ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത: വികാസവും അടിസ്ഥാനങ്ങളും
സൈനുല്‍ ആബിദീന്‍ ദാരിമി
ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്, മനുഷ്യന്റെ ഇഹപര നന്മകളിലാണ്. ശരീഅത്ത് നീതിയാണ്, കാരുണ്യമാണ്, നന്മകളാണ്, യുക്തിയാണ്. നീതിയില്‍നിന്ന് അനീതിയിലേക്കും കാരുണ്യത്തില്‍നിന്ന് ക്രൂരതയിലേക്കും നന്മയില്‍നിന്ന് തിന്മയിലേക്കും യുക്തിയില്‍നിന്ന് അയുക്തികതയിലേക്കും നയിക്കുന്ന കാര്യങ്ങള്‍ ശരീഅത്തിലുണ്ടാവില്ല; എത്രതന്നെ വ്യാഖ്യാനിച്ചാലും. ശരീഅത്ത് മനുഷ്യര്‍ക്കായുള്ള അല്ലാഹുവിന്റെ നീതിയും കാരുണ്യവുമാണ്.
ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ (مقاصد) ഇരുലോകത്തും നന്മ ലഭ്യമാക്കലും തിന്മ തടയലുമാണ്. ഇമാം ഗസാലി എഴുതുന്നു; 'ഖിലാഫത്തിന്റെയും വിധിന്യായത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിധികള്‍ എന്നല്ല കൂടുതല്‍ കര്‍മശാസ്ത്ര വിധികളുടെയും ലക്ഷ്യം ഐഹിക ലോകത്തിന്റെ നന്മകളെ സംരക്ഷിക്കലാണ്. അതിലൂടെയാണ് ദീനിന്റെ നന്മകള്‍ പൂര്‍ത്തീകരിക്കപ്പെടുക.'
ഐഹിക ലോകത്തെ നന്മകളില്‍ ഏറ്റവും പ്രധാനമായവ രാഷ്ട്രീയ രംഗത്താണ് കൂടുതലായി സാക്ഷാല്‍ക്കരിക്കപ്പെടുക.
രാഷ്ട്രീയം ഭാഷാ-സാങ്കേതികാര്‍ഥങ്ങളില്‍
രാഷ്ട്രീയം എന്നാല്‍ ജനകീയ താല്‍പര്യങ്ങള്‍ക്കായി നേതൃത്വപരമായി ഇടപെടുക എന്നാണ്. രാഷ്ട്രകാര്യങ്ങള്‍ നിയന്ത്രിക്കുക എന്നര്‍ഥം. രാഷ്ട്ര ഭരണ കല അഥവാ ശാസ്ത്രം എന്നാണ് സാങ്കേതികാര്‍ഥത്തില്‍ രാഷ്ട്രീയം നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും രാഷ്ട്രീയം ഒരേസമയം പ്രത്യേക നിയമങ്ങളും തത്ത്വങ്ങളും ഉള്‍ക്കൊണ്ട ശാസ്ത്രവും കലയുമാണ്.
ശരീഅത്തിലധിഷ്ഠിതമായ രാഷ്ട്രീയം
ശരീഅത്തിലധിഷ്ഠിതമായ രാഷ്ട്രീയം എന്നതിന്റെ വിവക്ഷ സമൂഹത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ കാര്യങ്ങളെ ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാകാത്ത രീതിയില്‍ കൈകാര്യം ചെയ്യലാണ്. പ്രസ്തുത രാഷ്ട്രീയം ശരീഅത്ത് നേര്‍ക്കുനേരെ പറഞ്ഞ കാര്യങ്ങളില്‍ മാത്രം പരിമിതമല്ല. മറിച്ച് ഖുര്‍ആനിന്റെയും തിരുചര്യയുടെയും പ്രമാണങ്ങളോടും സമൂഹത്തിന്റെ ഏകാഭിപ്രായത്തോടും ശരീഅത്തിന്റെ അടിസ്ഥാനങ്ങളോടും പൊതുതത്ത്വങ്ങളോടും വിരുദ്ധമാകാത്ത തെല്ലാം അതില്‍പെടും.
