പ്രതാപത്തെ സൂചിപ്പിക്കുന്ന ألف العزة നിന്ദ്യതയെ സൂചിപ്പിക്കുന്നياء الذلّة
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
عبادഎന്ന പദം ഖുര്‍ആനില്‍ നൂറോളം സ്ഥലങ്ങളില്‍ വന്നിരിക്കുന്നു. ഇവയില്‍ മിക്കയിടങ്ങളിലും അല്ലാഹുവിനെ അനുസരിച്ചും വണങ്ങിയൊതുങ്ങിയും ജീവിക്കുന്ന മുസ്‌ലിംകളാണ് വിവക്ഷ. തൊണ്ണൂറിലധികം സ്ഥലങ്ങളില്‍ മുസ്‌ലിംകളാണ് വിവക്ഷ. ഈ പദപ്രയോഗ പശ്ചാത്തലം വെച്ച്, ഖുര്‍ആനിലെ 'ഇബാദ്' എന്ന പദത്തിന്റെ കൂടുതല്‍ വിവക്ഷ അല്ലാഹുവിന് സമര്‍പ്പിത ജീവിതം നയിക്കുന്ന മുസ്‌ലിംകളാണെന്ന് പറയാം. അല്ലാഹു പറയുന്നു:
وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا
'പരമകാരുണിക(നായ അല്ലാഹുവി)ന്റെ ദാസന്മാര്‍ ഭൂമിയിലൂടെ വിനയപൂര്‍വം നടക്കുന്നവരാണ്' (ഫുര്‍ഖാന്‍ 63).
عباد എന്ന പദത്തിന്റെ രൂപവും അതിലെ അക്ഷരങ്ങളുടെ ഘടനയും ശ്രദ്ധിച്ചാല്‍ ഈ സവിശേഷത നമുക്ക് കാണാം. പദത്തിന്റെ മധ്യത്തില്‍ ഒരു 'അലിഫ്' കാണാം. ഖുര്‍ആനിലെ ശ്രദ്ധേയമായ ഒരു കൗതുകമാണ് عباد എന്ന പദം. عبادലെ ദൈര്‍ഘ്യത്തെ സൂചിപ്പിക്കുന്ന അലിഫ് പ്രതാപത്തിന്റെയും പ്രതിരോധത്തിന്റെയും ഔന്നത്യത്തിന്റെയും നിരാകരണത്തിന്റെയും പ്രതീകമാണ്. എപ്പോഴും തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ പ്രതിനിധാനം. അതുകൊണ്ടാണ് ഈ അലിഫിന് 'അലിഫുല്‍ ഇസ്സഃ' എന്ന് നാമകരണം ചെയ്തത്. അത് പ്രതിനിധീകരിക്കുന്ന പ്രതാപവും ചെറുത്തുനില്‍പ്പും ഉയര്‍ച്ചയും സത്യവിശ്വാസികളുടെ ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും.
എക്കാലത്തെയും സത്യവിശ്വാസികളുടെ ജീവിതം പ്രതാപത്തിന്റേതും ഔന്നത്യത്തിന്റേതുമാണ്. അവര്‍ അക്രമങ്ങള്‍ക്കെതിരെ പോരാടും. ഹീനത്വത്തെ വെറുക്കും. അവര്‍ ആരുടെ മുമ്പിലും നടുനിവര്‍ന്നുതന്നെ നില്‍ക്കും. അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ മാത്രമേ തലകുനിക്കുകയുള്ളൂ.
ജാഹിലിയ്യത്തിന്റെ സകല ശക്തികളെയും സത്യവിശ്വാസി ആദര്‍ശത്തിന്റെ പ്രതാപത്താലും ഈമാനിന്റെ ഔന്നത്യബോധത്താലും നേരിടും. എത്രമാത്രം പീഡിപ്പിക്കപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും അവന്റെ ശിരസ്സ് അല്ലാഹുവിന്റെ മുമ്പിലല്ലാതെ താഴുകയില്ല.
സത്യവിശ്വാസികളുടെ ഈ പ്രതാപ പ്രകൃതിയെ മുന്‍നിര്‍ത്തി അവര്‍ക്ക് عبادഎന്ന് പ്രയോഗിച്ചു. ألف العزّةഅതിന് മകുടം ചാര്‍ത്തുന്നു.
*
ഇതിന് നേര്‍വിപരീതമായി عبيدഎന്നതിലെ ياء الذّلّةസത്യനിഷേധികളുടെ ഹീനത്വത്തെ സൂചിപ്പിക്കുന്നു. عبادഎന്ന പദം കൂടുതലായും സത്യവിശ്വാസികളെ കുറിച്ചാണെങ്കില്‍ عبيدഎന്നത് സത്യനിഷേധികളെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
عبيد എന്ന പദം അഞ്ചു തവണയാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നത്.
