മുഹമ്മദുത്ത്വാഹിര്‍ ഇബ്‌നു ആശൂര്‍ ദാര്‍ശനികനായ ശരീഅത്ത് മര്‍മജ്ഞന്‍
പി.കെ ജമാല്‍
'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' 'ഇസ്‌ലാമിക നിയമ സംഹിതയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍' എന്ന ബൃഹദ്ഗ്രന്ഥം ശരീഅത്തിന്റെ സമുന്നത ലക്ഷ്യ വിജ്ഞാനത്തിലേക്കുള്ള കവാടമാണ്. ഈ ഗ്രന്ഥത്തിന്റെ രചയിതാവായ മുഹമ്മദുത്ത്വാഹിര്‍ ഇബ്‌നു ആശൂര്‍ ശരീഅത്തിന്റെ പൊരുളും മര്‍മവും അറിയാന്‍ നടത്തിയ പഠനയജ്ഞത്തിന്റെ പരിസമാപ്തിയാണ് 'മഖാസ്വിദുശ്ശരീഅഃ' എന്ന ആധികാരിക ഗ്രന്ഥം. ശരീഅത്തിന്റെ ആന്തരാര്‍ഥങ്ങളെക്കുറിച്ച് ഗഹന പഠനവും ഗവേഷണവും നടത്തിയ ഇബ്‌റാഹീമുബ്‌നി മൂസ ശാത്വിബിയുടെ 'മുവാഫഖാത്തി' നു ശേഷം വിരചിതമായ ആധികാരിക ഗ്രന്ഥമായാണ് ഇബ്‌നു ആശൂറിന്റെ 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' മുസ്‌ലിം ലോകം പരിഗണിക്കുന്നത്. ശരീഅത്തിന്റെ സംജ്ഞകളെയും വ്യാവഹാരിക ശബ്ദങ്ങളെയും ഉത്തരവുകളെയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ജനക്ഷേമ സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ശാത്വബിയുടെ വിശ്രുത ഗ്രന്ഥമായ 'മുവാഫഖാത്തി'ന്റെ തുടര്‍ച്ചയായി പണ്ഡിതലോകം വിലയിരുത്തുന്ന മഖാസ്വിദുശ്ശരീഅഃയുടെ കര്‍ത്താവ് നൂറ്റാണ്ടിലെ മഹാപ്രതിഭയും ശരീഅത്തിന്റെ മര്‍മമറിഞ്ഞ ധിഷണാശാലിയുമാണ്. ഇബ്‌നു ആശൂറിന്റെ ഗ്രന്ഥത്തെ സംബന്ധിച്ച നിരവധി പഠനഗ്രന്ഥങ്ങളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക ലൈബ്രറികള്‍ എന്നറിയുമ്പോഴാണ് ആധുനിക യുഗത്തിലെ വിജ്ഞാനത്തുടിപ്പിനും കുതിപ്പിനും നിമിത്തമായ ആ രചനയുടെ മഹത്വം ബോധ്യമാവുന്നത്.
1879-ല്‍ തുനീഷ്യയില്‍ ജനിച്ച ഇബ്‌നു ആശൂര്‍ കുലീനമായ വൈജ്ഞാനിക പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരനായി അറിവിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര ചാര്‍ത്തി. ഹദീസ്, ഫിഖ്ഹ്, തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭാഷാവിജ്ഞാനീയം എന്നീ മേഖലകളില്‍ വ്യാപരിച്ച ഇബ്‌നു ആശൂറിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്‌സീറുത്തഹ്‌രീറി