സ്വൂഫിസവും സ്വൂഫികളും
ഇ.എന്‍ അബ്ദുല്ല
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ
'ഇതാണ് എന്റെ ചൊവ്വായ സന്മാര്‍ഗപാത. നിങ്ങളത് പിന്തുടരൂ. മറ്റ് മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്തുടരരുത്. അങ്ങനെ ചെയ്താല്‍ അവന്റെ മാര്‍ഗത്തില്‍നിന്നും നിങ്ങള്‍ ചിന്നിച്ചിതറിപ്പോവും. നിങ്ങള്‍ മുത്തഖികളാകാന്‍ നിങ്ങള്‍ക്കവന്‍ നല്‍കുന്ന വിസ്വിയ്യത്താകുന്നു ആ നിര്‍ദേശം' - അല്‍അന്‍ആം: 153)
നൂറ്റാണ്ടുകളായി ഇസ്‌ലാമിക സമൂഹത്തെ പൊതുവായി ബാധിച്ച ഒരു മഹാവിപത്തുണ്ട്. വര്‍ത്തമാനകാലത്ത് പ്രത്യേകിച്ചും. ഏതൊരു വിഷയത്തെയും മുന്‍ധാരണയോടെയും പക്ഷപാതിത്വത്തോടെയും മാത്രമേ സമീപിക്കൂ എന്നതാണത്. 'സ്വൂഫിസം സ്വൂഫികള്‍' എന്ന വിഷയവും ഈ നിലപാട് തറയില്‍നിന്നാണ് സമീപിക്കുന്നത്. ചുരുക്കം ചിലര്‍ മാത്രമേ നീതി പൂര്‍ണമായ നിലപാട് പുലര്‍ത്തുന്നുള്ളൂ. 'സ്വൂഫിസം പൂര്‍ണമായും വര്‍ജിക്കേണ്ട ഒരു ജാഹിലിയ്യത്താണ്' എന്ന് ഒരു വിഭാഗം. 'സ്വൂഫിസം നിരുപാധികം അംഗീകരിക്കാതെ ഇസ്‌ലാമിക ജീവിതമോ, പരലോക രക്ഷയും മോക്ഷവുമോ സാധ്യമേയല്ല' എന്ന് രണ്ടാം വിഭാഗം. ഒരു ന്യൂനപക്ഷം കല്ലും നെല്ലും വേര്‍തിരിച്ച ശേഷം തള്ളേണ്ടുന്നവയും കൊള്ളാവുന്നവയും അതിലുണ്ടെന്ന് തിരിച്ചറിയുന്നു. മൂന്നാം വിഭാഗത്തിലുള്‍പ്പെടണമെന്ന വിശ്വാസത്തോടെ, പ്രാര്‍ഥനയോടെ
കുറിപ്പിലേക്ക് പ്രവേശിക്കുന്നു
وما النصر إلا من عند الله
പേര്
സ്വൂഫി എന്ന പേരിലുള്ള സ്വൂഫ് എന്ന വാക്കിന്റെ ബഹുവചനം 'അന്നഹ്ല്‍' എന്ന അധ്യായത്തിലെ 80-ാം സൂക്തത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നു ومن أصوافها എന്ന്. മൃഗരോമം, കമ്പിളി, ആട്ടിന്‍ രോമം എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചത്. എന്നാല്‍ ഈ വാക്ക് മാനദണ്ഡമാക്കി ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വൂഫിസം ചെറിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നു. ഉദാഹരണം ഹി. 502-ല്‍ മരണം പ്രാപിച്ച പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ, അര്‍റാഗിബുല്‍ അസ്ഫഹാനി എന്ന പേരില്‍ പ്രസിദ്ധനായ ഹുസയ്‌നുബ്‌നു മുഹമ്മദ് (റ) തന്റെ പ്രശസ്തമായ 'അല്‍മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തിലെഴുതി
الصوفة قوم كانوا يخدمون الكعبة ، فقيل سمّوا بذلك لأنّهم تشبّكوا بها كتشبّك الصّوف بما نبت عليه ، والصّوفان نبت أزغب، والصّوفيّ قيل منسوب الى لبسه الصّوف. وقيل منسوب الى الصّوفة الذين كانوا يخدمون الكعبة لإشتغالهم بالعبادة، وقيل منسوب الى الصّوفان الذي هو نبت لاقتصادهم واقتصادهم فى الطّعم على ما يجري مجرى الصّوفان فى قلّة الغناء فى الغذاء
കഅ്ബയെ സേവിച്ച് കൊണ്ടിരുന്ന ഒരു ജനതയാണ് സ്വുഫ്ഫത്ത്. രോമം മുളച്ചിടത്ത് അത് കൂടിപ്പിരിഞ്ഞിരിക്കുന്ന രീതിയില്‍ കഅ്ബാ സേവനത്തില്‍ മുഴുകിയതിനാല്‍ അവര്‍ 'സ്വൂഫ്ഫാത്ത്' എന്ന് വിളിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. രോമം പൊതിഞ്ഞിരിക്കുന്ന ഒരു സസ്യമാണ് 'സ്വൂഫാന്‍.' സ്വുഫിയ്യ് രോമ വസ്ത്രം ധരിക്കുന്നതിലേക്ക് ചേര്‍ക്കപ്പെട്ടതാണെന്ന് പറയപ്പെട്ടിട്ടുണ്ട്. സ്വൂഫികള്‍ ഇബാദത്തില്‍ മുഴുകിയതിനാല്‍ കഅ്ബ സേവകരായ സ്വുഫ്ഫത്തിനോട് ചേര്‍ക്കപ്പെട്ടതാണെന്നും പറയപ്പെട്ടു. സ്വൂഫികളുടെ മിതത്വശീലവും രുചി കുറക്കുന്ന അവസ്ഥയും കണക്കിലെടുത്ത് ഭക്ഷണത്തിന് അപര്യാപ്തവും പോഷണകമ്മിയുമുള്ള സ്വൂഫാനിലേക്ക് ചേര്‍ക്കപ്പെട്ടു എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖാദീ അബൂബക്കറുബ്‌നുല്‍ അറബി തന്റെ 'അഹ്കാമുല്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തിലെഴുതി
هذا دليل على اللباس الصوف. فهو أولى ذلك وأولاه. فاءنه شعار المتقين الصالحين وشارة الصحابة والتابعين واختيار الزهاد والعارفين. وهو يلبس جيدا ومقارباوردئا وخشنا ولينا. وإليه نسب جماعة من الصوفية لانّه لباسهم فى الغالب. فالياء للنّسب. والتاء للتأنيث. وقد أنشدنى بعض أشياخهم بالبيت المقدس.
