تَسْتَطِع تَسْطِع اِسْطاَعُوا اِسْتَطَاعُوا എന്നീ പദങ്ങളുടെ സൂക്ഷ്മാന്തരങ്ങള്‍
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
സൂറത്തുല്‍ കഹ്ഫില്‍, മൂസാ-ഖദിര്‍ സംഭവം വിവരിക്കുന്നതിനിടെ, ലഘൂകരിക്കുന്നതിനായി കളഞ്ഞ കാണാം. ഖുര്‍ആനിക കൗതുകങ്ങളിലൊന്നായ അതേപ്പറ്റി ചില ആലോചനകളാണ് താഴെ.
മൂസാ നബി ഖദിറുമായി സന്ധിക്കുകയും അദ്ദേഹത്തില്‍നിന്ന് പഠിക്കാനായി തന്നെ സമര്‍പ്പിക്കുകയും ചെയ്തപ്പോള്‍, ഒട്ടും ക്ഷമിക്കാന്‍ കഴിയാത്ത ചില അനുഭവങ്ങള്‍ ഉണ്ടാകുമെന്നും അത് സഹിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ലെന്നും മൂസായെ ധരിപ്പിക്കുകയുണ്ടായി.
താന്‍ ക്ഷമിച്ചുകൊള്ളാമെന്നും അനുസരണയോടെ ശിഷ്യത്വം സ്വീകരിക്കാമെന്നും, ഒന്നും ധിക്കരിക്കുകയില്ലെന്നും ഒന്നിനെപ്പറ്റിയും ചോദിക്കില്ലെന്നും മൂസാ ഖദിറിന് വാക്കുകൊടുത്തു.
ഈ ധാരണയില്‍ ഇരുവരും യാത്രയായി. അതിനിടെ, ഖദിര്‍ കപ്പലിന് ദ്വാരമുണ്ടാക്കി കേടുവരുത്തി. മൂസാ നബി എതിര്‍ത്തു. ഖദിര്‍ ഇരുവരും തമ്മിലുള്ള കരാര്‍ ഓര്‍മിപ്പിച്ചു. മൂസാ നബി ക്ഷമ യാചിച്ചു.
ഇരുവരും വീണ്ടും യാത്ര തുടര്‍ന്നു. അതിനിടെ ഖദിര്‍ ഒരു കുട്ടിയെ വധിച്ചു. അതും മൂസാ ചോദ്യം ചെയ്തു. ഖദിര്‍ കരാറിനെക്കുറിച്ച് ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു. തുടര്‍ന്നുള്ള യാത്രയില്‍ ഇനിയും ചോദ്യങ്ങളുന്നയിച്ചാല്‍ കൂട്ടുപിരിയേണ്ടി വരുമെന്നതിനാല്‍ മൂസാ കൂടുതല്‍ ജാഗ്രത പുലര്‍ത്തി.
ഇരുവരും വീണ്ടും യാത്ര തുടര്‍ന്നു. പിശുക്കരായ ഒരുപറ്റമാളുകള്‍ താമസിക്കുന്ന ഗ്രാമത്തിലെത്തി. അവിടെയൊരു മതില്‍ വീഴാനാഞ്ഞു നില്‍ക്കുന്നതുകണ്ട ഖദിര്‍ അത് നന്നാക്കി. പുതുക്കിപ്പണിതതിന്റെ കൂലി ഈടാക്കാതിരുന്നതെന്തെന്ന് മൂസാ ചോദിച്ചു. മൂന്നാമത്തെ സംഭവത്തോടെ ഇരുവരും വേര്‍പിരിയാനുറച്ചു. പക്ഷേ, അതിനു മുമ്പായി ഖദിര്‍ മൂസായോട് പറഞ്ഞു:
قَالَ هَٰذَا فِرَاقُ بَيْنِي وَبَيْنِكَۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا
''ഖദിര്‍ പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം'' (അല്‍കഹ്ഫ്: 78).
കപ്പല്‍ കേടുവരുത്തിയതും ബാലനെ വധിച്ചതും മതില്‍ പുനര്‍നിര്‍മിച്ചതും എന്തിനായിരുന്നുവെന്ന് ഖദിര്‍ മൂസായോട് വിശദീകരിച്ചു. അതിന്റെ ഒടുവിലായി ഖദിര്‍ പറഞ്ഞു:
ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا
''താങ്കള്‍ക്ക് ഏതു കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോഅതിന്റെ പൊരുളാകുന്നു അത്'' (അല്‍കഹ്ഫ്: 82)
78-ാം സൂക്തത്തില്‍ تَسْتَطِع എന്ന ക്രിയയില്‍ تاء കാണാം. അതേസമയം, 82-ാം സൂക്തത്തില്‍ تَسْتَطِع എന്നതിനു പകരം تَسْطِعْ എന്നേയുള്ളൂ. تَسْتَطِع എന്ന ക്രിയയില്‍ تاء ഉള്ളതിന് കാരണം നിരത്തേണ്ടതില്ല. استَطَاع എന്നതിന്റെ ഭാവികാലക്രിയ تَسْتَطِيع എന്നാണല്ലോ. എന്നാല്‍, تَسْطِعْ എന്ന ക്രിയയില്‍നിന്ന് تاء കളഞ്ഞത് ലഘൂകരണ (تَخْفِيف)ത്തിനു വേണ്ടിയാണ്. അതുകൊണ്ട് ആ تاءന് تاء الخفةഎന്നു പറയുന്നു.
