ഇലാഹീ പ്രണയവും സ്വൂഫീ ജല്‍പനങ്ങളും

ഹഫീദ് നദ്‌വി‌‌
img

ആത്മീയ കച്ചവടക്കാരുടെ ജീവിതവും കപടരാഷ്ട്രീയക്കാരുടെ ജീവിതവും വളരെ സാമ്യമുള്ളതായി തോന്നാറുണ്ട്. ശുഭ്രവസ്ത്രങ്ങളോടുള്ള താല്‍പര്യത്തില്‍ മാത്രമല്ല ശരീരഭാഷയില്‍ പോലും അഭിനയ ത്വര, പ്രകടനാത്മകത എന്നിവ ഇരുവിഭാഗങ്ങളിലും ഒരുപോലെ ദൃശ്യമാണ്. അറബിഭാഷയില്‍ ഇവ രണ്ടും സൂചിപ്പിക്കാനുപയോഗിക്കുന്ന രണ്ടു പദരൂപങ്ങളാണ് തഫഉഉലും തഫാഉലും. ഇതേ ചിന്തയാണ് പക്ഷേ, തസ്വവ്വുഫ് എന്ന പദം കേള്‍ക്കുമ്പോള്‍ കുറിപ്പുകാരന് തോന്നാറ്. എല്ലാം ഒരു കാട്ടിക്കൂട്ടല്‍. ഒരുപക്ഷേ, ഉപരിസൂചിത രണ്ട് ജീവിതങ്ങള്‍ കണ്ടാവണം ഇഖ്ബാല്‍ ഇങ്ങനെ പറഞ്ഞത്:
'ദൈവമേ ഈ സാദാ ഹൃദയവാഹികള്‍ എങ്ങോട്ടു പോവും
പരിവ്രാജകര്‍ വഞ്ചകര്‍, രാജാക്കന്മാരും തഥൈവ'

