ഖുര്‍ആനിലെ പദവിന്യാസ വിസ്മയം

ഡോ. മുഹമ്മദ് പാണ്ടിക്കാട്‌‌

വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയും സാഹിത്യവുമാണ് അതിന്റെ അമാനുഷികത എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഖുര്‍ആനിന്റെ പദസൗന്ദര്യവും ആശയസമ്പന്നതയും ആകര്‍ഷണശൈലിയും  ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ വാക്കുകളുടെയും നാമങ്ങളുടെയും ക്രമം രൂപപ്പെടുത്തുന്നതില്‍ ഈണവും താളവും മാത്രമല്ല; അര്‍ഥവും ആശയവും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വാക്കുകളെയും നാമങ്ങളെയും ക്രമീകരിക്കുന്നതില്‍ തന്നെ ആശയപ്രപഞ്ചം സൃഷ്ടിക്കാന്‍ വിശുദ്ധ ഖുര്‍ആന്ന് സാധിച്ചിരിക്കുന്നു.

 معترك الأقران في إعجاز القرآن ഇമാം സുയൂത്വി അദ്ദേഹത്തിന്റെ  
 എന്ന ഗ്രന്ഥത്തില്‍ ഖുര്‍ആനിലെ പദക്രമീകരണത്തിനുള്ള പത്ത് പ്രേരകങ്ങള്‍ المقدِّمة في سرّ الألفاظ المقدَّمة  എണ്ണിപ്പറയുന്നുണ്ട്. ഇബ്‌നു സ്വാഇഗ് ഈ വിഷയത്തില്‍ 
എന്ന ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. 

വാക്കുകളുടെ വിന്യാസത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രകടിപ്പിച്ച നിഷ്‌കര്‍ഷയും ജാഗ്രതയും എത്ര മനോഹരമാണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

കേള്‍വിയും കാഴ്ചയും
വിശുദ്ധ ഖുര്‍ആനില്‍ കേള്‍വി (السمع), കാഴ്ച البصر)) എന്നീ നാമങ്ങള്‍ ധാരാളം സ്ഥലങ്ങളില്‍ അടുത്തടുത്തു വന്നിട്ടുണ്ട്. അധിക സ്ഥലങ്ങളിലും കേള്‍വിയെ മുമ്പിലാക്കി  السمع و البصر   എന്ന ക്രമമാണ്  സ്വീകരിച്ചിരിക്കുന്നത്. 

അല്ലാഹു പറഞ്ഞു:
 ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَۚ قَلِيلًا مَّا تَشْكُرُونَ
'പിന്നീട് അവനെ വേണ്ടവിധം സന്തുലനപ്പെടുത്തി. തന്റെ ആത്മാവില്‍നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ' (സജ്ദ: 9). കേള്‍വിക്ക് കാഴ്ചയേക്കാള്‍ പ്രാധാന്യമുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ന്യായം. അതിനുള്ള പ്രധാന പ്രേരകങ്ങളായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്  ഇവയാണ്:
ഒന്ന്: ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ശിശു കേള്‍ക്കാന്‍ തുടങ്ങുന്നു, എന്നാല്‍ പ്രസവത്തിനു ശേഷമേ ശിശു കണ്ണ് തുറക്കുകയുള്ളൂ.

രണ്ട്: കേള്‍വി വിജ്ഞാന സമ്പാദനത്തിന്റെ അടിത്തറയാണ്. കേള്‍വിയില്ലാത്തവര്‍ക്ക് സംസാരിക്കാനോ അറിവ് നേടാനോ സാധ്യമല്ല. എന്നാല്‍ കണ്ണില്ലാത്തവര്‍ക്കും വിജ്ഞാനം നേടി ഉയരങ്ങളിലെത്താന്‍ സാധിക്കും. അതുകൊണ്ടാണ് അന്ധരായി ജനിച്ച പലരെയും പണ്ഡിതന്മാരും ശാസ്ത്രജ്ഞരുമായി നാം കാണുന്നത്. പക്ഷേ, കേള്‍വി നഷ്ടപ്പെട്ടവര്‍ക്ക് വളരെ അപൂര്‍വമായി മാത്രമേ വിജ്ഞാനരംഗത്ത് ഉയര്‍ന്നു നില്‍ക്കാനാവൂ.
അതോടൊപ്പം കാത് കേള്‍വിക്ക് പുറമെ മനുഷ്യരുടെ ബാലന്‍സ് സംരക്ഷിക്കുക എന്ന ദൗത്യവും നിര്‍വഹിക്കുന്നു. 'അറിയുന്നവന്‍' (عليم) എന്ന അല്ലാഹുവിന്റെ നാമം 'കേള്‍ക്കുന്നവന്‍' (سميع)  എന്നതിനു ശേഷമാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  

ത്വവാഫ്, ഇഅ്തികാഫ്, റുകൂഅ്
ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിക്കവെ അല്ലാഹു പറഞ്ഞു:
وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُود

(ത്വവാഫ് ചെയ്യുന്നവര്‍ക്കും ഇഅ്തികാഫിരിക്കുന്നവര്‍ക്കും റുകൂഅ് ചെയ്യുന്നവര്‍ക്കും, സാഷ്ടാംഗം ചെയ്യുന്നവര്‍ക്കും  എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു - ബഖറ: 125).

ഇവിടെ ത്വവാഫ് ചെയ്യുന്നവര്‍, ഇഅ്തികാഫ് ഇരിക്കുന്നവര്‍, റുകൂഅ് ചെയ്യുന്നവര്‍, സാഷ്ടാംഗം ചെയ്യുന്നവര്‍ എന്ന ക്രമത്തിന് ഒരു സൗന്ദര്യമുണ്ട്. കുറഞ്ഞതില്‍നിന്ന് കൂടുതലിലേക്ക് എന്ന ആരോഹണശൈലിയിലാണ്   അവതരണം. ത്വവാഫ് ചെയ്യുന്നവരുടെ എണ്ണം ഇഅതികാഫ് ഇരിക്കുന്നവരേക്കാള്‍ കുറവായിരിക്കുമല്ലോ. ഇഅ്തികാഫിരിക്കുന്നവര്‍ റുകൂഅ് ചെയ്യുന്നവരേക്കാള്‍ കുറവായിരിക്കും. റുകൂഅ് ചെയ്യുന്നവര്‍  സുജൂദ് ചെയ്യുന്നവരേക്കാള്‍ കുറവായിരിക്കും. നമസ്‌കാരങ്ങളില്ലാതെയും സുജൂദ് ചെയ്യാറുണ്ടല്ലോ.

ഇതേ വാചകങ്ങളെ അവരോഹണ ക്രമത്തിലും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്:
 يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ
(മര്‍യം, നീ നിന്റെ നാഥനെ അനുസരിക്കുക. അവന് സുജൂദ് ചെയ്യുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക' - ആലുഇംറാന്‍ 43).

ഇവിടെ അനുസരണം, സുജൂദ്, റുകൂഅ് എന്ന ക്രമം കൂടുതലുള്ളതില്‍നിന്ന് കുറവുള്ളതിലേക്ക് എന്ന അവരോഹണക്രമത്തിലാണ്.

മേച്ചില്‍സ്ഥലത്തേക്ക് പോവലും വരലും
അന്നഹ്ല്‍ അധ്യായത്തില്‍ അല്ലാഹു പറയുന്നു:
  وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
('നിങ്ങള്‍ കന്നുകാലികളെ മേച്ചില്‍സ്ഥലങ്ങളില്‍നിന്ന് തിരിച്ചുകൊണ്ടുവരുമ്പോഴും അവയെ മേച്ചില്‍ സ്ഥലത്തേക്ക് കൊണ്ടുപോവുമ്പോഴും നിങ്ങള്‍ക്ക് അവയില്‍ സൗന്ദര്യമുണ്ട്' - നഹ്ല്‍: 6).
ഇവിടെ സമയക്രമമനുസരിച്ച് മേച്ചില്‍സ്ഥലത്തേക്ക് കൊണ്ടു പോവുന്നതിനെ ആദ്യവും  തിരിച്ചുകൊണ്ടുവരുന്നതിനെ രണ്ടാമതുമാണ് പറയേണ്ടിയിരുന്നത്.  നേര്‍വിപരീതമാവാനുള്ള ന്യായമിതാണ്: വിശപ്പകന്ന് സന്തോഷത്തോടെ മേച്ചില്‍സ്ഥലത്തു നിന്ന് തിരിച്ചുവരുമ്പോഴാണല്ലോ, വിശന്നു വലഞ്ഞ് വയറൊട്ടി മേയാന്‍ വിടുമ്പോഴുള്ളതിനേക്കാള്‍ കൗതുകവും സൗന്ദര്യവും കാലികളില്‍ കൂടുതല്‍ അനുഭവപ്പെടുക. 
ഇമാം റാസി എഴുതി:
 فإن قيل: لم قدمت الإراحة على التسريح؟ قلنا: لأن الجمال في الإراحة أكثر. لأنها تقبل ملأى البطون حافلة الضروع، ثم اجتمعت في الحظائر حاضرة لأهلها بخلاف التسريح، فإنها عند خروجها إلى المرعى تخرج جائعة عادمة اللبن ثم تأخذ في التفرق والإنتشار، فظهر أن الجمال في الإراحة أكثر منه في التسريح
'ചോദിച്ചേക്കാം: എന്തുകൊണ്ടാണ് മേച്ചില്‍സ്ഥലത്തു നിന്ന് തിരിച്ചുകൊണ്ടുവരുന്നതിനെ ആദ്യവും കൊണ്ടുപോവുന്നതിനെ പിന്നീടും ആക്കിയതെന്ന്. നാം പറയുന്നു: തിരിച്ച് കൊണ്ടുവരുമ്പോഴാണ് സൗന്ദര്യം കൂടുതലുണ്ടാവുക. വയറും അകിടും നിറഞ്ഞ് സുന്ദരന്മാരായിട്ടായിരിക്കും കാലികളുടെ തിരിച്ചുവരവ്. പിന്നെ, ഉടമക്ക് അവയെ ഒരുമിച്ച് കൂട്ടിനുള്ളില്‍ കാണാനാവുന്നതും അപ്പോഴാണല്ലോ. മേച്ചില്‍സ്ഥലത്തേക്ക് രാവിലെ പോവുമ്പോഴാകട്ടെ, വയറും അകിടും കാലിയായിട്ടായിരിക്കും. പിന്നെ, പലയിടങ്ങളിലായി അവ ചിതറി മേയുകയും ചെയ്യുന്നു. ഇതോടെ മേച്ചില്‍സ്ഥലത്തു നിന്ന് തിരിച്ച് കൊണ്ടുവരുമ്പോഴാണ് കൂടുതല്‍ സൗന്ദര്യം എന്ന് വ്യക്തമായല്ലോ' (തഫ്‌സീറുര്‍ റാസി).

