സ്വവര്‍ഗരതി കുറ്റമുക്തമാകുമ്പോള്‍
വി.എ കബീര്‍
കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും നര്‍ത്തകന്‍ നവ്‌തേജ് ജൗഹര്‍, പത്രപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, പാചക വിദഗ്ധ റിതു ഡാല്‍മിയ, ചരിത്രകാരന്‍ അമല്‍നാഥ്, വാണിജ്യ വിദഗ്ധ ആയിഷ കപൂര്‍ തുടങ്ങിയവര്‍ നല്‍കിയ റിട്ടു പെറ്റീഷനില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 6-ന് സ്വവര്‍ഗരതിക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുന്ന ഭണഘടനയിലെ 377-ാം വകുപ്പ് ഭാഗികമായി റദ്ദ് ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള സുപ്രീംകോടതി വിധി രാജ്യത്തെ മതവിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിച്ചപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആഘോഷിക്കുകയുണ്ടായി. ഇതിന് മുമ്പ് 2009-ല്‍ നാസ് ഫൗണ്ടേഷന്‍ എതിര്‍ ഗവ. ഓഫ് എന്‍.സി.ടി ദല്‍ഹി കേസില്‍ ജസ്റ്റിസ് അജിത് പ്രകാശ് ഷായുടെ ദല്‍ഹി ഹൈക്കോടതി ബഞ്ചും സ്വവര്‍ഗ രതിക്കനുകൂലമായി വിധിച്ചിരുന്നു. 2013-ല്‍ ഇതിന്നെതിരെ വന്ന സുരേഷ് കൗശല്‍ എതിര്‍ നാസ് ഫൗണ്ടേഷന്റെ കേസ് ജി.എസ് സംഘ്‌വിയും എസ്.ജെ മുഖോപാധ്യായയും അധ്യക്ഷന്മാരായ ബെഞ്ച് ദല്‍ഹി ഹൈക്കോടതി വിധി റദ്ദ് ചെയ്യുകയുണ്ടായി. ഇതിന്നെതിരെ വന്ന റിട്ടു ഹരജികളിലൊന്നാണു പുതിയ വിധി. ന്യായാധിപന്മാരുടെ ആത്മനിഷ്ഠപരമായ നിലപാടുകള്‍ കോടതിവിധികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വിധി.
2018 സെപ്റ്റംബര്‍ 28-ന് ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് വന്ന സുപ്രീം കോടതി വിധിയിലും ഈ വൈരുധ്യം പ്രതിഫലിക്കുന്നതായി കാണാം. കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടത്തിലെ മൂന്ന് (ബി) അഞ്ചംഗ ബെഞ്ച് 4-1 ഭൂരിപക്ഷത്തോടെ റദ്ദ് ചെയ്തപ്പോള്‍ ബെഞ്ചിലെ ഏക വനിത അംഗമായ ഇന്ദു മല്‍ഹോത്ര ബഹുസ്വര സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് വിധിയെന്ന് കുറ്റപ്പെടുത്തി വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. സ്വാഭീഷ്ട പ്രകാരം ആരാധിക്കാനുള്ള സ്ത്രീയുടെ അവകാശലംഘനം ലിംഗവിവേചനമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു നാല് ജഡ്ജിമാരുടെ വിധിക്കടിസ്ഥാനം. എന്നാല്‍ ഭരണഘടനയുടെ 14-ാം അനുഛേദനപ്രകാരമുള്ള തുല്യതക്കുള്ള മൗലികാവകാശം പോലെ തന്നെയാണ് ഭരണഘടനയുടെ 25-ഉം 26-ഉം അനുഛേദനം ഉറപ്പുനല്‍കുന്ന ആരാധനാവകാശവുമെന്ന് സമര്‍ഥിച്ചുകൊണ്ടാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിയോജനം എന്നത് ശ്രദ്ധേയമാണ്. രണ്ട് വിധിക്കും അടിസ്ഥാനം ഭരണഘടനതന്നെയെന്നര്‍ഥം. ആത്മനിഷ്ഠമായ വ്യാഖ്യാനം ഇത്തരം വിധികളില്‍ ചെലുത്താനിടയുള്ള സ്വാധീനം ഇതില്‍നിന്ന് വ്യക്തമാകും. ശബരിമല കേസിലെ ഭൂരിപക്ഷ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഇതേ വനിതാ ജഡ്ജ് തന്നെയാണ് സ്വവര്‍ഗരതി കേസില്‍ ചരിത്രം സ്വവര്‍ഗരതി സമൂഹത്തോട് മാപ്പ് പറയാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പറഞ്ഞത് എന്നതും