تشاجر الناس فى الصوف واختلفوا فيه وظنوا مشتق من الصوف
ولست انحل هذا الاسم غير فتى صافى فصوفيَ حتى سمّى الصوفى
'രോമ വസ്ത്രം ധരിക്കുന്നതിന് ഇതില്‍ തെളിവുണ്ട്. അത് മുന്‍ഗണനാര്‍ഹവും പരിഗണനാര്‍ഹവുമാണ്. അത് മുത്തഖികളുടെയും സ്വാലിഹുകളുടെയും ചിഹ്നമാണ്. സ്വഹാബികളുടെയും താബിഉകളുടെയും പദവി മുദ്രയാണ്. ജീവിതപരിത്യാഗികളുടെയും ദൈവജ്ഞന്മാരുടെയും വിശേഷ വസ്ത്രവുമാണ്. അത് മുന്തിയ രീതിയിലും മിത രീതിയിലും താഴ്ന്ന രീതിയിലും ധരിക്കപ്പെടുന്നു. ഉരമുള്ളതായും മയമുള്ളതായും അണിയുന്നു. സ്വൂഫികളില്‍ ഒരു സംഘത്തെ അതിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. മിക്കവാറും അവരുടെ വസ്ത്രം അതാണെന്നതാണ് കാരണം. 'യാഅ്' ചേര്‍ക്കാനുള്ളതും 'താഅ്' സ്ത്രീലിംഗത്തെ കുറിക്കാനുള്ളതുമാണ്. അവരിലെ ചില ശൈഖുമാര്‍ എനിക്ക് വിശുദ്ധമായ ഈരടിക്കവിത ചൊല്ലിക്കേള്‍പ്പിച്ചു.
'സ്വൂഫ് എന്ന വാക്കിന്റെ കാര്യത്തില്‍ മനുഷ്യര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. അതിലവര്‍ ഭിന്നിക്കുകയും ചെയ്തു. സ്വൂഫില്‍നിന്നും എടുക്കപ്പെട്ടതാണ് ആ പേരെന്ന് തെറ്റിദ്ധരിച്ചു. തീര്‍പ്പുകല്‍പിക്കുന്നതായിട്ടല്ലാതെ- ഈ പേര് കൃത്രിമമാണെന്നംഗീകരിക്കുന്നവനല്ല ഞാന്‍- നിര്‍മലനായി അവന്‍ പെരുമാറി. അത് മുഖേന അവന്‍ നിര്‍മലനാക്കപ്പെട്ടു. അങ്ങനെ صوف നിര്‍മലമാക്കപ്പെട്ടവന്‍ എന്ന് വിളിക്കപ്പെട്ടു.' ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ എഴുതുന്നു: (ഇബ്‌നു തൈമിയ്യ തങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടതാണെന്ന് ധരിച്ച് നിരാകരിക്കുന്നവര്‍. തങ്ങള്‍ ആധികാരിക സുന്നീ നേതാവും പ്രാമാണിക പണ്ഡിതനുമെന്നംഗീകരിക്കുന്ന ഹാഫിള് ഇബ്‌നു കസീര്‍, ശൈഖിനെ കുറിച്ച് തന്റെ ചരിത്ര ഗ്രന്ഥമായ 'അല്‍ ബിദായ വന്നിഹായ' യില്‍ എഴുതിയ കാര്യങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു).