വത്തന്‍വീര്‍' ഗവേഷണത്തിലെ സര്‍ഗാത്മക ചിന്തയുടെയും മൗലിക വീക്ഷണത്തിന്റെയും ആഴമറിഞ്ഞ വിജ്ഞാന കോശമാണ്. ഈ തഫ്‌സീറിന്റെ പൂര്‍ണ പേര് 'തഹ്‌രീറുല്‍ മഅ്‌നസ്സദീദി വ തന്‍വീറുല്‍ അഖ്‌ലില്‍ ജദീദി മിന്‍ തഫ്‌സീറില്‍ കിതാബില്‍ മജീദ്' ആണെന്നറിയുമ്പോഴാണ് അറിവിന്റെ നാനാ മേഖലകളിലേക്ക് ഒഴുകിപ്പരന്ന ആ മഹാ മനീഷിയുടെ വിജ്ഞാന സപര്യയുടെ മൂല്യം മനസ്സിലാകുന്നത്. സൈത്തൂന സര്‍വകലാശാലയില്‍ പഠിച്ച ഇബ്‌നു ആശൂര്‍ പില്‍ക്കാലത്ത് അവിടെ അധ്യാപക പ്രമുഖനായി. 1903-ല്‍ തുനീഷ്യ സന്ദര്‍ശിച്ച ഇമാം മുഹമ്മദ് അബ്ദുവുമായി കൂടിക്കാഴ്ച നടത്തിയ ഇബ്‌നു ആശൂര്‍ നിരവധി വിഷയങ്ങളെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി. തുനീഷ്യന്‍ ട്രൈബ്യൂണലില്‍ ആര്‍ബിട്രേറ്റര്‍, ജഡ്ജ്, മുഫ്തി എന്നീ വിവിധ പദവികള്‍ വഹിച്ച ഇബ്‌നു ആശൂര്‍ 'ശൈഖുല്‍ ഇസ്‌ലാമില്‍ മാലികി' എന്ന ഉന്നത പീഠത്തില്‍ അവരോധിക്കപ്പെട്ടു. സൈത്തൂന യൂനിവേഴ്‌സിറ്റിയുടെ പ്രഥമ ശൈഖായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1956-ല്‍ തുനീഷ്യ സ്വതന്ത്രമാവുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. അക്കാലത്ത് സൈത്തൂന സര്‍വകലാശാലയില്‍ ഇബ്‌നു ആശൂറിനോടൊപ്പം പ്രവര്‍ത്തിച്ച പ്രമുഖരാണ് ശൈഖുല്‍ അസ്ഹറായിരുന്ന മുഹമ്മദുല്‍ ഖുദ്ര്‍ ഹുസൈനും പുത്രനായ മുഹമ്മദുല്‍ ഫാളില്‍ ഇബ്‌നു ആശൂറും. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ഖുത്വ്ബ നടത്തിയ ഖത്വീബ് എന്ന ഖ്യാതി അദ്ദേഹം നേടി. സംഭവം ഇതാണ്: സൈത്തൂന യൂനിവേഴ്‌സിറ്റി പള്ളിയില്‍ ഖുത്വ്ബ നടത്താന്‍ മിമ്പറില്‍ കയറിയ അദ്ദേഹം സദസ്യരെ അഭിമുഖീകരിച്ചു: ''ഇപ്പോള്‍ തെരുവിലുള്ള സ്ത്രീകളെച്ചൊല്ലിയാണ് എന്റെ പരാതി'' സദസ്യര്‍ ആശ്ചര്യപ്പെട്ടു. ''ആരുടെ ഭാര്യമാരാണ് ഈ നേരത്ത് അങ്ങാടിയില്‍ കറങ്ങുന്നത്?'' ചോദ്യത്തിന്റെ പൊരുളറിയാതെ മൗനികളായിത്തുടര്‍ന്ന സദസ്യരോട് വീണ്ടും: ''നിങ്ങളുടെ സ്ത്രീകള്‍ അങ്ങാടിയില്‍ നഗ്നകളായി അലയുമ്പോള്‍ നിങ്ങളുടെ നമസ്‌കാരം കൊണ്ട് നിങ്ങള്‍ക്ക് എന്ത് പ്രയോജനം?'' തുടര്‍ന്ന് മുഅദ്ദിനോട്: ''ഇഖാമത്ത് കൊടുക്കൂ.''