കൗതുകകരമാണ്. സ്വവര്‍ഗരതി വിധിയില്‍ ജൂത-ക്രൈസ്തവ വീക്ഷണത്തിലധിഷ്ഠിതമായ വിക്‌ടോറിയന്‍ ധാര്‍മികത അടിച്ചേല്‍പിക്കാനുള്ള ശ്രമമായാണ് 377-ാം വകുപ്പിനെ പരമോന്നത കോടതി കണ്ടത്. കൊളോണിയല്‍ നിയമത്തിന്റെ അവശിഷ്ടമാണ് 377-ാം വകുപ്പ് എന്നതിനാല്‍ അതില്‍ ജൂത-ക്രൈസ്തവ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്. സ്വവര്‍ഗരതിയെ കുറിക്കാന്‍ ഉപയോഗിക്കുന്ന 'സുഡോമി' എന്ന വാക്കു തന്നെ ബിബ്ലിക്കല്‍ പശ്ചാത്തലത്തില്‍നിന്നാണ് ഉരുവം കൊള്ളുന്നത്. ഇസ്രായേലി പ്രവാചകനായ ലോത്തിന്റെ സ്വവര്‍ഗ ഭോഗികളായ ജനത, ആ പാപവൃത്തിയുടെ ഫലമായി ചാവു കടല്‍ തീരത്തെ സോദോം ഗമോറ നഗരങ്ങളില്‍ കന്മഴ വര്‍ഷിച്ച് യഹോവയാല്‍ നശിപ്പിക്കപ്പെടുകയായിരുന്നുവല്ലോ. പഴയ വേദവും പുതിയ വേദവും സ്വവര്‍ഗരതിയെ ശിക്ഷാര്‍ഹമായ കുറ്റകൃത്യമായാണ് കാണുന്നത്: 'സോദോം പട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാല വൃദ്ധം എല്ലാവരും വന്ന് വീടുവളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന് ഞങ്ങളുടെ അടുക്കല്‍ പുറത്ത് കൊണ്ടുവാ എന്ന് അവനോട് പറഞ്ഞു..... യഹോവ സോദോമിന്റെയും ഗമോറയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിച്ചു. ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന് മുഴുവനും ആ പട്ടണത്തിലെ സകല നിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി' (ഉല്‍പത്തി 19: 4-6, 24-25).
മൃഗരതിക്ക് തുല്യമായാണ് തദ്‌സംബന്ധമായ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. ''സ്ത്രീയോട് എന്ന പോലെ പുരുഷനോട് ശയിക്കരുത്. അത് മ്ലേഛതയാണ്. യാതൊരു മൃഗത്തോടും കൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുത്, യാതൊരു സ്ത്രീയും ഒരു മൃഗത്തോട് കൂടെ ശയിക്കേണ്ടതിന് അതിന്റെ മുമ്പില്‍ നില്‍ക്കുകയും അരുത്; അതു നികൃഷ്ടം.... സ്ത്രീയോട് കൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോട് കൂടെ ശയിച്ചാല്‍ ഇരുവരും മ്ലേഛത ചെയ്തു. അവര്‍ മരണ ശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും'' (ലേവ്യ പുസ്തകം 18:22-23, 20:18).
പുതിയ വേദത്തിലും സുവിശേഷകന്മാര്‍ സ്വവര്‍ഗരതിയെ ഇതര പാപഗണങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്: '.... അതുകൊണ്ട് ദൈവം അവരെ അപമാനരംഗങ്ങളില്‍ ഏല്‍പിച്ചു. അവരുടെ സ്ത്രീകള്‍ സ്വാഭാവിക ഭോഗത്തെ സ്വാഭാവിക വിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവിക സ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായി പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന് യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നെ പ്രാപിച്ചു'' (റോമക്കാര്‍: 26-27). ഗേ മാത്രമല്ല ലെസ്ബിയനിസത്തെയും അതോടു ചേര്‍ത്ത് പറഞ്ഞിരിക്കുകയാണിവിടെ. പുതിയ വേദത്തില്‍ വേറെയും ഇടങ്ങളില്‍ തത്തുല്യമായ പരാമര്‍ശങ്ങള്‍ കാണാം (കൊരിന്ത്യര്‍ 6:9-11, തിമോഥി 1: 8-11 നോക്കുക).
