സ്വഭാവ സംസ്‌കരണം സാധ്യമാക്കാന്‍ ചില ശിക്ഷണ സാധനകള്‍
ഡോ. മാജിദ് ഇര്‍സാന്‍ കൈലാനി
പ്രതിജനഭിന്നമായി ഓരോ മനുഷ്യനിലുമുള്ള അടിസ്ഥാന നൈസര്‍ഗിക ഗുണങ്ങളെ പാടേ നിര്‍വീര്യമാക്കി അതിനു പകരം പുതിയ സ്വഭാവഗുണങ്ങള്‍ വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കുകയല്ല ഇസ്‌ലാമിന്റെ രീതി. അതിനുപകരം സ്വഭാവ ശീലങ്ങളുടെ സംസ്‌കരണം, വികസനം, പോഷണം മുതലായവയിലാണ് അത് ഊന്നുന്നത്.
ഇതിന്റെ ചില രീതികള്‍ താഴെ:
1. ശിക്ഷണത്തിലൂടെ ക്രമപ്രവൃദ്ധമായ വളര്‍ച്ച.
2. ഓരോ പ്രകൃതിയോടും അതിനു യോജിച്ച പെരുമാറ്റം.
3. ശിക്ഷണത്തിനു അനുയോജ്യമായ അവസരം കണ്ടെത്തല്‍.
4. ഉദ്യാനപാലകന്റേതിനു സമാനമായ നിരന്തര ശ്രദ്ധയും ശുശ്രൂഷയും.
5. മനോഭാവങ്ങളുടെ ദിശാമാറ്റം.
6. താല്‍ക്കാലികമായ താല്‍പര്യങ്ങള്‍ക്കു പകരം ശാശ്വതമായ നന്മയിലേക്ക് താല്‍പര്യമുണര്‍ത്തുക.
7. ചെറുപ്പം മുതല്‍ ശീലിച്ചുപോന്ന രീതികളെ പുതിയ ശീലങ്ങള്‍ ആവര്‍ത്തിച്ച് മറികടക്കാന്‍ പഠിക്കുക.
8. മനുഷ്യനിലെ ആന്തരിക ധാര്‍മിക സ്വത്വത്തെ ഉണര്‍ത്തുക.
ഈ എട്ട് അടിസ്ഥാനങ്ങളെ സമഗ്രമായും സംക്ഷിപ്തമായും പരിചയപ്പെടാം.
1. ശിക്ഷണത്തിലൂടെ ക്രമപ്രവൃദ്ധമായ വളര്‍ച്ച
ശിക്ഷണപ്രക്രിയ ഒറ്റയടിക്ക് നടക്കുന്നതല്ല. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍ പോലും അല്ലാഹു ക്രമാനുഗതമായ വളര്‍ച്ചയും വികാസവുമാണ് സ്വീകരിച്ചത്. 'ഉണ്ടാവൂ' എന്നു പറയേണ്ട താമസം ഉണ്ടാകുമായിരുന്നിട്ടും ആ ഒരു രീതി പ്രപഞ്ച സൃഷ്ടിപ്പില്‍ അല്ലാഹു സ്വീകരിച്ചില്ലെന്ന് ഖുര്‍ആനില്‍നിന്ന് വ്യക്തമാണ്:
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ
'നാം ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും ആറു നാളുകളിലായി സൃഷ്ടിച്ചിരിക്കുന്നു' (ഖാഫ്: 38).
(അഅ്‌റാഫ്: 54, യൂനുസ്: 3, ഹൂദ്: 7, ഫുര്‍ഖാന്‍: 59, സജദ: 4, ഹദീദ്: 4 എന്നിവയും കാണുക).
വസ്തുക്കളുടെ പ്രകൃതികളെ അല്ലാഹുവിന്റെ നടപടിക്രമത്തിനു വിരുദ്ധമായി ത്വരിത വേഗത്തില്‍ മാറ്റിയെടുക്കാന്‍ സാഹസപ്പെടുന്നത് നിഷ്ഫലമാണ്:
وَمُكَلِّف الأشياَءِ فَوْقَ طِبَاعِهَا مُتَطَلّبٌ فِى الْمَاءِ جَذْوَة نَار
'വസ്തുക്കളെ അവയുടെ പ്രകൃതിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നവര്‍ വെള്ളത്തില്‍ തീജ്ജ്വാല അന്വേഷിക്കുന്നവനെ പോലെയാണ്.'
അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിലെ സുപ്രധാന നാമമാണ് അവന്‍ ലോകരക്ഷിതാവാണ് എന്നത്. ഒരു വസ്തുവിനെ ക്രമപ്രവൃദ്ധമായ അതിന്റെ പൂര്‍ണ ലക്ഷ്യത്തിലേക്കെത്തിക്കുന്നതിനാണ് രക്ഷാകര്‍തൃത്വം എന്നു പറയുക. ഈ വിധം പ്രവര്‍ത്തിക്കുന്നയാള്‍ക്കാണ് 'റബ്ബ്' എന്നു പറയുക. 'റബ്ബുല്‍ ആലമീന്‍' എന്ന് പറയുമ്പോള്‍ പ്രപഞ്ചമാസകലമുള്ള വസ്തുക്കളെ ഈ വിധം ഘട്ടംഘട്ടമായി ലക്ഷ്യത്തിലെത്തിക്കുന്ന സാക്ഷാല്‍ രക്ഷിതാവ് എന്നാണ് സാരം. സ്വഭാവ ശിക്ഷണം നല്ല രീതിയില്‍ സാധ്യമാക്കാന്‍ നാം അല്ലാഹുവിനെ മാതൃകയാക്കി ക്ഷമാപൂര്‍വം പ്രവര്‍ത്തിക്കണം.
2. ഓരോ പ്രകൃതിയോടും അതിനു യോജിച്ച പെരുമാറ്റം
ഓരോ മനുഷ്യനും സവിശേഷ സൃഷ്ടിയാണ്. ഒരു മാതാവിന്റെയും പിതാവിന്റെയും മക്കള്‍ പോലും പല സ്വഭാവക്കാരായിരിക്കുമല്ലോ. ഇതൊരു വസ്തുതയാണെന്നിരിക്കെ, എല്ലാവരുടെയും ശിക്ഷണത്തിന് ഒരേ രീതി സ്വീകരിക്കുന്നത് ക്ഷന്തവ്യമല്ല. ജന്മനാ ക്ഷിപ്രകോപിയായ ആളെയും മന്ദപ്രകൃതിയെയും കൈകാര്യം ചെയ്യുന്നത് ഒരേ പോലെയാവരുത്- രണ്ടാള്‍ക്കും രണ്ടു തരം ചികിത്സയാണ് വേണ്ടത്. മഹാകൊതിയനായ വ്യക്തിയെയും ആത്മസംതൃപ്തിയടയുന്ന പ്രകൃതക്കാരനെയും വെവ്വേറെ പരിഗണിക്കണം. വ്യക്തികളുടെ സന്തോഷ വേളകളെയും ദുഃഖാവസരങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കണം.
ഈ വിഷയത്തില്‍ നബി സ്വീകരിച്ച പല രീതികള്‍ നബിചര്യയില്‍ ധാരാളമായി കാണാം. ഉദാഹരണമായി, അഭിമാനപ്രിയരായിരുന്ന ചിലരെ അവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അവിടുന്ന് പരിഗണിച്ചു. മക്കാ വിജയ വേളയില്‍ ഇസ്‌ലാം സ്വീകരിക്കണമോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്ന അബൂസുഫ്‌യാനെപ്പറ്റി അബ്ബാസ് (റ) നബി(സ)യോട് പറഞ്ഞു; 'അബൂസുഫ്‌യാന് വല്ലതും വകവെച്ചുകൊടുക്കണം. അദ്ദേഹം അഭിമാനിയാണ്.' ഈ അഭിപ്രായത്തോട് യോജിച്ച നബി (സ) പ്രഖ്യാപിച്ചു:
مَنْ دَخَلَ دَارَ أَبِي سُفْيَانَ فَهُوَ آمِن
'അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ നിര്‍ഭയരാണ്.' വിവിധ ഭാഗങ്ങളില്‍നിന്നായി മക്കയിലേക്ക് വരുന്ന സൈന്യങ്ങളെ അബൂസുഫ്‌യാന് നേരില്‍ കാണാനായി അദ്ദേഹത്തെ മലയിടുക്കില്‍ നിര്‍ത്താന്‍ നബി (സ) അബ്ബാസിനോട് നിര്‍ദേശിച്ചു. ഇതുപ്രകാരം അബൂസുഫ്‌യാന്‍ മര്‍റുള്ളഹ് റാനില്‍ നിലയുറപ്പിച്ചു. നബി (സ)യുള്‍പ്പെടെ മുഹാജിറുകളും അന്‍സ്വാറുകളും ഉള്‍ക്കൊള്ളുന്ന സംഘം കടന്നുവന്നപ്പോള്‍ അബൂസുഫ്‌യാന്‍ അബ്ബാസിനോടായി പറഞ്ഞു:
