ത്വരീഖത്തുകളുടെ വ്യതിയാനങ്ങളും ഇമാമുകളുടെ മുന്നറിയിപ്പുകളും
വി.കെ അലി
അല്ലാഹു മനുഷ്യരുടെ ഇഹപര ക്ഷേമത്തിനുവേണ്ടി നിശ്ചയിച്ചുതന്ന ദീനാണ് ഇസ്‌ലാം. ഈ ദീനിനെ പ്രബോധനം ചെയ്യുന്നതിനും പ്രാവര്‍ത്തികമായി കാണിക്കുന്നതിനുമാണ് കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ നിയോഗിതരായത്. ഈ പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു മുഹമ്മദ് നബി. അദ്ദേഹം കൊണ്ടുവന്ന 'ശരീഅത്ത്' ആണ് മനുഷ്യരാശി ലോകാവസാനംവരെ പിന്‍പറ്റേണ്ടത്.
ഇസ്‌ലാം സമ്പൂര്‍ണമായ ജീവിത വ്യവസ്ഥയാണ്. 'ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചുനല്‍കുന്നു. എന്റെ അനുഗ്രഹം അതോടെ പൂര്‍ത്തിയായി. ഇസ്‌ലാമിനെ നാം നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു നല്‍കി' എന്ന ഖുര്‍ആനിക സൂക്തം മുകളില്‍ പറഞ്ഞ യാഥാര്‍ഥ്യത്തെയാണ് ശരിവെക്കുന്നത്. പ്രവാചക ജീവിതം അതിന്റെ റോള്‍ മോഡലാണെന്നും അല്ലാഹു തന്നെ വ്യക്തമാക്കി: ''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്'' (അഹ്‌സാബ്: 21). ഖുര്‍ആനില്‍ ന്യൂനതകളോ കുറവുകളോ ഇല്ലെന്നും ഈ പ്രവാചകന്റെ ഉപദേശനിര്‍ദേശങ്ങള്‍ അപ്പടി അനുസരിക്കണമെന്നും അല്ലാഹു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്: ''ഈ ഗ്രന്ഥത്തില്‍ നാമൊരു വീഴ്ചയും വരുത്തിയിട്ടില്ല'' (അല്‍അന്‍ആം: 38). ''പ്രവാചകന്‍ നല്‍കുന്നതെല്ലാം നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം വിലക്കുന്നത് വെടിയുക'' (ഹശ്ര്‍: 7).
ഈ യാഥാര്‍ഥ്യങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ് നബി(സ) ചെയ്യുന്നത്: ''രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളിലേല്‍പ്പിക്കുന്നു. അവ മുറുകെ പിടിക്കും കാലം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ജീവിതചര്യയുമാണവ.''
സ്വഹാബികളും താബിഉകളും പൊതുവെ ഈ സന്മാര്‍ഗ പാതയിലൂടെ തന്നെ മുന്നോട്ടു പോയി. ഇസ്‌ലാമിനെ സമഗ്രമായി ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അവരുടെ ജീവിത രീതി. വിശ്വാസ കാര്യങ്ങള്‍, ആരാധനാ കര്‍മങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, കുടുംബജീവിതം, ഭരണ സംവിധാനം, ശിക്ഷാമുറകള്‍, സദാചാര വ്യവസ്ഥകള്‍ - എല്ലാം അടങ്ങുന്ന ഇസ്‌ലാമിനെയാണ് അവര്‍ പ്രതിനിധീകരിച്ചത്. ദഅ്‌വത്തും ജിഹാദുമെല്ലാം അതില്‍ ചേരുംപടി ചേര്‍ന്നിരുന്നു. ആത്മീയതക്കും തസ്‌കിയത്തിനും വേണ്ടി പുതിയ ചട്ടക്കൂടുകളോ ത്വരീഖത്തു(സരണി)കളോ അവര്‍ നിര്‍മിച്ചില്ല. കാരണം, പ്രവാചകന്‍ അതെല്ലാം ശക്തമായി വിലക്കിയിരുന്നു. തിരുമേനിയുടെ ആത്മീയതയും ഇബാദത്തും കുറഞ്ഞുപോയി എന്ന് തോന്നിയ മൂന്ന് അനുചരന്മാര്‍ ആ കുറവുകള്‍ നികത്താന്‍ സ്വന്തം രീതി കണ്ടെത്തുകയും, എന്നും നോമ്പെടുക്കുമെന്ന് ഒരാളും രാത്രി ഉറങ്ങാതെ പുലരുവോളം നമസ്‌കരിക്കുമെന്ന് രണ്ടാമനും കുടുംബവും വിവാഹവുമില്ലാതെ ബ്രഹ്‌മചാരിയായി കഴിയുമെന്ന് മൂന്നാമനും തീരുമാനിച്ചപ്പോള്‍ നബി(സ) അവരെ തിരുത്തി. അവിടുന്ന് പറഞ്ഞു: എന്നാല്‍ ഞാന്‍ നമസ്‌കരിക്കും, ഉറങ്ങും, നോമ്പെടുക്കും, നോമ്പുപേക്ഷിക്കും, സ്ത്രീകളെ വിവാഹം ചെയ്യും- എന്റെ ഈ ചര്യ ഇഷ്ടപ്പെടാത്തവന്‍ നമ്മില്‍ പെട്ടവനല്ല.' കാരണം, അല്ലാഹുവിന് സംഭവിച്ച കുറവ് നികത്താനാണല്ലോ അവര്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്ക് അല്ലാഹുവിന്റെ ദീനില്‍ സ്ഥാനമില്ല.
ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം ഇസ്‌ലാമിക സമൂഹത്തില്‍ പലതരത്തിലുള്ള വ്യതിയാനങ്ങളും സംഭവിച്ചു. രാഷ്ട്രീയമായ മാറ്റം അതീവ ഗുരുതരമായിരുന്നു. ഏകാധിപതികളും സുഖലോലുപരുമായ ഭരണകര്‍ത്താക്കള്‍ സമൂഹത്തെ നിരാശപ്പെടുത്തി. ഇക്കാരണത്താല്‍ പലരും പൊതുജീവിതത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ആത്മീയ മേഖലയില്‍ അഭയം തേടുകയും ചെയ്തു. അതോടൊപ്പം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വികസനം പുതിയ പ്രദേശങ്ങളെയും ജനങ്ങളെയും ചിന്താധാരകളെയും മുസ്‌ലിംകളുമായി സന്നിവേശിപ്പിച്ചു. പേര്‍ഷ്യക്കാരുടെയും ഗ്രീക്കുകാരുടെയും തത്ത്വശാസ്ത്രങ്ങള്‍ക്ക് പുറമെ ക്രിസ്തുമതത്തിലെ പൗരോഹിത്യവും ബുദ്ധമതത്തിലെ നിര്‍വാണവും ആത്മ ശുദ്ധീകരണത്തിലൂടെ യഥാര്‍ഥ ജ്ഞാനം കണ്ടെത്താമെന്ന ജ്ഞാനവാദവും ഇന്ത്യന്‍ വേദാന്തത്തിലെ അദ്വൈതവുമെല്ലാം ഇസ്‌ലാമിക ചിന്തയില്‍ ഇടം നേടി. ഇവയാണ് വ്യത്യസ്ത സൂഫീ ചിന്താസരണികള്‍ (ത്വരീഖത്തുകള്‍) ക്ക് ജന്മം നല്‍കിയത്.
അല്ലാഹുവിനോട് അടുക്കാനും അവന്റെ പ്രീതി നേടാനും നേരിട്ട് സാധ്യമല്ലെന്നും അവന്റെ സാമീപ്യസിദ്ധി ശൈഖിലൂടെ മാത്രമേ കഴിയൂ എന്നും വിശ്വാസികള്‍ ഇത്തരം ശൈഖുമാരെ ബൈഅത്ത് ചെയ്യണമെന്നും ശൈഖിന് അല്ലാഹുവില്‍നിന്ന് നേരിട്ട് കശ്ഫും ഇല്‍ഹാമും ലഭിക്കുമെന്നും അതനുസരിച്ച് ദിക്‌റ്, ആരാധനാ മുറകള്‍ നിര്‍ദേശിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നും ത്വരീഖത്തുകാര്‍ വാദിക്കുന്നു. ശൈഖിനെ ചോദ്യം ചെയ്യാതെ അനുസരിക്കണം. ശൈഖിന്റെ അനുചരന്മാരായ മുരീദുകള്‍ക്ക് അവരുടെ ആത്മീയ വളര്‍ച്ചയനുസരിച്ച് ഔന്നത്യം ലഭിക്കും എന്നുമൊക്കെയാണ് പൊതുധാരണ.