ഈ വേദ പാഠങ്ങള്‍ പ്രത്യക്ഷത്തില്‍ സ്വവര്‍ഗരതിക്കെതിരാണെങ്കിലും അതിന് കാലിക വ്യാഖ്യാനം ചമക്കാന്‍ ശ്രമിച്ചവരും ഇല്ലാതില്ല. ലോത്തിന്റെ ജനത നശിപ്പിക്കപ്പെട്ടത് ഉഭയ സമ്മതപ്രകാരമുള്ള സ്വവര്‍ഗരതിയുടെ പേരിലായിരുന്നില്ലെന്നും കൂട്ട ബലാത്സംഗത്തിന്റെ പേരിലായിരുന്നുവെന്നുമാണ് ഈ വ്യാഖ്യാനങ്ങളിലൊന്ന്. ലെസ്ബിയന്‍ ബന്ധം കേന്ദ്ര പ്രമേയമാക്കി സാറാ ജോസഫ് രചിച്ച 'ആളോഹരി ആനന്ദം' എന്ന നോവലില്‍ ബൈബിളില്‍ (മത്തായി 8:5-13) യേശു ചികിത്സിച്ചതായി പറയപ്പെടുന്ന ശതാധിപന്റെ 'ബാല്യക്കാരന്‍' അയാളുടെ ലൈംഗിക പങ്കാളിയാണെന്നതിന്റെ പരോക്ഷ സൂചനയായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതായി കാണാം. ഇമ്മട്ടിലുള്ള വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ച് ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഗേ ചര്‍ച്ചുകള്‍ വരെ രൂപം കൊണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്‌ലാമില്‍
ഇതര സെമിറ്റിക് മതങ്ങളിലെന്നപോലെ ഇസ്‌ലാമിലും പാപകൃത്യമാണ് സ്വവര്‍ഗരതി. ലോത്തിന്റെ ജനത ഈ പാപത്തിന്റെ ഫലമായി നശിപ്പിക്കപ്പെട്ട കഥ ബൈബിളിനെ ശരിവയ്ക്കുംവിധം ഖുര്‍ആനിലും വന്നിട്ടുണ്ട്. ബൈബിളിലുപയോഗിച്ച 'മേഛം' എന്ന വാക്കിന് തുല്യമായ 'ഫാഹിശഃ' എന്ന അറബി വാക്കാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ഖുര്‍ആനും ഉപയോഗിച്ചിട്ടുള്ളത്: ''ലൂത്വിനെയും നാം പ്രവാചകനായി നിയോഗിച്ചു. അദ്ദേഹം സ്വജനത്തോടു പറഞ്ഞതോര്‍ക്കുക: 'നിങ്ങള്‍ ഇത്ര നാണം കെട്ടവരായോ, നിങ്ങള്‍ക്ക് മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ മ്ലേഛ പ്രവൃത്തി ചെയ്യാന്‍! ലൈംഗികാസക്തി ശമിപ്പിക്കുന്നതിന് നിങ്ങള്‍ സ്ത്രീകളെ വെടിഞ്ഞു പുരുഷന്മാരെ സമീപിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ തികച്ചും അതിരു കടന്ന ജനം തന്നെ.' പക്ഷേ, ജനത്തിന്റെ മറുപടി 'ഇവരെ നമ്മുടെ നാട്ടില്‍നിന്ന് പുറത്താക്കുക. ഒരു പരിശുദ്ധാത്മാക്കള്‍ വന്നിരിക്കുന്നു എന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഒടുവില്‍ ലൂത്വിനെയും കുടുംബത്തെയും- പത്‌നി ഒഴികെ; അവള്‍ പിന്മാറിനിന്നവരുടെ കൂട്ടത്തിലായിരുന്നു- നാം രക്ഷപ്പെടുത്തി. ആ ജനത്തിന്റെ മേലോ ഒരു പേമാരിയങ്ങ് വര്‍ഷിച്ചു. ആ പാപികളുടെ പരിണതി എന്തായി എന്ന് നോക്കുക'' (ഖുര്‍ആന്‍: 7:80-84).
''നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുക്കലെത്തിയപ്പോള്‍ അദ്ദേഹം അവരുടെ ആഗമനത്തില്‍ പരിഭ്രമിക്കുകയും മനസ്സു മുട്ടുകയും ചെയ്തു. ഇന്നൊരു ക്ലേശ ദിനം തന്നെ എന്ന് അദ്ദേഹം പറഞ്ഞു പോയി. ജനം അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് പാഞ്ഞടുത്തു. മുമ്പേ അവര്‍ ഇത്തരം ചീത്ത വൃത്തികള്‍ ശീലമാക്കിയവരായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: .......... ദൈവത്തെ ഭയപ്പെടുവിന്‍. അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കരുതേ! നിങ്ങളില്‍ വിവേകമുള്ള ഒരുത്തനുമില്ലേ? അവര്‍ മറുപടി പറഞ്ഞു: നിന്റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ലെന്ന് നിനക്കറിയാമല്ലോ. ഞങ്ങള്‍ എന്താണാഗ്രഹിക്കുന്നതെന്നും നിനക്കറിയാം.........'' (ഖുര്‍ആന്‍ 11: 77-81). ''അവരുടെ സഹോദരന്‍ ലൂത്വ് പറഞ്ഞതോര്‍ക്കുക; നിങ്ങള്‍ ദൈവഭക്തരാകാത്തതെന്ത്? .......നിങ്ങള്‍ ലോകരില്‍ പുരുഷന്മാരെ സമീപിക്കുകയും വിധാതാവ് നിങ്ങള്‍ക്ക് സൃഷ്ടിച്ചിട്ടുള്ള സഹധര്‍മിണികളെ വെടിയുകയും ചെയ്യുകയോ? നിങ്ങള്‍ വല്ലാത്ത അതിരു കടന്ന ജനം തന്നെ. ......... അവരില്‍ നാം ഒരു പേമാരി വര്‍ഷിച്ചു. ആ താക്കീത് ചെയ്യപ്പെട്ടവരില്‍ വര്‍ഷിച്ചത് അതിഭീകരമായ മഴ തന്നെയായിരുന്നു'' (ഖുര്‍ആന്‍ 26:161-175).
മുസ്‌ലിം ചരിത്രത്തില്‍ ഭ്രഷ്ടാചാരികളായി മുഖ്യധാര മുദ്രകുത്തിയ ചില സ്വൂഫികളുടെ സംസ്‌കാരത്തില്‍ മാത്രമാണ് സ്വവര്‍ഗരതിയുടെ അടയാളങ്ങള്‍ കാണാന്‍ കഴിയുന്നത്. 'ഈസവിയ്യ' സ്വൂഫി സരണി (ത്വരീഖത്ത്) അതില്‍ പെടുന്നു. ഈ വിഭാഗം സ്വൂഫികളുടെ ഭജന സദസ്സുകളില്‍ സുന്ദരന്മാരായ ബാലന്മാരുടെ സാന്നിധ്യത്തിന് പ്രത്യേകം പ്രാധാന്യം കല്‍പിച്ചിരുന്നത്രെ. ബാലരതി അവര്‍ക്കൊരു ഭക്തിമാര്‍ഗമായിരുന്നു. ഇമാം ഇബ്‌നുല്‍ ജൗസി (1116-1201) 'ഇബ്‌ലീസിന്റെ ലീലാവിലാസങ്ങള്‍' (തല്‍ബീസു ഇബ്‌ലീസ്) എന്ന കൃതിയില്‍ സൂഫികളുമായി ബന്ധപ്പെട്ട ഇത്തരം ധാരാളം കഥകള്‍ ഉദ്ധരിക്കുന്നുണ്ട്. സ്വവര്‍ഗരതി ഒരു സംസ്‌കാരവും പ്രസ്ഥാനവുമായി ഇന്ന് തഴച്ചുവളരുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിലും രണ്ടു നൂറ്റാണ്ടുമുമ്പ് പൗരസ്ത്യ രാജ്യങ്ങളായിരുന്നു ഈ വിഷയത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഈജിപ്ഷ്യന്‍ പരിഷ്‌കരണവാദിയായ രിഫാഅഃ തഹ്താവി (ചരമം 1873) ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഈജിപ്തില്‍ സൂഫികള്‍ക്കിടയില്‍ വ്യാപകമായ അളവില്‍ കാണപ്പെടുന്ന അത്ര സ്വവര്‍ഗഭോഗം അവിടെ വ്യാപകമല്ലെന്ന് 'അദ്ദഹബുല്‍ ഇബ്‌രീസ്' എന്ന കൃതിയില്‍ അത്ഭുതം കൂറിയതായി കാണാം.
