എല്‍ജിബിടിയില്‍ എല്ലാവരും ഒരുപോലെയല്ല
ഡോ. ജാവേദ് ജമീല്‍
എല്‍.ജി.ബി.ടിക്കാരുടെ പ്രശ്‌നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണ്. എന്നാലും വിപണി ശക്തികള്‍ അവര്‍ എല്ലാവരെയും ഒന്നായാണ് ആനയിക്കുക. അവര്‍ക്കിടയില്‍ സമാനമായി എന്തെങ്കിലുമുണ്ടെങ്കില്‍ അവരില്‍ പ്രവര്‍ത്തിക്കുന്ന വിപണി ശക്തികളുടെ താല്‍പര്യങ്ങള്‍ മാത്രമാണ്. ലെസ്ബിയനുകളും ഗേമാരും ട്രാന്‍സ്ജന്ററുകളും ഉഭയരതിക്കാരുമെല്ലാം കൂടി എല്‍.ജി.ബി.ടി എന്ന ഒറ്റ സമൂഹത്തില്‍ സ്വയം സംഘടിച്ചിരിക്കുകയാണ്. ലോകത്തുടനീളം അവര്‍ വിപുലമായൊരു പ്രവര്‍ത്തന ശൃംഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിപണിയുടെ താല്‍പര്യങ്ങള്‍ എന്നുമെന്നപോലെ, അവര്‍ക്കാവശ്യമായ പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്നു. ഒന്നിനു പിറകെ മറ്റൊന്നായി ഓരോ രാജ്യത്തും ശക്തമായ വാദങ്ങളിലൂടെയും സ്ഥിതിഗതികള്‍ നിരന്തരം സാധാരണവല്‍ക്കരിച്ചും സ്ഥാപനവല്‍ക്കരിച്ചും നിയമസാധുത നല്‍കിയും ഈ സമൂഹത്തിന്റെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു; വിപണി താല്‍പര്യങ്ങളുടെ വളര്‍ച്ചയാകട്ടെ അതിനേക്കാള്‍ അതിദ്രുതവുമാണ്.
തീര്‍ച്ചയായും ഗേ (പുരുഷ പ്രണയി) വിഭാഗമാണ് മുന്‍പന്തിയില്‍. തങ്ങളിലൂടെ പുരുഷ പങ്കാളികളെയും സന്താനങ്ങളെയും ലഭ്യമാക്കാനുള്ള സ്ത്രീകളുടെ അവകാശം അതിര്‍ലംഘനം നടത്തി സ്വന്തം പ്രസ്ഥാനത്തെ നിരപ്പാക്കിക്കളഞ്ഞേക്കുമോ എന്ന് ഗേമാര്‍ ഭയപ്പെട്ടു. അതുകൊണ്ടാണ് ലെസ്ബിയനിസത്തിന് (പെണ്‍പ്രണയം) അവര്‍ പ്രചാരം നല്‍കിയത്. ലെസ്ബിയനിസത്തിന് അംഗീകാരവും ജനപ്രിയതയും ലഭ്യമായതോടെ സ്ത്രീ സമത്വത്തിന് ഉറപ്പു കിട്ടി. ഗേമാരും ലെസ്ബിയനിസവും ടൂറിസത്തെയും രതിയെയും സഹായിക്കുമ്പോള്‍ (അവരില്‍നിന്നൊഴിവാക്കപ്പെട്ട) ട്രാന്‍സ്‌ജെന്ററുകള്‍ (അപര ലിംഗര്‍) വൈദ്യ വ്യവസായത്തിന് പ്രത്യേക താല്‍പര്യമുള്ളവരായി. വന്‍കിട വ്യവസായത്തെ സംബന്ധിച്ചേടത്തോളം നപുംസകങ്ങള്‍ താരതമ്യേന ചെറിയൊരു കച്ചവടച്ചരക്കായിരുന്നു. എങ്കിലും എല്‍.ജി.ബി.ടി സമൂഹത്തിന് സഹാനുഭൂതി നേടിക്കൊടുക്കാന്‍ അവര്‍ സഹായിക്കുകയുണ്ടായി.
