തസ്വവ്വുഫ് ഒരു സമഗ്ര പഠനം

റഹ്‌മാന്‍ മുന്നൂര്‌‌
img

ഇസ്‌ലാമിലെ ഭക്തിപ്രസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ആത്മീയ ധാരയാണ് തസ്വവ്വുഫ്, അഥവാ സ്വൂഫിസം. അത് സ്വീകരിച്ച വ്യക്തി  സ്വൂഫി എന്ന പേരിലാണ് അറിയപ്പെടുന്നത്
 

കൃത്യമായൊരു നിര്‍വചനംകൊണ്ട് തസ്വവ്വുഫിനെ പരിചയപ്പെടുത്തുക അസാധ്യമാണ്. ഏകശിലാത്മകമായ ഒരു രൂപം അതിനില്ലെന്നതുതന്നെ കാരണം. ഒരു നിശ്ചിത കാലത്തോ സ്ഥലത്തോ രൂപംകൊണ്ടതല്ല അത്. പല കാലങ്ങളിലും സ്ഥലങ്ങളിലുമായി അനവധി വ്യക്തികളിലൂടെ വികസിച്ചുവന്നതാണ് അതിന്റെ സിദ്ധാന്തങ്ങളും ആചാരക്രമങ്ങളും. അതുകൊണ്ടുതന്നെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രൂപഭാവങ്ങളാണ് തസ്വവ്വുഫിന് ഉണ്ടായിരുന്നത്. ലൗകിക മോഹങ്ങള്‍ വെടിഞ്ഞ് അത്യന്തം ലളിതമായ ജീവിതരീതി സ്വീകരിച്ച ഭക്തന്മാരായിരുന്നു ആദ്യകാല സ്വൂഫികള്‍. സുഹ്ഹാദ് (പരിത്യാഗികള്‍), നുസ്സാക് (ആരാധകര്‍) തുടങ്ങിയ വിശേഷണങ്ങളിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് രോമവസ്ത്ര(സ്വൂഫ്)ധാരണം സ്വൂഫികളുടെ ഒരടയാളമായിത്തീര്‍ന്നു. ആശ്രമജീവിതവും തരീഖത്തുകളുമൊക്കെ സ്വൂഫിചര്യയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാകുന്നത് പിന്നെയും കഴിഞ്ഞാണ്. 
തസ്വവ്വുഫിനെ പഠനവിധേയമാക്കിയ ആധുനികരും പൂര്‍വികരുമായ പണ്ഡിതന്മാര്‍, എന്താണത് എന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമുള്ളവരല്ല. പ്രാമാണികരായ സ്വൂഫി ആചാര്യന്മാര്‍ തസ്വവ്വുഫിനെ ഇസ്‌ലാമിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരംശമായി കണ്ടു. എന്നാല്‍, തസ്വവ്വുഫിനോട് വിയോജിപ്പുള്ളവര്‍ പില്‍ക്കാലത്ത് ഇസ്‌ലാമിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നായിട്ടാണ് അതിനെ കാണുന്നത്. ബുദ്ധമതം, ഹിന്ദൂയിസം, ക്രിസ്ത്യാനിസം തുടങ്ങിയ അന്യമത സംസ്‌കൃതികളിലാണ് സ്വൂഫിസത്തിന്റെ ഉറവിടമെന്നാണ് ഇത്തരക്കാരുടെ വീക്ഷണം. ഇവര്‍ക്കു പുറമെ മധ്യമനിലപാട് സ്വീകരിച്ചവരുമുണ്ട്. അവര്‍ സ്വൂഫിചിന്തയുടെ ഇസ്‌ലാമിക ഉല്‍പത്തിയോടൊപ്പം അതില്‍ വന്നടിഞ്ഞ അന്യ മത/സംസ്‌കൃതികളുടെ കലര്‍പ്പുകളെയും തിരിച്ചറിയുന്നവരാണ്. ഇത്തരം മലിനീകരണങ്ങള്‍ക്കെതിരെ സ്വൂഫി ആചാര്യന്മാര്‍തന്നെ നിരന്തരം രംഗത്തുവന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ആദ്യകാല സ്വൂഫി കൃതികളായ ശൈഖ് ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബും ഇമാം ഖുശൈരിയുടെ അര്‍രിസാലതുല്‍ ഖുശൈരിയ്യഃയുമൊക്കെ രചിക്കപ്പെട്ടതുതന്നെ അന്യസ്വാധീനങ്ങള്‍ മൂലമുള്ള വ്യതിയാനങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. സ്വൂഫിചരിത്രം പരിശോധിച്ചാല്‍ ഇത്തരം സമുദ്ധാരണ പരിശ്രമങ്ങള്‍ എല്ലാ കാലങ്ങളിലും നിരന്തരമായി നടന്നുപോന്നിട്ടുള്ളതായി കാണാം. 
തസ്വവ്വുഫ് എന്ന വാക്ക് ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടുള്ളതല്ല എന്ന കാരണത്താല്‍ സ്വൂഫിചിന്തയെ അന്യവത്കരിക്കേണ്ടതില്ല. ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ലാത്ത പല പദങ്ങളും പില്‍ക്കാലത്ത് ഇസ്‌ലാമിലെ അടിസ്ഥാന സാങ്കേതികപദങ്ങളായി സര്‍വാംഗീകാരം നേടിയിട്ടുണ്ട്. ഫിഖ്ഹ്, കലാം എന്നിവ ഉദാഹരണം. എങ്കിലും ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പരാമര്‍ശിക്കപ്പെട്ട ഒരു സംജ്ഞ കണ്ടെത്താന്‍ സ്വൂഫികള്‍ ശ്രമിക്കുകയുണ്ടായി. ഇഹ്‌സാന്‍ എന്ന പദം കൊണ്ട് തസ്വവ്വുഫിനെ വിശദീകരിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. 'മനോഹരമായി ചെയ്യുക' എന്നാണ് ഇഹ്‌സാന്‍ എന്ന പദത്തിന്റെ അര്‍ഥം. ദൈവത്തിന്റെയും മനുഷ്യന്റെയും ഒരു സവിശേഷ ഗുണമാണത്. ഖുര്‍ആനില്‍ അനേകം സ്ഥലങ്ങളില്‍ ഇഹ്‌സാനെപ്പറ്റി പറയുന്നുണ്ട്. മനോഹരമായി ചെയ്യുന്നവര്‍(മുഹ്‌സിനീന്‍)ക്ക് ദൈവത്തിന്റെ സാമീപ്യവും സ്‌നേഹവും മഹത്തായ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവയെ നിര്‍വചിക്കുന്നുണ്ട്. 'ജിബ്‌രീലിന്റെ ഹദീസ്' എന്ന പേരിലാണ് അതറിയപ്പെടുന്നത്. ജിബ്‌രീല്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് പ്രസ്തുത മൂന്ന് സങ്കല്‍പങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്ന രൂപത്തിലാണ് അതിലെ പ്രതിപാദനം. 'ദൈവത്തെ നീ കണ്‍മുന്നില്‍ കാണുന്നതുപോലെ അവന്ന് ഇബാദത്ത് ചെയ്യുക' എന്നാണ് അതില്‍ ഇഹ്‌സാനെ നിര്‍വചിക്കുന്നത്. ഇസ്‌ലാം ശരിയായ പ്രവര്‍ത്തനവും ഈമാന്‍ ശരിയായ വിശ്വാസവുമാണ്. ശരീരവും ഹൃദയവുമായാണ് അവയുടെ ബന്ധം. ഇഹ്‌സാന്‍ ആത്മാവുമായി ബന്ധപ്പെട്ടതാണ്. ഇസ്‌ലാമിനേക്കാളും ഈമാനിനേക്കാളും ഉയര്‍ന്ന മറ്റൊരു തലമാണത്. അഥവാ മതത്തിന്റെ പൂര്‍ണതയാണത്. ആ പൂര്‍ണതയാണ് സ്വൂഫികള്‍ ലക്ഷ്യമാക്കുന്നത്. ബാഹ്യലോകത്തും അന്തരംഗത്തും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാനും തദനുസാരം പ്രവര്‍ത്തിക്കാനുമാണ് സ്വൂഫികള്‍ പരിശ്രമിക്കുന്നത്. 

ഇസ്‌ലാമിന്റെ ജ്ഞാനസംഹിതയില്‍ ശരീഅത്ത് ഇസ്‌ലാമിനെയും ഇല്‍മുല്‍ കലാം ഈമാനിനെയും പ്രതിനിധാനം ചെയ്യുമ്പോള്‍ തസ്വവ്വുഫ് ഇഹ്‌സാനെയാണ് പ്രതിനിധാനം ചെയ്യുന്നത്. രണ്ട് തലങ്ങളിലായാണ് ഈ പ്രതിനിധാനം: സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും. സൈദ്ധാന്തിക തലത്തില്‍ അത് ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വിശദമാക്കുന്നു. ഇല്‍മുല്‍ കലാമിന്റെ വിശദീകരണത്തില്‍നിന്ന് വ്യത്യസ്തമാണിത്. ഇല്‍മുല്‍ കലാം ന്യായാധികരണത്തെ ആധാരമാക്കുമ്പോള്‍ തസ്വവ്വുഫ് വെളിപാടുകളിലാണ് ഊന്നുന്നത്. പ്രായോഗിക തലത്തില്‍ പ്രസ്തുത വിശ്വാസം ദൃഢീകരിക്കാനുള്ള മാര്‍ഗങ്ങള്‍ അത് വിശദമാക്കുന്നു. ഇതിനായി ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സവിശേഷമായ ചില രൂപങ്ങളും ചിട്ടകളും സ്വൂഫികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മനസ്സിനോടുള്ള തീവ്രമായ പോരാട്ടത്തിലൂടെ ആത്മാവിനെ വിമലീകരിച്ച് ദൈവസാമീപ്യം നേടുകയാണ് അതിന്റെ ലക്ഷ്യം. 'മുജാഹദഃ' എന്ന പേരിലാണ് ഈ മനഃസമരം അറിയപ്പെടുന്നത്. 