وهل أفسد الدّين إلاّ الملوك        وأحبار سوء ورهبانها

'ദീനിനെ രാജാക്കന്മാരും ദുഷിച്ച പണ്ഡിതന്മാരും പുരോഹിതന്മാരുമല്ലാതെ കേടുവരുത്തിയിട്ടുണ്ടോ?' എന്ന കവിവാക്യവും പ്രസക്തമാണ്.
ഭൗതിക വിരക്തിയും ലൗകിക പരിത്യാഗവും വാദിച്ച് സന്യാസതുല്യമായ ജീവിതം നയിക്കുന്ന സര്‍വസംഗ പരിത്യാഗികളെ എല്ലാ മതത്തിലും കാണാന്‍ കഴിയുന്നുണ്ട്. ഖാന്‍ഗാഹുകള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ നാം ശ്രദ്ധിക്കുന്നില്ലെങ്കിലും അവകളില്‍ അധിവസിക്കുന്നവരുടെ അവകാശവാദങ്ങളും വീരവര്‍ത്തമാനങ്ങളും നാം പലപ്പോഴും കേള്‍ക്കാറുണ്ട്; ഈ ലോകം ശവമാണെന്നും അതിനെ കാംക്ഷിക്കുന്നവര്‍ ശ്വാനസമാനരാണെന്നുമൊക്കെ അധരവ്യായാമം നടത്തുന്നവരുടെ ഭക്ഷണവും ഭാഷണരീതിയും തമ്മിലുള്ള പൊരുത്തക്കേടും പലപ്പോഴും നാം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ അറിയുന്നു. ഓലപ്പായയില്‍ കിടന്നുറങ്ങിയ പ്രവാചകന്റെ കീര്‍ത്തനങ്ങള്‍ പറയാന്‍ വരുന്ന ഉപദേശിക്ക് ചുരുങ്ങിയത് ബി.എം.ഡബ്ല്യു കാറും എ.സി സ്യൂട്ടും ഏര്‍പ്പാട് ചെയ്യേണ്ടി വരുന്നതുമെല്ലാം പ്രവാചകസ്‌നേഹം അത്തരക്കാരുടെ ജീവിതോപാധിയായതുകൊണ്ടാണ്. സുഖാഡംബരങ്ങള്‍ വെടിഞ്ഞുള്ള എളിയ ജീവിതം, പരിവ്രാജ്യ ജീവിതം നയിക്കുന്ന ആളുകള്‍ ഇല്ലായെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. ഇന്ത്യന്‍ മുസ്‌ലിമിന് കേട്ടും വായിച്ചും പരിചയമുള്ള രണ്ട് പേരുകള്‍ തൂലികക്കാരന്റെ മനസ്സിലുണ്ട്. ഒന്ന് തസ്വവ്വുഫ് സംയമികളുടെ മാര്‍ഗമാണെന്ന് പ്രബോധനം നടത്തിയിരുന്ന മൗലാനാ അബ്‌റാറുല്‍ഹഖ് ഹര്‍ദോയിയും മറ്റൊന്ന് മുസ്‌ലിം ഇന്ത്യയുടെ തന്നെ സ്വകാര്യ അഹങ്കാരമായിരുന്ന അലി മിയാനും. രണ്ടു പേരും പക്ഷേ വളരെ ലളിത ജീവിതമായിരുന്നു നയിച്ചിരുന്നതെന്നതിന് സാക്ഷികള്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വൂഫിസത്തെയും സ്വൂഫി സംജ്ഞകളെയും നഖശിഖാന്തം എതിര്‍ത്തിരുന്ന മറ്റൊരു ഇന്ത്യന്‍ പണ്ഡിതന്‍, മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി പക്ഷേ ലാളിത്യത്തിന്റെ മറ്റൊരു വിതാനത്തിലുള്ള മനുഷ്യരൂപമായിരുന്നു. ഹദീസുകളില്‍ കാണുന്ന സുഹ്ദ് എന്താണെന്ന് നമുക്ക് ഇസ്വ്‌ലാഹിയുടെ വേഷത്തില്‍നിന്നും മനസ്സിലാക്കാനാകും. ഈയുള്ളവന്‍ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ആകൃഷ്ടനായി രണ്ടു തവണ അദ്ദേഹത്തിന്റെ ജന്മനാടായ അഅ്‌സംഗഢ് സറായേമീറില്‍ പോയി കണ്ടിട്ടുണ്ട്. അതിലവസാനത്തേത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ഉപാധ്യക്ഷന്‍ ടി. ആരിഫലി സാഹിബ്, മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്‌റാഹീം സാഹിബ് എന്നിവരോടൊപ്പമായിരുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിക്കുന്നത് മാത്രം പറയുന്ന ആളുകള്‍ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ടെന്ന് കണ്ണുകൊണ്ട് ബോധ്യപ്പെട്ട് മനസ്സുകൊണ്ട് ത്വുമഅ്‌നീനത്ത് (സ്വാസ്ഥ്യം) ഉണ്ടായ രണ്ടവസരങ്ങളായിരുന്നു അവ. ഇസ്‌ലാം ഒറ്റനോട്ടത്തില്‍, നിഫാഖ് അഥവാ കാപട്യം എന്നിങ്ങനെ അര ഡസന്‍ ഗ്രന്ഥങ്ങള്‍ മലയാളത്തിലും പ്രസിദ്ധീകൃതമാണ് ഇസ്‌ലാഹിയുടേതായി. അക്കൂട്ടത്തില്‍ രണ്ടു വര്‍ഷം മുമ്പ് പ്രസിദ്ധീകൃതമായ സൂഫീ മതസങ്കല്‍പവും ഖുര്‍ആനും (ദീന്‍ കാ ഖുര്‍ആനീ തസ്വവ്വുര്‍) കഴിഞ്ഞ വര്‍ഷമാണ് ലഭിക്കുന്നത്. ദീന്‍ എന്നതിനെ ആചാരങ്ങളിലും പ്രാര്‍ഥനകളിലും കൊണ്ടുപോയി കെട്ടിയിടുന്നതിനാലാണ് മതവിഭാവനയെ നിര്‍ധാരണം ചെയ്യുന്നതില്‍ പരമ്പരാഗത മതസങ്കല്‍പക്കാര്‍ പിഴച്ചുപോവുന്നത്. ദൈവികോണ്മയെ മാനുഷികമായ വികാരവിചാരങ്ങള്‍, താല്‍പര്യങ്ങളെ നിയന്ത്രിക്കുന്ന ശക്തിയും ആ ശക്തിക്ക് മുമ്പിലുള്ള സമര്‍പ്പണവും സൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യവുമായും കണ്ടാല്‍ അനുസരണമാര്‍ഗത്തില്‍ പരിധികളുള്ള ജീവിതമാവും, അപരിമേയമായ 'ഇലാഹീ ഇശ്ഖ്' (ദൈവപ്രേമം) വാദത്തേക്കാള്‍ അവന്റെ നിത്യജീവിതത്തില്‍ അവന്റെ നേരായ ഗമനത്തിന് ഉദ്യുക്തനാക്കുന്നത്. ദൈവിക ഗുണങ്ങള്‍ പഠിക്കുന്നവന് അവന്റെ ജീവിതസാക്ഷ്യം പ്രണയം വാദിച്ച് തീര്‍ക്കാനുള്ളതല്ലെന്ന തിരിച്ചറിവുണ്ടാവുകയും അല്ലാഹുവിനുള്ള വഴിപ്പെടല്‍ (ഇബാദത്ത്) തന്റെ നിയോഗലക്ഷ്യമായി മനസ്സിലാവുകയും ചെയ്യും. അവനവന്റെ സ്ഥാനം മനസ്സിലാക്കി ആ വിതാനത്തിലേക്കുയരാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളുമായിരിക്കും അവനില്‍നിന്നുണ്ടാവുക. അധികാരങ്ങള്‍ പ്രയോഗിക്കുന്നതില്‍ സ്വതന്ത്രനും സ്വയംഭരണാധികാരിയും നിരുത്തരവാദിയുമായ ശരാശരി മുസ്‌ലിമിന് ആ പദവിക്ക് താനര്‍ഹനല്ലെന്ന തെളിച്ചമെങ്കിലും കിട്ടും. സ്‌നേഹം, കാരുണ്യം, സഹനം, വിട്ടുവീഴ്ച, സഹാനുഭൂതി, സന്തോഷം എന്നീ നിര്‍മാണാത്മക ഗുണങ്ങള്‍ സന്നിവേശിപ്പിച്ച് ശത്രുത, കോപം, വിദ്വേഷം, വേദന, ദുഃഖം, പ്രതികാരം എന്നീ വികാരങ്ങളില്‍ സ്വയം നിയന്ത്രിതനാവുമ്പോഴേ അവന് ഖുര്‍ആനിക നിയമങ്ങളുടെ ആഴവും പരപ്പും ബോധ്യപ്പെടൂ. ഖുര്‍ആന്റെ തദ്വിഷയകങ്ങളായ വിഭാവനകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവന് അവ ജീവിതത്തില്‍ പകര്‍ത്താനുള്ള സ്വയം ബോധ്യം ഉണ്ടാവുകയുമില്ല. അങ്ങനെ അവന്‍ ഖുര്‍ആനില്‍നിന്ന് പയ്യെപ്പയ്യെ അകലുകയോ പ്രദര്‍ശനാത്മക അനുരാഗവാദിയായി മാറുകയോ ചെയ്യും. ഈ അനുരാഗം ഈമാനിക സ്‌നേഹത്തില്‍ പെടില്ലെന്നത് ഷാ ഇസ്മാഈല്‍ ശഹീദും മൗലാനാ അശ്‌റഫ് അലി ഥാനവിയുമെല്ലാം പ്രഘോഷണം നടത്തിയതാണെന്ന് അവരുടെ ഗ്രന്ഥങ്ങളായ രിസാലത്തുല്‍ ഖുശൈരിയ്യ, ശരീഅതോ ത്വരീഖത്ത് എന്നിവ ഉദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട് ഇസ്വ്‌ലാഹി സാഹിബ്. ദൈവസ്‌നേഹത്തിന്റെ അംഗീകൃത ചട്ടക്കൂടും ആധികാരികവും സമ്പൂര്‍ണവുമായ കര്‍മവിവക്ഷയും ഇത്തിബാഉര്‍റസൂല്‍ ആണെന്ന് സൂറ ആലുഇംറാനിലെ 31-ാം ആയത്ത് ഉദ്ധരിച്ച് അനുവാചകനെ ബോധ്യപ്പെടുത്തുന്നുമുണ്ട് ഗ്രന്ഥകാരന്‍. ഖുര്‍ആനിക മതസങ്കല്‍പത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളായി ദിവ്യകാരുണ്യത്തിന്റെ ജീവത് മാതൃകകളാവുന്ന ദൈവപ്രീതി മാത്രം കാംക്ഷിക്കുന്ന സത്യവിശ്വാസി ഭൗതിക വിരക്തിയുടെ പൂര്‍ണനിരാസമെന്ന സന്യാസജീവിതം നയിക്കില്ലെന്നും തെളിവുകള്‍ നിരത്തി സ്ഥാപിക്കാന്‍ നമുക്ക് സാധിക്കും.

