സകാത്ത് ബാധകമാവാന്‍ നിസ്വാബിന് പുറമെ കൊല്ലവും തികയണമോ?

കെ. അബ്ദുല്ല ഹസന്‍‌‌

ശമ്പളത്തിന്റെ സകാത്തിന് വര്‍ഷം തികയണമോ വേയോ  എന്നത് സംബന്ധിച്ച് രണ്ട് വീക്ഷണങ്ങള്‍ പങ്കുവെക്കുന്നു

കാര്‍ഷിക വിളകളൊഴിച്ചുള്ള എല്ലാ സമ്പത്തിനും നിശ്ചിത പരിമാണ(നിസ്വാബ്)മുണ്ടെങ്കിലേ സകാത്ത് ബാധകമാവുകയുള്ളൂവെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം അവയില്‍ ഓരോന്നിന്റെയും നിസ്വാബ് എത്രയാണെന്ന് നബി തിരുമേനി തന്നെ പഠിപ്പിച്ചതായി ഹദീസുകളില്‍ പ്രബലമായി വന്നിട്ടുണ്ട്. എന്നാല്‍ നിസ്വാബെത്തിയ ധനം ഒരു വര്‍ഷം കൈയിലിരുന്നാലേ സകാത്ത് ബാധകമാവുകയുള്ളൂവെന്നാണ് ചില സ്വഹാബിമാരും മറ്റു പല കര്‍മശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഈ അഭിപ്രായങ്ങള്‍ക്ക് സഹായകമെന്നോണം ചില ഹദീസുകളും ഉദ്ധരിക്കപ്പെടുന്നുണ്ട്. നാലു ഹദീസുകളാണ് ഇങ്ങനെ പൊതുവായി വന്നിട്ടുള്ളത്. എന്നാല്‍ ഇവ ഓരോന്നും തെളിവിനു പറ്റാത്ത വിധം ദുര്‍ബലങ്ങളാണ്. നമുക്ക് പരിശോധിച്ചു നോക്കാം.