أما لفظ الصوفية فإنّه لم يكن مشهورا فى القرون الثلاثة. وانّما اشتهر التكلم به بعد ذلك. وقد نقل التكلم به عن غير واحد من الائمة والشيوخ كالإمام أحمد بن حنبل. وأبى سليمان الداراني وغيرهما. وقد روي عن سفيان الثوري تكلم به واختلفوا فى “الصفى”
الذى أضيف اليه الصوفي. فإنه من أسماء النسب كالقرشي والمدنى وأمثال ذلك فقيل: إنه نسبة الى صوف بن بشر بن أدبن طابخة. قبيلة من العرب بجاورون بمكة من الزّمن القديم. ينسب النساك البهم. وهذا ان كان موافقا للنسب من جهة اللّفظ فاءنه ضعيف ايضا. لأنّ هؤلاء ليسوا مشهورين ولا معروفين عند أكثر النساك. ولأنه لو نسب النساك البهم لكان النسب معروفافى زمن الصحابة والتابعين وتابعيهم أولى. ولأن غالب من تكلم باسم الصوفى لا يعرف هذه القبيلة. ولا يرضى مضافا الى قبيلة فى الجاهلية ولا وجود فى الاسلام. وقيل- هو المعروف- إنه نسبة إلى الصوف
مجموع فتاوى 65/11
'സ്വൂഫിയ്യ: എന്ന വാക്ക് ഇസ്‌ലാമില്‍ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ പ്രസിദ്ധമായിരുന്നില്ല. അതിന് ശേഷമാണ് പ്രസ്തുത പദം പ്രശസ്തമായത്. ഇമാമുകളും ശൈഖുമാരുമായ ഒന്നിലധികം ആളുകള്‍ ഇത് അഭിപ്രായപ്പെട്ടതായി ഉദ്ധരിക്കപ്പെടുന്നു. അഹ്‌മദുബ്‌നു ഹമ്പല്‍, അബൂ സുലൈമാനുദ്ദാറാനീ തുടങ്ങിയവര്‍ സുഫ്‌യാനുസ്സൗരി ഇങ്ങനെ പറഞ്ഞതായും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹസന്‍ ബസ്വരിയെയും ഈ കൂട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സ്വൂഫിയ്യയിലേക്ക് ചേര്‍ക്കപ്പെട്ടതിന്റെ അര്‍ഥമെന്തെന്നതിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഖുറശിയ്യ്, മദനിയ്യ് എന്ന പോലെ ചേര്‍ക്കാനുപയോഗിക്കുന്നതിനുള്ള പേരുകളില്‍ പെട്ടതാണ് സ്വൂഫിയ്യ്. സ്വുഫ്ഫത്തിലേക്ക് ചേര്‍ക്കപ്പെട്ടതാണെന്ന അഭിപ്രായം അബദ്ധമാണ്. അങ്ങനെയെങ്കില്‍ പറയേണ്ടിയിരുന്നത് 'സ്വുഫിയ്യ്' എന്നാണ്. അല്ലാഹുവിന് അടുത്ത് മുന്നില്‍ നിര്‍ത്തപ്പെടുന്ന അണിയിലേക്ക് ചേര്‍ത്തപ്പെട്ടതാണെന്ന അഭിപ്രായവും നിലവിലുണ്ട്. അതും അബദ്ധമാണ്. കാരണം അങ്ങനെയാണെങ്കില്‍ പറയേണ്ടിയിരുന്നത് 'സ്വഫവിയ്യ്' എന്നായിരുന്നു. സ്വൂഫ്ബ്‌നു ബിശ്‌റുബ്‌നു അദ്ദിബ്‌നു ത്വാബിഖയിലേക്ക് ചേര്‍ത്തുകൊും ഇത് പ്രയോഗിക്കാറു്. സന്യാസിമാര്‍ അയാളിലേക്ക് ചേര്‍ക്കപ്പെടാറുണ്ട് എന്നതാണ് ന്യായം. അതും ദുര്‍ബലമാണ്. കാരണം, ഈ ഗോത്രം സന്യാസ ജീവിതം നയിക്കുന്ന അധികമാളുകള്‍ക്കും പരിചിതരോ പ്രശസ്തരോ അല്ല. സന്യാസികളെ ഇവരിലേക്ക് ചേര്‍ത്ത് പറയുന്ന രീതി ഉണ്ടായിരുന്നുവെങ്കില്‍ സ്വഹാബത്തിനും താബിഉകള്‍ക്കും അവരുടെ താബിഉകള്‍ക്കും ഇങ്ങനെ ചേര്‍ക്കുന്നത് പരിചിതമാവേണ്ടതായിരുന്നു. സ്വൂഫി എന്ന പേരില്‍ സംസാരിക്കുന്ന അധികമാളുകള്‍ക്കും ഈ ഗോത്രത്തെ അറിയില്ല എന്നതും കാരണം തന്നെ. ഇസ്‌ലാമില്‍ നിലവിലില്ലാത്തതും ജാഹിലിയ്യ കാലത്തുള്ളതുമായ ഒരു വിഭാഗത്തിലേക്ക് തങ്ങള്‍ ചേര്‍ക്കപ്പെടുന്നത് സൂഫികള്‍ അംഗീകരിക്കില്ല എന്നതും ഓര്‍ക്കണം. 'സ്വൂഫ്' എന്നതിലേക്ക് ചേര്‍ക്കപ്പെട്ട് ലഭിച്ച പേരാണ് എന്ന അഭിപ്രായവും ഉണ്ട്. അതാണ് ഇക്കാര്യത്തില്‍ അറിയപ്പെടുന്നതും (മജ്മൂഉ ഫതാവാ 11 പേജ് 5,6). സ്വൂഫികള്‍ എന്ന് ഇന്നറിയപ്പെടുന്ന ഒരു വിഭാഗം തങ്ങളെ 'ഫഖീര്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'സ്വൂഫി' എന്ന പേര് 'അന്നഹ്ല്‍' 80-ാമത്തെ സൂക്തത്തില്‍നിന്ന് രൂപപ്പെട്ടതാണെങ്കില്‍ 'ഫഖീര്‍' എന്നത് സൂറ ഫാത്വിറിലെ
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِۖ
എന്ന 15-ാമത്തെ സൂക്തത്തില്‍നിന്നും എടുത്തതാണ്.