ബധിരത, മൂകത, അന്ധത
കപടന്മാരുടെയും കാഫിറുകളുടെയും സ്വഭാവത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: 
صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَرْجِعُون
 'ബധിരരും മൂകരും കുരുടരുമാണവര്‍. അവരൊരിക്കലും നേര്‍വഴിയിലേക്കു തിരിച്ചുവരില്ല' - ബഖറ 18.
മറ്റൊരിടത്ത് ഇപ്രകാരം:   
  صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ
'ബധിരരും മൂകരും കുരുടരുമാണവര്‍. അവരൊന്നും ആലോചിച്ചറിയുന്നില്ല' - ബഖറ 171.
ഇവിടെ സത്യത്തിലേക്ക് വരാതിരിക്കാനുള്ള പ്രഥമ തടസ്സമായി പറയുന്നത് ബധിരതയെയാണ്. കാരണം കേള്‍വിയിലൂടെയാണ് ഒരാള്‍ക്ക് നേര്‍മാര്‍ഗത്തിലെത്താന്‍ കഴിയുക. അതിന് വിസമ്മതിച്ച് ബധിരത നടിച്ചവര്‍ക്ക് ഒരിക്കലും നേര്‍മാര്‍ഗം നേടാനാവില്ല. എന്നാല്‍ ഇതേ വിശേഷണങ്ങള്‍ അന്ത്യദിനത്തിലെ ആളുകളെപ്പറ്റി പറഞ്ഞപ്പോഴുള്ള ക്രമം ഇപ്രകാരമാണ്:
  وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّاۖ
'ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാമവരെ മുഖം നിലത്തു കുത്തി വലിച്ചിഴച്ച് കൊണ്ടുവരും. അവരപ്പോള്‍ അന്ധരും ഊമകളും ബധിരരുമായിരിക്കും' - ഇസ്‌റാഅ് 97.
ഈ വാക്യത്തില്‍ അന്ധതയാണ് ആദ്യം പരാമര്‍ശിച്ചത്. കാരണം, കര്‍മഫലം അനുഭവിക്കേണ്ട പരലോകത്ത് കാതിനേക്കാളും നാവിനേക്കാളും കൂടുതല്‍ ഉപയോഗപ്പെടുക കണ്ണാണ്. അതുകൊണ്ട് ശിക്ഷയുടെ കാഠിന്യം ബോധ്യപ്പെടുത്താനായി ആദ്യം അന്ധതയെ പറഞ്ഞു.

ജിന്നും ഇന്‍സും
വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലത്ത് ജിന്നും ഇന്‍സും പരാമര്‍ശിക്കുന്നുണ്ട്. 
الْإِنسُ وَالْجِنّ ചിലയിടങ്ങളില്‍  
എന്നും ചിലയിടങ്ങളില്‍ 
الْجِنِّ والإنسِ എന്നുമാണ്. സന്ദര്‍ഭത്തിന്റെ തേട്ടവും യുക്തിയും അനുസരിച്ചാണ് ഈ മാറ്റം എന്ന് അല്‍പ്പം പഠനം നടത്തിയാല്‍ ബോധ്യപ്പെടും. ഖുര്‍ആനിന് തുല്യമായ മറ്റൊരു ഗ്രന്ഥം കൊണ്ടുവരാന്‍ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും സാധ്യമല്ല എന്ന് വെല്ലുവിളി നടത്തിയപ്പോള്‍ ഇപ്രകാരമാണ് ഖുര്‍ആന്‍ പറഞ്ഞത് :
قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِه
ഇവിടെ   الْإِنسُ  ആണ് ആദ്യം. വെല്ലുവിളിയുടെ പ്രധാന ഉന്നം മനുഷ്യനാണ് എന്നതാണ് കാരണം. 
   

എന്നാല്‍ 'ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക' (അര്‍റഹ്‌മാന്‍ 33) എന്ന് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരമാണ് വെല്ലുവിളിച്ചത് : 
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُواۚ 
ഈ വാക്യത്തില്‍ ജിന്നുകളാണ് ആദ്യം. കാരണം ചലനത്തില്‍ മനുഷ്യരേക്കാള്‍ എത്രയോ ഇരട്ടി ശേഷിയുള്ളവരാണ് ജിന്നുകള്‍. ശക്തരെ ആദ്യം വെല്ലുവിളിക്കുന്നതിലാണല്ലോ ധീരത.
മറ്റൊരു വചനം കാണുക:
 وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
'ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല' - ദാരിയാത്ത് 56.
ഇവിടെ ജിന്നുകളെ തുടക്കത്തില്‍ പരാമര്‍ശിക്കാനുള്ള പ്രചോദനം അവരെയാണ് ആദ്യം സൃഷ്ടിച്ചത് എന്നതാണ്.
 الْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ
'അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്ജ്വാലയില്‍നിന്ന് സൃഷ്ടിച്ചു - ഹിജ്‌റ് 27 എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വൃക്തമാക്കിയതാണല്ലോ.

ദര്‍റും നഫ്ഉം
വിശുദ്ധ ഖുര്‍ആനില്‍ ഉപകാരം (نفع), ഉപദ്രവം (ضر) എന്നീ രണ്ട് നാമങ്ങള്‍ അടുത്തടുത്ത്  ധാരാളം വാക്യങ്ങളില്‍ വന്നിട്ടുണ്ട്. പക്ഷേ, ചിലയിടങ്ങളില്‍ ആദ്യം നഫ്ഉം പിന്നെ ദര്‍റും ചിലയിടത്ത് തിരിച്ചുമാണ്. ഓരോ പ്രയോഗത്തിന്റെ പിന്നിലും അത്യധികം യുക്തി പാലിച്ചിട്ടുണ്ടെന്ന് ഈ വാക്യങ്ങളെ വിചിന്തനം ചെയ്താല്‍ ബോധ്യപ്പെടും.
ഈ വാക്യം ശ്രദ്ധിക്കുക: 
قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُۚ 
(പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇഛിച്ചതുമാത്രം നടക്കുന്നു - അഅ്‌റാഫ് 188).
ഇവിടെ ഗുണമാണ് ആദ്യം. കാരണം, ഇതിന് മുമ്പുള്ള വാക്യം നോക്കുക :
 مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِيۖ وَمَن يُضْلِلْ فَأُولَٰئِكَ هُمُ الْخَاسِرُونَ
'അല്ലാഹു നന്മയിലേക്കു നയിക്കുന്നവര്‍ മാത്രമാണ് നേര്‍വഴി പ്രാപിച്ചവര്‍. അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നവര്‍ നഷ്ടം പറ്റിയവരാണ്' - അഅ്‌റാഫ് 178.
ഇതിനു ശേഷമുള്ള വാചകവും വായിക്കുക: 
 وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُۚ
'എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല' - അഅ്‌റാഫ് 188.
ഇവയിലെല്ലാം നേര്‍മാര്‍ഗവും നന്മയുമാണ് ആദ്യം പറഞ്ഞത്. അതുകൊണ്ടാണ് പ്രസ്തുത വാക്യത്തില്‍  
النفع و الضرഎന്ന ക്രമം സ്വീകരിച്ചത്.
ഇനി ഈ വാക്യം നോക്കൂ :
قُل لَّا أَمْلِكُ لِنَفْسِي ضَرًّا وَلَا نَفْعًا إِلَّا مَا شَاءَ اللَّهُۗ
പ്രവാചകരേ പറയുക: 'എനിക്കു തന്നെ ദോഷമോ ഗുണമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇഛിച്ചാലല്ലാതെ' - യൂനുസ് 49.
ഇവിടെ ദോഷമാണ് ആദ്യം. കാരണമുണ്ട്. ഈ വാക്യത്തിനു മുമ്പ് പറഞ്ഞു:
وَإِذَا مَسَّ الْإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَىٰ ضُرٍّ مَّسَّهُۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ

'മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോട് പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു' - യൂനുസ് 12.
ഇതിനു ശേഷമുള്ള ഒരു വാക്യം ഇപ്രകാരമാണ് :
قُلْ أَرَأَيْتُمْ إِنْ أَتَاكُمْ عَذَابُهُ بَيَاتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ الْمُجْرِمُونَ
(ചോദിക്കുക: അല്ലാഹുവിന്റെ ശിക്ഷ രാവോ പകലോ നിങ്ങള്‍ക്കു വന്നെത്തിയാല്‍  എന്തുണ്ടാവുമെന്ന്  നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ? അതില്‍നിന്ന് ഏത് ശിക്ഷക്കായിരിക്കും കുറ്റവാളികള്‍ തിടുക്കം കൂട്ടുക?' - യൂനുസ് 50).
ഈ വാക്യങ്ങളിലെല്ലാം ഉപദ്രവങ്ങളെയും ശിക്ഷയെയുമാണ് പരാമര്‍ശിക്കുന്നത്. ഇതാണ് പ്രസ്തുത ആയത്തില്‍ 'ദര്‍റ്' മുന്നില്‍ പറഞ്ഞതിന്റെ ഔചിത്യമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.
ഇനിയും നോക്കാം. അധ്യായം 'അര്‍റഅ്ദി'ല്‍ അല്ലാഹു പറഞ്ഞു:
 قُلْ أَفَاتَّخَذْتُم مِّن دُونِهِ أَوْلِيَاءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّاۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ أَمْ هَلْ تَسْتَوِي الظُّلُمَاتُ وَالنُّورُۗ
'അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെ വിട്ട് രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ?'  - റഅ്ദ് 16.
ഇവിടെ ആദ്യം നഫ്അ് ആണ്. കാരണം ഇതിന്റെ തൊട്ടു മുമ്പുള്ള വാക്യത്തില്‍ പറഞ്ഞു:
 وَلِلَّهِ يَسْجُدُ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا
'ആകാശഭൂമികളിലുള്ളവരൊക്കെയും ഇഷ്ടത്തോടെയോ നിര്‍ബന്ധിതമായോ സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിനാണ്' - റഅ്ദ് 15.
ഇതില്‍ ഇഷ്ടമാണ് ആദ്യം. അതുകൊണ്ട് നിര്‍മാണ ഗുണമായ നഫ്അ് ആദ്യം പറഞ്ഞു. അതുപോലെ അധ്യായം 'സബഇ'ല്‍ അല്ലാഹു പറഞ്ഞു: 
 فَالْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا
'അന്ന് നിങ്ങളിലാര്‍ക്കും പരസ്പരം ഗുണമോ ദോഷമോ ചെയ്യാനാവില്ല' - സബഅ് 42.
ഇവിടെ ഗുണമാണ് തുടക്കം. കാരണം അതിന് മുമ്പുള്ള വാക്യം ഇപ്രകാരണ് :
 قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
'പറയുക: എന്റെ നാഥന്‍ അവനിഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ ഉദാരത വരുത്തുന്നു. അവനിഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കമുണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ, അധികമാളുകളും അതറിയുന്നില്ല - സബഅ് 36.
ഇതില്‍ ഉദാരത എന്ന നന്മയാണ് ആദ്യം. അതുകൊണ്ടാണ് പ്രസ്തുത വാക്യത്തില്‍ നഫ്ഇനെ ആദ്യം പരാമര്‍ശിച്ചത്.

ആകാശവും ഭൂമിയും
ആകാശഭൂമികളെ പരാമര്‍ശിക്കുമ്പോള്‍ വലിപ്പവും വിശാലതയും പരിഗണിച്ച് ആകാശത്തെയാണ് ആദ്യം പറയേണ്ടത്. വിശുദ്ധ ഖുര്‍ആനിലെ അധിക വാക്യങ്ങളിലും അപ്രകാരം തന്നെയാണ്.   السماوات والأرضഎന്നതാണ് സാധാരണ പ്രയോഗം. എന്നാല്‍ ഈ വാക്യം ശ്രദ്ധിക്കുക :
 قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ
'പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്താണ് അവര്‍ സൃഷ്ടിച്ചതെന്ന് എനിക്കൊന്നു കാണിച്ചുതരൂ. അല്ലെങ്കില്‍ ആകാശങ്ങളിലവര്‍ക്ക് വല്ല പങ്കുമുണ്ടോ?' - ഫാത്വിര്‍ 40.

ഇവിടെ ഭൂമിയെ ഒന്നാമതാക്കിയതിന്റെ ഔചിത്യം ഇതാണ് : അല്ലാഹുവെ കൂടാതെ വിളിച്ചു പ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികള്‍ക്ക് ഒരു സിദ്ധിയുമില്ല. ആകാശ ലോകത്തിലെ വസ്തുക്കള്‍ പോയിട്ട് ഭൂമിയിലെ നിസ്സാര സാധനങ്ങള്‍ പോലും സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധ്യമല്ല. 
ഇനി മറ്റൊരു വാക്യം നോക്കുക:
 الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً
'അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ മെത്തയാക്കി വിരിച്ചുതന്നു. ആകാശത്തെ മേലാപ്പാക്കി - ബഖറ 22.

ഇവിടെ മനുഷ്യരുടെ വാസസ്ഥലവും അവര്‍ക്ക് ജീവിത വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നതുമായതുകൊണ്ടാണ് ഭൂമിയെ തുടക്കത്തിലാക്കിയത്. അതുപോലെ മറ്റൊരു വാക്യത്തില്‍ അല്ലാഹു അരുളി:
 وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ
'ഭൂമിആകാശങ്ങളിലെ അണുപോലുള്ളതോ അതിനേക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയില്‍പെടാതെയില്ല' - യൂനുസ് 61.
ഇവിടെ ഭൂമിയെ തുടക്കത്തിലാക്കിയതിനുള്ള കാരണങ്ങള്‍ പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഈ വാക്യത്തെ വിശദീകരിച്ച് സമഖ്ശരി എഴുതി: 'ഇവിടെ മാത്രം എന്തുകൊണ്ട് ഭൂമിയെ മുന്നിലാക്കി എന്ന് ചോദിക്കാം. ഉത്തരമിതാണ്: ഈ വാക്യത്തിനു മുമ്പുള്ള വാക്യമിതാണ്:
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِۚ
'നീ ഏതു കാര്യത്തിലാവട്ടെ; ഖുര്‍ആനില്‍നിന്ന് എന്തെങ്കിലും ഓതിക്കേള്‍പ്പിക്കുകയാകട്ടെ;  നിങ്ങള്‍ ഏതു പ്രവൃത്തി ചെയ്യുകയാകട്ടെ; നിങ്ങളതില്‍ ഏര്‍പ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെ മേല്‍ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല' - യൂനുസ് 61.

ഭൂവാസികളുടെ സകല കര്‍മങ്ങളും വ്യവഹാരങ്ങളും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു എന്ന് ഇപ്രകാരം നേരത്തേ സൂചിപ്പിച്ച സാഹചര്യത്തിലാണ് ഈ വാക്യം പറയുന്നത്. അതിനാല്‍ ഭൂമിയെ ആദ്യം പറഞ്ഞു' - അല്‍ കശ്ശാഫ്.
മറ്റൊരു വാക്യത്തിലും ആകാശത്തിനു മുന്നില്‍ ഭൂമി വന്നിട്ടുണ്ട്: 
 وَمَا يَخْفَىٰ عَلَى اللَّهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ
'അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല-  ഭൂമിയിലും  ആകാശത്തും' - ഇബ്‌റാഹീം 38.
ഇപ്രകാരം യൂനുസ്-61, ഇബ്‌റാഹീം- 38, ത്വാഹാ - 4, അന്‍കബൂത്ത്- 22 എന്നീ വാക്യങ്ങളിലും  ഭൂമി ആദ്യം വരുന്നുണ്ട്.
നേരത്തേ സൂചിപ്പിച്ച കാരണങ്ങള്‍ തന്നെയാണ് ഇവിടങ്ങളിലുമുള്ള പശ്ചാത്തലം.