'സ്വദഖല്ലാഹു വകദബ ബുര്‍ഗീബ'
1961. തുനീഷ്യന്‍ പ്രസിഡന്റ് ബുര്‍ഗീബ, റമദാനിലെ നോമ്പ് ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന ന്യായം നിരത്തി ജനങ്ങളോട് നോമ്പൊഴിവാക്കാന്‍ ആവശ്യപ്പെടുകയും പ്രസിഡന്റ് അതിന് മാതൃക സൃഷ്ടിക്കാന്‍ സ്വയം നോമ്പ് ഉപേക്ഷിക്കുകയും ചെയ്തു. തന്റെ ഇംഗിതത്തിന് മതവിധിയുടെ പരിവേഷം ചാര്‍ത്താന്‍ അന്നത്തെ തുനീഷ്യന്‍ മുഫ്തിയായ മുഹമ്മദു ത്വാഹിര്‍ ഇബ്‌നു ആശൂറിനോട് ദേശീയോല്‍പാദനത്തോത് ഉയര്‍ത്താന്‍ റമദാനിലെ നോമ്പൊഴിവാക്കുന്നത് അനുവദനീയമാണെന്ന ഫത്‌വ കൊടുക്കാന്‍ അഭ്യര്‍ഥിച്ചു. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഇബ്‌നു ആശൂര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് രാഷ്ട്രം കൗതുകത്തോടെ വീക്ഷിക്കുകയാണ്. ഇബ്‌നു ആശൂര്‍ ആരംഭിച്ചു. 'സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ തഖ്‌വ കൈവരിക്കാന്‍' എന്ന ആയത്ത് ഓതി. തുടര്‍ന്ന് പ്രഖ്യാപിച്ചു: ''സ്വദഖല്ലാഹു വ കദബ ബുര്‍ഗീബ'' (അല്ലാഹു സത്യമാണ് പറഞ്ഞത്, ബുര്‍ഗീബ പറഞ്ഞത് കള്ളവും). അദ്ദേഹം തുടര്‍ന്നു: ''നോമ്പ് ഒഴിവാക്കുന്നത് ഹറാമാണ്. ആരെങ്കിലും നോമ്പ് ഉപേക്ഷിച്ചാല്‍ ദീനിലെ അലംഘനീയമായ നിയമം നിരാകരിക്കലാണ്. നോമ്പ് ഉല്‍പാദനക്ഷമത കുറയ്ക്കുമെന്ന വാദം വ്യാജ പ്രചാരണമാണ്.'' ആ ആര്‍ജവത്തിന് മുമ്പില്‍ രാഷ്ട്രം പകച്ചു. തുനീഷ്യന്‍ ഗവണ്‍മെന്റിന് പ്രസിഡന്റിന്റെ പ്രഖ്യാപനം തള്ളിപ്പറയേണ്ടിവന്നു. ഇബ്‌നു ആശൂറിന്റെ തേജസ്സാര്‍ന്ന വ്യക്തിത്വത്തിന് മുന്നില്‍ പ്രസിഡന്റിന്റെ വ്യക്തിത്വം അസ്തഃപ്രഭമായി.
സൈത്തൂനയില്‍നിന്ന് ബിരുദമെടുത്ത ഇബ്‌നു ആശൂര്‍ അവിടെ അധ്യാപകനായി നിയമിക്കപ്പെട്ടതോടെ വിദ്യാഭ്യാസത്തില്‍ നവോദയത്തിന് നാന്ദിയായി. പഴമയുടെ പ്രതീകമായ പാരമ്പര്യ പഠന രീതിയായിരുന്നു സൈത്തൂനയില്‍. ഇബ്‌നു ആശൂര്‍ നിയമിതനായ സ്വാദിഖിയ്യയില്‍ ആധുനിക വിജ്ഞാനീയങ്ങളും മതവിജ്ഞാനീയങ്ങളും സമന്വയിപ്പിച്ച പാഠ്യപദ്ധതിയായിരുന്നു. രണ്ട് കാഴ്ചപ്പാടുകളെയും പ്രതിനിധാനം ചെയ്യുന്ന രണ്ട് സ്ഥാപനങ്ങളിലെയും വ്യത്യസ്ത രീതികള്‍ ഇബ്‌നു ആശൂറിന്റെ ജീവിതത്തില്‍ പ്രതിഫലനം ഉളവാക്കി. തുനീഷ്യന്‍ ജനതയുടെ ജീവിതത്തില്‍ ചിന്താപരവും സാംസ്‌കാരികവുമായ വേര്‍തിരിവിനും വ്യത്യസ്തതക്കും വഴിവെച്ചേക്കാവുന്ന രണ്ട് ചിന്താധാരകളെയും അപഗ്രഥിച്ച് ഗുണദോഷങ്ങള്‍ വിലയിരുത്താന്‍ ഇബ്‌നു ആശൂര്‍ മുന്നിട്ടിറങ്ങി. ആധുനിക യുഗത്തിന്റെ സ്പന്ദനങ്ങളോടൊപ്പം സഞ്ചരിക്കാന്‍ നവീന വിദ്യാഭ്യാസ പദ്ധതികള്‍ക്ക് സാധിക്കണമെന്ന് തന്റെ രചനകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച തന്റെ നിരീക്ഷണങ്ങള്‍ 'അലൈസസ്സ്വുബ്ഹു ബിഖരീബ്' എന്ന കനപ്പെട്ട കൃതിയില്‍ അദ്ദേഹം വെളിപ്പെടുത്തി. 