ഏകദൈവത്വ സിദ്ധാന്തം ജൂത-ക്രൈസ്തവ വേദങ്ങളില്‍

ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍‌‌
img

പുതിയ നിയമം തരാനോ പുതിയ മതം സ്ഥാപിക്കാനോ അല്ല ഞാന്‍ വന്നത്, മറിച്ച് മോശെയുടെ നിയമത്തെ നിലനിര്‍ത്താനും അതിന്റെ ചൈതന്യത്തോടെ നിയമങ്ങളെ എങ്ങനെ പാലിക്കണം എന്നു പഠിപ്പിക്കാനുമാണ് എന്നാണ് യേശു തന്റെ അനുയായികളോട് പറഞ്ഞത്. ന്യായപ്രമാണം എന്ന മോശെയുടെ നിയമം നിയമങ്ങളുടെ ഗാംഭീര്യം ബോധ്യപ്പെടുത്തുമ്പോള്‍, ആ നിയമങ്ങള്‍ ലാളിത്യത്തോടെയും ദൈവപ്രീതിയോടെയും എങ്ങനെ പിന്‍പറ്റാം എന്ന് സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു യേശു ചെയ്തത്. ദൈവിക വെളിപാടിനാല്‍ നടത്തിയ പ്രസ്തുത പാഠങ്ങളാണ് (ഏവന്‍ശേലിയോണ്‍) സുവിശേഷങ്ങള്‍ എന്നറിയപ്പെട്ടത്.

''ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്'' (മത്തായി 5:17).
അഥവാ മൂസവീ ശരീഅത്തിന്റെ അടിസ്ഥാനഗ്രന്ഥമായ തൗറാത്ത് തന്നെയായിരുന്നു ഈസാ നബിയും അടിസ്ഥാന പ്രമാണമായി പഠിപ്പിച്ചത്. തര്‍ബിയത്തിന്റെയും തസ്‌കിയത്തിന്റെയും പാഠങ്ങള്‍ ബനൂ ഇസ്രാഈലിന് പഠിപ്പിച്ചുകൊടുത്ത് അവരെ ഇഖാമത്തുദ്ദീനിനുവേണ്ടി സജ്ജരാക്കുക എന്നതായിരുന്നു ഈസാ നബിയുടെ ലക്ഷ്യം.
''അനന്തരം ഞാന്‍ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും. അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവര്‍ത്തും'' (അ. പ്ര. 15:17).

മൂസവീ ശരീഅത്തിന്റെയും തൗറാത്തിന്റെയും അടിത്തറയില്‍ ദാവൂദ് നബി പണിതുയര്‍ത്തിയ ഖിലാഫത്താണ് ദാവീദിന്റെ കൂടാരം എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത്. സുലൈമാന്‍ നബിയായിരുന്നു പിന്നീട് ഖിലാഫത്തിന് നേതൃത്വം നല്‍കിയത്. ബി.സി 900 ആണ്ടില്‍ രണ്ടായി വിഭജിക്കപ്പെട്ട് ഇസ്രായേല്‍, യുദയാ എന്നീ രണ്ട് ഖിലാഫത്തുകളായി അത് മാറി. ഇസ്രായേലിനെ അസ്സീറിയക്കാരും യൂദയായെ നെബുക്കദ് നസറും കീഴ്‌പ്പെടുത്തി. ബാബിലോണിയന്‍ ബന്ധനത്തില്‍നിന്ന് തിരിച്ചെത്തിയ യഹൂദാ ഗോത്രത്തിലെ ആളുകള്‍ വീണ്ടും യെരുശലേമില്‍ ആവാസമുറപ്പിച്ചു. അവര്‍ക്കിടയിലാണ് പ്രവാചകനായി യേശു ആഗതനാകുന്നത്.

ന്യായപ്രമാണത്തിലെ ഏകദൈവത്വം
ദൈവം മോശെക്കു നല്‍കിയ ജീവിതക്രമമാണ് ന്യായപ്രമാണത്തിലൂടെ ഇതള്‍ വിരിയുന്നത്. പത്തു കല്‍പനകളാണ് അടിസ്ഥാനങ്ങള്‍. അതില്‍ ആദ്യത്തെ നാലെണ്ണം ഇബാദത്തുകളുടെ താക്കോല്‍ വചനങ്ങളും പിന്നത്തെ ആറെണ്ണം മുആമലാത്തുകളുടെ താക്കോല്‍ വചനങ്ങളും ആകുന്നു.