മുഖവും കണ്ണുകളും
പറയാന്‍ പോവുന്ന കാര്യങ്ങളുടെ ന്യായീകരണം എന്ന ഉദ്ദേശ്യത്തോടെയും വാചകങ്ങളെ മുന്നില്‍ വെക്കാറുണ്ട്. ഉദാഹരണം:
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْۚ
'നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ' - നൂര്‍ 30.
ഇവിടെ ദൃഷ്ടികള്‍ നിയന്ത്രിക്കണമെന്ന് ആദ്യം പറയാനുള്ള കാരണത്തെക്കുറിച്ച് ഇമാം സമഖ്ശരി എഴുതി:
فإن قلت:لم قدّم غضّ الأبصار على حفظ الفروج، قلت:لأن النظر بريد الزنا ورائد الفجور، والبلوى فيه أشد وأكثر ]الكشاف[ 3/230 

'എന്തുകൊണ്ടാണ് ദൃഷ്ടികള്‍ നിയന്ത്രിക്കണമെന്ന് ആദ്യം പറഞ്ഞത് എന്ന് ചോദിച്ചേക്കാം ഉത്തരമിതാണ്: നോട്ടം വ്യഭിചാരത്തിന്റെ സന്ദേശം കൈമാറുന്നവനാണ്. അധര്‍മങ്ങളുടെ നേതാവും. അതുവഴിയുള്ള പരീക്ഷണം കഠിനവും കൂടുതലുമാണ്.

വെളുത്ത മുഖം, കറുത്ത മുഖം
 يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴿١٠٦﴾ وَأَمَّا الَّذِينَ ابْيَضَّتْ وُجُوهُهُمْ فَفِي رَحْمَةِ اللَّهِ هُمْ فِيهَا خَالِدُونَ
''ചില മുഖങ്ങള്‍ പ്രസന്നമാവുകയും മറ്റുചില മുഖങ്ങള്‍ ഇരുളുകയും ചെയ്യുന്ന ദിനം അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്. അന്ന് മുഖം ഇരുണ്ടവരോട് ഇങ്ങനെ പറയും: 'സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളാവുകയല്ലേ നിങ്ങള്‍ ചെയ്തത്? അവ്വിധം സത്യനിഷേധികളായതിനാല്‍ നിങ്ങളിന്ന് കൊടിയ ശിക്ഷ അനുഭവിച്ചുകൊള്ളുക.' എന്നാല്‍ പ്രസന്നമായ മുഖമുള്ളവര്‍ അന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും. അവരെന്നെന്നും അതേ അവസ്ഥയിലാണുണ്ടാവുക'' - ആലുഇംറാന്‍ 106,107.
ഈ വാക്യത്തിന്റെ തുടക്കത്തില്‍ മുഖം വെളുത്ത സുകൃതവാന്മാരാണ് (تَبْيَضُّ وُجُوهٌ). എന്നാല്‍ രണ്ടാം വാചകത്തില്‍ മുഖം കറുത്ത പാപികളാണ് ആദ്യം ).
فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُم
സുകൃതവാന്മാരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമാണ് അവരെ വാക്യത്തിന്റെ ആരംഭത്തിലാക്കിയത്. ഇതേ പ്രചോദനം തന്നെയാണ് രണ്ടാം വാചകത്തില്‍ അവരെ അവസാനമാക്കിയതിനും. കാരണം ഒരു പ്രഭാഷണത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുക. 
ഇമാം റാസി എഴുതി:
أن المقصود من الخلق إيصال الرحمة لا إيصال العذاب، قال عليه الصَّلاة والسَّلام حاكياً عن رَبِّ العزة سبحانه: “  خلقتهم ليربحوا عليّ لا لأربح عليهم “ .وإذا كان كذلك فهو تعالى ابتدأ بذكر أهل الثواب وهم أهل البياض، لأن تقديم الأشرف على الأخس في الذكر أحسن، ثم ختم بذكرهم أيضاً “ تنبيهاً على أن إرادة الرحمة أكثر من إرادة الغضب كما قال: “سبقت رحمتي غضبي”

''കാരുണ്യമാണ് ശിക്ഷയല്ല സൃഷ്ടിപ്പിന്റെ ലക്ഷ്യം. അല്ലാഹു അരുളിയതായി റസൂല്‍ പറഞ്ഞു: സൃഷ്ടികള്‍ക്ക് ലാഭം നേടാനാണ്; നഷ്ടമുണ്ടാക്കാനല്ല നാം അവരെ പടച്ചത്.' അതുകൊണ്ടാണ് പ്രതിഫലാര്‍ഹരായ ധവള മുഖക്കാരെ ആദ്യം പരാമര്‍ശിച്ചത്. ശിഷ്ടരുടെ മുമ്പ് വിശിഷ്ടരെ പറയുന്നതില്‍ ഒരു സൗന്ദര്യമുണ്ട്. പിന്നെ അവരെക്കൊണ്ട് അവസാനിപ്പിച്ചതും കോപത്തേക്കാള്‍ വാത്സല്യമാണ് അല്ലാഹുവിനിഷ്ടം എന്ന് സൂചിപ്പിക്കാനാണ്.'എന്റെ കാരുണ്യം കോപത്തെ മറികടന്നിരിക്കുന്നു' എന്നാണല്ലോ അവന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.''

വ്യഭിചാരിയും വ്യഭിചാരിണിയും
ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
 الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍۖ
'വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടി വീതം അടിക്കുക' (അന്നൂര്‍ 2).
(വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം ചെയ്യുകയുമില്ല - അന്നൂര്‍ 3).
ആദ്യ വാക്യത്തില്‍ വ്യഭിചാരിണിയും രണ്ടാമത്തേതില്‍ വ്യഭിചാരിയുമാണ് മുന്നില്‍. ഒന്നാമത്തേതില്‍ വ്യഭിചാരത്തിനുള്ള ശിക്ഷയാണ് വിഷയം. സ്ത്രീകളുടെ അഴിഞ്ഞാട്ടവും സൗന്ദര്യപ്രകടനവുമാണ് വ്യഭിചാര വ്യാപനത്തിന്റെ മുഖ്യ ഹേതു എന്നാണിതിലൂടെ സൂചിപ്പിക്കുന്നത്. രണ്ടാമത്തേതിലെ പ്രമേയം വിവാഹമാണ്. വിവാഹത്തിലെ മുഖ്യ കാര്‍മികന്‍ പുരുഷനായതിനാലാണ് വ്യഭിചരിക്കുന്ന പുരുഷനെ ആദ്യം പരാമര്‍ശിച്ചത്.

കച്ചവടവും വിനോദവും
അല്ലാഹു പറഞ്ഞു:
 وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًاۚ قُلْ مَا عِندَ اللَّهِ خَيْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِۚ وَاللَّهُ خَيْرُ الرَّازِقِينَ
'വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല്‍ നിന്നെ നിന്നനില്‍പില്‍ വിട്ടു അവര്‍ അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തേക്കാളും വ്യാപാരത്തേക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ - ജുമുഅ 11.
ആയത്തിന്റെ ആദ്യത്തില്‍ കച്ചവടവും പിന്നീട് വിനോദവുമാണ് മുന്നില്‍. പ്രവാചകനെയും ജുമുഅയെയും ഉപേക്ഷിച്ച് പോവാനിടയാക്കിയ പ്രധാന കാരണം കച്ചവടമായതിനാലാണ് അത് തുടക്കത്തിലാക്കിയത്.
ഇക്കാര്യം തന്നെ ഒന്നു കൂടി ഉണര്‍ത്താനാണ് പിന്നീട് അവസാനമാക്കിയത്. കാര്യമായാലും കളിയായാലും ജുമുഅ ഉപേക്ഷിക്കരുത് എന്ന സൂചനയും രണ്ടും മാറിമാറി പറഞ്ഞതിലുണ്ട്. ഇബ്‌നു അത്വിയ്യ പറഞ്ഞു:
“ قدمت التجارة على اللهو في الرؤية لأنها أهم وأخرت مع التفضيل، لتقع النفس أولاً على الأبين.”
'വിനോദത്തേക്കാള്‍ കച്ചവടത്തിനുള്ള മുന്‍ഗണനയാണ് അതിനെ തുടക്കത്തിലാക്കിയത്. അതിന്റെ പ്രാധാന്യം പിന്നിലും. മനസ്സില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍'
അതുപോലെ, പ്രസ്തുത വാക്യത്തില്‍ انفظوا إليها (അവര്‍ അവ രണ്ടിലേക്കും -കളി, വിനോദം- തിരിയുന്നുവല്ലോ) എന്ന രണ്ടു തരം സൂചനക്കു പകരം انْفَظُّوا إليها  (അവര്‍ അതിലേക്ക് -കച്ചവടം- തിരിയുന്നുവല്ലോ) എന്ന ഏക സൂചനയാക്കാനുള്ള കാരണവും കച്ചവടത്തിന് അവര്‍ നല്‍കിയിരുന്ന പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മാതാപിതാക്കളും കുടുംബവും
ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
 قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ 
'പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും'  - തൗബ 24).
തുടക്കത്തില്‍ പിതാവാണ്.
 زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ…….. 
'മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു: സ്ത്രീകള്‍, മക്കള്‍..........'
സ്ത്രീകളാണ് ആദ്യം.
 يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ وَأُمِّهِ وَأَبِيهِ......... 
'അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും  വെടിഞ്ഞോടും' (അബസ 34,35).
സഹോദരനാണ് ആദ്യം.
يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيه وَصَاحِبَتِهِ وَأَخِيهِ ........
'അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെയും സഹധര്‍മിണിയെയും സഹോദരനെയും  പണയം നല്‍കിയാലോ!' (മആരിജ് 11,12). തുടക്കത്തില്‍ മക്കളാണ്.

