്ധം ചെലുത്താന്‍ പാടില്ല.' (അല്‍ബഖറ: 256)
فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْۚ
'ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഉദ്ദേശിക്കുന്നവര്‍ നിഷേധിക്കട്ടെ' (അല്‍കഹ്ഫ്: 29).
നിര്‍ബന്ധിച്ച് മതം മാറ്റിയ ഒരു സംഭവം പോലും പ്രവാചക ചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല.

പ്രവാചകനെ പോലും തിരുത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ കാണാം. ബദ്ര്‍ യുദ്ധത്തില്‍ താവളമടിക്കാന്‍ നബി(സ) നിശ്ചയിച്ച സ്ഥലം വേണ്ടത്ര തന്ത്രപരമല്ലെന്ന് കണ്ട ഹബ്ബാബുബ്‌നുല്‍ മുന്‍ദിര്‍ മറ്റൊരു സ്ഥലം നിര്‍ദേശിക്കുകയും തിരുമേനി സ്വന്തം നിലപാട് മാറ്റുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് പള്ളിയിലെ പൊതു സദസ്സില്‍വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന മഹതികളുടെ സംഭവങ്ങളും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഉല്‍കൃഷ്ട രീതിയാണ് ഇവയിലെല്ലാം നാം ദര്‍ശിക്കുന്നത്.

അടിമത്തം അവസാനിച്ചുവെന്നും സമത്വവും സ്വാതന്ത്ര്യവും സര്‍വാംഗീകൃതമായെന്നും ഇന്ന് പെരുമ്പറ മുഴക്കാറുണ്ട്. യഥാര്‍ഥത്തില്‍ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഏകാധിപത്യവും സാമ്രാജ്യത്വവുമാണ് ഇന്ന് സര്‍വത്ര. ലക്ഷങ്ങളെ അറുകൊല ചെയ്യാനും പിന്നാക്ക രാഷ്ട്രങ്ങളെ സാമ്രാജ്യത്വ നുകത്തിന് കീഴില്‍ അടിച്ചമര്‍ത്താനും നടക്കുന്ന ശ്രമങ്ങള്‍ സുവിദിതമാണ്. ഇസ്‌ലാമിന്നെതിരെ പടവാളേന്തുന്നവര്‍ സ്വന്തം വൈകൃതത്തില്‍ ലജ്ജിക്കുന്നില്ല എന്നതാണ് ആഭാസകരം. സാമ്രാജ്യത്വത്തിനെതിരെയുള്ള പടയോട്ടത്തില്‍ എന്നും ഇസ്‌ലാം മുന്നിലാണ് എന്നതാണ് ഈ നിതാന്ത ശത്രുതക്കാധാരം.

5. ജനാധിപത്യവും കൂടിയാലോചനയും
ഇസ്‌ലാമിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനും സ്ഥാനമില്ല. പരസ്പര കൂടിയാലോചനയിലൂടെയും ജനാഭിലാഷം മാനിച്ചുകൊണ്ടുമാണ് ഭരണവ്യവസ്ഥ മുന്നോട്ടു പോവുക.
وَأَمْرُهُمْ شُورَىٰ بَيْنَهُمْ
'അവരുടെ കാര്യങ്ങളെല്ലാം പരസ്പര കൂടിയാലോചനയിലൂടെയായിരിക്കുമെന്നു' (അശ്ശുഅറാഅ്: 38)

വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രവാചകനോട് പോലും തന്റെ അനുയായികളുമായി കൂടിയാലോചിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.   
وَشَاوِرْهُمْ فِي الْأَمْرِۖ
(ആലുഇംറാന്‍: 159). ഇതിനെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അത്വിയ്യ: പറയുന്നു: കൂടിയാലോചനാ രീതി ശരീഅത്തിന്റെ അടിസ്ഥാനങ്ങളിലും നിര്‍ബന്ധ വിധികളിലും ഉള്‍പ്പെട്ടതാണ്. വിജ്ഞാനവും ദീനും ഉള്ളവരോട് കൂടിയാലോചിക്കാത്ത ഭരണാധികാരിയെ പുറത്താക്കേണ്ടതാണ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല.'4