1. അലി(റ)യില്‍ നിന്നുള്ള ഹദീസ്:
رَوَى اَبُو داود في باب زكاة السائمة : قال حَدَّثَنَا سُلَيْمَانُ بْنُ دَاوُدَ الْمَهْرِيُّ، أَخْبَرَنَا ابْنُ وَهْبٍ، أَخْبَرَنِي جَرِيرُ بْنُ حَازِمٍ، وَسَمَّى، آخَرَ عَنْ أَبِي إِسْحَاقَ، عَنْ عَاصِمِ بْنِ ضَمْرَةَ، وَالْحَارِثِ الأَعْوَرِ، عَنْ عَلِيٍّ، - رضى الله عنه - عَنِ النَّبِيِّ صلى الله عليه وسلم قال : فَإِذَا كَانَ لَكَ مِائَتَا دِرْهَمٍ وَحَالَ عَلَيْهَا الْحَوْلُ فَفِيهَا خَمْسَةُ دَرَاهِمَ ، وَلَيْسَ عَلَيْكَ شَىْءٌ - يَعْنِي فِي الذَّهَبِ - حَتَّى يَكُونَ لَكَ عِشْرُونَ دِينَارًا ، فَإِذَا كَانَ لَكَ عِشْرُونَ دِينَارًا وَحَالَ عَلَيْهَا الْحَوْلُ فَفِيهَا نِصْفُ دِينَارٍ ، فَمَا زَادَ فَبِحِسَابِ ذَلِكَ ، قَالَ فَلاَ أَدْرِي أَعَلِيٌّ يَقُولُ فَبِحِسَابِ ذَلِكَ‏ أَوْ يرفَعَهُ إِلَى النَّبِيِّ صلى الله عليه وسلم ‏”‏ وَلَيْسَ فِي مَالٍ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ ‏،‏ إِلاَّ أَنَّ جَرِيرًا قَالَ ابْنُ وَهْبٍ يَزِيدُ فِي الْحَدِيثِ عَنِ النَّبِيِّ صلى الله عليه وسلم ‏ولَيْسَ فِي مَالٍ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ ‏”‏ ‏.
(നബി (സ) പറഞ്ഞതായി അലി(റ)യില്‍നിന്നു ഹാരിസുല്‍ അഹ്‌വറും ആസ്വിമുബ്‌നു ദംറയും ഉദ്ധരിക്കുന്നു: നിനക്ക് 200 ദിര്‍ഹമുണ്ടാവുകയും അതിനു ഒരു കൊല്ലം തികയുകയും ചെയ്താല്‍ അതില്‍ 5 ദിര്‍ഹം (സകാത്ത് കൊടുക്കണം). അതുപോലെ 20 ദീനാറുണ്ടാവുന്നതു വരെ (സ്വര്‍ണത്തില്‍) നിനക്ക് ബാധ്യതയൊന്നുമില്ല. 20 ദീനാറുണ്ടാവുകയും അതിനൊരു കൊല്ലം തികയുകയും ചെയ്താല്‍ അതില്‍ പകുതി ദീനാര്‍ (സകാത്ത് കൊടുക്കണം). അതില്‍ കൂടുതലുണ്ടെങ്കില്‍ അതിന്റെ കണക്കനുസരിച്ച്. റിപ്പോര്‍ട്ടര്‍ പറയുന്നു: 'കൂടുതലുള്ളത് അതിന്റെ കണക്കനുസരിച്ച്' എന്ന് പറഞ്ഞത് തിരുമേനിയാണോ, അതല്ല അലി(റ)യാണോ എന്നെനിക്കറിയില്ല. ഒരു ധനത്തിലും കൊല്ലം പൂര്‍ത്തിയാവുന്നതു വരെ സകാത്തില്ല. എന്നാല്‍ ജരീര്‍ പറയുന്നു: ഇബ്‌നു വഹബ് ഹദീസില്‍ നബി(സ)യില്‍നിന്ന് ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു: ഒരു കൊല്ലം പൂര്‍ത്തിയാവുന്നതു വരെ ഒരു ധനത്തിനും സകാത്ത് ബാധകമാവുന്നതല്ല).
ഈ ഹദീസിന് അനേകം തകരാറുകളുണ്ട്. അലിയിലേക്കെത്തുന്ന ഇതിന്റെ പരമ്പര രണ്ടു വ്യക്തികളിലൂടെയാണ് വരുന്നത്. ഒന്ന് ഹാരിസുല്‍ അഹ്‌വര്‍. മറ്റൊന്ന് ആസ്വിമുബ്‌നു ദംറ. ഇതില്‍ ഹാരിസാണ് പരമ്പര നബി തിരുമേനിയിലേക്ക് ഉയര്‍ത്തിയത്. അദ്ദേഹമാകട്ടെ ധാരാളമായി കളവു പറയുന്ന വ്യക്തിയാണെന്ന് ഇബ്‌നു ഹസമും മറ്റു പലരും വ്യക്തമാക്കിയിരിക്കുന്നു (മുഹല്ല. വാ: 6 പേ: 3).
രണ്ടാം പരമ്പരയിലെ ആസ്വിം, ഹദീസ് അലിയ്യില്‍നിന്ന് നബി തിരുമേനിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നുവെന്ന് ഹാഫിള് ഇബ്‌നു ഹജര്‍ തന്റെ തല്‍ഖീസ്വില്‍പറഞ്ഞിരിക്കുന്നു. പക്ഷേ ആ റിപ്പോര്‍ട്ടില്‍ കൊല്ലം തികയുന്ന കാര്യം തന്നെയില്ലെന്നാണ് ഡോ. ഖറദാവി പറയുന്നത് (ഫിഖ്ഹുസ്സകാത്ത്-  വാ: 1 പേ: 493). എന്നിരിക്കെ ഇവിടെ പ്രസ്തുത ഹദീസ് പരിഗണനീയമേയല്ല. ഇതല്ലാത്ത വേറെയും പല തകരാറുകളും ഈ ഹദീസിനുണ്ട്, ഡോ. ഖറദാവി അത് വിശദമായി തന്റെ ഫിഖ്ഹുസ്സകാത്ത്-  വാ: 1 പേ: 492-94-ല്‍ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ ഈ ഹദീസ് തെളിവിനു പറ്റുകയില്ലെന്നു വ്യക്തം.