കാലക്രമത്തില്‍ സ്വൂഫികള്‍ക്കിടയില്‍ എണ്ണമറ്റ കൂട്ടായ്മകള്‍ രൂപംകൊള്ളുകയുണ്ടായി. ത്വരീഖത്ത് എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. ശാഖകളും ഉപശാഖകളുമായി എണ്ണമറ്റ ത്വരീഖത്തുകള്‍ നിലവിലുണ്ട്. അവ എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ഒരു ശൈഖിനെ ഗുരുവായി സ്വീകരിച്ചവരാണ് ത്വരീഖത്തായി രൂപംകൊള്ളുന്നത്. ഓരോ ത്വരീഖത്തിനും സ്വന്തമായ ആചാരക്രമങ്ങളും സാധനാ മുറകളും ഉണ്ടായിരിക്കും. ശൈഖിന് ബൈഅത്ത് ചെയ്യാതെ സ്വൂഫിയാവുക സാധ്യമല്ല. ഓരോ ശൈഖും മറ്റൊരു ശൈഖിന് ബൈഅത്ത് ചെയ്തവരായിരിക്കും. ഈ ഗുരുപരമ്പര സില്‍സിലഃ എന്ന പേരില്‍ അറിയപ്പെടുന്നു. ഓരോ ത്വരീഖത്തിന്റെയും സില്‍സിലഃ നാലാം ഖലീഫഃ ഇമാം അലിയിലൂടെ മുഹമ്മദ് നബിയില്‍ ചെന്നവസാനിക്കുന്നു. നഖ്ശബന്ദി ത്വരീഖത്ത് മാത്രമാണ് ഇതിനപവാദം. ഇവരുടെ ഗുരുപരമ്പര അബൂബക്ര്‍ സ്വിദ്ദീഖിലൂടെയാണ് നബിയില്‍ എത്തിച്ചേരുന്നത്.

(i) പദ നിഷ്പത്തി

സ്വൂഫി, തസ്വവ്വുഫ് എന്നീ പദങ്ങളുടെ നിഷ്പത്തിയെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ഖുര്‍ആനിലോ പ്രമുഖ ഹദീസ് സമാഹാരങ്ങളായ സ്വിഹാഹുസ്സിത്തയിലോ ജാഹിലിയ്യഃ സാഹിത്യത്തിലോ ഈ പദങ്ങള്‍ വന്നിട്ടില്ലെന്നതാണ് ഈ അഭിപ്രായാന്തരങ്ങള്‍ക്ക് കാരണം. ജാഹിലിയ്യഃ കാലത്ത് കഅ്ബയുടെ പരിപാലനത്തിനും ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനുംവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു വിഭാഗമാളുകള്‍ 'സ്വൂഫഃ' എന്ന് വിളിക്കപ്പെട്ടിരുന്നു. അവരുമായുള്ള സാദൃശ്യത്തെ മുന്‍നിര്‍ത്തിയാണ് 'സ്വൂഫിയ്യഃ' എന്ന പേരുണ്ടായതെന്ന് ഹാഫിള് മുഹമ്മദുബ്‌നു ത്വാഹിര്‍ അല്‍മുഖദ്ദിസി (മ. 507/1113) പറയുന്നു. കൂഫയിലെ ഹദീസ് പണ്ഡിതനായിരുന്ന വലീദുബ്‌നു ഖാസിമി(മ. 83/706)ന്റെ ഒരു പ്രസ്താവമാണ് ഇക്കാര്യത്തില്‍ മുഖദ്ദിസിയുടെ അവലംബം (മുത്വാലഅഃ തസ്വവ്വുഫ്, പേ. 14). ജാഹിലിയ്യഃ കാലത്ത് സ്വൂഫഃ എന്ന് ആദ്യമായി വിളിക്കപ്പെട്ട വ്യക്തി ഗൗസുബ്‌നു മുര്‍റഃ ആണത്രെ. ഇയാളെപ്പറ്റി പ്രചാരത്തിലുള്ള കഥ ഇപ്രകാരമാണ്: ഗൗസിന്റെ മാതാവിന് സന്താനങ്ങള്‍ ഉണ്ടായിരുന്നില്ല. സന്താനലബ്ധി കൈവന്നാല്‍ കുട്ടിയെ കഅ്ബക്ക് സമര്‍പ്പിക്കുമെന്ന് അവര്‍ നേര്‍ച്ചയാക്കി. അങ്ങനെ ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ അവര്‍ തന്റെ നേര്‍ച്ച പാലിച്ചു. ഈ കുട്ടി വളര്‍ന്ന് 'സ്വൂഫഃ' എന്ന പേരില്‍ അറിയപ്പെട്ടു. അവന്റെ ശിരസ്സില്‍ മാതാവ് രോമത്തിന്റെ ഒരു തുണി കെട്ടിക്കൊടുത്തിരുന്നു. അതുകൊണ്ടാണ് 'സ്വൂഫഃ' എന്ന് വിളിക്കപ്പെട്ടത്. ഈ കഥ ഇബ്‌നുല്‍ജൗസി ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടിലുണ്ട്. ഗൗസിനു ശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളും 'സ്വൂഫഃ' എന്ന് വിളിക്കപ്പെട്ടു. ജാഹിലിയ്യഃ കാലത്ത് ഹജ്ജിന്റെ സമാരംഭം വിളംബരപ്പെടുത്തിയിരുന്നത് സ്വൂഫഃ കുടുംബമാണ്. ഹജ്ജ് കഴിഞ്ഞ് സ്വൂഫഃക്കാര്‍ അവരുടെ ടെന്റുകള്‍ പൊളിച്ചശേഷമേ മറ്റു തീര്‍ഥാടകര്‍ അവരുടെ ടെന്റുകള്‍ പൊളിക്കാറുണ്ടായിരുന്നുള്ളൂ (മുത്വാലഅഃ തസ്വവ്വുഫ് പേ. 14,15). 
സ്വഫ്ഫ് (നിര, അണി) എന്ന വാക്കില്‍നിന്നാണ് സ്വൂഫി എന്ന പദം നിഷ്പന്നമായതെന്നാണ് മറ്റൊരഭിപ്രായം. ദൈവസന്നിധിയില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ നില്‍ക്കുന്നവര്‍, അഥവാ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് സ്വൂഫികള്‍ എന്നത്രെ ഈ വീക്ഷണക്കാരുടെ വാദം. ശൈഖ് അബുല്‍ഹസന്‍ നൂരിയുടെ ഒരു പ്രസ്താവനയാണ് അവര്‍ക്കാധാരം. വ്യാകരണ നിയമപ്രകാരം ഈ നിഷ്പത്തി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ സ്വഫ്ഫ് എന്നാണ് വേണ്ടിയിരുന്നത്. 