ഈ നിര്‍വചനപ്രകാരം ശരീഅത്തിന് വിരുദ്ധമാകാത്ത എല്ലാ നന്മകളെയും അതുള്‍ക്കൊള്ളും. അതിലൂടെ ശരീഅത്തിന്റെ രാഷ്ട്രീയ വിഭാവന വികസിക്കുകയും കാലത്തിന്റെ പുതിയ പ്രവണതകളെ വിമര്‍ശ നാത്മകമായി ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകുകയും ചെയ്യും. 'ശരീഅത്തുമായി വിരുദ്ധമാകാത്ത കാര്യങ്ങള്‍'
എന്ന പരാമര്‍ശത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഇമാം ശാഫിഈ(റ) ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'ശര്‍ഇനോട് യോജിക്കുന്നതായിരിക്കണം രാഷ്ട്രീയം. മനുഷ്യനെ നന്മയിലേക്ക് അടുപ്പിക്കുകയും തിന്മയില്‍നിന്ന് അകറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയം. അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രവാചകന്‍ നിര്‍ദേശിക്കുകയോ വെളിപാട് (വഹ്‌യ്) അവതരിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണെങ്കില്‍ പോലും.'
അതുകൊണ്ടുതന്നെ കൈകാര്യകര്‍ത്താക്കളായ ഗവേഷകരുടെയും (مجتهد) ചിന്തകരുടെയും ഉത്തരവാദിത്തം കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ അവസ്ഥകള്‍ക്ക് യോജിക്കുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കുക എന്നതാണ്. അത്തരം നിയമങ്ങള്‍ ശരീഅത്തിന്റെ പ്രമാണങ്ങളോട് വിരുദ്ധമാകാതിരുന്നാല്‍ മതി.
ശരീഅത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ ദൗത്യം
ശരീഅത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ ദൗത്യം ദീനിന്റെ സംരക്ഷണവും ഭൗതിക ജീവിതത്തില്‍ നന്മ കൈവരുത്തലുമാണ്.
1. ദീനീ സംരക്ഷണം: ശരീഅത്തിലധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഒന്നാമത്തെ ലക്ഷ്യം ഇതാണ്.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
'മനുഷ്യനെയും ജിന്നിനെയും എനിക്ക് ഇബാദത്ത് ചെയ്യാനായല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല' (അദ്ദാരിയാത്ത്: 56).
أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِۚ
'ദീനിനെ നിങ്ങള്‍ നിലനിര്‍ത്തുക. അതില്‍ നിങ്ങള്‍ ഭിന്നിക്കരുത്' (ശൂറാ 13).
ദീനിന്റെ സംസ്ഥാപനമാണ് ഏറ്റവും വലിയ ലക്ഷ്യം. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സംസ്ഥാപനമല്ല. പ്രവാചക പ്രബോധനത്തിന്റെ ആദ്യഘട്ടത്തിലെ ഊന്നല്‍ ദീനിന്റെ സംസ്ഥാപനത്തിനായിരുന്നു. മക്കയിലെ പതിമൂന്ന് വര്‍ഷം മദീനയില്‍നിന്ന് ഭിന്നമായി രാഷ്ട്രപ്രധാനമായിരുന്നില്ല.
ആ കാലയളവിലൊന്നും സാമൂഹിക വ്യവസ്ഥയുമായോ രാഷ്ട്ര സംവിധാനവുമായോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. എന്നാലും ജീവിതത്തെ മൊത്തത്തില്‍ ആവരണം ചെയ്യുന്ന സാമൂഹിക-രാഷ്ട്രീയ പൊതുമൂല്യങ്ങള്‍ അവതരിക്കപ്പെട്ടിരുന്നു. ദീനിന്റെ അടിസ്ഥാനങ്ങള്‍ നിലനിര്‍ത്താനുള്ള ആഹ്വാനമാണ് അന്നുണ്ടായത്. ദീനിന്റെ അടിത്തറകള്‍ ഭദ്രമായപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകള്‍ നിലവില്‍വന്നു. ഈ വിഷയത്തില്‍ ഇമാം ഇബ്‌നു തൈമിയ്യ(റ) എഴുതുന്നു; 'അധികാരവുമായി ബന്ധപ്പെട്ട അനിവാര്യ ലക്ഷ്യം, ജനങ്ങളുടെ ദീനിന്റെ സംസ്‌കരണമാണ്. അത് നഷ്ടപ്പെടുമ്പോള്‍ വന്‍ പരാജയം സംഭവിക്കും. ഭൗതിക ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ അവര്‍ക്ക് ഫലം ചെയ്യുകയുമില്ല.'
ദീനിന്റെ അടിത്തറകള്‍ ഭദ്രമാകാത്ത രാഷ്ട്ര സംസ്ഥാപനം അതിന്റെ തകര്‍ച്ചക്കു മാത്രമേ കാരണമാകൂ. അതുകൊണ്ട് ആദ്യത്തെ പരിഗണന ദീനിന്റെ സംസ്ഥാപനത്തിനായിരിക്കും.