മൂസാ നബി ഖദിറിന്റെ മൂന്ന് വിചിത്ര നടപടികള്‍ക്ക് സാക്ഷിയായി. പ്രത്യക്ഷത്തില്‍ ന്യായീകരിക്കാന്‍ കഴിയാത്തതും ആരും പ്രതിഷേധിച്ചു പോകുന്നതുമായ മൂന്നു സംഭവങ്ങള്‍. യാത്രായോഗ്യമായ കപ്പല്‍ കേടുവരുത്തി, കൊച്ചു ബാലനെ വധിച്ചു, മതില്‍ പുനര്‍നിര്‍മിച്ചു നല്‍കിയിട്ടും പ്രതിഫലം പറ്റാതിരുന്നു.
ഇതു കണ്ടപ്പോള്‍ മൂസാ നബി പരിഭ്രാന്തനായി. സംഭവങ്ങളുടെ ശരിയായ വസ്തുതയെന്തെന്ന് അറിയാന്‍ തിടുക്കമായി. മാനസിക ഭാരം വര്‍ധിച്ചു. അദ്ദേഹത്തിന്റെ മാനസിക ഭാരത്തെ സാധൂകരിച്ചുകൊണ്ട് ക്രിയയില്‍ تاء
നിലനിര്‍ത്തി تَسْتَطِعْ എന്നു പ്രയോഗിച്ചു. അത് മൂസാ നബിയുടെ മനോഭാരം പ്രതിഫലിപ്പിക്കുന്ന വിധമായിരുന്നു.
സംഭവങ്ങളുടെ ആന്തരിക യാഥാര്‍ഥ്യം ഖദിര്‍ മൂസാ നബിക്ക് വിശദീകരിച്ചുകൊടുത്തു. അക്രമിയായ രാജാവ് കൈവശപ്പെടുത്താതിരിക്കാനായി കപ്പല്‍ കേടുവരുത്തി കടലിലാഴ്ത്തി, സുകൃതവാന്മാരായ മാതാപിതാക്കള്‍ക്ക് ബാലന്റെ സത്യനിഷേധവും നന്ദികേടും ദോഷകരമായി ബാധിക്കാതിരിക്കാനായി അവനെ വധിച്ചു, അനാഥരായ രണ്ടു ബാലന്മാര്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടാനായി മതില്‍ നന്നാക്കി പണിതു നല്‍കി.
ഖദിറിന്റെ വിശദീകരണത്തോടെ മൂസായുടെ ആശങ്കകള്‍ അകന്നു, മനോഭാരം താണു. മൂസാ നബിയുടെ മാനസികാശ്വാസം ശരിയായി പ്രതിഫലിപ്പിക്കുന്ന വിധം تَسْتَطِعْ എന്നതിനു പകരം تَسْطِعْ എന്ന് പ്രയോഗിച്ച് ലാഘവത്വത്തെ അക്ഷരത്തിലൂടെ പ്രതിഫലിപ്പിച്ചു- അല്ലാഹു അഅ്‌ലം.
സൂറത്തുല്‍ കഹ്ഫില്‍ തന്നെ ദുര്‍ഖര്‍നൈന്‍ ചക്രവര്‍ത്തിയുടെ ജൈത്രയാത്ര വിവരിക്കുന്നതിനിടെ اِسْتَطَاعُوا ، إِسْطَاعُوا എന്നു പ്രയോഗിച്ചേടത്തും تاء الخفة വരുന്നുണ്ട്.
യഅ്ജൂജ്, മഅ്ജൂജ് എന്നീ രണ്ടു വര്‍ഗങ്ങളുടെ ആക്രമണത്തില്‍നിന്ന് പ്രതിരോധമായി ഭദ്രമായ ഭിത്തി നിര്‍മിച്ചുനല്‍കാന്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നതാണ് രംഗം.