ഇവിടെ ഓരോ വാക്യങ്ങള്‍ക്കും അവയുടേതായ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമുണ്ട്. ഒന്നാമത്തെ വാക്യം സാമൂഹിക പദവികളെ കുറിച്ചാണ്. സമൂഹത്തില്‍ പിതാക്കന്മാര്‍ക്കാണ് എപ്പോഴും സ്ഥാനം. 'ഞാന്‍ ഇന്നയാളുടെ മകനാണ്' എന്ന് പറഞ്ഞാണല്ലോ പലരും അഭിമാനം കൊള്ളാറുള്ളത്. രണ്ടാമത്തേതില്‍ മനുഷ്യര്‍ക്ക് ചേതോഹരമാക്കിയ ഭൗതിക വിഭവങ്ങളെപ്പറ്റിയാണ്. അതിനാല്‍ സ്ത്രീയെ ആദ്യമാക്കി. മൂന്നാമത്തേത് പരലോകത്ത് സഹായം തേടുന്നതാണ്. ശക്തനും മല്ലനുമായ സഹോദരനെ തുടക്കത്തിലാക്കിയത് അതുകൊണ്ടാണ്. പിന്നീട് പ്രായശ്ചിത്തത്തിന്റെ സന്ദര്‍ഭത്തില്‍ മകനാണ് തുടക്കം. തനിക്ക് ഏറെ സ്‌നേഹമുള്ള സ്വന്തം മകനെപ്പോലും പകരം നല്‍കാന്‍ കൊതിക്കുന്നു എന്നത് പരലോകത്തിന്റെ ഭയാനകതയിലേക്ക് സൂചന നല്‍കുന്നതാണ്.

മുദ്രയടിക്കപ്പെട്ടവര്‍
ഖുര്‍ആന്‍ പറയുന്നു :
خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ 
'അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു' (ബഖറ 7).
മറ്റൊരു വാക്യത്തില്‍ ഇതേ കാര്യം ഇപ്രകാരമാണ്:
 وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ 
'അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു' (ജാസിയ: 23).
ആദ്യ വാക്യത്തില്‍ ഹൃദയത്തെ തുടക്കത്തിലാക്കിയതിന്റെ ഔചിത്യം, മനുഷ്യരില്‍ പൊതുവെയുള്ള ഭക്തരുടെയും നിഷേധികളുടെയും കാര്യങ്ങള്‍ പരാമര്‍ശിച്ച ശേഷമാണ് ഈ വാക്യം വരുന്നത് എന്നതാണ്. ഹൃദയങ്ങളുടെ വിസമ്മതമാണല്ലോ സാധാരണക്കാരെ സത്യത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത്. രണ്ടാമത്തേതില്‍, പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ ദേഹേഛയെ പൂജിക്കുന്ന പ്രത്യേക വിഭാഗത്തെ പരാമര്‍ശിച്ചപ്പോഴാണ്.  വിജ്ഞാനത്തിന്റെ പ്രധാന കവാടമായ കാതിനെ വേണ്ട വിധം ഉപയോഗപ്പെടുത്താത്തതാണ് ഇവരുടെ രോഗം എന്ന് സൂചിപ്പിക്കുകയാണിവിടെ.

അകലെ നിന്നും ഒരാള്‍
അധ്യായം ഖസ്വസ്വില്‍ അല്ലാഹു പറഞ്ഞു: 
 وَجَاءَ رَجُلٌ مِّنْ أَقْصَى الْمَدِينَةِ يَسْعَى
'അപ്പോള്‍ ഒരാള്‍ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന്  ഓടിവന്നു' (ഖസ്വസ്വ് 20).
സൂറ യാസീനില്‍ ഇങ്ങനെ കാണാം:
 وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ 
'ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു'  (യാസീന്‍ 20).
ഇവിടെ ഒന്നാമത്തെ വാക്യത്തില്‍ ഒരാള്‍ (رجل) തുടക്കത്തിലും രണ്ടാമത്തേതില്‍ ഒടുക്കവുമാണ്. കാരണം ആദ്യത്തേതില്‍ ആ ഒരാളിലേക്കുതന്നെ പൂര്‍ണ ശ്രദ്ധയും തിരിയേണ്ടതുണ്ട്. മൂസാ നബിക്കെതിരെ നടക്കുന്ന വധ ഗൂഢാലോചനയുടെ രഹസ്യവുമായാണ് അദ്ദേഹം വന്നിരിക്കുന്നത്. രണ്ടാമത്തേതിലാവട്ടെ, ആള്‍ പുറപ്പെട്ട പട്ടണത്തിനാണ് പ്രാധാന്യം.പ്രവാചകന്മാരുടെ പ്രബോധനം തള്ളിക്കളഞ്ഞ ആ പ്രദേശത്തുകാരെ മുന്നറിയിപ്പ് നല്‍കാനാണ് അദ്ദേഹമെത്തുന്നത്.

പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതും
ഈ വാക്യം ശ്രദ്ധിക്കുക:
وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ    
'നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്റെപേരില്‍ നിങ്ങളെ വിചാരണ ചെയ്യും'  (ബഖറ 284).
ഇതേ കാര്യം മറ്റൊരു വാക്യത്തില്‍ ഇപ്രകാരമാണ് വിവരിച്ചത്:
 قُلْ إِن تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ 
 'പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും വെളിപ്പെടുത്തിയാലും  അല്ലാഹു അറിയും' (ആലുഇംറാന്‍ 29).
ഇവിടെ നിങ്ങള്‍ വെളിപ്പെടുത്തിയാലും (تبدوا) എന്ന ക്രിയ ആദ്യവാക്യത്തില്‍ തുടക്കത്തിലാണ്. കാരണം ഉള്ളും പുറവും തുല്യമായ, പരസ്യവും രഹസ്യവും ഒരുപോലെ വിശുദ്ധമായ വിശ്വാസികളെ പരാമര്‍ശിച്ച പശ്ചാത്തലത്തിലാണ് ആദ്യ വാക്യം. രണ്ടാമത്തേതാവട്ടെ, അകത്തൊന്നും പുറത്ത് മറ്റൊന്നും പ്രകടിപ്പിക്കുന്ന കപടന്മാരെ കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ്. അതിനാല്‍ നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും (تُخْفوا) എന്ന്  തുടക്കത്തിലാക്കി.

ഈസായും മാതാവും
ഈ വാക്യം നോക്കുക:
 وَالَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَاهَا وَابْنَهَا آيَةً لِّلْعَالَمِينَ 
'തന്റെ ചാരിത്ര്യശുദ്ധി സൂക്ഷിച്ചവളുടെ കാര്യം ഓര്‍ക്കുക: അങ്ങനെ നാം അവളില്‍ നമ്മുടെ ആത്മാവില്‍നിന്ന് ഊതി. അവളെയും അവളുടെ മകനെയും ലോകര്‍ക്ക് തെളിഞ്ഞ അടയാളമാക്കുകയും ചെയ്തു' (അമ്പിയാഅ് 91).
ഇനി ഏതാണ്ട് ഇതേ കാര്യം വിവരിക്കുന്ന മറ്റൊരു വാക്യം നോക്കുക:
 وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَا إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ 
'മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാമൊരു ദൃഷ്ടാന്തമാക്കി. അവരിരുവര്‍ക്കും നാം സൗകര്യപ്രദവും ഉറവകളുള്ളതുമായ ഒരുയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി' (മുഅ്മിനൂന്‍ 50).
ഇവിടെ രണ്ട് വാക്യങ്ങളുടെയും ശൈലികള്‍ ഒരുപോലെയാണെങ്കിലും ഒന്നാമത്തേതില്‍ മര്‍യമിനെയും രണ്ടാമത്തേതില്‍ ഈസാ(അ)യെയുമാണ് ആദ്യം പരാമര്‍ശിച്ചത്. കാരണം ഇരു വാക്യങ്ങളുടെയും പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണ്. മര്‍യമിന്റെ ചരിത്രം വിശദീകരിക്കുന്നതിനിടയിലായിരുന്നു ആദ്യവാക്യം. രണ്ടാമത്തേതാവട്ടെ പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നതിനിടയിലും. അതിനാല്‍ ഒരു പ്രധാന പ്രവാചകനായ ഈസാ നബിയെ തുടക്കത്തിലാക്കി.

