ദേശീയത, ദേശസ്‌നേഹം, ഇസ്‌ലാം

സയ്യിദ് സആദത്തുല്ല ഹുസൈനി‌‌

ദേശീയതാ സങ്കല്‍പനത്തെക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും അവിടങ്ങളിലെ തീവ്ര വലത് പക്ഷങ്ങളും നമ്മുടെ നാട്ടിലെ അക്രമണോത്സുക ദേശീയതയുടെ വക്താക്കളും പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി നാഷ്‌നലിസത്തിന് പുതുജീവന്‍ നല്‍കുകയാണ്. ദേശീയതയെക്കുറിച്ച്, ദേശരാഷ്ട്രത്തെക്കുറിച്ച് എന്താണ് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നിലപാട് എന്ന് നാനാ ദിക്കുകളില്‍നിന്ന് ചോദ്യമുയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ദേശീയത ചരിത്രത്തിലൂടെ

ദേശീയത ഒരു ദര്‍ശനമെന്ന നിലക്ക് നവോത്ഥാനാനന്തരമുള്ള യൂറോപ്പ് ജന്മം നല്‍കിയ ഒരു ആശയമാണ്. യൂറോപ്പില്‍ വ്യാവസായിക വിപ്ലവം അരങ്ങേറുന്ന സമയത്തു തന്നെയാണ്, ചര്‍ച്ചിനും ശാസ്ത്രത്തിനും പുതിയ തത്ത്വശാസ്ത്രത്തിനുമിടക്ക് നടന്ന സംഘട്ടനത്തിന്റെ ഫലമായി ആധുനികത ജന്മമെടുക്കുന്നതും. വ്യാവസായിക വിപ്ലവം പരമ്പരാഗത ഗോത്രബന്ധങ്ങളെ ദുര്‍ബലപ്പെടുത്തി. കാര്‍ഷിക സമൂഹത്തിന്റെ സ്ഥാനത്ത് പുതിയ വ്യാവസായിക സമൂഹം രൂപംകൊള്ളാന്‍ തുടങ്ങി. അത്തരമൊരു സമൂഹത്തില്‍ ഗോത്രത്തിനോ ഗോത്രബന്ധങ്ങള്‍ക്കോ ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ഇതേ കാലത്തു തന്നെയാണ് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ജര്‍മനിയെ ആക്രമിച്ച് ജര്‍മന്‍ ഭാഷ സംസാരിക്കുന്നവരുടെ പ്രതികാര ചിന്തയെ തട്ടിയുണര്‍ത്തിയത്. സെക്യുലര്‍ ചിന്ത ശക്തിപ്പെടുകയും ചര്‍ച്ചിന്റെയും അനുബന്ധ മതസ്ഥാപനങ്ങളുടെയും പിടി അയയുകയും ചെയ്ത ഈ സന്ദര്‍ഭത്തില്‍ ക്രിസ്തുമതത്തിനും ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. ഈ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോഴാണ് യൂറോപ്പിലെ പുതിയ മനുഷ്യന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു ആശയത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇപ്പോഴത്തെ ദേശീയതാ സങ്കല്‍പം ഈ അന്വേഷണത്തിന്റെ ഫലമായി രൂപം കൊണ്ടതാണ്.

ദേശീയ സമൂഹം, ദേശീയത എന്നൊക്കെ പറയുമ്പോള്‍ മൂന്ന് വ്യത്യസ്ത അര്‍ഥങ്ങളില്‍ അവ വ്യവഹരിക്കപ്പെടുന്നുണ്ട്: ഒന്ന്, ഒരു രാഷ്ട്രത്തിലെ അംഗത്വം/പൗരത്വം നേടുക. അമേരിക്കന്‍ സമൂഹം എന്നൊക്കെ പറയും പോലെ. രണ്ട്, പൊതുവായ ഒരു ഭാഷയോ വംശമോ മതകീയ പൈതൃകമോ ഒക്കെ പങ്കുവെക്കുന്ന ഒരു ജനസമൂഹം. ഉദാഹരണത്തിന് കുര്‍ദ് സമൂഹം. അവര്‍ വ്യത്യസ്ത രാജ്യങ്ങളില്‍ ചിതറിക്കിടക്കുകയാണ്. മൂന്ന്, ദേശീയതാവാദം. അഥവാ തങ്ങളുടെ ദേശക്കാരാണ് ഉയര്‍ന്നവര്‍ എന്ന ചിന്ത. ആധുനികത ജന്മം നല്‍കിയ ദേശീയതാ സങ്കല്‍പം ഈ മൂന്ന് അര്‍ഥങ്ങളെയും സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേശീയതയുടെ ഈ പുതിയ സങ്കല്‍പത്തിന് ദേശരാഷ്ട്രം, അതിന്റെ പരമാധികാരം, ജനാധിപത്യം, സെക്യുലരിസം എന്നിവയുമായൊക്കെ ബന്ധമുണ്ട്. ഈ കാഴ്ചപ്പാടുകളെല്ലാം ചേര്‍ന്നാണ് ആധുനികതയുടെ രാഷ്ട്രീയ ദര്‍ശനത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ദര്‍ശനത്തിന്റെ സാരാംശം ഇങ്ങനെ സംക്ഷേപിക്കാം:

  •  വ്യക്തികള്‍ സംഘം ചേരുന്നതിന്റെയും ഒരു സമൂഹമായി രൂപാന്തരപ്പെടുന്നതിന്റെയും സ്വാഭാവികവും പ്രകൃതിപരവുമായ അടിസ്ഥാനം വ്യക്തിയുടെ ദേശത്വമോ വംശമോ ആണ്. ഒരു വംശത്തിലെ വ്യക്തികള്‍ തമ്മില്‍ പരസ്പരം അടുപ്പം തോന്നും എന്നതിനാല്‍, അവരെ ചേര്‍ത്താണ് ഒരു സമൂഹത്തിന് അടിത്തറയിടേണ്ടത്.
  •  ഓരോ വംശീയ സമൂഹ(Ethno-Nation)ത്തിനും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വമുണ്ട്. അതിന് അതിന്റെ സാമൂഹിക വ്യവഹാരങ്ങള്‍ വളരെ സ്വതന്ത്രമായി നടത്തിക്കൊണ്ടുപോകാനുള്ള അവകാശമുണ്ട്.
  •  ഓരോ സമൂഹത്തിനും തങ്ങളുടെ സാമൂഹിക വ്യവഹാരങ്ങള്‍ സ്വന്തം തൃപ്തിക്കനുസരിച്ച് നടത്തിക്കൊണ്ടുപോകാനുള്ള അവകാശമുണ്ട്. അതിലെ വ്യക്തികള്‍ സ്വയംനിര്‍ണയാവകാശം ഉള്ളവരാണെന്നര്‍ഥം. അവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല.
  •  ഓരോ സമൂഹവും തങ്ങളുടെ വ്യവഹാരങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഒരു രാഷ്ട്ര സംവിധാനത്തിന് രൂപം നല്‍കും. പൊതുജനാഭിപ്രായത്തിന്റെ, അഥവാ ജനാധിപത്യത്തിന്റെ അടിത്തറയിലായിരിക്കും അത് നിലവില്‍വരിക.