''അടിമ വീടായ മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്'' (പുറപ്പാട് 20: 2-4).

''നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്.... ശാബത്തു നാളിനെ ശുദ്ധീകരിക്കാന്‍ ഓര്‍ക്ക'' (പുറപ്പാട് 20: 7,8).

ദൈവിക ഏകത്വം നാലു പ്രധാന കല്‍പനകളാക്കി കല്‍പലകയിലാണ് ദൈവം മോശെക്കു സമ്മാനിച്ചത്. ശിര്‍ക്കിലേക്ക് പതിച്ച് കര്‍മങ്ങള്‍ പാഴാക്കാന്‍ പാടില്ലെന്നുള്ള താക്കീതു കൂടിയായിരുന്നു അവയെ തുടര്‍ന്നു വരുന്ന വാക്യങ്ങള്‍:
''മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവമാകുന്നു. എന്നെ പകയ്ക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കുകയും എന്നെ സ്‌നേഹിച്ച് എന്റെ കല്‍പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു'' (പുറപ്പാട് 20:4-6).

കല്‍പലകയില്‍ നല്‍കിയ ബാക്കി ആറു കല്‍പനകള്‍ ഇവയായിരുന്നു:
''അപ്പനെയും അമ്മയെയും ബഹുമാനിക്കുക, കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കൂട്ടുകാരനു നേരെ കള്ളസാക്ഷ്യം പറയരുത്, കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്'' (പുറപ്പാട് 20: 12-17).

ദൈവം മോശെക്കു നല്‍കിയ ഈ കല്‍പനകളെ ഒന്നടങ്കം ദുര്‍ബലപ്പെടുത്തി സ്വന്തമായൊരു പുതിയ നിയമം യേശുവിന്റെ പേരില്‍ പടച്ചുണ്ടാക്കുകയാണ് പൗലോസ് ചെയ്തത്. അതുകൊണ്ടുതന്നെ പുതിയ നിയമത്തിന്റെ ആളുകള്‍ക്ക് ശിര്‍ക്ക് ഒരു പ്രശ്‌നമായി തോന്നിയതേ ഇല്ല. എന്നാല്‍ ന്യായപ്രമാണം പഠനവിധേയമാക്കുമ്പോള്‍ ഒന്നാം കല്‍പനയുടെ ലംഘനം അക്ഷന്തവ്യമായ അപരാധമായാണ് അവിടെ പരിചയപ്പെടുത്തുന്നതെന്നു കാണാം.

''അപ്പോള്‍ യഹോവ മോശെയോട് കല്‍പിച്ചത്; നീ യിസ്രയേല്‍ മക്കളോട് ഇപ്രകാരം പറയേണം: ഞാന്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിച്ചത് നിങ്ങള്‍ കണ്ടിരിക്കുന്നുവല്ലോ? എന്റെ സന്നിധിയില്‍ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങള്‍ ഉണ്ടാക്കരുത്'' (പുറപ്പാട് 20: 22,23).

''ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല'' (പുറപ്പാട് 8:10).
''നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ നശിപ്പിക്കാതിരിക്കാന്‍ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്. നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മധ്യേ തീക്ഷ്ണതയുള്ള ദൈവമാകുന്നു'' (ആവര്‍ത്തനം 6: 14,15).

യഹോവയുടെ സ്ഥാന മഹിമകളും അവന്‍ ബനൂ ഇസ്രാഈലിനോടു ചെയ്ത നന്മകളും ഓര്‍ത്ത് അവനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കണമെന്നതായിരുന്നു ഇസ്രായേലിലെ ഓരോ പ്രവാചകന്മാരുടെയും ആഹ്വാനം.

''നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ? അവന്‍ മുഖം നോക്കുന്നില്ല. പ്രതിഫലം വാങ്ങുന്നതുമില്ല. അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു. പരദേശിയെ സ്‌നേഹിച്ച് അവന് അന്നവും വസ്ത്രവും നല്‍കുന്നു. ആകയാല്‍ നിങ്ങളും പരദേശിയെ സ്‌നേഹിപ്പിന്‍. നിങ്ങളും മിസ്രയീം ദേശത്ത് പരദേശികളായിരുന്നുവല്ലോ? നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം, അവനെ സേവിക്കേണം, അവനോടു ചേര്‍ന്നിരിക്കേണം, അവന്റെ നാമത്തില്‍ സത്യം ചെയ്യേണം. അവന്‍ ആകുന്നു നിന്റെ പുകഴ്ച. അവന്‍ ആകുന്നു നിന്റെ ദൈവം'' (ആവര്‍ത്തനം 10: 17-20).
ഏകദൈവ വിശ്വാസം ലംഘിച്ചവര്‍ക്കുള്ള ശിക്ഷ യഹൂദന്മാരുടെ തന്നെ നിയമപുസ്തകങ്ങളില്‍ ഇപ്രകാരമാണ് വിവരിക്കുന്നത്:

'ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍: അതിനോട് കൂട്ടരുത്; അതില്‍നിന്ന് കുറക്കുകയും അരുത്. നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകനോ ഒരു സ്വപ്‌നക്കാരനോ എഴുന്നേറ്റു: നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍ ആ പ്രവാചകന്റെയോ സ്വപ്‌നക്കാരന്റെയോ വാക്കു നീ കേട്ട് അനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും കൂടെ നിങ്ങള്‍ സ്‌നേഹിക്കുന്നുവോ എന്നു അറിയേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാണ്. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്‍പന പ്രമാണിച്ചു അവന്റെ വാക്ക് കേള്‍ക്കുകയും അവനെ സേവിച്ച് അവനോട് ചേര്‍ന്നിരിക്കയും വേണം.

ആ പ്രവാചകനോ സ്വപ്‌നക്കാരനോ മിസ്രയീം ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവക്ക് വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ കല്‍പിച്ച വഴിയില്‍നിന്ന് നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ട് അവനെകൊല്ലേണം; അങ്ങനെ നിന്റെ മധ്യേനിന്ന് ദോഷം നീക്കിക്കളയേണം. നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റം മുതല്‍ മറ്റെ അറ്റം വരെ സമീപത്തോ ദൂരത്തോ ഉള്ള ജ്ഞാനികളുടെ ദേവന്മാരില്‍വെച്ച് നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാര്‍വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്‌നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാന്‍ നോക്കിയാല്‍ അവനോട് യോജിക്കയോ അവന്റെ വാക്കുകേള്‍ക്കയോ ചെയ്യരുത്; അവനോട് കനിവു തോന്നുകയോ അവനോട് ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. അവനെ കൊല്ലേണ്ടതിന് ആദ്യം നിന്റെ കൈയും പിന്നെ സര്‍വജനത്തിന്റെ കൈയും അവന്റെ മേല്‍ ചെല്ലേണം. അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളവാന്‍ അവന്‍ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞു കൊല്ലണം. ഇനി നിങ്ങളുടെ ഇടയില്‍ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാന്‍ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

നിങ്ങളറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കണമെന്ന് പറയുന്ന നീചന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്ന് പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവ നിനക്ക് പാര്‍പ്പാന്‍ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളില്‍ ഒന്നിനെക്കുറിച്ചു കേട്ടാല്‍ നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേഛത നിങ്ങളുടെ ഇടയില്‍ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്‍ നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാല്‍ കൊന്നു അതും അതിലുള്ളതൊക്കെയും അതിന്റെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാല്‍ ശപഥാര്‍പ്പിതമായി സംഹരിക്കേണം!
ആവര്‍ത്തനം: 13 (അധ്യായം)
ഇസ്രായേലിന്റെ സര്‍വസഭക്കും മുമ്പാകെ മോശെ കേള്‍പ്പിച്ച വചനങ്ങളില്‍ ശിര്‍ക്കിനെതിരെയുള്ള ദൈവകോപം തെളിഞ്ഞുകാണാം:
''അവര്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു. മ്ലേഛതകളാല്‍ അവനെ കോപിപ്പിച്ചു.
അവര്‍ ദുര്‍ഭൂതങ്ങള്‍ക്ക്, ദൈവമല്ലാത്തവയ്ക്ക് തങ്ങള്‍ അറിയാത്ത ദേവന്മാര്‍ക്ക് ബലികഴിച്ചു.

അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല.
അവ നൂതനമായി ഉദ്ഭവിച്ച നവീന മൂര്‍ത്തികള്‍ അത്രേ.....
അവര്‍ വക്രതയുള്ള തലമുറ നേരില്ലാത്ത മക്കള്‍
ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി.
മിഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു.
ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവര്‍ക്ക് എരിവു വരുത്തും.
മൂഢ ജാതിയെക്കൊണ്ട് അവരെ മുഷിപ്പിക്കും.
എന്റെ കോപത്താല്‍ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും.
ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ച് പര്‍വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചു കളയും.
ഞാന്‍ അനര്‍ഥങ്ങള്‍ അവരുടെ മേല്‍ കുനിക്കും.
എന്റെ അസ്ത്രങ്ങള്‍ അവരുടെ നേരെ ചെലവിടും.
അവര്‍ വിശപ്പുകൊണ്ട് ക്ഷയിക്കും.
ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന്‍ അവരുടെ ഇടയില്‍ അയക്കും.
വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും'' (ആവര്‍ത്തനപുസ്തകം 32:16-25).

സുവിശേഷങ്ങളിലെ ഏകദൈവത്വം
ന്യായപ്രമാണങ്ങളിലുള്ള ഏകദൈവത്വം തന്നെയായിരുന്നു സുവിശേഷങ്ങളിലൂടെ യേശു പഠിപ്പിച്ചിരുന്നത്. ഇസ്രായേല്‍ ജനത്തിനു ദൈവം നല്‍കിയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കൂട്ടത്തില്‍ ഏറ്റവും ഒന്നാമതായി നല്‍കിയ ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന കല്‍പന അതേ രൂപത്തില്‍ തന്നെ യേശു, മുഖ്യ കല്‍പന ഏതെന്ന് അന്വേഷിച്ച യഹൂദ പണ്ഡിതനോട് പറയുന്നതായി കാണാം:

''ശാസ്ത്രിമാരില്‍ ഒരുവന്‍ എല്ലാറ്റിലും മുഖ്യ കല്‍പന ഏതെന്ന് അവനോടു ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യ കല്‍പനയോ: യിസ്രയേലേ കേള്‍ക്ക; നമ്മുടെ കര്‍ത്താവായ യഹോവ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കേണം എന്നാകുന്നു'' (മാര്‍ക്കോസ് 12:29-31, ആവര്‍ത്തനം 6:4).

മത്തായിയുടെ സുവിശേഷത്തില്‍, പിശാച് തനിക്കു സുജൂദ് ചെയ്താല്‍ ലോകത്തുള്ള സകല രാജ്യങ്ങളും അവയുടെ മഹത്വങ്ങളും യേശുവിന് നല്‍കാം എന്നു പറയുമ്പോള്‍ 'സാത്താനേ, എന്നെ വിട്ടുപോ, നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ' എന്ന് പറഞ്ഞ് പിശാചിനെ ആട്ടിയകറ്റുന്നതായി കാണാം (മത്തായി 4:10, ആവര്‍ത്തനം 6:13).
ഗത്‌സമന തോട്ടത്തിലും ഒലിവു മലയിലും യേശു ഏകനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി കാണാം (മത്തായി 26:36, യോഹന്നാന്‍ 8:1).
പിന്നീട് എങ്ങനെയാണ് യേശുവിന്റെ അനുയായികള്‍ ദൈവത്തോടൊപ്പം യേശുവിനെയും ജിബ്‌രീലിനെയും വിളിച്ചു പ്രാര്‍ഥിക്കാന്‍ തുടങ്ങിയത്? ഈ വ്യതിചലനം ഈസാ നബിയുടെ പേരിലുള്ള ഒരു സമൂഹത്തിലായതിനാല്‍ ജാഗ്രതയോടെ ആ പാഠങ്ങള്‍ പഠിക്കേണ്ടത് ഇന്നത്തെ ഇസ്‌ലാമിക സമൂഹത്തിനും ആവശ്യമാണ്.