ഇമാം ശൗക്കാനി എഴുതുന്നു; അധികാരികളെ നിശ്ചയിക്കുന്നതില്‍ അല്ലാഹുവിനുള്ള ലക്ഷ്യങ്ങള്‍ രണ്ടാണ്. അതില്‍ ഏറ്റവും പ്രധാനം, ദീനിന്റെ സംസ്ഥാപനവും സത്യമാര്‍ഗത്തില്‍ ജനങ്ങളെ ഉറപ്പിച്ചു നിര്‍ത്തലുമാണ്. രണ്ട്; നന്മ കൊണ്ടുവരുന്നതിലും തിന്മ തടയുന്നതിലും മുസ്‌ലിംകളെ പ്രാപ്തരാക്കുക.
2. ദീന്‍ കൊണ്ട് ഐഹിക ജീവിതത്തെ പരിഷ്‌കരിക്കുക എന്നത് ശരീഅത്ത് അധിഷ്ഠിത രാഷ്ട്രീയത്തിന്റെ രണ്ടാമത്തെ ലക്ഷ്യമാണ്. ശരീഅത്ത് അധിഷ്ഠിത രാഷ്ട്രീയം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, നീതിന്യായ, രാജ്യാന്തരീയ ജീവിത മേഖലകളില്‍ നീതിയുടെ സംസ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പരിശോധിച്ചാല്‍ അത് രണ്ട് യാഥാര്‍ഥ്യങ്ങള്‍ ലക്ഷ്യമിടുന്നു: 1. നന്മ കൊണ്ടുവരിക, തിന്മ തടയുക. 2. സദാചാര മൂല്യങ്ങളില്‍ ജീവിതത്തെ ബന്ധിപ്പിക്കുക. ഇത് മനുഷ്യന്റെ ഐഹിക ജീവിതത്തെയും സമ്പന്നമാക്കും.
രാഷ്ട്രീയവും ശരീഅത്തിന്റെ മഖാസ്വിദുകളും
'മഖ്‌സ്വദ്' എന്നാല്‍ ലക്ഷ്യം എന്നാണ് അര്‍ഥം. ശരീഅത്തിന്റെ സാങ്കേതികാര്‍ഥത്തില്‍ മഖ്‌സ്വദ് കൊണ്ടുദ്ദേശിക്കുന്നത് ശരീഅ വിധികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. അത് നന്മ കൊണ്ടുവരിക, തിന്മ തടയുക എന്നതാണ്. ത്വാഹിറു ബ്‌നു ആശൂര്‍ എഴുതുന്നു: ശരീഅത്തില്‍ എല്ലാ അവസ്ഥകളിലും അഥവാ കൂടുതല്‍ അവസ്ഥകളിലും നിയമനിര്‍മാതാവ് (അല്ലാഹു) പരിഗണിച്ച യുക്തിയും അര്‍ഥവുമാണ് മഖ്‌സ്വദ്.
അല്ലാലുല്‍ ഫാസി വിശദീകരിക്കുന്നു: ശരീഅത്തിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമാണത്. നിയമനിര്‍മാതാവ് ഓരോ നിയമവും അവതരിപ്പിക്കുമ്പോള്‍ അതില്‍ ലക്ഷ്യമിട്ട രഹസ്യങ്ങളാണത്.
മഖാസ്വിദുശ്ശരീഅയുടെ പ്രാധാന്യം
മനുഷ്യര്‍ക്കായി ശരീഅത്ത് അവതീര്‍ണമായതിന്റെ പ്രധാന ലക്ഷ്യം നന്മ നടപ്പിലാവുക, തിന്മ തിരോഭൂതമാവുക എന്നതാണ്. അതിനാല്‍ ശരീഅത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ശരിയായ ധാരണ ഉണ്ടാവണം.
മഖാസ്വിദുശ്ശരീഅയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമായി മൂന്ന് കാര്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്: 1. ദറൂറിയ്യാത്ത് (അനിവാര്യ കാര്യങ്ങള്‍) 2. ഹാജിയ്യാത്ത് (ആവശ്യ കാര്യങ്ങള്‍) 3. തഹ്‌സീനിയ്യാത്ത് (സൗന്ദര്യാത്മക കാര്യങ്ങള്‍).
