ഇത്തിഹാദുല്‍ ഉലമാ കേരള രൂപവത്കരണത്തിന്റെ പ്രഥമ മൂന്ന് വര്‍ഷങ്ങള്‍

കെ.എം അശ്‌റഫ് നീര്‍ക്കുന്നം‌‌
img

പണ്ഡിതന്മാര്‍ക്ക് ഇസ്‌ലാമിക സമൂഹത്തില്‍ മഹത്തായ സ്ഥാനമാണുള്ളത്. അവര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാര്‍ നിര്‍വഹിച്ച ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരുമാണ്. ഈയൊരര്‍ഥത്തില്‍ സമുദായത്തിന് വൈജ്ഞാനികമായി നേതൃത്വം നല്‍കുകയും അവരെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യുന്ന ഒരു പണ്ഡിത വേദിയുടെ ആവശ്യകത ഇസ്ലാമിക പ്രസ്ഥാനത്തിന് നേരത്തേ ബോധ്യപ്പെട്ടിട്ടുണ്ട്. തദടിസ്ഥാനത്തിലുള്ള പല നീക്കങ്ങളും പ്രസ്ഥാനം തുടങ്ങിവെക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം 2016 സെപ്റ്റംബര്‍ 25 ഞായറാഴ്ച  ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍  ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട എണ്‍പതില്‍ അധികം പണ്ഡിതന്മാര്‍ പങ്കെടുത്തു. പ്രസ്തുത യോഗത്തില്‍ പണ്ഡിതവേദിയുടെ പ്രാധാന്യത്തെക്കുറിച്ച് കേരള അമീര്‍ എം. ഐ. അബ്ദുല്‍ അസീസ്, കേന്ദ്ര കൂടിയാലോചനാ സമിതിയംഗം  ടി. കെ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. 

പ്രവര്‍ത്തക സമിതി
പണ്ഡിത സംഘടനയുടെ രൂപരേഖ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറാ അംഗം വി.കെ അലി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കുശേഷം സംഘടനയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നാല്‍പതോളം പേരുകള്‍ നിര്‍ദേശിക്കപ്പെടുകയും  അവരില്‍നിന്ന് 17 ആളുടെ പേര് യോഗ പ്രതിനിധികളില്‍നിന്ന് എഴുതി വാങ്ങുകയും ചെയതു. ഇപ്രകാരം പ്രതിനിധികള്‍ നിര്‍ദേശിച്ച 17 പേരും സംഘടനയുടെ രക്ഷാധികാരിയായ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ നാമനിര്‍ദേശം ചെയ്ത നാലു പേരുമുള്‍പ്പെടെ 21 അംഗ പ്രവര്‍ത്തക സമിതി  നിലവില്‍ വന്നു. ടികെ. അബ്ദുല്ല, വി.കെ അലി, എം.വി മുഹമ്മദ് സലീം മൗലവി, കെ. അബ്ദുല്ലാ ഹസന്‍, കെ. ഇല്‍യാസ് മൗലവി, ടി.കെ ഉബൈദ്, മുഹമ്മദ് കാടേരി, പി. കെ. ജമാല്‍, ഇ.എന്‍. ഇബ്‌റാഹീം മൗലവി, വി.എ കബീര്‍, ഡോ. എ.എ ഹലീം, ടി.എച്ച് സെയ്തു മുഹമ്മദ്, ഹുസൈന്‍ സഖാഫി, കെ.എം അശ്‌റഫ്, കെ.എ ഖാദിര്‍ ഫൈസി, കെ.എ. യൂസുഫ് ഉമരി, അബ്ദുല്ലത്വീഫ് കൊടുവള്ളി, വി.പി. സുഹൈബ് മൗലവി, എച്ച്. ശഹീര്‍ മൗലവി, കെ.കെ. സുഹ്‌റ, ഖദീജ റഹ്‌മാന്‍ എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍. 

