'മുബ്തദിഅ്' മരിച്ചാല്‍ ആഹ്ലാദ പ്രകടനം!
സദ്‌റുദീന്‍ വാഴക്കാട്
സന്തോഷത്തിലെ പങ്കാളിത്തവും സന്താപത്തില്‍ ആശ്വാസം പകരലും ആശയപരമായ ഭിന്നതകള്‍ക്കും പാര്‍ട്ടി, കക്ഷി വ്യത്യാസങ്ങള്‍ക്കും അതീതമായി നിര്‍വഹിക്കപ്പെടേണ്ടതാണ്. അഭിപ്രായ ഭിന്നതകളുടെ ചൂട് നിലനില്‍ക്കെത്തന്നെ സ്‌നേഹ-സാഹോദര്യത്തിന്റെ കുളിര് പകരാന്‍ കഴിയുക ഉന്നതമായ സംസ്‌കാരത്തിന്റെ അടയാളമത്രെ. അടുപ്പക്കാര്‍ സന്തോഷത്തിലും സന്താപത്തിലും അകംനിറഞ്ഞ പങ്കാളിത്തം നിര്‍വഹിക്കാനെത്തും. അകന്നുനില്‍ക്കുന്നവര്‍ പോലും രണ്ട് സന്ദര്‍ഭങ്ങളിലും ഒരടുപ്പം കാണിക്കും. അപകടം, അസുഖം, മരണം തുടങ്ങിയ പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും പിണക്കവും എതിര്‍പ്പും ശത്രുതയും മറന്ന് മനുഷ്യര്‍ പൊതുവില്‍ കൂടെ നില്‍ക്കാന്‍ ശ്രമിക്കുന്നത് സാധാരണമാണ്. പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സൗഹൃദം പങ്കിടാനെത്താറുണ്ട്. മനസ്സില്‍ യാതൊരു നന്മയും നനവും ശേഷിച്ചിട്ടില്ലാത്ത കഠിനഹൃദയരും ക്രൂരന്മാരും മാത്രമേ ഇതിന് അപവാദമായുണ്ടാകൂ. സായുധസംഘട്ടനം തൊഴിലാക്കിയ ക്രിമിനല്‍ മാഫിയാ സംഘങ്ങള്‍ക്ക് എതിരാളികളുടെ അസുഖവും മരണവും ആഘോഷമാകാറുണ്ട്. ഇതു പക്ഷേ, നല്ല മനുഷ്യര്‍ക്ക് പൊതുവിലും മുസ്‌ലിമിന് വിശേഷിച്ചും സ്വീകാര്യമായ സമീപനമേ അല്ല. എങ്കില്‍പിന്നെ, ഭിന്നാഭിപ്രായം പുലര്‍ത്തുന്നവരുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന മത സംഘടനാ മാനസികാവസ്ഥയെ എന്തു പേരിട്ടു വിളിക്കണം!?
മരിച്ചവര്‍ക്ക് ആദരവ്
ഇസ്‌ലാം മനുഷ്യനെ ആദരിച്ച ദര്‍ശനമാണ്. മതം, സമുദായം, ദേശം, വംശം, തൊഴില്‍, ധനം തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ലാത്ത ആദരവാണിത്. അല്ലാഹു എല്ലാ മനുഷ്യരെയും ആദരിച്ചുവെന്ന് ഖുര്‍ആന്‍ (അല്‍ ഇസ്‌റാഅ് 70) പറയുന്നു. അല്ലാഹു ആദരിച്ച മനുഷ്യരെ ആദരിക്കാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്കും അക്രമികള്‍ക്കും വരെ ഭൂമിയില്‍ അല്ലാഹുവിന്റെ സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിക്കാന്‍ അല്ലാഹു അവസരം നല്‍കുന്നു. അവരുടെ ധിക്കാരവും അക്രമവും കണ്ടിട്ടും അല്ലാഹു അവര്‍ക്ക് ഐഹികവിഭവങ്ങള്‍ വിലക്കുന്നില്ല. അവരുടെ കര്‍മങ്ങളുടെ വിചാരണയും ശിക്ഷയുമൊക്കെ പരലോകത്താണ് നടക്കുക. കര്‍മങ്ങള്‍ തൂക്കി നോക്കി സ്വര്‍ഗനരകങ്ങള്‍ തീരുമാനിക്കേണ്ടത് നാമല്ല. സത്യസന്ദേശം എത്തിച്ചുകൊടുക്കുക മാത്രമാണ് സത്യവിശ്വാസികളുടെ ഉത്തരവാദിത്തം. സത്യനിഷേധികളുടെയും ധിക്കാരികളുടെയും കാര്യം ഇങ്ങനെയാണെങ്കില്‍, മുസ്ലിം സമൂഹത്തിലെ അവാന്തര വിഭാഗങ്ങളുടെ അവസ്ഥയെന്താണ്! വിയോജിപ്പുള്ളവരുടെ കര്‍മങ്ങളുടെ കണക്കെടുക്കാനും സ്വര്‍ഗനരകങ്ങള്‍ തീരുമാനിക്കാനും നമ്മെ ആരാണ് ചുമതലപ്പെടുത്തിയത്! നമ്മുടെ ആശയാദര്‍ശം സ്വീകരിക്കാത്തവരെ കാഫിര്‍, മുശ്‌രിക്, മുബ്തദിഅ് മുദ്രകുത്താന്‍ നമ്മളാരാണ്! ആദര്‍ശ വിയോജിപ്പുള്ളവര്‍ക്കും യുദ്ധശത്രുക്കള്‍ക്കും വരെ ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും മാനുഷികമായ ആദരവ് നല്‍കുക എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. പ്രമാണങ്ങളും സച്ചരിതരുടെ മാതൃകകളും അതിനാണ് തെളിവാകുന്നത്.