1. ദറൂറിയ്യാത്ത് - ഭൗതികവും ആത്മീയവുമായ താല്‍പര്യങ്ങളും നന്മകളും സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണ്. ഇതിന്റെ അഭാവത്തില്‍ ഭൗതിക ജീവിതം അസാധ്യമാണ്. എന്നു മാത്രമല്ല, അത് തകര്‍ച്ചയിലായിരിക്കും എത്തിച്ചേരുക. പാരത്രിക ജീവിതവും അതു കാരണം പരാജയപ്പെടും.
ദറൂറിയ്യാത്തിനെ (അനിവാര്യതകള്‍) നിര്‍വചിച്ചുകൊണ്ട് ഇമാം ഗസാലി (റ) എഴുതുന്നു; 'നന്മകള്‍ താല്‍പര്യങ്ങള്‍ (مصالح) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീഅത്തിന്റെ അഞ്ച് പൊതു ലക്ഷ്യങ്ങളാണ്. 1. ദീനിന്റെ സംരക്ഷണം 2. ശരീരത്തിന്റെ അഥവാ ജീവന്റെ സംരക്ഷണം 3. ബുദ്ധിയുടെ സംരക്ഷണം 4. വംശപരമ്പരയുടെ/ തലമുറയുടെ സംരക്ഷണം 5. സമ്പത്തിന്റെ സംരക്ഷണം. ഈ അഞ്ച് അടിസ്ഥാനങ്ങളെയും സംരക്ഷിക്കുന്നതാണ് നന്മകള്‍ (مصالح). ഇതിനെ നശിപ്പിക്കുന്നവയാണ് തിന്മകള്‍ (مفاسد).
2. ഹാജിയ്യാത്ത് (ആവശ്യ കാര്യങ്ങള്‍). ഇമാം ശാത്വിബി എഴുതുന്നു: ജീവിത വിശാലതക്കും പ്രയാസം ദൂരീകരിക്കാനും ആവശ്യമായ കാര്യങ്ങള്‍. അവയുടെ അഭാവത്തില്‍ ജീവിതം പ്രയാസകരമാകും.
3. തഹ്‌സീനിയ്യാത്ത് (അലങ്കാര കാര്യങ്ങള്‍) ദറൂറിയ്യാത്തിനും ഹാജിയ്യാത്തിനും താഴെ വരുന്നതാണിത്. ഇത് ആരാധനകളിലും ജീവിത സമ്പ്രദായങ്ങളിലും ഇടപാടുകളിലും ശിക്ഷാവിധികളിലും കടന്നുവരുന്നതാണ്.
ഇതെല്ലാം പരിഗണിച്ചുകൊണ്ട് ജീവിക്കുമ്പോള്‍ നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയും.
രാഷ്ട്രീയത്തിനും മഖാസ്വിദുശ്ശരീഅക്കും ഇടയിലെ ബന്ധം
ശരീഅത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിനും മഖാസ്വിദുശ്ശരീഅക്കുമിടയില്‍ അഭേദ്യമായ ബന്ധമുണ്ട്. രാഷ്ട്രീയവും മഖാസ്വിദുശ്ശരീഅയും ലക്ഷ്യം വെക്കുന്നത് ഒരേ കാര്യമാണ്. രാഷ്ട്രീയം ലക്ഷ്യം വെക്കുന്നത് ദീനിന്റെ സംസ്ഥാപനവും ഐഹിക ജീവിതത്തിന്റെ സംസ്‌കരണവുമാണ്. ഇതു തന്നെയാണ് മഖാസ്വിദുശ്ശരീഅയും ലക്ഷ്യം വെക്കുന്നത്. അത് നന്മ പ്രാപ്യമാക്കുക (جلب المصالح), തിന്മ തടയുക (دفع المفاسد) എന്നതാണ്. അതുകൊണ്ട് രാഷ്ട്രീയം ശരീഅത്തുമായി ബന്ധിക്കപ്പെടുമ്പോള്‍ പൂര്‍ണത പ്രാപിക്കുന്നു. മഖാസ്വിദുശ്ശരീഅയുടെ അടിസ്ഥാന തത്ത്വങ്ങള്‍ കൊണ്ടാണ് രാഷ്ട്രീയ നിയമങ്ങളെ വ്യവസ്ഥപ്പെടുത്തേണ്ടത്. അതുകൊണ്ട് രാഷ്ട്രീയം എപ്പോഴും ശരീഅത്തിന്റെ തണലിലായിരിക്കും.