2 -  ഇബ്‌നു ഉമറി(റ)ല്‍നിന്നുള്ള ഹദീസ്:
ഹാഫിള് ഇബ്‌നു ഹജര്‍ പറയുന്നു: ഇബ്‌നു ഉമറിന്റെ ഹദീസ് ദാറഖുത്വ്‌നിയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ പരമ്പരയിലുള്ള ഇസ്മാഈലുബ്‌നു ഇയാസ് സിറിയക്കാരില്‍നിന്നല്ലാതെ ഉദ്ധരിക്കുന്ന ഹദീസുകള്‍ ദുര്‍ബലങ്ങളാണ്. ഈ ഹദീസിന്റെ പരമ്പര നാഫിഅ് (സ്വഹാബി) വരെ മാത്രമേ എത്തുന്നുള്ളു. നബി തിരുമേനിയിലേക്കെത്തുന്നില്ല(ഉദ്ധരണം: ഫിഖ്ഹുസ്സകാത്ത്-  വാ: 1 പേ: 495). അതിനാല്‍ ഈ ഹദീസും ഹദീസെന്ന നിലയില്‍ തെളിവിനു പറ്റുകയില്ല.

3 -  അനസി(റ)ല്‍നിന്നുള്ള ഹദീസ്.
അനസിന്റെ ഹദീസ് ദാറഖുത്‌നിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ പരമ്പരയില്‍ ഹസ്സാനുബ്‌നു സിയാഹെന്ന ഒരു വ്യക്തിയുണ്ട്. അദ്ദേഹം സാബിത്തില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. തല്‍ഖീസ്വില്‍ ഇബ്‌നു ഹജര്‍ (തല്‍ഖീസ്വ്: പേ: 175) പറഞ്ഞ പോലെ അദ്ദേഹം അവലംബനീയനല്ല. ഇബ്‌നു ഹിബ്‌വാന്‍ പറയുന്നു: അദ്ദേഹം ഹദീസ് വിഷയത്തില്‍ ഒട്ടും സ്വീകാര്യനല്ലാത്ത തിരസ്‌കൃതനാണ്. പരമ്പരയില്‍ ഒറ്റപ്പെട്ടാല്‍ പ്രസ്തുത ഹദീസ് തെളിവിനു പറ്റുകയില്ല (ഉദ്ധരണം: ഫിഖ്ഹുസ്സകാത്ത്-  വാ: 1 പേ: 495).