ദൈവവചനത്തില്‍ ശപിക്കപ്പെട്ടവരാണ് യഹൂദര്‍. പ്രവാചകന്മാരോട് പോലും പലവിധത്തില്‍ ക്രൂരത ചെയ്തവര്‍. കടുത്ത ധിക്കാരത്തിന്റെ പാരമ്പര്യമുള്ളവര്‍. മുഹമ്മദ് നബിയുടെ ജീവിതകാലത്തും അവര്‍ ചെയ്തുകൂട്ടിയ ദ്രോഹം ചെറുതല്ലല്ലോ. അങ്ങനെയുള്ള യഹൂദ സമൂഹത്തിലൊരാള്‍ മരണപ്പെടുന്നു. മൃതദേഹം കൊണ്ടുപോകുന്നത് കണ്ട നബി(സ) ആദരപൂര്‍വം എഴുന്നേറ്റ് നില്‍ക്കുന്നു. എന്തിന് എഴുന്നേറ്റു നില്‍ക്കണം എന്ന അര്‍ഥത്തില്‍, 'അതൊരു യഹൂദന്റെ മൃതദേഹമല്ലേ' എന്നാണ് ഇത് മനസ്സിലാകാത്ത അനുചരന്മാരിലൊരാള്‍ ചോദിച്ചത്. യഹൂദനാണെങ്കിലും ആദരവിന് അര്‍ഹനാണ് എന്ന അര്‍ഥത്തില്‍, أليست نفسا 'അതൊരു മനുഷ്യന്റെ മൃതദേഹമല്ലേ' എന്ന് നബി(സ) തിരിച്ചു ചോദിക്കുന്നു. ഇതിലൊരു യഹൂദന്‍ കഥാപുരുഷനായത് യാദൃഛികമാകാനിടയില്ല, മുസ്‌ലിം സമൂഹത്തെ ചിലത് പഠിപ്പിക്കാന്‍ വേണ്ടിയാകണം. ആശയ വിയോജിപ്പിന്റെ പേരില്‍ മരണാനന്തരം ആഹ്ലാദിക്കുന്നവരും ശാപപ്രാര്‍ഥന ചൊല്ലുന്നവരും മനസ്സിലാക്കേണ്ട പാഠങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. യുദ്ധശത്രുവിന്റെ മൃതദേഹത്തോടുള്ള ഇസ്‌ലാമിന്റെ നിലപാടെന്തെന്ന് പരിശോധിക്കുക. ഇസ്‌ലാമിനോട് ശത്രുത പ്രഖ്യാപിച്ച്, മുസ്‌ലിമിനെ കൊല്ലാന്‍ ആയുധമണിഞ്ഞ് പടക്കളത്തിലെത്തിയവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടാലും അവരുടെ മുഖം വികൃതമാക്കരുതെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
ما خطبنا رسول الله الاّ أمرنا بالصّدقة ونهانا من المثلة
'മുഹമ്മദ് നബി ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും മൃതദേഹം വികൃതമാക്കുന്നത് വിലക്കുകയും ചെയ്യാറുണ്ടായിരുന്നു വെന്ന് സംറത്തുബ്‌നു ജുന്‍ദുബും ഇംറാനുബ്‌നു ഹുസൈ്വനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്1. മൃതദേഹം വികൃതമാക്കരുത് എന്നത് എല്ലാവര്‍ക്കും ബാധകമാകുന്ന പൊതുവായ നിരോധമാണ്. ശത്രുവായ സത്യനിഷേധിയുടെ മൃതദേഹവും വികൃതമാക്കരുതെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നബി(സ) യുദ്ധത്തിന് അയക്കുന്ന സൈനിക തലവന് നല്‍കുന്ന കല്‍പനകളില്‍,
أغزوا بسم الله في سبيل الله تقاتلون من كفر بالله لا تغلوا ولا تغدروا ولا تمثّلوا ولا تقتلوا وليدا
'നിങ്ങള്‍ സത്യനിഷേധികളോട് യുദ്ധം ചെയ്യുക, പോരാടുക, അതിരു കവിയരുത്, വഞ്ചിക്കരുത്, മൃതദേഹം വികൃതമാക്കരുത്' തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നതായി ബുറൈദ (റ) തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്2. ഇതേ ആശയമുള്ള മറ്റൊരു നബിവചനം ഇബ്‌നു അബ്ബാസും നിവേദനം ചെയ്തതു കാണാം3. മരണാനന്തരം ഒരാളുടെ മൃതദേഹമോ, വ്യക്തിത്വമോ വികൃതമാക്കുന്നത് സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.
മുസ്ലിം മരണപ്പെട്ടാല്‍
ഇങ്ങനെയുള്ള ഇസ്‌ലാം, മുസ്‌ലിംകളില്‍ ചിലരെ മരണാനന്തരം അപമാനിക്കുന്നത് ഏതെങ്കിലും വിധത്തില്‍ അനുവദിക്കുമോ? ശാഫിഈയോ ഹനഫിയോ ഹമ്പലിയോ മാലികിയോ ഇബാദിയോ ളാഹിരിയോ ആകട്ടെ, ഏതു ആശയധാരയില്‍പെട്ട മുസ്ലിം മരണപ്പെട്ടാലും പ്രാര്‍ഥിക്കാനും അനുശോചിക്കാനും ജനാസയെ പിന്തുടരാനും നമസ്‌കരിക്കാനുമൊക്കെയാണ് ഇസ്ലാം കല്‍പിക്കുന്നത്. വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഈ നിയമം. ആശയപരമായി വിയോജിപ്പുള്ളവനാണെങ്കിലും മഹാപാപം ചെയ്തവനാണെങ്കിലും അവനെ അപമാനിക്കാനോ പരിഹസിക്കാനോ, മരണത്തില്‍ സന്തോഷിക്കാനോ പാടുള്ളതല്ല. മരണാനന്തരം ഒരാളെ ദുഷിച്ചു പറയുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. മരണപ്പെട്ടയാളുടെ അപദാനങ്ങള്‍ പറഞ്ഞില്ലെങ്കിലും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതും ന്യൂനതകള്‍ പറഞ്ഞ് നടക്കുന്നതും അനുവദനീയമല്ല. ആഇശ (റ) നിവേദനം ചെയ്യുന്നു;
لا تسبّوا الأموات فإنهم قد أفضوا إلى ما قدّموا
'നബി (സ) പറഞ്ഞു: നിങ്ങള്‍ മരിച്ചവരെ ദുഷിച്ച് പറയരുത്. അവര്‍ തങ്ങളുടെ കര്‍മങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു'4.