ഇത്തിഹാദുല്‍ ഉലമാ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബോഡിയാണ് പ്രവര്‍ത്തക സമിതി. ജനറല്‍ ബോഡിയില്‍ നിന്ന് ഭൂരിപക്ഷാഭിപ്രായപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 17 പേരും ജമാഅത്ത് ഹല്‍ഖാ അമീര്‍ അംഗങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യുന്ന നാല് പേരുമുള്‍പ്പെടെ 21 അംഗങ്ങളാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. 2016-2019 കാലയളവില്‍ 16 പ്രവര്‍ത്തക സമിതി യോഗങ്ങളും അഞ്ച്  ഭാരവാഹി യോഗങ്ങളും ചേര്‍ന്നു. 

ഭാരവാഹികള്‍
2016 ഒക്‌ടോബര്‍ 19- ന് രാവിലെ ഹിറാ സെന്ററില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പ്രശസ്ത പണ്ഡിതന്‍ വി.കെ. അലിയെ പ്രസിഡന്റും അല്‍ ജാമിഅഃ ശരീഅഃ ഫാക്കല്‍റ്റി ഡീന്‍ കെ.എം. അശ്‌റഫ് നീര്‍ക്കുന്നത്തെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എം. വി. മുഹമ്മദ് സലീം മൗലവി, കെ.എ. ഖാദിര്‍ ഫൈസി, കെ. ഇല്‍യാസ് മൗലവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും  ഡോ. എ.എ. ഹലീം, അബ്ദുല്ലത്വീഫ് കൊടുവള്ളി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 

പേര്, ഭരണഘടന
ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണ്ഡിത സംഘടനയുടെ പേര് 'ഇത്തിഹാദുല്‍ ഉലമാ കേരള' എന്ന് അംഗീകരിക്കപ്പെട്ടു. സെപ്റ്റംബറില്‍ ശാന്തപുരത്ത് ചേര്‍ന്ന രൂപവത്കരണ യോഗത്തില്‍  വി. കെ. അലി അവതരിപ്പിച്ച രൂപരേഖയെ അടിസ്ഥാനപ്പെടുത്തി സംഘടനാ ഭരണഘടനയുടെ കരട് തയാറാക്കാന്‍ കെ. അബ്ദുല്ലാ ഹസനെ ചുമതലപ്പെടുത്തി.  2017 മാര്‍ച്ച് അഞ്ചിന് ശാന്തപുരത്ത് ചേര്‍ന്ന സംഘടനയുടെ പ്രവര്‍ത്തക സമിതി യോഗം ഭരണഘടനയുടെ കരട് വിശദമായ ചര്‍ച്ചക്ക്  വിധേയമാക്കുകയും അനിവാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. 2017 ഏപ്രില്‍ 15-ന് പെരുമ്പിലാവില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭരണഘടന അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തു. 

അംഗങ്ങള്‍, ജനറല്‍ ബോഡി
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയ സ്ത്രീ - പുരുഷന്മാരാണ് സംഘടനയിലെ അംഗങ്ങള്‍. ഇത്തിഹാദുല്‍ ഉലമാ കേരളയുടെ ഭരണഘടന വായിച്ച് ഗ്രഹിച്ചശേഷം നിശ്ചിത ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുന്നവരുടെ അംഗത്വാപേക്ഷ പ്രസിഡന്റ് അംഗീകരിക്കുന്നതോടു കൂടിയാണ് ഒരാള്‍ അംഗമാകുന്നത്. എന്നാല്‍, സംഘടനയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുത്ത പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നതാണ്. 2016- 2019 കാലയളവില്‍ മൂന്ന് ജനറല്‍ ബോഡി യോഗങ്ങളാണ്  കൂടിയത്. 2016 സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച ശാന്തപുരത്ത്‌ചേര്‍ന്ന  സംഘടനാ രൂപവത്കരണ യോഗമാണ് ആദ്യത്തേത്. 2017 ജനുവരി 28-ന് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയുടെ നാലാമത് ബിരുദദാന സമ്മേളനത്തോടനുബന്ധിച്ചും പണ്ഡിതസമ്മേളനം ചേരുകയുണ്ടായി. ഇത്തിഹാദുല്‍ ഉലമാ കേരളയുടെ ഭരണഘടന അവതരിപ്പിച്ച് അംഗീകരിക്കുന്നതിനായി 2017 ഏപ്രില്‍ 15-ന് തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിലും ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി.