''അങ്ങനെ അദ്ദേഹം -ദുല്‍ഖര്‍നൈന്‍- രണ്ടു പര്‍വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: 'ഹേ ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്- മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍ക്കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ചു തരട്ടെയോ?' അദ്ദേഹം പറഞ്ഞു: 'എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും ഐശ്വര്യവും) നിങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഉത്തമമത്രെ. എന്നാല്‍ നിങ്ങളുടെ (ശാരീരിക) ശക്തികൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പു കട്ടികള്‍ കൊണ്ടു വന്നു തരൂ.' അങ്ങനെ ആ രണ്ടു പര്‍വത പാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു; നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ടുവന്നു തരൂ. ഞാന്‍ അത് അതിന്മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയാന്‍ അവര്‍ക്ക് (യഅ്ജൂജ്, മഅ്ജൂജിന്) സാധിച്ചില്ല (فَمَا اسطَاعُوا). അതിന് തുളയുണ്ടാക്കാനും അവര്‍ക്ക് സാധിച്ചില്ല (وما استطاعوا)'' (അല്‍ കഹ്ഫ്: 93-97). ദുല്‍ഖര്‍നൈന്‍ ഇരുമ്പുരുക്കി. അതിനു മുകളില്‍ ചെമ്പുരുക്കിയ ദ്രാവകം ഒഴിച്ചു. ഇരുമ്പും ചെമ്പും ഇഴുകിച്ചേര്‍ന്ന് ബലിഷ്ഠ ഭദ്രമായ ഭിത്തി യാഥാര്‍ഥ്യമായി. യഅ്ജൂജിനും മഅ്ജൂജിനും നുഴഞ്ഞുകയറാന്‍ പഴുതൊന്നുമുണ്ടായില്ല. അവരുടെ ഈ കഴിവുകേട് പ്രതിഫലിക്കുന്നതാണ് ക്രിയയില്‍നിന്ന تَاء കളഞ്ഞുള്ള فَمَا اسْطَاعُوا
എന്ന പ്രയോഗം. ഇതോടൊപ്പം ഭിത്തി തുരക്കാനും അവര്‍ക്ക് കഴിഞ്ഞില്ല എന്ന ആശയം പ്രകാശിപ്പിക്കാനായി ഖുര്‍ആന്‍ وَمَا استَطَاعُوا له نقْبًا എന്നു പ്രയോഗിച്ചപ്പോള്‍تاء നിലനിര്‍ത്തുകയുണ്ടായി.
ഖുര്‍ആനിലെ ഒരു പദത്തില്‍നിന്ന് ഒരു അക്ഷരം കളയുകയോ നിലനിര്‍ത്തുകയോ, ഹര്‍കത്തുകള്‍ക്ക് മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ അതില്‍ ദൈവിക യുക്തിയുണ്ടാവും. ഖുര്‍ആനിക ശൈലിയില്‍ പൊതുവെ ദീക്ഷിക്കുന്നതാണീ കാര്യം.
'അവര്‍ക്ക് അത് നുഴഞ്ഞു കടക്കാന്‍ കഴിഞ്ഞില്ല' എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന വിധമാണ് تاء കളഞ്ഞ് اسْطَاعُوا എന്ന് പ്രയോഗിച്ചത്. അതായത്, മിനുസമാര്‍ന്നതും ഉന്നതവുമായ ഭിത്തി മറികടക്കാന്‍ അവര്‍ക്കായില്ല. ഭിത്തി മറികടക്കാന്‍ ഭാരം കുറയണം, വൈഭവം വേണം. ഭാരം കൂടുകയും വൈഭവം കുറയുകയുമാണെങ്കില്‍ പ്രയാസകരമാവും. ഭിത്തി കയറുന്നയാള്‍ തന്റെ ചില ഭാരങ്ങള്‍ ഒഴിവാക്കുന്ന പോലെ, ഖുര്‍ആന്‍ ഒരക്ഷരം കുറച്ച് ഭാരം ലഘൂകരിച്ചിരിക്കുകയാണ്. ആയതിനാല്‍ ആ അക്ഷരത്തെ تاء الخِفة ലഘുത്വത്തിന്റെ താഅ് എന്ന് നാം വിളിക്കുന്നു.
എന്നാല്‍ اسْتَطَاعُوا എന്ന ക്രിയയില്‍ تاء നിലനിര്‍ത്തിയിരിക്കുന്നു. 'അവര്‍ക്ക് അത് -ഭിത്തി-തുളക്കാന്‍ സാധിച്ചില്ല' എന്ന ആശയവുമായി യോജിക്കത്തക്കവിധമാണ് അതില്‍ تاء -ന്റെ സാന്നിധ്യം.
ഭിത്തി തുരക്കാന്‍ ധാരാളം അധ്വാനം വേണം. ഭൗതികവും യാന്ത്രികവുമായ സന്നാഹങ്ങള്‍ വേണം. ധാരാളം സമയം വേണം. എല്ലാം കൊണ്ടും അതിസാഹസികം. ഭൗതികവും ശാരീരികവും മാനസികവും സ്ഥലപരവും കാലപരവുമായ എല്ലാ ഭാരങ്ങളെയും സംവഹിക്കുന്ന വിധമുള്ള പദമാണ് اسْتَطَاعُوا . ചുരുക്കത്തില്‍, മുകളില്‍ പറഞ്ഞ എല്ലാ ഭാരങ്ങളും ഉള്ളടങ്ങിയതിനാലാണ് ഈ ക്രിയയില്‍تَاء വന്നത് എന്ന് മനസ്സിലാക്കുന്നത് യുക്തിസഹമാണ് الله أعلم .