സ്വൂഫിസവും ശൈഖ് സങ്കല്‍പവും

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി‌‌
img

'തസ്വവ്വുഫ്' എന്നത് ഏതെങ്കിലുമൊരു രീതിയുടെ പേരല്ല. പ്രസ്തുത സംജ്ഞയിലൂടെ വ്യത്യസ്ത സ്വൂഫീ രീതികള്‍ സുപരിചിതമായിട്ടുണ്ട്. നാം അംഗീകരിക്കുന്ന തസ്വവ്വുഫും നാം നിരാകരിക്കുന്ന തസ്വവ്വുഫും സംസ്‌കരണ ലക്ഷ്യത്തോടെയുള്ള തസ്വവ്വുഫുമെല്ലാം വ്യത്യസ്തമാണ്.

ആദ്യകാല ഇസ്‌ലാമിക സമൂഹത്തിലെ സ്വൂഫികളില്‍ കാണപ്പെട്ടിരുന്ന തസ്വവ്വുഫാണ് ഒരുതരം. ഫുദൈലുബ്‌നു ഇയാദ് (ഹി: 107-187), ഇബ്‌റാഹീമുബ്‌നു അദ്ഹം (ഹി: 100-162), മഅ്‌റൂഫുല്‍ കര്‍ഖി (മരണം ഹി: 199) എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. ഇവര്‍ക്ക് പ്രത്യേക ഫിലോസഫിയോ, വേറിട്ട ത്വരീഖത്തോ ഉണ്ടായിരുന്നില്ല. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും സ്വാംശീകരിച്ച ചിന്തകളും അവ ആധാരമാക്കിയ പ്രവര്‍ത്തനങ്ങളുമായിരുന്നു അവരുടേത്. ഇസ്‌ലാമിന്റെ ലക്ഷ്യമെന്താണോ, അതു തന്നെയായിരുന്നു അവരുടെ ലക്ഷ്യവും. അതായത് അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും. ഈ തരം തസ്വവ്വുഫിനെ നാം അംഗീകരിക്കുക മാത്രമല്ല, അതിനെ ജീവിപ്പിക്കാനും പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നു.
പലതരം സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ചേരുവ കലര്‍ന്ന തസ്വവ്വുഫാണ് രണ്ടാം തരം. ക്രൈസ്തവ പുരോഹിതരുടെയും ഹൈന്ദവ ഭിക്ഷുക്കളുടെയും സമ്പ്രദായങ്ങളും ബഹുദൈവത്വ സങ്കല്‍പങ്ങളും പ്രവര്‍ത്തനങ്ങളും വരെ അതില്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. ശരീഅത്തും ത്വരീഖത്തും മഅ്‌രിഫത്തും പരസ്പരവിരുദ്ധമായ രീതിയില്‍ അതിലുണ്ടെന്നു പറയാം. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യനെ പ്രാതിനിധ്യ ബാധ്യത നിര്‍വഹിക്കാന്‍ സജ്ജമാക്കുന്നതിനുപകരം തികച്ചും വ്യത്യസ്തമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ തരം തസ്വവ്വുഫിനെ നാം നിരാകരിക്കുന്നു. അല്ലാഹുവിന്റെ ദീനിനെ സ്ഥാപിക്കാന്‍ നവജാഹിലിയ്യത്തിന്റെ വിപാടനം എത്ര അനിവാര്യമാണോ, അത്രയോ അതിലുപരിയോ അനിവാര്യമാണ് ഇത്തരം തസ്വവ്വുഫിനെ വിപാടനം ചെയ്യേണ്ടത്.