ഹൈന്ദവ മിത്തോളജിയില്‍
സെമിറ്റിക് മതങ്ങളായ ജൂത-ക്രൈസ്തവ-ഇസ്‌ലാം വിഭാഗങ്ങളില്‍നിന്ന് ഭിന്നമായി സ്വവര്‍ഗരതിയുടെ വിഷയത്തില്‍ ഹൈന്ദവ സംസ്‌കാരവും ഇതിഹാസങ്ങളും താരതമ്യേന കൂടുതല്‍ ഉദാരമാണെന്ന് തോന്നുന്നു. മഹാഭാരത കഥയിലെ ശിഖണ്ഡി ഒരു ഉദാഹരണം. വിഷ്ണുവിന്റെ മോഹിനി അവതാരവും ഈ ഗണത്തില്‍ പെടുന്നതാണ്. ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ പുത്രന്‍ ഇരാവാനെ വിവാഹം ചെയ്യാന്‍ സ്ത്രീ ആയി അവതരിച്ച കഥയും പുരാണങ്ങളില്‍ വായിക്കാന്‍ കഴിയുന്നു. ഇരാവാനെ വിവാഹം ചെയ്യുന്നവര്‍ പിറ്റേ ദിവസം തന്നെ മരിക്കുമെന്നതിനാല്‍ സ്ത്രീകളാരും അയാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ തയാറായിരുന്നില്ല. അങ്ങനെയാണ് ശ്രീകൃഷ്ണന്‍ തന്നെ പെണ്ണായി അവതരിച്ചു ആഇരാവാന് ദാമ്പത്യ സാഫല്യം നല്‍കിയതെന്ന് പറയപ്പെടുന്നു. ഖജുരാഹോ ക്ഷേത്ര ചുവര്‍ ചിത്രങ്ങളിലും സ്വവര്‍ഗരതി അടക്കമുള്ള രതിവൈകൃതങ്ങളുടെ ധാരാളം ചിത്രങ്ങളും ശില്‍പങ്ങളും കാണാവുന്നതാണ്. ഈ തെളിവുകള്‍ ആസ്പദമാക്കി സ്വവര്‍ഗരതി ഹൈന്ദവ സംസ്‌കാരത്തിന് അന്യമല്ലെന്ന് വാദിക്കപ്പെടുന്നുണ്ട്.
മുസ്‌ലിം സംഘടനകള്‍ പൊതുവെ സുപ്രീംകോടതി വിധിയോട് പ്രതികൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഉലമാ എന്നീ സംഘടനകളും മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡും കോടതിവിധിക്കെതിരെ പ്രസ്താവനകളിറക്കുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പി നിലപാടൊന്നും വ്യക്തമാക്കുകയുണ്ടായില്ലെങ്കിലും ആര്‍.എസ്.എസ് സ്വവര്‍ഗരതി ഭാരതീയ സംസ്‌കാരവുമായി യോജിച്ചുപോവുന്നതല്ലെന്ന് വ്യക്തമാക്കുകയുണ്ടായി. അതേസമയം ഈ പ്രസ്താവന പുറത്തിറക്കിയ ആര്‍.എസ്.എസിന്റെ അഖില്‍ ഭാരതീയ പ്രചാരക് പ്രമുഖ് സ്വവര്‍ഗരതിയെ ശിക്ഷാര്‍ഹമാക്കുന്ന 377-ാം വകുപ്പ് റദ്ദാക്കിയതിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. മുസ്‌ലിം സംഘടനകളാകട്ടെ മൊത്തമായി തന്നെ വിധിയോട് പ്രതികൂല നിലപാട് പ്രഖ്യാപിക്കുകയാണുണ്ടായത്. വ്യഭിചാരത്തിന്റെ ശിക്ഷയെക്കുറിച്ച് ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വ്യക്തമായ വിധികളുണ്ടെങ്കിലും സ്വവര്‍ഗരതിയെ സംബന്ധിച്ച് അത്ര വ്യക്തമായ വിധികള്‍ കാണാന്‍ കഴിയില്ല. സ്വവര്‍ഗരതി പാപമാണെന്ന വിഷയത്തില്‍ ക്ലാസിക്കല്‍ മുസ്‌ലിം നിയമജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഖുര്‍ആനില്‍ അതിനെ 'മ്ലേഛം' (ഫാഹിശ്) എന്ന് വിശേഷിപ്പിച്ചത് തന്നെ കാരണം. എന്നാല്‍ അതിന്റെ ശിക്ഷയെക്കുറിച്ച് മൂന്ന് വീക്ഷണങ്ങളുള്ളതായി ഈജിപ്ഷ്യന്‍ നിയമവിശാരദനായ സയ്യിദ് സാബിഖ് ചൂണ്ടിക്കാണിക്കുന്നു. ഒരു വിഭാഗത്തിന്റെ അഭിപ്രായത്തില്‍ വധശിക്ഷാര്‍ഹമായ കുറ്റമാണത്. വ്യഭിചാരത്തോടു താരതമ്യപ്പെടുത്തി അവിവാഹിതര്‍ക്ക് 100 അടിയും വിവാഹിതര്‍ക്ക് കല്ലെറിഞ്ഞുകൊല്ലലുമാണെന്നാണ് രണ്ടാമതൊരു വിഭാഗം അഭിപ്രാപ്പെടുന്നത്. അത് നിര്‍ണിത ശിക്ഷയുള്ള (ഹുദൂദ്) കുറ്റകൃത്യമല്ലെന്നും ന്യായാധിപന്റെ വിവേചനാധികാരത്തില്‍ വരുന്ന (തഅ്‌സീര്‍) കുറ്റകൃത്യമാണെന്നുമാണ് മൂന്നാമതൊരു വിഭാഗത്തിന്റെ വീക്ഷണം. ഇതനുസരിച്ച് കോടതിക്ക് യുക്തം പോലെ ശിക്ഷ വിധിക്കാം. ഏതായാലും വ്യഭിചാരം പോലെ തന്നെ, പരാതിയില്ലാതെ പോലീസിന് നേരിട്ടു കേസെടുക്കാവുന്ന (രീിഴിശ്വമയഹല) കുറ്റകൃത്യമല്ല അത്. അതിനാല്‍ സ്വവര്‍ഗഭോഗികളെ വേട്ടയാടിപ്പിടിച്ചു ശിക്ഷിക്കാന്‍ അപ്പോഴും സാധിക്കുകയില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം, വ്യഭിചാരമാണെങ്കില്‍ പോലും ശരീഅത്ത് പ്രകാരം ശിക്ഷിക്കപ്പെടണമെങ്കില്‍ നാലു സാക്ഷികളുടെ സ്ഥിരീകരണം നിര്‍ബന്ധമാണ്.
ഭാരതീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് സ്വവര്‍ഗരതിയെ നിരാകരിക്കുന്നത്. സ്വവര്‍ഗവിവാഹത്തെ കൂടി കണക്കിലെടുത്തായിരിക്കാം ആര്‍.എസ്.എസിന്റെ ഈ പ്രതികൂല നിലപാട്. സുപ്രീംകോടതി സ്വവര്‍ഗരതിയെ മാത്രമേ ഇപ്പോള്‍ കുറ്റവിമുക്തമാക്കിയിട്ടുള്ളൂ. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ അടുത്ത ചുവട് സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്നതിലേക്കായിരിക്കാം എന്ന ആശങ്ക അസ്ഥാനത്തല്ല.
സ്വവര്‍ഗരതിയെ സംബന്ധിച്ച ഹിന്ദുത്വ നിലപാട് പരാമര്‍ശിക്കുമ്പോള്‍ ഡൊമനിക് ലാപിയറും ലാറി കൊളിന്‍സും രചിച്ച 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റി'ല്‍ ഗോദ്‌സെയെയും സവര്‍കറെയും ബന്ധപ്പെടുത്തി ഉദ്ധരിച്ച ഒരു കഥ കൗതുകകരമാണ്. 28-ാം വയസ്സില്‍ തന്നെ ഗോദ്‌സെ ബ്രഹ്‌മചര്യ പ്രതിജ്ഞ എടുത്തിരുന്നുവത്രെ. ശിഷ്ട ജീവിതകാലം മുഴുവന്‍ ആ പ്രതിജ്ഞയോട് അയാള്‍ പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്തിരുന്നു. അതിനു മുമ്പ് അയാളൊരു സ്വവര്‍ഗ രതിക്കാരനായിരുന്നുവെന്ന് ലാപിയറും ലാറിയും പറയുന്നു. സ്വന്തം രാഷ്ട്രീയ ഗുരുവായ വീര്‍സവര്‍ക്കറായിരുന്നുവത്രെ അയാളുടെ ലൈംഗിക പങ്കാളി (ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; പേ: 422, ഒന്നാം പതിപ്പ് 1975).