4-  ആഇശ(റ)യില്‍നിന്നള്ള ഹദീസ്:
قال محمد بن عبد الله بن المنادي حَدَّثَنَا أبو زيد شُجَاعُ بْنُ الْوَلِيدِ، حَدَّثَنَا حَارِثَةُ بْنُ مُحَمَّدٍ (هو نفسه حارثة بن أبي الرجال) عَنْ عَمْرَةَ، عَنْ عَائِشَةَ، قَالَتْ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ لاَ زَكَاةَ فِي مَالٍ حَتَّى يَحُولَ عَلَيْهِ الْحَوْلُ ‏.
(ആഇശ(റ)യില്‍നിന്ന് അംറ (റ) ഉദ്ധരിക്കുന്നു: നബിതിരുമേനി പറയുന്നത് ഞാന്‍ കേട്ടു: ഒരു ധനത്തിലും കൊല്ലം പൂര്‍ത്തിയാവുന്നതു വരെ സകാത്തില്ല).
ഇതിന്റെ പരമ്പര കുറ്റമറ്റതാണെന്ന് ഇബ്‌നു ഖയ്യിം പറഞ്ഞിട്ടുണ്ടെങ്കിലും അതൊരബദ്ധമായി മാത്രമേ മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. കാരണം ഈ ഹദീസ് അംറയില്‍നിന്നുദ്ധരിക്കുന്ന ഹാരിസ ബിന്‍ മുഹമ്മദ് (അദ്ദേഹം തന്നെയാണ് ഹാരിസബ്ന്‍ അബിര്‍രിജാല്‍) ദുര്‍ബലനാണെന്ന് ദാറഖുത്വ്‌നിയും അഖിലീയും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദഹബി അദ്ദേഹത്തെക്കുറിച്ച് പറയുന്നു: അഹ്‌മദും ഇബ്‌നുമഈനും അദ്ദേഹം ദുര്‍ബലനാണെന്ന് പറഞ്ഞിരിക്കുന്നു. നസാഈ പറഞ്ഞു: متروك (തിരസ്‌കൃതന്‍). ഇമാം ബുഖാരി പറഞ്ഞു: ഹദീസുകളില്‍ അസ്വീകാര്യന്‍ منكر الحديث-  . ആരും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ഇബ്‌നുല്‍ മദീനി പറയുന്നു: നമ്മുടെ കൂട്ടുകാര്‍ അദ്ദേഹത്തെ ദുര്‍ബലനായിത്തന്നെ പരിഗണിച്ചുകൊണ്ടിരുന്നു. ഇബ്‌നു അദിയ്യ് പറയുന്നു: അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നതെല്ലാം തിരസ്‌കാരയോഗ്യമാണ് (ഉദ്ധരണം: ഫിഖ്ഹുസ്സകാത്ത്-  വാ: 1 പേ: 495- 96).

ഇതിന്റെയര്‍ഥം പ്രസ്തുത ഹദീസ് അസ്വീകാര്യമാണെന്ന കാര്യത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ ഏകോപിക്കുന്നുവെന്നു തന്നെയല്ലേ? ഈ കാര്യം ഇമാം നവവിയും സ്ഥിരീകരിക്കുന്നു. അല്‍ മുഹദ്ദബില്‍ ശീറാസി എഴുതി:
لا تجب الزكاة في المال إلا إذا حال عليه الحول لأنه روي ذلك أبي بكر وعثمان وعلي رضي الله عنهم
(കൊല്ലം പൂര്‍ത്തിയാവുന്നത് വരെ ധനത്തില്‍ സകാത്ത് നിര്‍ബന്ധമാവുകയില്ല. കാരണം അബൂബക്‌റില്‍നിന്നും ഉസ്മാനില്‍നിന്നും അലിയില്‍നിന്നും അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു).

ഇതിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു:
هذا المذكور عن أبي بكر وعثمان وعلي صحيح عنهم رواه البيهقي وغيره وقد روي عن علي وعائشة عن النبي صلى الله عليه وسلم أنه قال : لا زكاة في مال حتى يحول عليه الحول ، وإنما لم يحتج المصنف بالحديث لأنه حديث ضعيف فاقتصر على الآثار. وقد قال ابن مسعود وابن عباس تجب الزكاة في يوم ملك النصاب قال فاذا حال الحول وجبت الزكاة ثانيا والله أعلم (المجموع 361/5)
(ഇവിടെ അബൂബക്ര്‍, ഉസ്മാന്‍, അലി എന്നിവരെക്കുറിച്ചു പറഞ്ഞത് അവരില്‍നിന്ന് പ്രബലമായി വന്നിട്ടുണ്ട്. ബൈഹഖിയും മററുള്ളവരും അതുദ്ധരിച്ചിരിക്കുന്നു. നബി തിരുമേനി(സ) പറഞ്ഞതായി അലി(റ)യില്‍നിന്നും ആഇശ(റ)യില്‍നിന്നും ഉദ്ധരിക്കപ്പെടുന്നു: (ഒരു ധനത്തിലും കൊല്ലം പൂര്‍ത്തിയാവുന്നതു വരെ സകാത്തില്ല.). എന്നാല്‍ ഗ്രന്ഥകാരന്‍ (ശീറാസി) ഈ ഹദീസ് തെളിവായി സ്വീകരിക്കാതെ അസറുകളെ മാത്രം അവലംബിക്കാന്‍ കാരണം ഹദീസ് ദുര്‍ബലമായതുകൊണ്ടാണ്. ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും പറഞ്ഞു: നിസ്വാബ് തികയുന്ന ദിവസം സകാത്ത് നിര്‍ബന്ധമായി. പിന്നീട് ഒരു കൊല്ലം പൂര്‍ത്തിയായാല്‍ വീണ്ടും സകാത്ത് നിര്‍ബന്ധമാവും -  (അല്‍ മജ്മൂഅ് 5- 361)
ഇത്‌പോലെ ഇവ്വിഷയകമായി വന്ന അലി(റ)യുടെയും ആഇശ(റ)യുടെയും ഇബ്‌നു ഉമറി(റ)ന്റെയും അനസി(റ)ന്റെയും ഹദീസുകളുടെ ദൗര്‍ബല്യം ഇമാം ശൗകാനിയും തന്റെ നൈലുല്‍ ഔത്വാറില്‍ വ്യക്തമായി വിവരിച്ചിട്ടണ്ട്.
نيل الأوطار - ج 4 ص 200