സ്വഫ്‌വത്: ഇമാം ഖുശൈരി(മ.465/1072)യുടെ വീക്ഷണത്തില്‍ സ്വഫ്‌വത് (തെളിമ) എന്ന പദത്തില്‍നിന്നാണ് സ്വൂഫി നിഷ്പന്നമായത്. സ്വഫ്‌വതില്‍നിന്നുള്ള സ്വൂഫിയുടെ നിഷ്പത്തി വ്യാകരണപ്രകാരം സാധുവല്ലാത്തതിനാല്‍ ലഖബ് (സ്ഥാനപ്പേര്) എന്ന നിലക്കാണ് അതിന്റെ പ്രയോഗമെന്നുകൂടി ഖുശൈരി അഭിപ്രായപ്പെടുന്നുണ്ട്. സ്വഫാഅ്: ശുദ്ധി, തെളിമ എന്നൊക്കെ അര്‍ഥമുള്ള 'സ്വഫാ'-യില്‍നിന്നാണ് സ്വൂഫി എന്ന പദത്തിന്റെ ഉല്‍പത്തിയെന്നാണ് വലിയൊരു വിഭാഗം സ്വൂഫികളുടെ അഭിപ്രായം. സോഫ്: ഗ്രീക്കിലെ സോഫ് എന്ന പദത്തിന്റെ തത്ഭവമാണ് സ്വൂഫി എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അബൂറൈഹാന്‍ അല്‍ബീറൂനി (മ. 440/1048), മുല്ലാ കാതിബ് ചെലെബി (മ. 1067/1657), മൗലാനാ ശിബ്‌ലി നുഅ്മാനി (മ. 1332/1914) തുടങ്ങിയ ചരിത്രകാരന്മാര്‍ ഈ വീക്ഷണം പ്രകടിപ്പിച്ചവരാണ്. ഗ്രീസിലെ ദുര്‍വാദക്കാരായ ഒരു വിഭാഗം തത്ത്വജ്ഞാനികളായിരുന്നു സോഫിസ്റ്റുകള്‍. അവരുടെ ശൈലിയും സമ്പ്രദായവും സ്വൂഫികളിലും കാണപ്പെട്ടതുകൊണ്ടാണ് സ്വൂഫികള്‍ ആ പേരില്‍ അറിയപ്പെട്ടതെന്നാണ് ഇവരുടെ അനുമാനം. രണ്ടാം നൂറ്റാണ്ടില്‍ ഗ്രീക്ക് തത്ത്വചിന്താകൃതികള്‍ അറബി ഭാഷയിലേക്ക് ധാരാളമായി വിവര്‍ത്തനം ചെയ്യപ്പെടുകവഴി സോഫിസ്റ്റുകളും അവരുടെ തത്ത്വചിന്തകളും മുസ്‌ലിംകള്‍ക്ക് സുപരിചിതമായിക്കഴിഞ്ഞിരുന്നു. ജോസഫ് വോണ്‍ ഹാമര്‍ എന്ന ഓറിയന്റലിസ്റ്റ് പണ്ഡിതന്‍ പറയുന്നത് ഗ്രീസിലെ ജിംനോ സോഫിസ്റ്റു(നഗ്ന തത്ത്വജ്ഞാനി)കളില്‍നിന്നാണ് സ്വൂഫികള്‍ക്ക് ആ പേര് ലഭിച്ചതെന്നാണ്.
സ്വുഫ്ഫഃ: അഹ്‌ലുസ്സ്വുഫ്ഫയില്‍നിന്നാണ് സ്വൂഫിയുടെ നിഷ്പത്തിയെന്നാണ് മറ്റൊരു വീക്ഷണം. മസ്ജിദുന്നബവിയുടെ വടക്കുഭാഗത്തുണ്ടായിരുന്ന ചെരുവിനാണ് സ്വുഫ്ഫഃ എന്നു പറയുന്നത്. മക്കഃയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ മുസ്‌ലിംകളില്‍ ചിലര്‍ ഈ ചെരുവില്‍ താമസമാക്കിയിരുന്നു. മദീനയില്‍ ബന്ധുക്കളില്ലാത്തതുകൊണ്ടും സ്വന്തമായി കൃഷിയിലോ കച്ചവടത്തിലോ ഏര്‍പ്പെടാന്‍ ശേഷിയില്ലാത്തതുകൊണ്ടും മദീനപള്ളിയെ ആശ്രയിച്ചാണ് ഈ ദരിദ്ര മുസ്‌ലിംകള്‍ ജീവിച്ചിരുന്നത്. ആരാധനകളില്‍ മുഴുകിയും പ്രവാചകനില്‍നിന്ന് വിജ്ഞാനങ്ങളാര്‍ജിച്ചും അത്യന്തം വിശുദ്ധവും ലളിതവുമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. അഹ്‌ലുസ്സ്വുഫ്ഫഃ അഥവാ അസ്വ്ഹാബുസ്സ്വുഫ്ഫഃ എന്ന പേരില്‍ അറിയപ്പെട്ട ഈ ദരിദ്രഭക്തന്മാരെ തങ്ങളുടെ മുന്‍ഗാമികളായി കാണുന്നവരാണ് മിക്ക സ്വൂഫികളും. സ്വുഫ്ഫഃയില്‍നിന്നുള്ള സ്വൂഫിയുടെ നിഷ്പത്തി ഭാഷാനിയമമനുസരിച്ച് സാധുവല്ലെങ്കിലും ആശയപരമായി അത് ശരിയാണെന്ന് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി (മ. 632/1234) അഭിപ്രായപ്പെട്ടിട്ടുണ്ട്. 
സ്വൂഫ്: രോമവസ്ത്രം എന്നര്‍ഥമുള്ള സ്വൂഫ് എന്ന വാക്കില്‍നിന്നാണ് സ്വൂഫി ഉണ്ടായതെന്നാണ് പാശ്ചാത്യരും പൗരസ്ത്യരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. പൂര്‍വസൂരികളില്‍ ശൈഖ് അബൂനസ്വ്ര്‍ സര്‍റാജ് (മ. 378/988), ശൈഖ് അബൂബക്ര്‍ കലാബാദി (മ. 380/990), ഇബ്‌നു തൈമിയ്യഃ (മ. 808/1406), ഇബ്‌നു ഖല്‍ദൂന്‍ (മ. 808/1406); ആധുനികരില്‍ ത്വാഹാ അബ്ദുല്‍ ബാഖി സര്‍വര്‍, ഇബ്‌റാഹീമുല്‍ ജുയൂശി, ഡോ. മീര്‍ വലിയ്യുദ്ദീന്‍, ഡോ. സകീ മുബാറക് തുടങ്ങി ഒട്ടേറെ പണ്ഡിതന്മാര്‍ ഈ വീക്ഷണത്തെ പിന്താങ്ങുന്നവരാണ്. റെയ്‌നോള്‍ഡ് നിക്കള്‍സന്‍, എഡ്വേര്‍ഡ് ബ്രൗണ്‍, ലൂയി മാസിന്നോണ്‍,  ടര്‍മിംഗ്ഹാം തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരുടെ ദൃഷ്ടിയിലും ഇതുതന്നെയാണ് ശരിയായ വീക്ഷണം. രോമവസ്ത്രം ധരിക്കുന്നത് സ്വൂഫികളുടെ സമ്പ്രദായമായിരുന്നു. ജുനൈദുല്‍ ബഗ്ദാദി, യഹ്‌യബ്‌നു മുആദിര്‍റാസി, അബൂഅലി റൂദ്ബാരി തുടങ്ങിയ പ്രമുഖരായ പല സ്വൂഫിവര്യന്മാരും രോമവസ്ത്രധാരണം സ്വൂഫികളുടെ പ്രത്യേകതയാണെന്ന് പറഞ്ഞിട്ടുണ്ട്. വിനയത്തിന്റെയും വിരക്തിയുടെയും അടയാളമെന്ന നിലക്ക് രോമവസ്ത്രം ധരിക്കുന്നതിനെ ഏറെ പുണ്യകരമായി മിക്ക സ്വൂഫികൃതികളും വിശദീകരിച്ചിരിക്കുന്നു. 

(ii) തുടക്കവും വികാസവും 

സ്വൂഫി എന്ന വാക്ക് ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പുതന്നെ പ്രയോഗത്തിലുണ്ടായിരുന്നു എന്നാണ് അബൂനസ്വ്ര്‍ സര്‍റാജ് ത്വൂസി അഭിപ്രായപ്പെട്ടിരിക്കുന്നത്. മുഹമ്മദുബ്‌നു ഇസ്ഹാഖബ്‌നി യസാര്‍ (മ. 151/768) തന്റെ മക്കഃചരിത്രത്തില്‍ ഉദ്ധരിച്ച ഒരു സംഭവത്തെയാണ് അതിനദ്ദേഹം ആധാരമാക്കുന്നത്. മക്കഃയില്‍നിന്ന് സകലരും നാടുവിട്ടുപോയ ഒരുകാലത്ത് കഅ്ബയെ പരിപാലിക്കാനോ ത്വവാഫ് ചെയ്യാനോ ഒരാളും ഇല്ലാതിരുന്ന അവസ്ഥയില്‍, അകലെയെങ്ങാനോ നിന്നൊരു സ്വൂഫി മക്കഃയില്‍ വന്ന് കഅ്ബയെ ത്വവാഫ് ചെയ്ത് തിരിച്ചുപോവുക പതിവായിരുന്നു എന്നാണ് മക്കഃ ചരിത്രത്തിലെ വിവരണം. ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പുതന്നെ സ്വൂഫി എന്ന വാക്ക് പ്രചാരത്തിലുണ്ടായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു എന്നാണ് സര്‍റാജിന്റെ വിശദീകരണം.
താബിഈ പണ്ഡിതനായ ഹസനുല്‍ ബസ്വരി കഅ്ബ പ്രദക്ഷിണം നടത്തുന്ന ഒരു സ്വൂഫിയെ കണ്ടതായി വിവരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും സര്‍റാജ് ഉദ്ധരിക്കുന്നുണ്ട്. 'ഞാന്‍ അയാള്‍ക്ക് വല്ലതും കൊടുക്കാന്‍  ഉദ്ദേശിച്ചു. പക്ഷേ, അയാളത് സ്വീകരിച്ചില്ല' എന്നാണ് ഹസനുല്‍ ബസ്വരിയുടെ പ്രസ്താവം. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രവാചക കാലഘട്ടത്തിനു മുമ്പും സ്വഹാബികളുടെ കാലത്തും സ്വൂഫി എന്ന വാക്ക് പ്രചാരത്തിലുണ്ടായിരുന്നതായി കരുതാം. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച സര്‍റാജ് തന്നെ അവയുടെ പ്രബലതയെക്കുറിച്ച് സംശയാലുവാണ്. അമീര്‍ മുആവിയഃ മദീനഃയിലെ തന്റെ ഗവര്‍ണര്‍ക്ക് എഴുതിയ ഒരു കത്തില്‍ കുറിച്ച കവിതാശകലത്തിലും സ്വൂഫി എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 

എന്നാല്‍, സ്വൂഫി എന്ന് ആദ്യമായി വിളിക്കപ്പെട്ട വ്യക്തി അബൂ ഹാശിമില്‍ കൂഫിയും ജാബിറുബ്‌നു ഹയ്യാനും ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഹി. രണ്ടാം നൂറ്റാണ്ടിലാണ് ഇരുവരും ജീവിച്ചിരുന്നത്. അബൂഹാശിമില്‍ കൂഫി മരിച്ചത് ഹി. 150-ലും ജാബിറുബ്‌നു ഹയ്യാന്റെ മരണം ഹി. 160-ലുമാണ്. ഇവരില്‍ അബൂഹാശിം ആണ് ആദ്യമായി സ്വൂഫി എന്ന പേരില്‍ വിളിക്കപ്പെട്ടതെന്ന് ഇമാം ജലാലുദ്ദീന്‍ സുയൂത്വി, കാതിബ് ചെലെബി തുടങ്ങി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്വൂഫിയുടെ ബഹുവചനരൂപമായ സ്വൂഫിയ്യഃ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത് അല്‍കിന്ദിയുടെ കിതാബുല്‍ വുലാതി വല്‍ ഖുദാത് എന്ന ഗ്രന്ഥത്തിലാണ്. 200/814-ല്‍ ഇസ്‌കന്ദരിയ്യഃയില്‍ അരങ്ങേറിയ ചെറു കലാപവുമായി ബന്ധപ്പെട്ടാണത്. ഖലീഫഃ മഅ്മൂന്റെ കീഴില്‍ ഈജിപ്തില്‍ ഗവര്‍ണറായിരുന്ന സരിയ്യുബ്‌നുല്‍ ഹകമി(മ.205/860)ന്റെ കാലത്താണ് പ്രസ്തുത കലാപം പൊട്ടിപ്പുറപ്പെട്ടത്. അബ്ദുര്‍റഹ്‌മാന്‍ സ്വൂഫിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സ്വൂഫികളാണ് കലാപം നയിച്ചത്. ഹി. 200-ാമാണ്ട് റമദാന്നും ദുല്‍ഖഅ്ദഃക്കും ഇടയിലായിരുന്നു അത്. ഇതേകാലത്ത് സ്വൂഫിയ്യഃ എന്ന ഒരു സംഘം കൂഫഃയില്‍ ഉണ്ടായിരുന്നതായി ജാഹിളും (163/780-255/869) മുഹാസിബിയും പറയുന്നുണ്ട്. ഇവര്‍ അര്‍ധ ശീഅഃ വിഭാഗമായിരുന്നു. ഇമാം അബ്ദക് സ്വൂഫി (221/825) ആയിരുന്നു അവരുടെ ഗുരു. ഇദ്ദേഹം സസ്യാഹാര ഭോജിയും മാംസവിരോധിയും ഖിലാഫതില്‍ പിന്തുടര്‍ച്ചാ സമ്പ്രദായം വേണമെന്ന വീക്ഷണക്കാരനുമായിരുന്നുവത്രെ (ദാഇറതുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യഃ ഉര്‍ദു 6/419).

