സ്വവര്‍ഗരതിയും വിവാഹബാഹ്യ ബന്ധങ്ങളും

‌‌

മനുഷ്യ സമൂഹം യുഗാന്തരങ്ങളായി കാത്തു സൂക്ഷിക്കുന്ന ചില മൂല്യങ്ങളുണ്ട്. അവ ശാശ്വതവും സനാതനവും കാലാതിശയിയുമാണ്. അവ ലംഘിക്കപ്പെടുന്നത് സമൂഹത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും മാനവരാശിയുടെ തകര്‍ച്ചക്കിടയാക്കുമെന്നും കരുതപ്പെടുന്നു. കൊലപാതകം, വ്യഭിചാരം, മദ്യപാനം, മോഷണം പോലുള്ളവ കുറ്റകൃത്യങ്ങളാണെന്നും ചതി, കളവ്, കാപട്യം പോലുള്ള ദുര്‍ഗുണങ്ങള്‍ പരിവര്‍ജനീയമാണെന്നും എല്ലാവരും അംഗീകരിക്കുന്നു. അതിനാല്‍ അവക്കെതിരെ നിയമനടപടികളെടുക്കാനും അതിന്റെ തിന്മയില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനും സാമൂഹിക സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

സ്വവര്‍ഗരതി, വ്യഭിചാരം, സ്വവര്‍ഗ വിവാഹം എന്നിവ മനുഷ്യരാശി എന്നും അറപ്പോടെ കാണുന്ന മ്ലേഛവൃത്തികളാണ്. ശുദ്ധ പ്രകൃതിയുള്ള ഒരാളും അതംഗീകരിക്കുകയോ നിയമവിധേയമായി കരുതുകയോ ഇല്ല. മൗലാനാ മൗദൂദിയുടെ വാക്കുകള്‍ ഇവിടെ പകര്‍ത്താം: ''സ്ത്രീയും പുരുഷനും അവര്‍ക്കിടയില്‍ അനുവദനീയമായ ഭാര്യാ-ഭര്‍തൃ ബന്ധമില്ലാതെ പരസ്പരം ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നതാണ് വ്യഭിചാരമെന്ന് എല്ലാവര്‍ക്കുമറിയാം. ഈ കൃത്യം ധര്‍മദൃഷ്ട്യാ തിന്മയാണെന്നും മതദൃഷ്ട്യാ പാപമാണെന്നും സമൂഹത്തിന്റെ ദൃഷ്ടിയില്‍ അധിക്ഷേപാര്‍ഹവും അപമാനകരവുമാണെന്നും പൗരാണിക കാലം മുതല്‍ ഇന്നേവരെയുള്ള സകല മനുഷ്യ സമുദായങ്ങളും സമ്മതിച്ചിരിക്കുന്നു. ബുദ്ധിയെ ദേഹേഛക്ക് പണയപ്പെടുത്തിയവരും ഭ്രാന്തന്‍ ആശയങ്ങളെ തത്ത്വശാസ്ത്രങ്ങളെന്ന് ധരിച്ചവരുമായ ഒറ്റപ്പെട്ട ആളുകള്‍ക്കല്ലാതെ ഇതില്‍ എതിരഭിപ്രായമില്ല. മനുഷ്യ പ്രകൃതി സ്വയം തന്നെ വ്യഭിചാരം നിഷിദ്ധമാണെന്ന് കരുതുന്നു എന്നതത്രെ സാര്‍വത്രികമായ ഈ അഭിപ്രായൈക്യത്തിന് കാരണം. മനുഷ്യ വംശത്തിന്റെയും മാനവ നാഗരികതയുടെയും നിലനില്‍പ് താല്‍പര്യപ്പെടുന്നത്, സ്ത്രീയും പുരുഷനും കേവലം രസത്തിനും ആനന്ദത്തിനുംവേണ്ടി സര്‍വതന്ത്ര സ്വതന്ത്രരായി ചേരുകയും പിരിയുകയും ചെയ്തു കൂടാ എന്നാണ്. സമൂഹത്തിന്റെ അറിവോടും സമ്മതത്തോടും സംരക്ഷണത്തോടും കൂടിയ സ്ഥിരവും ഭദ്രവുമായ കരാറനുസരിച്ചായിരിക്കണം ഇണകള്‍ തമ്മിലുള്ള ബന്ധം. അല്ലെങ്കില്‍ മനുഷ്യവംശം ഒരു ദിവസം പോലും നിലനില്‍ക്കുകയില്ല.''
(തഫ്ഹീമുല്‍ ഖുര്‍ആന്‍, 
മൂന്നാം വാള്യം പേജ് 312)

