ഇസ്‌ലാമിലെ ഏകദൈവ വിശ്വാസം

‌‌

ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ അടിത്തറയാണ് 'തൗഹീദ്' അഥവാ ഏകദൈവ വിശ്വാസം. അല്ലാഹുവല്ലാതെ മറ്റൊരു 'ഇലാഹില്ല' എന്നതാണ് അതിന്റെ മൗലികാദര്‍ശം. ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയോ മായം ചേര്‍ക്കലോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.
തൗഹീദിന്റെ രത്‌നച്ചുരുക്കം ഇതത്രെ: അഖില പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളും ഏകനായ അല്ലാഹുവിന്റെ സൃഷ്ടികളാണ്, അവനാണ് അവയെ പരിപാലിക്കുന്നതും. അവന് പങ്കാളികളോ സഹായികളോ ഇല്ല. മനുഷ്യനാണ് സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠന്‍. അല്ലാഹുവിന് കീഴ്‌പ്പെട്ട് ജീവിക്കുകയും ഭൂമിയില്‍ അവന്റെ നിയമവ്യവസ്ഥകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ ബാധ്യത. ഇതവന്‍ നിര്‍വിഘ്‌നം നിര്‍വഹിച്ചാല്‍ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗാവകാശിയാകും. അല്ലെങ്കില്‍ നരകമായിരിക്കും സങ്കേതം.
ആദ്യപിതാവ് ആദം മുതല്‍ എല്ലാ കാലഘട്ടങ്ങളിലും പ്രവാചകനിയോഗം ഉണ്ടായിട്ടുണ്ട്. തൗഹീദിന്റെ സന്ദേശമായിരുന്നു അവരെല്ലാം വിളംബരം ചെയ്തത്. 
وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
''ഒരു മുന്നറിയിപ്പുകാരന്‍ വന്നുപോവാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ല'' (ഫാത്വിര്‍: 24).
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَۖ
''എല്ലാ സമുദായങ്ങളിലേക്കും ഒരു ദൂതനെ നാം നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടു ജീവിക്കുകയും ദൈവേതര ശക്തികളെ വര്‍ജിക്കുകയും ചെയ്യുവിന്‍ എന്നാജ്ഞാപിച്ചുകൊണ്ട്'' (നഹ്ല്‍: 36)
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ 
''നിനക്കു മുമ്പ് നാം നിയോഗിച്ച പ്രവാചകര്‍ക്കെല്ലാം നാം ബോധനം നല്‍കിയത്, നാമല്ലാതെ മറ്റൊരു ദൈവമില്ലെന്നും അതിനാലവര്‍ എനിക്ക് കീഴ്‌പ്പെട്ട് ജീവിക്കട്ടെ എന്നുമായിരുന്നു'' (അമ്പിയാഅ്: 25). 

മേല്‍പറഞ്ഞ ഖുര്‍ആനിക സൂക്തങ്ങളെല്ലാം ഇതേ യാഥാര്‍ഥ്യമാണ് വ്യക്തമാക്കുന്നത്.
പ്രവാചകന്മാര്‍ പഠിപ്പിച്ച തൗഹീദ് അടിസ്ഥാനപരമായി ഇതായിരുന്നുവെങ്കിലും വിശുദ്ധിയോടെ അത് എന്നെന്നും നിലനില്‍ക്കുകയുണ്ടായില്ല. പ്രത്യുത പലതരത്തിലുള്ള കൈകടത്തലുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും വിധേയമാവുകയുണ്ടായി. അദ്വൈതം, ത്രിയേകത്വം, ബഹുദൈവത്വം തുടങ്ങിയ വിശ്വാസ വൈകൃതങ്ങളിലേക്ക് വ്യതിചലിച്ചു. ദൈവത്തിന് പുത്രന്മാരും പുത്രിമാരും സങ്കല്‍പിക്കപ്പെട്ടു. ആള്‍ദൈവങ്ങളും അവതാരങ്ങളുമുണ്ടായി. ദൈവത്തിന്റെ വ്യത്യസ്ത നാമങ്ങളെ വ്യത്യസ്ത അസ്തിത്വങ്ങളായി തെറ്റിദ്ധരിച്ചു. മനുഷ്യബോധത്തിനായി ദൈവം സംവിധാനിച്ച പ്രകൃതി ശക്തികളെ ആരാധ്യവസ്തുക്കളും ദേവീദേവന്മാരുമാക്കി.