ഹി. 200-ാം ആണ്ടോടു കൂടി സ്വൂഫി, സ്വൂഫിയ്യഃ തുടങ്ങിയ വാക്കുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങിയതായി അനുമാനിക്കാവുന്നതാണ്. സ്വൂഫികളുടെ സദസ്സില്‍ ഇരിക്കരുതെന്ന് ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ (164/780-241/850) തന്റെ പുത്രനെ ഉപദേശിച്ചിരുന്നതായി പറയപ്പെടുന്നുണ്ട് (ഹഖാഇഖ് അനിത്തസ്വവ്വുഫ് പേ. 567; ഉദ്ധരണം: മുത്വാലഅഃ തസ്വവ്വുഫ്). അപ്രകാരം നസ്വീബൈന്‍കാരനായ ഒരാള്‍ ഇമാം മാലികി(93/716-179/795)ന്റെ അടുക്കല്‍ വരികയും തങ്ങളുടെ നാട്ടില്‍ സ്വൂഫിയ്യഃ എന്ന ഒരു സംഘം പ്രത്യക്ഷപ്പെട്ടതായി അറിയിക്കുകയും ചെയ്തതായി ഖാദി ഇയാദും പ്രസ്താവിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് സ്വൂഫിയ്യഃ എന്ന ബഹുവചന രൂപം 179/795-ന് മുമ്പുതന്നെ നിലവിലുണ്ടായിരുന്നു എന്നാണ്.

(iii) നിര്‍വചനങ്ങള്‍

തസ്വവ്വുഫിന് 100-ല്‍പരം നിര്‍വചനങ്ങള്‍ നല്‍കപ്പെട്ടതായി അസ്സര്‍റാജ് (മ.ഹി. 378) പറയുന്നു..
സ്വബ്ര്‍ (സഹനം), തവക്കുല്‍ (അര്‍പ്പണം), ഇഖ്‌ലാസ്വ് (ആത്മാര്‍ഥത) തുടങ്ങിയ സദ്ഗുണങ്ങള്‍, ഭയം, ഭക്തി, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍, വിരക്തി, മൗനം, ഏകാന്തത തുടങ്ങിയ മനോഭാവങ്ങള്‍, ദാരിദ്ര്യം, ജപം (ദിക്ര്‍), മനനം (ഫിക്ര്‍), ധ്യാനം (മുറാഖബഃ) തുടങ്ങിയ സാധനകള്‍ എന്നിത്യാദി ആത്മാവിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങളെയാണ് പൊതുവെ തസ്വവ്വുഫ്‌കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഉദാരത (സഖാവത്), തൃപ്തി, സഹനം, സൂചന (ഇശാറത്), അന്യത (ഗുര്‍ബത്), രോമവസ്ത്ര ധാരണം, യാത്ര, ദാരിദ്ര്യം എന്നീ എട്ടു സ്വഭാവങ്ങളില്‍ അധിഷ്ഠിതമാണ് തസ്വവ്വുഫ് എന്ന് ശൈഖ് ജുനൈദ് പറഞ്ഞിട്ടുണ്ട് (കശ്ഫുല്‍ മഹ്ജൂബ്/ 235)

(i) തസ്വവ്വുഫിന്റെ ഉറവിടം

തസ്വവ്വുഫിന്റെ ഉറവിടത്തെക്കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തസ്വവ്വുഫ് ഇസ്‌ലാമിന്റെ പുറത്തുനിന്ന് വന്നതാണെന്ന് കരുതുന്നവര്‍ അതിന്റെ വിവിധ ഘടകങ്ങള്‍ക്ക് വിവിധങ്ങളായ ബാഹ്യ ഉറവിടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, അതിലെ സന്ന്യാസത്തെയും ആശ്രമജീവിതത്തെയും ക്രിസ്തുമതത്തോടും 'ഫനാഇ'(നിര്‍വാണം)നു വേണ്ടിയുള്ള അഭ്യാസങ്ങളെ ബുദ്ധമതത്തോടും ആത്മശുദ്ധീകരണത്തിലൂടെ പരമാര്‍ഥജ്ഞാനം കരസ്ഥമാക്കാനുള്ള പരിശ്രമത്തെ ജ്ഞാനവാദത്തോടും ഏകത്തില്‍നിന്ന് അനേകം ആവിര്‍ഭവിക്കുന്നതു സംബന്ധിച്ച സിദ്ധാന്തത്തെ നിയോ പ്ലാറ്റോണിസത്തോടും ഏകസത്താവാദ(വഹ്ദതുല്‍ വുജൂദ്)ത്തെ ഇന്ത്യന്‍ വേദാന്തത്തോടും അവര്‍ ബന്ധപ്പെടുത്തുന്നു. 

മറ്റു ചിലരുടെ വീക്ഷണത്തില്‍ തസ്വവ്വുഫ് തീര്‍ത്തും ഇസ്‌ലാമികമാണ്. ഇസ്‌ലാമിന്റെ ആന്തരിക ചൈതന്യത്തിന്റെ ആധികാരികമായ ആവിഷ്‌കാരമാണത്. സ്വൂഫികള്‍ പട്ടിണിയും ദാരിദ്ര്യവും (ഫഖ്ര്‍) അനുഭവിക്കുന്നത് നബിയുടെയും സ്വഹാബിവര്യന്മാരുടെയും ജീവിതരീതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ്. അവരുടെ വിരക്തി(സുഹ്ദ്)ക്കും ഏകാന്തത(ഉസ്‌ലഃ)ക്കും ശരീഅത്തില്‍ അനുവാദമുണ്ട്. ജപം (ദിക്ര്‍), മനനം (ഫിക്ര്‍), ധ്യാനം (മുറാഖബഃ) എന്നിവയെ നബിവചനങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വഹ്ദതുല്‍ വുജൂദ് പോലുള്ള ദര്‍ശനങ്ങള്‍ക്കു വരെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ അവര്‍ വേരുകള്‍ കണ്ടെത്തുന്നു. 
ആദ്യകാല സ്വൂഫിഗ്രന്ഥകാരന്മാരായ അബുന്നസ്വ്ര്‍ സര്‍റാജ് (മ. 378/988), അബൂബക്ര്‍ മുഹമ്മദ് കലാബാദി (മ. 390/1000), അബൂനുഐം ഇസ്വ്ഫഹാനി (മ. 430/1038), അബുല്‍ഖാസിം ഖുശൈരി (മ. 465/1072) തുടങ്ങിയവരുടെ വീക്ഷണത്തില്‍ ഇസ്‌ലാമിന്റെ ആന്തരികമാനത്തിന്റെ ഏറ്റവും സത്യസന്ധമായ ആവിഷ്‌കാരവും, അതിന്റെ ആത്മീയമൂല്യങ്ങളുടെ ഏറ്റവും സമ്പൂര്‍ണമായ സാക്ഷാത്കാരവുമാണ് തസ്വവ്വുഫ്. സ്വൂഫികളുടെ വിവിധ അവസ്ഥകളും അനുഭവങ്ങളും സമ്പ്രദായങ്ങളുമൊക്കെ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നിര്‍ധാരണം ചെയ്തതാണ്. പ്രത്യക്ഷത്തില്‍ ശരീഅത്തിന് എതിരായിട്ടുള്ള സ്വൂഫിവചനങ്ങളെ വ്യാഖ്യാനിച്ച് ശരീഅത്തിനോട് യോജിപ്പിക്കുകയും ഒരുനിലക്കും ശരീഅത്തുമായി യോജിക്കാത്തവയെ തള്ളിക്കളയുകയുമാണ് ഈ ആദ്യകാല സ്വൂഫികള്‍ ചെയ്തിരുന്നത്. 

എന്നാല്‍, ഇമാം ഗസാലി സ്വൂഫികളുടെ ആശയങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും അനുസരിച്ച് ഖുര്‍ആനെയും സുന്നത്തിനെയും വ്യാഖ്യാനിച്ചു. ഇസ്‌ലാമിനെ ശരിയായ വിധം മനസ്സിലാക്കിയാല്‍ അത് തസ്വവ്വുഫില്‍നിന്ന് വ്യത്യസ്തമായിരിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (സ്വൂഫിസവും ശരീഅത്തും, പേ. 99). ഇസ്‌ലാമിന്റെ ഏറ്റവും മുന്തിയ രൂപം സ്വൂഫി ചിന്തയാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി തുടങ്ങിയവര്‍ ഈ ധാരണയെ കൂടുതല്‍ ശക്തിപ്പെടുത്തി. ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബിയും ഗസാലിയുടെ മാര്‍ഗമാണ് പിന്തുടര്‍ന്നത്. എന്നാല്‍, ഒരു വ്യത്യാസമുണ്ട്: ഫഖ്ര്‍, ദിക്ര്‍, സുഹ്ദ്, തഖ്‌വ തുടങ്ങിയ ആത്മശുദ്ധീകരണ മാര്‍ഗങ്ങള്‍ക്കാണ് ഇമാം ഗസാലിയുടെ തസ്വവ്വുഫില്‍ പ്രാധാന്യം. ശൈഖ് ഇബ്‌നു അറബിയാകട്ടെ വജ്ദ്, ഫനാഅ്, ബഖാഅ്, മുകാശഫാത് തുടങ്ങിയ ആത്മജ്ഞാനമാര്‍ഗങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തത്. 
ഗസാലി, ജീലാനി, സുഹ്‌റവര്‍ദി, ഇബ്‌നു അറബി എന്നിവര്‍ക്കു ശേഷം, ഇസ്‌ലാമിന്റെ ഏറ്റവും ഉയര്‍ന്ന രൂപം സ്വൂഫി ചിന്തയാണെന്ന ധാരണ പണ്ഡിതന്മാരിലും സാധാരണക്കാരിലും വ്യാപകമായി. ഇമാം ഇബ്‌നു തൈമിയ്യഃ(മ. 728/1327)യെപ്പോലുള്ള ചില പില്‍ക്കാല പണ്ഡിതന്മാര്‍ സ്വൂഫികളുടെ ആത്മീയതയും പ്രവാചകന്റെ ആത്മീയതയും തമ്മിലുള്ള അന്തരം വകതിരിച്ചു കാട്ടുകയും പ്രവാചകമാര്‍ഗത്തോട് ഏറ്റുമുട്ടുന്ന സ്വൂഫി സിദ്ധാന്തങ്ങളെയും സമ്പ്രദായങ്ങളെയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്‌മദ് സര്‍ഹിന്ദി സ്വൂഫിയായിരിക്കെത്തന്നെ പ്രവാചക മാര്‍ഗവും സ്വൂഫി മാര്‍ഗത്തിലെ വ്യതിയാനങ്ങളും വ്യക്തമായി വേര്‍തിരിച്ചു കാണിക്കുകയുണ്ടായി.