വന്‍പാപം ചെയ്തതിനാല്‍ ശിക്ഷ ലഭിച്ച് കൊല്ലപ്പെട്ടവനെപ്പോലും അധിക്ഷേപിക്കാന്‍ പാടില്ല എന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. വലിയ പാപിയെപ്പോലും നിന്ദിക്കാന്‍ പാടില്ല എന്നര്‍ഥം. വ്യഭിചാരമെന്ന മഹാപാപം ചെയ്ത് നബി(സ)യുടെ മുമ്പില്‍ ഹാജരായ മാഇസുബ്‌നു മാലിക് ശിക്ഷിക്കപ്പെടുന്നു. എറിഞ്ഞു കൊല്ലപ്പെട്ടുവെന്നാണ് ഹദീസുകളില്‍ കാണുന്നത്. കൊല്ലപ്പെട്ട ശേഷം, 'മാഇസ് നശിച്ചുപോകട്ടെ, മാഇസ് ഏറ്റവും മോശക്കാരനാണ്' എന്നൊക്കെ ചിലര്‍ പറയാന്‍ തുടങ്ങി. നബി(സ) അവരെ വിലക്കുകയാണുണ്ടായത്; 'നിങ്ങള്‍ മാഇസിന് വേണ്ടി പാപമോചനം തേടുക. അദ്ദേഹം വല്ലാതെ പശ്ചാത്തപിച്ചിരിക്കുന്നു. ആ പശ്ചാത്താപം ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ ഓഹരി വെച്ചാല്‍ എല്ലാവര്‍ക്കും അത് മതിയാകുന്നതാണ്' എന്നാണ് നബി(സ) പറഞ്ഞത്5. ഒരിക്കല്‍ നബി(സ )യുടെ മുമ്പില്‍ ഹാജരാക്കപ്പെട്ട മദ്യപാനിയെ ശിക്ഷിക്കാന്‍ അദ്ദേഹം കല്‍പിച്ചു. ആളുകള്‍ പല വിധത്തില്‍ അയാളെ അടിച്ചു; കൈ കൊണ്ട്, ചെരുപ്പ് കൊണ്ട്, വസ്ത്രം കൊണ്ട്. ജനം പിരിഞ്ഞു പോയപ്പോള്‍ ചിലര്‍ പറഞ്ഞു; 'അല്ലാഹു നിന്നെ നിന്ദിക്കട്ടെ'. ഇതു കേട്ട നബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; 'അങ്ങനെയൊന്നും പറയരുത്. അയാള്‍ക്കെതിരെ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്.'6 മറ്റൊരു നിവേദനത്തില്‍, 'ജനം അയാള്‍ക്കെതിരെ പ്രാര്‍ഥിക്കാനും അയാളെ ആക്ഷേപിക്കാനും തുടങ്ങി. അല്ലാഹുവേ അവനെ ശപിക്കണേ, അവനെ നിന്ദിക്കണേ എന്നൊക്കെ പറഞ്ഞു. നബി(സ) അത് വിലക്കുകയും അയാള്‍ക്ക് വേണ്ടി പാപമോചന പ്രാര്‍ഥന നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.'7
മുസ്‌ലിം സമൂഹത്തിനകത്ത് കര്‍മശാസ്ത്രസംബന്ധിയായും രാഷ്യ്രീയപരമായും മറ്റും കടുത്ത അഭിപ്രായ ഭിന്നതയുള്ളവര്‍ മരണപ്പെട്ടാലും അവരെ അധിക്ഷേപിക്കാനോ, ശാപ പ്രാര്‍ഥന നടത്താനോ പാടില്ലാത്തതാണ്. മുസ്‌ലിം സമുദായാംഗങ്ങള്‍ പരസ്പരം ആയുധമെടുത്ത് പോരടിച്ച ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട എതിര്‍പക്ഷക്കാരോട് അലിയ്യുബ്‌നു അബീത്വാലിബ് (റ) സ്വീകരിച്ച സമീപനം ഇതിന്റെ മികച്ച ഉദാഹരണമത്രെ. അലി(റ)യോട് സായുധമായി ഏറ്റുമുട്ടിയവരാണ് ആഇശയുടെയും മുആവിയയുടെയും (റ) പക്ഷക്കാര്‍. മൂന്ന് വിഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നിട്ടും എതിര്‍പക്ഷങ്ങളെ ആക്ഷേപിക്കാന്‍ അലി (റ) തയാറായില്ല. ജമല്‍ യുദ്ധ സന്ദര്‍ഭത്തില്‍ അലി(റ) തന്റെ അനുയായികളോട് പറഞ്ഞത് മത സംഘടനാ നേതാക്കള്‍ക്ക് മാതൃകയാണ്; 'അവര്‍ നമ്മോട് ഏറ്റുമുട്ടിയത് നമ്മള്‍ നിഷേധികള്‍ (കാഫിര്‍) ആണെന്നതു കൊണ്ടോ, നാം അവരോട് ഏറ്റുമുട്ടിയത് അവര്‍ നിഷേധികളാണെന്നതുകൊണ്ടോ അല്ല. ഉസ്മാന്റെ ഘാതകരെ ശിക്ഷിക്കുന്ന വിഷയത്തിലുള്ള അഭിപ്രായഭിന്നതയാണ് കാരണം'8. ജഅ്ഫറുല്‍ ബാഖിര്‍ പറയുന്നു; 'തന്റെ എതിരാളികള്‍ ശിര്‍ക്ക് ചെയ്യുന്നുവെന്നോ, അവര്‍ മുനാഫിഖുകളാണെന്നോ അലി(റ)ക്ക് അഭിപ്രായമുണ്ടായിരുന്നില്ല. 'അവര്‍ നമ്മുടെ സഹോദരങ്ങളാണ്. അവര്‍ നമ്മോട് അക്രമം കാണിച്ചിരിക്കുന്നു....' എന്നാണ് അലി (റ) പറയാറുണ്ടായിരുന്നത്. തങ്ങളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ത്വല്‍ഹയുടെയും സുബൈറിന്റെയും സ്വത്തുക്കള്‍ തങ്ങള്‍ക്ക് വീതിച്ചുതരണമെന്ന അനുയായികളുടെ ആവശ്യവും അലി(റ) നിരാകരിച്ചു. 'അവരുടെ ധനം നമുക്ക് അനുവദനീയമാകാതെ, അവരുടെ രക്തം നമുക്ക് അനുവദനീയമാകുന്നതെങ്ങനെ' എന്ന് ചോദിച്ചവരോട് അലി (റ) പറഞ്ഞ മറുപടി ഇതാണ്; 'നിങ്ങളിലാരെങ്കിലും തന്റെ അമ്പു കൊണ്ട് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ വധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?' ആരും ഒന്നും മിണ്ടിയില്ല9. തന്നോട് യുദ്ധത്തില്‍ ഏറ്റുമുട്ടി മരിച്ചവരെക്കുറിച്ച് മോശമായൊരു വാക്കും അലി(റ) പറയുകയുണ്ടായില്ല. ഏറ്റുമുട്ടലില്‍ ദുഃഖിതനായ അലി (റ)യെയാണ് ചരിത്രം കണ്ടത്.
സായുധസംഘട്ടനത്തിലേര്‍പ്പെട്ട് കൊല്ലപ്പെട്ടവരോടും അവരുടെ നേതാക്കളോടുമുള്ള നിലപാട് ഇതാണെങ്കില്‍, അഭിപ്രായ ഭിന്നതയുടെ പേരില്‍ സംവാദങ്ങളില്‍ ഏര്‍പ്പെട്ടവരോടുള്ള നിലപാടും അവര്‍ മരിക്കുമ്പോഴുള്ള സമീപനവും എന്തായിരിക്കണമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അലി (റ) ഉള്‍പ്പെടെയുള്ള സ്വഹാബിമാരെ മാതൃകയാക്കുകയാണ് മുസ്‌ലിം നേത്യത്വവും സമുദായവും ചെയ്യേണ്ടത്. അഹ്‌ലുസ്സുന്നത്തില്‍ ഉള്‍പ്പെടുന്ന അവാന്തരവിഭാഗങ്ങളെല്ലാം മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളാണ്. ഇതനുസരിച്ചുള്ള നിലപാട് മാത്രമേ സ്വീകരിക്കാവൂ. 'ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത ശക്തമായിരുന്നു, ആശയപരമായി പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോഴദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായിരിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ നന്മകള്‍ സ്വീകരിക്കുകയും തെറ്റുകള്‍ പൊറുത്തുതരികയും അദ്ദേഹത്തിന്റെ പരലോകം വിജയിപ്പിക്കുകയും ചെയ്യുമാറാകട്ടെ' എന്ന് പ്രാര്‍ഥിക്കാന്‍ കഴിയുന്ന ഹൃദയവിശാലതയിലേക്ക് മുസ്‌ലിം കക്ഷിനേതാക്കളും അനുയായികളും എത്തിച്ചേരുമ്പോള്‍ മാത്രമേ, അവരില്‍ ഇസ്‌ലാമിന്റെ മഹിമ ദര്‍ശിക്കാനാകൂ.