ഇവ്വിഷയകമായി ഈസാ നബിയുടെ കീഴിലുണ്ടായ സമൂഹത്തെ രണ്ടായി വിഭജിക്കാം: മൂസവീ ശരീഅത്ത് അംഗീകരിക്കുകയും നമസ്‌കാരം, നോമ്പ്, വ്രതം, തീര്‍ഥാടനം, സുന്നത്ത് എന്നീ ശരീഅത്ത് അനുശാസിക്കുന്ന എല്ലാ കര്‍മങ്ങളും ചെയ്യുന്നതോടൊപ്പം, ദൈവത്തില്‍നിന്ന് നിയുക്തനായ 'മസീഹ്' അഥവാ മിശിഹാ ആണ് ഈസാ നബി എന്നു വിശ്വസിക്കുകയും അദ്ദേഹത്തിന്റെ 'ഇഞ്ചീല്‍' കൂടി അംഗീകരിച്ച് യഥാര്‍ഥ സത്യവിശ്വാസികളായി, ഹവാരികളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു വിഭാഗം. അരമായ ഭാഷയില്‍ 'മഹൈമിനോ' എന്നും അറബിഭാഷയില്‍ 'മുഅ്മിന്‍' എന്നും വിളിക്കപ്പെട്ട വിഭാഗമായിരുന്നു അവര്‍. തൗറാത്തും ഇഞ്ചീലും ഒരുപോലെ അംഗീകരിച്ചിരുന്ന ഈസാ നബിയുടെ പന്ത്രണ്ട് ശിഷ്യന്മാരെ പുറന്തള്ളി, ഇനിമേലില്‍ തൗറാത്ത് വേണ്ട 'ഈസാ നബിയുടെ കുരിശു മരണമാണ് രക്ഷക്കുള്ള വഴി' എന്ന വാദവുമായി പ്രത്യക്ഷപ്പെട്ട പൗലോസിന്റെ അനുയായികളുടെ വിഭാഗമാണ് മറ്റൊന്ന്. അവര്‍ അരമായ ഭാഷയില്‍ 'മ്ശീഹായേന്‍' എന്നും അറബി ഭാഷയില്‍ 'മസീഹിയ്യീന്‍' എന്നും അറിയപ്പെട്ടു.

സത്യവിശ്വാസികള്‍ എന്നും ക്രിസ്ത്യാനികള്‍ എന്നും അറിയപ്പെട്ട ഈ രണ്ടു വിഭാഗങ്ങളും പരസ്പരം അംഗീകരിച്ചിരുന്നില്ല. എന്നു മാത്രമല്ല ഇന്നത്തെ ഔദ്യോഗിക ബൈബിളിലെ, ശലാത്യലേഖനം, കൊരിന്ത്യ ലേഖനം, അപ്പോസ്തലപ്രവൃത്തികള്‍ തുടങ്ങി പല ഗ്രന്ഥങ്ങളിലും ഇവര്‍ തമ്മിലുള്ള സംഘട്ടനങ്ങളും ഒത്തുതീര്‍പ്പുകളും വീണ്ടും സംഘട്ടനങ്ങളും വായിച്ചു മനസ്സിലാക്കാനാവും.

ക്രിസ്ത്വബ്ദം എഴുപതുകളില്‍ നടന്ന റോമന്‍ ആക്രമണത്തില്‍ സത്യവിശ്വാസികളുടെ നേതാക്കളായ പന്ത്രണ്ടു ശിഷ്യന്മാരും ആയിരക്കണക്കിന് സത്യവിശ്വാസികളും രക്തസാക്ഷികളായി. പിന്നീട് ഈസാ നബിയുടെ പേരു പറഞ്ഞ് ചരിത്രത്തില്‍ മുഖ്യധാരയായി രേഖപ്പെടുത്തപ്പെട്ടത്, പൗലോസിന്റെ വഴിയിലൂടെ 'രക്ഷാകര പദ്ധതി' പറഞ്ഞു വന്ന ക്രിസ്ത്യാനികള്‍ ആയിരുന്നു.

'യേശു മനുഷ്യന്റെ പാപം വഹിച്ച് കുരിശില്‍ മരിച്ചു' എന്ന് വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികളിലാണ് പിന്നീട് ത്രിയേകത്വം എന്ന സിദ്ധാന്തം പ്രചരിച്ചത്. ത്രിയേകത്വത്തിലേക്ക് സഭകള്‍ എത്തിച്ചേര്‍ന്ന നാള്‍വഴികളും വാദമുഖങ്ങളും ക്രിസ്തീയ ചരിത്രഗ്രന്ഥങ്ങളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകദൈവ വിശ്വാസം ക്രിസ്തുമതത്തില്‍
യഹൂദരുടെ ന്യായപ്രമാണത്തിലും ക്രൈസ്തവരുടെ സുവിശേഷ ഗ്രന്ഥങ്ങൡലും കൃത്യമായും വ്യക്തമായും ഏകദൈവാരാധനയെക്കുറിച്ച് പറഞ്ഞിരിക്കെ, 'ത്രിയേക ദൈവം' എന്ന സിദ്ധാന്തത്തിലേക്ക് ക്രൈസ്തവ സഭകള്‍ എത്തിച്ചേര്‍ന്നത്, സഭാ പിതാക്കളുടെ കൂടിയാലോചനകളുടെ ഫലമായിട്ടായിരുന്നു. 'കുരിശുമരണം' രക്ഷാകര പദ്ധതിയായി പൗലോസ് അവതരിപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും മനുഷ്യനായ യേശു എങ്ങനെ മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കും എന്ന പ്രശ്‌നം അപരിഹൃതമായി കിടന്നിരുന്നു.