ഇതിനു പുറമെ അല്‍ മാലുല്‍ മസ്തഫാദുമായി പ്രത്യേകം ബന്ധപ്പെടുത്തിക്കൊണ്ട് ഇബ്‌നു ഉമറി(റ)ല്‍നിന്ന് രണ്ടു ഹദീസുകള്‍ വേറെയും വന്നിട്ടുണ്ട്. ഇതിലൊന്ന് അബ്ദുര്‍റഹ്‌മാനു ബ്‌നു സൈദ് ബിന്‍ അസ്‌ലം വഴിയും മറ്റൊന്ന് അയ്യൂബ്- നാഫിഅ് വഴിയുമാണ്. ഇതില്‍ ആദ്യത്തേതാണ് കൂടുതല്‍ പ്രബലമെന്ന് തിര്‍മിദി വ്യക്തമാക്കിയിരിക്കുന്നു. അതിന്റെ പരമ്പര പക്ഷേ നാഫിഇല്‍നിന്ന് റസൂല്‍ തിരുമേനി(സ)യിലേക്ക് ഉയര്‍ന്നിട്ടില്ല. അതിനാല്‍ അതിന് ഒരു അസറിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്ന് സാരം. മാത്രമല്ല, ഈ അബ്ദുര്‍റഹ്‌മാനു ബ്‌നു സൈദ് ബിന്‍ അസ്‌ലം ഹദീസില്‍ അസ്വീകാര്യനു(ദഈഫ്)മാണ്. കാരണം ധാരാളമായി അബദ്ധങ്ങള്‍ പിണയുന്ന വ്യക്തിയായതിനാല്‍ ഇമാം അഹ്‌മദു ബ്ന്‍ ഹമ്പല്‍, അലിയ്യുബ്‌നുല്‍ മദീനി തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ഹദീസ് അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ദൂര്‍ബലമായ രണ്ടാമത്തെ ഹദീസിന്റെ (അങ്ങനെ വിളിക്കാമെങ്കില്‍) പരമ്പര ഇബ്‌നു ഉമര്‍ (റ) വരെ മാത്രമേ എത്തുന്നുള്ളു. നബിതിരുമേനി(സ)യിലേക്കെത്തുന്നില്ല. ചുരുക്കത്തില്‍, കാര്‍ഷിക വിളകളൊഴികെ നിസ്വാബെത്തിയ ധനം (അത് മാലുല്‍ മസ്തഫാദാവട്ടെ, അല്ലാത്തതാവട്ടെ) ഒരു വര്‍ഷം കൈയിലിരുന്നാലേ സകാത്ത് ബാധകമാവുകയുള്ളൂവെന്ന വാദത്തിന് ഉപോദ്ബലകമായി ഒറ്റ ഹദീസും പ്രബലമായി വന്നിട്ടില്ലെന്ന് സംശയലേശമന്യേ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു (കൂടുതല്‍ വിശദീകരണത്തിന് നോക്കുക: ഫിഖ്ഹുസ്സകാത്ത്-  വാ: 1 പേ: 496- 97).