ശരീഅത്തിന്റെ ലക്ഷ്യങ്ങളിലും തത്ത്വങ്ങളിലും സ്ഥാപിതമായ രാഷ്ട്രീയം ശരീഅത്തിനെ പ്രയോഗക്ഷമമാക്കുന്നതിലും മനുഷ്യന്റെ നന്മ പരിപാലിക്കുന്നതിലും കാലഘട്ടത്തോട് സംവദിക്കാന്‍ പ്രാപ്തമാക്കുന്നതിലും വലിയ റോളാണ് നിര്‍വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും ജീവിത സമ്പ്രദായങ്ങളും വൈജ്ഞാനിക പുരോഗതിയും അനുസരിച്ച് രാഷ്ട്രീയ നിയമങ്ങള്‍ വികസിക്കുമ്പോള്‍ അതൊരിക്കലും ശരീഅത്തിന്റെ അടിസ്ഥാനങ്ങളോട് വിരുദ്ധമാകാവതല്ല.
ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങളെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനുള്ള ശരിയായ മാര്‍ഗമാണ് രാഷ്ട്രീയം. അത് വ്യത്യസ്ത സാഹചര്യങ്ങളെ പരിഗണിച്ചും നന്മ-തിന്മകള്‍ക്കിടയിലെ ബലാബല നിര്‍ണയത്തിലൂടെയുമാണ് സാധ്യമാക്കേണ്ടത്.
ശരീഅത്തിന്റെ തത്ത്വങ്ങളും രാഷ്ട്രീയ പ്രയോഗവല്‍ക്കരണവും
മഖാസ്വിദുശ്ശരീഅയിലെ കര്‍മശാസ്ത്ര തത്ത്വങ്ങളില്‍ പ്രധാനമായതാണ് ചുവടെ വിവരിക്കുന്നത്.
1. الأمور بمقاصدها
കാര്യങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ് പരിഗണിക്കുക.
1. കാര്യങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ് പരിഗണിക്കുക. ഈ അടിസ്ഥാനം 'തീര്‍ച്ചയായും ഉദ്ദേശ്യമനുസരിച്ചാണ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക. ഓരോരുത്തര്‍ക്കും അവര്‍ ഉദ്ദേശിച്ചതുണ്ട്' (ബുഖാരി, മുസ്‌ലിം) എന്ന നബിവചനത്തെ ആധാരമാക്കിയാണ്.
ജനങ്ങളുടെ കാര്യങ്ങളിലും ഇടപാടുകളിലും അവരുടെ ഉദ്ദേശ്യങ്ങള്‍ക്ക് അനുസൃതമായാണ് ശരീഅത്തിന്റെ വിധികള്‍ വരുന്നത് എന്നതാണ് ഈ തത്ത്വത്തിന്റെ ഉദ്ദേശ്യം. ചിലപ്പോള്‍ മനുഷ്യന്‍ കൃത്യമായ ഉദ്ദേശ്യത്തോടെയും ലക്ഷ്യത്തോടെയുമായിരിക്കും കര്‍മങ്ങള്‍ ചെയ്യുക, അപ്പോള്‍ ആ കര്‍മത്തിന് കൃത്യമായ വിധികള്‍ വരും. എന്നാല്‍ അതേ കര്‍മം മറ്റൊരു ഉദ്ദേശ്യത്തോടെയാണ് ചെയ്യുന്നതെങ്കില്‍ അതിന്റെ വിധി അതിനനുസരിച്ചായിരിക്കും വരിക.
രാഷ്ട്രീയ പ്രവര്‍ത്തനവും ഈ മാനദണ്ഡമനുസരിച്ചായിരിക്കും വരിക. അതെല്ലാം ശരീഅത്തിന്റെ വിധികള്‍ ഉള്‍പ്പെടുന്നതാണ്. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മഹത്തായ ലക്ഷ്യം ജനനന്മ സംരക്ഷിക്കുക എന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യമനുസരിച്ച് അത് ശരീഅത്തിന് വിധേയമോ വിരുദ്ധമോ ആയിത്തീരും.
2. الضّرر يُزالُ
ഉപദ്രവം നീക്കപ്പെടണം
പ്രവാചകന്‍ പറഞ്ഞു; ഉപദ്രവമോ ഉപദ്രവികപ്പെടലോ ഇല്ല (لا ضرر ولا ضرار). ഉപദ്രവം നീക്കല്‍ നിര്‍ബന്ധമാണ് എന്നത് അടിസ്ഥാനപരമായ കാര്യമാണ്. കാരണം ഉപദ്രവം അക്രമമാണ്. അക്രമം നിഷിദ്ധവും. ഈ തത്ത്വത്തെക്കുറിച്ച് ഇമാം ഇബ്‌നു നജീം എഴുതുന്നു: 'കര്‍മശാസ്ത്രത്തിലെ ധാരാളം അധ്യായങ്ങള്‍ ഈ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്.'