എല്‍.ജി.ബി.ടിയിലെ ഓരോ ഘടകവും അവര്‍ ഉരുവംകൊണ്ട വഴിയുടെ വ്യവസ്ഥകളിലായാലും അവര്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ കാര്യത്തിലായാലും വ്യത്യസ്തങ്ങളത്രെ. 'ഇക്കണോമിക്‌സ് ഫസ്റ്റ് ഓര്‍ ഹെല്‍ത്ത് ഫസ്റ്റ്' എന്ന പുറത്തിറങ്ങാനിരിക്കുന്ന എന്റെ പുസ്തകത്തില്‍ ഈ വിഷയം ഞാന്‍ വിസ്തരിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഇരകളായ നപുംസകങ്ങള്‍
നപുംസകങ്ങളുടെ വിഷയം തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നപുംസകങ്ങള്‍ വലിയ പ്രശ്‌നം നേരിടുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കൗമാരത്തില്‍ തന്നെ തട്ടിക്കൊണ്ടു പോകപ്പെടുകയും പുരുഷ ലിംഗം ഛേദിക്കപ്പെട്ട് നപുംസകങ്ങളായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തവരാണ്. 'മനുഷ്യാവകാശം അപഹരിക്കപ്പെട്ട ഇന്ത്യന്‍ നപുംസകങ്ങള്‍' (Eunuchs of India - Deprived of Human Rights) എന്ന ശീര്‍ഷകത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ഷോമ എ. ചൗധരി പറയുന്നു:
''എങ്ങനെ ഒരു നപുംസകം നിര്‍മിക്കപ്പെടുന്നു എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ബി.വി സുബ്രഹ്‌മണ്യം 1990-ല്‍ ഒരു പ്രബന്ധം എഴുതുകയുണ്ടായി. മിക്ക നപുംസകങ്ങളും ബലാല്‍ക്കാര വരിയുടക്കലിന്റെ (Castration) ഫലമാണെന്നാണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ പ്രാകൃതമായ രീതിയാണ് ശസ്ത്രക്രിയക്ക് സ്വീകരിക്കുന്നത്. ഒട്ടും ശുചിത്വമില്ലാത്ത സ്ഥലത്ത് വെച്ചു നടത്തപ്പെടുന്ന ഈ പ്രക്രിയ ആരോഗ്യത്തിന് ഏറ്റവും ഹാനികരവുമാണ്. സാധാരണ സ്ഥിതിയില്‍ ജനിക്കുന്ന ആണ്‍കുട്ടികളുടെ ലൈംഗികാവയവം തിളച്ച എണ്ണയില്‍ മുക്കിയ കത്തികൊണ്ട് ഛേദിക്കുകയാണ് ചെയ്യാറ്. മുറിവ് ഡ്രസ്സ് ചെയ്ത ശേഷം ആണിയുമായി കോര്‍ത്ത ഒരു ചരട് അരയില്‍ കെട്ടി കമ്പ് കൊണ്ട് തുരക്കുന്നു. മരുന്ന് വെച്ച് കെട്ടുന്ന ആ ഭാഗം ക്രമത്തില്‍ കാഴ്ചയില്‍ സ്ത്രീയുടെ ജനനേന്ദ്രിയം പോലെ തോന്നിക്കും. ലിംഗഛേദം നടത്തുന്ന സംഭവങ്ങളില്‍ പുരുഷ ഹോര്‍മോണുകള്‍ സ്ഥിതി ചെയ്യുന്ന വൃഷണങ്ങള്‍ നീക്കം ചെയ്യുന്നതിനാല്‍ സ്തനങ്ങള്‍ വികസിക്കുന്നതായി സുബ്രഹ്‌മണ്യത്തിന്റെ പ്രബന്ധം പറയുന്നു. സ്ത്രീ ഹോര്‍മോണുകള്‍ പ്രവര്‍ത്തനാമാരംഭിക്കുന്നതോടെ മുഖ രോമങ്ങളുടെ വളര്‍ച്ച പോലുള്ള ദ്വിതീയ ഘട്ട ലൈംഗിക പ്രകൃതങ്ങള്‍ നിയന്ത്രിക്കപ്പെടും. അതുപോലെതന്നെ ശബ്ദമാറ്റവും സംഭവിക്കും. വൃഷണഛേദം നടത്തിയാലും ഇല്ലെങ്കിലും നപുംസകങ്ങളുടെ ലൈംഗിക വികാരത്തിന് ഹാനിയൊന്നും സംഭവിക്കുന്നില്ല. അംഗീകൃതമോ അല്ലാത്തതോ ആയ പരിധിക്കകത്ത് ഗാഢബന്ധങ്ങളുണ്ടാക്കാന്‍ പറ്റാത്തതിനാല്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത നപുംസകങ്ങള്‍ വേശ്യാവൃത്തിയിലേക്ക് എത്തിപ്പെടുന്നു. വിവേചനരഹിതമായ അവരുടെ ലൈംഗിക ജീവിതം കാരണം ഇവര്‍ എച്ച്.ഐ.വി അണുവാഹകരാകാനുള്ള സാധ്യത ഏറെയാണെന്ന് സുബ്രഹ്‌മണ്യം താക്കീത് നല്‍കുന്നു. മുംബൈയിലെ കുപ്രസിദ്ധ ചുവന്ന തെരുവുകളിലൊന്നായ ശുക്ലാജി സ്ട്രീറ്റിലെ ഗല്ലി നമ്പര്‍ 1 പൂര്‍ണമായും നപുംസകങ്ങളുടെ കേന്ദ്രമത്രെ.''