സംഘടനയുടെ അംഗത്വവൃത്തം വിപുലമാക്കാനുദ്ദേശിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇസ്‌ലാമിക കലാലയങ്ങളെ കേന്ദ്രീകരിച്ച് അംഗത്വ കാമ്പയില്‍ സംഘടിപ്പിക്കുകയുണ്ടായി.  തദടിസ്ഥാനത്തില്‍ ശാന്തപുരം അല്‍ ജാമിഅ: അല്‍ ഇസ്‌ലാമിയ:, ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ, കുറ്റ്യാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍, ആലുവ അസ്ഹറുല്‍ ഉലും, തളിക്കുളം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളില്‍  അംഗത്വ കാമ്പയിന്‍ പരിപാടികള്‍ നടന്നു.  കെ.എ. യൂസുഫ് ഉമരി, കെ.എം അശ്‌റഫ്, ടി.എച്ച്. സെയ്തു മുഹമ്മദ്, ഡോ. എ.എ ഹലീം,വി കെ അലി, കെ. ഇല്‍യാസ് മൗലവി,  അബ്ദുല്ലത്വീഫ് കൊടുവള്ളി, പി. കെ ജമാല്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി. പ്രവര്‍ത്തക സമിതിയംഗങ്ങളായ കെ.കെ. സുഹ്‌റ, ഖദീജ റഹ്‌മാന്‍  എന്നിവരുടെ ശ്രമഫലമായി ഏതാനും വനിതകളും സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്.

പ്രധാന സംരംഭങ്ങള്‍

ബോധനം ത്രൈമാസിക
 ഇത്തിഹാദുല്‍ ഉലമാ കേരളയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ് ബോധനം ത്രൈമാസിക. കാലിക പ്രാധാന്യമുള്ള  വിഷയങ്ങളില്‍ ദീനിന്റെ നിലപാട് മനസ്സിലാക്കാന്‍ സഹായകമായ ഗവേഷണ പഠനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബോധനം ഇപ്പോള്‍ ഇത്തിഹാദിന്റെ മുഖപത്രമെന്ന നിലയിലാണ് പുറത്തിറക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ മുസ്‌ലിം പണ്ഡിതരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ പ്രസിദ്ധീകരണത്തിനായിട്ടുണ്ട്.

വി. കെ. അലിയാണ് ചീഫ് എഡിറ്റര്‍. അബ്ദുല്ലത്വീഫ് കൊടുവള്ളി എക്‌സിക്യൂട്ടീവ് എഡിറ്ററും. ഇവര്‍ക്കു പുറമെ പി. കെ. ജമാല്‍, ഡോ. എ.എ. ഹലീം, കെ.ടി ഹുസൈന്‍, കെ. ഇല്‍യാസ് മൗലവി, കെ.എം. അശ്‌റഫ് എന്നിവര്‍ അംഗങ്ങളായ പത്രാധിപ സമിതിയാണ്  ബോധനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പത്രത്തിന്റെ അച്ചടിയും വിതരണവുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നത് പ്രബോധനം മാനേജ്‌മെന്റാണ്. പുതിയ രൂപത്തില്‍ ബോധനം  ഇതുവരെ ആറ് ലക്കങ്ങള്‍ പുറത്തിറങ്ങി.