വിധിയുടെ ഫലങ്ങള്‍
സുപ്രീംകോടതിയുടെ ഈ വിധി ശൃംഖലിതമായ പ്രതിഫലനങ്ങളുളവാക്കുമെന്നു വേണം കരുതാന്‍. അത് സ്വവര്‍ഗരതിയെ കുറ്റമുക്തമാക്കുന്നതില്‍മാത്രം ഒതുങ്ങുകയില്ല. വിധിയെ തത്വത്തില്‍ സ്വാഗതം ചെയ്ത നെല്‍സാര്‍ നിയമ സര്‍വകലാശാല (ആന്ധ്ര) വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്ത്വഫ എഴുതിയ ഒരു ലേഖനത്തില്‍ (No Right of way for the mejority, Indian Express) അതിന്റെ ദൂരവ്യാപക ഫലങ്ങളിലേക്ക് വിരല്‍ ചൂണ്ടിയതായി കാണാം. സുപ്രീംകോടതി മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസുകളില്‍ മുമ്പ് സര്‍ക്കാരിനെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്ന പൊതുസിവില്‍ കോഡിന്റെ അപ്രസക്തിയെ പരോക്ഷമായി ധ്വനിപ്പിക്കുന്ന വാചകങ്ങള്‍ ഈ വിധിയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. 'വ്യക്തികള്‍ എങ്ങനെയാവരുത്' എന്ന് അവരെ നിര്‍ബന്ധിക്കുന്നതിലുപരി 'അവര്‍ എങ്ങനെയോ അങ്ങനെ' തന്നെ നാം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്ന് വിധിയില്‍ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. 'ഒരേയൊരു മതം, ഒരേയൊരു ദേശം, ഒരേയൊരു നിയമം, ഒരേയൊരു ഭാഷ' എന്ന മുദ്രാവാക്യമുയര്‍ത്തുന്നവര്‍ക്ക് വിധി ഒരു ആഘാതമായിരിക്കുമെന്നും വൈവിധ്യങ്ങളുടെയും വ്യതിരിക്ത സ്വത്വങ്ങളുടെയും ധീരമായ അംഗീകാരമാണിതെന്നും ഫൈസാന്‍ മുസ്ത്വഫ എടുത്തോതുന്നു. പൊതുസിവില്‍ കോഡിന് അഭിപ്രായ രൂപീകരണം നടത്തി സ്വന്തം തെരഞ്ഞെടുപ്പു പത്രികാ വാഗ്ദാനം നടപ്പിലാക്കാനായി മോദി സര്‍ക്കാര്‍ നിയമിച്ച നിയമ കമീഷനും പൊതു സിവില്‍ കോഡ് അപ്രായോഗികമാണെന്ന് ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ കൈയൊഴിഞ്ഞതും ശ്രദ്ധേയമാണ്. സുപ്രീംകോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ സന്ദര്‍ഭത്തില്‍ തന്നെയാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം മുതലെടുക്കാനായി ധൃതിപിടിച്ച് മുത്ത്വലാഖിനെ ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിക്ഷാര്‍ഹമായ കുറ്റമാക്കിയിരിക്കുന്നത്.
നിയമവും മതാധിഷ്ഠിത ധാര്‍മികതയും തമ്മിലുള്ള ബന്ധമാണ് സ്വവര്‍ഗരതിയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഒരു പ്രശ്‌നം. കീഴ്ക്കട ധാര്‍മിക സങ്കല്‍പങ്ങളെ നിരാകരിച്ചുകൊണ്ടാണ് പരമോന്നത കോടതി നിയമത്തിന്റെ അപ്രമാദിത്വം സ്വവര്‍ഗരതിയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ കോടതി തന്നെയാണ് മുത്ത്വലാഖ് വിധിയില്‍ 'മതങ്ങളില്‍ ചീത്തയായത് നിയമത്തില്‍ നല്ലതാകില്ലെന്ന്' പ്രഖ്യാപിച്ചതെന്നും ഓര്‍ക്കണം. 'ഭരണഘടനാപരമായ ധാര്‍മികത' എന്നൊരു മന്ത്രോച്ചാരണമാണ് അഞ്ച് ന്യായാധിപന്മാരുടെയും വിധിയില്‍ മുഴങ്ങുന്നത്. സ്വകാര്യ സ്ഥലത്ത് ഉഭയസമ്മത പ്രകാരം നടക്കുന്ന രതി സമൂഹത്തിന് ദോഷകരമാകുന്നില്ല (Harmful) എന്നാണ് കോടതിയുടെ മറ്റൊരു ന്യായം. മുത്ത്വലാഖ് വിഷയത്തില്‍ ഈ 'ദോഷ സിദ്ധാന്തം' ബാധകമാകുമോ? രുപേര്‍ക്കിടയിലെ സ്വകാര്യ ദാമ്പത്യ പ്രശ്‌നം സമൂഹത്തെ ദോഷകരമായി ബാധിക്കുന്നതെങ്ങനെയാണ്?
2017-ല്‍ ഷയറാബാനു കേസില്‍ മുത്ത്വലാഖ് സാധുവല്ലെന്ന് പരമോന്നത കോടതി വിധിച്ചതാണ്. ഈ വിധി നിലനില്‍ക്കെ സാധുവല്ലാത്ത ഒരു പ്രവൃത്തി എങ്ങനെയാണ് ശിക്ഷാര്‍ഹമായ കുറ്റമാവുകയോ ആരെയെങ്കിലും ദോഷകരമായി ബാധിക്കുകയോ ചെയ്യുക എന്ന ചോദ്യവും പ്രസക്തമാണ്.