അക്രമി മരിച്ചാല്‍
കടുത്ത സാമൂഹിക ദ്രോഹിയും അക്രമിയും മരിച്ചാല്‍ അതില്‍ ആശ്വാസം കൊള്ളുക സ്വാഭാവികമാണ്. സൈ്വരജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന സാമൂഹികദ്രോഹികളും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുകയും കൊന്നുതള്ളുകയും ചെയ്യുന്ന വംശീയ ഫാഷിസ്റ്റ് സ്വേഛാധിപതികളും മറ്റും മരണപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം ചെറുതായിരിക്കില്ല. അത്തരം സന്ദര്‍ഭത്തില്‍ സമാധാനത്തിന്റെ ഒരു ദീര്‍ഘനിശ്വാസം നല്ല മനുഷ്യരിലെല്ലാം ഉയരും. അത് ആശ്വാസത്തിന്റെ അളവില്‍ അനുവദിക്കുന്ന ഒരു നബിവചനം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അബൂഖതാദ നിവേദനം ചെയ്ത ഹദീസ് ഇങ്ങനെ; ഒരിക്കല്‍ നബിയുടെ അടുത്തു കൂടെ ഒരു ഒരു മൃതദേഹം കൊണ്ടുപോയി. അതുകണ്ട നബി(സ) പറഞ്ഞു; 'സ്വാസ്ഥ്യം ലഭിച്ചു, ക്ലേശമകന്നു' (മുസ്തരീഹുന്‍ വ മുസ്തറാഹുന്‍ മിന്‍ഹു). അനുചരന്മാര്‍ ചോദിച്ചു: 'എന്താണത്?' നബി(സ) വിശദീകരിച്ചു: 'സത്യവിശ്വാസിയായ ഒരു ദൈവദാസന്‍ ദുന്‍യാവിന്റെ പ്രയാസങ്ങളില്‍നിന്ന് മുക്തനായി. ഒരു അധര്‍മിയില്‍നിന്ന് ജനങ്ങളും രാജ്യവും മരങ്ങളും മൃഗങ്ങളും ആശ്വാസം കൊണ്ടു'10 ഈ വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട ഒരേയൊരു ഹദീസാണിത്. അധര്‍മി, ദുര്‍വൃത്തന്‍, അസന്മാര്‍ഗി എന്നൊക്കെ അര്‍ഥമുള്ള ഫാജിര്‍ എന്ന പദമാണ് നബി ഉപയോഗിച്ചത്. സമൂഹത്തിന്റെ സൈ്വരജീവിതത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന സ്ഥിരം ക്രിമിനലുകളും ഗുണ്ടകളും മാഫിയാ ഗാങ്ങുകളുമൊക്കെയാണ് ഫാജിറിന്റെ നിര്‍വചനത്തില്‍പെടുക. അവരുടെ അസഹ്യമായ ദ്രോഹം തന്നെയാണ് അവരുടെ മരണം ആശ്വാസമായിത്തീരാന്‍ കാരണം. അക്രമികളും സ്വേഛാധിപതികളുമായ ഭരണാധികാരികള്‍, വംശവെറിയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ അക്രമോത്സുകരായി പ്രവര്‍ത്തിക്കുന്ന ഫാഷിസ്റ്റ് ഗ്രൂപ്പുകള്‍ തുടങ്ങിയവയും ഈ ഗണത്തില്‍പെടുന്നു. അവരുടെയൊക്കെ മരണം സാമൂഹികമായി വലിയ ആശ്വാസമായിത്തീരും. ഇമാം നവവിയുടെ വിശദീകരണത്തില്‍നിന്ന് ഇത് വ്യക്തമാണ്: 'അധര്‍മിയുടെ മരണത്തോടെ മനുഷ്യര്‍ക്ക് ആശ്വാസം കിട്ടുക എന്നതിനര്‍ഥം ദ്രോഹങ്ങളില്‍നിന്ന് രക്ഷപ്പെടുക എന്നാണ്. അവരുടെ അക്രമങ്ങള്‍ സമൂഹത്തെ അപകടത്തിലാക്കും. ഇതര ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും നാശം വിതക്കുന്നവരായിക്കും അവര്‍. അതില്‍നിന്നെല്ലാം സമൂഹത്തിന് രക്ഷപ്പെടാന്‍ വഴി തുറക്കുകയാണ് അത്തരം അക്രമികളുടെ മരണം.' ഇതാണ് ഇമാം നവവി ഈ ഹദീസിന് നല്‍കിയ വിശദീകരണത്തിന്റെ പൊരുള്‍11. ബദ്‌റുദ്ദീനുല്‍ ഐനീ, ബാജീ, ദാവൂദീ തുടങ്ങിയ പണ്ഡിതന്മാരൊക്കെ ഈ വിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും വിശദീകരണങ്ങളും ഈ തലത്തിലുള്ളതാണ്.
അനസുബ്‌നു മാലിക് നിവേദനം ചെയ്ത, മരണപ്പെട്ട രണ്ട് വ്യക്തികളുടെ സ്വര്‍ഗനരകങ്ങളെക്കുറിച്ച് പറയുന്ന മറ്റൊരു ഹദീസുണ്ട്12. ചിലരതിനെ മുബ്തദിഇന്റെ മരണവുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും, യഥാര്‍ഥത്തില്‍ അത് സ്വഹാബികളുടെ മഹത്വം പറയുന്നതും അന്ന് ജീവിച്ചിരുന്ന രണ്ട് വ്യക്തികളെ വിലയിരുത്തുന്നതുമാണ്. അത് പൊതുതത്ത്വമായെടുത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന നിലപാട് രൂപീകരിക്കാന്‍ തെളിവാക്കിക്കൂടാത്തതാണ്. അബൂഖതാദഃ നിവേദനം ചെയ്ത അധര്‍മിയെ (ഫാജിര്‍) കുറിച്ച ഹദീസിനാകട്ടെ പ്രധാനപ്പെട്ട രണ്ടു തലങ്ങളുണ്ട്. ഒന്ന്: സൈ്വരജീവിതം തകര്‍ക്കുന്ന സാമൂഹിക ദ്രോഹികളും ഇന്നത്തെ ഭാഷയില്‍ ഗുണ്ടകളുമൊക്കെ ഉള്‍പ്പെടുന്ന ഫാജിര്‍ എന്ന പ്രയോഗമാണ് നബി (സ) നടത്തിയത്. അഭിപ്രായഭിന്നതകളുടെ പേരില്‍ എതിര്‍ത്ത് നില്‍ക്കുന്ന മുസ്ലിം സമൂഹത്തിലെ അവാന്തരവിഭാഗങ്ങള്‍ പരസ്പരം ഉപയോഗിക്കാവുന്നതല്ല ഇത്. മുബ്തദിഅ് എന്ന പദം നബി(സ) ഈ ഹദീസില്‍ ഉപയോഗിച്ചിട്ടില്ല. 