മനുഷ്യര്‍ അവരുടെ പരിധികള്‍ അതിലംഘിക്കുകയും പ്രകൃതിദത്തമായി അവര്‍ക്ക് ലഭിച്ച പരിമിതികള്‍ മറികടന്ന് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും സ്വായത്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് വ്യതിയാനങ്ങള്‍ സംഭവിച്ചത്. ഇങ്ങനെ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ അവരെ നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വീണ്ടും വീണ്ടും പ്രവാചനകന്മാര്‍ വന്നുകൊണ്ടിരുന്നു. ഖുര്‍ആന്‍ പറയുന്നു:

كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِۗ وَاللَّهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٢١٣﴾
''ജനങ്ങള്‍ ഒരൊറ്റ സമൂഹമായിരുന്നു. അപ്പോഴവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായി പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചു. അവരോടൊപ്പം സത്യമാര്‍ഗവുമായി വേദഗ്രന്ഥവും ഇറക്കി. ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്നതിനായി. വേദം നല്‍കപ്പെട്ടവര്‍ തന്നെയാണ് വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ലഭിച്ചിട്ടും അതില്‍ തര്‍ക്കിച്ചുകൊണ്ടിരുന്നത്. അവര്‍ക്കിടയിലെ ബഗ്‌യ (കിടമത്സരം) കാരണമാണിത്'' (ബഖറ: 213).
ഇവിടെ 'ബഗ്‌യി' നെ വിശദീകരിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതുന്നു: ''ഈ സൂക്തത്തില്‍ ഉപയോഗിക്കപ്പെട്ട بغي -ന്റെ താല്‍പര്യം. നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയെന്നതാണ്. മനുഷ്യര്‍ ചെന്നു ചാടുന്ന വിശ്വാസപരമായ അപഭ്രംശങ്ങളുടെയും സാമൂഹിക അതിക്രമങ്ങളുടെയും അടിസ്ഥാന കാരണം അവരില്‍ ചിലര്‍ പ്രകൃത്യാ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട അതിര്‍ത്തികള്‍ അതിലംഘിക്കുന്നു എന്നതാണ്. ചിലര്‍ സ്വയം ദൈവമായി ചമയുകയും തന്നെ പൂജിക്കാന്‍ കല്‍പിക്കുകയും ചെയ്യുന്നു. മറ്റുചിലര്‍ അത്രത്തോളം ധൈര്യം കാണിക്കാതെ ഏതെങ്കിലും സാങ്കല്‍പിക ദൈവത്തിന്റെയോ ബിംബത്തിന്റെയോ തന്ത്രിയോ ഊരാളനോ ആയി തന്നെ കാണുകയും ഈ കൃത്രിമ ദൈവങ്ങളുടെ ഇടനിലക്കാരനായി തന്നെ അനുസരിക്കാനും തന്റെ അധികാരം അംഗീകരിക്കാനും ആവശ്യപ്പെടുകയും ചെയ്യുന്നു. വേറെ ചിലര്‍ ജനങ്ങളുടെ ആത്മീയ നേതാവായി സ്വയം ചമയുന്നവരുടെ വിജയം തന്റെ കൈകളിലാണെന്ന് വാദിക്കുകയും ചെയ്യും. അങ്ങനെ ബ്രാഹമണിസവും പൗരോഹിത്യവും ഉടലെടുക്കുന്നു. ചിലര്‍ ജനങ്ങളുടെ ധനം ചൂഷണം ചെയ്തുകൊണ്ട് ആഢംബര ജീവിതം നയിക്കാന്‍ മറ്റു പല തന്ത്രങ്ങളും അവലംബിക്കുന്നു. ചുരുക്കത്തില്‍, ഈ 'ബഗ്‌യ്' ആണ് ജനങ്ങളെ സാക്ഷാല്‍ പ്രകൃതിയില്‍നിന്ന് വ്യതിചലിപ്പിച്ച് അവരില്‍ ഭിന്നിപ്പിന്റെയും പിളര്‍പ്പിന്റെയും വിത്തുകള്‍ വിതക്കുന്നത്''
(الإسلام فى مواجهة التحديات المعاصرة - المودودى ص 45،46) 
തൗഹീദിന്റെ നേര്‍വിപരീതമാണ് ശിര്‍ക്ക്. ദിവ്യത്വത്തില്‍ പങ്കുചേര്‍ക്കുക എന്നതാണതിന്റെ വിവക്ഷ. പ്രപഞ്ചത്തെയഖിലം സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും ഏകനായ ദൈവമാണെന്നിരിക്കെ, മറ്റാരും ഒരീച്ചയെപ്പോലും പടച്ചിട്ടില്ലെന്നിരിക്കെ, ദൈവത്തില്‍ പങ്കുചേര്‍ക്കുന്നത് കടുത്ത അതിക്രമമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. അതിനാല്‍ ജീവിതമഖിലം ഭൗതിക വിഷയങ്ങളിലാകട്ടെ, അഭൗതിക വിഷയങ്ങളിലാകട്ടെ, സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലാകട്ടെ, ധാര്‍മിക-സദാചാര വ്യവസ്ഥകളിലാകട്ടെ ഏകനായ ദൈവത്തിന് സമര്‍പ്പിക്കണം. ദൈവേതര ശക്തികള്‍ക്ക് വകവെച്ചുകൊടുക്കുന്ന വിധേയത്വവും അടിമത്തവും തൗഹീദിന് വിരുദ്ധമായാണ് ഇസ്‌ലാം കാണുന്നത്. ദൈവിക മാര്‍ഗദര്‍ശനം വെടിഞ്ഞ് ഇഛാനുസാരിയായി ജീവിക്കുന്നവന്‍ പോലും ഖുര്‍ആനിന്റെ ഭാഷയില്‍ ദേഹേഛയെ ഇലാഹാക്കിയവനാണ്.