''ഏകദൈവാരാധനയെ മുറുകെ പിടിച്ചിരുന്ന വിഭാഗമാണ് യഹൂദര്‍. അതിനാല്‍ ആദിമ നൂറ്റാണ്ടില്‍ യഹൂദ മതത്തില്‍നിന്നും ഉത്ഭവിച്ച ക്രിസ്തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ക്രിസ്തു ദൈവപുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നീ അതീവ ദുര്‍ഘട സന്ധിയെയാണ് സഭാപിതാക്കന്മാര്‍ അഭിമുഖീകരിച്ചത്'' (19, പരിശുദ്ധ ത്രിത്വം).
സഭാ പിതാക്കന്മാര്‍ അഭിമുഖീകരിച്ച ദുര്‍ഘട സന്ധി ഇതായിരുന്നു. മനുഷ്യന്‍ മനുഷ്യന്റെ പാപമേല്‍ക്കില്ല; അപ്പോള്‍ യേശു ദൈവമാകേണ്ടിയിരിക്കുന്നു. യേശു ദൈവമാണെന്നു വാദിച്ചാല്‍ ബഹുദൈവാരാധന എന്ന മഹാപാപത്തിലേക്ക് വഴിപിഴച്ചുപോകും.

''ദൈവം ഒന്നേയുള്ളൂ എന്ന പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും സാക്ഷ്യവും യേശു ദൈവപുത്രനാണെന്ന വസ്തുതയും അപ്പോസ്തലാനന്തര കാലത്തെ പ്രയാസമേറിയ ദൈവശാസ്ത്ര പ്രശ്‌നമായിരുന്നു'' (45, ത്രിതൈ്വക ദൈവം).
അപ്പോസ്തലന്മാരും എന്തിന് പൗലോസ് പോലും അനുഭവിക്കാത്ത പ്രതിസന്ധിയായിരുന്നു സഭാതലവന്മാര്‍ അഭിമുഖീകരിച്ചത്. അക്കാലങ്ങളില്‍ ഉണ്ടായിരുന്ന വിവിധ കൂട്ടായ്മകളുടെ വിശ്വാസങ്ങളില്‍ ചിലത് വേദപ്രമാണങ്ങള്‍ക്കനുസൃതവും ചിലത് അവക്കു വിരുദ്ധവും ആയിരുന്നു.

പൗലോസിനെ അപ്പോസ്തലനായി ഗണിക്കാതെ, മത്തായിയുടെ സുവിശേഷവും മോശെയുടെ നിയമവും മാത്രം അംഗീകരിച്ചിരുന്ന ഇബിയോണൈറ്റ്‌സുകളുടെ കൂട്ടായ്മ, മോഡലിസം അംഗീകരിച്ച സെബല്ല്യൂസിന്റെ അനുയായികള്‍, പിതാവ് കുരിശില്‍ തൂങ്ങി മരിച്ചു എന്നു വാദിച്ച പിതൃസഹനവാദികള്‍, പുത്രന്‍ പിതാവിനു വിധേയനാണ്, പരിശുദ്ധാത്മാവ് പിതാവിനും പുത്രനും വിധേയനാണ് എന്നു വാദിച്ച വിധേയത്വവാദക്കാര്‍, പരിശുദ്ധാത്മാവ് മാലാഖ മാത്രമാണെന്നു വാദിച്ച മാസിഡോണിയനിസത്തിന്റെ വക്താക്കള്‍, വേറിട്ട മൂന്നു ദൈവങ്ങള്‍ ഉണ്ട് എന്നു വാദിച്ച ത്രിദൈവവാദികള്‍ തുടങ്ങി എണ്ണമില്ലാത്ത സിദ്ധാന്തങ്ങളും അവയുടെ അനുയായികളും ഇവ്വിഷയകമായി രൂപം കൊണ്ടു.