പശ്ചാത്തലം
ഖിലാഫത്തുര്‍റാശിദയുടെയും അന്നത്തെ സമൂഹത്തിന്റെയും പൂര്‍ണ ഇസ്‌ലാമിക സാംസ്‌കാരിക ജീവിത രീതി അമവിയ്യാ, അബ്ബാസിയ്യ ഭരണത്തില്‍ ക്രമേണ നശിച്ച് കൊണ്ടിരുന്നു. വളരെ വേഗത്തില്‍ രാജാധിപത്യം സമൂഹത്തെ തകര്‍ത്തെറിയാനും ജാഹിലിയ്യത്തിന്റെ ജീര്‍ണതകള്‍ പുതിയ വേഷത്തിലും രീതിയിലും സമൂഹത്തെ കീഴടക്കാനും തുടങ്ങി. അല്ലാഹുവിലും പരലോകത്തിലും ദൃഢവിശ്വാസമുള്ള ആളുകള്‍ സ്വാഭാവികമായും അസ്വസ്ഥരായി. സ്വഹാബത്തിലെ തന്നെ നല്ലൊരു വിഭാഗം പൊതുമണ്ഡലത്തില്‍നിന്ന് അകന്ന് നില്‍ക്കാന്‍ തുടങ്ങി. ഇത് രാജാധിപത്യത്തിന് വളമാവുകയും ചെയ്തു. ഭരണകൂടത്തിന് അലോസരം സൃഷ്ടിക്കാത്ത ഇസ്‌ലാമിക ജീവിതം നയിക്കുന്നതിന് വിലക്കില്ലാത്തത് ഒരളവോളം സമാധാനാവസ്ഥ നിലനിര്‍ത്തി. അലോസരമുണ്ടാക്കിയവര്‍ക്ക് എന്ത് സംഭവിച്ചു എന്നതിന്റെ ഉദാഹരണമാണ് കര്‍ബല. മക്കയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനും പിന്തുണച്ചവര്‍ക്കും സംഭവിച്ചത് മറ്റൊരു ഉദാഹരണം. വ്യക്തിതലത്തില്‍ സംഭവിച്ചത് വേറെയും. ഈ സ്ഥിതി മാറ്റിപ്പണിയുക സാധ്യമല്ലെന്നും സ്വയം രക്ഷക്ക് ആത്മാര്‍ഥമായി സന്നദ്ധമാവണമെന്നുമുള്ള ചിന്ത ധാരാളം ആളുകളെ പിടികൂടി. അവര്‍ ഇബാദത്തുകളില്‍ ജീവിതം കഴിച്ചു കൂട്ടാനാരംഭിച്ചു. സംഘടിത സ്വഭാവം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് സംഘടിക്കുന്നതില്‍നിന്ന് അവരെ തടഞ്ഞു. നല്ലൊരു വിഭാഗം ഹറമുകള്‍ വാസസ്ഥലമാക്കുകയും അവിടങ്ങളില്‍ മരണം വരിക്കുകയും ചെയ്തു. ഇത് ഒരു ഭാഗത്ത്. മറുഭാഗത്ത് ഇസ്‌ലാമിന് പുതുതായി വിധേയമായ ജനങ്ങളും സമൂഹങ്ങളും യഥാര്‍ഥ ഇസ്‌ലാമിക ശിക്ഷണം ലഭിക്കാതിരുന്നതിനാല്‍ തങ്ങളുടെ പഴയ വിശ്വാസാചാരങ്ങളില്‍ പലതും നിലനിര്‍ത്തി. പരസ്പരമുള്ള ഇടപഴകലിലൂടെയുള്ള പരസ്പരം കൊള്ളലും കൊടുക്കലുകളും തുടര്‍ന്നുപോന്നു. ആശയങ്ങളും ഇതുപോലെ കൈമാറ്റം ചെയ്യപ്പെട്ടു. ഇത് സ്വാഭാവികം. ഇനിയുമൊരു വശത്ത് അക്ഷരാഭ്യാസത്തിനും പഠന, പാരായണത്തിനും ഇസ്‌ലാം നല്‍കിയ പ്രാധാന്യം സമൂഹത്തെ വൈജ്ഞാനിക പഠന, മനന മേഖലയില്‍ വളരെയേറെ കരുത്തരാക്കി. ജൂത-ക്രിസ്തീയ-പേര്‍ഷ്യന്‍-ഗ്രീക്ക് തുടങ്ങിയവരുടെ വക്താക്കളും കൃതികളും ഹറമുകളല്ലാത്ത സ്ഥലങ്ങളില്‍ നിരന്തരമായ സാന്നിധ്യമാവുകയും ആശയവിനിമയവുമായിരുന്നു. തീര്‍ത്തും കലങ്ങി മറിഞ്ഞ ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടണമെന്ന ഉല്‍ക്കടമായ അഭിലാഷം വെച്ച് പുലര്‍ത്തിയ ആളുകള്‍ എല്ലായിടത്തും ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ നിറസാന്നിധ്യം കൊണ്ട് പ്രസിദ്ധമായിരുന്നു; ബസ്വറ, കൂഫ ഫിഖ്ഹിന്റെ വിളനിലമായത് പോലെ. അതുകാരണം ഒരു പ്രത്യേക പ്രയോഗം തന്നെ നിലവിലുണ്ടായിരുന്നു -فقه كوفي، وعبادة بصرية . സ്വഹാബത്തിന്റെ അവസാനകാലത്ത് ബസ്വറ ഇബാദത്തിലും ഭയഭക്തിയിലും അതിതീവ്രമായ അവസ്ഥയിലുള്ളവരുടെ മുഖ്യ ഇടങ്ങളായിരുന്നു. ഖുര്‍ആന്‍ പാരായണത്തിനിടയില്‍ ഭയം കാരണം ബോധം നഷ്ടപ്പെട്ട് വീഴുന്നവര്‍, മരിച്ച് വീഴുന്നവര്‍, ബസ്വറയുടെ പ്രത്യേക തയാണ്. ഈ സ്ഥിതിവിശേഷം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അദ്ദേഹത്തിന്റെ മാതാവ് അസ്മാഅ് എന്നിവര്‍ പിശാചില്‍നിന്ന് ശരണം തേടിയതും ഇത് നബിയുടെയും സ്വഹാബത്തിന്റെയും രീതിയല്ലെന്നും ബിദ്അത്താണെന്നും പറഞ്ഞതും പ്രസിദ്ധമാണ്. ഭരണമേഖലയില്‍ ജാഹിലിയ്യത്തിന്റെ സാന്നിധ്യവും സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ഇതര വിശ്വാസ സംസ്‌കാരങ്ങളുടെ രംഗപ്രവേശവും ശക്തിപ്പെട്ട ഘട്ടത്തില്‍, ഒറ്റയാന്മാരായി നീങ്ങിയിരുന്ന അതിഭക്തന്മാര്‍ സംഘടിത പ്രസ്ഥാനമായി രംഗത്ത് വന്നു.