'പ്രഭാതം സമാഗതമായില്ലയോ?' എന്ന മൂല്യവത്തായ കൃതി തുനീഷ്യന്‍ വിദ്യാഭ്യാസ നവീകരണത്തിന് ആക്കം കൂട്ടി. ശര്‍ഈ വിദ്യാഭ്യാസത്തെ പാരമ്പര്യ രീതികളുടെ ജീര്‍ണതയില്‍നിന്ന് മോചിപ്പിക്കുകയും സൈത്തൂന യൂനിവേഴ്‌സിറ്റിയില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ ശര്‍ഈ വിജ്ഞാനീയങ്ങളോടൊപ്പം ഗണിതം, എഞ്ചിനീയറിംഗ്, വിദേശ ഭാഷകള്‍, പാശ്ചാത്യ വിജ്ഞാനീയങ്ങള്‍, അറബിഭാഷയും സാഹിത്യവും തുടങ്ങി അറിവിന്റെ സര്‍വമേഖലകളിലും നൈപുണിയാര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. കൊളോണിയല്‍ സ്വാധീനത്തില്‍നിന്ന് മുക്തി നേടാന്‍ സമഗ്രപരിഷ്‌കരണമാണ് ആവശ്യമെന്ന് കണ്ടറിഞ്ഞ ഇബ്‌നു ആശൂര്‍, അറബി-ഇസ്‌ലാമിക സാംസ്‌കാരികത്തനിമയുടെ വക്താവായി രംഗപ്രവേശം ചെയ്തു. ഫ്രഞ്ച് സ്വാധീന വലയത്തില്‍ അമരാത്ത സ്വതന്ത്രാസ്തിത്വം സൈത്തൂനാ സ്ഥാപനങ്ങള്‍ക്കു വേണമെന്നും അദ്ദേഹം ശഠിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇബ്‌നു ആശൂര്‍ നേതൃത്വം നല്‍കിയ ചലനങ്ങള്‍, ഭരണഘടനയും പാര്‍ലമെന്റും അനന്തരം സ്വാതന്ത്ര്യവും എന്ന രാഷ്ട്രീയ നീക്കങ്ങളോടും ഒപ്പത്തിനൊപ്പം സഞ്ചരിച്ചു. എഴുത്തിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടൊപ്പം, തന്റെ വിജ്ഞാന നവോത്ഥാന സംരംഭങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച എല്ലാ ശക്തികളോടും പട പൊരുതിയും സംഭവബഹുലമായി ആ മഹദ് ജീവിതം മുന്നോട്ടു നീങ്ങി.
അപകര്‍ഷബോധമോ ഭീരുത്വമോ മാപ്പിരക്കല്‍ നയമോ വിശ്വാസിക്ക് ഭൂഷണമല്ലെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരുന്ന ഇബ്‌നു ആശൂര്‍ 94-ാമത്തെ വയസ്സില്‍ 1973-ല്‍ ഈ ലോകത്തോട് വിടപറയുന്ന ഒടുവിലെ നിമിഷം വരെ ദൈവമാര്‍ഗത്തിലെ കര്‍മ ഭടനായി നിലകൊണ്ടു. തീവ്രതയോ ജീര്‍ണതയോ പിടികൂടാത്ത, മധ്യമ-സന്തുലിത ചിന്തകളുടെ ഈടുവെപ്പുമായി സമൂഹത്തെ അഭിസംബോധന ചെയ്ത ഇബ്‌നു ആശൂറിന്റെ കര്‍മ മണ്ഡലം പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സുസ്ഥിര മാനദണ്ഡമായിത്തീരുന്ന അടിസ്ഥാന സിദ്ധാന്തങ്ങളുടെയും പ്രമാണങ്ങളുടെയും സംരചനയും സംസ്ഥാപനവുമായിരുന്നു. അതില്‍ അദ്ദേഹം നൂറ് ശതമാനം വിജയിച്ചുവെന്നതിന് 'ആലിമുല്‍ മഖാസ്വിദി' എന്ന് മുസ്‌ലിം പണ്ഡിതലോകം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത ബഹുമതി മുദ്ര സാക്ഷി.