لَّقَدْ سَمِعَ اللَّهُ قَوْلَ الَّذِينَ قَالُوا إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُۘ سَنَكْتُبُ مَا قَالُوا وَقَتْلَهُمُ الْأَنبِيَاءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا عَذَابَ الْحَرِيقِ ﴿١٨١﴾ ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ ﴿١٨٢﴾''അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരും ആണ് എന്ന് പറഞ്ഞവരുടെ വാക്ക് തീര്‍ച്ചയായും അല്ലാഹു കേട്ടിട്ടുണ്ട്. അവര്‍ (ആ) പറഞ്ഞതും അവര്‍ യാതൊരു ന്യായവും കൂടാതെ പ്രവാചകന്മാരെ കൊല്ലുന്നതും നാം ഏഴുതിവെക്കുന്നതാണ് (രേഖപ്പെടുത്തിവെക്കുന്നതാണ്). നാം (അവരോട്) പറയുന്നതുമാണ്, 'നിങ്ങള്‍ കത്തിയെരിയുന്നതിന്റെ (നരകത്തിന്റെ) ശിക്ഷ ആസ്വദിക്കൂ' എന്ന്. അത് (ആ ശിക്ഷ) നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചിട്ടുള്ളത് കാരണത്താലാണ്, അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനേ അല്ല എന്നതുകൊണ്ടുമാണ്'' (ആലുഇംറാന്‍ 181, 182).
وَلَوْ تَرَىٰ إِذْ يَتَوَفَّى الَّذِينَ كَفَرُواۙ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ ﴿٥٠﴾ ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ ﴿٥١﴾
''സത്യം നിഷേധിച്ചവരെ മലക്കുകള്‍ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍! (അതേ) അവര്‍ (ആ മലക്കുകള്‍) അവരുടെ (സത്യനിഷേധികളുടെ) മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട്, നിങ്ങള്‍ 'കരിച്ചുകളയുന്ന ശിക്ഷ അനുഭവിച്ചുകൊള്ളുവീന്‍' എന്ന് പറഞ്ഞുകൊണ്ടും (ആ കാഴ്ച ഭയങ്കരം തന്നെ)! (സത്യനിഷേധികളേ) അത് നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് കാരണത്താലും, അല്ലാഹു അടിമകളോട് ഒരനീതിയും കാണിക്കുന്നവനല്ല എന്നതിനാലുമാണ്'' (അന്‍ഫാല്‍ 50,51). സത്യനിഷേധികളുടെ മരണാസന്ന സന്ദിഗ്ധതയാണ് സൂക്തത്തിലെ വിഷയം.
3. സത്യനിഷേധികളുടെ ശിക്ഷയെ സംബന്ധിച്ച് പരാമര്‍ശിക്കവെ പറയുന്നു:
وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ ﴿٨﴾ ثَانِيَ عِطْفِهِ لِيُضِلَّ عَن سَبِيلِ اللَّهِۖ لَهُ فِي الدُّنْيَا خِزْيٌۖ وَنُذِيقُهُ يَوْمَ الْقِيَامَةِ عَذَابَ الْحَرِيقِ ﴿٩﴾ ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ ﴿١٠﴾
''മനുഷ്യരിലുണ്ട്, അല്ലാഹുവിനെപ്പറ്റി തര്‍ക്കിക്കുന്നവര്‍ (അതേ) യാതൊരറിവോ മാര്‍ഗദര്‍ശനമോ, പ്രകാശം നല്‍കുന്ന ഗ്രന്ഥമോ (ഒന്നും) കൂടാതെ (തര്‍ക്കിക്കുന്നവര്‍)! അവന്റെ ചുമലിനെ (അഹംഭാവത്തോടെ) തിരിച്ചവനായിട്ട് (ആണവന്‍ തര്‍ക്കിക്കുക), അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും (ജനങ്ങളെ) വഴിതെറ്റിക്കാന്‍ വേണ്ടി(യാണ് ഈ തര്‍ക്കം); അവന്ന് ഇഹലോകത്തു വെച്ച് അപമാനമാണുള്ളത്; ഖിയാമത്ത് നാളില്‍ അവന് നാം ചുട്ടുകരിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുന്നതുമാണ്. അത് നിന്റെ കൈകള്‍ മുമ്പ് ചെയ്തുവെച്ചിട്ടുള്ളത് കാരണത്താലാണ്, അല്ലാഹു അവന്റെ അടിമകളോട് ഒട്ടും അനീതി ചെയ്യുന്നവനല്ല എന്ന (കാരണത്താലും ആണ് അത്)'' (ഹജ്ജ് 8-10).
