ബഹുമുഖ പ്രതിഭയായ റഹ്‌മാന്‍ മുന്നൂര്
കെ.ടി ഹുസൈന്‍
അല്‍പകാലം മുമ്പ് ഗുരുതരമായ രോഗത്തിനിരയായിരുന്നതിനാല്‍ റഹ്‌മാന്‍ മൂന്നൂരിന്റെ വേര്‍പാട് അവിചാരിതമാണെന്ന് പറഞ്ഞുകൂടാ. ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിന് വിലമതിക്കാനാകാത്ത സേവനം ചെയ്ത ആ മഹാ മനീഷിയെ തന്റെ അറുപത്തി ഒന്നാം വയസ്സില്‍ നാഥന്‍ തന്റെ ചാരത്തേക്ക് തിരിച്ചുവിളിച്ചുവെന്ന് കരുതിയാല്‍ മതി.
പി.ടി എന്ന രണ്ടക്ഷരത്തില്‍ സുഹൃത്തുക്കള്‍ക്കിടയിലും റഹ്‌മാന്‍ മൂന്നൂര്‍ എന്ന് വായനക്കാര്‍ക്കിടയിലും സുപരിചിതനായ പാറക്കാംതൊടി അബ്ദുര്‍റഹ്‌മാന്‍ ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ഗ്രന്ഥകാരനും വിവര്‍ത്തകനും പാട്ടെഴുത്തുകാരനും കഥാകൃത്തും നാടക രചയിതാവും എല്ലാമായിരുന്നു. ഇങ്ങനെ വൈജ്ഞാനിക സാഹിത്യത്തിന്റെ യും സര്‍ഗ സാഹിത്യത്തിന്റെയും മണ്ഡലങ്ങളില്‍ വ്യാപരിച്ച പി.ടിയെ പോലെ അധികം പേര്‍ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിലില്ല. അതുകൊണ്ടുതന്നെ അച്ചടി, ശ്രാവ്യ മേഖലകളില്‍ കേരള ജമാഅത്തെ ഇസ്‌ലാമി ആരംഭിച്ച അധിക സംരംഭങ്ങളുടെയും തലപ്പത്ത് പി.ടിയുണ്ടായിരുന്നു. പ്രബോധനം സബ് എഡിറ്റര്‍, ബോധനം എക്സിക്യൂട്ടീവ് എഡിറ്റര്‍, ആരാമം എഡിറ്റര്‍, വിജ്ഞാന കോശം അസോസിയേറ്റ് എഡിറ്റര്‍, ഐ.പി.എച്ച് എഡിറ്റര്‍, ധര്‍മ്മധാരാ കോ-ഓര്‍ഡിനേറ്റര്‍, സൗത്ത് വിഷന്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം പി.ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഒട്ടനവധി മഹാ പ്രതിഭകളെ വൈജ്ഞാനിക കേരളത്തിന് സംഭാവന ചെയ്ത ശാന്തപുരം ഇസ്‌ലാമിയാ കോളേജ് തന്നെയാണ് പി.ടിയുടെയും പരിശീലന കളരി. ഇസ്‌ലാമിക വിഷയത്തില്‍ എഫ്.ഡി ബിരുദത്തോടൊപ്പം യൂനിവേഴ്‌സിറ്റി ബിരുദം കൂടി ശാന്തപുരം ഇസ്‌ലാമിയാ കോളേജ് നല്‍കി തുടങ്ങിയ ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് പി.ടി. ശാന്തപുരം പഠനശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കൂടി നേടിയ ശേഷമാണ് പി.ടി പ്രബോധനത്തിലൂടെ പത്ര പ്രവര്‍ത്തന ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് എഴുത്തും പഠനവും സര്‍ഗ പ്രവൃത്തിയുമല്ലാത്ത മറ്റൊരു ജീവിതം പി.ടിക്കില്ല. സ്റ്റേജുകളിലും ആക്റ്റിവിസത്തിന്റെ തെരുവുകളിലും അധികം കാണപ്പെടാത്ത റഹ്‌മാന്‍ മുന്നൂര് പക്ഷേ തന്റെ ഈടുറ്റ രചനകളിലൂടെയും തെരുവുകളെ പല തവണ പ്രചോദിപ്പിച്ച പാട്ടുകളിലൂടെയും എന്നും അനശ്വരനായിരിക്കുമെന്നുറപ്പാണ്. കൂടാതെ അദ്ദേഹത്തെ അനശ്വരനാക്കുന്ന മറ്റൊന്ന് അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ ജീവിതമാണ്. ആര്‍ക്കും യാതൊരു അലോസരവും ഉണ്ടാക്കാതെ എല്ലാവരോടും നല്ല നിലയില്‍ മാത്രം വര്‍ത്തിച്ച ഒരു ദര്‍വീശീ ജീവിതമായിരുന്നു പി.ടിയുടേത്. പി.ടിയെ അബ്ദുര്‍റഹ്‌മാന്‍ സാഹിബ് എന്നാരെങ്കിലും വിളിച്ചിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. കാരണം പി.ടിയുമായി ഇടപഴകുന്ന ആരുമായും അത് പ്രായത്തിലും അറിവിലും പി.ടിയേക്കാള്‍ എത്രയോ താഴേ ആണെങ്കിലും അവരും പി.ടിയും തമ്മില്‍ 'സാഹിബിന്റെ' ഒരകലം ഉണ്ടായിരുന്നില്ല. അവര്‍ക്ക് റഹ്‌മാന്‍ മൂന്നൂര് പി.ടി മാത്രമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും പി.ടി പുലര്‍ത്തിയ അടുപ്പമാണ് അതിലൂടെ തെളിയുന്നത്. ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കലവറ കൂടാതെ പി.ടി പ്രോത്സാഹിപ്പിച്ചു. എഴുത്തില്‍, വിവര്‍ത്തനത്തില്‍, പാട്ടെഴുത്തില്‍, പാടുന്നതില്‍, എഡിറ്റിംഗില്‍ പലരുടെയും വളര്‍ച്ചയുടെ പടവില്‍ ഗുരുസ്ഥാനീയനായി പി.ടി ഉണ്ടായിരുന്നു. ഈ കുറിപ്പുകാരനും പി.ടിയുടെ ശിക്ഷണത്തില്‍ വിവര്‍ത്തനം പഠിച്ചയാളാണ്.