'സത്യത്തില്‍നിന്ന് തെറ്റിയവനും ധിക്കാരിയുമാണ് ഫാജിര്‍, ബിദ്അത്ത് വഴികേടും ധിക്കാരവുമാണ്, അതുകൊണ്ട് ബിദ്അത്തുകാരന്റെ മരണത്തില്‍ ആശ്വാസം കൊള്ളാം' എന്ന് ബിദ്അത്തിനെയും അധര്‍മത്തില്‍ (ഫുജൂര്‍) ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിലരുടെ വാദം വ്യാഖ്യാനപരമാണ്, ഹദീസ് പാഠത്തിലെ വ്യക്തവും ഖണ്ഡിതവുമായ പ്രസ്താവമല്ല ...'മരങ്ങളും മൃഗങ്ങളും അധര്‍മിയില്‍നിന്ന് രക്ഷപ്പെടുന്നു' എന്ന് പറഞ്ഞതില്‍നിന്ന്, വിശ്വാസപരവും ആരാധനാപരവുമായ ബിദ്അത്തുകളേക്കാള്‍, സാമൂഹികദ്രോഹപരമായ അക്രമവും ധിക്കാരവുമാണ് ഫുജൂറിന്റെ മുഖ്യ ആശയമെന്ന് മനസ്സിലാക്കാം. മുബ്തദിഅ് മരിച്ചാല്‍ ആശ്വാസം കൊള്ളണമെന്നോ സന്തോഷിക്കണമെന്നോ വ്യക്തമാക്കുന്ന ഒരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുമില്ല. എന്നിരിക്കെ, 'ബിദ്അത്ത്' ആരോപണം ആര്‍ക്കെതിരെയും വിവേകശൂന്യമായി എടുത്തുപയോഗിക്കുന്ന കക്ഷിവഴക്കുകളുടെ സന്ദര്‍ഭങ്ങളില്‍ ഈ ഹദീസിന്റെ പരിധിയിലേക്ക് 'മുബ്തദിഇ'നെക്കൂടി ഉള്‍പ്പെടുത്തുന്നത് ഒട്ടും ശരിയായിരിക്കില്ല. അതിന് ദോഷങ്ങള്‍ പലതുമുണ്ട് താനും. രണ്ട്: ആശ്വാസം കൊള്ളുക എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്. ആഹ്ലാദം പ്രകടിപ്പിക്കുക, ആഘോഷിക്കുക എന്നല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അബൂഖതാദ നിവേദനം ചെയ്ത ഹദീസ് പരിശോധിച്ചാല്‍ ആത്മഗതമെന്ന നിലയിലോ, സ്വകാര്യ സംഭാഷണത്തിലോ ആണ് ആശ്വാസം കൊള്ളുന്നതിനെക്കുറിച്ച് നബി (സ) പറഞ്ഞതെന്ന് മനസ്സിലാകും. അതൊരു പ്രസംഗമോ സന്തോഷപ്രകടനത്തിനുള്ള ആഹ്വാനമോ അല്ലേയല്ല. എന്നിരിക്കെ, ആശയഭിന്നതയുള്ളവരെ മരണാനന്തരം പൊതു പ്രഭാഷണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അധിക്ഷേപിക്കാനും അവരുടെ മരണത്തില്‍ ആഹ്ലാദിക്കാനും ഈ നബിവചനം തെളിവാക്കുന്നത് സുന്നത്തിനു വിരുദ്ധമാണ്, അപകടകരവുമാണ്.
ആശയപരമായി എതിര്‍പ്പുള്ളവരോട് എന്ത് നിലപാട് സ്വീകരിക്കണം, അവര്‍ മരിച്ചാല്‍ എങ്ങനെ സമീപിക്കണം എന്നതിന്റെ നല്ല മാതൃകയാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ നടപടികള്‍. മുതിര്‍ന്ന സഹകാരികളിലൊരാള്‍ ഇബ്‌നുതൈമിയ്യയെക്കുറിച്ച് പറയുന്നു: 'ശൈഖ് തന്റെ എതിരാളികളോടും വിമര്‍ശകരോടും പെരുമാറുന്നതു പോലെ എനിക്ക് എന്റെ അനുയായികളോട് പെരുമാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു മരിച്ച ദിവസം ആ സന്തോഷവാര്‍ത്തയുമായി ഞാന്‍ ശൈഖിന്റെ അടുത്ത് ചെന്നു. മരിച്ച വ്യക്തി ശൈഖിന്റെ കഠിനശത്രുവും പല നിലക്കും ശൈഖിനെ ദ്രോഹിച്ചയാളുമായിരുന്നു. പക്ഷേ, ശൈഖ് എന്നെ ശകാരിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും തിരിച്ചയക്കുകയും ചെയ്തു. ഉടന്‍ തന്നെ ശൈഖ് മരിച്ചയാളുടെ വീട്ടില്‍ ചെന്നു, അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇനി നിങ്ങള്‍ക്ക് ഞാനുണ്ട്, എന്ത് ആവശ്യവും ഞാന്‍ പൂര്‍ത്തിയാക്കും. എന്തു സഹായവും എന്നോട് ചോദിക്കാം എന്ന് ശൈഖ് പറഞ്ഞു. മരണപ്പെട്ടയാളുടെ വീട്ടുകാര്‍ക്കത് വല്ലാത്ത ആശ്വാസമായി. അവര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു'13. ജീവിച്ചിരിക്കെ കടുത്ത ശത്രുത പ്രകടിപ്പിച്ചവനോട് മരണാനന്തരം പുലര്‍ത്തേണ്ട നിലപാട് എത്രമേല്‍ ഉദാത്തമാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
മുബ്തദിഇനോടുള്ള നിലപാട്
അഹ്‌ലുസ്സുന്നത്തിലെ ചില പണ്ഡിതന്മാര്‍ മുബ്തദിഉകളുടെ മരണത്തില്‍ ആശ്വാസം കൊള്ളുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അഹ്‌മദുബ്‌നു ഹമ്പല്‍, ഇസ്സുബ്‌നു അബ്ദിസ്സലാം, ബദ്‌റുദ്ദീനുല്‍ ഐനീ തുടങ്ങിയവരില്‍നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്, അത്തരം ചില ഉദാഹരണങ്ങളും കാണാം14. യഥാര്‍ഥ മുബ്തദിഉകളോട് കര്‍ക്കശ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായത്തിന്റെ ഭാഗമാണിത്. അതിനായി ചില പ്രമാണപാഠങ്ങള്‍ വ്യാഖ്യാനിച്ച് വിശദീകരിക്കുകയാണ് അവര്‍. വിശുദ്ധ ഖുര്‍ആന്‍ അല്‍അന്‍ആം അധ്യായത്തിലെ ഒരു വചനമിങ്ങനെ; ''തങ്ങളുടെ മതത്തില്‍ ഭിന്നത സൃഷ്ടിക്കുകയും കക്ഷികളായി വിഘടിക്കുകയും ചെയ്തവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് തന്നെയാണ് മടക്കപ്പെടുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിക്കുന്നതാണ്'' (159). 