2. ചരിത്രം

(i) തസ്വവ്വുഫ് സ്വഹാബികളുടെ കാലത്ത്
മുഹമ്മദ് നബി പഠിപ്പിച്ച മതം സന്തുലിതവും ഒരുവിധ തീവ്രതയും ഇല്ലാത്തതുമായിരുന്നു. തീവ്രത കൈക്കൊള്ളുന്നതിനെതിരെ അവിടുന്ന് താക്കീത് നല്‍കുകയുമുണ്ടായിട്ടുണ്ട്. 'ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെ'ന്ന നബിവചനം പ്രസിദ്ധമാണ്. പരലോകത്തെ വരിക്കാന്‍ ആഹ്വാനംചെയ്ത അതേ സൂക്തത്തില്‍തന്നെ ഐഹിക ജീവിതത്തിന്റെ വിഹിതം മറക്കരുതെന്നുകൂടി വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (ഖസ്വസ്വ്: 77). സ്വഹാബികള്‍ ഈ സന്തുലിത നിലപാടില്‍നിന്ന് വ്യതിചലിച്ചിരുന്നില്ലെന്ന് അവരുടെ ജീവചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യമാവുന്നതാണ്. വല്ലവരിലും ആത്യന്തികതയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് തിരുത്താന്‍ അപ്പോള്‍തന്നെ പ്രവാചകന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പ്രവാചകന്റെ വീട്ടിലെത്തി പത്‌നി ആഇശഃയോട് അവിടുത്തെ ജീവിത രീതിയെക്കുറിച്ച് അന്വേഷിച്ച മൂന്നു പേരെക്കുറിച്ച നിവേദനം പ്രസിദ്ധമാണ്. അവരില്‍ ഒന്നാമന്‍ എല്ലാ രാത്രികളിലും ഉറക്കമൊഴിച്ച് ആരാധനയില്‍ മുഴുകുമെന്നും രണ്ടാമന്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കുമെന്നും മൂന്നാമന്‍ ബ്രഹ്‌മചാരിയായി ജീവിക്കുമെന്നും ശപഥം ചെയ്താണ് തിരിച്ചുപോയത്. ആഇശഃയില്‍നിന്ന് ഈ വിവരം അറിഞ്ഞ ഉടനെത്തന്നെ പ്രവാചകന്‍ അവരെ തിരിച്ചുവിളിച്ച് തന്റെ ജീവിതചര്യ വിവരിച്ചുകൊടുത്തിട്ട് ഉപദേശിച്ചു: ''ഞാന്‍ രാത്രി ഉറങ്ങുകയും ഉണര്‍ന്നിരിക്കുകയും ചെയ്യാറുണ്ട്. നോമ്പ് എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ വിവാഹജീവിതം നയിക്കുകയും ചെയ്യുന്നു. എന്റെ ചര്യയില്‍നിന്ന് തെറ്റുന്നവന്‍ നമ്മുടെ കൂട്ടത്തില്‍പെട്ടവനല്ല.'' 

സ്വഹാബികളില്‍ അബൂബക്ര്‍ സ്വിദ്ദീഖ്, ഉമറുബ്‌നുല്‍ ഖത്ത്വാബ്, അലിയ്യുബ്‌നു അബീ ത്വാലിബ്, അബൂദര്‍രില്‍ ഗിഫ്ഫാരി, അസ്വ്ഹാബുസ്സ്വുഫ്ഫഃ തുടങ്ങിയവരെയാണ് സ്വൂഫികള്‍ തങ്ങളുടെ മുന്‍ഗാമികളായി കാണാറുള്ളത്. ഇവരാരും പ്രവാചകചര്യ വരച്ചുകാട്ടിയ മധ്യമനിലപാടില്‍നിന്ന് അകന്നുപോയവരായിരുന്നില്ല. അബൂബക്‌റും ഉമറും അലിയുമൊക്കെ ഭരണാധികാരികളും യോദ്ധാക്കളുമായി ഇസ്‌ലാമിന് വിലപ്പെട്ട സേവനം അര്‍പ്പിച്ചവരാണ്. സാമൂഹികമായ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞൊരു ജീവിതം അവര്‍ക്കുണ്ടായിരുന്നില്ല. അബൂദര്‍രില്‍ ഗിഫ്ഫാരി ജീവിതത്തിന്റെ അവസാനകാലത്ത് ഏകാന്തജീവിതം നയിക്കുകയുണ്ടായെങ്കിലും അതിന് ഇടവരുത്തിയ രാഷ്ട്രീയ പശ്ചാത്തലം വിസ്മരിക്കാവതല്ല. മദീനഃപള്ളിയുടെ ചരിവില്‍ ജീവിച്ചിരുന്ന ദരിദ്ര സ്വഹാബികളെയാണ് അസ്വ്ഹാബുസ്സ്വുഫ്ഫഃ എന്നു പറയുന്നത്. സാഹചര്യം അടിച്ചേല്‍പിച്ചതായിരുന്നു അവരുടെ ദരിദ്രജീവിതം. പില്‍ക്കാലത്ത് സാഹചര്യം അനുകൂലമായി വന്നപ്പോള്‍ അവരില്‍ പലരും സ്വുഫ്ഫഃയോട് വിടപറയുകയു#ം ചെയ്തിട്ടുണ്ട്. സഅ്ദുബ്‌നു അബീവഖ്ഖാസ്വ്, സല്‍മാനുല്‍ ഫാരിസി, അമ്മാറുബ്‌നു യാസിര്‍, ഉത്ബതുബ്‌നു മസ്ഊദ്, ഉത്ബതുബ്‌നു ഗസ്‌വാന്‍, അബൂഹുറയ്‌റഃ, അബുദ്ദര്‍ദാഅ് തുടങ്ങിയവരൊക്കെ സച്ചരിതരായ ഖലീഫഃമാരുടെ കാലത്ത് ഗവര്‍ണര്‍ സ്ഥാനമടക്കമുള്ള ഉയര്‍ന്ന പദവികള്‍ അലങ്കരിച്ച് സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അതിനാല്‍, പില്‍ക്കാലത്ത് അറിയപ്പെട്ട വിധമുള്ള തസ്വവ്വുഫിന് സ്വഹാബത്തില്‍ മാതൃകയുണ്ടെന്ന സ്വൂഫികളുടെ അവകാശവാദം അതിശയോക്തിപരമാണ്. 

(ii) എട്ടാം നൂറ്റാണ്ട് മുതല്‍ 11-ാം നൂറ്റാണ്ട് വരെ

ക്രി. എട്ടാം നൂറ്റാണ്ടില്‍ കൂഫഃയും ബസ്വറഃയും ഖുറാസാനുമായിരുന്നു സ്വൂഫി ചിന്തയുടെ പ്രധാന കേന്ദ്രങ്ങള്‍. ഇമാം ഹസനുല്‍ ബസ്വരി (മ. 101/720), മാലികുബ്‌നു ദീനാര്‍ (മ. 140/748), ഹബീബ് അജമി (മ. 134/752), ഇബ്‌റാഹീമുബ്‌നു അദ്ഹം (മ. 159/776), സുഫ്‌യാനുസ്സൗരി (മ. 161/778), അബ്ദുല്ലാഹിബ്‌നു മുബാറക് (മ. 88/707), റാബിഅതുല്‍ അദവിയ്യഃ അല്‍ബസ്വരിയ്യഃ (മ. 184/801) തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രശസ്തരായ സ്വൂഫിവര്യന്മാര്‍. സുഹ്ഹാദുകളില്‍നിന്ന്  സ്വൂഫികളിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. 

ഇമാം ഹസനുല്‍ ബസ്വരി സ്വൂഫി എന്നതിനുപുറമെ പ്രഗത്ഭ മതപണ്ഡിതനും ദൈവശാസ്ത്രകാരനും കൂടിയായിരുന്നു. ഭക്തിയും (തഖ്‌വ) ഭയവു(ഖൗഫ്)മായിരുന്നു അദ്ദേഹത്തില്‍ ഏറെ നിറഞ്ഞുനിന്നിരുന്ന ആത്മീയ ഭാവങ്ങള്‍. ബല്‍ഖിലെ രാജകുമാരനായിരുന്ന ഇബ്‌റാഹീമുബ്‌നു അദ്ഹം കൊട്ടാരത്തിലെ സുഖസമൃദ്ധികള്‍ വലിച്ചെറിഞ്ഞാണ് ഫഖീറിന്റെ ജീവിതം തെരഞ്ഞെടുത്തത്. സ്വൂഫി മാര്‍ഗത്തിലെ ബ്രഹ്‌മചര്യാ സമ്പ്രദായത്തിന് തുടക്കംകുറിച്ചത് അദ്ദേഹമാണ്. കൂലിപ്പണി ചെയ്താണ് അദ്ദേഹം ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. സായുധ യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന അദ്ദേഹം ബൈസാന്റിയര്‍ക്കെതിരെയുള്ള ഒരു യുദ്ധത്തില്‍ വധിക്കപ്പെടുകയായിരുന്നു. ഹസന്‍ ബസ്വരിയെപ്പോലെ സുഫ്‌യാനുസ്സൗരിയും അറിയപ്പെട്ട കര്‍മകാസ്ത്ര-ഹദീസ് പണ്ഡിതനായിരുന്നു. അബ്ബാസി ഭരണകൂടം വാഗ്ദാനംചെയ്ത സമുന്നതപദവി നിരസിച്ചതിന്റെ പേരില്‍ വളരെയധികം കഷ്ടനഷ്ടങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവരുകയുണ്ടായി. ആദ്യത്തെ സ്വൂഫി വനിതയായി അറിയപ്പെടുന്ന റാബിഅതുല്‍ അദവിയ്യഃ അല്‍ബസ്വരിയ്യഃ നിഷ്‌കാമ സ്‌നേഹം എന്ന സ്വൂഫി പരികല്‍പനയുടെ ഉപജ്ഞാതാവാണ്. യഥാര്‍ഥ ദൈവസ്‌നേഹത്തിനു മുന്നില്‍ സ്വര്‍ഗമോഹവും നരകഭയവും മറയായിത്തീരരുതെന്നതാണ് നിഷ്‌കാമ സ്‌നേഹസങ്കല്‍പം. നരകത്തെ വെള്ളമൊഴിച്ച് കെടുത്തിയും സ്വര്‍ഗത്തെ തീ കൊടുത്ത് നശിപ്പിച്ചും നിസ്വാര്‍ഥ ദൈവപ്രേമം വീണ്ടെടുക്കുന്നതിനെ സംബന്ധിച്ചുള്ള അവരുടെ ഭാവനാത്മക സങ്കല്‍പനം പ്രശസ്തമാണ്. 