3. المشقّة تجلب التّيسير
പ്രയാസം അനായാസം കൊണ്ടുവരും
പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു. അതായത് ഒരു കാര്യം കുടുസ്സായി വന്നാല്‍ അത് വികസിക്കും. അല്ലാഹു പറയുന്നു: 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്കവന്‍ പ്രയാസം ഉദ്ദേശിക്കുന്നില്ല' (البقرة 185).
'മതത്തില്‍ നിങ്ങളുടെ മേല്‍ ഒരു പ്രയാസവും അവന്‍ ആക്കിയിട്ടില്ല' (الحج 75).
ഈ തത്ത്വത്തിന്റെ ഉദ്ദേശ്യം പ്രയാസം എളുപ്പത്തിനുള്ള കാരണമാകും എന്നാണ്. അതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം. നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്ത രോഗിക്ക് അതില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. അയാള്‍ ഇരുന്നുകൊണ്ടും മറ്റും അത് നിര്‍വഹിക്കാം. ശരീഅത്തിലെ മറ്റ് ഇളവുകളെല്ലാം ഈ അടിസ്ഥാനത്തില്‍ വരുന്നതാണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ തത്ത്വം മഖാസ്വിദുശ്ശരീഅയുടെ തത്ത്വങ്ങളില്‍ പെട്ടതാണ്. ശരീഅത്തില്‍ അല്ലാഹു യാതൊരുവിധ പ്രയാസവും ബുദ്ധിമുട്ടും ആക്കിയിട്ടില്ല. ഒരു ശരീരത്തെയും അതിന്റെ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമില്ല. ഇത് ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങളില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രസ്തുത തത്ത്വം ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ കൂടി അടിസ്ഥാനമായി മാറുന്നു. ഇത് ആരാധനാ കാര്യങ്ങളിലും ഇടപാടുകളിലുമെല്ലാം പ്രയോഗവല്‍ക്കരിക്കപ്പെടുന്നു.
4. الضّرورات تُبيح المحظورات
അനിവാര്യതകള്‍ നിഷിദ്ധമായത് അനുവദനീയമാക്കുന്നു.
അനിവാര്യതകള്‍ നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നു. അല്ലാഹു പറയുന്നു: ''പ്രവാചകന്‍ അവരോട് പറയുക. എനിക്ക് ലഭിച്ചിട്ടുള്ള ദിവ്യസന്ദേശത്തില്‍ ഭക്ഷിക്കുന്നവന് നിഷിദ്ധമാക്കപ്പെട്ടതായി ഒന്നും ഞാന്‍ കാണുന്നില്ല. അത് ശവമോ ഒഴുക്കപ്പെട്ട രക്തമോ പന്നിമാംസമോ ആയാലല്ലാതെ. ഇവ അശുദ്ധങ്ങളാകുന്നു. അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട കുറ്റകരമായി തീര്‍ന്നതും അല്ലാതെ.
ഇനി ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍, ധിക്കാരം ഉദ്ദേശിക്കാതെയും നിര്‍ബന്ധിതമായതിന് അപ്പുറം കടക്കാതെയും (ഇവയില്‍ വല്ലതും ഭക്ഷിക്കുകയാണെങ്കില്‍) അപ്പോള്‍ തീര്‍ച്ചയായും നിന്റെ നാഥന്‍ വിട്ടുവീഴ്ച ചെയ്യുന്നവനും ദയാപരനുമാകുന്നു'' (الأنعام 145
ഈ തത്ത്വത്തെ ഇങ്ങനെ നിര്‍വചിക്കാം: അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപയോഗിക്കാന്‍ ശരീഅത്ത് അനുവാദം നല്‍കുന്നു. അത് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കണം എന്നു മാത്രം. ഇമാം ഖുര്‍ത്വുബി എഴുതുന്നു; നിരോധിക്കപ്പെട്ടവയെല്ലാം നിര്‍ബന്ധ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നു. കാരണം അനുവദനീയമായവ ലഭിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണത്.
നിരോധിക്കപ്പെട്ട ചികിത്സാ രീതികളും മറ്റും ഉപയോഗിക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ജീവന് ഭീഷണിയുണ്ടാവുന്ന സാഹചര്യത്തില്‍ സത്യനിഷേധത്തിന്റെ വചനം ഉച്ചരിക്കുന്നതും ഈ അടിസ്ഥാനത്തില്‍ അനുവദനീയമാണ്.