സാഹചര്യങ്ങളുടെ നിര്‍ബന്ധത്താല്‍ വേശ്യാവൃത്തി സ്വീകരിക്കേണ്ടി വന്ന നപുംസകങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സുബ്രഹ്‌മണ്യത്തിന്റെ പഠനം തുടര്‍ന്ന് പറയുന്നത് കാണുക:
''15 വര്‍ഷം മുമ്പ് മുംബൈയിലെ ചേരി പ്രദേശങ്ങളിലൊന്നായ ഭന്ദൂപില്‍ പൊടുന്നനെ നടന്ന ഒരു റെയ്ഡില്‍ പിടിയിലായവരില്‍ പലരും നപുംസകങ്ങളായിരുന്നു. വളഞ്ഞു പിടിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ അവരില്‍ പലരുടെയും ശരീരത്തില്‍ ആഴത്തിലുള്ള വ്രണങ്ങളും സിഗരറ്റ് കൊണ്ടുള്ള പൊള്ളലുകളും അടിയുടെ പാടുകളും കാണപ്പെട്ടു. മിക്കവരും സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും സ്ഥിരം ജോലിയില്ലാത്തവരായിരുന്നു. പോലീസിന്റെ കാര്യവും ഈ വിഷയത്തില്‍ ഒട്ടും മോശമല്ല. 'ഹഫ്ത' (വാരാന്ത വിഹിതം) നല്‍കാത്ത നപുംസകങ്ങള്‍ക്ക് പോലീസിന്റെ മര്‍ദനമായിരുന്നു ഫലം. പിടിച്ചു പറിക്കുന്ന മുതലുകള്‍ ഭാഗിക്കപ്പെടുമ്പോള്‍ അവര്‍ വസ്ത്രത്തിനും പണത്തിനുമായി പരസ്പരം തല്ലുകൂടുമായിരുന്നു. സാധാരണ മനുഷ്യരോട് അവര്‍ക്ക് നീരസമൊന്നുമില്ല. തങ്ങളുടെ ലൈംഗിക ഐഡന്റിറ്റി 'വിധി'യായാണ് അവര്‍ കാണുന്നത്; അത് പൂര്‍ണമായും ശരിയല്ലെന്ന് നമുക്കറിയാമെങ്കിലും. വരിയുടക്കുന്നത് എങ്ങനെയാണ് വിധിയാവുക?''
അതെ, ലിംഗഛേദനവും വരിയുടക്കലും എങ്ങനെയാണ് വിധിയാവുക? എത്ര പ്രസക്തമായ ചോദ്യം! ആശയക്കുഴപ്പമുണ്ടാക്കുന്നതും വേദനാജനകവുമാണ് ഈ ചോദ്യം. ഭരണകൂടത്തിലോ കോടതിയിലോ ഉള്ള ആരും തന്നെ വൃഷണഛേദത്തിന്റെ ഈ 'വിധി' നിര്‍ത്തലാക്കാന്‍ ശ്രമിച്ചു കാണുന്നില്ല. ഹിജഡകള്‍ക്ക് മനുഷ്യാവകാശങ്ങളും, നല്ല വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവസരങ്ങളും, സൗകര്യപ്രദമായ ജീവിതവും നല്‍കേണ്ടതു തന്നെ. പക്ഷഭേദമന്യേ അവരത് അര്‍ഹിക്കുന്നുമുണ്ട്. അതോടൊപ്പം തന്നെ ഇനിയും നപുംസകങ്ങള്‍ സൃഷ്ടിക്കപ്പെടരുതെന്ന് കൂടുതല്‍ പ്രാധാന്യത്തോടെ ഉറപ്പു വരുത്തേണ്ടതുണ്ട്. 'അടിച്ചമര്‍ത്തപ്പെട്ട നപുംസകങ്ങളുടെ മോചനം' (Salvation of Oppressed Eunuchs - SOOE) സര്‍വേ പ്രകാരം ഇന്ത്യയില്‍ നപുംസകങ്ങളുടെ എണ്ണം 1.9 മില്യനോളം വരും (Eunuch Statistics in India, Dr. Piyush Saxena). നിലവിലുള്ള നപുംസകങ്ങള്‍ക്ക് നല്ല ജീവിതം നല്‍കണമെന്നത് മാത്രമല്ല സ്വാഭാവിക നീതിയുടെ ആവശ്യം; നപുംസകങ്ങളെ സൃഷ്ടിക്കുന്നത് സമ്പൂര്‍ണമായും നിരോധിക്കുകയും ആ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും കൂടി ചെയ്യുകയാണ്. കൂടാതെ പണത്തിനു വേണ്ടി നപുംസകങ്ങളായി ഭാവിക്കുന്നവര്‍ക്കെതിരെയും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും വേണം കര്‍ശന നടപടികള്‍. അവരെ ഈ കച്ചവടത്തില്‍നിന്ന് മോചിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും വേണം. വരിയുടക്കല്‍ വിധിയായി കരുതുന്നത് അനുവദിക്കാതിരിക്കുന്ന യജ്ഞത്തിന് ഇന്ത്യ നേതൃത്വം നല്‍കട്ടെ.