ഈ മതസങ്കല്‍പങ്ങളാണ് ദീന്‍ എന്ന പേരിലും ശരീഅത്ത് എന്ന പേരിലും പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഈ ദൈവിക മതത്തിന്റെ താല്‍പര്യം ആദം നബിയുടെ കാലം മുതല്‍ ലോകത്ത് നിലനിന്നിട്ടുള്ള ജനതതികള്‍ സൃഷ്ടിക്കപ്പെട്ടതും ശീലിച്ചതുമായ ഫിത്വ്‌റയും വിശിഷ്ട സംവിധാനവുമാണ്. ഈ അമാനത്തിന്റെ നേര്‍സാക്ഷ്യമാവണം വിശ്വാസിയുടെ ജീവിതമെന്ന ചിന്ത പക്ഷേ, പല സൂഫീ ഗ്രന്ഥങ്ങളിലും നമുക്ക് കാണാന്‍ കിട്ടില്ല. ദിവ്യവെളിപാടിന്റെ ആകത്തുകയായ ശരീഅത്തിനെ അംഗീകരിക്കാത്ത ത്വരീഖത്തും ദൈവിക നിയമങ്ങള്‍ക്കു മുമ്പില്‍ നിരുപാധികം വിധേയപ്പെടാത്ത ഹഖീഖത്തും ഇത്തിബാഉര്‍റസൂലിന് പ്രേരിപ്പിക്കാത്ത 'മഅ്‌രിഫത്തും' സാധാരണ മുസ്‌ലിമിന്റെയും ഖാസ്വ്‌സ്വിന്റെയും ഖവാസ്വ്‌സ്വുല്‍ ഖവാസ്വ്‌സ്വിന്റെയും അവരുടെ ആരാധനകള്‍ക്കുമിടയില്‍ വ്യത്യാസമുണ്ടെന്ന് നിര്‍ദേശിക്കുന്ന ബൈഅത്തും ആയതിനാല്‍ സ്വഛ പ്രകൃതത്തിനും പ്രവാചകാധ്യാപനങ്ങള്‍ക്കും വിരുദ്ധമാണെന്നും ഉറക്കെ വിളിച്ചുപറയാന്‍ വായനക്കാരന് ധൈര്യം നല്‍കാന്‍ ഗ്രന്ഥകാരന്‍ ഇതില്‍ ശ്രമിച്ചിട്ടുണ്ട് (ഖാസ്സ്വ്: മുസ്‌ലിംകളിലെ സവിശേഷ വ്യക്തിത്വങ്ങള്‍, ഖാസ്സ്വുല്‍ ഖവാസ്സ്വ്: സവിശേഷ വ്യക്തിത്വങ്ങളിലെ കൂടുതല്‍ സവിശേഷതയുള്ളവര്‍).