ഉസ്വൂലുന്നിളാമില്‍ ഇജ്തിമാഈ ഫില്‍ ഇസ്‌ലാം, അല്‍ വഖ്ഫു വ ആസാറുഹു ഫില്‍ ഇസ്‌ലാം, അത്തൗദീഹു വത്തസ്വ്ഹീഹു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്, തഹ്ഖീഖാത്തുന്‍ വ അന്‍ളാറുന്‍ ഫില്‍ ഖുര്‍ആനി വസ്സുന്നഃ തുടങ്ങി ഇരുപതില്‍പരം മഹദ് ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്‌നു ആശൂറിന്റെ പേര്‍ ലോകം എന്നുമെന്നും അനുസ്മരിച്ചുകൊണ്ടിരിക്കുന്നത് 'തഫ്‌സീറുത്തഹ്‌രീറി വത്തന്‍വീര്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥവും 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' എന്ന ആധികാരിക പഠന ഗ്രന്ഥവും മുന്‍നിര്‍ത്തിയാണ്.
മഖാസ്വിദ് ഗ്രന്ഥത്തിലൂടെ കീര്‍ത്തി
മുഹമ്മദ് ത്വാഹിര്‍ ബ്‌നു ആശൂര്‍ എന്ന നൂറ്റാണ്ടിലെ പണ്ഡിത പ്രതിഭയെ പരിചയപ്പെടേണ്ടത് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി ഗണിക്കപ്പെടുന്ന 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' എന്ന ബൃഹദ് ഗ്രന്ഥത്തിലൂടെയാണ്. 'ഇസ്‌ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍' വിശദീകരിക്കുന്ന ഈ കൃതി കാലഘട്ടത്തിലെ ചിന്തകളെയും ഗവേഷണങ്ങളെയും സ്വാധീനിച്ചത് നിരീക്ഷിച്ചാല്‍ നാം അത്ഭുതപ്പെടും.
'ലോകത്ത് സംഭവിക്കുന്ന നവംനവങ്ങളായ പ്രശ്‌നങ്ങളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കാനും നിയമനിര്‍ധാരണം നടത്താനും പണ്ഡിതന്മാരെ പ്രാപ്തരാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഒരു ഫഖീഹിന് നിദാനശാസ്ത്രങ്ങളും നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത്രതന്നെ അനിവാര്യമാണ് നിയമനിര്‍മാതാവിന്റെ അഭീഷ്ടമറിയുന്നതും ജനങ്ങളുടെ പൊതുക്ഷേമവും സുരക്ഷിതത്വവും സമാധാനപൂര്‍ണമായ ജീവിതവും ഈ നിയമങ്ങള്‍ എങ്ങനെ സാക്ഷാല്‍ക്കരിക്കുന്നു എന്ന് ഗ്രഹിക്കുന്നതും' എന്നു ഇബ്‌നു ആശൂര്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണമനുസരിച്ച് ''ഒരു നിയമവും ആത്മാവില്ലാത്ത കേവല ജഡമല്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും ഏകയോഗക്ഷേമം ഉറപ്പുവരുത്തുകയും അവരുടെ ജീവിതത്തെ ബാധിക്കുന്ന സര്‍വ വിപത്തുകളും ദൂരീകരിക്കുകയുമാണ് ശരീഅത്തിന്റെ ധര്‍മം. വഹ്‌യിന്റെ അവതരണകാലം മുതല്‍ക്കേ ഈ സമുന്നത ലക്ഷ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫുഖഹാക്കളും മുജ്തഹിദുകളും ഇത് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഫുഖഹാക്കളുടെയും ഗവേഷകരുടെയും രചനകളിലും പഠനങ്ങളിലും നിരീക്ഷണങ്ങളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് മഖാസ്വിദുശ്ശരീഅ:യെ കുറിച്ച കൃത്യമായ ധാരണയും അവബോധവുമായിരുന്നു എന്ന് കാണാന്‍ കഴിയും; അവരത് വ്യക്തമായി സൂചിപ്പിച്ചില്ലെങ്കിലും. ഫിഖ്ഹിന്റെ നിദാന ശാസ്ത്രത്തില്‍ ഈ വിജ്ഞാന ശാഖയുടെ ചട്ടങ്ങള്‍ ഉണ്ടായിരുന്നു. ശാത്വബിയുടെ രംഗപ്രവേശത്തോടെയാണ് 'മുവാഫഖാത്ത്' എന്ന ഗ്രന്ഥരൂപത്തിലൂടെ പ്രത്യേക വിജ്ഞാനശാഖയായി ഇത് വളര്‍ന്നതും 'മഖാസ്വിദുശ്ശരീഅ'ക്ക് ഊന്നല്‍ നല്‍കി ഗവേഷണങ്ങള്‍ വളര്‍ന്നതും വികസിച്ചതും.''