ഒമ്പതാം നൂറ്റാണ്ടിലെ സ്വൂഫിചിന്ത ശ്രദ്ധേയമാകുന്നത് സിദ്ധാന്തങ്ങളുടെ രൂപവത്കരണവും പ്രചാരണവും കൊണ്ടാണ്. ഫുദൈലുബ്‌നു ഇയാദ് (മ. 189/805), ശഫീഖ് ബല്‍ഖി (മ. 194/810), മഅ്‌റൂഫ് കര്‍ഖി (മ. 199/815), ബിശ്‌റുബ്‌നുല്‍ ഹാരിസ് (മ. ക്രി. 841) അബൂബക്ര്‍ ശിബ്‌ലി (മ. 231/846), അഹ്‌മദുബ്‌നു ഹര്‍ബ് (മ. 234/849), ഹാരിസുബ്‌നു അസദില്‍ മുഹാസിബി (മ. 222/837), ഹാത്വിമുല്‍ അസ്വമ്മ് (മ. 237/852), ദുന്നൂനുല്‍ മിസ്വ്‌രി (മ. 246/861), അഹ്‌മദുബ്‌നു ഖുസ്‌രി (മ. 249/864), അബൂയസീദ് അല്‍ബിസ്ത്വാമി (മ. 263/877), സഹ്‌ലുബ്‌നു അബ്ദില്ലാ തുസ്തരി (മ. 282/869), അബൂ അബ്ദില്ലാ അത്തിര്‍മിദി (മ. 284/898) എന്നിവരാണ് ഇക്കാലത്തെ പ്രധാന സ്വൂഫികള്‍. 
സ്വൂഫി സിദ്ധാന്തങ്ങളില്‍ പലതും ആവിഷ്‌കൃതമായത് ഈ കാലഘട്ടത്തിലാണ്. ശഫീഖ് ബല്‍ഖിയുടെ തവക്കുലി(അര്‍പ്പണം)നെ സംബന്ധിച്ച സിദ്ധാന്തങ്ങള്‍, ദുന്നൂനുല്‍ മിസ്‌രിയുടെ ആത്മജ്ഞാനം (അല്‍മഅ്‌രിഫഃ) സംബന്ധിച്ച സിദ്ധാന്തങ്ങള്‍, അബൂയസീദ് ബിസ്ത്വാമിയുടെ ഫനാ (നിര്‍വാണം)- ബഖാഅ് (സ്ഥിതി) സിദ്ധാന്തങ്ങള്‍ തുടങ്ങിയവ അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ബുദ്ധമതത്തില്‍നിന്നാണ് ബിസ്ത്വാമി ഫനാഉം ബഖാഉം സ്വൂഫിസത്തിലേക്ക് പകര്‍ത്തിയത്. അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുകയും പ്രാണായാമം പോലുള്ള യോഗവിദ്യകളില്‍ പരിശീലനം നേടുകയും ചെയ്തിരുന്നുവത്രെ (ഹിസ്റ്ററി ഓഫ് മുസ്‌ലിം ഫിലോസഫി- ഏര്‍ലി സ്വൂഫീസ്).

ഹാരിസ് അല്‍മുഹാസിബി ദാര്‍ശനിക സ്വൂഫിസത്തിന്റെ പ്രോദ്ഘാടകനാണ്. അദ്ദേഹത്തിന്റെ രിആയഃ ലിഹുഖൂഖില്ലാഹി എന്ന ഗ്രന്ഥമാണ് സ്വൂഫി തത്ത്വചിന്തക്ക് അടിത്തറ പാകിയത്. മഖാം (സ്ഥാനം), ഹാല്‍ (അവസ്ഥ) എന്നിവക്ക് നല്‍കിയ വിശദീകരണമാണ് സ്വൂഫി ചിന്തക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവനകളായി പരിഗണിക്കപ്പെടുന്നത്. സാധകന്‍ നിരന്തരമായ പരിശ്രമത്തിലൂടെ എത്തിച്ചേരുന്ന സ്ഥാനമാണ് മഖാം എന്നും, ഹാല്‍ എന്നത് ദൈവം അവന്റെ ഔദാര്യത്താല്‍ സാധകന്ന് നല്‍കുന്നതാണെന്നും അദ്ദേഹം നിര്‍വചിച്ചു. അഥവാ ഒന്നാമത്തേത് ആര്‍ജിതവും രണ്ടാമത്തേത് സിദ്ധവുമാണ്. തൃപ്തി (രിദാ)യെ ഹാലിലാണ് മുഹാസിബി ഉള്‍പ്പെടുത്തിയത്. കാരണം, ദൈവത്തിന്റെ സമ്മാനമായി ലഭിക്കുന്നതാണത്. മറ്റു സ്വൂഫികള്‍ ദാരിദ്ര്യ(ഫഖ്ര്‍)ത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ മുഹാസിബി സമ്പന്നത(ഗിനാ)ക്കാണ് പ്രാധാന്യം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. ഗിനാ ദൈവത്തിന്റെ ഒരു ഗുണമാണെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ദാരിദ്ര്യം (ഫഖ്ര്‍) ദൈവത്തോട് ചേര്‍ത്തുപറയാന്‍ പറ്റാത്ത ഗുണമാണ്. ദൈവത്തോടും മനുഷ്യനോടും ചേര്‍ത്തുപറയാവുന്ന ഗുണമാണ് ഏറ്റവും മികച്ച ഗുണം. സഹ്‌ലുബ്‌നു അബ്ദില്ലാ തുസ്തരി വിശുദ്ധ ഖുര്‍ആന്ന് സ്വൂഫി വീക്ഷണകോണില്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളോട് കണിശമായും പൊരുത്തപ്പെടുന്നതാണ് സ്വൂഫി അധ്യാപനങ്ങളെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. നിരവധി കൃതികളിലൂടെ സ്വൂഫി ചിന്താധാരയുടെ മനശ്ശാസ്ത്ര വശങ്ങള്‍ വിവരിച്ചതാണ് അബ്ദുല്ലാഹിത്തിര്‍മിദിയുടെ സംഭാവന. 

ക്രി. 10-ാം നൂറ്റാണ്ടിലെ സ്വൂഫികളില്‍ പ്രമുഖരായി ഗണിക്കപ്പെടുന്നത് ഇബ്‌റാഹീം അല്‍ഖവ്വാസ് (മ. 291/904), അബുല്‍ഹസന്‍ അന്നൂരി (മ. 296/908), ജുനൈദുല്‍ ബഗ്ദാദി (മ. 298/910), അംറുബ്‌നു ഉസ്മാന്‍ (മ. 298/910), മന്‍സ്വൂറുല്‍ ഹല്ലാജ് (മ. 309/922), സംനൂന്‍ (മ. 315/928), അര്‍റൂദ്ബാരി (മ. 369/980), അബൂനസ്വ്ര്‍ അസ്സര്‍റാജ് (മ. 377/988), അബൂബക്‌രില്‍ കലാബാദി (മ. 384/995), അബൂത്വാലിബില്‍ മക്കി (മ. 386/966) എന്നിവരാണ്. 
എല്ലാവിഭാഗം സ്വൂഫികളും ഗുരുവായി അംഗീകരിക്കുന്ന ആചാര്യനാണ് ശൈഖ് ജുനൈദ് അല്‍ബഗ്ദാദി. ദൈവശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും മറ്റു വിജ്ഞാന ശാഖകളിലുമെല്ലാം അഗാധജ്ഞനായിരുന്നു അദ്ദേഹം. ഉന്മാദാവസ്ഥ(സുക്ര്‍)യേക്കാള്‍ സുബോധാവസ്ഥ (സ്വഹ്‌വ്)ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഉന്മാദാവസ്ഥ ആത്മബോധവും ആത്മനിയന്ത്രണവും നഷ്ടപ്പെടുത്തുമെന്നതിനാല്‍ അത് തിന്മയാണെന്ന് അദ്ദേഹം വാദിച്ചു. ഈ വിഷയത്തില്‍ ഹല്ലാജിന്റെ വിപരീത ദിശയിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹല്ലാജിന്റെ വീക്ഷണത്തില്‍ ഉന്മാദാവസ്ഥയാണ് ഏറ്റവും ഉത്കൃഷ്ടമായത്. ഇവ്വിഷയകമായി അവര്‍ക്കിടയില്‍ നടന്ന സംവാദം പ്രസിദ്ധമാണ്. വലതുകൈയില്‍ ഖുര്‍ആനും ഇടതുകൈയില്‍ നബിചര്യയും മുറുകെപ്പിടിച്ചുകൊണ്ടല്ലാതെ ആര്‍ക്കും ആത്മീയപാത(ത്വരീഖഃ)യില്‍ പുരോഗതി നേടാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വൂഫികളെപ്പോലെ രോമവസ്ത്രം ധരിച്ചു നടക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പകരം പണ്ഡിതന്മാരുടെ വേഷമാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഖുര്‍ആനിലൂടെ വെളിപ്പെട്ടതും പ്രവാചകജീവിതത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടതുമായ ജ്ഞാനമാണ് യഥാര്‍ഥ ജ്ഞാനം (മഅ്‌രിഫഃ) എന്ന് അദ്ദേഹം പറഞ്ഞു. ഒരേസമയം സ്വൂഫികള്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കുമിടയില്‍ ആദരവും സ്വീകാര്യതയും നേടാന്‍ തന്റെ ഇത്തരം നിലപാടിലൂടെ ശൈഖ് ജുനൈദിന് സാധിക്കുകയുണ്ടായി. 