മൂന്നാംതരം തസ്വവ്വുഫില്‍ ഒന്നും രണ്ടും തരം തസ്വവ്വുഫിന്റെ ചില സവിശേഷതകള്‍ മിശ്രിതമായിട്ടുണ്ട്. ഈ തസ്വവ്വുഫിന്റെ രീതികള്‍ എണ്ണമറ്റ വിജ്ഞരും നിഷ്‌കളങ്കഹൃദയരുമായ മഹാന്മാരാണ് ക്രമീകരിച്ചത്. പക്ഷേ, തങ്ങളുടെ കാലഘട്ടത്തിന്റെ സവിശേഷതകളില്‍നിന്നോ പൗരാണിക കാലത്തെ സ്വാധീനങ്ങളില്‍നിന്നോ അവ സുരക്ഷിതമായിരുന്നില്ല. എങ്കിലും ഇസ്‌ലാമിലെ യഥാര്‍ഥ തസ്വവ്വുഫിനെ മനസ്സിലാക്കാനും അതിന്റെ വഴികളെ ജാഹിലീ തസ്വവ്വുഫിന്റെ അഴുക്കുകളില്‍നിന്ന് വിമലീകരിക്കാനുമുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. എന്നിരുന്നാലും അവരുടെ സ്വൂഫീ ആശയങ്ങളില്‍ ജാഹിലീ ഫിലോസഫിയുടെ ചില സ്വാധീനങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ കടം കൊണ്ട ചില പ്രവര്‍ത്തനങ്ങളുടെ രീതികളും അവശേഷിക്കുന്നുണ്ട്. ഇവ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളുമായി ഏറ്റുമുട്ടുന്നില്ലെന്നും ചുരുങ്ങിയത് വ്യാഖ്യാനത്തിലൂടെ അവയുമായി ഏറ്റുമുട്ടുകയില്ലെന്ന് മനസ്സിലാക്കാനും സാധിക്കുമെന്ന വിശ്വാസമാണവര്‍ക്കുള്ളത്. എന്നാല്‍ ഈ തസ്വവ്വുഫിന്റെ ലക്ഷ്യങ്ങളും ഫലങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളോടും ഉദ്ദിഷ്ട ഫലങ്ങളോടും ഭിന്നിച്ചാണ് നില്‍ക്കുന്നത്. മനുഷ്യരെ ഖിലാഫത്തിന്റെ ബാധ്യതാ നിര്‍വഹണത്തിന് സജ്ജമാക്കലോ, ജനങ്ങളെ ഖുര്‍ആന്‍ നിര്‍ദേശിച്ച കര്‍മസാക്ഷ്യത്തിന് തയാറാക്കലോ അല്ല അതിന്റെ ലക്ഷ്യം. ദീനിന്റെ സമ്പൂര്‍ണമായ രൂപം മനസ്സിലാക്കാനോ, ദീനിന്റെ സംസ്ഥാപനത്തെക്കുറിച്ച ശരിയായ ചിന്തകള്‍ അങ്കുരിപ്പിക്കാന്‍ കഴിയുന്ന റിസള്‍ട്ടുകള്‍ തരാനോ ഈ തസ്വവ്വുഫ് വഴി സാധ്യമല്ല.

ഈ മൂന്നാമത്തെ തസ്വവ്വുഫിനെ നാം പൂര്‍ണമായി അംഗീകരിക്കുകയോ പൂര്‍ണമായി നിരാകരിക്കുകയോ ചെയ്യുന്നില്ല. ഈ തസ്വവ്വുഫിന്റെ അനുയായികളോടുള്ള നമ്മുടെ അപേക്ഷ ഇതാണ്: ബഹുമാന്യരായ വലിയ വലിയ വ്യക്തിത്വങ്ങളുടെ വിശ്വാസത്തെ അതിന്റെ സ്ഥാനത്തു വെച്ചുകൊണ്ട്, നിങ്ങള്‍ ഈ തസ്വവ്വുഫിനെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ നിരൂപണബുദ്ധ്യാ സമീപിച്ച് അതിനെ സ്ഫുടം ചെയ്‌തെടുക്കാനുള്ള പരിശ്രമത്തിലേര്‍പ്പെടണം. ഈ തസ്വവ്വുഫിന്റെ ചില ഭാഗങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന് മനസ്സിലാക്കി ഒരാള്‍ അതിനോട് വിയോജിച്ചാല്‍, അയാളുടെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, വിമര്‍ശിക്കാനുള്ള അയാളുടെ അവകാശത്തെ നിഷേധിക്കാനോ, അതിന്റെ പേരില്‍ അയാളെ ആക്ഷേപിക്കാനോ അത് കാരണമാവരുത്.