'മഖാസ്വിദുശ്ശരീഅ'യുടെ മുഖവുരയില്‍ ഇബ്‌നു ആശൂര്‍ എഴുതുന്നു: 'ഇസ്‌ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന പഠനമാണ് ഈ കൃതിയുടെ സാരാംശം. ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തി നേടാനും അവഗാഹം കൈവരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗദീപമായും കാലത്തിന്റെ പ്രയാണത്തിലും മാറ്റത്തിലും സംഭവിക്കുന്ന വീക്ഷണ വ്യത്യാസങ്ങളില്‍ അവലംബിക്കേണ്ട പ്രമാണങ്ങളെ പണ്ഡിതന്മാര്‍ക്ക് ഗ്രഹിക്കാനും ഈ ഗ്രന്ഥം സഹായകമാവും. ഫുഖഹാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ഇതുമൂലം കഴിഞ്ഞേക്കും.'
ഗവേഷണരംഗത്ത് യോഗ്യതയും അര്‍ഹതയുമില്ലാത്തവരുടെ കടന്നുകയറ്റം ഉളവാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള ഇബ്‌നു ആശൂര്‍ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച അവബോധ നിര്‍മിതിയിലൂടെ അല്‍പജ്ഞാനികളായ 'മുജ്തഹിദു'കളുടെ അപഥ സഞ്ചാരങ്ങള്‍ക്ക് തടയിടുകയായിരുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു: ''ഫിഖ്ഹിന്റെ നിദാന ശാസ്ത്രത്തില്‍ ചില കാണാച്ചുരുളുകളുണ്ട്. അവയുടെ അവഗണിക്കപ്പെട്ട അധ്യായങ്ങളില്‍ ചില സത്യങ്ങള്‍ കാണാമറയത്തുണ്ട്. അവയെല്ലാം ഇല്‍മുല്‍ മഖാസ്വിദില്‍ പരിഗണിക്കപ്പെടാന്‍ യോഗ്യവും അര്‍ഹവുമാകുന്നു. ഫിഖ്ഹിന്റെ നിദാന ശാസ്ത്രത്തില്‍ മിക്കവയും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളുമായി ഇണങ്ങുന്നതല്ല. നിയമനിര്‍മാതാവായ ശാരിഇന്റെ പദങ്ങളില്‍നിന്നും വാക്കുകളില്‍നിന്നും നിയമനിര്‍ധാരണം നടത്താനുള്ള യത്‌നമാണ് മുമ്പ് നടന്നത്. ശാരിഇന്റെ പദവിന്യാസത്തിലും വാക്കുകളുടെ വ്യാഖ്യാനത്തിലും ഊളിയിട്ട്, അവയുടെ അര്‍ഥങ്ങള്‍ പുതിയ പ്രശ്‌നങ്ങളില്‍ സന്നിവേശിപ്പിച്ച് ഗവേഷണം നടത്തുന്ന രീതിയായിരുന്നു അവരുടേത്. ഒരു വാക്കിന്റെ വിവക്ഷാ സാധ്യതയില്‍ തൂങ്ങിയായിരുന്നു ഗവേഷണം. ശാരിഇന്റെ ഉദ്ദേശ്യം 'ഇല്ലത്ത്' (കാരണം) എന്ന പദവ്യവഹാരത്തില്‍ ഒതുക്കിയായിരുന്നു അവരുടെ ഗവേഷണ യജ്ഞങ്ങള്‍.''
ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍
ശരീഅ അടിസ്ഥാനപരമായി അഞ്ച് അവകാശങ്ങളുടെ സംരക്ഷണത്തിനാണെന്ന കാഴ്ചപ്പാടാണ് പണ്ടു മുതല്‍ക്ക് പണ്ഡിത പ്രമുഖര്‍ക്കുണ്ടായിരുന്നത്. ഇമാം അല്‍ ജുവൈനി 'അല്‍ബുര്‍ഹാനു വല്‍ വറഖാത്ത്' എന്ന ഗ്രന്ഥത്തിലും ഇമാം ഗസ്സാലി 'മുസ്തസ്വ്ഫ'യിലും അല്ലാലുല്‍ ഫാസിയും അഹ്‌മദ് റൈസൂനിയും മഖാസ്വിദുശ്ശരീഅയുടെ പ്രസക്തി കണ്ടറിഞ്ഞവരാണ്. മതം, ജീവന്‍, ബുദ്ധി, വംശം, സമ്പത്ത് എന്നിവയുടെ സംരക്ഷണവും സുരക്ഷിതത്വപൂര്‍ണവുമായ നിലനില്‍പുമാണ് ശരീഅ നിയമങ്ങളുടെ കാതലെന്ന് ഇബ്‌നു ആശൂറിനെ പോലെ കണ്ടെത്തിയവരാണ് പൂര്‍വികരും ആധുനികരുമായ ഈ പണ്ഡിത പ്രമുഖരും.