തുടക്കം, സ്ഥാപകര്‍
സ്വാഭാവികമായും ബസ്വറ തന്നെയാണ് സ്വൂഫി പ്രസ്ഥാനത്തിന്റെ തുടക്കസ്ഥലം. ഹസനുല്‍ ബസ്വരിയുടെ ശിഷ്യന്മാരില്‍ ഒരാളായ അബ്ദുല്‍ വാഹിദുബ്‌നു സൈദും ഏതാനും കൂട്ടുകാരുമാണ് പ്രസ്ഥാന രൂപീകരണം നടത്തിയതും ആ സ്ഥാനം പണിതതും.
എന്താണ് തസ്വവ്വുഫ്?
വളരെ കൃത്യവും പൂര്‍ണവുമായ ആശയതലത്തില്‍ ഖണ്ഡിതമായ ഒരു നിര്‍വചനം സ്വൂഫി ഗ്രന്ഥങ്ങളില്‍നിന്നും ലഭിക്കുന്നില്ല; നമുക്ക് പരിചിതമായ عبادة، صلاة، زكاة، صوم എന്നിവക്ക് ലഭിക്കുന്നത് പോലെ. ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നും കണ്ടെത്താവുന്നത് ഇതാണ്. ചില പ്രവാചകന്മാരുടെ ജീവിതത്തിലെ ആത്യന്തിക ത്യാഗം വ്യക്തമാക്കുന്ന ചില കാര്യങ്ങള്‍ തെരഞ്ഞെടുത്ത് രൂപകല്‍പന നല്‍കപ്പെട്ട ഒരു വിശ്വാസ ജീവിത ശൈലീ ശാസ്ത്രമാണ് തസ്വവ്വുഫ്. നമ്മുടെ നാട്ടിലും ലോകത്തും ഗൗസുല്‍ അഅ്‌ളം, ഖുത്വ്ബുല്‍ അഖ്ത്വാബ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശൈഖ് ജീലാനി തന്റെ ഫുതൂഹുല്‍ ഗൈബില്‍ എഴുപത്തി അഞ്ചാമത്തെ ലേഖനത്തില്‍ ചെറിയ ഒരു വസ്വിയ്യത്തിന് ശേഷം എഴുതുന്നു.
والتصوّف ليس أخذ عن القيل والقال. ولكن أخذ عن الجوع وقطع المألوفات والمحستحسنات. ولإبتداء الفقير بالعلم وإبدائه بالرفق، فاءنّ العلم يوحشه والرفق يؤنسه
والتصوف مبني على ثمان خصال (السَّخَاء) لسيدنا ابراهيم عليه السلام (والرضا) لإسحاق عليه السلام (والصبر) لأيوب عليه السلام (والإشارة) لزكريا عليه السلام (والغربة) ليحي عليه السلام (والتصوف) موسى عليه السلام(والسياحة) لِعيسى عليه السلام (الفقر) لسيدنا ونبينا محمد صلى الله عليه واخوانه من النّبين والمرسلين وآل كل وصحب كل وسلّم اجمعين
'തസ്വവ്വുഫ് എന്നാല്‍ കണ്ടതും കേട്ടതും അംഗീകരിക്കലല്ല. വിശപ്പിനെ അതിജയിക്കലും പരിചിതവും മനോജ്ഞവുമായ വസ്തുക്കളുമായുള്ള ബന്ധം മുറിക്കലുമാണ്. ഫഖീറിന്റെ പ്രാഥമിക ഘട്ടം വിജ്ഞാനത്തിലൂടെയും അത്ഭുതകരമായ ദയാവായ്പിലൂടെയുമാണ്. ജ്ഞാനം അവന്‍ അതിയായി ആശിക്കുകയും ദയ അവനെ ഉറ്റ ചങ്ങാത്തത്തിലാക്കുകയും ചെയ്യും.
തസ്വവ്വുഫ് സഹജശീലങ്ങള്‍ക്കുമേല്‍ നിര്‍മിക്കപ്പെട്ടതാണ്. നമ്മുടെ നായകനായ ഇബ്‌റാഹീം (അ)യുടെ മഹാമനസ്‌കത, ഇസ്ഹാഖ് നബി(അ)യുടെ തൃപ്തി, അയ്യൂബ്(അ)യുടെ ആത്മനിയന്ത്രണം, സകരിയ്യാ നബിയുടെ സൂചനാപാടവം, യഹ്‌യാ(അ)യുടെ സമൂഹത്തില്‍നിന്ന് അകന്നുള്ള ഏകാന്തവാസം, മൂസാ നബി(അ)യുടെ തസ്വവ്വുഫ്, ഈസാ(അ) യുടെ ദേശാടനം, നമ്മുടെ നായകനും നബിയുമായ മുഹമ്മദ്(സ)യുടെ ദാരിദ്ര്യം.