ഈ തത്ത്വം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഏറെ പരിഗണനീയമാണ്.
5. الضّرر الأشدّ يُزال بالضّرر الأخفّ
വലിയ ദ്രോഹത്തെ ചെറിയ ദ്രോഹം കൊണ്ട് നീക്കുക.
കഠിനമായ ഉപദ്രവം ചെറിയ ഉപദ്രവം കൊണ്ട് നീക്കപ്പെടാം. ചെറിയ തെറ്റ് ചെയ്തുകൊണ്ട് വലിയ തെറ്റിനെ പ്രതിരോധിക്കാമെങ്കില്‍ അത് ചെയ്യാവുന്നതാണ്. കാരണം തെറ്റിന്റെ തോത് ഏറെ വ്യത്യാസങ്ങള്‍ക്ക് വിധേയവും ആയതിനാല്‍ തെറ്റുകളുടെ വലിപ്പച്ചെറുപ്പം പരിഗണിക്കേണ്ടതുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ തത്ത്വം ഏറെ പ്രസക്തമാണ്. ഒരു ഇസ്‌ലാമിക ഭരണം നിലവിലില്ലാത്ത രാജ്യത്ത് മുസ്‌ലിംകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഈ രീതിയെ ആശ്രയിച്ചാവണം. ഫാഷിസത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുന്നത് ഈ തത്ത്വത്തിന്റെ ഇന്ത്യന്‍ പുനര്‍വായനയാണ്.
6. إذا تعارضت مفسدتان رُوعي أعظمها ضررًا بارتكاب أخفّهما
രണ്ട് ഉപദ്രവങ്ങള്‍ മുമ്പില്‍ വന്നാല്‍ അതില്‍ ലഘുവായത് ചെയ്യുക
നന്മ പ്രയോജനപ്പെടുത്തുന്നതിനു മുമ്പ് തിന്മ തടയുക. അതായത് തിന്മ തടയുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഈ തത്ത്വം ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. പ്രവാചകന്‍ (സ) പറഞ്ഞു; ഒരു കാര്യം ഞാന്‍ നിങ്ങളോട് കല്‍പിച്ചാല്‍ കഴിവിന്റെ പരമാവധി നിങ്ങളത് കൊണ്ടുവരിക. വല്ലതും ഞാന്‍ നിങ്ങളോട് നിരോധിച്ചാല്‍ അത് നിങ്ങള്‍ വെടിയുക (ബുഖാരി, മുസ്‌ലിം). ഉദാഹരണമായി, ഒരാളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു ക്രയവിക്രയം നടത്താന്‍ അയാള്‍ക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ അത് കാരണം അയാളുടെ അയല്‍വാസികള്‍ക്കോ മറ്റാളുകള്‍ക്കോ വല്ല ദ്രോഹവുമുണ്ടെങ്കില്‍ ശരീഅത്ത് അത് ക്രയവിക്രയം നടത്തുന്നതില്‍നിന്ന് അയാളെ വിലക്കുന്നു. അയാള്‍ക്ക് വ്യക്തിപരമായി ലഭിക്കുന്ന നേട്ടത്തേക്കാള്‍ മറ്റാളുകള്‍ക്കുണ്ടാവുന്ന ദ്രോഹമാണ് ഇവിടെ പരിഗണിക്കുക. അതുകൊണ്ടാണ് അതില്‍ നിരോധനം വരുന്നത്.
7. يختار أهون الشّرّين
രണ്ട് തിന്മകളില്‍നിന്ന് ലഘുവായത് തെരഞ്ഞെടുക്കുക.
പ്രജകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നന്മയില്‍ അധിഷ്ഠിതമായിരിക്കണം. ഈ തത്ത്വം അതിന്റെ പ്രയോഗത്തില്‍ രാഷ്ട്രീയ മേഖലയിലാണ് കൂടുതല്‍ നടക്കുക. പ്രവാചകന്‍ (സ) പറഞ്ഞു: പ്രജകളുടെ മേല്‍ അധികാരം നല്‍കപ്പെട്ട ഒരടിമ. അയാള്‍ അവര്‍ക്ക് നന്മ ഉപദേശിച്ചില്ലെങ്കില്‍ അയാള്‍ സ്വര്‍ഗത്തിന്റെ വാസന പോലും അനുഭവിക്കുകയില്ല (ബുഖാരി, മുസ്‌ലിം).