പ്രണയാധിഷ്ഠിത മതസങ്കല്‍പത്തിന്റെ ഉത്ഭവവും പ്രകൃതവും സ്രോതസ്സും താല്‍പര്യങ്ങളും ദൈവിക മതങ്ങളില്‍നിന്നല്ല വൈദിക ജീവിത സങ്കല്‍പങ്ങളില്‍നിന്നും ലഭ്യമായതാണെന്നും ഈ ഗ്രന്ഥം ബോധ്യപ്പെടുത്തുന്നു. ജൂത രിബ്ബിമാരുടെയും സിഖ് ഗുരുക്കളുടെയുമെല്ലാം ഈ വിഷയസംബന്ധമായ ഉണര്‍ത്തലുകള്‍ പ്രമാണബന്ധിതമായി നിരൂപണം ചെയ്യാന്‍ ഗ്രന്ഥത്തിലുടനീളം പണ്ഡിതോചിതമായി ഇസ്വ്‌ലാഹി ശ്രമിക്കുന്നു. ജ്ഞാനോദയ ദര്‍ശനം, ബ്രഹ്‌മചര്യം എന്നിവ ഇസ്‌ലാമികമല്ലെന്ന് തെളിയിക്കാനും എല്ലാ മതസങ്കല്‍പങ്ങളിലെ ആത്മീയ വൈരാഗികളും ഈ വിഷയത്തില്‍ അതിരു കടന്നവരാണെന്നും വരികള്‍ക്കിടയില്‍ അനുവാചകന് വായിച്ചെടുക്കാന്‍ കഴിയുന്നു.