സ്വൂഫി ചിന്താധാരയിലെ വിവാദ വ്യക്തിത്വമാണ് മന്‍സ്വൂര്‍ അല്‍ഹല്ലാജ്. സുബോധാവസ്ഥക്കു പകരം ഉന്മാദാവസ്ഥക്കാണ് അദ്ദേഹം പ്രാമുഖ്യം കല്‍പിച്ചത്. തന്റെ വെളിപാടുകളും വിശ്വാസങ്ങളും സാധാരണക്കാര്‍ക്കിടയില്‍ പരസ്യപ്രബോധനം നടത്തുകവഴി ധാരാളം എതിര്‍പ്പുകളെയും ദുരിതങ്ങളെയും അദ്ദേഹം ക്ഷണിച്ചുവരുത്തി. 'അനല്‍ഹഖ്' (ഞാനാണ് പരമസത്യം) എന്ന പ്രഖ്യാപനം ദീര്‍ഘകാലത്തെ ജയില്‍വാസവും അവസാനം ദാരുണമായ വധശിക്ഷയും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഹല്ലാജ് വധിക്കപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഖറാമിത്വഃ പോലുള്ള പിഴച്ച പ്രസ്ഥാനങ്ങളുമായി അദ്ദേഹത്തിനുെണ്ടന്ന് പറയപ്പെട്ട ബന്ധവും അദ്ദേഹത്തിനെതിരായ ശിക്ഷാനടപടികള്‍ക്ക് കാരണമായി. കവിതയായും ഗദ്യമായും നിരവധി ഗ്രന്ഥങ്ങള്‍ ഹല്ലാജ് രചിച്ചിട്ടുണ്ട്. ബഗ്ദാദിലും പരിസരപ്രദേശങ്ങളിലുമായി അദ്ദേഹത്തിന്റെ 50-ഓളം കൃതികള്‍ തനിക്ക് കാണാന്‍ കഴിഞ്ഞതായി ശൈഖ് ഹുജ്‌വീരി കശ്ഫുല്‍ മഹ്ജൂബില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഗൂഢാര്‍ഥപ്രധാനമായ അദ്ദേഹത്തിന്റെ വരികള്‍ പ്രത്യക്ഷാര്‍ഥത്തില്‍ എടുത്തതാണ് പലരും അദ്ദേഹത്തെ അവിശ്വാസിയായി പരിഗണിക്കാന്‍ ഇടയായതെന്ന് പറയപ്പെടുന്നു. പൊതുവെ മൂന്നു തരത്തിലുള്ള നിലപാടുകളാണ് പണ്ഡിതന്മാരും മറ്റു സ്വൂഫികളും ഹല്ലാജിനോട് സ്വീകരിച്ചിട്ടുള്ളതെന്ന് ഹുജ്‌വീരി പറയുന്നു. ഒരുകൂട്ടര്‍ അദ്ദേഹത്തെ അംഗീകരിച്ചു. മറ്റൊരു കൂട്ടര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. മൂന്നാമതൊരു കൂട്ടര്‍ മൗനം പാലിച്ചു. ഇന്നും ഹല്ലാജിനെക്കുറിച്ചുള്ള ഈ തര്‍ക്കം അവസാനിച്ചിട്ടില്ലെന്നതാണ് വാസ്തവം. 11-ാം നൂറ്റാണ്ടില്‍ അബൂ അബ്ദിര്‍റഹ്‌മാനിസ്സുലമി (മ. 411/1021), അബുല്‍ഹസനില്‍ ഖര്‍ഖാനി (മ. 429/1038), അബൂനുഐമില്‍ ഇസ്വ്ഫഹാനി (മ. 429/1038), അബൂസഈദിബ്‌നു അബില്‍ ഖൈര്‍ (മ. 431/1040), അബുല്‍ഖാസിമില്‍ ഖുശൈരി (മ. 464/1072), അബുല്‍ഖാസിമില്‍ ജുര്‍ജാനി (മ. 468/1076), അബ്ദുല്ലാഹില്‍ അന്‍സ്വാരി (മ. 480/1088), അലിയ്യുല്‍ ഹുജ്‌വീരി, അബൂബക്‌രിന്നസ്സാജ് (മ. 486/1094) തുടങ്ങിയവരാണ് സ്വൂഫി പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത്. 

വിശുദ്ധ ഖുര്‍ആന്ന് സ്വൂഫിവ്യാഖ്യാനം രചിച്ച അബൂ അബ്ദിര്‍റഹ്‌മാനിസ്സുലമി ത്വബഖാതുസ്സ്വൂഫിയ്യഃ എന്ന പേരില്‍ സ്വൂഫികളുടെ ബൃഹത്തായ ജീവചരിത്രകൃതിയും രചിച്ചിട്ടുണ്ട്. അബൂനുഐമില്‍ ഇസ്വ്ഫഹാനിയും 10 വാല്യത്തിലുള്ള വിപുലമായ ഒരു സ്വൂഫി ജീവചരിത്രകൃതിയുടെ രചയിതാവാണ്-ഹില്‍യതുല്‍ ഔലിയാഅ്. അര്‍രിസാലതുല്‍ ഖുശൈരിയ്യഃ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ശൈഖ് അബുല്‍ഖാസിം അല്‍ഖുശൈരി. ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ് എന്ന കൃതി ആദ്യകാല സ്വൂഫിമാര്‍ഗത്തെ സംബന്ധിച്ച മറ്റൊരു ആധികാരിക ഗ്രന്ഥമാണ്. ഖുശൈരി, ഹുജ്‌വീരി, ഇസ്വ്ഫഹാനി തുടങ്ങിയവരെല്ലാം തസ്വവ്വുഫിനെ വ്യതിയാനങ്ങളില്‍നിന്ന് മുക്തമാക്കി ഇസ്‌ലാമിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചവരാണ്. 11-ാം നൂറ്റാണ്ടായപ്പോഴേക്കും സ്വൂഫി ചിന്താധാരയില്‍ കടന്നുകൂടിയ സൈദ്ധാന്തികവും ആചാരപരവുമായ അനേകം വ്യതിചലനങ്ങളെക്കുറിച്ച് ഇവരുടെ കൃതികളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. 
11-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തസ്വവ്വുഫ് ഒരു വ്യവസ്ഥാപിത വിജ്ഞാനശാഖയായി മാറി. അതിന്റെ ലക്ഷ്യവും സിദ്ധാന്തങ്ങളും വിശദീകരിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക നാമങ്ങള്‍ ഉടലെടുക്കുകയും അവയുടെ അര്‍ഥവും വിവക്ഷയും നിര്‍വചിക്കപ്പെടുകയും ചെയ്തു. തസ്വവ്വുഫിലെ പല ചിന്താസരണികളും രൂപംകൊണ്ടത് ഈ കാലഘട്ടത്തിലാണ്. കശ്ഫുല്‍ മഹ്ജൂബിന്റെ കര്‍ത്താവ് അലിയ്യുല്‍ ഹുജ്‌വീരി (ദാദാ ഗഞ്ച് ബഖ്ശ്) അത്തരം 12 ചിന്താസരണികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. 

(iii) ഗസാലിയും ജീലാനിയും 

ക്രി. 12-ാം നൂറ്റാണ്ട് തസ്വവ്വുഫിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രഗത്ഭരായ രണ്ട് മഹാന്മാര്‍ക്ക് ജന്മംനല്‍കുകയുണ്ടായി. ഇമാം അബൂഹാമിദില്‍ ഗസാലിയും ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനിയുമാണവര്‍. ചെറുപ്പത്തിലേ നിളാമിയ്യഃ സര്‍വകലാശാലയില്‍ ശരീഅത്ത് അധ്യാപകനായിരുന്ന ഇമാം ഗസാലി ജീവിതത്തിന്റെ അവസാനകാലത്താണ് തസ്വവ്വുഫിലേക്ക് തിരിഞ്ഞത്. തന്റെ സുദീര്‍ഘമായ സത്യാന്വേഷണ യാത്രയിലെ അനുഭവങ്ങളെ അല്‍മുന്‍ഖിദു മിനദ്ദലാല്‍ എന്ന ആത്മകഥാപരമായ കൃതിയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇഹ്‌യാഉ ഉലൂമിദ്ദീന്‍ എന്ന ബൃഹദ്ഗ്രന്ഥത്തിലാണ് തസ്വവ്വുഫ്പരമായ തന്റെ കാഴ്ചപ്പാടുകള്‍ ഗസാലി സവിസ്തരം പ്രതിപാദിച്ചിട്ടുള്ളത്. കീമിയാ സആദഃ, മിശ്കാതുല്‍ അന്‍വാര്‍ തുടങ്ങി സ്വൂഫിചിന്തയുമായി ബന്ധപ്പെട്ട വേറെയും കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നതിന്റെയും പിന്‍ബലം നല്‍കി സ്വൂഫി വിശ്വാസാചാരങ്ങളെ സുഭദ്രമാക്കുന്നതില്‍ ഇമാം ഗസാലി വഹിച്ച പങ്ക് നിസ്സീമമാണ്. ഇസ്‌ലാമിന്റെ ആന്തരാത്മാവായി തസ്വവ്വുഫിനെ അദ്ദേഹം കണ്ടു. സ്വൂഫിമാര്‍ഗത്തിലൂടെ മാത്രമേ പരമാര്‍ഥ ജ്ഞാനത്തില്‍ എത്തിച്ചേരാനാവൂ എന്നദ്ദേഹം സിദ്ധാന്തിച്ചു. തസ്വവ്വുഫില്‍ സ്വന്തമായ സിദ്ധാന്തങ്ങളോ ആചാരക്രമങ്ങളോ ഒന്നും ആവിഷ്‌കരിക്കുകയുണ്ടായില്ലെങ്കിലും ഇസ്‌ലാമിക സമൂഹത്തില്‍ സ്വൂഫിചിന്തക്ക് വ്യാപകമായ ജനകീയ സ്വീകാര്യത നേടിക്കൊടുത്തതില്‍ ഗസാലി വഹിച്ച പങ്ക് അനിഷേധ്യമാണ്. 