ദ്വിലിംഗ വ്യക്തികള്‍
ദ്വിലിംഗ വ്യക്തികള്‍ (Transexuals) ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. ആന്തരമായ ലൈംഗിക വ്യക്തിത്വത്തിന്റെ പ്രകാശനം ഈ പ്രക്രിയയിലൂടെ അവര്‍ക്ക് സാധിതമാകും. ശരീരം വികാരങ്ങളുമായി താദാത്മ്യപ്പെടാന്‍ ഹോര്‍മോണ്‍-സര്‍ജിക്കല്‍ ഇടപെടലിലൂടെയുള്ള വൈദ്യപരിചരണം തേടാറുണ്ട് പലപ്പോഴും. അതുകൊണ്ടാണ് അവര്‍ ദ്വിലിംഗ വ്യക്തികള്‍ എന്ന് വിളിക്കപ്പെടുന്നത്. ശസ്ത്രക്രിയയുടെ മുന്നേറ്റത്തിന് ട്രാന്‍സ്‌ജെന്ററുകള്‍ വന്‍വിപണി സൃഷ്ടിച്ചു കൊടുത്തിട്ടുണ്ട്. ട്രാന്‍സ്‌ജെന്റര്‍ ആരോഗ്യത്തിനായുള്ള ലോകവിദഗ്ധ തൊഴില്‍ സംഘ (വേള്‍ഡ് പ്രഫഷണല്‍സ് അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്ജന്റര്‍ ഹെല്‍ത്ത് - WPATH) ത്തിന്റെ അഭിപ്രായപ്രകാരം വൈദ്യശാസ്ത്രപരമായ അത്യാവശ്യ ലിംഗപുനഃക്രമീകരണ ശസ്ത്രക്രിയകള്‍ പല പ്രക്രിയകളും ഉള്‍പ്പെടുന്നതാണ്. ഭാഗികമായോ പൂര്‍ണമായോ ഉള്ള ഗര്‍ഭപാത്രം നീക്കല്‍ (Hysterectomy), സ്തനശസ്ത്രക്രിയ (Mastectomy), മാറിട വികസനം (Augmentation), ആവശ്യമെങ്കില്‍ കൃത്രിമ സ്തനം ഘടിപ്പിക്കല്‍ (Breast Prostheses), ഓരോ വ്യക്തിക്കും യോജിച്ച വിധം വ്യത്യസ്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗികാവയവം ഘടിപ്പിച്ചു നല്‍കല്‍, മുഖത്ത് നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറികള്‍ ഇങ്ങനെ പലതരം ക്രിയകളിലൂടെ ഈ ശസ്ത്രക്രിയ കടന്നുപോകേണ്ടതുണ്ട്. മുഖത്ത് നടത്തുന്ന വൈദ്യുതിവിശ്ലേഷണം പോലുള്ള ശസ്ത്രക്രിയേതര വൈദ്യപരിചരണങ്ങള്‍ ഇതിനു പുറമെയാണ്.