സുബുലും ഫിജാജും
അധ്യായം അമ്പിയാഇല്‍ അല്ലാഹു പറഞ്ഞു: 
وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ 
'ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയും കൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാം അതില്‍ സൗകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍' (അമ്പിയാഅ് 31).
എന്നാല്‍ അധ്യായം നൂഹില്‍ ഏതാണ്ട് ഇതേ ആശയത്തിലുള്ള കാര്യം നൂഹ് നബിയുടെ നാവിലൂടെ അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:
  وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا لِّتَسْلُكُوا مِنْهَا سُبُلًا فِجَاجًا  
'അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു. നിങ്ങള്‍ അതിലെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കാന്‍' (നൂഹ് 20).
ഇതില്‍ ആദ്യം فِجَاجًا سُبُلًا  എന്നും രണ്ടാമത്തേതില്‍  سُبُلًا فِجَاجًا  എന്നുമാണ്. പര്‍വതങ്ങളെ പരാമര്‍ശിച്ചതിനിടയിലായപ്പോള്‍ മലകള്‍ക്കിടയിലെ പാതക്ക് പ്രയോഗിക്കുന്ന ഫിജാജ് ആദ്യത്തിലാക്കി. ഭൂമിയുടെ സൗകര്യവും വിശാലതയും സൂചിപ്പിച്ചതിനു ശേഷം വന്ന വാക്യമായതിനാല്‍ സൗകര്യപ്രദമായ വഴി എന്ന് കൂടി അര്‍ഥമുള്ള സുബുലിനെ ആദ്യമാക്കി.

ജനനവും  മരണവും
ജനനമാണ് ആദ്യം. മരണം പിന്നീടാണ്. പക്ഷേ, വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ മുല്‍ക്കില്‍ ജനനമരണങ്ങളെ പരാമര്‍ശിച്ചപ്പോള്‍ ആദ്യം പരാമര്‍ശിച്ചത് മരണത്തെയാണ്. അല്ലാഹു പറഞ്ഞു :
 الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا 
'മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്' (മുല്‍ക് 2).
ഇതിനുള്ള കാരണമായി പണ്ഡിതന്മാര്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ജീവനുള്ള ഒരാളെ സംബന്ധിച്ചേടത്തോളം മരണമാവണം അയാളുടെ മുന്നിലെ വലിയ ചിന്താവിഷയം. അതോടൊപ്പം മരണം തന്നെയാണ് ഉദ്‌ബോധനം നടത്തുമ്പോള്‍  മനുഷ്യ ഹൃദയത്തില്‍ കൂടുതല്‍ തറക്കുന്നതും ഭീതിയുണ്ടാക്കുന്നതും. മരണത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടുള്ള പ്രബോധനം പ്രബോധിതരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. 

ബനൂ ഇസ്രാഈല്യരുടെ പട്ടണപ്രവേശം
ഈ വാക്യം കേള്‍ക്കുക:
 وَإِذْ قُلْنَا ادْخُلُوا هَٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ 
''ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുക. അവിടെനിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക. എന്നാല്‍ നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. നന്മ ചെയ്യുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും'' (ബഖറ 58).

ഇതേ സംഭവമുള്ള മറ്റൊരു വാക്യം:
 وَإِذْ قِيلَ لَهُمُ اسْكُنُوا هَٰذِهِ الْقَرْيَةَ وَكُلُوا مِنْهَا حَيْثُ شِئْتُمْ وَقُولُوا حِطَّةٌ وَادْخُلُوا الْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِيئَاتِكُمْ ۚ سَنَزِيدُ الْمُحْسِنِينَ 
''അവരോടിങ്ങനെ പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ ഈ പട്ടണത്തില്‍ പാര്‍ക്കുകയും ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ളേടത്തുനിന്ന് തിന്നുകയും ചെയ്യുക. നിങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. പട്ടണ കവാടത്തിലൂടെ സുജൂദ് ചെയ്യുന്നവരായി പ്രവേശിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍  നാം പൊറുത്തുതരും. നല്ലവര്‍ക്ക് നാം കൂടുതല്‍ നല്‍കും'' (അഅ്‌റാഫ് 161).

 ആദ്യ വാക്യത്തിലെ 
وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّة
  എന്നതും, അടുത്തതിലെ  
 وَقُولُوا حِطَّةٌ وَادْخُلُوا الْبَابَ سُجَّدًا 
  എന്ന ക്രമവ്യത്യാസത്തെ  സംബന്ധിച്ച് ഇമാം റാസി ഇപ്രകാരം എഴുതി:
،فالمراد التنبيه على أنه لا منافاة في ذلك، لأن المقصود هو تعظيم أمر الله وإظهار الخضوع والخشوع له، فلم يتفاوت الحال بحسب التقديم والتأخير
'വാചകങ്ങളെ മുന്നിലും പിന്നിലുമാക്കിയതില്‍ ഒരു വൈരുധ്യവുമില്ല. സുജൂദ് ചെയ്ത് പ്രവേശിക്കുന്നതിന്റെയും പാപമോചന പ്രാര്‍ഥനയുടെയും ക്രമത്തില്‍ മാറ്റം വരുന്നതിലല്ല; അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിലും വന്ദിക്കുന്നതിലുമാണ് യഥാര്‍ഥ മഹത്വം എന്നാണ് ഇതിലൂടെ അല്ലാഹു സൂചിപ്പിക്കുന്നത്.'

കളിയും വിനോദവും
അധ്യായം അല്‍ ഹദീദിലെ ഈ വാക്യം ശ്രദ്ധിക്കുക:
 : اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ 
'അറിയുക: ഈ ലോകജീവിതം വെറും കളിയും വിനോദവും മാത്രമാണ്' (ഹദീദ് 20). 
ഇതേ കാര്യം അധ്യായം 'അല്‍ അന്‍കബൂത്തി'ല്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:
   وَمَا هَٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ 
 'ഈ ഇഹലോകജീവിതം വിനോദവും കളിയുമല്ലാതൊന്നുമല്ല.' (അന്‍കബൂത്ത് 64).
ആദ്യത്തേതില്‍ (لَعِبٌ و لَهوٌ) എന്നും രണ്ടാമത്തേതില്‍ (لَهْوٌ و لَعِبٌ) എന്നും മാറിമറിഞ്ഞാണ് വന്നിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ ഈ രണ്ട് പദങ്ങള്‍ വന്നിടങ്ങളില്‍ അധികവും   لعبആണ് ആദ്യം. കേവലം വിനോദത്തേക്കാള്‍ കുറച്ച് കാര്യം കൂടിയുള്ള  കളിക്ക് തന്നെയാണല്ലോ പ്രാധാന്യം. മാത്രമല്ല മനുഷ്യജീവിതത്തില്‍ കളി പ്രധാനമായ ബാല്യകാലത്തിനു ശേഷമാണല്ലോ വിനോദ കാലമായ യുവത്വം കടന്നുവരുന്നത്.
 എന്നാല്‍ അധ്യായം അല്‍അന്‍കബൂത്തില്‍ (29) വിനോദം ആദ്യം പരാമര്‍ശിച്ചതിന്റെ ഔചിത്യമിതാണ്: ഇതിനു മുമ്പുള്ള ഒരു വാക്യത്തില്‍ ഇപ്രകാരമുണ്ട്: 
اللَّهُ يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
'അല്ലാഹു തന്റെ ദാസന്മാരില്‍ അവനിഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ വിശാലത വരുത്തുന്നു. അവനിഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കവും വരുത്തുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ്' (അന്‍കബൂത്ത് 62).
ഭൗതിക വിഭവങ്ങള്‍ക്ക് കളിയേക്കാള്‍ വിനോദത്തിനോടാണല്ലോ കൂടുതല്‍ ബന്ധം. അതുകൊണ്ടാണല്ലോ അല്ലാഹു പറഞ്ഞത്:
 يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَٰئِكَ هُمُ الْخَاسِرُونَ 
'വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍.' (മുനാഫിഖൂന്‍ 9).

 ഇക്കാരണത്താലാണ് ഈ വാക്യത്തില്‍ മാത്രം അല്ലാഹു لَهْوٌ وَ لَعِبٌ  എന്ന ക്രമത്തില്‍ അരുളിയത്.

അല്ലാഹുവിന് സാക്ഷിയാവുക, നീതിക്ക് സാക്ഷിയാവുക 
അല്ലാഹു പറഞ്ഞു:
 يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ   
'വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നിര്‍വഹിച്ച് അല്ലാഹുവിന് സാക്ഷികളാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും'  (അന്നിസാഅ് 135).
ഇതേ ആശയം മറ്റൊരു വാക്യത്തില്‍ ഇപ്രകാരമാണ്:
يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ 
'വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി  നിലകൊള്ളുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാവുക'  (മാഇദ 8).
ഈ മാറ്റത്തിന്റെ കാരണമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്:
ആദ്യ വചനത്തിന്റെ പശ്ചാത്തലം 
ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധി നടത്തണമെന്നും (നിസാഅ് 115) ചതിയന്മാര്‍ക്ക് കൂട്ടു നില്‍ക്കരുത് (നിസാഅ് 105) എന്നുമാണ്. അതിനാല്‍ നീതിയെ മുന്നിലാക്കി 
لِلَّهِ كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ 
  (നിങ്ങള്‍ നീതി നിര്‍വഹിച്ച് അല്ലാഹുവിന് സാക്ഷികളാവുക) എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ രണ്ടാമത്തെ വാക്യത്തിനു മുമ്പ് അല്ലാഹുവിനെയും അവനുമായി നടത്തിയ കരാറിനെയും സൂക്ഷിക്കണമെന്നാണ് പറഞ്ഞത്. അതിനാല്‍  
  قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ
(അല്ലാഹുവിനുവേണ്ടി  നിലകൊള്ളുക, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാവുക).