ദേശീയതയുടെ ദര്‍ശനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചവരിലൊരാളായ അലക്‌സാണ്ടര്‍ മോട്ടില്‍ (Alexander Motyl), ഒരു പുതിയ ദേശീയ സമൂഹത്തിന്റെ നിര്‍മിതിക്ക് താഴെപ്പറയുന്ന അടിസ്ഥാനങ്ങള്‍ നിര്‍ബന്ധമാണെന്ന് സമര്‍ഥിക്കുന്നു:1
1) സാമ്പത്തികമായ സ്വയംപര്യാപ്തത. തങ്ങളുടെ സകല ആവശ്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന സമൂഹമാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പരമാധികാരം (Sovereignty) സംരക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ രാഷ്ട്രത്തിന്റെ പ്രധാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത് ബാഹ്യശക്തികളാലല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.
2) ശക്തമായ ഒരു കേന്ദ്ര അതോറിറ്റി ഉണ്ടാകണം.
3) ഒരു പൊതു ഭാഷ ഉണ്ടായിരിക്കണം.
ഈ അടിസ്ഥാനങ്ങളില്‍ യൂറോപ്പില്‍ വ്യത്യസ്ത ദേശീയ സമൂഹങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍, സാമ്പത്തികമായും വ്യാവസായികമായും സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആ ദേശരാഷ്ട്രങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളെ കോളനികളാക്കാനും അവിടങ്ങളിലെ സമ്പത്ത് കൊള്ളയടിക്കാനും തുടങ്ങി. യൂറോപ്യന്‍ ദേശീയ സമൂഹങ്ങള്‍ തമ്മില്‍ താല്‍പര്യ സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴാകട്ടെ, ദേശീയത അതിന്റെ തീവ്രരൂപം ആര്‍ജിക്കുകയും ചെയ്തു. അതിനെയാണ് സമഗ്രാധിപത്യ ദേശീയത (Integral Nationalism) എന്നോ ഫാഷിസം എന്നോ പറയുക.

സമഗ്രാധിപത്യ ദേശീയതയുടെ പ്രത്യേകതകള്‍
എന്താണ് സമഗ്രാധിപത്യ ദേശീയത? അതിനെ അതിന്റെ ദാര്‍ശനികവും കര്‍മപരവുമായ പ്രത്യേകതകള്‍ മുന്‍നിര്‍ത്തി മനസ്സിലാക്കാന്‍ ശ്രമിക്കാം:
1) വ്യക്തിക്കെതിരെ സമൂഹത്തിന് അമിത പ്രാധാന്യം നല്‍കുന്നു. ഇത് സന്തുലിതത്വത്തെ താളം തെറ്റിക്കുന്നു. ദേശീയ താല്‍പര്യം, ദേശസുരക്ഷ, ദേശാഭിമാനം പോലുള്ളവയായിരിക്കും അവിടെ ഇഷ്ട വിഷയങ്ങള്‍. ഇത്തരം ലക്ഷ്യങ്ങള്‍ക്കായി പലപ്പോഴും വ്യക്തികളുടെ താല്‍പര്യങ്ങള്‍ (വ്യക്തിപരമായ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ പോലുള്ളവ) ബലികഴിക്കപ്പെടും; അവക്ക് ഒരു പരിഗണനയും ലഭിച്ചെന്നു വരില്ല. ഈ ദേശീയതയെ വ്യക്തിവിരുദ്ധം (Anti-Individualistic) എന്ന് വിശേഷിപ്പിക്കാം.
2. ദേശീയ താല്‍പര്യങ്ങളുടെ സംരക്ഷണമേറ്റെടുക്കുന്നതും അവയുടെ കൊടി പാറിക്കുന്നതും രാഷ്ട്രമായിരിക്കും എന്നതിനാല്‍ രാഷ്ട്രത്തിന് അസാധാരണമായ പ്രാധാന്യം കൈവരുന്നു. ജനതാല്‍പ്പര്യങ്ങളെ മാരകമായി ക്ഷതപ്പെടുത്തുന്ന ഒരു സ്വേഛാധിപത്യ ഭരണകൂടമായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം.
3. ഈ സ്വേഛാധിപത്യത്തെ നിലനിര്‍ത്താന്‍, ദേശതാല്‍പര്യങ്ങളുടെ പേരില്‍ ദേശീയ വികാരം കത്തിച്ചു നിര്‍ത്താന്‍ ശ്രമമുണ്ടാകും. ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠ ജനത നമ്മളാണെന്നും നമ്മുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലുമാണ് ലോകം നിയന്ത്രിക്കപ്പെടേണ്ടതെന്നും പ്രചാരണങ്ങള്‍ അഴിച്ചുവിടും.
4. ഈ തീവ്രദേശീയതക്ക് എപ്പോഴും ഒരു ശത്രുവിനെ ആവശ്യമായി വരും. ജനത്തെ ഒപ്പം നിര്‍ത്താന്‍ സ്വദേശത്തും വിദേശത്തും അവര്‍ ശത്രുവിനെ തെരഞ്ഞുകൊണ്ടിരിക്കും. ആ ശത്രുവിനെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യും.
5. ചരിത്രമാണ് ഈ ദേശീയതയുടെ കൈയിലെ ഏറ്റവും മാരകമായ ആയുധം. ചരിത്രത്തിന് തങ്ങള്‍ക്ക് തോന്നുംപോലെ ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ച് അവര്‍ ദേശീയ വികാരം ആളിക്കത്തിക്കും. ഒപ്പം പ്രതിയോഗികള്‍ക്കെതിരെ മാരകവിഷം തുപ്പിക്കൊണ്ടുമിരിക്കും.
6. ചരിത്രത്തിലെ യഥാര്‍ഥമോ കെട്ടിച്ചമച്ചതോ ആയ യുഗങ്ങളെ മുമ്പില്‍ കൊണ്ടുവന്ന് നിര്‍ത്തി പഴയ പാരമ്പര്യങ്ങളെ ഉയിര്‍പ്പിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കും. ചരിത്രത്തിലെ ചില അടയാളങ്ങളിലേക്ക് ജനങ്ങളെ അടുപ്പിച്ചു നിര്‍ത്തും.
7. ഇത്തരം അടയാളങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും വിശ്വാസ പദവി നല്‍കി തീവ്രദേശീയതയെ ഒരു പുതിയ മതമായിട്ട് തന്നെയായിരിക്കും അവതരിപ്പിക്കുക. മതങ്ങള്‍ അവയുടെ ചിഹ്നങ്ങള്‍ക്ക് നല്‍കുന്ന പരിപാവനതയും പ്രാധാന്യവും ദേശീയമെന്ന് വ്യവഹരിക്കപ്പെടുന്ന ഈ ചിഹ്നങ്ങള്‍ക്കും കൈവരും.
8. സംസ്‌കാരം, രാഷ്ട്രം, ഭയം, രോഷം, ശ്രേഷ്ഠരാണെന്ന ബോധം, പീഡിപ്പിക്കപ്പെടുന്നുവെന്ന ധാരണ- ഈ ആറ് കാര്യങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട്, സാമൂഹിക ഉന്മാദം (Mass Hysteria) എന്ന മാനസിക നിലയിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നു.

മേല്‍പ്പറഞ്ഞ അടിസ്ഥാനങ്ങളില്‍ ഊന്നിക്കൊണ്ടാണ് ഇറ്റലിയില്‍ ഫാഷിസവും ജര്‍മനിയില്‍ നാസിസവും ഉദയം കൊണ്ടത്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളിലും ഇത്തരം തീവ്രദേശീയ വിഭാഗങ്ങള്‍ കരുത്തു നേടിയിരുന്നു. ഈ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് നമ്മുടെ നാട്ടിലും ഇത്തരം വലതുപക്ഷ തീവ്രദേശീയ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടിരുന്നു. പക്ഷേ, യൂറോപ്പില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് വലിയ തകര്‍ച്ചയുണ്ടായി. ജര്‍മനിയിലെ ഹിറ്റ്‌ലറും ഇറ്റലിയിലെ മുസ്സോളിനിയും ലോകത്ത് വലിയ നാശമാണ് വിതച്ചത്. ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ക്ക് ഈ തീവ്രദേശീയത ഒരു കാരണമായിത്തീര്‍ന്നു എന്നതിനാല്‍ ലോകാഭിപ്രായത്തെ അത് സ്വാധീനിച്ചു. തീവ്രദേശീയത അത്യന്തം വിനാശകരമാണെന്ന പൊതുബോധം ലോകമെമ്പാടും സൃഷ്ടിക്കപ്പെട്ടു. വംശീയതയും ഫാഷിസവും സകലരുടെയും വെറുപ്പിനു പാത്രമായി.