ഇനിയുള്ളത് സ്വഹാബികളുടെ അഭിപ്രായങ്ങളാണ്. അതില്‍ പക്ഷേ അവരെല്ലാവരും ഒരു പക്ഷത്തല്ല, അബൂബക്ര്‍, ഉസ്മാന്‍, അലി എന്നിവര്‍ ധനത്തിനു സകാത്ത് ബാധകമാവാന്‍ വര്‍ഷം തികയണമെന്ന് വാദിക്കുമ്പോള്‍ ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്, മുആവിയ തുടങ്ങിയവര്‍ നിസ്വാബെത്തിയ ധനം കൈയില്‍ വന്നാല്‍ അതിന്റെ സകാത്ത് ഉടനെ നല്‍കണമെന്ന പക്ഷക്കാരാണ്. രണ്ടു പക്ഷവും പ്രബലമാണെന്ന കാര്യത്തില്‍ സംശയമില്ല. നാം ഇതില്‍ ആരുടെ കൂടെ നില്‍ക്കും?

ഇവിടെ ചില കാര്യങ്ങള്‍ നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നാണ് നമ്മുടെ പക്ഷം.
1 -  ഒരിക്കല്‍ സകാത്ത് കൊടുത്ത ധനത്തിനു വീണ്ടും സകാത്ത് ബാധകമാവുന്നത് ഒരു കൊല്ലത്തിനു ശേഷം മാത്രമാണെന്ന കാര്യത്തില്‍ രണ്ടു വിഭാഗത്തിനും സംശയമില്ല. ഇതെവിടെനിന്ന് കിട്ടി? മുകളില്‍ പറഞ്ഞ ദൂര്‍ബലമായ ഹദീസുകളില്‍നിന്ന് കിട്ടിയതാണോ? അല്ല. ഹിജ്‌റ രണ്ടാം വര്‍ഷം മുതല്‍ മദീനയിലെ നബിതിരുമേനി(സ)യുടെ അന്ത്യം വരെ വര്‍ഷാന്തമുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് സംശയലേശമന്യേ ലഭിച്ചു എന്നല്ലാതെ അതിനു മറ്റൊരു മറുപടിയില്ല. സകാത്ത് എന്നത് ലോകത്തെങ്ങും പണ്ടേ നിലവിലുള്ള നികുതി പോലെ വര്‍ഷാന്തം ബാധകമാവുന്ന ഒരു നികുതിയാണ്. ധനത്തില്‍ നിസ്വാബെത്തിയാല്‍ ആദ്യം സകാത്തെന്ന നികുതി കൊടുക്കണം. പിന്നെ ഒരു വര്‍ഷം തികഞ്ഞാല്‍ മാത്രമേ വീണ്ടൂം മറ്റു നികുതികളെപ്പോലെ സകാത്ത് ബാധകമാവുകയുള്ളു. പ്രബലമല്ലെങ്കിലും കൊല്ലം തികയുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഹദീസിന്റെ വിവക്ഷ ഇതാണെന്ന് വെച്ചാല്‍ പ്രശ്‌നം അവസാനിച്ചു. ഡോ. ഖറദാവിയെപ്പോലുള്ള ചില ആധുനിക പണ്ഡിതന്മാര്‍ പ്രസ്തുത ഹദീസുകളെ അങ്ങനെ വ്യാഖ്യാനിച്ചിട്ടുമുണ്ട്.