ശൈഖുല്‍ അക്ബര്‍, സുല്‍ത്താനുല്‍ അഅ്‌ളം എന്നൊക്കെ സ്വൂഫികള്‍ പൊതുവെ വിളിക്കുന്ന മുഹ്‌യിദ്ദീനുബ്‌നു അറബിയുടെ തസ്വവ്വുഫ് സുദീര്‍ഘവും ദുര്‍ഗ്രഹവുമാണ്. തസ്വവ്വുഫിന് മാത്രമായി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച ഒരേ ഒരാള്‍ എന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. താന്‍ 289 ഗ്രന്ഥങ്ങള്‍ എഴുതി എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ 400 എന്നും 500 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 'അല്‍ ഫുതൂഹാതുല്‍ മക്കിയ്യ' തസ്വവ്വുഫിലെ സര്‍വവിജ്ഞാനകോശമായാണ് പരിഗണിക്കപ്പെടുന്നത്. ഇബ്‌നു അറബിയുടെ പാണ്ഡിത്യം, അനിതര സാധാരണമായ ഭാവനാശക്തി, തര്‍ക്കശാസ്ത്ര പാടവം എന്നിവ വിവരിക്കുക അസാധ്യം എന്ന് തന്നെ പറയാം. ഒരു ഗുണത്തിലും അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയുന്ന ഒരു സ്വൂഫിയും ജനിച്ചിട്ടില്ല എന്നാണ് സ്വൂഫി മതം. ഇത്രയും അതുല്യനായ ഇബ്‌നു അറബിയുടെ 95 വാല്യമുള്ള തഫ്‌സീറുല്‍ കബീര്‍ ലില്‍ ഖുര്‍ആന്‍ മുതല്‍ക്കുള്ള സകല ഗ്രന്ഥങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്നതും തന്റെ കാഴ്ചപ്പാടിലുള്ള തസ്വവ്വുഫിന്റെ സമ്പൂര്‍ണ നിര്‍വചനവുമാണ് 'ഫുസ്വുസ്വുല്‍ ഹികം' എന്ന ഗ്രന്ഥം. ഖാലിദുബ്‌നു സിനാന്‍ എന്ന തന്റെ ബര്‍സഖീ പ്രവാചകനുള്‍പ്പെടെ ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞവരും അല്ലാത്തവരുമായ 27 പ്രവാചകന്മാരെ അണിനിരത്തിയാണ് തസ്വവ്വുഫ് അദ്ദേഹം സമര്‍പ്പിക്കുന്നത്. ജൂത, ക്രിസ്തീയ, ഗ്രീക്ക്, പേര്‍ഷ്യന്‍, ബുദ്ധ, ഇന്ത്യന്‍ വിശ്വാസദര്‍ശനങ്ങളെ മുഴുവന്‍ ورحمتى وسعت كل شيْ (അഅ്‌റാഫ് 156)- സകല വസ്തുവിനെയും എന്റെ റഹ്‌മത്ത് വിശാലമായി ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന വാക്യമാവുന്ന ചരടില്‍ അതിസമര്‍ഥമായി അദ്ദേഹം കോര്‍ത്ത് വെച്ചിരിക്കുന്നു.
فسأكتبها للذين يتقون ويؤتون الزكاة والذين هم بأياتنا يؤمنون
എന്ന ബാക്കി ഭാഗം അദ്ദേഹം കണ്ടിട്ടേ ഇല്ല. ചരടിന്റെ രണ്ട് അറ്റങ്ങള്‍ ചേര്‍ത്ത് ഭദ്രമാക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഉറുക്ക് നൂലുകള്‍ اِتَّخَذَ إِلَهَهُ هَوَاهُ എന്ന കഷ്ണവുമാണ്. ആദം(അ) മുതല്‍ മുഹമ്മദ് നബി(സ) അടക്കമുള്ള പ്രവാചകന്മാരും അവരെ അംഗീകരിച്ചവരും നിഷേധിച്ചവരും ഇബ്‌ലീസുമടക്കം ഇലാഹായി അംഗീകരിച്ചത് സ്വന്തം هوى (ഇഛ) യെയാണെന്ന് സമര്‍ഥിക്കാനും അദ്ദേഹം മറന്നില്ല.
ഈ വിവരണത്തില്‍നിന്ന് തുടക്കത്തില്‍ കുറിച്ച തള്ളേണ്ടതും കൊള്ളാവുന്നതും ഉണ്ടെന്നുള്ള വസ്തുത ഉരുത്തിരിയുമെന്ന് വിചാരിക്കുന്നു. അബ്ദുല്‍ വാഹിദുബ്‌നു സൈദും കൂട്ടുകാരും മനസ്സിലാക്കിയ രക്ഷാ, മോക്ഷ കാഴ്ചപ്പാടുകള്‍ തന്നെയാണ് -ചില അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍- ജീലാനിയും ഗസ്സാലിയും സമാനാശയക്കാരും പിന്തുടരുന്നത്. ഹല്ലാജ്, ഇബ്‌നു അറബി, ഇബ്‌നുല്‍ ഫാരിദ് തുടങ്ങിയവര്‍ വ്യത്യസ്തവും വിരുദ്ധവുമായ മറ്റൊരു സ്വൂഫിസം പടച്ചുണ്ടാക്കുകയും ചെയ്തു.