ദേശീയതയുടെ പുതിയ ആവശ്യങ്ങള്‍
ഫാഷിസത്തിന്റെ തേരോട്ടം സകല ആത്യന്തിക ദേശീയവാദങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചപ്പോള്‍ ദേശീയതയെക്കുറിച്ച കാഴ്ചപ്പാടുകളും അതിവേഗം മാറാന്‍ തുടങ്ങി. അക്കാലത്ത് യൂറോപ്പില്‍ ദേശീയതക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച പ്രമുഖരിലൊരാളാണ് പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനായ പ്രഫസര്‍ ആര്‍നോള്‍ഡ് ടോയന്‍ബി. പന്ത്രണ്ട് വാള്യത്തിലുള്ള അദ്ദേഹത്തിന്റെ 'ചരിത്രത്തെക്കുറിച്ച് ഒരു പഠനം' (A Study of History)  എന്ന കൃതിയില്‍, സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ഉത്ഥാന പതനങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചിട്ടുണ്ട്.

നാഗരികതകള്‍ തകര്‍ന്നു വീഴുന്നതില്‍ ദേശീയത വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ വിഷയത്തില്‍ ടോയന്‍ബിയുടെ വീക്ഷണം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ സംഗ്രഹിച്ചെഴുതുന്നു: ''നാഗരികതകള്‍ തകരുന്നത് അവക്ക് നേതൃത്വം കൊടുക്കുന്നവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നത് നിര്‍ത്തുമ്പോഴാണ്. അങ്ങനെ ദേശീയത, സൈനികാധിപത്യം, സ്വേഛാധിപത്യ ന്യൂനപക്ഷത്തിന്റെ പീഡനം എന്നിവ കാരണമായി നാഗരികത മുങ്ങിത്താഴും.''2

അക്കാലത്ത് ടോയന്‍ബി തന്റെയൊരു പ്രഭാഷണത്തില്‍ യൂറോപ്യന്‍ സമൂഹങ്ങള്‍ക്കും അവരുടെ ദേശീയതകള്‍ക്കുമെതിരെ അതിശക്തമായ വിമര്‍ശനം അഴിച്ചുവിടുന്നുണ്ട്. ആ പ്രഭാഷണത്തില്‍ 'യൂറോപ്പ് യൂറോപ്പിനെ തന്നെ കുള്ളനാക്കുന്നു' (The Dwarfing of Europe) എന്ന, പില്‍ക്കാലത്ത് വളരെ പ്രചാരം നേടിയ പ്രയോഗത്തിലൂടെ യൂറോപ്പിന്റെ ദേശീയതയിലുള്ള അമിത ഊന്നലിനെയാണ് അദ്ദേഹം വിചാരണ ചെയ്യുന്നത്. മറ്റുള്ള സമൂഹങ്ങള്‍ യൂറോപ്യന്‍ സംസ്‌കാരത്തില്‍നിന്ന് പല മൂല്യങ്ങളും സ്വീകരിച്ച് വ്യവസായവല്‍ക്കരിക്കപ്പെടുകയും ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും അങ്ങനെ ആഗോള ശക്തികളായി മാറുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ (റഷ്യ ഉദാഹരണം) യൂറോപ്പ് 'പാരമ്പര്യത്തിന്റെ ചേതനയറ്റ ഭാര'വും പേറി സ്വയം നശിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.3 ദേശീയതയാണ് അദ്ദേഹമിവിടെ പ്രശ്‌നവല്‍ക്കരിക്കുന്നത്.

ടോയന്‍ബിയുടെയും അതു പോലുള്ള ചിന്തകന്മാരുടെയും ഈ വിമര്‍ശനങ്ങളും വിശകലനങ്ങളും പാശ്ചാത്യ നയവിശാരദരെ അഗാധമായി സ്വാധീനിച്ചു. രണ്ടാം ലോകയുദ്ധാനന്തരം മികച്ച വ്യവസായവത്കൃത രാജ്യമായി ഉയര്‍ന്നു വന്നത് അമേരിക്കയാണ്. വ്യവസായവല്‍ക്കരണത്തിന്റെ വര്‍ധിച്ച ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വളരെ കൂടുതല്‍ വിദേശ മനുഷ്യവിഭവം അവര്‍ക്ക് വേണ്ടിയിരുന്നു. അങ്ങനെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് വലിയ കുടിയേറ്റങ്ങളുണ്ടായത്. വിവിധ വംശീയതകളെയും വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ആധുനിക അമേരിക്കന്‍ സംസ്‌കൃതി രൂപം കൊള്ളുകയും ചെയ്തു. ഈയൊരു പ്രക്രിയയില്‍ യൂറോപ്പും പങ്കാളിത്തം വഹിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടനിലേക്കും പിന്നീട് മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം നേടിയവരുടെ കുടിയേറ്റമുണ്ടായി.
ഇങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മുഴുവന്‍ വികസിത രാജ്യങ്ങളിലും ഉണ്ടായി വന്നത് ബഹുസ്വര, ബഹുവംശീയ സമൂഹങ്ങളാണ്. അടിമുടി മാറിയ ഈ സാമൂഹിക, സാമ്പത്തിക ഘടനയിലേക്ക് ദേശീയതയുടെ പഴയ സങ്കല്‍പത്തെ ചേര്‍ത്തുവെക്കാന്‍ കഴിയുമായിരുന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ തടുക്കാനാവാത്ത കുതിച്ചൊഴുക്ക് കൂടിയപ്പോള്‍, ദേശീയതയെക്കുറിച്ച പഴയ കാഴ്ചപ്പാട് പ്രയോഗ തലത്തില്‍ അപ്പടി കാലഹരണപ്പെട്ടതായി കാണാം. അലക്‌സാണ്ടര്‍ മോട്ടില്‍ എടുത്തുപറഞ്ഞ ദേശീയതയുടെ മൂന്ന് പ്രത്യേകതകള്‍ വളരെക്കുറഞ്ഞ നാടുകളിലേ നിലനില്‍ക്കുന്നുള്ളൂ. ഇന്ന് ഓരോ രാഷ്ട്രത്തിന്റെയും സമ്പദ് ഘടന ആഗോള സമ്പദ്ഘടനയുടെ ഭാഗമാണ്. സ്വയംപര്യാപ്തമായി നില്‍ക്കാന്‍ ഒരു ദേശീയ സമ്പദ്ഘടനക്കും കഴിയാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഭാഷയുടെ ഏകത, വംശത്തിന്റെ ഏകത ഇതൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ദേശീയ ഭരണകൂടങ്ങളൊക്കെയും ആഗോള സമ്പദ്ക്രമത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് നീങ്ങാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ ഉത്തരാധുനിക സമൂഹത്തെ സംബന്ധിച്ചേടത്തോളം പരമ്പരാഗത ദേശീയതാ സങ്കല്‍പം അവരില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്ന് പറയേണ്ടി വരും.