ഇബ്‌നു ആശൂര്‍ എഴുതി: ഇസ്‌ലാമിക ഭരണകൂടം മതമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യ ഭരണകൂടമാണ്. ഖുര്‍ആനിന്റെ അടിസ്ഥാനങ്ങളുടെയും പ്രവാചകചര്യയുടെ വിശദീകരണത്തിന്റെയും വിവിധ കാലങ്ങളില്‍ മുസ്‌ലിം ചിന്തകന്മാര്‍ നിര്‍ധാരണം ചെയ്ത നിയമങ്ങളുടെയും അടിത്തറകളിലാണത് കെട്ടിപ്പൊക്കിയിരിക്കുന്നത്.'5
കൂടിയാലോചനാ സംവിധാനങ്ങളില്‍ കാലികമായി സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നു. ആദ്യകാലത്ത് അത് അനുസരണ പ്രതിജ്ഞ(ബൈഅത്)യായിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പും അസംബ്ലി, പാര്‍ലമെന്റ് രീതികളും ഇക്കാലത്ത് അതിനായി അവലംബിക്കുന്ന സമ്പ്രദായങ്ങളാണ്. ഇത്തരം വിഷയങ്ങളില്‍ ലക്ഷ്യം നേടുന്നതിന് നവംനവങ്ങളായ രീതികള്‍ അവലംബിക്കാന്‍ മനുഷ്യ ബുദ്ധിക്ക് ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കുന്നു.

6. അനുസരണയും വിധേയത്വവും
സമൂഹം തെരഞ്ഞെടുത്ത നേതൃത്വത്തെ അനുസരിക്കുകയെന്നതിന് ഇസ്‌ലാം പരമ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. അല്ലാഹുവെയും പ്രവാചകനെയും കഴിഞ്ഞാല്‍ സമൂഹ നേതൃത്വത്തെ അനുസരിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''വിശ്വസിച്ചവരെ, അല്ലാഹുവിനെയും പ്രവാചകനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുവിന്‍'' (അന്നിസാഅ് 59). പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ കേട്ടനുസരിച്ചുകൊള്ളണം; ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ നേതൃത്വത്തിലുള്ളതെങ്കിലും.'' (ബുഖാരി). ഇതിനെ വിശദീകരിച്ചുകൊണ്ടാണ് ഇമാം അലി പറഞ്ഞത്: 'അല്ലാഹുവിന്റെ നിയമമനുസരിച്ചുള്ള ഭരണ നിര്‍വഹണവും ഓരോരുത്തരോടുമുള്ള ബാധ്യതകളുടെ പൂര്‍ത്തീകരണവും ഭരണാധികാരിയുടെ ചുമതലയാണ്. അദ്ദേഹമത് നിര്‍വഹിച്ചാല്‍ അവരെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഭരണീയരുടെ ബാധ്യതയും.'6 

എന്നാല്‍ അക്രമികളും അനീതിക്കാരും ഏകാധിപതികളുമായ ഭരണകര്‍ത്താക്കള്‍ മാറുമ്പോള്‍ ഈ അനുസരണം നിര്‍ബന്ധമാവുകയില്ല. അതുപോലെത്തന്നെ ദൈവിക ധാര്‍മിക വ്യവസ്ഥകള്‍ക്കെതിരെ ഭരണകൂടം നിലകൊള്ളുമ്പോഴും നിരുപാധികമായ അനുസരണം വേണ്ടതില്ല. അതുകൊണ്ടാണ് 'സൃഷ്ടികര്‍ത്താവിനെതിരെ സൃഷ്ടികള്‍ക്കാര്‍ക്കും അനുസരണയില്ലെന്ന്' പ്രവാചകന്‍ പ്രസ്താവിച്ചത്. ഖലീഫ അബൂബക്കര്‍ ഭരണമേറ്റെടുത്തുകൊണ്ടുള്ള തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവെയും അവന്റെ പ്രവാചകനെയും അനുസരിക്കുമ്പോഴെല്ലാം നിങ്ങളെന്നെയും അനുസരിക്കുക. ഞാനവര്‍ക്കെതിരെ നിലകൊണ്ടാല്‍ നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.' 

7. അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനം
മനുഷ്യരെല്ലാം കഴിവുകളിലും യോഗ്യതകളിലും തുല്യരല്ല. സാമര്‍ഥ്യത്തിലും ബുദ്ധിശക്തിയിലും ഏറ്റക്കുറച്ചിലുണ്ടാകും. ജീവിത സാഹചര്യങ്ങളും വ്യത്യസ്തമാകും. അതിനാല്‍ ധനികരും ദരിദ്രരും അനാഥരും അബലരും കടബാധിതരുമെല്ലാം അവരില്‍ കാണാം. പ്രയാസമനുഭവിക്കുന്നവരെ കരകയറ്റി ജീവിതത്തിന്റെ മൗലികാവകാവശ്യങ്ങള്‍ അവര്‍ക്കും ഉറപ്പുവരുത്തുകയെന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. സമൂഹത്തിന്റെ മേല്‍ മൊത്തം ഈ ബാധ്യത നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പൊതുഖജനാവില്‍നിന്ന് അതിന്നാവശ്യമായ ഫണ്ട് കണ്ടെത്തണം. സകാത്ത് വ്യവസ്ഥ ഈ ലക്ഷ്യത്തിന് സഹായകമാകുമെങ്കിലും 'സകാത്ത് കൂടാതെയും ധനത്തില്‍ ബാധ്യതയുണ്ട്' എന്ന പ്രവാചകമൊഴി ഇവിടെ പ്രസക്തമാണ്. ഖുര്‍ആന്‍ പറയുന്നു:
وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ الْعَفْوَۗ
'എന്താണ് ചെലവഴിക്കേണ്ടത് എന്ന് നിന്നോടവര്‍ ചോദിക്കുന്നു. നീ പറയുക: സ്വന്തം ആവശ്യം കഴിച്ച് മിച്ചമുള്ളതെല്ലാം' (അല്‍ബഖറ: 219). ദാരിദ്ര്യ നിര്‍മാര്‍ജനമെന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ പ്രാഥമിക ബാധ്യതകളില്‍ ഉള്‍പ്പെടുത്തിയതായി ഖുര്‍ആനില്‍ ഉടനീളം കാണാം.
സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, വികലാംഗര്‍, തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ എന്നിവരെയെല്ലാം പ്രത്യേകം പരിഗണിക്കാനും സംരക്ഷിക്കാനും ഇസ്‌ലാമില്‍ വ്യവസ്ഥയുണ്ട്. അവരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അവരെ പുനരധിവസിപ്പിക്കാനും ഇസ്‌ലാമിക സമൂഹവും ഭരണകൂടവും കടപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു:
أيما أهل عرصة أصبح فيهم امرؤ جائعا فقد برئت منهم ذمّة الله
(ഒരു പ്രദേശത്ത് ഏതെങ്കിലുമൊരാള്‍ വിശന്ന് ബുദ്ധിമുട്ടിയാല്‍ അല്ലാഹുവിന്റെ സംരക്ഷണം അവര്‍ക്ക് പിന്നെ ലഭിക്കുകയില്ല).

8. മതസഹിഷ്ണുത, ബഹുസ്വരത
വിവിധ വിശ്വാസ സംഹിതകളെയും മതങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന സമീപനമാണ് ഇസ് ലാമിന്റേത്. സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ ആരുടെ മേലും അടിച്ചേല്‍പിക്കാന്‍ അത് സന്നദ്ധമല്ല. ഇസ്‌ലാമിക ചരിത്രത്തിലുടനീളം ഈ വിശാല മനസ്‌കത തെളിഞ്ഞു കാണാം. നൂറ്റാണ്ടുകളോളം ഇസ്‌ലാമിക ഭരണത്തില്‍കഴിഞ്ഞ രാജ്യങ്ങളില്‍ ഇതരമതസ്ഥര്‍ എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചു കഴിയുന്നു എന്നത് ഇസ്‌ലാമിന്റെ സവിശേഷതയായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: 
وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًاۚ
'നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം വിശ്വാസികളായി മാറുമായിരുന്നു (യൂനുസ്: 99). എന്നാല്‍ അവരില്‍ വൈവിധ്യം നിലനില്‍ക്കുക തന്നെ ചെയ്യും'. മറ്റു മതവിഭാഗങ്ങളുടെ ആരാധ്യ വസ്തുക്കളെ പഴിക്കരുതെന്നും അപമാനിക്കരുതെന്നും ഇസ്‌ലാം ശക്തമായി കല്‍പിച്ചിട്ടുണ്ട് (അല്‍ അന്‍ആം: 108). അവരുടെ ദേവാലയങ്ങള്‍ക്ക് പോറലേല്‍പിക്കരുതെന്നും അവയെ നശിപ്പിക്കരുതെന്നും അത്തരം ചെയ്തികളിലേര്‍പ്പെടുന്നവരെ പ്രതിരോധിക്കണമെന്നും വിശുദ്ധ ഖുര്‍ആന്‍ ആജ്ഞാപിച്ചിരിക്കുന്നു (അല്‍ബഖറ: 251). മുസ്‌ലിംകള്‍ക്കെതിരെ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിടാത്ത എല്ലാ അന്യമതസ്ഥരോടും നീതിയോടും സൗഹൃദത്തോടും വര്‍ത്തിക്കണമെന്നാണ് ഖുര്‍ആന്റെ അധ്യാപനം.