സ്വന്തം നാട്ടില്‍ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയായിരുന്നു പി.ടിയുടെ ജീവിതം. പുറത്തെ പൊതുജീവിതത്തില്‍ പി.ടി അധികമുണ്ടായിരുന്നില്ല എന്ന് പറഞ്ഞല്ലോ. എന്നാല്‍, ജന്മനാടിന്റെ പൊതു ജീവിതത്തില്‍ പി.ടി നിറസാന്നിധ്യമായിരുന്നു. ഒരു കുഗ്രാമമായ സ്വന്തം നാടിനെ പേരിനോട് ചേര്‍ത്ത് അനശ്വരമാക്കിയ പി.ടി മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലും നാടിന്റെ പൊതുവായ കാര്യങ്ങളിലുമെല്ലാം വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി സജീവമായിരുന്നു. അവിടെയും തന്റെ സഹജഭാവമായ വിനയവും സല്‍പെരുമാറ്റവും അദ്ദേഹം നിലനിര്‍ത്തി. ജമാഅെത്ത ഇസ്ലാമിക്കാരന്‍ എന്ന നിലയില്‍ പി.ടിയുടെ ആശയങ്ങളോട് വിയോജിപ്പ് ഉണ്ടായിട്ടും പള്ളിയില്‍ ജനാസയെ സാക്ഷിനിര്‍ത്തി പി.ടിയെ കുറിച്ച് മഹല്ല് ഖത്വീബ് നടത്തിയ പത്ത് മിനിറ്റ് അനുസ്മരണ പ്രഭാഷണം കേട്ട ആരും, ഹാ മരണം എത്ര സുന്ദരം എന്നു പറഞ്ഞുപോകും.
അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമാണ് എഴുത്തുകാരന്‍ എന്ന നിലയിലുള്ള പി.ടിയുടെ ഏറ്റവു വലിയ കൈമുതല്‍. ഇസ്‌ലാമിക സ്വൂഫിസത്തിലും ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തിലും ഖുര്‍ആനിലുമെല്ലാം പി.ടിക്ക് പ്രത്യേക പാടവമുണ്ടായിരുന്നു. വെറുതെ എഴുതുന്ന ശീലം പി.ടിക്കില്ലായിരുന്നു. നന്നായി പഠിച്ചും മനനം ചെയ്തും മാത്രമേ പി.ടി എന്തും എഴുതൂ. ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ തസ്വവ്വുഫ്, ഇസ്‌ലാമിക സൗന്ദര്യശാസ്ത്രം, ഇസ്‌ലാമിക സാഹിത്യം, മൗലാനാ മൗദൂദി തുടങ്ങിയ പ്രൗഢമായ പല ലേഖനങ്ങളും പി.ടിയുടേതാണ്. പി.ടി പത്രാധിപരായി പുറത്തിറക്കിയിരുന്ന ബോധനം ത്രൈമാസിക ഒരു ഇസ്‌ലാമിക ഗവേഷണ ജേര്‍ണലിന്റെ നല്ലൊരു മാതൃകയായിരുന്നു. സാഹിത്യകാരനായ എന്‍.പി മുഹമ്മദ് അതിനെ അഭിനന്ദിച്ച് ബോധനത്തില്‍ തന്നെ എഴുതിയത് ഓര്‍ക്കുന്നു. റശാദ് ഖലീഫ കണ്ടെത്തി എന്നവകാശപ്പെട്ട് ഖുര്‍ആനിലെ പത്തൊമ്പത് എന്ന സംഖ്യയെ കുറിച്ച് മുട്ടേണിശ്ശേരിയില്‍ കോയാക്കുട്ടി മൗലവിയുമായി പ്രബോധനത്തിലൂടെ പി.ടി നടത്തിയ സംവാദവും പി.ടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്.