പൗര ദേശീയത
ഉത്തരാധുനിക സമൂഹത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത് പൗര ദേശീയത (Civic Nationalism) എന്ന ആശയമാണ്. ഈയൊരു ആശയം ജോണ്‍ സ്റ്റുവര്‍ട്ട് മില്‍,4 ജോസഫ് റെനാന്‍ 5 എന്നീ ആധുനിക ചിന്തകരുടെ കൃതികളില്‍ കാണാമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന കാലത്തിന് അനുരൂപമായി അതിനെ വികസിപ്പിച്ചത് ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞനായ ജുര്‍ഗന്‍ ഹെബര്‍മാസ്6 (ജനനം ക്രി. 1929) ആണ്. ദേശീയതയുടെ അസ്തിത്വം അവര്‍ അംഗീകരിക്കുന്നുണ്ട്. സംസ്‌കാരം, വംശം, ഭാഷ തുടങ്ങിയവ ഏകമായിരിക്കല്‍ അനിവാര്യമല്ലെന്നും അവര്‍ സമര്‍ഥിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പൗരത്വമാണ് ആ രാഷ്ട്രത്തിലെ പൗരന്മാരെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. ഇത് ദേശീയതയുടെ പരിധിയില്‍ തന്നെ വരുന്നതാണെങ്കിലും, അതിനെ നിര്‍ണയിക്കുന്നത് ഭാഷയോ സംസ്‌കാരമോ വംശമോ ആയിരിക്കില്ല. ഭരണഘടനയും അതു പോലുള്ള പൊതു അംഗീകൃത തത്ത്വങ്ങളുമായിരിക്കും ദേശീയതയെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുക. വ്യക്തികള്‍ക്ക് ആ ഘടനയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കപ്പെടും. വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ തുല്യ അവകാശങ്ങള്‍ നല്‍കപ്പെടുകയും ചെയ്യും. ഇത്തരം നിര്‍ണയങ്ങളില്‍ രാഷ്ട്രത്തിന് പരിമിതമായ പങ്കു മാത്രമാണ് നിര്‍വഹിക്കാനുണ്ടാവുക. ജനാധിപത്യപരമായ പൊതു അഭിപ്രായ സമന്വയത്തിലൂടെ രൂപപ്പെടുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണകൂടം മുന്നോട്ടുപോവുക. ഏതു വംശക്കാരനും ഏതു ഭാഷ സംസാരിക്കുന്നവനും ആ രാഷ്ട്രത്തിലെ പൗരനാകാം. ഇങ്ങനെ വംശം, ഭാഷ, സംസ്‌കാരം തുടങ്ങിയവയൊക്കെ മാറ്റിനിര്‍ത്തി ചില കരാറുകളുടെയും പ്രതിജ്ഞകളുടെയും അടിസ്ഥാനത്തില്‍ വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് പുതിയ കാലത്തെ ദേശീയത. ഓരോ രാഷ്ട്രത്തിന്റെയും ഭരണഘടന ഒരു കരാറാണല്ലോ. ആ കരാറില്‍ ഭാഗഭാക്കായിക്കൊണ്ടാണ് വ്യക്തികള്‍ ദേശീയ സമൂഹത്തിന്റെ ഭാഗമാകുന്നത്.

ഇന്ത്യന്‍ സാഹചര്യം
നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, ഇവിടെ എല്ലാ കാലങ്ങളിലും പല സമൂഹങ്ങളും വംശങ്ങളും ഭാഷകളുമൊക്കെ ഉണ്ടായിരുന്നു എന്നതാണ്. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിലും അമേരിക്കയിലുമൊക്കെ രൂപപ്പെട്ടുവന്ന ബഹു സാംസ്‌കാരികതയും ബഹു വംശീയതയുമൊക്കെ നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്ന യാഥാര്‍ഥ്യങ്ങളാണ്. ദാര്‍ശനികമായി ദേശീയതയെ എങ്ങനെയൊക്കെ അവതരിപ്പിച്ചാലും, അത്തരമൊരു ഏകദേശീയത ഇവിടെ പ്രയോഗത്തിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. അലക്‌സാണ്ടര്‍ മോട്ടില്‍ എടുത്തു പറഞ്ഞ ദേശീയതയുടെ ഉപാധികളിലൊന്നു പോലും ഇന്ത്യയില്‍ ഒത്തുവന്നിരുന്നില്ല എന്ന് കാണാന്‍ കഴിയും. ഇത് വംശങ്ങളുടെയും ജാതികളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും നാടാണ്. യൂറോപ്യന്‍ ദേശീയ ചിന്തകളില്‍ ആകൃഷ്ടരായ നമ്മുടെ നാട്ടിലെ ചിലര്‍ ദേശീയതക്ക് കൃത്രിമമായ ഒരു ഭാഷ്യം രചിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരു സംസ്‌കാരത്തെ നാടിന്റെ പൊതു സംസ്‌കാരമായും അവര്‍ അവതരിപ്പിച്ചു. പക്ഷേ, ഇവിടെ താമസിക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വിവിധങ്ങളായ സംസ്‌കാരങ്ങളാണുള്ളത്. അവരുടെ ചരിത്ര പൈതൃകങ്ങളിലും വലിയ വൈവിധ്യങ്ങള്‍ കാണാനുണ്ട്. അതിനാല്‍ ഏക സംസ്‌കാര ദേശീയത എന്നത് ഇന്ത്യയെ സംബന്ധിച്ചേടത്തോളം എക്കാലവും ഒരു യൂറോപ്യന്‍ ഇറക്കുമതിയാണ്. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി അതിന് ബന്ധമില്ല. ഉത്തരാധുനികമായ പുതിയ സാമൂഹിക പശ്ചാത്തലത്തിലാവട്ടെ, അത്തരം ചിന്തക്ക് തന്നെ യാതൊരു പ്രസക്തിയും ഇല്ല.

സ്വാതന്ത്ര്യസമരം നടക്കുന്ന വേളയില്‍ നമ്മുടെ നാട്ടില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദേശീയത ഏറക്കുറെ നാമിപ്പോള്‍ വിവരിച്ച പൗര ദേശീയത തന്നെയായിരുന്നു. ഏതെങ്കിലുമൊരു സംസ്‌കാരത്തെയോ വംശത്തെയോ ഭാഷയെയോ ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമായി ഗാന്ധിജി കണക്കാക്കിയിരുന്നില്ല. ഇന്ത്യന്‍ സമൂഹം പൊതുവായി പങ്കു വെക്കുന്ന മൂല്യങ്ങളെയാണ് അദ്ദേഹം ദേശീയതയുടെ അടിത്തറയായി എണ്ണിയത്. ദേശീയതയുടെ അടയാളങ്ങളിലൊന്നായി അദ്ദേഹം ഇന്ത്യന്‍ ഗ്രാമങ്ങളെ കണ്ടു. പ്രകൃതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള ലളിത ജീവിതം, ആത്മീയത, എല്ലാവര്‍ക്കും സമ്മതമായ പൊതുമൂല്യങ്ങള്‍- സ്വദേശി, സത്യഗ്രഹം, സ്വരാജ് എന്നിവ മുന്‍നിര്‍ത്തി അദ്ദേഹം അത് വിവരിച്ചിട്ടുണ്ട്. ഇവ ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയാവണമെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. മനുഷ്യന്റെ തുല്യതക്കും ഒത്തൊരുമക്കും വിരുദ്ധമായ ദേശീയതയെക്കുറിച്ച കാഴ്ചപ്പാടിനെ അദ്ദേഹം വിമര്‍ശിച്ചു. പ്രശസ്തമായ ആ വരികള്‍ ഇങ്ങനെ: ''ദേശസ്‌നേഹം നമ്മെ പഠിപ്പിക്കുന്നത് വ്യക്തി കുടുംബത്തിനു വേണ്ടി ജീവത്യാഗം ചെയ്യണമെന്നാണ്. കുടുംബം ഗ്രാമത്തിനു വേണ്ടിയും, ഗ്രാമം ജില്ലക്കു വേണ്ടിയും ജില്ല പ്രവിശ്യക്കു വേണ്ടിയും പ്രവിശ്യ രാജ്യത്തിനു വേണ്ടിയും ജീവാര്‍പ്പണത്തിന് തയാറാവണം. ഇതു പ്രകാരം, നമ്മുടെ രാജ്യം സ്വതന്ത്രമാവുന്നത് ലോകത്തിനു വേണ്ടി ബലിയര്‍പ്പണം നടത്താന്‍ വേണ്ടിയാവണം. ദേശീയതയോടുള്ള എന്റെ സ്‌നേഹം അല്ലെങ്കില്‍ ദേശീയതയെക്കുറിച്ച എന്റെ ആശയം എന്ന് പറയുന്നത്, മനുഷ്യകുലം നിലനില്‍ക്കാന്‍ വേണ്ടി, സ്വതന്ത്രമാവുന്ന എന്റെ രാജ്യമൊന്നടങ്കം മരിക്കാന്‍ തയാറാവുക എന്നതാണ്. (എന്റെ ദേശീയതാ സങ്കല്‍പത്തില്‍) വംശവെറിക്ക് യാതൊരു സ്ഥാനവുമില്ല. ഇതാവട്ടെ നമ്മുടെ ദേശീയത.''7