ഫത്‌വാ കൗണ്‍സില്‍
പണ്ഡിതവേദിയുടെ മുമ്പാകെ എത്തുന്ന കര്‍മശാസ്ത്രപരവും മറ്റുമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഒരു ഫത്‌വാ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. വി.കെ. അലി, എംവി. മുഹമ്മദ് സലീം മൗലവി, കെ. അബ്ദുല്ലാ ഹസന്‍, മുഹമ്മദ് കാടേരി, കെ. ഇല്‍യാസ് മൗലവി, കെ.എം അശ്‌റഫ് എന്നിവരാണ്  ഫത്‌വാ ബോര്‍ഡ് അംഗങ്ങള്‍. ബൈത്തുസ്സകാത്ത്, സോളിഡാരിറ്റി, സംഗമം തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വിവിധ സന്ദര്‍ഭങ്ങളിലായി ലഭിച്ച വ്യത്യസ്ത വിഷയങ്ങളില്‍ കമ്മിറ്റി  ഫത്‌വാ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ ആറ് തവണ കമ്മിറ്റി യോഗം ചേര്‍ന്നു.

ടി. മുഹമ്മദ് സ്മാരക അവാര്‍ഡ്
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും  ഗുണകരമാവുന്ന വൈജ്ഞാനിക- ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദുല്‍ ഉലമാ കേരള, പ്രബോധനം പത്രാധിപരും പ്രമുഖ ഗവേഷകനും ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്ന കൊടിഞ്ഞി ടി. മുഹമ്മദ് സാഹിബിന്റെ  പേരില്‍  ഏര്‍പ്പെടുത്തിയതാണ് ടി. മുഹമ്മദ് സ്മാരക അവാര്‍ഡ്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് 50,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് നല്‍കുക.

പ്രധാന പരിപാടികള്‍

ബോധനം പ്രകാശനവും ഹദീസ് സെമിനാറും  
2018 ഏപ്രില്‍ 13 വെള്ളിയാഴ്ച കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ ബോധനം ത്രൈമാസികയുടെ പ്രകാശനവും ഹദീസ് സെമിനാറും നടത്തി. കണ്ണൂര്‍ ഐനുല്‍ മആരിഫ് ഡയറക്ടര്‍ ഹാഫിള് അനസ് മൗലവിക്ക് ഒന്നാം ലക്കം കോപ്പി കൈമാറി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രകാശനം നിര്വ്ഹിച്ചു. അനുബന്ധമായി നടന്ന ഹദീസ് സെമിനാറില്‍ ടി. കെ. അബ്ദുല്ല (സുന്നത്തിന്റെ ആവശ്യകത), വി.കെ. അലി (ഹദീസ് സ്വീകരണത്തിന്റെ മാനദണ്ഡങ്ങള്‍), ഹുസൈന്‍ സഖാഫി (സുന്നത്തിന്റെ പ്രാമാണികത), കെ. ഇല്യാെസ് മൗലവി (സുന്നത്ത് നിഷേധത്തിന്റെ ആധുനിക പ്രവണതകള്‍) എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഉള്ളടക്കം കൊണ്ടും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും മികച്ചതായിരുന്നു പരിപാടി.

ടി. മുഹമ്മദ് അവാര്‍ഡ് സമര്‍പ്പണവും സ്മാരക പ്രഭാഷണവും
പ്രഥമ ടി. മുഹമ്മദ്  സ്മാരക അവാര്‍ഡിനായി ലഭിച്ച എന്‍ട്രികള്‍ മൂല്യനിര്‍ണയം നടത്താന്‍  ഒ. അബ്ദുര്‍റഹ്‌മാന്‍, ഡോ. എ.ഐ റഹ്‌മത്തുല്ല, ഡോ. കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ അംഗങ്ങളായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക് രൂപം  നല്‍കി. പ്രസ്തുത കമ്മിറ്റി 2015-2017 കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായ മൗലിക സ്വഭാവമുള്ള  18 ഇസ്‌ലാമിക കൃതികളില്‍നിന്നാണ് ടി.പി മുഹമ്മദ് ശമീം പാപ്പിനിശ്ശേരിയുടെ മക്ക: കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക് എന്ന ഗ്രന്ഥം പ്രഥമ അവാര്‍ഡിന് തെരഞ്ഞെടുത്തത്. അവാര്‍ഡ്ദാന ചടങ്ങ്  തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളിലാണ് സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഒ. അബ്ദുര്‍റഹ്‌മാന്‍ ടി. മുഹമ്മദ്  അനുസ്മരണ പ്രഭാഷണവും അബ്ദുസ്സമദ് സമദാനി ബഹുസ്വരതയെ പുരസ്‌കരിച്ച് സ്മാരക പ്രഭാഷണവും നിര്‍വഹിച്ചു. പ്രശസ്ത നോവലിസ്റ്റ്  കെ. പി. രാമനുണ്ണി അവാര്‍ഡ്ദാനം നിര്‍വഹിച്ചു. പരിപാടിയില്‍  ടി. മുഹമ്മദ് സാഹിബിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആദ്യന്തമുണ്ടായി.