4. സുകൃതവാന്മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തെയും സത്യനിഷേധികള്‍ക്ക് നല്‍കുന്ന ശിക്ഷയെയും സംബന്ധിച്ച് പറയവെ ഇങ്ങനെ കാണാം:
مَّنْ عَمِلَ صَالِحًا فَلِنَفْسِهِۖ وَمَنْ أَسَاءَ فَعَلَيْهَاۗ وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ ﴿٤٦﴾
''ആരെങ്കിലും സല്‍ക്കര്‍മം പ്രവര്‍ത്തിച്ചാല്‍, അത് (അതിന്റെ ഗുണം) അവന് തന്നെയാണ്; ആരെങ്കിലും തിന്മ ചെയ്താല്‍ അത് അവനെതിരില്‍ തന്നെയാണ്; നിന്റെ റബ്ബ് അടിമകളോട് ഒട്ടും അനീതി ചെയ്യുന്നവനല്ല'' (ഫുസ്സ്വിലത് 46).
5. സത്യനിഷേധിയെ ശിക്ഷിക്കുന്നതിന്റെ നീതിയും ന്യായവും പറയുന്നേടത്ത് അല്ലാഹു പറയുന്നു:
قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِن كَانَ فِي ضَلَالٍ بَعِيدٍ ﴿٢٧﴾ قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ ﴿٢٨﴾ مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴿٢٩﴾
''അവന്റെ കൂട്ടുകാരന്‍ (പിശാച്) പറയും, 'ഞങ്ങളുടെ റബ്ബേ, ഞാനവനെ വഴിതെറ്റിച്ചിട്ടില്ല; മറിച്ച് അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു. അവന്‍ (അല്ലാഹു) പറയും; നിങ്ങള്‍ എന്റെ അടുക്കല്‍ തര്‍ക്കിക്കണ്ടാ, ഞാന്‍ നിങ്ങള്‍ക്ക് (മുമ്പേ തന്നെ) താക്കീത് നല്‍കിയിട്ടുണ്ട്.
എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുന്നതുമല്ല; ഞാന്‍ അടിമകളോട് അനീതി പ്രവര്‍ത്തിക്കുന്നതുമല്ല'' (ഖാഫ് 27-29).
മുകളില്‍ കൊടുത്ത അഞ്ച് സ്ഥലങ്ങളും പരിശോധിക്കുന്നതായാല്‍ താഴെ നിരീക്ഷണങ്ങളില്‍ എത്തിച്ചേരും
1. അഞ്ച് സ്ഥലങ്ങളിലും സത്യനിഷേധികളെ കുറിച്ചാണ് عبيد എന്ന് പ്രയോഗിച്ചിരിക്കുന്നത്.
2. സത്യനിഷേധികള്‍ക്ക് നരകശിക്ഷ നല്‍കുന്നതിന്റെ ന്യായം വ്യക്തമാക്കുന്നു.
3. അല്ലാഹു ഒട്ടും അക്രമം ചെയ്യില്ലെന്ന് തീര്‍ത്തു പറയുന്നു.
4. അല്ലാഹു ഒട്ടും അക്രമം ചെയ്യുകയില്ലെന്ന് നിഷേധസ്വഭാവത്തിലാണ് പദപ്രയോഗം.
സത്യനിഷേധികളെ 'അബീദ്' എന്ന് പ്രയോഗിച്ചതിലൂടെ അവരെ വിടാതെ കൂടുന്ന നിന്ദ്യതയെ സൂചിപ്പിക്കുന്നു. സത്യനിഷേധികള്‍ നിന്ദ്യരും ഭീരുക്കളും ദുര്‍ബലരുമാണ്. അവര്‍ക്ക് യഥാര്‍ഥ മാന്യതയോ വിസമ്മതമോ അറിയില്ല. ജീവിതത്തോട് ഏറെ ആര്‍ത്തിയുള്ളവരാണവര്‍. അക്രമികളായ സ്വേഛാധിപതികളുടെ മുമ്പാകെ അവര്‍ മുട്ടുമടക്കും. കാരണം, അക്രമിയായ സ്വേഛാധിപതിക്ക് തങ്ങളേക്കാള്‍ മാന്യത അനുവദിച്ചു നല്‍കാന്‍ അവര്‍ തല്‍പരരാണ്. അതുകൊണ്ടുതന്നെ അവര്‍ ജീവിതത്തിലും നിലപാടുകളിലും ഹീനരാണ്. عبيدഎന്ന പദത്തിന്റെ മധ്യത്തിലുള്ള ياء ഈ ഹീനത്വത്തിന്റെ പ്രതീകമാണ്.