എന്തായാലും ഇന്ന് സ്വൂഫിസത്തെ മാറ്റിനിര്‍ത്തി ഇസ്‌ലാമിനെ പഠനവിധേയമാക്കാനോ പകര്‍ത്താനോ സാധ്യമല്ല. ഇതൊഴിച്ച് മറ്റൊരു ഇജ്തിഹാദീ പ്രശ്‌നം ഇവ്വിധം സ്വാധീനമുറപ്പിച്ചത് ഇസ്‌ലാമിക സാമൂഹിക ചരിത്രത്തില്‍ കാണുകയില്ല. ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് അനിസ്‌ലാമിക, പാശ്ചാത്യ സമൂഹത്തിലേക്കും സ്വൂഫിസം അതിന്റെ സ്വാധീനം ഭദ്രമാക്കി. സ്വൂഫിസം, സ്വൂഫികള്‍ എന്നതിലെ ഒരു ചെറിയ വിഭാഗത്തെയും മേഖലയെയും മാറ്റി നിര്‍ത്തിയാല്‍ സ്വൂഫിസം, സ്വൂഫികള്‍ എന്നത് ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു വിശ്വാസ ദര്‍ശനമായി മാറി. ഖലീഫ ഉമര്‍(റ) ഫലസ്ത്വീനിലൂടെ ഈജിപ്തിലേക്ക് മുന്നേറുന്ന സൈനിക മേധാവി അംറുബ്‌നുല്‍ ആസ്വിന് എഴുതിയ ചരിത്രപ്രധാനമായ ഒരു കത്തുണ്ട്. ഫലസ്ത്വീനില്‍ വിജയം പൂര്‍ത്തിയാക്കി പുതിയ ക്രമീകരണം നടത്തുന്ന വേളയിലാണ് കത്ത് മേധാവിക്ക് ലഭിക്കുന്നത്. അംറ് പക്ഷേ, കത്ത് തന്റെ കീശയില്‍ വെച്ച് ഈജിപ്തിലേക്ക് മുന്നേറി. മുന്നേറ്റം നടക്കുന്നതിനിടയില്‍ അദ്ദേഹം കത്ത് വായിച്ചു. 'നിങ്ങള്‍ ഈജിപ്തിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കില്‍ യാത്ര ഫലസ്ത്വീനില്‍ അവസാനിപ്പിക്കേണ്ടതാണ്. പ്രവേശിച്ചു കഴിഞ്ഞെങ്കില്‍ തുടരുക.' ഇതായിരുന്നു കത്തിന്റെ സന്ദേശം. പ്രവാചക ദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ജീവിത സംസ്‌കരണമാണ്. അതിനുപയോഗിക്കേത് ഖുര്‍ആനും സുന്നത്തുമാണ്. മുഹമ്മദ് നബിക്ക് അല്ലാഹു നല്‍കിയ 'ശരീഅത്താണ്' വിശ്വാസ, വ്യക്തി, കര്‍മ, കുടുംബ, സമൂഹ, രാഷ്ട്രീയ, ഭരണ, സാമ്പത്തിക, യുദ്ധ, സമാധാന, ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങളടക്കമുള്ള ജീവിതത്തിലാകെ പിന്തുടരേണ്ടത്. ഈ തലത്തിലേക്ക് വ്യക്തിയെയും സമൂഹത്തെയും വളര്‍ത്തി എടുക്കാനാവാത്ത വിജയം ഇസ്‌ലാമിനും സമൂഹത്തിനും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുകയും ദൃഢീകരിക്കുകയുമാണ് കത്തിന്റെ പൊരുള്‍. കൗശലക്കാരനും യുദ്ധവിദഗ്ധനുമായ അംറ് കത്ത് വായന താമസിപ്പിച്ചതും ഇസ്‌ലാമിനെയും ഉമറിനെയും നന്നായറിയുന്നത് കൊണ്ടുതന്നെ. ഇതിവിടെ കുറിച്ചത് സ്വൂഫിസം തുടക്കം കുറിച്ചത് നിഷ്‌കളങ്കമായ ദൈവഭക്തിയില്‍നിന്നും വിശ്വാസിയുടെ പരമലക്ഷ്യമായ പരലോക രക്ഷയും മോക്ഷവും ദൈവപ്രീതിയും നേടാമെന്ന ദൃഢമായ തീരുമാനത്തില്‍നിന്നും തന്നെയാണ്. പക്ഷേ, കാലക്രമത്തില്‍ അതെടുത്ത് ഉപയോഗിച്ചവര്‍ ഇതേ ലക്ഷ്യത്തിലല്ല ഉപയോഗിച്ചത്. ഏത് വിശുദ്ധിയും കാലക്രമത്തില്‍ മലിനമാക്കപ്പെട്ടിട്ടുണ്ട് എന്നത് കാലത്തെ സാക്ഷിയാക്കി പറയാവുന്ന ഒരു യാഥാര്‍ഥ്യം മാത്രമാണ്.
സ്വൂഫിസം മുന്നേറ്റം നടത്തിയപ്പോള്‍ മൂന്നായി രൂപപ്പെട്ടു. ഒന്ന്, ഇസ്‌ലാമിക യാഥാര്‍ഥ്യങ്ങള്‍ക്ക് വേണ്ടി തന്നെ നിലനിന്നവര്‍. നിലനിര്‍ത്തിയവര്‍. 'സ്വൂഫിയതുല്‍ ഹഖാഇഖ്'. രണ്ട്, ഭൗതിക താല്‍പര്യം മുഖ്യലക്ഷ്യമായി അംഗീകരിച്ചവര്‍. 'സ്വൂഫിയതുല്‍ അര്‍സാഖ്' എന്ന് വിളിക്കാം. ഇവരാണ് പക്ഷേ, ഇന്ന് ഈ മേഖലയിലെ മുമ്പന്മാര്‍. മൂന്നാം വിഭാഗം ശൈഖ് ജീലാനിയുടെ ഭാഷയില്‍, അശ്രദ്ധയാകുന്ന മരച്ചുവ ട്ടില്‍ ജീവിച്ച് മരിക്കുന്നവര്‍. സാമാന്യ ജനം തെറ്റിദ്ധരിക്കുന്നതിന് നിമിത്തമാവുന്ന ഫഖീര്‍ വേഷരൂപവും മൗന മനോരോഗികളുടെ അവസ്ഥയിലും പള്ളി മൂലകളിലോ വിജനസ്ഥലങ്ങളിലോ ഒതുങ്ങി ജീവിച്ച് തീര്‍ക്കുന്നവര്‍. 'സൂഫിയതുര്‍ റസ്മി' എന്ന് വിളിക്കാവുന്നവര്‍. മേല്‍ പേരുകള്‍ ഇബ്‌നുതൈമിയ്യയുടെ വകയാണ്. എന്നും ഒളിഞ്ഞും തെളിഞ്ഞും സ്വന്തമായും ഇസ് ലാം വിരുദ്ധരുമായി ചേര്‍ന്നും ഇസ്‌ലാമിക മൂല്യങ്ങളെ തച്ച് തകര്‍ത്ത് കൊണ്ടിരിക്കുന്നത് രണ്ടാം വിഭാഗമാണ്. ഒന്നും മൂന്നും വിഭാഗത്തിലെ പ്രമുഖരെ തങ്ങളുടെ വ്യവസായത്തിന്റെ പരസ്യ മോഡലായി ഉപയോഗിക്കുന്നതും ഇവര്‍തന്നെ. ബര്‍കത്ത്, കറാമത്ത്, ശവകുടീരങ്ങള്‍, നേര്‍ച്ചകള്‍, വഖ്ഫുകള്‍, സംഭാവനകള്‍, മന്ത്ര തന്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇവരുടെ പ്രധാന വ്യവസായ മൂലധനം. ഒന്നാമത്തെ വിഭാഗത്തിന് അവരുടേതായ ചില പ്രയോഗങ്ങളും വിശ്വാസ ആചാരങ്ങളും ഉണ്ട്. ശരീഅത്തിന്റെ പ്രത്യക്ഷ (ظاهر) വശത്തിലൂടെ ജീവിക്കുന്ന നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെങ്കിലും അവരുടേതായ വ്യാഖ്യാനപ്രകാരമുള്ള തെളിവുകളും അവര്‍ക്കുണ്ട്.