ദാരിദ്ര്യവും കൊലപാതകവും
അല്ലാഹു പറഞ്ഞു:
 وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ 
'ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്' (അന്‍ആം 151).
ഇതേ ഉപദേശം മറ്റൊരിടത്ത് ഇപ്രകാരമാണ്:
 وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ 
'ദാരിദ്ര്യം പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്'  (ഇസ്‌റാഅ് 31).
ആദ്യവാക്യത്തില്‍ 'ദാരിദ്ര്യം കാരണം' (مِن إِملاق) എന്നും രണ്ടാമത്തേതില്‍ 'ദാരിദ്ര്യം ഭയന്ന്' (خَشْيَةَ إمْلَاق) എന്നുമാണ്. അതുപോലെ, ഒന്നാമത്തേതില്‍ നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ് 
(نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ)
എന്നും രണ്ടാമത്തേതില്‍ അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ് 
(نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ)
 എന്നുമാണ്.
ഒന്നാമത്തെ വാക്യത്തിന്റെ അഭിസംബോധിതര്‍ നിലവില്‍തന്നെ പരമദരിദ്രരായ ആളുകളാണ്. അവര്‍ തങ്ങളുടെ തന്നെ ദാരിദ്ര്യത്തെ ഭയക്കുന്നവരാണ്. അതിനാല്‍ അവരുടെ ഭക്ഷണകാര്യത്തെക്കുറിച്ച് (نحنُ نرزُقُكُم) ആദ്യം പറഞ്ഞു. രണ്ടാമത്തേതാവട്ടെ,  നിലവില്‍ ദാരിദ്ര്യമില്ലെങ്കിലും ഭാവിയില്‍ മക്കള്‍ കാരണം പട്ടിണിയെ ഭയപ്പെടുന്ന പണക്കാരോടാണ്. അതിനാല്‍ കുട്ടികളുടെ അന്നത്തെക്കുറിച്ച് ആദ്യം പരാമര്‍ശിച്ചു (نحْنُ نَرْزُقُهُم). ഭാവിയില്‍ ദാരിദ്ര്യത്തെ പേടിക്കുന്നു എന്നതിനാലാവണം (ദാരിദ്ര്യം ഭയന്ന് - خَشْيَةَ إمْلَاق) എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്.

നസ്വാറാക്കളും സ്വാബിഈങ്ങളും
അല്‍ ബഖറയില്‍ അല്ലാഹു പറഞ്ഞു:
 إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ 
'സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സ്വാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്  അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല' (ബഖറ 62).
ഇതേ ആളുകളെ വിളിച്ച് സൂറതുല്‍ ഹജ്ജില്‍ പറയുന്നത് ഇപ്രകാരമാണ്:
 إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ 
 'സത്യവിശ്വാസികള്‍, യഹൂദര്‍, സ്വാബിഉകള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു' (ഹജ്ജ് 17).
ഇവിടെ  നസ്വാറാ, സ്വാബിഇ നാമങ്ങളുടെ ക്രമത്തില്‍ മാറ്റമുണ്ട്. അല്‍ ബഖറയില്‍  
وَالنَّصَارَىٰ وَالصَّابِئِين
 എന്നും അല്‍ ഹജ്ജില്‍  
 وَالصَّابِئِين وَالنَّصَارَى
 എന്നുമാണ്.

ഇതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്ന ന്യായമിതാണ്: അല്‍ ബഖറയില്‍ നസ്വാറാക്കളെ മുന്നിലാക്കിയത് എണ്ണത്തില്‍ അവര്‍ കൂടുതലായതിനാലും സ്വന്തമായി പ്രവാചകനുള്ളതിനാലുമാണ്. അല്‍ ഹജ്ജില്‍ സ്വാബിഈങ്ങളെ ആദ്യത്തിലാക്കിയത്, കാലക്രമത്തില്‍ അവരാണ് മുന്നില്‍ എന്നതാണ്. രണ്ടും പരിഗണിക്കേണ്ടവ തന്നെയാണല്ലോ.

സൃഷ്ടിപ്പും തൗഹീദും
ഈ രണ്ട് വാക്യങ്ങള്‍ വായിക്കുക:
 (1)   ذَٰلِكُمُ اللَّهُ رَبُّكُمْ ۖ لَا إِلَٰهَ إِلَّا هُوَ ۖ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ۚ 
'അവനാണ് അല്ലാഹു; നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക' (അന്‍ആം 102).
   (2)  ذَٰلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَّا إِلَٰهَ إِلَّا هُوَ 
'അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവനല്ലാതെ ദൈവമില്ല' (ഗാഫിര്‍ 62).
ഇവിടെ ആദ്യ വാക്യത്തില്‍ തുടക്കത്തില്‍  
لَا إِلَٰهَ إِلَّا هُوَ 
ആണെങ്കില്‍ രണ്ടാമത്തേതില്‍  
خَالِقُ كُلِّ شَيْءٍ
 ആണ്. കാരണം  ആദ്യവാക്യത്തിന്റെ മുന്നിലും പിന്നിലുമുള്ള പരാമര്‍ശങ്ങള്‍ തൗഹീദിനെ സംബന്ധിച്ചായിരുന്നു. അതിനാല്‍ തൗഹീദിന്റെ മുദ്രാവാക്യമായ    
لَا إِلَٰهَ إِلَّا هُوَ
ആദ്യത്തിലാക്കി. രണ്ടാമത്തേതിന്റെ  മുമ്പും ശേഷവും  വിവരിക്കുന്നത് സൃഷ്ടിപ്പിനെയും സൃഷ്ടികള്‍ക്ക് നല്‍കിയ അനുഗ്രഹത്തെയും കുറിച്ചാണ്. അതിനാല്‍ 
خَالِقُ كُلِّ شَيْء
 തുടക്കത്തിലാക്കി. 

ദേഹം കൊണ്ടും ധനം കൊണ്ടും സമരം ചെയ്യുന്നവര്‍.
അധ്യായം അന്‍ഫാലില്‍ അല്ലാഹു പറഞ്ഞു:
إِنَّ الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ
'സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ദേഹംകൊണ്ടും ധനം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും......' (അന്‍ഫാല്‍ 72).
അധ്യായം തൗബയില്‍ പറഞ്ഞു: 
 الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنفُسِهِمْ 
'സത്യവിശ്വാസം സ്വീകരിക്കുകയും സ്വന്തം നാട് വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹം കൊണ്ടും ധനം കൊണ്ടും സമരം നടത്തുകയും ചെയ്യുന്നവര്‍......' (തൗബ 20). 
ആദ്യ വാക്യത്തില്‍   
بِأَمْوَالِهِمْ وَأَنفُسِهِمْ  
 ആദ്യവും രണ്ടാമത്തേതില്‍ അവസാനവുമാണ്. കാരണം അധ്യായം അന്‍ഫാലിലുള്ള ആദ്യ വാക്യത്തില്‍ സമ്പത്ത്, പ്രായശ്ചിത്തം, യുദ്ധമുതല്‍ മുതലായ  ഭൗതിക വിഷയങ്ങളാണ് പ്രതിപാദിച്ചിരുന്നത്. അതിനാല്‍ 
بِأَمْوَالِهِمْ وَأَنفُسِهِمْ
 എന്നത് ആദ്യമാക്കി. എന്നാല്‍ അധ്യായം തൗബയില്‍ ജിഹാദിന്റെ പ്രാധാന്യത്തെയാണ് വിവരിച്ചിരുന്നത്. അതിനാല്‍    
فِي سَبِيلِ اللَّه
 ആദ്യമാക്കി.