ഈശ്വരലയം സാധ്യമാകുന്നത് കര്‍മങ്ങളുടെ നിസ്വാര്‍ഥത കൊണ്ടാണെന്ന് മനസ്സിലാക്കുന്ന അനുയായി അവിവാഹിതരായി ഭക്ഷണം, വസ്ത്രം, നിദ്ര എന്നിവ വെടിഞ്ഞ് ജീവിക്കുന്നത് സങ്കല്‍പാതീതമാണ്. പതിനഞ്ചോ നാല്‍പതോ എണ്‍പതോ ദിവസങ്ങളുടെ ഇടവേളകള്‍ വെച്ച് മാത്രം അന്നപാനം നടത്തുന്ന റൂഹാനി റബ്ബാനി സ്വമദാനികളുടെ ചില വിരക്ത ജീവിതങ്ങളെ കീമിയാഉസ്സആദ ഉദ്ധരിച്ച് ഹാസ്യാത്മകമായി വര്‍ണിക്കുന്നത് ഏറെ ആകാംക്ഷയോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. ശഹല്‍ തുസ്തരി, ഉത്ബതുല്‍ അല്ലാം, ഇബ്‌നു ദൈഗം, അബൂ ഇഖാല്‍ മഗ്‌രിബി എന്നിവരുടെ ജീവിത-ഭക്ഷണ രീതികളെല്ലാം സവിസ്തരം ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യുന്നു.

ശൈഖ്, മുരീദ്, കശ്ഫ്, ജദ്ബ് എന്നിങ്ങനെയുള്ള സൂഫീസംജ്ഞകള്‍ വിശദീകരിക്കുന്ന ഗ്രന്ഥമല്ലെങ്കിലും അവ കൊണ്ട് ഭാഷയിലുള്ള മൗലികാര്‍ഥങ്ങളിലും വിദൂരവും വിചിത്രവുമായ അവരുടേതായ അര്‍ഥതലങ്ങളിലാണ് ഈ പ്രണയവാദികള്‍ ഉപയോഗിക്കുന്നതെന്ന് ഏത് സാധാരണ വായനക്കാരനും അനുഭവപ്പെടുന്നുണ്ട്. പൊതുവെ സ്വൂഫികളോട് മൃദുസമീപനം വെച്ചുപുലര്‍ത്തിയിരുന്ന ശാഹ് വലിയ്യുല്ലാഹി പോലും ഇത്തരം സാങ്കേതിക പ്രയോഗങ്ങളെയും ശരീഅത്ത് നിയമങ്ങള്‍ പാലിക്കാത്ത സ്വൂഫികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും 'ഇഖ്തിദാഉസ്വ്‌സ്വിറാത്വില്‍ മുസ്തഖീം' എന്ന ഗ്രന്ഥം ഉദ്ധരിച്ച് അനുവാചകനുമായി പങ്കുവെക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.