9. ശക്തിസംഭരണവും രാജ്യരക്ഷയും
പൗരജനങ്ങളുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അതിന്നാവശ്യമായ ആയുധ ശേഷിയും സൈനികബലവും സംവിധാനിക്കേണ്ടതുണ്ട്. അതുപോലെ അതിര്‍ത്തി കാത്തു സൂക്ഷിക്കേണ്ടതും മറ്റുള്ളവരുടെ കടന്നുകയറ്റം ചെറുത്തു തോല്‍പിക്കേണ്ടതുമാണ്. ഖുര്‍ആന്‍ പറയുന്നു;
وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ 
'ശത്രുക്കള്‍ക്കെതിരെ സാധ്യമാകുന്നത്ര ശക്തിസംഭരിക്കുക തന്നെ വേണം. അല്ലാഹുവിന്റെ ശത്രുക്കളെ പേടിപ്പെടുത്തുന്നത്ര കുതിര സൈന്യവും സജ്ജീകരിച്ചുവെക്കണം' (അല്‍ അന്‍ഫാല്‍: 60)

ഖുര്‍ആന്‍ അവതരണ കാലത്തെ ആയോധനാ മുറകള്‍ പരിശീലിക്കാനും പുതിയ ആയുധനിര്‍മാണം പഠിക്കാനും പ്രവാചകന്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഒരു തവണത്തെ അതിര്‍ത്തി കാവലാണ് രാത്രിമുഴുവന്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന് പഠിപ്പിച്ച് സൈനിക സേവനത്തിന് നബി തിരുമേനി ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണ ഭീതിയുണ്ടെങ്കില്‍ ആരാധനാ വേളകളില്‍ പോലും ആയുധങ്ങള്‍ കൂടെ കരുതാന്‍ അലംഭാവം കാണിക്കരുതെന്ന് വിശുദ്ധ ഖുര്‍ആനും ഉണര്‍ത്തിയിരിക്കുന്നു.

10. ക്ഷേമരാഷ്ട്രം
ഇസ്‌ലാം ലക്ഷ്യമിടുന്നത് സുഭിക്ഷതയും  സുരക്ഷിതത്വവുമുള്ള ഒരു ക്ഷേമരാഷ്ട്രമാണ്. കാര്‍ഷികവും വ്യാവസായികവുമായ പുരോഗതി, വിദ്യാഭ്യാസപരവും ശാസ്ത്രീയവുമായ മുന്നേറ്റം, ആരോഗ്യ രംഗത്തും കലാ-കായിക-സര്‍ഗാത്മക മണ്ഡലങ്ങളിലുമുള്ള മികവ്- എല്ലാം അതിന്റെ സവിശേഷതകളാകും. 'രാജ്യ വാസികള്‍ വിശ്വസിക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുകയാണെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും അനുഗ്രഹങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുക്കും' (അല്‍ അഅ്‌റാഫ്: 96).
'ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ ചംക്രമണത്തിലും സമുദ്രത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സാമഗ്രികള്‍ വഹിച്ച് സഞ്ചരിക്കുന്ന കപ്പലുകളിലും കാറ്റുകളുടെ ഗതിവിഗതികളിലും ആകാശ ഭൂമിക്കിടയില്‍ കീഴ്‌പ്പെടുത്തപ്പെട്ട മേഘത്തിലും ചിന്തിക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് (അല്‍ബഖറ: 164)
ഭൂമിയെയും ആകാശത്തെയും സമുദ്രത്തെയുമെല്ലാം എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഇത്തരം സൂക്തങ്ങള്‍ നമുക്ക് നല്‍കുന്നു.

സമ്പത്തും സന്താനങ്ങളും ജീവിതത്തിന്റെ സൗന്ദര്യമാണെന്നും (അല്‍കഹ്ഫ്: 46) അല്ലാഹുവിന്റെ ഔദാര്യം അന്വേഷിച്ച് കണ്ടെത്തുക വിശ്വാസികളുടെ ചുമതലയാണെന്നും (അല്‍ ജുമുഅ: 10) സമ്പത്ത് വിവേക രഹിതമായി ചെലവഴിക്കുകയോ അവ്വിധം ചെലവഴിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്യരുതെന്നും (അന്നിസാഅ്: 5) ഖുര്‍ആന്‍ വ്യക്തമായി കല്‍പിച്ചിട്ടുണ്ട്. പൊതു മുതലുകല്‍ അമാനത്തുകളാണെന്നും ആരുമായും അവകാശം ഹനിക്കപ്പെടരുതെന്നും നിഷ്‌കൃഷ്ടമായ നീതി നടപ്പാക്കണമെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. 

കുറിപ്പുകള്‍
1.    (ഇസ്‌ലാമിലെ രാഷ്ട്രമീമാംസ - പേ. 64,65).
2.    (السياسة الشرعية p 290)
3.    (അല്‍മനാര്‍ വാള്യം 6 പേ. 236)
4.     تفسير القرطبي  4/249
5.    أصول النظام الإجتماعي  p 313
6.    (കിതാബുല്‍ അംവാല്‍)
7.  2/240:سيرة ابن هشام
റഫറന്‍സ്:

1. النظام السياسي فى الإسلام - د. محمد عبد القادر أبو فارس
2. الدولة الإسلامية بين العلمانية والسّلطة الدينية - د. محمد عمارة
3. أصول النظام الاجتماعي فى الإسلام- ابن عاشور
4. فقه الدولة فى الإسلام - الدّكتور يوسف القرضاوي

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top