ഇമാം ഗസാലിയുടെ സേവനം വൈജ്ഞാനിക മേഖലയിലായിരുന്നെങ്കില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(മ. 561/1165)യുടേത് മുഖ്യമായും കര്‍മരംഗത്തായിരുന്നു. ഖാന്‍ഗാഹുകളിലെ ജീവിതത്തിന് വ്യവസ്ഥാപിതമായ ക്രമവും ചിട്ടയും നല്‍കിയത് അദ്ദേഹമാണ്. അദ്ദേഹത്തെ കുലഗുരുവായി അംഗീകരിക്കുന്ന ഖാദിരി തരീഖത്താണ് ഇന്നും ലോകത്തിലെ ഏറ്റവുമധികം അനുയായികളുള്ള സ്വൂഫി തരീഖത്ത്. സ്വൂഫീ ഗുരുക്കന്മാരില്‍ അത്യുന്നത സ്ഥാനീയനായ ജീലാനി ഗൗസുല്‍ അഅ്‌ളം, ഖുത്വ്ബുല്‍ അഖ്ത്വാബ് തുടങ്ങിയ സ്ഥാനപ്പേരുകളിലാണ് അറിയപ്പെടാറുള്ളത്. ഉന്നതശീര്‍ഷനായ മതപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹം ഗുന്‍യതുത്ത്വാലിബീന്‍, ഫുതൂഹുല്‍ ഗൈബ്, ഫത്ഹുര്‍റബ്ബാനി തുടങ്ങിയ വിഖ്യാതമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രഭാഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പ്രബോധന മാര്‍ഗം. പതിനായിരക്കണക്കിനാളുകള്‍ ഈ പ്രഭാഷണങ്ങളിലൂടെ മനഃപരിവര്‍ത്തിതരാവുകയും വിശ്വാസത്തിലേക്ക് തിരിച്ചുവരുകയും ചെയ്തതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

(i) പുതിയ കൈവഴികള്‍

നിരവധി സ്വൂഫി ത്വരീഖത്തുകളുടെ ആവിര്‍ഭാവംകൊണ്ടുകൂടി ശ്രദ്ധേയമാണ് 12-ാം നൂറ്റാണ്ട്. ഖാദിരിയ്യഃ ത്വരീഖത്തിനുപുറമെ, നഖ്ശബന്ദിയ്യഃ, യസ്സാവിയ്യഃ, ഖാസാനിയ്യഃ, സുഹ്‌റവര്‍ദിയ്യഃ, രിഫാഇയ്യഃ, ശാദിലിയ്യഃ തുടങ്ങിയവയാണ് ഇക്കാലത്ത് രൂപംകൊണ്ട മറ്റു പ്രധാന ത്വരീഖത്തുകള്‍. 13-ാം നൂറ്റാണ്ടില്‍ കൂടുതല്‍ ത്വരീഖത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ അജ്മീര്‍ കേന്ദ്രമാക്കി ഉയര്‍ന്നുവന്ന ചിശ്തിയ്യഃ ത്വരീഖത്താണ് അക്കൂട്ടത്തില്‍ പ്രധാനം. കുബ്‌റവിയ്യഃ, ബദവിയ്യഃ, മൗലവിയ്യഃ, റുസ്ബിനിയ്യഃ, ദസൂഖിയ്യഃ തുടങ്ങിയവയും ഇതേകാലത്ത് രൂപംകൊണ്ട ത്വരീഖത്തുകളാണ്. 

ഇബ്‌നു അറബി (മ. 637/1240), മൗലാനാ ജലാലുദ്ദീന്‍ റൂമി (മ. 671/1273) തുടങ്ങിയ മഹാന്മാരായ സ്വൂഫിദാര്‍ശനികര്‍ ജീവിച്ചിരുന്നതും 13-ാം നൂറ്റാണ്ടിലാണ്. ഇബ്‌നു അറബിയുടെ അല്‍ഫുതൂഹാതുല്‍ മക്കിയ്യഃ, ഫുസ്വൂസ്വുല്‍ ഹികം എന്നീ കൃതികള്‍ സ്വൂഫി തത്ത്വചിന്തയിലെ ക്ലാസിക് രചനകളാണ്. 'വഹ്ദതുല്‍ വുജൂദ്' എന്ന ഏകസത്താവാദത്തിന്റെ ഉപജ്ഞാതാവ് എന്ന നിലക്കാണ് ഇബ്‌നു അറബി സ്വൂഫിസത്തില്‍ ഇന്ന് അറിയപ്പെടുന്നത്. ശൈഖുല്‍ അക്ബര്‍ (മഹാഗുരു) എന്നാണ് സ്വൂഫികള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. 

മസ്‌നവി എന്ന ബൃഹത്തായ സ്വൂഫി കാവ്യകൃതിയാണ് മൗലാനാ റൂമിയെ അനശ്വരനാക്കിയത്. പരമാര്‍ഥജ്ഞാനത്തിലേക്കും ദൈവവുമായുള്ള അന്തിമവിലയത്തിലേക്കുമുള്ള സ്വൂഫിയുടെ ആത്മീയപ്രയാണത്തിന്റെ ചിത്രീകരണമാണ് മസ്‌നവിയില്‍ മനോഹരമായ കഥകളും ഗഹനമായ തത്ത്വചിന്തകളും കോര്‍ത്തിണക്കിയ ഈരടികളിലൂടെ അദ്ദേഹം വിവരിക്കുന്നത്. മൗലവിയ്യഃ സ്വൂഫി ത്വരീഖത്ത് ജലാലുദ്ദീന്‍ റൂമിയെയാണ് ഗുരുവായി അംഗീകരിക്കുന്നത്. സവിശേഷ താളത്തിലുള്ള വര്‍ത്തുള നൃത്തമാണ് മൗലവിയ്യഃ ത്വരീഖത്തിന്റെ പ്രത്യേകത. 
ഇബ്‌നുല്‍ഫരീദ് (മ. 632/1235), ഫഖ്‌റുദ്ദീന്‍ ഇറാഖി, ബുര്‍ദഃ എന്ന പ്രശസ്ത പ്രവാചക സ്തുതിഗീതത്തിന്റെ കര്‍ത്താവ് ഇമാം ബൂസീരി (മ. 603/1207) തുടങ്ങിയ സ്വൂഫികവികളും ഇതേകാലത്ത് ജീവിച്ചവരാണ്. മന്‍ത്വിഖുത്തൈ്വര്‍, തദ്കിറതുല്‍ ഔലിയാഅ് തുടങ്ങിയ പ്രശസ്ത കൃതികളുടെ കര്‍ത്താവായ ഫരീദുദ്ദീന്‍ അത്ത്വാറും (626/1229) ഈ കാലഘട്ടക്കാരനാണ്. 

14-ാം നൂറ്റാണ്ടിലെ സ്വൂഫിവര്യന്മാരില്‍ മുഹമ്മദ് ശബിസ്തരി (മ. 710/1311)യുടെ പേര് പ്രത്യേക പരാമര്‍കം അര്‍ഹിക്കുന്നു. ആദര്‍ബൈജാനിലെ തിബ്‌രീസിനടുത്തുള്ള ശബിസ്തറില്‍ ജനിച്ച അദ്ദേഹത്തിന്റെ ഗുല്‍ഷനെ റാസ് എന്ന കൃതി പ്രസിദ്ധമാണ്. വഹ്ദതുല്‍ വുജൂദ് സിദ്ധാന്തത്തിന്റെ കാവ്യാവിഷ്‌കാരമാണിത്. ഇബ്‌നു അറബി പറഞ്ഞതിനപ്പുറം പുതുതായൊന്നും ശബിസ്തരി അവതരിപ്പിക്കുന്നില്ല. വഹ്ദതുല്‍ വുജൂദ് സിദ്ധാന്തത്തെ കൂടുതല്‍ തെളിമയോടെ വിശദമാക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. 
15-ാം നൂറ്റാണ്ടില്‍ അബ്ദുല്‍ കരീം അല്‍ജീലി(767/1365-832/1428)യും അബ്ദുര്‍റഹ്‌മാന്‍ അല്‍ജാമി(817/1414-981/1492)യും മൗലിക സ്വൂഫി ചിന്തക്ക് സംഭാവനകളര്‍പ്പിച്ച് കീര്‍ത്തി നേടിയവരാണ്. ശൈഖ് ശറഫുദ്ദീനില്‍ ജബിര്‍തിയുടെ ശിഷ്യനായ ജീലി യമനിലാണ് ജീവിച്ചിരുന്നത്. അല്‍ഇന്‍സാനുല്‍ കാമില്‍ ഫീ മഅ്‌രിഫതില്‍ അവാഖിരി വല്‍അവാഇല്‍ എന്ന കൃതിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പൂര്‍ണമനുഷ്യന്‍ (അല്‍ഇന്‍സാനുല്‍ കാമില്‍) എന്ന പ്രസിദ്ധമായ ആശയ സങ്കല്‍പം ഇതിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. 
പ്രഗത്ഭ പണ്ഡിതനും കവിയുമായിരുന്ന ജാമിയുടെ ലവാഇഹ് പ്രശസ്തമാണ്. വഹ്ദതുല്‍ വുജൂദ് തന്നെയാണ് ഈ കാവ്യത്തിന്റെയും പ്രതിപാദ്യ വിഷയം. 
11 മുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകളായിരുന്നു സ്വൂഫിചിന്തയുടെ സുവര്‍ണകാലം. പ്രഗത്ഭരായ സ്വൂഫിചിന്തകരും പ്രസ്ഥാനങ്ങളുമെല്ലാം ഉടലെടുത്തത് ഈ കാലയളവിലാണ്. ഇബ്‌നു അറബി, ജലാലുദ്ദീന്‍ റൂമി, ശബിസ്തരി തുടങ്ങിയവര്‍ക്കുശേഷം സ്വൂഫിചിന്തയെ ഒരുതരം മുരടിപ്പ് ബാധിച്ചു. അബ്ദുല്‍കരീം ജീലി സര്‍ഗധനനായ അവസാനത്തെ സ്വൂഫി ചിന്തകനായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പിന്നീട് വന്നവരെല്ലാം മുന്‍ഗാമികളുടെ ചിന്തകളെ ചര്‍വിതചര്‍വണം നടത്തുകയോ അവക്ക് ടിപ്പണികള്‍ രചിക്കുകയോ മാത്രമാണ് ചെയ്തത്. ഒറ്റപ്പെട്ട ചില പ്രതിഭകള്‍ പില്‍ക്കാലത്തും ഉണ്ടായിട്ടില്ലെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ഹി. ഏഴാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ജീവിച്ച ഇബ്‌നു അത്വാഇല്ലാഹില്‍ ഇസ്‌കന്ദരി (മ. ഹി. 709) അവരിലൊരാളാണ്. അദ്ദേഹത്തിന്റെ അല്‍ഹികമുല്‍ അത്വാഇയ്യഃ എന്ന ഗ്രന്ഥം ഏറെ പ്രശസ്തമാണ്. ആധുനിക പണ്ഡിതനായ ഡോ. മുഹമ്മദ് സഈദ് റമദാന്‍ ബൂത്വി അടക്കം അനേകം പേര്‍ ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. 
(തുടരും)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top