2-  സകാത്ത് ബാധകമാവാന്‍ കൊല്ലം തികയണമെന്ന് വാദിക്കുന്നവര്‍ എല്ലാ ധനത്തിനും ഇത് ബാധകമാണോ എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരല്ല. ഉദാഹരണമായി 90 ഗ്രാം സ്വര്‍ണം കൈവശമുള്ള ഒരു വ്യക്തി 11 മാസം അത് കൈയിലിരിക്കെ അതില്‍നിന്ന് 10 ഗ്രാം മറ്റൊരാവശ്യത്തിനു വേണ്ടി ചെലവഴിച്ചു. അതോടെ അയാളുടെ ധനത്തില്‍ നിസ്വാബില്ലാതായി. പിന്നെ ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷം അയാള്‍ക്ക് 10 ഗ്രാം സ്വര്‍ണം കിട്ടി. ഇപ്പോള്‍ ഇദ്ദേഹം പഴയ 80 ഗ്രാമിന്റെ നിസ്വാബ് വെച്ച് 90 ഗ്രാമിന് സകാത്ത് കൊടുക്കണമോ? അതല്ല അയാള്‍ പുതുതായി കിട്ടിയ 10 ഗ്രാമും കൂടി ചേര്‍ത്ത് നിസ്വാബെത്തിയ ധനം വീണ്ടും ഒരു കൊല്ലം പൂര്‍ത്തിയായ ശേഷമാണോ സകാത്ത് കൊടുക്കേണ്ടത്? ഇതുപോലെ 100 ഗ്രാം സ്വര്‍ണം കൈയിലുള്ള ഒരു വ്യക്തിക്ക് 11 മാസമായപ്പോള്‍ 100 ഗ്രം സ്വര്‍ണം കൂടി ലഭിച്ചു. ഇപ്പോള്‍ ഈ വ്യക്തി ആദ്യത്തെ 100 ഗ്രാമിനു ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിനു മാത്രമാണോ സകാത്ത് കൊടുക്കേണ്ടത്? അതല്ല ഒരു മാസം മുമ്പു മാത്രം കൈവശം വന്ന 100 ഗ്രാമും കൂടി ചേര്‍ത്ത് 200 ഗ്രാമിന് സകാത്ത് കൊടുക്കണമോ? കൊടുക്കണമെങ്കില്‍ ഒരു ധനവും കൊല്ലം തികയാതെ സകാത്ത് ബാധകമാവുകയില്ലെന്ന ഹദീസ് എന്തു ചെയ്യും? കച്ചവടക്കാരന്റെ സകാത്തിലും ഈ വ്യത്യാസം പ്രകടമാണ്. കച്ചവടം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞു അയാള്‍ സകാത്ത് കൊടുക്കുമ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പ് മാത്രം ലഭിച്ച ലാഭത്തിനും അയാള്‍ സകാത്ത് കൊടുക്കേണ്ടി വരുന്നു. അപ്പോള്‍ മൂലധനത്തിനു മാത്രമാണല്ലോ കൊല്ലം തികയുന്നത്. ഇത്തരം അനേകം പ്രശ്‌നങ്ങള്‍ക്കൊന്നും സകാത്ത് ബാധകമാവാന്‍ കൊല്ലം തികയണമെന്ന വാദക്കാര്‍ക്ക് കൃത്യവും വ്യക്തവും ബുദ്ധിപരവുമായ മറുപടിയില്ല. എന്നല്ല അതിലവര്‍ ഏകാഭിപായക്കാരുമല്ല.