''വൈദ്യശാസ്ത്രാധിഷ്ഠിതമായി അത്യാവശ്യമായ ഈ ശസ്ത്രക്രിയാവ്യൂഹം ട്രാന്‍സ് വുമണിനും (പുരുഷന്‍ സ്ത്രീയായി മാറല്‍) ട്രാന്‍സ്‌മെനിനു(സ്ത്രീ പുരുഷനായി മാറല്‍)മിടയില്‍ വ്യത്യസ്തമാണ്. പുരുഷന്‍ സ്ത്രീയായി മാറുന്ന കേസില്‍ ലൈംഗികാവയവ പുനഃസൃഷ്ടി സാധാരണ ഗതിയില്‍ യോനീ നിര്‍മാണം ഉള്‍പ്പെടുന്നതാണ് ശസ്ത്രക്രിയ. സ്ത്രീ പുരുഷനായി മാറുന്ന കേസിലാകട്ടെ ഫലോപ്ലാസ്റ്റി (Phalloplasty), മെറ്റയോഡിയോപ്ലാസ്റ്റി (Metiodioplasty) എന്നീ പേരിലറിയപ്പെടുന്ന പുരുഷലിംഗം വെച്ചുപിടിപ്പിക്കല്‍ നടക്കുന്നു. രണ്ടു കേസുകളിലും വൈദ്യസംബന്ധമായ മറ്റ് ചില അനുബന്ധക്രിയകളും ആവശ്യമായി വന്നേക്കും. ഒന്നോ രണ്ടോ വൃഷണ മണികള്‍ നീക്കല്‍ (Orchiectomy), ഭാഗികമോ പൂര്‍ണമോ ആയ യോനീ നീക്കല്‍ (Vaginectomy) പോലെ. ലിംഗമാറ്റ ശസ്ത്രക്രിയ പ്രഫഷണലുകളുടെ ലോക സംഘടന ചൂണ്ടിക്കാട്ടുന്ന ഈ വിശദാംശങ്ങളില്‍നിന്ന് ഈ പ്രക്രിയയുടെ വൈപുല്യവും സങ്കീര്‍ണതയും ചെലവും വ്യക്തമായും മനസ്സിലാക്കാവുന്നതാണ്. ലിംഗമാറ്റ ശസ്ത്രക്രിയ താരതമ്യേന പുതിയതാകയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വെളിവാകാന്‍ ദശകങ്ങള്‍ കഴിയേണ്ടിവരും. ട്രാന്‍സ്‌ജെന്ററുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അവരുടെ പ്രസ്ഥാനവും പെരുകിക്കൊണ്ടിരിക്കും. ഹോര്‍മോണ്‍-ശസ്ത്രക്രിയാ ഇടപെടലുകളിലൂടെ പൂര്‍ണമായും അസ്വാഭാവിക വ്യക്തികളായി മാറ്റുന്നതിനേക്കാളുപരി സാധാരണ പ്രകൃതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ പരിചരണം ലഭിക്കേണ്ട മനോരോഗികളായാണ് ഇവരെ കാണേണ്ടത്.
ശസ്ത്രക്രിയവഴി അവരുടെ Y ക്രോമസോം X ക്രോമസോമോ തിരിച്ചോ ആക്കാന്‍ സാധ്യമല്ല. ആളുകളുടെ വ്യക്തിത്വത്തിന് ശാശ്വതമായ വിനയുണ്ടാക്കുന്ന അസ്വാഭാവിക മാര്‍ഗങ്ങളാണിവ.
'പിങ്ക് മണി'
എല്‍.ജി.ബി.ടി അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. എല്‍.ജി.ബി.ടിയുടെ ക്രയശേഷി വിശേഷിപ്പിക്കപ്പെടുന്നത് 'പാടലവര്‍ണ പണം' (Pink Money) എന്നാണ്. ഗേ അവകാശ പ്രസ്ഥാനത്തിന്റെ ഉയിര്‍പ്പോടെ യു.എസ്, യു.കെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പല ഭാഗങ്ങളിലും 'പിങ്ക് മണി' അരികുവല്‍ക്കരിക്കപ്പെട്ട വിപണിയില്‍നിന്ന് ഒരു വന്‍ വ്യവസായമായി വളര്‍ന്നിട്ടുണ്ടെന്നാണ് ഇതു സംബന്ധമായി വന്ന ഒരു ലേഖനത്തില്‍ കാണുന്നത്: ''ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പല ബിസിനസ്സുകളുമുണ്ട് ഇന്ന്. നിശാ ക്ലബുകള്‍, ഷോപ്പുകള്‍, ഭോജനശാലകള്‍ മുതല്‍ ടാക്‌സികാബുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. പരമ്പരാഗത വ്യാപാരവൃത്തങ്ങളില്‍നിന്ന് നേരിടുന്ന വിവേചനമാണ് ഈ സേവനങ്ങള്‍ ആവശ്യമാക്കിത്തീര്‍ത്തതെന്നാണ് ഇതിന് നല്‍കപ്പെടുന്ന ന്യായീകരണം. 1998-ല്‍ ലോകാടിസ്ഥാനത്തിലുള്ള 'പിങ്ക് മണി'യുടെ മൂല്യം 560 ബില്യന്‍ ഡോളറായിരുന്നു. വിനോദം, ഉപഭോക്തൃ വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ളതായിരുന്നു ഈ വരുമാനം. 790 ബില്യന്‍ ഡോളറായിരുന്നു 2012-ല്‍ കണക്കാക്കപ്പെട്ട ക്രയശേഷി. ഹോര്‍മോണ്‍ തെറാപ്പി, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ വഴിക്കുള്ള പണക്കൊയ്ത്ത് ഇതില്‍നിന്ന് ഒഴിവാകാനാണ് സാധ്യത.