ദേശീയതയെ കവി രബീന്ദ്രനാഥ ടാഗോര്‍ തന്റെയൊരു പ്രഭാഷണത്തില്‍ വിശദീകരിക്കുന്നതു നോക്കൂ:
''ഇന്ത്യയില്‍ ദേശീയതയെക്കുറിച്ച സങ്കല്‍പം ഉണ്ടായിരുന്നില്ലെങ്കിലും ചെറുപ്പം മുതലേ ഞാന്‍ പഠിപ്പിക്കപ്പെട്ടു വന്നത്, ദേശത്തെ പൂജാവിഗ്രഹമാക്കുക എന്നത് ദൈവത്തെ ആരാധിക്കുന്നതിനേക്കാളും മനുഷ്യത്വത്തെ ആദരിക്കുന്നതിനേക്കാളും മഹത്തരമാണ് എന്നാണ്. അത് ശരിയല്ലെന്ന് ഇന്നെനിക്ക് ബോധ്യമാവുന്നു. രാജ്യമാണ് മാനുഷിക മൂല്യങ്ങളേക്കാള്‍ മഹത്തരം എന്ന ചിന്തയെ എതിരിട്ടുകൊണ്ടേ എന്റെ രാജ്യവാസികള്‍ക്ക് യഥാര്‍ഥ ഇന്ത്യയെ കണ്ടെത്താനാവൂ എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എന്റെ ദേശത്തെ അവസാന ശ്വാസം വരെ സേവിക്കാന്‍ തയാറാണ്. പക്ഷേ, ആരാധനയുടെ കാര്യമാണെങ്കില്‍, ഞാന്‍ സത്യത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ. സത്യം എന്റെ ദേശത്തേക്കാള്‍ മഹത്തരമാണ്. ദൈവത്തെയെന്ന പോലെ ദേശത്തെ ആരാധിക്കുന്നത് യഥാര്‍ഥത്തില്‍ ദേശത്തിനു തന്നെ ശാപമായിത്തീരുകയാണ് ചെയ്യുക.''8

ഇസ്‌ലാമും ദേശീയതയും
വര്‍ണം, വംശം, ജാതി, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ തീര്‍ക്കുന്ന സകല ദര്‍ശനങ്ങളെയും ഇസ്‌ലാം നിരാകരിക്കുന്നു. ഇസ്‌ലാമിന്റെ സന്ദേശം മനുഷ്യേകത്വത്തിന്റെ സന്ദേശമാണ്. മുഴുവന്‍ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്താനങ്ങള്‍ എന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഒരു ദര്‍ശനത്തിന് എല്ലാവരെയും പരസ്പരം സഹോദരന്മാരായി മാത്രമേ കാണാന്‍ നിവൃത്തിയുള്ളൂ. ''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്.''9 ഈ ഖുര്‍ആനിക സൂക്തത്തില്‍ മനുഷ്യേകത്വത്തിന്റെ അടിത്തറ വിശദീകരിച്ചിരിക്കുകയാണ്. പ്രവാചകന്‍ പറഞ്ഞു: ''അറിയുക, അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ചുവന്നവന് കറുത്തവനേക്കാളോ കറുത്തവന് ചുവന്നവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ജീവിത സൂക്ഷ്മത കൊണ്ടല്ലാതെ.''10

ഈ വിധം ഇസ്‌ലാം വ്യക്തിയുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുത്തിരിക്കെ, ആ സ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം സ്വേഛാപരമായി കൈകടത്തുന്നത് ഇസ്‌ലാമിന്റെ പ്രകൃതവുമായി യോജിക്കുന്നില്ല. അതിനാല്‍ നാസിസത്തെയും സമഗ്രാധിപത്യ ദേശീയതയെയുമൊക്കെ കടുത്ത ഭാഷയിലാണ് ഇസ്‌ലാം തള്ളിപ്പറയുന്നത്. മനുഷ്യ സമത്വവും ഏകതയുമൊക്കെ ഊന്നിപ്പറയുന്ന മേല്‍കൊടുത്ത അല്‍ഹുജുറാത്ത് അധ്യായത്തിലെ സൂക്തത്തില്‍ സമുദായങ്ങളും ഗോത്രങ്ങളുമൊക്കെ ഉണ്ടാവുകയെന്ന അനിവാര്യതയെ അംഗീകരിക്കുന്നുണ്ട്. ഗോത്ര വൈരങ്ങള്‍ക്ക് പ്രവാചകന്‍ അന്ത്യം കുറിച്ചുവെങ്കിലും, ഗോത്ര സ്വത്വങ്ങളെ അംഗീകരിക്കുകയാണ് ചെയ്തത്. ഇസ്‌ലാമിന്റെ ആഗമനത്തിനു ശേഷവും ഗോത്രങ്ങള്‍ നിലനിന്നു; ഗോത്രപ്പേരുകളില്‍ തന്നെയാണ് ആളുകള്‍ അറിയപ്പെട്ടിരുന്നതും. അതിന്റെയര്‍ഥം, മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങളുണ്ടാക്കുന്ന ഘടകങ്ങളെ തള്ളിക്കളയുന്നതോടൊപ്പം തന്നെ, സാമൂഹികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ചില സ്വത്വങ്ങളെ നിലനിര്‍ത്തുന്നതിനോ അവയോട് കൂറ് പ്രഖ്യാപിക്കുന്നതിനോ ഇസ്‌ലാം എതിരല്ല എന്നാണ്.

ഇസ്‌ലാമില്‍ ദേശസ്‌നേഹം പ്രകൃതിപരവും സ്വാഭാവികവുമായ ഒരു വികാരമാണ്. അതുകൊണ്ടാണ് ജനങ്ങളെ അവരുടെ ജന്മനാട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നത് കടുത്ത അതിക്രമമായി ഖുര്‍ആന്‍ കാണുന്നത്. 'അന്യായമായി ജന്മഗേഹങ്ങളില്‍നിന്ന് അവര്‍ പുറത്താക്കപ്പെട്ടു' (ഉഖ്‌രിജൂ മിന്‍ ദിയാരിഹിം)11 എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രവാചകന്‍ യാത്ര കഴിഞ്ഞ് മദീനയില്‍ എത്താറായാല്‍ ആ നഗരത്തോടുള്ള ഇഷ്ടം കാരണം താന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തെയോ കുതിരയെയോ വേഗത്തില്‍ തെളിക്കാറുണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു.12 മറ്റൊരിക്കല്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, മദീനയെ ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കേണമേ; മക്ക ഞങ്ങള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്നപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രിയങ്കരമായി.''13

മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലക്ക് തന്റെ നിരവധി ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പലതരം സാമൂഹിക രൂപങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായിത്തീരും. ഓരോ സാമൂഹിക രൂപവും അതില്‍ ചേരുന്നവനോട് കൂറും പ്രതിബദ്ധതയും ആവശ്യപ്പെടുന്നുണ്ട്. അത്തരം ഏതു സാമൂഹിക കൂട്ടായ്മയില്‍ അണിനിരക്കാനും അതു സംബന്ധമായ കരാര്‍ വ്യവസ്ഥകള്‍ സത്യസന്ധമായി പാലിച്ചിരിക്കണം. അത് സ്വന്തം ഇഷ്ടപ്രകാരമാവുമ്പോള്‍ ആ സാമൂഹിക രൂപത്തോട് അയാള്‍ക്ക് സ്‌നേഹവും മമതയും ഉണ്ടാവുക സ്വാഭാവികം. നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന ഒരാള്‍ താന്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന മൊഹല്ലയിലേക്കോ കോളനിയിലേക്കോ തിരിച്ചെത്തണം എന്നാണല്ലോ ആഗ്രഹിക്കുക. ആ കോളനിയോട് അയാളുടെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ടായിവരും. കോളനിയുടെ പൊതു പ്രശ്‌നങ്ങളില്‍ അവിടത്തുകാരുമായി ചേര്‍ന്ന് പരിഹാരം കണ്ടെത്താനും അയാള്‍ മുന്‍പന്തിയിലുണ്ടാവും. ജില്ല, സംസ്ഥാനം, രാഷ്ട്രം തുടങ്ങിയ സാമൂഹിക രൂപങ്ങളോടൊക്കെ മനുഷ്യന് ഇതുപോലെ അടുപ്പവും സ്‌നേഹവും ഉണ്ടാകും. നിങ്ങളൊരു കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍ ആ കമ്പനിയോട് കൂറുണ്ടായേ മതിയാവൂ. ഫുട്‌ബോള്‍, ക്രിക്കറ്റ് പോലുള്ള ടീമിലെ അംഗങ്ങളാണെങ്കിലും കൂറ് പുലര്‍ത്താതെ പറ്റില്ല. എല്ലാതരം രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകള്‍ക്കും ബാധകമാണ് ഇപ്പറഞ്ഞതൊക്കെ. അതിനാല്‍ തന്നെ ഒരു പ്രത്യേക പ്രദേശത്ത് ജീവിക്കുന്നവര്‍ ഒരു രാഷ്ട്രീയ ഘടനക്ക് രൂപം നല്‍കുകയും ഒരു പൊതു ഭരണഘടന അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ജനതക്ക് രൂപം നല്‍കുകയുമാണെങ്കില്‍ ആ സമൂഹത്തിന്റെ സുരക്ഷയും അതിനോടുള്ള കൂറുമൊക്കെ ഇസ്‌ലാമിന്റെ തത്ത്വങ്ങളോട് യോജിച്ചു വരുന്നവ തന്നെയാണ്.

ഈ കൂറും പ്രതിബദ്ധതയും സ്‌നേഹവും രണ്ട് സന്ദര്‍ഭങ്ങളിലാണ് തിന്മയായിത്തീരുക. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് നമുക്കത് വിശദീകരിക്കാനുമാവും. തങ്ങളാണ് ഏറ്റവും ശ്രേഷ്ഠരെന്നും മറ്റുള്ളവരൊക്കെ നീച ജന്മങ്ങളാണെന്നുമുള്ള മാനസിക നിലയിലേക്കെത്തുകയാണ് ഒന്നാമത്തെ സന്ദര്‍ഭം. സ്വന്തം ജനതയുടെ അനീതിക്കും അതിക്രമത്തിനും കൂട്ടുനില്‍ക്കുമ്പോഴാണ് രണ്ടാമത്തെ സന്ദര്‍ഭം. ഒരു അനുചരന്‍ പ്രവാചകനോട് ചോദിച്ചു; 'റസൂലേ, ഒരാള്‍ തന്റെ ജനതയെ സ്‌നേഹിക്കുന്നത് സാമുദായിക പക്ഷപാതിത്വമാവുമോ?' പ്രവാചകന്‍ പറഞ്ഞു: 'ഇല്ല, അതിക്രമങ്ങള്‍ ചെയ്യാന്‍ ഒരാള്‍ തന്റെ സമുദായത്തെ സഹായിക്കലാണ് പക്ഷപാതിത്വം.'14

ഈ പരിധികള്‍ പാലിച്ചുകൊണ്ട് പൊതുകരാറുകളുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രം കെട്ടിപ്പടുത്തതിന് പ്രവാചകന്റെ ജീവിതത്തില്‍ തന്നെ തെളിവാര്‍ന്ന മാതൃകയുണ്ടല്ലോ. മദീനയില്‍ പ്രവാചകന്‍ ഒരു രാഷ്ട്രത്തിന് രൂപം നല്‍കിയപ്പോള്‍ അവിടെ താമസിക്കുന്ന ഒരു ജൂതമതക്കാരന് എല്ലാവിധ അവകാശങ്ങളും രേഖമൂലമായിത്തന്നെ നല്‍കിയിരുന്നു. ഭരണഘടനയിലെ വാക്യങ്ങള്‍ ഇങ്ങനെ: 'വ അന്ന യഹൂദ ബനീ ഔഫ് ഉമ്മത്തുന്‍ മഅല്‍ മുഅ്മിനീന, ലില്‍ യഹൂദി ദീനുഹും വലില്‍ മുസ്‌ലിമീന ദീനുഹും' (ബനൂ ഔഫിലെ ജൂതന്മാര്‍ മുസ്‌ലിംകള്‍ക്കൊപ്പമുള്ള ഒരു സമൂഹമാണ്; ജൂതന്മാര്‍ക്ക് അവരുടെ മതം, മുസ്‌ലിംകള്‍ക്ക് അവരുടെ മതം).15 ഇതുപോലൊരു കരാര്‍ നജ്‌റാനിലെ ക്രിസ്ത്യാനികളുമായും പ്രവാചകന്‍ ഉണ്ടാക്കിയിരുന്നു.16