'ഭിന്നത സൃഷ്ടിക്കുകയും കക്ഷികളാവുകയും ചെയ്തവര്‍' എന്നതുകൊണ്ട് ഉദ്ദേശ്യം മുബ്തദിഉകളാണെന്നും അവരുമായി ബന്ധങ്ങള്‍ പാടില്ലെന്നുമാണ് ഇതിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. എന്നാല്‍, 'ഭിന്നത സൃഷ്ടിക്കുകയും കക്ഷികളാവുകയും ചെയ്തവര്‍' എന്നതിന്റെ ഉദ്ദേശ്യം യഹൂദരും ക്രൈസ്തവരുമാണെന്നാണ് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്, മുജാഹിദ്, ഖതാദഃ, സുദ്ദീ, ദഹ്ഹാക്, ഔഫീ തുടങ്ങിയവരുടെ നിലപാട് ഇതാണ്.
എന്നാല്‍, 'ഭിന്നത സൃഷ്ടിക്കുകയും കക്ഷികളാവുകയും ചെയ്തവര്‍' എന്നതിന്റെ ഉദ്ദേശ്യം മുസ്‌ലിം ഉമ്മത്തില്‍പെട്ട ബിദ്അത്തുകാരും വഴി തെറ്റിയവരുമാണെന്ന് അബുഹുറയ്‌റ ഉദ്ധരിച്ച ഹദീസുണ്ട്15. ഈ നിവേദനം തീര്‍ത്തും ദുര്‍ബലമാണെന്ന് ഹദീസ് പണ്ഡിതന്മാര്‍ പറയുന്നു. ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലൊന്നും ഇത് രേഖപ്പെടുത്തിയിട്ടില്ല. ഹദീസ് ആയിട്ടല്ല, കേവലം 'അസര്‍' ആയിട്ടാണ് പലരും ഇത് ഉദ്ധരിച്ചിട്ടുള്ളത്. ഇത് വിശ്വാസയോഗ്യമായ നിവേദനമല്ല എന്നും കാണാം16. അതുകൊണ്ട് ഈ സുക്തം ആധാരമാക്കി ബിദ്അത്തുകാര്‍ക്കെതിരെ കടുത്ത സാമൂഹിക ഭ്രഷ്ട് കല്‍പിക്കുക സാധ്യമല്ല. ഇനി ഇതില്‍ ബിദ്അത്തുകാരും ഉള്‍പ്പെടുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും അവര്‍ മരിച്ചാല്‍ സന്തോഷം പ്രകടിപ്പിക്കാമെന്ന് ഇതില്‍ പറയുന്നുമില്ല.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പ്രത്യേകമായൊരു സാമൂഹികാന്തരീക്ഷത്തിന്റെ പശ്ചാത്തലം കൂടി, 'ബിദ്അത്തുകാര്‍ക്കെതിരെ കര്‍ക്കശ നിലപാട്' എന്ന പണ്ഡിതാഭിപ്രായങ്ങള്‍ക്കുണ്ട്. മഹാഭൂരിപക്ഷം മുസ്‌ലിംകള്‍ ജീവിക്കുന്ന പ്രദേശത്ത് അന്തഃഛിദ്രതയും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന വിധത്തില്‍, തെറ്റായ നിലപാടുകള്‍ പ്രകടിപ്പിച്ച് രംഗത്ത് വരുന്നവര്‍ ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണ് ചില പണ്ഡിതന്മാര്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചത്. സാമൂഹിക ഭദ്രത അവരുടെ മുഖ്യ പരിഗണനയായിട്ടുണ്ടാകണം. അത്തരം സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളുന്ന ആഭ്യന്തര നിലപാടാണത്. എന്നല്ല, പല കര്‍മശാസ്ത്ര കാഴ്ചപ്പാടുകളും മുസ്‌ലിം ചരിത്രത്തില്‍ രൂപപ്പെട്ടത് അത്തരം മതാത്മകമായ രാഷ്ട്രീയ ചുറ്റുപാടിലാണ്. തീര്‍ത്തും വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍, കാല-ദേശ സവിശേഷതകളില്‍ അത്തരം അഭിപ്രായങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നു. എന്നിരിക്കെ, പഴയ ചില പണ്ഡിതാഭിപ്രായങ്ങള്‍ യഥേഷ്ടം എടുത്തുദ്ധരിച്ച് ഇഷ്ടമില്ലാത്ത ചിലരുടെ മരണത്തില്‍ പരസ്യമായി സന്തോഷിക്കുന്നവര്‍ ചില പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഒന്ന്: മുബ്തദിഉകളുടെ മരണത്തില്‍ ആശ്വാസം കൊള്ളുന്നതിനെക്കുറിച്ച് ചില പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഖുര്‍ആനിലെയോ സുന്നത്തിലെയോ വ്യക്തവും ഖണ്ഡിതവുമായ വിധികളല്ല. മുബ്തദിഅ് മരിച്ചാല്‍ സന്തോഷം പ്രകടിപ്പിക്കണമെന്ന് പ്രാമാണികമായ കല്‍പനകളൊന്നുമില്ല. പണ്ഡിതാഭിപ്രായങ്ങള്‍ എപ്പോഴും എല്ലാ അര്‍ഥത്തിലും ശരിയാകണമെന്നില്ല, അവക്ക് പ്രാമാണികമായ വിശുദ്ധപദവിയുമില്ല. എന്നല്ല, അവയുടേതായ ശരിയായ സന്ദര്‍ഭത്തിലും അര്‍ഥത്തിലും മാത്രമേ ആ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുകയും പ്രയോഗിക്കുകയും ചെയ്യാവൂ. പൗരാണിക പണ്ഡിതന്മാര്‍ മുബ്തദിഉകള്‍ എന്ന് വിളിച്ചതും കര്‍ക്കശ നിലപാട് സ്വീകരിച്ചതും ഇന്ന് കേരളത്തിലോ, ഇന്ത്യയിലോ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പ്രത്യേക മുസ്‌ലിം മത സംഘടനയെ അല്ല എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. കര്‍മശാസ്ത്രപരമോ അഖീദയുടെ വിശദാംശങ്ങളിലുള്ളതോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ ബിദ്അത്തിന്റെ ഗണത്തില്‍ പെടില്ല.