ഈ തത്ത്വം ഖുര്‍ആനിലും തിരുവചനങ്ങളിലും ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിന്റെയും ഹദീസിന്റെയും ഖുലഫാഉര്‍റാശിദുകളുടെയും നിലപാടുകളുടെയും അറബികളുടെ ജീവിത സമ്പ്രദായങ്ങളിലൂടെയുമെല്ലാം ലഭിച്ചിട്ടുള്ള പൊതു തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ആശയമാണിത്. ഈ അടിസ്ഥാനത്തിലായിരിക്കണം ഭരണാധികാരികളും ഉത്തരവാദിത്തം ഏറ്റെടുത്തവരും അവരുടെ ഭരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടത്. പൗരന്മാരുടെ നന്മക്ക് വിരുദ്ധമായ രീതിയിലാണ് ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളെങ്കില്‍ അത് ശരീഅത്തിന് വിരുദ്ധമായിരിക്കും. ഭരണാധികാരികളുടെ കല്‍പനകളും നിരോധനങ്ങളും നിലപാടുകളും പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്ക് യോജിച്ചതാവണം. അവരുടെ രക്തവും അഭിമാനവും സമ്പത്തുമെല്ലാം ഭരണാധികാരികളുടെ കരങ്ങളില്‍ സുരക്ഷിതമായിരിക്കണം.
ഈ തത്ത്വത്തിന്റെ മറ്റൊരു താല്‍പര്യം പൊതു ഉദ്യോഗ തലങ്ങളില്‍ വിശ്വസ്തരും യോഗ്യരുമായ ആളുകളെ നിയമിക്കണമെന്നാണ്. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നന്മ ചെയ്യുന്ന ഉദ്യോഗസ്ഥരെയായിരിക്കണം ഭരണകൂടം നിയമിക്കേണ്ടത്.
8. درأ المفاسد أولى من جلب المصالح
നന്മ കൊണ്ടുവരുന്നതിനേക്കാള്‍ മുന്‍ഗണന തിന്മ തടയുന്നതിനാണ്.
9. التّصرّف على الرّعية منوط بالمصلحة
നന്മയില്‍ അധിഷ്ഠിതമായിട്ടായിരിക്കണം പ്രജകളുടെ കാര്യം കൈകാര്യം ചെയ്യേണ്ടത്.
ഇതെല്ലാം മഖാസ്വിദുശ്ശരീഅയുടെ അടിസ്ഥാന തത്ത്വങ്ങളാണ്. ഇതു തന്നെയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ തത്ത്വങ്ങളും. ഇതില്‍ അവസാനത്തെ രണ്ടെണ്ണം രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോഗവല്‍ക്കരിക്കുന്നതാണ്.
മുകളില്‍ വിശദീകരിച്ച എല്ലാ ശരീഅത്തീ തത്ത്വങ്ങളും ജീവിതത്തെ മൊത്തം ആവരണം ചെയ്യുന്നതാണ്. പ്രത്യേകിച്ച് രാഷ്ട്രീയ മേഖലകളില്‍. ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ കാലത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുതിയ ആശയങ്ങള്‍ വികസിപ്പിക്കേണ്ടത് ശരീഅത്തിന്റെ താല്‍പര്യമാണ്. അതിലൂടെ മാത്രമേ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന നൂതന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
അവലംബം:
1. إعلام الموقعين - ابن القيم -ج.3 ص 12
2. احياء علوم الدّين - ج 1 ص: 455
3. قاموس مصطلحات أسياسة ص: 267
4. فقه السياسة الشرعية ص: 10
5. الطرق الحكمية ابن القيم ص: 21
6. محموع فتاوي ابن تيمية ج 2 ص: 262
7. اكليل الكرامة ص: 91
8. مقاصد الشريعة. لابن عاشور ص: 51
9. مقاصد الشريعة ومكارمها علال الفاسي ص: 3
10. الموافقات فى أصول الشريعة أمام الشاطبي ج 2 ص: 8
11. المستصفي ج 1 ص: 175
12. الموافقات ج 1 ص: 10-11
13. السّياسة الشرعية. محي الدين قاسم ص: 83
14. الأشباه والنّظائر لابن نجيم ص: 27
15. الأشباه والنّظائر لابن نجيم ص: 75
16. الأشباه والنّظائر لابن نجيم ص: 75
17. تفسير القرطبي ج 2 ص: 232
18. الوجيز شرح القواعد ص: 129