1) യഥാര്‍ഥത്തില്‍ ഈ ചിന്താഗതികളെല്ലാം ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഓരോ വ്യക്തിയും അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് അല്ലാഹുവിന് ഹിതകരം എന്നാണ് ഖുര്‍ആന്‍ പറയുന്നത്: ''എന്നെ സംബന്ധിച്ച് എന്റെ അടിമകള്‍ നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ അവരുടെ സമീപത്ത് തന്നെയുണ്ട്. പ്രാര്‍ഥിക്കുന്നവന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ അവര്‍ എന്നോട് ചോദിച്ചു കൊള്ളട്ടെ'' (അല്‍ബഖറ: 186).
2) ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നത് അല്ലാഹുവിനും അവന്റെ ദൂതന്നും മാത്രം അവകാശപ്പെട്ട പദവിയാണ്. ഇസ്‌ലാമില്‍ മറ്റാരും വിമര്‍ശനാതീതരല്ല. വേദക്കാര്‍ അവരുടെ മതപുരോഹിതരെയും പണ്ഡിതരെയും വിമര്‍ശനാതീതരായി കാണുകയും അവര്‍ പറയുന്നതെല്ലാം നിരുപാധികം അനുസരിക്കുകയും ചെയ്തപ്പോള്‍ ഖുര്‍ആന്‍ അവരെ വിമര്‍ശിച്ചു: ''അവര്‍ അവരുടെ പണ്ഡിതരെയും പുരോഹിതരെയും അല്ലാഹുവിന് പുറമെ 'റബ്ബു'കളാക്കി. ഏകനായ ദൈവത്തെമാത്രം ഇബാദത്ത് ചെയ്യാനായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്'' (തൗബ: 31).
3) കശ്ഫ്, ഇല്‍ഹാം എന്നിവ ജ്ഞാനത്തിന്റെ അവലംബനീയ സ്രോതസ്സായി ഇസ്‌ലാം ഒരിക്കലും പരിഗണിച്ചിട്ടില്ല. ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിലെ അടിസ്ഥാനങ്ങള്‍. ഓരോരുത്തര്‍ക്കും തോന്നുന്നപോലെ മതാവിഷ്‌കാരം ആരംഭിച്ചാല്‍ അതെവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
4) അദ്വൈതം ഇസ്‌ലാമിക ദൈവസങ്കല്‍പത്തിന് കടകവിരുദ്ധമാണ്. സൃഷ്ടിയും സ്രഷ്ടാവും തികച്ചും വ്യത്യസ്തമായ രണ്ട് അസ്തിത്വങ്ങളാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു- അവന്‍ ഏകനാണ്. അവന്‍ നിരാശ്രയനും സൃഷ്ടികളുടെ ആശ്രയവുമാണ്. അവന് സന്താനമില്ല. അവന്‍ സന്തതിയുമല്ല. അവന്ന് തുല്യമായി മറ്റാരും ഇല്ല'' (ഇഖ്‌ലാസ്വ്).
5) ആത്മീയതയില്‍ മയങ്ങിക്കിടക്കുക എന്നതല്ല മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമായി ഇസ്‌ലാം നിര്‍ണയിച്ചത്. ദൈവിക കല്‍പനകള്‍ മുറുകെ പിടിച്ചുകൊണ്ട് അവന്റെ ദീനിനെ ലോകത്ത് പ്രചരിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും കഠിനാധ്വാനം ചെയ്യുക എന്നതാണ്. ''അവനാണ് ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത്. മറ്റെല്ലാ ദീനിനേക്കാളും അതിന് പ്രഭാവം ഉണ്ടാക്കിയെടുക്കാന്‍'' (സ്വഫ്ഫ്: 9).
6) പ്രവാചകനോ സ്വഹാബികളോ ഇത്തരത്തിലുള്ള ത്വരീഖത്തുകളോ കൃത്രിമ മാര്‍ഗങ്ങളോ അവലംബിച്ചിട്ടില്ല. ചെറിയ വൈകല്യങ്ങളോ വ്യതിയാനങ്ങളോ കാണുമ്പോഴേക്കും ശക്തമായി തിരുത്തുകയാണവര്‍ ചെയ്തത്. ഇബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അസ്മാ ബിന്‍തു അബീബക്ര്‍ എന്നിവര്‍ ഇത്തരം പ്രവണതകളെ തിരുത്തിയതായി കാണാം.