മുസ്‌ലിംകളുടെ മതകീയ സ്വത്വവും ദേശീയതയും തമ്മിലുള്ള ബന്ധത്തെ എങ്ങനെ വിശദീകരിക്കും എന്നൊരു ചോദ്യം വളരെ പ്രാധാന്യപൂര്‍വം ഉയര്‍ത്തപ്പെടാറുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് വളരെ കര്‍ക്കശമായി മുസ്‌ലിംകളോട് ഒരു ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു- മുസ്‌ലിംകള്‍ ഒരു സമുദായമാണോ അതോ ഹിന്ദുസ്ഥാനി സമൂഹത്തിന്റെ ഭാഗമാണോ എന്ന്. ചിലര്‍ ദ്വിദേശീയതാ വാദമുയര്‍ത്തി മുസ്‌ലിംകള്‍ വേറൊരു സമുദായമാണെന്ന് വാദിച്ചു. യഥാര്‍ഥത്തില്‍ ഈ ചോദ്യം തന്നെ നവ യൂറോപ്യന്‍ നാഷ്‌നലിസത്തില്‍നിന്നും ആധുനികതയുടെ പരികല്‍പ്പനകളില്‍നിന്നും ഉയര്‍ന്നുവന്നതാണ്. ദേശീയതയുടെ ഈ യൂറോപ്യന്‍ നിര്‍വചനമനുസരിച്ച്, ഒരൊറ്റ സമുദായമാവുക എന്നതാണ് മനുഷ്യരുടെ സാമൂഹിക സംഘാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്നല്ല, അതു മാത്രമാണ് ദേശീയതയെ നിര്‍വചിക്കുന്ന ഏക ഘടകം എന്നു പോലും വാദിക്കപ്പെടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രം രൂപവത്കരിക്കപ്പെടേണ്ടതും. ആ വീക്ഷണപ്രകാരം സമുദായം എന്നു പറയുന്നത് ഒരൊറ്റ സംസ്‌കാരവും ചരിത്രവും പൈതൃകവും മാത്രമുള്ള ഒന്നാണ്. ഇങ്ങനെ സമൂഹം/സമുദായം എന്ന പരികല്‍പ്പനക്ക് തീര്‍ത്തും വ്യത്യസ്തമായ അര്‍ഥചേരുവകള്‍ വന്നുചേര്‍ന്നു. ആ ചിന്താഗതി പ്രകാരം മുസ്‌ലിംകള്‍ സ്വന്തമായ സംസ്‌കാരവും പൈതൃകവുമൊക്കെയുള്ള ഒരു ജനതയാണ്. അതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാവണമെങ്കില്‍ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അസ്തിത്വം കൈയൊഴിഞ്ഞ് ഇവിടെയുള്ള ഏക സംസ്‌കാരത്തിലും ദേശീയ പൈതൃകത്തിലും അലിഞ്ഞുചേര്‍ന്നേ മതിയാവൂ എന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയിലെ വലതു പക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നതും ഇതേ വാദഗതികളാണ്. ഈയൊരു ചിന്താഗതിയെ ഇസ്‌ലാമിക ചിന്തകര്‍ ശക്തമായി ചോദ്യം ചെയ്തിട്ടുമുണ്ട്.
സാമുദായിക ദേശീയതയെ കുറിക്കാന്‍ ഉപയോഗിക്കുന്ന ഖൗമിയ്യത്ത് എന്ന വാക്ക് 'ഖൗമി'ല്‍നിന്ന് ഉണ്ടായതാണ്. 'ഖൗം' എന്ന വാക്ക് മുസ്‌ലിംകളെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ലെന്ന് മൗലാനാ മൗദൂദി നിരീക്ഷിച്ചിട്ടുണ്ട്.17 ഒരു പൊതു ഭൂപ്രദേശമോ ഭാഷയോ വംശമോ ഒക്കെ പങ്കുവെക്കുന്ന ഒരു ജനവിഭാഗത്തെ കുറിക്കാനാണ് ഖുര്‍ആന്‍ അത് പ്രയോഗിച്ചിട്ടുള്ളത്. പ്രവാചകന്മാര്‍ തങ്ങളുടെ വിശ്വാസികളായിട്ടില്ലാത്ത ജനതയെ അഭിസംബോധന ചെയ്യാന്‍ ഈ വാക്കാണ് പ്രയോഗിക്കുന്നത്. മുസ്‌ലിംകളെ കുറിക്കാന്‍ മില്ലത്ത്, ഉമ്മത്ത്, ഹിസ്ബ് (പാര്‍ട്ടി) എന്നീ വാക്കുകളാണ് ഖുര്‍ആനില്‍ കാണാന്‍ സാധിക്കുക.

''അദ്ദേഹത്തിന്റെ (ശുഐബ് പ്രവാചകന്‍) ജനത(ഖൗം)യിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: 'ശുഐബേ, നിന്നെയും നിന്നോടൊപ്പമുള്ള വിശ്വാസികളെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും; അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ പാരമ്പര്യ(മില്ലത്ത്)ത്തിലേക്ക് തിരിച്ചുവരിക തന്നെ വേണം.' അദ്ദേഹം ചോദിച്ചു: ഞങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കിലും? അല്ലാഹു ഞങ്ങളെ നിങ്ങളുടെ പാരമ്പര്യ (മില്ലത്ത്)ത്തില്‍നിന്ന് രക്ഷപ്പെടുത്തി. അതിലേക്കു തന്നെ തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും.''18
ഈ സൂക്തത്തില്‍ 'ഖൗം' എന്നും 'മില്ലത്ത്' എന്നും പ്രയോഗിച്ചിട്ടുണ്ട്. ഖൗം എന്ന പരികല്‍പ്പനയില്‍ ശുഐബ് നബിയും അദ്ദേഹത്തിന്റെ വിശ്വാസികളല്ലാത്ത അഭിസംബോധിതരുമൊക്കെ ഉള്‍പ്പെടും. മില്ലത്ത് എന്നത് ആ അര്‍ഥത്തിലല്ല പ്രയോഗിച്ചത്; സവിശേഷമായ വിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്ന വിഭാഗം എന്ന അര്‍ഥത്തിലാണ്. മറ്റൊരു ഖുര്‍ആനിക സൂക്തം വെച്ച് നമുക്കിത് വിശദീകരിക്കാനാവും:
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട വിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു തടസ്സവും അവന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ 'മില്ലത്ത്' നിങ്ങള്‍ പിന്തുടരുക. പണ്ടു തന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകള്‍ എന്നു വിളിച്ചിരിക്കുന്നു. ഖുര്‍ആനിലും അതു തന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്കു

സാക്ഷിയാകാനാണിത്; നിങ്ങള്‍ ജനങ്ങള്‍ക്കു സാക്ഷികളാകാനും.''19
ഖൗമും മില്ലത്തും തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്ന് ഗ്രഹിക്കാം. ഖൗം എന്നാല്‍ ഒരു വംശീയ സമൂഹമോ ഒരു പ്രത്യേക ഭൂമിശാസ്ത്രമേഖലയില്‍ അധിവസിക്കുന്ന സമൂഹമോ ആണ് (ഇന്നത്തെ ഭാഷയില്‍ ഒരു ദേശരാഷ്ട്ര പരിധിക്കകത്ത് താമസിക്കുന്ന അതിലെ പൗരന്മാര്‍ എന്നും പറയാം). ഒരു ഖൗം രൂപപ്പെടുന്നത് അതിലെ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ തെരഞ്ഞെടുത്തതുകൊണ്ടല്ല. പ്രകൃത്യാലോ ജന്മനാലോ അങ്ങനെ സംഭവിക്കുന്നതാണ്. പക്ഷേ, നാം ഹിസ്ബ് (പാര്‍ട്ടി) എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്, ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു ചേര്‍ന്ന ഒരു സംഘത്തെയാണ്. അതില്‍ അംഗത്വമെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ആ ദൗത്യത്തോട് യോജിപ്പും പ്രതിബദ്ധതയുമുണ്ടാവണം അതില്‍ അംഗത്വമെടുക്കാന്‍. ഈ അര്‍ഥത്തില്‍ ഖൗമും ഹിസ്ബും രണ്ടും രണ്ടാണ്. അതേസമയം ഖൗമിനകത്തും ചില ദൗത്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാവും. ഹിസ്ബ് എന്ന പോലെ മില്ലത്തും ഒരു ആശയപരമായ സംജ്ഞയാണ്. ആശയാദര്‍ശങ്ങളില്‍ ഒരേ അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരുടെ ഒരു സംഘം എന്നര്‍ഥം. അവര്‍ക്ക് ആദര്‍ശവും ലക്ഷ്യവും ഉണ്ടായിരിക്കും. മേല്‍പ്പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തില്‍ 'ജനങ്ങള്‍ക്ക് സാക്ഷികളാവുക' എന്നതാണ് മുസ്‌ലിം മില്ലത്തിന്റെ ലക്ഷ്യമായി നിര്‍ണയിച്ചിരിക്കുന്നത്.20

ഉമ്മത്ത് എന്ന വാക്ക് വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളെക്കുറിച്ച് പ്രയോഗിച്ചത് അവരുടെ ദൗത്യവും ലക്ഷ്യവും ഓര്‍മിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാണ്: ''ഇപ്രകാരം നാം നിങ്ങളെ മിത സമൂഹം (ഉമ്മതുന്‍ വസത്വ്) ആക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ സാക്ഷികളാകാന്‍; ദൈവദൂതന്‍ നിങ്ങള്‍ക്കു മേല്‍ സാക്ഷിയാകാനും'' (2:143). ''മനുഷ്യ സമൂഹത്തിനായി കൊണ്ടുവരപ്പെട്ട ഉത്തമ സമൂഹം (ഉമ്മത്ത്) ആകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു'' (3:110). ഖുര്‍ആനിലെ അല്‍മുജാദില അധ്യായത്തിലെ അവസാന വാക്യത്തിലാണ് മുസ്‌ലിംകളെ അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ലാഹ്) എന്നു വിശേഷിപ്പിച്ചത്. ഈ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിശ്വാസപരമായ ഗുണവിശേഷങ്ങളും അവിടെ എണ്ണിപ്പറഞ്ഞിരിക്കുന്നു.