ദീനിന്റെ സാമൂഹിക നിയമങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന, വ്യക്തി-കുടുംബ ജീവിതങ്ങളില്‍ അവഗണന പുലര്‍ത്തുന്ന ഈ രോമമതത്തിന്റെ മറ്റു ചില മാര്‍ഗഭ്രംശത്തിലേക്കും ഇസ്വ്‌ലാഹി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സര്‍വമത സത്യവാദം, അദ്വൈതം തുടങ്ങിയ ഇഛാശക്തിയില്‍നിന്ന് ശൂന്യമായ ജ്ഞാനി എത്തിപ്പെടാവുന്ന ഇടങ്ങളെല്ലാം മൊത്തത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. 'സത്യം പറഞ്ഞാല്‍ ഒരേ യാഥാര്‍ഥ്യത്തിന്റെ ശബ്ദം തന്നെയാണ് ലോകമെങ്ങും മുഴങ്ങുന്നത്.' 'ഭാരതത്തിന്റെ ഖുര്‍ആനാണ് ഗീത. ഖുര്‍ആന്‍ അറേബ്യയുടെ ഗീത'യുമാണ് മുതലായ വാദങ്ങള്‍ ഉദാഹരണം. മതവാദിയും സര്‍വമതസത്യവാദിയുമായ ഖുബ്ബുല്ലാ ഷാ കലന്തര്‍ ഖാദിരിയുടേതായി കേള്‍ക്കാന്‍ കൗതുകമുണര്‍ത്തുന്ന ദൈവിക പ്രണയ സിദ്ധാന്തത്തിലധിഷ്ഠിതമായി ആരംഭിച്ച് പിന്നീട് പിടിത്തം വിട്ടുപോയ ആത്മീയാചാര്യന്മാരെല്ലാം ലഘുവായി പരിചയപ്പെടാന്‍ അവസരം കിട്ടുന്നുവെന്നത് വലിയ ഒരു വായനാനുഭവമാണ്. ഇബ്‌നു അറബി, മുജദ്ദിദ് അല്‍ഫ്‌സാനി എന്നിവരുടെ അതിരുവിടാത്ത മിത ഇശ്ഖീ സങ്കല്‍പങ്ങളും 'ഖുര്‍ആന്‍ മുച്ചൂടും ശിര്‍ക്കാണ്, ഞങ്ങള്‍ പറയുന്നതാണ് തൗഹീദ്' എന്ന് മനോവിഭ്രാന്തിയാല്‍ വന്ന 'കാടുകയറിയ' ഗിരിമാര്‍ഗ മതസങ്കല്‍പവുമെല്ലാം നമുക്ക് മനസ്സിലാക്കാന്‍ കൃത്യം ഇരുനൂറ് പേജുള്ള ഈ ഗ്രന്ഥം സഹായിക്കും. പൂര്‍വസമുദായങ്ങളുടെ നടപടിക്രമങ്ങള്‍ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുന്ന ഒരുകാലം വരുമെന്ന് നബി പ്രവചിച്ചത് എത്ര ശരിയാണെന്ന് നമുക്ക് മനസ്സിലാവും. മതം വികലമാക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് പരസ്പരം വേര്‍തിരിച്ചറിയാന്‍ സാധിക്കാതിരിക്കുമാറ് ഒരു മതം മറ്റൊരു മതവുമായി ലയിച്ചു ചേരുക എന്നതുകൂടിയാണെന്ന ദഹ്‌ലവിയുടെ വാചകം ഇന്നത്തെ പിഴച്ച സ്വൂഫി സങ്കല്‍പങ്ങളുടെ യഥാര്‍ഥ ചിത്രം നമുക്ക് മുമ്പില്‍ അനാവരണം ചെയ്യുന്നു.

ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം മുസ്‌ലിം കൈരളിക്കായി പരാവര്‍ത്തനം നടത്തിയത് ഈയുള്ളവന്റെ സഹപ്രവര്‍ത്തകനും സഹോദരസമാനനുമായ കെ.ടി അബ്ദുര്‍റഹ്‌മാന്‍ നദ്‌വി സാഹിബാണ്. ഇസ്വ്‌ലാഹികളുടെ ഉര്‍ദു തിരിയുന്ന മലയാളി പണ്ഡിതനാണദ്ദേഹം. അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുടെ തദബ്ബുറിന്റെ പരിഭാഷയില്‍ വ്യാപൃതനാണദ്ദേഹം. ഏറ്റെടുത്ത ദൗത്യം സുന്ദരമായി പൂര്‍ത്തിയാക്കാന്‍ ഇനിയും അദ്ദേഹത്തിന് ഉതവിയും ആയുസ്സുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. യഥാര്‍ഥ ഇസ്‌ലാമിക ദിവ്യപ്രേമ സങ്കല്‍പം പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും നിസ്സംശയം നിര്‍ദേശിച്ചുകൊടുക്കാവുന്ന ഒരു ഗ്രന്ഥമാണ് 'സ്വൂഫീ മതസങ്കല്‍പവും ഖുര്‍ആനും.'

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top