സ്വവര്‍ഗരതിക്ക് ജീവപര്യന്തം ശിക്ഷ കടുത്തതും തികച്ചും അനുചിതവുമാണെന്ന് ജസ്റ്റിസ് നരിമാന്‍ നിരീക്ഷിക്കുന്നുണ്ട്. അപ്പോള്‍ നിയമത്തില്‍ സാധുതയില്ലാത്തതും അതിനാല്‍ തന്നെ ആര്‍ക്കും ദോഷകരമാവാത്തതുമായ മുത്ത്വലാഖ് മൊഴിക്ക് മൂന്ന് വര്‍ഷം തടവും കടുത്തതാവില്ലേ?
'തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം' ഭൂരിപക്ഷ പരികല്‍പനകള്‍ക്ക് വിധേയമല്ലെന്ന് ബഹു. ജഡ്ജിമാര്‍ ഈ വിധിയില്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചിരിക്കുന്നു. അപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ പൂജ്യദേവികളാണ് ഗോക്കളെന്നതിനാല്‍ മാട്ടിറച്ചി ഉപഭോഗം എങ്ങനെ നിരോധിക്കാനാകും? മാട്ടിറച്ചി വില്‍പനയും ഉപഭോഗവും നിരോധിച്ച 25 സ്റ്റേറ്റുകളിലെ നിയമത്തെ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എങ്ങനെ ബാധിക്കും? മഹാരാഷ്ട്രയിലെ മാട്ടിറച്ചി നിരോധത്തിനെതിരെയുമുള്ള ഒരു ഹരജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള അര ഡസനോളം മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്ക് മുന്നിലും ഈ വിധി ഒരു ചോദ്യചിഹ്നമായി മാറുകയാണ്. മതംമാറ്റം ഒരു സ്വകാര്യ വിഷയമാണ്. സ്റ്റേറ്റിന് അതില്‍ ഇടപെടേണ്ട കാര്യമില്ല.
സുപ്രീം കോടതിവിധി നിലവിലുള്ള വ്യക്തി നിയമങ്ങളെ എങ്ങനെ, ബാധിക്കുമെന്നു കൂടി കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം മുസ്‌ലിം വിവാഹ ഭഞ്ജന ആക്ട് (1939) പ്രകാരം ഭര്‍ത്താവ് സ്വവര്‍ഗരതിയടക്കമുള്ള 'കുപ്രസിദ്ധ ജീവിതം' (Infamous Life) നയിക്കുന്നവനാണെങ്കില്‍ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാവുന്നതാണ്. ഇതു പോലെത്തന്നെ 'ഹിന്ദു മാര്യേജ് ആക്ട്'(1955) പ്രകാരം സ്വവര്‍ഗരതി വിവാഹമോചനത്തിനുള്ള കാരണങ്ങളിലൊന്നായാണ് എണ്ണിയിട്ടുള്ളത്. ക്രിസ്ത്യന്‍ നിയമത്തിന്റെ കീഴിലുള്ള 2001-ലെ ഇന്ത്യന്‍ വിവാഹമോചന (ഭേദഗതി) ആക്ട് പ്രകാരവും സ്വവര്‍ഗരതി വിവാഹമോചനത്തിനുള്ള കാരണങ്ങളില്‍ പെടും. സുപ്രീംകോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയതല്ലാതെ തദടിസ്ഥാനത്തില്‍ സിവില്‍ നിയമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന നിയമ വിദഗ്ധനായ ഫൈസാന്‍ മുസ്ത്വഫയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
നിലനില്‍ക്കുന്ന സാമൂഹിക മനോധര്‍മങ്ങളെയും മുന്‍ധാരണകളെയും കോടതി വിധികള്‍ നിര്‍മാര്‍ജനം ചെയ്യാറില്ലെന്നതാണ് അനുഭവ യാഥാര്‍ഥ്യം. ആള്‍ക്കൂട്ടം നിരപരാധികളെ തല്ലിക്കൊല്ലുന്നതിനെക്കുറിച്ചും ഈയടുത്ത കാലത്ത് കോടതിവിധികളുണ്ടായിട്ടുള്ളതാണ്. എന്നിട്ടും ഇപ്പോഴും അത് തുടരുന്നു. പ്രയോഗതലത്തില്‍ വിധിയുടെ പരിണതി കണ്ടറിയേണ്ടിയിരിക്കുന്നു.
(ഉടനെ പുറത്തിറങ്ങുന്ന 'സ്വവര്‍ഗരതി: നിയമം, സദാചാരം, വിപണി' എന്ന പുസ്തകത്തില്‍നിന്ന്)