പ്രവാചകന്‍ പഠിപ്പിച്ച ശരീഅത്തിനപ്പുറം മറ്റൊരു ത്വരീഖത്തിന്റെയും ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം. 'ഞാനും എന്റെ അനുചരന്മാരും ഏതൊരു രീതിയാണോ സ്വീകരിച്ചത് അതാണ് സന്മാര്‍ഗം' എന്നാണ് നബി തിരുമേനി പഠിപ്പിച്ചത്. അതുകൊണ്ടു തന്നെ ശരീഅത്തിനനുസൃതമല്ലാത്ത എല്ലാ സരണികളും തിരസ്‌കരിക്കപ്പെടണം. ഈ യാഥാര്‍ഥ്യം സൂഫീചിന്തയില്‍ ആകൃഷ്ടരായ പല ഇമാമുകളും അംഗീകരിക്കുന്നുമുണ്ട്. ഉദാഹരണത്തിന് അഹ്‌മദ് സര്‍ഹിന്ദി എഴുതുന്നു: 'സൂഫി ആശയങ്ങളുടെ സുബദ്ധതക്കുള്ള മാനദണ്ഡം അവ ശരീഅത്തിന്റെ സുവ്യക്ത പ്രമാണങ്ങളോട് പൊരുത്തപ്പെടുകയെന്നതാണ്. മുടിനാരിഴ വ്യതിയാനമുണ്ടെങ്കില്‍ അവ ഉന്മാദാവസ്ഥയുടെ ഫലമായിരിക്കും. അഹ്‌ലുസ്സുന്നത്തിലെ പണ്ഡിതന്മാര്‍ അംഗീകരിച്ചത് മാത്രമാണ് സത്യം' (സൂഫിസവും ശരീഅത്തും പേ. 110).
ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എഴുതി: പ്രവാചകന്റെ കാലത്തും സ്വഹാബിമാരുടെ കാലത്തും അതിനുശേഷം നൂറ്റാണ്ടുകളോളവും ശരീഅത്തിന്റെ അധ്യാപനങ്ങള്‍ പിന്‍പറ്റുന്നതിലാണ് സത്യവിശ്വാസികള്‍ മുഖ്യമായും ശ്രദ്ധിച്ചത്. മറ്റു കാര്യങ്ങളെല്ലാം അതിന്റെ അനുബന്ധങ്ങളായിരുന്നു. നമസ്‌കാരവും നോമ്പും ദിക്‌റും ഖുര്‍ആന്‍ പാരായണവും ഹജ്ജും സകാത്തും ജിഹാദുമൊക്കെയായിരുന്നു അവരുടെ ഇഹ്‌സാന്‍. അവരാരും ഒരു മണിക്കൂര്‍ പോലും ധ്യാനത്തിനുവേണ്ടി നീക്കിവെച്ചിരുന്നില്ല' (സൂഫിസവും ശരീഅത്തും പേ. 103).
സൂഫി ധാരയിലെ ആദ്യകാലക്കാരനും പ്രധാനിയുമായ ജുനൈദുല്‍ ബഗ്ദാദി (മരണം ഹിജ്‌റ 297) പോലും ശരീഅത്തിനതീതമായ ഒരു ത്വരീഖത്ത് അംഗീകരിച്ചിരുന്നില്ല. അദ്ദേഹം ശരീഅത്തിനെ കണിശമായി പിന്തുടര്‍ന്നിരുന്നു. ശരീഅത്ത് ബാധ്യതകൡനിന്ന് മുക്തമായി ഔന്നത്യത്തിലെത്തിയ ചില സൂഫികളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു; ''ശരീഅത്ത് നിയമങ്ങളില്‍നിന്ന് മുക്തി അവകാശപ്പെടുന്ന ഇവര്‍ കൊടും പാപികളാണ്. മോഷ്ടാക്കളേക്കാളും വ്യഭിചാരികളേക്കാളും നീചരാണവര്‍. ശരീഅത്ത് നിയമങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുന്നവരാണ് യഥാര്‍ഥ 'ആരിഫു'കള്‍. ഞാന്‍ ആയിരം വര്‍ഷം ജീവിച്ചിരുന്നാലും ചെറുകര്‍മങ്ങള്‍പോലും ഉപേക്ഷിക്കുകയില്ല'' (സൂഫിസവും ശരീഅത്തും പേ. 115).