''ഇടപാടുകള്‍, സംസര്‍ഗ മര്യാദകള്‍, രാഷ്ട്രീയ-സാമൂഹിക നിയമങ്ങള്‍ തുടങ്ങി സര്‍വ തുറകളിലെയും ചട്ടങ്ങളിലും വ്യവസ്ഥകളിലുമുള്ള ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള യത്‌നമാണ് ഈ രചന. ആരാധനാ നിയമങ്ങള്‍ക്ക് മതാത്മക ജീവിതവുമായാണ് ബന്ധം. ആത്മസംസ്‌കരണം, വ്യക്തിത്വ നിര്‍മിതി തുടങ്ങിയ രഹസ്യങ്ങളും ആരാധനാ നിയമങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. 'സാമൂഹിക വ്യവസ്ഥ'യുടെ അടിസ്ഥാനങ്ങള്‍ എന്നാണ് സാങ്കേതികമായി നാം അതിനെ വിശേഷിപ്പിക്കുന്നത്. 'ഉസ്വൂലുന്നിളാമില്‍ ഇജ്തിമാഈ' എന്ന രചനയില്‍ ഇബ്‌നു ആശൂര്‍ ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. 'മഖാസ്വിദുശ്ശരീഅ' എന്ന ഗ്രന്ഥം മൂന്ന് ഭാഗങ്ങളിലാണ്.
ഒന്ന്: മഖാസ്വിദുശ്ശരീഅ. ന്യായവല്‍ക്കരണം, ഫഖീഹ് അവ അറിയേണ്ടതിന്റെ അനിവാര്യത, സുസ്ഥിര പ്രമാണങ്ങളുടെ നിലയും നിലപാടുകളും തലങ്ങളും.
രണ്ട്: നിയമ നിര്‍മാണത്തിലെ സമുന്നത ലക്ഷ്യങ്ങള്‍.
മൂന്ന്: വ്യത്യസ്ത ഇടപാടുകളിലെയും ഇടപെടലുകളിലെയും വ്യവഹാരങ്ങളിലെയും സവിശേഷ ലക്ഷ്യങ്ങള്‍. സിദ്ധാന്തപരവും പ്രായോഗികവുമായ തലങ്ങള്‍ സവിശദം പ്രതിപാദിച്ചിരിക്കുന്നു. നിയമനിര്‍മാതാവ്- അഥവാ ശാരിഇന് നിയമനിര്‍മാണത്തിന് സമുന്നത ലക്ഷ്യങ്ങളുണ്ട്; വൃഥാവേലയില്‍നിന്ന് മുക്തമാണ് ശാരിആയ അല്ലാഹുവിന്റെ എല്ലാ പ്രവൃത്തികളും. പ്രപഞ്ചസൃഷ്ടിയാണ് അതിന് ഒന്നാമത്തെ തെളിവ്.
''ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും നാം വെറും വിനോദമായി സൃഷ്ടിച്ചതല്ല, ശരിയായ ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് നാം അവയെ സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല'' (ദുഖാന്‍ 38,39).
''നാം നിങ്ങളെ വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മിലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കരുതിയിട്ടുണ്ടോ?'' (അല്‍ മുഅ്മിനൂന്‍: 115).
''നബിയേ, നിനക്കിതാ യാഥാര്‍ഥ്യാധിഷ്ഠിതമായി വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുന്നിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തു പരിരക്ഷിക്കുന്നതുമാകുന്നു അത്'' (അല്‍ മാഇദ: 48). പൂര്‍വവേദങ്ങളുടെ പൂരകവും സ്മാരകവുമായി അവതീര്‍ണമായ ഖുര്‍ആനും ശരീഅത്ത് നിയമങ്ങളും കുറ്റമറ്റതും മനുഷ്യരാശിയുടെ സര്‍വതലസ്പര്‍ശിയായ ക്ഷേമത്തിനുമാണെന്ന സത്യം, മഖാസ്വിദുശ്ശരീഅയെ സംബന്ധിച്ച അന്വേഷണത്തില്‍ ഓര്‍ത്തുവെക്കണം.