''പ്രത്യക്ഷത്തിലുള്ള വൈരുധ്യത്തിന് സഭകണ്ടെത്തിയ പരിഹാരം ആദ്യകാല കൗണ്‍സിലുകളിലൂടെയാണ് ഉറപ്പിക്കപ്പെട്ടത്. ഈ രംഗത്തെ പ്രധാന നാഴികക്കല്ലുകളാണ്, നിഖ്യ I (325), കോണ്‍സ്റ്റാന്റിനോപ്പിള്‍ I (381), എഫേസൂസ് (431), കാല്‍സെഡോണ്‍ (451) എന്നീ സുനഹദോസുകള്‍'' (45, ത്രിതൈ്വക ദൈവം).

ഒന്നാം നിഖയ്യാ കൗണ്‍സില്‍ 325
അരിയൂസും അത്തനാസിയൂസും തമ്മിലായിരുന്നു നിഖയ്യാ കൗണ്‍സിലിലെ വാദപ്രതിവാദം. യേശു ഒരു സൃഷ്ടി മാത്രമാണെന്നും അവനില്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അവന് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു എന്നും അരിയൂസ് വാദിച്ചു. അത്തനാസിയൂസ് ഈ വാദങ്ങളെ എതിര്‍ക്കുകയും അങ്ങനെ വാദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണെന്നും വാദമുയര്‍ത്തി.

''ഏകസത്ത എന്ന വാക്കുപയോഗിച്ചാണ് നിഖയ്യാ സുനഹദോസ് കര്‍ത്താവായ യേശു ക്രിസ്തുവിന്റെ പിതാവുമായുള്ള പൂര്‍ണ ദൈവിക ഐക്യവും പൂര്‍ണ ദൈവത്വവും പ്രഖ്യാപിക്കുന്നത്'' (103. ത്രിതൈ്വക ദൈവം).

OUSIA എന്ന പദമാണ് സത്ത എന്നു പരിഭാഷ നല്‍കിയിരിക്കുന്നത്. 'ഊസിയ' എന്ന പുരാതന ഗ്രീക്കു പദത്തിന് അറബിയില്‍ 'സ്വിഫത്തി'ന് തുല്യമായ അര്‍ഥം നല്‍കാം. 'സ്വിഫത്തു'കളില്‍ അഥവാ വിശേഷണങ്ങളില്‍ തുല്യവും 'ദാത്തി'ല്‍ അഥവാ അസ്തിത്വത്തില്‍ മൂന്നും ആയ മൂന്നു വ്യക്തികളുടെ ഐക്യത്തെയാണ് ത്രിയേകത്വം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. അവര്‍ തമ്മില്‍ അനൈക്യത്തിലല്ല, ഐക്യത്തിലാണെന്നു മാത്രമാണ് സത്തയില്‍ ഒന്നാണ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്: ''ദൈവം മൂവരില്‍ ഒരുവനാണ് എന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ ജല്‍പനങ്ങളില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും'' (വിശുദ്ധ ഖുര്‍ആന്‍ 5:73).

'യീലീ ദൊ വ്‌ലൊ അബീദൊ' ജനിച്ചവനും സൃഷ്ടിയില്ലാത്തവനും എന്ന് നിഖയ്യാ വിശ്വാസപ്രമാണത്തില്‍ എഴുതിയിട്ടുണ്ട്. 'യീലീദൊ' എന്നാല്‍ ജനിച്ചവന്‍ എന്നാണര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ നിഖയ്യയിലെ വിശ്വാസപ്രമാണത്തിന് മറുപടിയെന്ന വണ്ണമാണ് 'ലം യലിദ് വലം യൂലദ്' എന്നു പറയുന്നതെന്ന് കൃത്യമായി ആ പദാവലികള്‍ ബോധ്യപ്പെടുത്തുന്നു. 'അവന്‍ ജനിച്ചിട്ടില്ല ആരെയും ജനിപ്പിച്ചിട്ടുമില്ല' എന്നത് ശക്തമായ മറുപടിയും താക്കീതും തന്നെയാണ്.

'പുത്രന്‍' എന്ന സംസ്‌കൃത പദത്തിനര്‍ഥം 'പും എന്ന നരകത്തില്‍നിന്ന് ത്രാണനം ചെയ്യിക്കുന്നവനാരോ അവന്‍ പുത്രന്‍' എന്നാണ്. വ്യാവഹാരികമായി പുത്രന്‍ എന്നു പറയുമ്പോള്‍ മലയാളത്തില്‍ 'മകന്‍', 'ആണ്‍കുട്ടി' എന്നീ അര്‍ഥങ്ങളാണ് ലഭിക്കുന്നത്.  ''ദൈവത്തിനൊരു ആണ്‍കുട്ടിയുണ്ട് എന്നു പറഞ്ഞവരെ താക്കീതു ചെയ്യാനാണ് (ഈ വേദഗ്രന്ഥം)'' (ഖുര്‍ആന്‍ 18:4).

കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ 381
പരിശുദ്ധാത്മാവ് ഒരു മാലാഖയാണ് എന്നു പറഞ്ഞ മാസിഡോണിയസിനെ ശപിച്ചു പുറം തള്ളിയാണ് 381-ല്‍ പരിശുദ്ധാത്മാവ് ദൈവിക ആളത്വങ്ങളില്‍ ഒന്നാണ് എന്ന് പ്രമേയം പാസ്സാക്കിയത്.

''കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ പരിശുദ്ധാത്മാവിനെതിരെയുള്ള എല്ലാ സിദ്ധാന്തങ്ങളെയും തള്ളിപ്പറഞ്ഞു. കപ്പദോസ്യന്‍ പിതാക്കന്മാരുടെയും നിഖയ്യാ കൗണ്‍സിലിന്റെയും ജറൂസലേമിലെ സിറിലിന്റെയും അലക്‌സാണ്ട്രിയയിലെ അത്തനാസിയൂസിന്റെയും വീക്ഷണങ്ങള്‍ കൗണ്‍സില്‍ രൂപം നല്‍കിയ വിശ്വാസ പ്രമാണത്തില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്തു'' (105, ത്രിതൈ്വക ദൈവം).
പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നിങ്ങനെയുള്ള വ്യക്തികളില്‍ ഒരാളായി ദൈവത്തെ പൂജിക്കുന്നതിനെയാണ് ഖുര്‍ആന്‍ സത്യനിഷേധമായി പറഞ്ഞത്.

ചുരുക്കം
ഈസാ നബി(അ) മൂസവീ ശരീഅത്തിന്റെ തുടര്‍ച്ചയായി കൊണ്ടുവന്ന ഇഞ്ചീല്‍ പിന്‍പറ്റിയ സമൂഹത്തില്‍നിന്നും ഒരു വിഭാഗം ഈസാ നബിയുടെ മരണത്തില്‍ ആണ് മാനവകുലത്തിന്റെ രക്ഷ എന്നു പറഞ്ഞ് വ്യതിചലിച്ചുപോയി. അവര്‍ ഉന്നയിച്ച രക്ഷാകര പദ്ധതിയുടെ ന്യായീകരണം തേടി പോയി പോയി അവര്‍ തൗഹീദിനു പകരം ത്രിയേകത്വവും പ്രവാചകത്വത്തിനു പകരം അവതാര സങ്കല്‍പവും മരണാനന്തര ജീവിതത്തിനു പകരം കുരിശുമരണം വഴിയുള്ള രക്ഷയും അംഗീകരിച്ചു. അതിനാലായിരിക്കാം വിശ്വാസികളോട്, പതിനേഴു തവണ നിര്‍ബന്ധമായും നടത്തേണ്ട പ്രാരംഭ പ്രാര്‍ഥനയുടെ ഒടുക്കം 'വഴിതെറ്റിപ്പോയ ആളുകളുടെ മാര്‍ഗത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ' എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാഹു അനുശാസിച്ചിരിക്കുന്നത്. 

കൂടുതല്‍ പഠനങ്ങള്‍ക്ക്
1.    പരിശുദ്ധ ത്രിത്വം, ഫാ. ജോസഫ് പാംപ്ലനി, ആല്‍ഫാ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തലശ്ശേരി - 2014.
2.    ത്രിയേകത്വം - ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍, മുഹമ്മദ് ഈസ, നിച്ച് പബ്ലിക്കേഷന്‍സ്, തൃശൂര്‍ - 2016.
3.    ത്രിതൈ്വക ദൈവം - ക്രിസ്തീയ ദര്‍ശനവും ജീവിതവും, ഡോ. ജോര്‍ജ് കാരക്കുന്നേല്‍, ദൈവശാസ്ത്ര കറസ്‌പോണ്ടന്റ്‌സ് കോഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഫിലോസഫി ആലുവ - 2017.
4.    ക്രൈസ്തവതയുടെ വര്‍ത്തമാനം
5.    യെരുശലേമിന്റെ സുവിശേഷം
6.    തീഥേ മല്‍കുഥാക് - നിന്റെ രാജ്യം വരേണമേ, ഇ.എം സക്കീര്‍ ഹുസൈന്‍, ഐ.പി.എച്ച് കോഴിക്കോട് 2017.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top