എന്നാല്‍ ഹിജ്‌റ ഒന്നും രണ്ടും നൂറ്റാണ്ടുകള്‍ക്കു ശേഷം സൂഫിസത്തില്‍ പല പരിണാമങ്ങളും സംഭവിച്ചു. കശ്ഫ്, ഇല്‍ഹാം, മുശാഹദ (ദര്‍ശനം) എന്നിവയിലൂടെ ലഭിക്കുന്ന ജ്ഞാനത്തേക്കാളും താണതരം ജ്ഞാനമായാണ് അവര്‍ ശരീഅത്തിനെ കാണുന്നത്. അവരുടെ ദൃഷ്ടിയില്‍ ബാഹ്യമായ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളാണ് ശരീഅത്ത്. മതജീവിതത്തിന്റെ ബാഹ്യവശം മാത്രമാണ് അത് കൈകാര്യം ചെയ്യുന്നത്. ആന്തരിക യാഥാര്‍ഥ്യങ്ങളില്‍ അതിന് താല്‍പര്യമില്ല. മതജീവിതത്തിന്റെ ആത്മസത്ത ശരീഅത്തിന്റെ വരുതിക്കു പുറത്താണ്. സൂഫി മാര്‍ഗത്തിലൂടെ മാത്രമേ അത് നേടിയെടുക്കാന്‍ കഴിയൂ (സൂഫിസവും ശരീഅത്തും പേ. 114).
അബൂയസീദുല്‍ ബിസ്ത്വാമി (മരണം ഹി. 261), മന്‍സ്വൂര്‍ അല്‍ഹല്ലാജ് (ഹി. 244-309), ഇബ്‌നു അറബി (ഹി. 559-618) തുടങ്ങിയവര്‍ വഴിപിഴച്ച ഇത്തരം ചിന്താഗതികളുടെ വക്താക്കളായിരുന്നു. ഇതില്‍ ഇബ്‌നു അറബി 'വഹ്ദതുല്‍ വുജൂദ്' (അദ്വൈത) ദര്‍ശനത്തിന്റെ വക്താവായിരുന്നു. ബിസ്ത്വാമിയുടെ 'നിര്‍വാണ' (ഫനാ, ബഖാ) സിദ്ധാന്തങ്ങളും ഇതിനോട് സദൃശമാണ്. ഹല്ലാജിന്റെ 'അനല്‍ ഹഖ്' (ഞാനാണ് ദൈവം) എന്ന പ്രഖ്യാപനം കുപ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു: 'ഞാനാണ് ഞാന്‍ സ്‌നേഹിക്കുന്നവന്‍. ഞാന്‍ സ്‌നേഹിക്കുന്നവന്‍ ഞാന്‍ തന്നെ. ഞങ്ങള്‍ രണ്ട് ആത്മാക്കള്‍ ഒരേ ശരീരത്തില്‍ അവതരിപ്പിക്കുന്നു. നീ എന്നെ കണ്ടാല്‍ നീ അവനെ കണ്ടു. നീ അവനെ കണ്ടാല്‍ നീ നമ്മെ കണ്ടു.'
സൂഫി ചിന്തയുടെ അപകടങ്ങളെക്കുറിച്ച് അതത് കാലത്തെ പണ്ഡിത ശ്രേഷ്ഠന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശാഫിഈ, അഹ്‌മദുബ്‌നു ഹമ്പല്‍, ഇബ്‌നു കസീര്‍, ഇബ്‌നുല്‍ ജൗസി, ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ്യ, ഇമാം ദഹബി, ഖത്വീബുല്‍ ബഗ്ദാദി, ഇമാം ത്വഹാവി എന്നിവര്‍ ഇക്കൂട്ടരില്‍ പ്രമുഖരാണ്. ഇമാം ശാഫിഈ പറഞ്ഞു: 'രാവിലെ സൂഫിസം സ്വീകരിക്കുന്നവര്‍ ഉച്ചയാകുമ്പോഴേക്ക് വിഡ്ഢിയായി മാറും. നാല്‍പതു ദിവസം സൂഫികളുടെ കൂടെ കഴിയുന്നവന്റെ ബുദ്ധി എന്നെന്നേക്കുമായി നഷ്ടപ്പെടും' (തല്‍ബീസു ഇബ്‌ലീസ്).
ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ പറയുന്നു: ''നിങ്ങള്‍ ഹാരിസുല്‍ മുഹാസിബിയെ നല്ലവണ്ണം കരുതിയിരിക്കുക. അയാളുമായി പലരും കൂട്ടുകൂടുന്നുണ്ട്. ഒളിസങ്കേതത്തില്‍ പതിയിരിക്കുന്ന സിംഹമാണയാള്‍.'
ഇമാം ഗസ്സാലി ഹല്ലാജിനെയും ബിസ്ത്വാമിയെയും കുറിച്ച് എഴുതി: 'അല്ലാഹുവിനോടുള്ള ഇശ്ഖി(പ്രണയം)ന്റെ പേരിലും സാമീപ്യത്തിന്റെ പേരിലും ബാഹ്യകര്‍മങ്ങളൊന്നും ആവശ്യമില്ലെന്നും അല്ലാഹുവുമായുള്ള മറ നീങ്ങി അവനില്‍ ലയിച്ചുവെന്നും അവനെ കാണുകയും കേള്‍ക്കുകയും ചെയ്തു എന്നുമെല്ലാമുള്ള ജല്‍പനങ്ങളും വാദങ്ങളും നാട്ടിലാകെ പ്രചരിക്കുകയും പൊതുജനങ്ങള്‍ അതിന്റെ വിപത്തില്‍ കുടുങ്ങുകയും ചെയ്തിരിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവരെ വധിക്കുകയാണ് പത്തു പേരെ ജീവിപ്പിക്കുന്നതിനേക്കാള്‍ അല്ലാഹുവിന്റെ ദീനില്‍ ഉത്തമം' (ഇഹ്‌യാ ഉലൂമിദ്ദീന്‍).
ഇമാം ത്വഹാവി പറയുന്നു: 'ഇബ്‌നുല്‍ അറബിയുടെയും അതുപോലുള്ളവരുടെയും കുഫ്ര്‍ (സത്യനിഷേധം) അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്ക് സിദ്ധിച്ചതുപോലുള്ളത് ഞങ്ങള്‍ക്കും ലഭിച്ചാലേ ഞങ്ങള്‍ വിശ്വസിക്കുകയുള്ളൂ എന്ന് പറയുന്നവരുടെ കുഫ്‌റിനേക്കാള്‍ മീതെയാണ്. മാത്രമല്ല, ഇബ്‌നുല്‍ അറബിയും അദ്ദേഹത്തെ പോലുള്ളവരും നരകത്തിന്റെ അടിത്തട്ടിലുള്ള കപടവിശ്വാസികളും അദ്വൈതവാദികളുമാണ്' (ശറഹുല്‍അഖീദത്ത്വഹാവിയ്യ).
സൂഫിസത്തെയും ത്വരീഖത്തുകളെയും വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ വിശ്വാസികള്‍ കരുതിയിരിക്കണം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കുന്നതിലൂടെ മാത്രമേ അല്ലാഹുവിന്റെ പ്രീതി നേടാനാകൂ. 'ഇസ്‌ലാമല്ലാത്ത മറ്റൊരു ദീന്‍ അവലംബിക്കുന്നത് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല' (ആലുഇംറാന്‍: 85).
അധികവായനക്ക് നോക്കുക:
1. സൂഫിസവും ശരീഅത്തും - അബ്ദുല്‍ഹഖ് അന്‍സാരി, ഐ.പി.എച്ച്
2. ആത്മസംസ്‌കരണം - അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, ഐ.പി.എച്ച്
3. സൂഫിസത്തിന്റെ വേരുകള്‍ - ഖാദിര്‍ ഫൈസി
4. അല്‍ ഫിക്‌റുസ്സൂഫി - അബ്ദുര്‍റഹ്‌മാന്‍ അബ്ദുല്‍ ഖാലിഖ് - കുവൈത്ത്
5. തല്‍ബീസു ഇബ്‌ലീസ് - ഇബ്‌നുല്‍ ജൗസി
6. الفرق بين أولياء الرحمن واولياء الشيطان - ഇബ്‌നു തൈമിയ്യ