ഇതേ ലേഖനം തന്നെ തുടര്‍ന്നു പറയുന്നു: ''പിങ്ക് മണിയുടെ സാമ്പത്തിക ശക്തി ഗേ സമൂഹത്തിന് അനുകൂലമായ ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. അത് ഒരുതരം സാമ്പത്തിക സ്വയം തിരിച്ചറിയല്‍ (Financial Self Identification) സൃഷ്ടിക്കുന്നുണ്ട്. തങ്ങളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന ഒരു തോന്നലുണ്ടാക്കാന്‍ ഇത് അവരെ സഹായിക്കുന്നു. 90 ശതമാനം ഗേ വിഭാഗവും 'പിങ്ക് മണി' ലക്ഷ്യമാക്കുന്ന ബിസിനസ്സിനെ പിന്തുണക്കുന്നവരാണ്. 'ഗേ വിരുദ്ധ' കമ്പനികളെ ബഹിഷ്‌കരിക്കുന്നതില്‍ സജീവരുമാണവര്‍. യു.എസിലും യു.കെയിലും ചില യൂറോപ്യന്‍ നാടുകളിലും മാത്രം പരിമിതമല്ല ഇത്. ലാറ്റിന്‍ അമേരിക്കയിലെ ഗണ്യമായ ഭാഗത്തും ഏഷ്യന്‍ ഭാഗത്തും കൂടി വ്യാപകമാണ് ഈ അവസ്ഥ. ഇതിലൂടെ വര്‍ഷംതോറും സമ്പാദ്യത്തില്‍ വര്‍ധനവുണ്ടാകുന്നു. ഒപ്പം വ്യാപാരത്തില്‍ വൈവിധ്യവല്‍ക്കരണവും നടക്കുന്നുണ്ട്.''
എല്‍.ജി.ബി.ടി ടൂറിസം
എല്‍.ജി.ബി.ടി ടൂറിസമാണ് മറ്റൊരു രംഗം. ഇതു സംബന്ധമായ റിപ്പോര്‍ട്ടില്‍നിന്നുള്ള ഒരു ഭാഗം കാണുക:
''ലോകത്തിലെ മുന്‍നിര എല്‍.ജി.ബി.ടി ടൂറിസം അസോസിയേഷന്‍ പുറത്തിറക്കിയ ലോക ട്രാവല്‍മാര്‍ക്കറ്റിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എല്‍.ജി.ബി.ടി വിഭാഗം ടൂറിസത്തിന് ചെലവഴിച്ച സംഖ്യ 2014-ല്‍ ഇതാദ്യമായി 200 ബില്യന്‍ യു.എസ് ഡോളര്‍ കവിഞ്ഞതായി ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും മുകളിലുള്ള 20 എല്‍ജിബിടി ടൂറിസം വിപണികളില്‍ ചെലവഴിക്കപ്പെടുന്ന വാര്‍ഷിക സംഖ്യ പുതിയ എല്‍.ജി.ബി.ടി ഡാറ്റ പ്രകാരം 202 ബില്യന്‍ യു.എസ് ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവ യു.എസിലും (56.5 ബില്യന്‍ ഡോളര്‍) ബ്രസീലിലുമുള്ള വിപണികളാണ്. ആഗോള എല്‍.ജി.ബി.ടി ട്രാവല്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചും എല്‍.ജി.ബി.ടി സമൂഹവുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കുന്നതിനെ കുറിച്ചും വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റി(WTM)ല്‍ ചര്‍ച്ച നടക്കുകയുണ്ടായി. എല്‍.ജി.ബി.ടി ടൂറിസം വ്യയം 202 ബില്യന്‍ ഡോളര്‍ കടന്നിരിക്കുന്നു എന്നത് തീര്‍ച്ചയായും മഹത്തായൊരു സംഗതിയാണ്. എന്നാല്‍ ഈ വ്യവസായം ഇനിയും നിരവധി വെല്ലുവിളികളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നാണ് വേള്‍ഡ് ടൂറിസം മാര്‍ക്കറ്റ് വക്താവ് ജോണ്‍സണ്‍ പറയുന്നത്: 'സ്റ്റാഫ് ട്രെയ്‌നിംഗ് വളരെ അത്യാവശ്യമത്രെ. തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത എല്‍.ജി.ബി.ടി ഉപഭോക്തൃ വിപ്ലവത്തിന്റെ വേഗത്തിനനുസൃതമായി പ്രവര്‍ത്തനക്ഷമമായ സ്റ്റാഫ്, ട്രാവല്‍ വ്യവസായത്തിനുണ്ടാകേണ്ടതുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് കമ്യൂണിറ്റിയിലെ എല്ലാ മെമ്പര്‍മാരും ഇപ്പോള്‍ എല്‍.ജി.ബി.ടി അതിഥികള്‍ക്ക് കസ്റ്റമര്‍ സര്‍വീസും മെച്ചപ്പെട്ട ധാരണയും നല്‍കാന്‍ സഹായകമാംവിധം പരിധിയില്ലാത്ത ഓണ്‍ലൈന്‍ സ്റ്റാഫ് പരിശീലനം നേടിക്കൊണ്ടിരിക്കുകയാണെന്നതില്‍ തികച്ചും സന്തുഷ്ടരാണ് ഞങ്ങള്‍.''