ഫഖീഹിന് മഖാസ്വിദുശ്ശരീഅയെ സംബന്ധിച്ച് പരിജ്ഞാനം അനിവാര്യമാണെന്ന് ഇബ്‌നു ആശൂര്‍ സമര്‍ഥിക്കുന്നു:
- ശരീഅത്തിന്റെ പൊരുള്‍ അറിയണം. ഭാഷാപരവും ശര്‍ഇയുമായ പ്രയോഗങ്ങളില്‍നിന്ന് മനന-ഗവേഷണത്തിന് കഴിവാര്‍ജിക്കുന്നു.
- പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളെന്ന് തോന്നാവുന്ന പ്രമാണങ്ങളെ സമന്വയിപ്പിച്ച് ശരീഅത്തിനെ സംശയമുക്തമാക്കാന്‍ പഠനവും ഗവേഷണവും വേണം.
- വ്യക്തമായ നിയമ-നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലാത്ത ഇടങ്ങളില്‍, സമാന വിഷയങ്ങളില്‍ ഉള്ള പ്രമാണങ്ങളെ ആധാരമാക്കി കാരണങ്ങള്‍ -ഇല്ലത്തുകള്‍- കണ്ടെത്തി ഖിയാസിന് കഴിയണം.
- മസ്വാലിഹ് മുര്‍സലയുടെ ഗണത്തില്‍പെടുത്തി സമാന വിഷയങ്ങളില്‍ ഖിയാസ് നടത്തുക. ഈ രീതിയാണ് ഇമാം മാലിക് അവലംബിച്ചത്.
- അനുഷ്ഠാനപരവും സാമ്പ്രദായികവുമായ നിയമങ്ങളുടെ ആന്തരോദ്ദേശ്യങ്ങള്‍ അറിയാന്‍ നമുക്ക് നിര്‍വാഹമില്ല. അത് ശാരിഇല്‍ നിക്ഷിപ്തമാണ്.
ഈ വിധത്തില്‍ മഖാസ്വിദുശ്ശരീഅ- ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ തേടിയുള്ള തീര്‍ഥയാത്രയാണ് ഇബ്‌നു ആശൂറിന്റെ ജീവിതമെന്ന് കാണാം.
1946-ല്‍ പ്രസിദ്ധീകൃതമായ ഇബ്‌നു ആശൂറിന്റെ 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' പ്രമാണങ്ങളുടെ അടിസ്ഥാനസ്രോതസ്സുകളില്‍നിന്ന് നിയമനിര്‍ധാരണം നടത്തുന്ന ഫുഖഹാക്കള്‍ക്കും മുജ്തഹിദുകള്‍ക്കുമുള്ള മാര്‍ഗദീപമാണ്.
സര്‍വ വിജ്ഞാനീയങ്ങളിലും സാഗരസമാനമായ അറിവിന്റെ ഉടമയായ പണ്ഡിതവര്യനും മുജ്തഹിദുമായ ത്വാഹിറുബ്‌നു ആശൂര്‍ ഈ യുഗം കണ്ട തേജസ്സാര്‍ന്ന ഇസ്‌ലാമിക വ്യക്തിത്വവും ഉജ്ജ്വല പ്രതിഭയുമാണ്. ക്രി. 1281-ല്‍ തുനീഷ്യയില്‍ സ്ഥാപിതമായ സൈത്തൂന സര്‍വകലാശാല ഇസ്‌ലാമിക ലോകത്തിലെ പ്രാക്തന വിജ്ഞാനഗേഹമാണ്. അറബ്-ഇസ്‌ലാമിക സംസ്‌കാര സ്ഥാപനത്തിലും വ്യാപനത്തിലും സൈത്തൂനക്ക് അനിഷേധ്യമായ പങ്കുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക വിജ്ഞാനത്തിന് സൈത്തൂന സര്‍വകലാശാല നല്‍കിയ മികച്ച സംഭാവന അസ്ഹര്‍-അമവി-ഖുറവിയ്യീന്‍ സര്‍വകലാശാലകളോട് ചേര്‍ത്തുവെക്കാമെന്ന് മഹാനായ ചിന്തകന്‍ ശകീബ് അര്‍സലാന്‍ നിരീക്ഷിച്ചതും ഈ അടിസ്ഥാനത്തില്‍തന്നെ. സൈത്തൂന സര്‍വകലാശാലയുടെ ഉല്‍ക്കര്‍ഷ ചരിത്രത്തിന്റെ സൃഷ്ടിയില്‍ ത്വാഹിറുബ്‌നു ആശൂറിന്റെ പങ്ക് ലോകം എന്നെന്നും അനുസ്മരിക്കും.