മുത്ത്വലാഖ് ചര്‍ച്ചയും മറ്റ് പരിപാടികളും
2016 നവംബര്‍ മൂന്നിന്  ഹിറാ സെന്ററില്‍ മുത്ത്വലാഖ്, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച്  പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പഠന ചര്‍ച്ച സംഘടിപ്പിച്ചു. ടി. കെ. അബ്ദുല്ല ആമുഖ ഭാഷണം നിര്‍വഹിച്ചു. പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സജീവമായി ചര്‍ച്ചയില്‍ പങ്കടുത്തു.

2017 ജനുവരി 28, 29 തീയതികളില്‍ ശാന്തപുരത്ത് നടന്ന ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് ഇത്തിഹാദുല്‍ ഉലമാ മുത്ത്വലാഖ് പ്രമേയമാക്കി പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു. ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതിയംഗങ്ങളായ  ഹുസൈന്‍ സഖാഫി (മുത്ത്വലാഖ് മദ്ഹബുകളില്‍), എം. വി മുഹമ്മദ് സലീം മൗലവി (മുത്ത്വലാഖ് മദ്ഹബേതര വീക്ഷണത്തില്‍), കെ. അബ്ദുല്ലാ ഹസന്‍ (മുത്ത്വലാഖ്: മുസ്‌ലിം നാടുകളിലെ പരിഷ്‌കരണങ്ങള്‍), കെ. ഇല്‍യാസ് മൗലവി (മുത്ത്വലാഖ്: സമന്വയ സാധ്യതകള്‍) എന്നീ തലക്കെട്ടുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ടി. കെ. അബ്ദുല്ല ചര്‍ച്ച സമാഹരിച്ച് സംസാരിച്ചു. 

ശാന്തപുരത്ത് രണ്ടു ദിവസങ്ങളിലായി നടന്ന ഹദീസ് പഠന ക്യാമ്പില്‍ കെ.എം അശ്‌റഫ്, കെ. ഇല്‍യാസ് മൗലവി, വി. കെ. അലി എന്നിവര്‍ ഇത്തിഹാദിനെ പ്രതിനിധീകരിച്ച് വിവിധ വിഷയങ്ങള്‍ അവതരപ്പിച്ചു. ലോകപ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞന്‍  ഡോ. മുന്‍ദിര്‍ കഹ്ഫിന്റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇത്തിഹാദുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ 2017 ഒക്‌ടോബര്‍ 23-ന് ശന്തപുരത്ത് ഒരു വൈജ്ഞാനിക ചര്‍ച്ചയും 'ഇസ്‌ലാമിക പ്രബോധനത്തിന്റെ യൂറോപ്യന്‍ അനുഭവങ്ങള്‍' എന്ന ശീര്‍ഷകത്തില്‍  പ്രമുഖ പണ്ഡിതന്‍ വി. പി. അഹമദ് കുട്ടി(കനഡ)യുടെ ക്ലാസ്സും സംഘടിപ്പിച്ചു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top