പതിറ്റാണ്ടുകള്‍ക്കു മുമ്പ് യൂറോപ്പിലെ ചില രാഷ്ട്രങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കിയപ്പോള്‍ ലോകമാകെ അമ്പരന്നു. ലജ്ജാവഹമായ ഈ ധര്‍മച്യുതിയെ എല്ലാവരും അപലപിച്ചു. എന്നാല്‍ പിന്നെ പിന്നെ നമുക്ക് കാണാന്‍ കഴിഞ്ഞത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഈ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടരുന്നതാണ്. എങ്കിലും മത-ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഇന്ത്യ പോലുള്ള ഒരു പൗരസ്ത്യ രാഷ്ട്രത്തിലേക്ക് ഇതിത്ര വേഗം വ്യാപിക്കുമെന്ന് അന്നാരും സ്വപ്‌നേപി വിചാരിച്ചതല്ല. എന്നാല്‍ ഒരടികൂടി മുന്നോട്ട് പോയി സ്വവര്‍ഗരതിയെ കുറ്റകരമല്ലാതാക്കുക മാത്രമല്ല വിവാഹിതയായ സ്ത്രീകള്‍ വിവാഹബാഹ്യ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് പോലും കറ്റുകരമല്ലാതാക്കിയ വിചിത്രമായ വിധികളാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍നിന്ന് പുറത്തു വന്നത്. രാജ്യത്തെ സകല മത-ധാര്‍മിക സ്ഥാപനങ്ങളും മാത്രമല്ല മതേതര വിശ്വാസികള്‍പോലും ഒരുപോലെ വിയോജിക്കുന്ന ഇത്തരം ഒരു വിധി പ്രസ്താവിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത് എന്താണെന്നത് ദുരൂഹമത്രെ.