നങ്കൂരമിട്ട കപ്പല്‍
അധ്യായം അന്നഹ്‌ലില്‍ അല്ലാഹു പറഞ്ഞു.:
وَتَرَى الْفُلْكَ مَوَاخِرَ فِيهِ 
'കപ്പല്‍  തിരമാലകളെ കീറിമുറിച്ച് അതിലൂടെ സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ' (നഹ്ല്‍ 14).
ഇതേ ആശയം അധ്യായം ഫാത്വിറില്‍ അല്ലാഹു പറഞ്ഞു.:
وَتَرَى الْفُلْكَ فِيهِ مَوَاخِرَ  
'കപ്പല്‍ അതിലെ തിരമാലകളെ കീറിമുറിച്ച്  സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ' (ഫാത്വിര്‍ 12).
ഈ വാക്യങ്ങളില്‍ ആദ്യത്തേതില്‍ مَوَاخِر   എന്നതിന്റെ ശേഷമാണ് فِيهِ  , രണ്ടാമത്തേതില്‍ തിരിച്ചും. കാരണമുണ്ട്. ആദ്യവാക്യത്തില്‍ മനുഷ്യരുടെ സഞ്ചാരത്തിനുള്ള മാധ്യമങ്ങളെ സംബന്ധിച്ചായിരുന്നു വിവരിച്ചിരുന്നത്. അതിനാല്‍ വാഹനത്തിന്റെ വിശേഷണമായ مَوَاخِر     (കീറിമുറിച്ച്  സഞ്ചരിക്കുക) ആദ്യമാക്കി. രണ്ടാമത്തേതിലാവട്ടെ, സമുദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വര്‍ണിച്ചിരിക്കുന്നത്. അതിനാല്‍ സമുദ്രത്തിന്റെ വ്യംഗ്യ നാമമായ فِيهِ-യെ ആദ്യമാക്കി.  

മനുഷ്യനും ഖുര്‍ആനും
ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
 وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِن كُلِّ مَثَلٍ فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا
'ഈ ഖുര്‍ആനില്‍ മനുഷ്യര്‍ക്കായി എല്ലാവിധ ഉപമകളും നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യരിലേറെ പേരും അവയെ തള്ളിക്കളഞ്ഞു. സത്യനിഷേധത്തിലുറച്ചുനിന്നു' (ഇസ്രാഅ് 89).
 وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا
'ഈ ഖുര്‍ആനില്‍ നാം നിരവധി ഉദാഹരണങ്ങള്‍ വിവിധ രീതികളില്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അതിരറ്റ തര്‍ക്കപ്രകൃതക്കാരന്‍ തന്നെ' (കഹ്ഫ് 54).

ഇവിടെ ആദ്യവാക്യത്തില്‍ لِلنّاس  (ജനങ്ങള്‍ക്ക് ) എന്നത്   هَذا القرأن എന്നതിനു മുമ്പും രണ്ടാമത്തേതില്‍   ശേഷവുമാണ്. കാരണം ആദ്യ വാക്യമുള്ള അല്‍ ഇസ്രാഅ് അധ്യായത്തില്‍ മനുഷ്യരെയും അവര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളെയുമാണ്  വിവരിക്കുന്നത്. അതിനാല്‍ لِلنّاس (ജനങ്ങള്‍ക്ക്) എന്നതിനെ ആദ്യം പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ വാക്യമുള്ള അല്‍ കഹ്ഫിലാകട്ടെ ഖുര്‍ആനിനെ കുറിച്ചുള്ള പരാമര്‍ശമാണുള്ളത്. അതിനാല്‍ هَذا القرأن   (ഈ ഖുര്‍ആന്‍) ആദ്യമാക്കി.

ദാനവും  സമ്പാദ്യവും
അല്ലാഹു പറഞ്ഞു:
 لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا  وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ 
 'അവര്‍ എന്തെല്ലാമാണോ നേടിയത് അവയൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല.  അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല' (ബഖറ 264).
ഇതേ ആശയം മറ്റൊരു വാക്യത്തില്‍ ഇപ്രകാരമാണ്:
 لَّا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ 
'അവര്‍ നേടിയത് എന്തെല്ലാമാണോ അവയൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത വഴികേട്' (ഇബ്‌റാഹീം 18).
ഒന്നാം വാക്യത്തില്‍  എന്നത്  എന്നതിന്റെ മുമ്പും രണ്ടാം വാക്യത്തില്‍ ശേഷവുമാണ്. കാരണം  ആദ്യവാക്യം ദാനധര്‍മങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിച്ചതാണ്. രണ്ടാമത്തെ വാക്യം സമ്പാദനം, പ്രവര്‍ത്തനം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ്.

ഹൃദയങ്ങള്‍ ശാന്തമാവുന്നു
അല്ലാഹു പറഞ്ഞു:
 وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ الْعَزِيزِ الْحَكِيمِ 
'അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ അതു മുഖേന ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നു മാത്രമേ ലഭിക്കുകയുള്ളൂ' (ആലുഇംറാന്‍ 126).
ഇതേ ആശയം മറ്റൊരു വാക്യത്തില്‍ ഇങ്ങിനെ :
 وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ ۚ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ
'അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിട്ടാണ്. അതിലൂടെ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടാനും. യഥാര്‍ഥ സഹായം അല്ലാഹുവില്‍നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ' (അന്‍ഫാല്‍ 10).
ഇവിടെ ആദ്യവാക്യത്തില്‍ بِهِ എന്നത്  قُلوبُكُم എന്നതിന് ശേഷവും രണ്ടാമത്തേതില്‍ മുമ്പുമാണ്. ഈ മാറ്റത്തിന്റെ ഔചിത്യം ഇതാണ്: ഒന്നാമത്തെ വാക്യം ഉഹുദ് യുദ്ധത്തിന്റെ മുറിവുകളുണക്കാന്‍ വേണ്ടിയുള്ള സാന്ത്വന വാക്കുകള്‍ക്ക്  (130,140) ഇടയിലായതിനാലാണ് സമാധാനത്തിന്റെ ആസ്ഥാനമായ ഹൃദയങ്ങളെ ആദ്യമാക്കിയത്. എന്നാല്‍ രണ്ടാമത്തെ, അന്‍ഫാല്‍ അധ്യായത്തിലെ വാക്യം ബദ്ര്‍ യുദ്ധത്തിലെ അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ വിജയവും (9,12 ) വിവരിച്ച സാഹചര്യത്തിലാണ്. അതിനാല്‍ بِهِ  (അത് -സഹായം-മുഖേന) എന്നതിന് ഊന്നല്‍ നല്‍കി.

പഴവും പക്ഷിമാംസവും
അധ്യായം അല്‍ വാഖിഅയില്‍ അല്ലാഹു പറഞ്ഞു:
 وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ  وَلَحْمِ طَيْرٍ مِّمَّا يَشْتَهُون 
'ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും. അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും' - വാഖിഅ 20, 21.
ഇമാം റാസി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ എഴുതി:
ما الحكمة في تقديم الفاكهة على اللحم؟ الحكمة في الدنيا تقتضي أكل الفاكهة أولاً لأنها ألطف وأسرع انحداراً وأقل حاجة إلى المكث الطويل في المعدة للهضم، ولأن الفاكهة تحرك الشهوة للأكل واللحم يدفعها 
(എന്തുകൊണ്ടാണ് സ്വര്‍ഗീയ വിഭവങ്ങളില്‍ മാംസത്തിനു മുമ്പ് പഴത്തെ പറഞ്ഞത്?
പഴം ആദ്യം കഴിക്കണം എന്നതാണ് ഭൗതിക യുക്തി. കാരണം അത് വേഗത്തില്‍ വയറ്റിലേക്കിറങ്ങുന്നതും പെട്ടെന്ന് ദഹിക്കുന്നതുമാണ്. അതോടൊപ്പം പഴങ്ങള്‍ ആഹാരം കഴിക്കാനുള്ള ആഗ്രഹമുണ്ടാക്കുകയും മാംസം അത് വിലക്കുകയുമാണ് ചെയ്യുക).
ഇപ്രകാരം വിശുദ്ധ ഖുര്‍ആനിലെ വാക്കുകളെയും വചനങ്ങളെയും കോര്‍ത്തിണക്കുന്നതില്‍ അത്ഭുതകരമായ യുക്തിയും സൗന്ദര്യവും ദീക്ഷിച്ചതായി നമുക്ക് കാണാന്‍ കഴിയും. ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ ഓരോ വാക്കുകളെയും ഭംഗിയായി ചേര്‍ത്തുവെച്ചിരിക്കുന്നു. അടുത്തടുത്തു വരുന്ന ഓരോ വാക്യങ്ങള്‍ക്കും സൂക്തങ്ങള്‍ക്കും ഇടയില്‍ ഈ പരസ്പര ബന്ധത്തിന്റെ  സൗന്ദര്യം ദര്‍ശിക്കാനാവും. ഇമാം റാസി പറയുകയുണ്ടായി:
أكثر لطائف القرآن مودعة في الترتيبات والروابط (الإتقان للسيوطي، ج 3، ص 322
'ഖുര്‍ആനിന്റെ സൗന്ദര്യമെല്ലാം  പദങ്ങളുടെ ക്രമീകരണങ്ങളിലും പരസ്പരബന്ധങ്ങളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.' علم المناسبة (പശ്ചാത്തല ശാസ്ത്രം) എന്ന ഒരു വിജ്ഞാനശാഖ തന്നെ ഈ വിഷയത്തില്‍ ഉത്ഭവിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ പദങ്ങളുടെയും വാക്യങ്ങളുടെയും സൂക്തങ്ങളുടെയും പരസ്പര ബന്ധങ്ങളെയാണ് ഈ ശാഖ പഠനം നടത്തുന്നത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top