ഗേമാരും ലെസ്ബിയനുകളും
പ്രകൃത്യായുള്ള ശാരീരിക ധര്‍മമനുസരിച്ചാണ് സ്ത്രീകളും പുരുഷന്മാരും പ്രവര്‍ത്തിക്കുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ സ്വവര്‍ഗരതി ആസക്തി സ്വാഭാവികമായും കുറവാണെന്നാണ് കരുതപ്പെടുന്നത്. കണക്കുകള്‍ സ്ഥിരീകരിക്കുന്നതും അതു തന്നെ. പുരുഷന്മാരില്‍ ഗേകള്‍ കൂടും. സ്ത്രീകളിലാകട്ടെ ദ്വിലിംഗികളാണ് (Bisexuals) കൂടുതല്‍. ജീവശാസ്ത്രപരമായി പുരുഷന് സ്രവണത്തിനപ്പുറം സന്താനോല്‍പ്പാദനത്തില്‍ മറ്റ് അധിക ധര്‍മങ്ങളൊന്നുമില്ല. എന്നാല്‍ ഗര്‍ഭധാരണത്തിനും പ്രസവത്തിനും മുലയൂട്ടലിനും സ്ത്രീകള്‍ക്ക് പുരുഷബീജം ആവശ്യമത്രെ. അവരുടെ പ്രകൃതിദത്തമായ അഭിലാഷങ്ങള്‍ സ്വാഭാവികമായും ആ ഒരു പങ്ക് വഹിക്കുന്നതിന് വ്യവസ്ഥാനുകൂലനം ചെയ്യപ്പെട്ടതാണ്. ലെസ്ബിയനിസത്തില്‍ ലൈംഗികാവയവത്തിന്റെ അന്തര്‍ഗമനമോ (Penetration) ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള ഇന്ദ്രിയസ്രവണമോ സംഭവിക്കുന്നില്ല. അതുകൊണ്ടാണ് താമസിയാതെ അവര്‍ ദ്വിലിംഗി (Bisexual) കളോ ശരിയായ കൗണ്‍സലിംഗ് ലഭിക്കുമ്പോള്‍ എതിര്‍ലിംഗാഭിമുഖ്യമുള്ളവരോ (Hetrosexuals) ആയി മാറുന്നത്. അവര്‍ രതിജന്യ പകര്‍ച്ചാവ്യാധികള്‍ക്കിരയാകുന്ന സംഭവവും ദ്വിലിംഗികളാകാത്തപക്ഷം വിരളമത്രെ. ദീര്‍ഘകാലം ലെസ്ബിയനുകളായി തുടരുക അവരെ സംബന്ധിച്ചേടത്തോളം പ്രയാസകരമാണ്; സാഹചര്യങ്ങളുടെ നിര്‍ബന്ധമോ പ്രലോഭനമോ ഇല്ലാത്ത പക്ഷം. എന്നാല്‍ ഗേകളുടെ സ്ഥിതി ഭിന്നമാണ്. എതിര്‍ലിംഗ തല്‍പരരി (Hetrosexuals) ല്‍നിന്ന് ഭിന്നമായ ഒരുതരം രതിയോട് ആസക്തി പ്രകടിപ്പിക്കുന്നുണ്ട് അവര്‍. ഒരിക്കലതിന് അടിപ്പെട്ടാല്‍ അതില്‍നിന്ന് മുക്തി നേടുക ദുഷ്‌കരമാണ്. ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിപ്പെട്ടവരെപ്പോലെയാണ് അവരുടെ സ്ഥിതി. അവര്‍ക്ക് കൗണ്‍സലിംഗ് മാത്രം മതിയാവുകയില്ല. ഈ ആസക്തിയില്‍നിന്ന് അവരെ മോചിപ്പിക്കണമെങ്കില്‍ സാമൂഹികവും നിയമപരവുമായ സമ്മര്‍ദങ്ങളും ലൈംഗികമായ ഒറ്റപ്പെടുത്തലും വേണ്ടിവരും. ഇത്തരം രതിസംപൂര്‍ത്തിയിലൂടെ ഭാര്യയെയും സന്താനങ്ങളെയും പരിപാലിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാം എന്നതിനാല്‍ അതവര്‍ ആസ്വദിക്കുന്നുണ്ട്. ഒരു ഒറ്റയാനെപ്പോലെ ഒരു കുടുംബനാഥന് അരാജകമായ ലൈംഗിക ജീവിതം നയിക്കാനാവുകയില്ല. അച്ചടക്കമില്ലാത്ത ലൈംഗിക ജീവിതം (Promisuty) എതിര്‍ലിംഗ തല്‍പരരേക്കാള്‍ ഗേകളിലാണ് കൂടുതല്‍. സൗന്ദര്യവും രതിയുമടക്കം എല്ലാതരം ആസക്തികളുടെയും വ്യാപാരികളുടെ അജണ്ടയില്‍ മുഖ്യസ്ഥാനമലങ്കരിക്കുന്നതാണ് കുടുംബസംവിധാനത്തിന്റെ ഈ തകര്‍ച്ച
ട്രാന്‍സ്ജന്ററുകള്‍ വ്യത്യസ്തം
എല്‍.ജി.ബി.ടിയിലെ ഓരോരുത്തരുടെയും വിഷയം വേറിട്ടു വേണം നിയമം കൈകാര്യം ചെയ്യാന്‍. പുതിയ നപുംസകങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരമോന്നത കോടതി ഗവണ്‍മെന്റിന് കര്‍ശന നിര്‍ദേശം നല്‍കണം. സ്വവര്‍ഗരതി സ്ഥാപനവല്‍ക്കരിക്കാനും ജനപ്രിയമാക്കാനും വ്യാപാരവല്‍ക്കരിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും തടയാനുള്ള കര്‍ശന നിര്‍ദേശവും സുപ്രീം കോടതി സര്‍ക്കാരിന് നല്‍കണം. ഗേകളെയും ലെസ്ബിയനുകളെയും ജയിലിലടക്കുന്നതിനു പകരം നിശ്ചിതകാലം കൗണ്‍സലിംഗ് സെന്ററുകളിലേക്കയക്കാന്‍ നിര്‍ദേശിക്കുന്നതും അഭികാമ്യമായിരിക്കും. സ്വവര്‍ഗരതിയെ പൊടുന്നനെ കുറ്റമുക്തമാക്കിയതിലൂടെ, ആഘോഷിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ട ഒരു സംഗതിയായി മാറിയിരിക്കുകയാണത്. അധികം താമസിയാതെ ഗേ ക്ലബുകളും ടൂറിസവും തഴച്ചുവളരും. മാധ്യമങ്ങള്‍ അതിന് വളം വെച്ചുകൊടുക്കും. അതോടെ ഏതാനും ദശകങ്ങള്‍ക്കകം ഗേ സമൂഹം വമ്പിച്ചൊരു ആരോഗ്യ സാമൂഹ്യ പ്രശ്‌നമായി മാറും. പക്ഷേ, പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളുമെല്ലാം അടിമുടി വ്യാപാരവല്‍ക്കരിക്കപ്പെടുന്ന ഒരു ലോകത്ത് ജീവിതത്തിനും ജീവിതത്തിന്റെ ആരോഗ്യത്തിനും വ്യക്തികളുടെ സമാധാനത്തിനും കുടുംബത്തിനും സാമൂഹിക ജീവിതത്തിനും ശ്രദ്ധകൊടുക്കാന്‍ ആരുണ്ടാകാനാണ്!
('മുസ്‌ലിം വിഷന്‍ ഓഫ് സെക്യുലര്‍ ഇന്ത്യ', 'ദി കില്ലര്‍ സെക്‌സ്' തുടങ്ങി ഒരു ഡസനിലധികം കൃതികളുടെ കര്‍ത്താവായ ലേഖകന്‍ മംഗലാപുരത്തെ യേനെപ്പോയ യൂനിവേഴ്‌സിറ്റിയിലെ ചെയര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ തലവനാണ്).
വിവ: ഷഹ്‌നാസ് ബീഗം