തസ്വവ്വുഫിന്റെ ഭാഗമായി ഗുരുവായി ശൈഖിനെ സങ്കല്‍പിക്കുക (തസ്വവ്വുറെ ശൈഖ്) എന്നതിനെ സംബന്ധിച്ച് എന്റെ നിലപാട് ഇങ്ങനെയാണ്: അതിന് രണ്ടു വശങ്ങളുണ്ട്. ഒന്ന്; സ്വയം തന്നെ അതൊരു പ്രവൃത്തിയാണ്. രണ്ട്: അത് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാധ്യമമാണ്. ഒന്നാമത്തെ വശമനുസരിച്ച് ഈ പ്രവൃത്തി - ശൈഖിനെ ഗുരുവായി അംഗീകരിക്കല്‍ - അനുവദനീയമോ, അതല്ല അനനുവദനീയമോ എന്ന ചോദ്യം ഉത്ഭവിക്കുന്നു. ഏതൊരു പ്രവൃത്തിയും ഉദ്ദേശ്യമനുസരിച്ചാണ് വിലയിരുത്തേണ്ടത്. എങ്കിലേ ഏതു അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാനാവൂ. നിയ്യത്തിനെ മാത്രം പരിഗണിച്ചുകൊണ്ട് ഏതെങ്കിലും ഒരു ഫഖീഹ് അത് അനുവദനീയമല്ലായെന്ന് പറയുന്നത് പ്രശ്‌നം തന്നെയാണ്. ഉദാഹരണത്തിന്, ഒരാള്‍ അന്യസ്ത്രീയെ പല തവണയായി നോക്കുന്നത് ഞാന്‍ കാണുന്നു. അതേസംബന്ധിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: 'ഞാന്‍ എന്റെ സൗന്ദര്യാസ്വാദനത്തെ ശമിപ്പിക്കുകയാണ്.' അയാളുടെ പ്രവൃത്തി ഒട്ടും അനുവദനീയമല്ലെന്ന് എനിക്കയാളോട് പറയേണ്ടി വരും- ഇതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരാളെ ഞാന്‍ കണ്ടു. ചോദിച്ചപ്പോള്‍ അയാളുടെ വിശദീകരണം 'വിവാഹാന്വേഷണത്തിന്റെ ഭാഗമായാണ് ഞാന്‍ അവളെ നോക്കിയത്' എന്നായിരുന്നു. അയാളുടെ പ്രവൃത്തി അനുവദനീയമാണെന്നു തന്നെ ഞാന്‍ പറയും. കാരണം, അയാളുടെ പ്രവൃത്തി ശരീഅത്തിന്റെ ദൃഷ്ടിയില്‍ തെറ്റല്ല, എന്നു മാത്രമല്ല, അനുവദനീയവുമാണ്.

ഇനി, തസ്വവ്വുറെ ശൈഖിന്റെ - ഗുരുവിനെ സങ്കല്‍പിക്കുന്നതിന്റെയും ദൈവസാമീപ്യം നേടാനുള്ള മാര്‍ഗത്തിന്റെയും രണ്ടാമത്തെ രൂപം. ഇതു സംബന്ധമായി എനിക്ക് ഇതുവരെ ഒരു സംശയവുമുണ്ടായിട്ടില്ല. മധ്യവര്‍ത്തികള്‍ എത്ര വലിയവരായാലും, അത് ഖണ്ഡിതമായും തെറ്റു തന്നെയാണ്. അല്ലാഹുവുമായി ബന്ധം സ്ഥാപിക്കാനും വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ പറഞ്ഞു തരുന്നതില്‍ അല്ലാഹുവും നബിയും ഒട്ടും അശ്രദ്ധരായിട്ടില്ല എന്നതുതന്നെ കാരണം. പിന്നെ എന്തുകൊണ്ട് നാം അവനുണ്ടാക്കിയ വഴികളില്‍ സംതൃപ്തരാവാതെ, അപകടകരമായ വഴികള്‍ തേടിപ്പോവണം? നന്നെച്ചെറിയ സൂക്ഷ്മതക്കുറവ് മാത്രം മതി അത്യന്തം അപകടകരമായ വഴികേടിലേക്ക് മനുഷ്യരെ തള്ളിവിടാന്‍.