ഏകനായ ദൈവത്തിന്റെ അധികാരാവകാശങ്ങളിലും ഗുണവിശേഷങ്ങളിലും പങ്കുകാരെ ചേര്‍ത്ത് ശിര്‍ക്കില്‍ പോയി ചാടുന്ന തൗഹീദ്‌വാദികള്‍ പോലും ഇന്ന് സര്‍വത്ര കാണപ്പെടുന്നുണ്ട്. അല്ലാഹുവിന് മാത്രം സമര്‍പ്പിക്കേണ്ട ആരാധന-പ്രാര്‍ഥന-നേര്‍ച്ച എന്നിവ ദൈവേതരന്മാര്‍ക്ക് നല്‍കുന്നു. അദൃശ്യകാര്യങ്ങളും അഭൗതിക കഴിവുകളും ഔലിയാക്കള്‍ക്കും സിദ്ധന്മാര്‍ക്കും ഉള്ളതായി വിശ്വസിക്കുന്നു. പ്രപഞ്ചത്തിന്റെ നടത്തിപ്പില്‍ വരെ അവര്‍ക്ക് പങ്കുള്ളതായി വാദിക്കുന്നു. ഇതൊന്നും തൗഹീദിനോ ഈമാനിനും ഇസ്‌ലാമിനോ എതിരല്ലെന്നാണ് ഇവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും. ഇത്തരക്കാരെ വിമര്‍ശിച്ചാല്‍ ബഹളമായി, കോളിളക്കമായി. മഹാകവി ഹാലി എഴുതിയത് എത്ര സത്യം!

ഇതരന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍
ദൈവത്തിന് പുത്രനെ സങ്കല്‍പിച്ചാല്‍ കാഫിര്‍
അഗ്നിക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍
നക്ഷത്രങ്ങളില്‍ ദിവ്യശക്തി ദര്‍ശിച്ചാല്‍ കാഫിര്‍
എന്നാല്‍ 'വിശ്വാസി'കളുടെ വഴികളെല്ലാം വിശാലമാണ്. ആരെ വേണമെങ്കിലും യഥേഷ്ടം ആരാധിക്കാം.

നബിയെ വേണമെങ്കില്‍ ദൈവതുല്യമാക്കാം.
ഇമാമുകളുടെ പദവി നബിയേക്കാള്‍ ഉയര്‍ത്താം.
ജാറത്തിങ്കല്‍ പോയി വഴിപാടുകളര്‍പ്പിക്കാം.
ശുഹദാക്കളോട് പ്രാര്‍ഥനകള്‍ നടത്താം.
(അതുകൊണ്ടൊന്നും) തൗഹീദിന് ഒരു പോറലുമേല്‍ക്കില്ല
ഇസ്‌ലാമിനോ ഈമാനിനോ ഒരു കുഴപ്പവും സംഭവിക്കില്ല!?

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top