വ്യതിരിക്തത
'അഹ്‌ലുസ്സുന്ന വല്‍ജമാഅ' എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന -സലഫി എന്നത് ചിലര്‍ ഉപയോഗിച്ച പര്യായപദമാണ്- ലോക മുസ്‌ലിം ഭൂരിപക്ഷം അംഗീകരിക്കാത്ത ചില വിശ്വാസ സങ്കല്‍പങ്ങളും വ്യത്യസ്തമായ കുറേ സാങ്കേതിക പ്രയോഗങ്ങളും സ്വൂഫികള്‍ പൊതുവെ ഉപയോഗിക്കുന്നു. ഒരുതരം കോഡ് ഭാഷ. ഇവയും രണ്ട് വിഭാഗവും ഭിന്ന അര്‍ഥങ്ങളിലും ആശയങ്ങളിലുമാണ് ഉപയോഗിക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. 'സൂഫിയ്യത്തുല്‍ അര്‍സാഖ്' നേരത്തേ പറഞ്ഞ ലക്ഷ്യത്തിനായി പലതും ഉപയോഗിക്കുന്നു. പൊതുജനത്തെയും പൊതുജന ദൃഷ്ടിയില്‍ പണ്ഡിതര്‍ എന്ന് കരുതപ്പെടുന്ന ചിലരെയും വട്ടം കറക്കാന്‍ മാസ്മരികമായ ശക്തി അവക്കുണ്ട്.
العلم الّلدنّى ، كشف، حجب، سكر، حال، محو، صحو، تجلّي، حلول، وحدة الوجود، وحدة الشهود، اتصال، شيخ، مريد، مراد، مريد إرادة، حبّ، فناء، أبدال، أقطاب، غيث، حقيقة، جدب، عشق، الحقيقة المحمدية....
മുതലായ പദങ്ങളെല്ലാം സമൂഹത്തില്‍ ആത്മീയ പരിവേഷം ചമയാനുള്ളതാണ്.
വ്യാപനം
എന്തൊക്കെ പറഞ്ഞാലും, സ്വൂഫിസം ഇന്ന് ദൃശ്യമെന്നതിനേക്കാള്‍ അദൃശ്യമായ അജയ്യമേധാവിത്വ ശക്തിയായി വ്യാപിച്ചിരിക്കുന്നു. ഇബ്‌നു അറബി എഴുതി: 'റസൂല്‍(സ) ഖലീഫയെ നിശ്ചയിക്കാതിരുന്നത് കശ്ഫിലൂടെ, ലദുന്നിയായ ഇല്‍മിലൂടെ ലഭിച്ച ഒരു ഹഖീഖത്ത് അടിസ്ഥാനമാക്കിയാണ്. ആ ഹഖീഖത്ത് പ്രവാചകന് ശേഷവും കശ്ഫിന്റെ അടിസ്ഥാനത്തില്‍ -ശരീഅത്ത് അടിസ്ഥാനത്തിലല്ല- ഖിലാഫത്തുല്ലയും ഖലീഫത്തുല്ലയും ലോകാന്ത്യം വരെയും നിലനില്‍ക്കും. നിലനില്‍ക്കുന്നുണ്ട്.' ഇതന്വര്‍ഥമാക്കും വിധമാണ് സ്വൂഫിസത്തിന്റെ വ്യാപനം. ലോകത്തെ പൊതുവിലും ഇസ്‌ലാമിക സമൂഹത്തെ വളരെ പ്രത്യേകിച്ചും സ്വൂഫിസം പൂര്‍ണമായും കീഴ്‌പ്പെടുത്തിയിരിക്കുന്നു; മുഫസ്സിറുകള്‍, മുഹദ്ദിസുകള്‍, ഫുഖഹാക്കള്‍, ചരിത്രകാരന്മാര്‍, ഭാഷാപണ്ഡിതന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍, സംഘടനാ വക്താക്കള്‍, ഭരണാധികാരികള്‍, സൈന്യങ്ങള്‍, നിയമജ്ഞന്മാര്‍, സാധാരണക്കാര്‍ തുടങ്ങി എല്ലാവരെയും. അതുകൊണ്ട് 'സ്വൂഫിസം' നിഷ്പക്ഷ, സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടത് അത്യാവശ്യവും വളരെ പ്രയോജന പ്രദവുമായിരിക്കുമെന്ന് വിചാരിക്കുന്നു.