മറ്റു വിഷയങ്ങളിലെല്ലാം 'മഖാസ്വിദുശ്ശരീഅ' (ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍) അവലംബിച്ച് അനുവദനീയതയെ ഉപയോഗപ്പെടുത്തുന്നതുപോലെ ആത്മസംസ്‌കരണം, ദൈവസാമീപ്യം പോലുള്ള വിഷയങ്ങളിലും എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ എന്ന ചോദ്യം മൗലികമായിത്തന്നെ തെറ്റാണ്. കാരണം, ദീനിന്റെ രണ്ടു വശങ്ങള്‍ ഒന്ന് മറ്റൊന്നില്‍നിന്ന് തികച്ചും വേറിട്ടാണ് നിലകൊള്ളുന്നത്. ഒന്ന് അല്ലാഹുവുമായുള്ള ബന്ധത്തെയും രണ്ടാമത്തേത്, ജനങ്ങളുമായുള്ള ബന്ധത്തെയുമാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാമത്തേത് അല്ലാഹുവും നബിയും കാണിച്ചുതന്ന വഴികളില്‍ തന്നെ ഒതുങ്ങിനില്‍ക്കണം. അതില്‍ കുറക്കാനോ വര്‍ധിപ്പിക്കാനോ നമുക്ക് അവകാശമില്ല. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിനെ അറിയാനോ, അവനുമായി ബന്ധം സ്ഥാപിക്കാനോ നമ്മുടെ മുമ്പാകെ ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഈ വിഷയത്തില്‍ വെട്ടുകയും ചേര്‍ക്കുകയും ചെയ്യുന്നവ ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. ഇവിടെ തടയപ്പെടാത്തതെല്ലാം അനുവദനീയമാണെന്ന വാദം വിലപ്പോവില്ല. പ്രമാണമില്ലാത്തവ ബിദ്അത്താണെന്ന തത്ത്വമാണ് ശരി. ഇനി ഖിയാസിലൂടെയാണ് ഏതെങ്കിലും ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതെങ്കില്‍ പോലും, അതിന്റെ ഏതെങ്കിലും ഒരടിസ്ഥാനം ഖുര്‍ആനിലും സുന്നത്തിലും ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അനുവദനീയതയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടവയാണ്. വിധി നല്‍കപ്പെട്ട വിഷയങ്ങളില്‍ വിധിയനുസരിക്കലും തടയപ്പെട്ട കാര്യങ്ങളില്‍ അകലം പാലിക്കലുമാണ് ശരി. വിധി നല്‍കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളില്‍ സമാനമായ വിഷയത്തിലെ വിധി മുമ്പില്‍വെച്ച് ഖിയാസ് നടത്തുകയാണ് വേണ്ടത്. ഖിയാസ് സാധ്യമാവാത്ത വിഷയങ്ങളെ ഇസ്‌ലാമിന്റെ പൊതു ഉസ്വൂലുകളുമായി ബന്ധിപ്പിച്ച് പരിഹാരം കാണുകയാണ് ചെയ്യുക. ദുന്‍യാവ്, മനുഷ്യന്‍, ഭൗതികകാര്യങ്ങള്‍ എന്നിവയിലെ മസ്വ്‌ലഹത്ത് അറിയാന്‍ ബുദ്ധിപരവും വൈജ്ഞാനികവുമായ മാര്‍ഗങ്ങള്‍ ഒരു പരിധിയോളം ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ലഭിക്കും. അതിലൂടെ നന്മയെ തിന്മയില്‍നിന്നും ശരിയെ തെറ്റില്‍നിന്നും വേര്‍തിരിക്കാന്‍ കഴിയുമാറ് അവയെ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയും. ഈ സ്വാതന്ത്ര്യത്തെ ഈ മേഖലയില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതുണ്ട്.

ഈ സ്വാതന്ത്ര്യത്തെ, സ്വാതന്ത്ര്യമില്ലാത്ത മേഖലയിലേക്ക് വ്യാപിപ്പിച്ച്, തടയപ്പെടാത്ത കാര്യങ്ങളെ അനുവദനീയമായി മനസ്സിലാക്കി, അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നൂതനമാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ, മറ്റുള്ളവരില്‍നിന്ന് കടംകൊള്ളുകയോ ചെയ്യുന്നത് മൗലികമായി അബദ്ധം തന്നെയാകുന്നു. ഈ അപകടത്തില്‍ അകപ്പെട്ടതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ഖുര്‍ആന്‍ ആക്ഷേപിച്ച പൗരോഹിത്യത്തിന്റെ വക്താക്കളായി മാറിയത്. 
('റസാഇല്‍ വ മസാഇല്‍' എന്ന കൃതിയില്‍നിന്ന്)

വിവ: സലാം പുലാപ്പറ്റ

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top