വികലവും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ബന്ധങ്ങള്‍ സമൂഹത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നടക്കുന്നുണ്ട്. എന്നാല്‍ അവ തിന്മയും മനുഷ്യവംശത്തിന് നാശഹേതുകവുമാണ് എന്ന കാര്യത്തില്‍ എല്ലാവരും യോജിച്ചിരുന്നു. സര്‍വതന്ത്ര സ്വതന്ത്രമായി വിഹരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയാല്‍ കുടുംബ ജീവിതങ്ങള്‍ തകരും, നാഥനില്ലാത്ത ഒരു തലമുറ ജന്മം കൊള്ളും, മാരകമായ ലൈംഗിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കും- ഇവയെല്ലാം മനസ്സിലാക്കിയാണ് മതേതര ഭൗതിക രാഷ്ട്രങ്ങള്‍ പോലും ഇത്തരം ചെയ്തികള്‍ക്ക് നിയമ സാധുത നല്‍കാത്തതും അവ കുറ്റകരമായി കരുതുന്നതും. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്നേവരെ നമ്മുടെ രാജ്യത്ത് നടപ്പിലായിരുന്ന നിയമങ്ങള്‍ ഭരണാധികാരികള്‍ക്കും നിയമ വിശാരദന്മാര്‍ക്കും ജനാധിപത്യബോധമോ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച ധാരണയോ ഇല്ലാത്തതു കൊണ്ടല്ല; അവ രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യമായത് കൊണ്ടാണ്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നിരാകരിക്കാന്‍ മാത്രം എന്ത് പുതിയ സാഹചര്യമാണുണ്ടായതെന്ന് ഇനിയും വ്യക്തമാക്കപ്പെടേണ്ടിയിരിക്കുന്നു.
മനുഷ്യബുദ്ധി എത്രകണ്ട് തരം താഴാമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈയിടെ വന്ന പല കോടതി വിധികളും. തന്റെ ഭാര്യയുമായി മറ്റൊരാള്‍ ലൈംഗികബന്ധം പുലര്‍ത്തുന്നത് നിസ്സംഗനായി നോക്കി നില്‍ക്കാനും എല്ലാം കഴിഞ്ഞ് 'സീ യു' (See You) പറഞ്ഞു ആഗതനെ യാത്ര അയക്കാനും' ആണത്തമുള്ള ആര്‍ക്കെങ്കിലും കഴിയുമോ? ജന്തുവര്‍ഗത്തില്‍ എവിടെയെങ്കിലും ഈ നിലപാട് കാണപ്പെടുന്നുണ്ടോ? ഒരാള്‍ക്ക് വഴിവിട്ട് സഞ്ചരിക്കുന്ന തന്റെ ഭാര്യക്കെതിരെ ഒരു ശിക്ഷാനടപടിയും എടുക്കാന്‍ പാടില്ലെന്നും നന്നെക്കവിഞ്ഞാല്‍ അവളെ ഒഴിവാക്കാമെന്നുമാണ് പുതിയ വിധി. മൂല്യങ്ങളിലും ധര്‍മങ്ങളിലും സംഭവിക്കുന്ന ഇത്തരം അട്ടിമറികള്‍ നാഗരികതകളുടെ തന്നെ പതനത്തിലേക്കാണ് നയിക്കുക. മനുഷ്യ നാഗരികതകളെക്കുറിച്ച് പഠനം നടത്തിയ സാമൂഹിക ശാസ്ത്രജ്ഞര്‍ അവയുടെ പതനത്തിനു കാരണമായത് ധാര്‍മിക-സദാചാര തകര്‍ച്ചയാണെന്ന് കണ്ടെത്തിയത് നാം മറക്കരുത്.

ധാര്‍മിക സദാചാര മൂല്യങ്ങളില്‍ വിട്ടുവീഴ്ചക്കില്ലാത്ത കര്‍ക്കശ നിലപാടാണ് ഇസ്‌ലാമിന്റേത്. വ്യഭിചാരത്തിനും സ്വവര്‍ഗഭോഗത്തിനുമെല്ലാം കടുത്ത ശിക്ഷയാണ് ഇസ്‌ലാമിക ശരീഅത്തില്‍. സമൂഹത്തില്‍ കുറ്റകൃത്യങ്ങളെ മയക്കിക്കിടത്തുകയല്ല, നിഷ്‌കാസനം ചെയ്യുകയാണ് അതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, അവ ക്രൂരമാണെന്ന് ചിലപ്പോള്‍ തോന്നിയേക്കും. പക്ഷേ, അപൂര്‍വമായേ അവ പ്രയോഗിക്കേണ്ടിവരികയുള്ളൂ. ഇസ്‌ലാമിക ശിക്ഷാ രീതികള്‍ നടപ്പാക്കുന്ന രാജ്യങ്ങളിലെ കുറ്റ നിരക്കുകള്‍ ഇതര രാഷ്ട്രങ്ങളുടേതില്‍നിന്ന് വളരെ കുറവാണെന്നു കാണാം.
ചുരുക്കത്തില്‍, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എല്ലാ മതവിഭാഗങ്ങളും ധാര്‍മിക സിദ്ധാന്തങ്ങളും ഒരുപോലെ മ്ലേഛമായി കരുതുന്ന കുറ്റകൃത്യങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള കോടതികളുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുക തന്നെ വേണം. ആപല്‍ക്കരമായ ലൈംഗിക അരാജകത്വത്തില്‍നിന്ന് നാടിനെ രക്ഷിക്കാനുള്ള ഏക പോംവഴി അതു മാത്രമാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top