3-  കാര്‍ഷിക വിളകള്‍ക്ക് നിസ്വാബെത്തിയാല്‍ (അതും വേണ്ടെന്നാണ് ചില ഫുഖഹാഇന്റെ പക്ഷം) സകാത്ത് ബാധകമാവാന്‍ അത് ഒരു കൊല്ലം കൈയിലിരിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍തന്നെ അത് വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്: 
وَآتُوا حَقَّهُ يَوْمَ حَصَادِهِۖ (الأنعام : ١٤١
''നിങ്ങളത് പറിച്ചെടുക്കുന്ന ദിവസം അതിന്റെ അവകാശം കൊടുക്കുകയും ചെയ്യുക.''
തത്വത്തില്‍ എല്ലാ ധനവും ഒരുപോലെയാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ തന്നെ അതിനേറ്റവും നല്ല തെളിവ്. രണ്ടിനം ധനങ്ങളെയും ഒരേ സൂക്തത്തില്‍ ഒരേ വിതാനത്തില്‍ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِۖ (البقرة :٢٦٧
''സത്യവിശ്വാസികളേ, നിങ്ങളുടെ ഉത്തമമായ സമ്പാദ്യത്തില്‍നിന്നും ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതന്നതില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുക.'' എന്നിരിക്കെ 'ഉത്തമമായ സമ്പാദ്യ'ത്തിനു മാത്രം ഒരു വര്‍ഷം കൈയിലിരുന്നാലേ സകാത്ത് കൊടുക്കേണ്ടതുള്ളുവെന്ന് പറയുന്നത് കര്‍ഷകരോട് കാണിക്കുന്ന അന്യായവൂം വിവേചനവുമല്ലേ? സമാന പ്രശ്‌നങ്ങളില്‍ വിവേചനം പാടില്ലെന്നാണല്ലോ കര്‍മശാസ്ത്ര നിദാന ശാസ്ത്രംأصول الفقه-  അനുശാസിക്കുന്നത്.

4 -  സകാത്ത് ബാധകമാവാന്‍ കൊല്ലം തികയണമെന്ന വാദം യഥാര്‍ഥത്തില്‍ സകാത്ത് വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്നതാണ്. കാരണം സകാത്ത് നല്‍കുന്നതില്‍നിന്ന് ഊരിച്ചാടാന്‍ അന്യായമായ, എന്നാല്‍ ന്യായമെന്ന് തോന്നിപ്പിക്കാവുന്ന പല ആനവാതിലുകളും അത് പണക്കാരുടെ മുമ്പില്‍ തുറന്നുവെക്കുന്നു. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഒരുദ്യോഗസ്ഥന്‍ ഉദാഹരണം. അയാള്‍ക്ക് ഒന്നോ രണ്ടോ മാസങ്ങള്‍ കൂടുമ്പോള്‍ സകാത്ത് കൊടുക്കേണ്ട നിസ്വാബ് കൈയിലെത്തുന്നു. പക്ഷേ കൊല്ലം തികയാത്തതിനാല്‍ സകാത്ത് കൊടുക്കേണ്ടതില്ല. ഇങ്ങനെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് അയാളുടെ കൈയില്‍ വരുന്ന ലക്ഷക്കണക്കില്‍ ധനം സാധാരണ ഗതിയില്‍ അയാള്‍ ഭൂമിയിലോ മറ്റോ മുടക്കിയെന്ന് സങ്കല്‍പിക്കുക. പാവങ്ങള്‍ക്ക് ലഭിക്കേണ്ട എത്ര വലിയ സംഖ്യയാണിവിടെ അവര്‍ക്ക് നഷ്ടപ്പെട്ടുപോവുന്നത്? അതുപോലെ ഒരാള്‍ക്ക് അമ്പത് ലക്ഷം രൂപ അനന്തരമായി ലഭിച്ചുവെന്നിരിക്കട്ടെ. അയാളത് ഒരു കൊല്ലം വരെ കൈയില്‍ വെച്ചുകൊണ്ടിരിക്കുമോ? ബുദ്ധിയുള്ളവരാരും അങ്ങനെ ചെയ്യുകയില്ല. മിക്കപ്പോഴും ഭൂമി വാങ്ങാനാണത് ഉപയോഗിക്കുക. അതോടുകൂടി അതിന്റെ സകാത്തും നഷ്ടമായി. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. അതാണ് ഈ വാദം സകാത്ത് വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുമെന്ന് പറയാന്‍ കാരണം. അത്തരം വാതിലുകളെല്ലാം തുറന്നുകൊടുക്കുക എന്നതല്ല, മറിച്ച് അവയെല്ലാം നിശ്ശേഷം അടച്ചുപൂട്ടുക എന്നതാണ് ശരീഅത്തിന്റെ ആത്മാവും നിദാനശാസ്ത്രവും ആവശ്യപ്പെടുന്നത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top