മുസ്‌ലിംകള്‍ എന്നാല്‍ സവിശേഷ ദൗത്യം ഏല്‍പിക്കപ്പെട്ട ആദര്‍ശ സമൂഹമാണെന്ന് ഈ വിവരണത്തില്‍നിന്ന് വ്യക്തമായി. അവര്‍ കേവലം പാരമ്പര്യസമുദായം (ഖൗം) ആണെങ്കില്‍ ആ വൃത്തത്തിന് പുറത്തുള്ളവര്‍ അവര്‍ക്ക് അപരിചിതരാകും. അവരുമായി അകല്‍ച്ചക്ക് അത് കാരണമാവും. അവര്‍ അവരുടേതായ ഗെറ്റോകളിലേക്ക് ചുരുങ്ങും. പ്രവാചക ദൗത്യം ഏല്‍പ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളൊന്നും ആ 'ഖൗമി'ല്‍ കാണാന്‍ കഴിയില്ല. തങ്ങള്‍ വേറൊരു 'ഖൗം' ആണെന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നതും സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണമാകുന്നില്ലേ? തങ്ങള്‍ ഒരു ആദര്‍ശസമൂഹമാണെന്നും പൊതു ഭൂമിശാസ്ത്രവും പൗരത്വവും പങ്കുവെക്കുന്ന ഒരു ജനവിഭാഗത്തില്‍ ആദര്‍ശപ്രബോധനം നടത്തുകയാണ് തങ്ങളുടെ നിയോഗ ലക്ഷ്യമെന്നുമുള്ള ബോധമാണ് ഉണ്ടായിത്തീരേണ്ടത്. മനുഷ്യരെ വിഭജിക്കാന്‍ കെട്ടിയുയര്‍ത്തിയ കൃത്രിമ മതിലുകളൊക്കെയും അവിടെ അപ്രസക്തമാണ്. അതേസമയം, പൊതുകരാറുകളുടെയും പ്രതിജ്ഞകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടിരിക്കുന്ന ദേശരാഷ്ട്രങ്ങളും ബഹുസ്വരസമൂഹങ്ങളുമാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത് എന്ന വസ്തുതയും കണക്കിലെടുക്കണം. ഇത്തരം ദേശരാഷ്ട്രങ്ങളുടെ ഭാഗമായി നിന്നുകൊണ്ടു തന്നെ, മുസ്‌ലിംകള്‍ തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യം ദേശവാസികള്‍ക്കിടയില്‍ നിര്‍വഹിക്കുക എന്നതാണ് പരമപ്രധാനം. 

വിവ: അശ്‌റഫ് കീഴുപറമ്പ്

കുറിപ്പുകള്‍:
1.    Alexander Motyl: Encyclopedia of Nationalism, Academic Press, San Diego, 2000
2.    "Civilizations disintegrate when their leaders stopped responding positively, and the civlizations then sank owing to nationalism, militarism, and the tyranny of a despotic minority''
    https://www.britannica.com/biography/Arnold-Joseph-Toynbee.
3.    Civilization on Trial, Oxford University, New York, 1948, p. 113
4.    John Stuart Mill ; Ed.Robson J.M ; Considerations on Representative Government; Collected Works of John Stuart Mill, Vol: 19, University of Toronto Press, Toronto, 1977, P:546
5.    Ernst Renan: What is a Nation ; English Translation from 'Qu'est-cequ'ne nation?' Vol.1, p. 887-907
6.    Jurgen Habermas : Struggles for Rocognition in the Democratic State ; M.T Press, Cambridge, 1998, p. 228
7.    M.K Gandhi: Nationalism and Internationalism in Selected Works of Mahatma Gandhi (Edited) Volume V ; at http://www.mkgandhi.org/voiceoftruth/nationalism.htm
8.    Rabindranth Tagore : Nationalism in India; in Essays in the Complete Works of Rabindranath Tagore at http://tagoreweb.in
9.    ഖുര്‍ആന്‍ 49:13
10.    മുസ്‌നദ് അഹ്‌മദ്. നാസ്വിറുദ്ദീന്‍ അല്‍ബാനി സ്വഹീഹായ ഹദീസ് എന്ന് സ്ഥിരീകരിച്ചത്.
11.    ഖുര്‍ആന്‍ 22:40
12.    സ്വഹീഹ് ബുഖാരി, മദീനയുടെ ശ്രേഷ്ഠതകള്‍ എന്ന അധ്യായം.
13.    സ്വഹീഹ് ബുഖാരി, പ്രാര്‍ഥനകള്‍ എന്ന അധ്യായം.
14.    സുനനു ഇബ്‌നുമാജ, കിതാബുല്‍ ഫിതന്‍, ബാബുല്‍ അസ്വബിയ്യ.
15.    ഇബ്‌നു കസീര്‍: അസ്സീറതുന്നബവിയ്യ, രണ്ടാം ഭാഗം, സംശോധന: മുസ്ത്വഫ അബ്ദുല്‍ വാഹിദ്, ദാറുല്‍ മആരിഫ, ബൈറൂത്ത് (1976). പേ: 322.
16.    അബുല്‍ അബ്ബാസ് ബലാദുരി: ഫുതൂഹുല്‍ ബുല്‍ദാന്‍, മുഅസ്സസതുല്‍ മആരിഫ്, ബൈറൂത്ത് (1982), പേ: 75,76
17.    സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി; തഹ്‌രീക് ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍, ഒന്നാം ഭാഗം, ഇസ്‌ലാമിക് പബ്ലിഷേഴ്‌സ് ലിമിറ്റഡ്, ലാഹോര്‍ (1963) പേ: 380-384
18.    ഖുര്‍ആന്‍ 7:88
19.    ഖുര്‍ആന്‍ 22:78
20.    ഖുര്‍ആനില്‍ മില്ലത്ത് എന്ന് പ്രയോഗിക്കുന്നത് ഒരു സവിശേഷ ദര്‍ശനത്തിനും ജീവിതരീതിക്കുമാണ്. പാരമ്പര്യ മതങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക കൂട്ടായ്മകളും ആ സംജ്ഞയുടെ പരിധിയില്‍ പെടും. 'മുഅ്ജമുല്‍ മആനി' നിഘണ്ടുവില്‍ طائفة دينية مجموعة متحدة بِعَقيدة مشتركة (മതവിഭാഗം, ഒരേ ആദര്‍ശം പങ്കുവെക്കുന്ന സംഘടിത വിഭാഗം) എന്നാണ് 'മില്ലത്തി'നെ നിര്‍വചിച്ചിരിക്കുന്നത്. ഹദീസിലും ഇതേ അര്‍ഥത്തില്‍ 'മില്ലത്ത്' എന്ന വാക്ക് വന്നിരിക്കുന്നു.


    افْتَرقَتْ عَلَى ثنتين وَسَبْعينَ مِلةً وَتفترقُ أمّتي عَلى ثلاثٍ وَسَبْعينَ مِلَّةً كُلَّهُمْ فى النَّار الامِلّةً وَاحِدَةً
    

  (അബൂദാവൂദും ഹാകിമും റിപ്പോര്‍ട്ട് ചെയ്തത്, ഇബ്‌നു തൈമിയ്യ സ്വഹീഹാണെന്ന് സ്ഥിരീകരിച്ചത്) ദൈവിക മതത്തിന്റെയോ പാരമ്പര്യ മതങ്ങളുടെയോ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന മനുഷ്യരുടെ കൂട്ടായ്മ എന്ന അര്‍ഥത്തിലാണ് മില്ലത്ത് പ്രയോഗിച്ചതെന്ന് ആ പ്രയോഗം വന്ന സൂക്തങ്ങള്‍ ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാകും.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top