وَاللَّهِ لَقَدْ أَصْبَحَ مُلْكُ ابْنِ أَخِيكَ الْيَوْم عَظِيمًا
'ദൈവമാണ, നിന്റെ സഹോദരന്റെ മകന്റെ -നബിയുടെ- ആധിപത്യം മഹത്തരമായിരിക്കുന്നു.' ഇതിനോട് പ്രതികരിച്ചുകൊണ്ട് അബ്ബാസ് പറഞ്ഞു: 'അബൂസുഫ്‌യാന്‍, അത് പ്രവാചകത്വമാണ്.' അബൂസുഫ്‌യാന്‍; 'എങ്കില്‍, അതെത്ര നല്ലത്!'1
അബൂസുഫ്‌യാന്റെ വീടിന് യഥാര്‍ഥത്തില്‍ ഒരു സവിശേഷതയുമില്ല. അബൂസുഫ്‌യാന്റെ പേര് പരസ്യപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചവര്‍ക്കും സ്വന്തം വീട്ടില്‍ അടച്ചിരിക്കുന്നവര്‍ക്കും രക്ഷയുണ്ടെന്ന് പറഞ്ഞ കൂട്ടത്തില്‍ അബൂസുഫ്‌യാന്റെ പേരും മൊത്തം ജനങ്ങള്‍ക്ക് കേള്‍ക്കാനായി - അത് അബൂസുഫ്‌യാന് അഭിമാനമായി.
മറ്റൊരു സംഭവം അംറുബ്‌നു തഗ്‌ലിബില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: സമരാര്‍ജിത സമ്പത്തുക്കള്‍ ലഭിച്ചപ്പോള്‍ നബി(സ) അവ വിതരണം ചെയ്തു. ചിലര്‍ക്ക് കൊടുത്തു, മറ്റുചിലര്‍ക്ക് കൊടുത്തില്ല. കിട്ടാതിരുന്നവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായപ്പോള്‍ നബി (സ) ലഘുപ്രഭാഷണം നടത്തുകയുണ്ടായി:
أَمَّا بَعْدَ فوالله إِنِّي لَأُعْطِي الرَّجُلَ وَأَدَعُ الرَّجُلَ، وَالَّذِي أَدَعُ أَحَبُّ إِلَىَّ مِنَ الَّذِي أُعْطِي وَلَكِنّي أُعْطِي أَقْوَامًا لِمَا أَرَى فِي قُلُوبِهِمْ مِنَ الْجَزَعِ وَالْهَلَعِ، وَأَكِلُ أَقْوَامًا إِلَى مَا جَعَلَ اللَّهُ فِي قُلُوبِهِمْ مِنَ الْغِنَى وَالْخَيْرِ مِنْهُمْ عَمْرُو بْنُ تَغْلِبَ
'അല്ലാഹുവാണ, ഞാന്‍ ചിലര്‍ക്ക് കൊടുക്കും, ചിലരെ ഞാന്‍ ഒഴിവാക്കും. ഞാന്‍ ആര്‍ക്ക് കൊടുക്കുന്നുവോ, അവരേക്കാള്‍ എനിക്ക് പ്രിയം കിട്ടാത്തവരോടാണ്. ചിലര്‍ക്ക് ഞാന്‍ നല്‍കിയത് അവരുടെ മനസ്സുകളിലെ ആര്‍ത്തി പരിഗണിച്ചാണ്. മറ്റു ചിലര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഐശ്വര്യം കാത്തു സൂക്ഷിക്കുന്നവരാണ്. അവരെ ഞാന്‍ അതിലേക്ക് ഏല്‍പിച്ചുകൊടുത്തു. അംറുബ്‌നു തഗ്‌ലബ് ആ കൂട്ടത്തില്‍ പെടുന്നു.' ഇതിനെക്കുറിച്ച് അംറുബ്‌നു തഗ്‌ലബ് പറയുന്നു; 'അല്ലാഹുവാണ, നബി(സ)യുടെ ഈ പ്രസ്താവനക്കു പകരം മേത്തരം ചുകന്ന ഒട്ടകങ്ങളെ പോലും ഞാന്‍ താല്‍പര്യപ്പെടുന്നില്ല.'
സമ്പത്ത് വേണ്ടവര്‍ക്ക് സമ്പത്തും പ്രശംസ വേണ്ടവര്‍ക്ക് പ്രശംസയും നല്‍കി നബി(സ) രംഗം ശാന്തമാക്കിയതാണ് നാം ഇവിടെ കണ്ടത്.
ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച മറ്റൊരു സംഭവം കാണുക: ഹവാസിന്‍ ഗോത്രത്തിന്റെ മുതലുകള്‍ സമരാര്‍ജിത സമ്പത്തായി ലഭിച്ചപ്പോള്‍ നബി (സ) ചില ഖുറൈശികള്‍ക്ക് നൂറു വീതം ഒട്ടകങ്ങളെ നല്‍കി. ഇതില്‍ പ്രതികരിച്ചുകൊണ്ട് ചില അന്‍സ്വാറുകള്‍ പറഞ്ഞു: 'അല്ലാഹു തന്റെ ദൂതന് പൊറുത്തുകൊടുക്കട്ടെ! അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ച് ഖുറൈശികള്‍ക്ക് കൊടുക്കുന്നു. ഞങ്ങളുടെ വാളുകളില്‍നിന്ന് ഖുറൈശികളുടെ രക്തം ഇപ്പോഴും ഉറ്റിവീഴുന്നു.' ഇവരുടെ സംസാരം നബി (സ) കേട്ടു. അവിടുന്ന് അന്‍സ്വാറുകളെ വിളിച്ചുവരുത്തി. അവരെ തുകല്‍ കൊണ്ടുള്ള തമ്പില്‍ സമ്മേളിപ്പിച്ചു. മറ്റാരെയും വിളിച്ചില്ല. 'നിങ്ങളെപ്പറ്റി ഞാന്‍ ഒരു വര്‍ത്തമാനം കേട്ടല്ലോ? എന്താണ് കാര്യം?' അപ്പോള്‍ അവരിലെ ജ്ഞാനികള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലെ വിവേകമതികള്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ. ചില ചെറുപ്പക്കാര്‍; അല്ലാഹു നബി(സ)ക്ക് പൊറുത്തുകൊടുക്കട്ടെ, അദ്ദേഹം ഖുറൈശികള്‍ക്ക് കൊടുക്കുന്നു, അന്‍സ്വാറുകള്‍ക്ക് കൊടുക്കുന്നില്ല. ഞങ്ങളുടെ വാളുകളില്‍നിന്ന് ഖുറൈശികളുടെ രക്തം ഇറ്റിവീഴുന്നു.' വിശദീകരണമായി നബി(സ) പറഞ്ഞു:
إنّي أعطي رجالا حديثي عهد بكفر أتألفهم أما ترضون أن يذهب الناس بالأموال وترجعون إلى رحالكم برسول الله
'ഈ അടുത്ത കാലത്തുമാത്രം ഇസ്‌ലാം സ്വീകരിച്ച ചിലര്‍ക്ക് അവരെ ഇണക്കിയെടുക്കാനായി ഞാന്‍ കൊടുക്കുന്നു. ആളുകള്‍ സമ്പത്തുക്കളുമായി പോകുന്നതും നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് അല്ലാഹുവിന്റെ ദൂതനെ കൊണ്ടുപോകുന്നതും നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?'
അന്‍സ്വാറുകള്‍ ഏകകണ്ഠമായി പ്രതികരിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അതേ! ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു.'
ഈ സംഭവത്തിലൂടെ, നബി(സ) ചിലരെ സമ്പത്തു നല്‍കിയും, മറ്റു ചിലരെ സ്‌നേഹം നല്‍കിയും തൃപ്തിപ്പെടുത്തിയതാണ് നാം കാണുന്നത്.
തീര്‍ന്നില്ല