രണ്ട്: മുബ്തദിഉകള്‍ മരിച്ചാല്‍ ആശ്വസിക്കാമെന്ന അഹ്‌ലുസ്സുന്നത്തിലെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്ക് ശീഈ - സുന്നി സംഘര്‍ഷത്തിന്റെ ചരിത്ര, രാഷ്ട്രീയ പശ്ചാത്തലവുമുണ്ട്. വിശ്വാസപരവും ആരാധനാ കര്‍മശാസ്ത്രപരവും എന്നതിനേക്കാള്‍ രാഷ്ട്രീയമായ കാരണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം നിലപാടുകളെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. അവയെ ചരിത്രപരമായും സാമൂഹിക ശാസ്ത്രപരമായും ഉള്‍ക്കൊള്ളാതെ, വിശ്വാസപരവും ആരാധനാപരവുമായി മാത്രം സമീപിക്കാന്‍ പാടില്ല. രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളെ മതപരമായും മതപരമായ ചില വിഷയങ്ങളെ രാഷ്ട്രീയമായും കൈകാര്യം ചെയ്യുന്നത് വര്‍ത്തമാനകാലത്തും കാണാവുന്നതാണ്. ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലും മറ്റും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെ മതപരമായി കൈകാര്യം ചെയ്ത അനുഭവങ്ങള്‍ ഉദാഹരണം.
മൂന്ന്: ഇസ്‌ലാമിക ചരിത്രത്തില്‍ വിവാദങ്ങളുണ്ടാക്കി കലാപക്കൊടി ഉയര്‍ത്തിയ ഖവാരിജുകളാണ് ആധികാരികവും സര്‍വാംഗീകൃതവുമായി മുബ്തദിഉകള്‍ എന്ന് വിളിക്കപ്പെട്ടത്. അത്രയും ഗൗരവപ്പെട്ട വാദങ്ങളും സമീപനങ്ങളുമായിരുന്നു അവരുടേത്. അലി (റ) ഖവാരിജുകളോട് കര്‍ക്കശ നിലപാടെടുത്തു. പില്‍ക്കാലത്ത് മുസ്‌ലിം ലോകം പൊതുവില്‍ ഈ നിലപാട് പിന്തുടര്‍ന്നു. എന്നാല്‍, ഖവാരിജുകളുടെ അതേ കാലത്ത്, തന്നോട് എതിരിട്ടു നില്‍ക്കുകയും ആയുധമെടുത്ത് പോരാടുകയും ചെയ്ത ആഇശഃ(റ), മുആവിയഃ(റ) തുടങ്ങിയവരോട് അലി (റ) അതേ കര്‍ക്കശ നിലപാട് എടുത്തില്ല. മുര്‍ജിഅഃ, ജഹ്‌മിയ്യഃ തുടങ്ങിയ വിഭാഗങ്ങളും ഖവാരിജുകളെപ്പോലെ മുബ്തദിഉകളില്‍ ഉള്‍പ്പെടുമെന്നാണ് പണ്ഡിതമതം. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട് എന്നതാണ് കാരണം. ഒരു വിഭാഗം, തങ്ങളോട് ഭിന്നാഭിപ്രായം പുലര്‍ത്തി, രൂക്ഷമായ സംവാദത്തിലേര്‍പ്പെട്ടു, ജീവിതകാലം മുഴുവന്‍ സംഘര്‍ഷത്തില്‍ നിലകൊണ്ടു എന്നതൊന്നും അവരെ മുബ്തദിഓ മുര്‍തദ്ദോ മുശ്‌രിക്കോ ആയി മുദ്രകുത്താന്‍ കാരണമായിക്കൂടാത്തതാണ്. പക്ഷേ, സംഭവിക്കുന്നത് അതാണ്. സംഘടനാ വിയോജിപ്പും വിരോധവും മുബ്തദിഅ് മുദ്രകുത്താന്‍ മാത്രമല്ല, ആയുധമെടുക്കാനും ജീവന്‍ ഹനിക്കാനും വരെ ചിലരെ ധൃഷ്ടരാക്കുന്നുവെന്നതാണ് സങ്കടകരം. ഇത് ഇസ്‌ലാമികമായി ശരിയല്ല.
നാല്: നബിചര്യക്ക് തീര്‍ത്തും വിരുദ്ധമായി പുതുതായി നിര്‍മിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍ (ബിദ്അത്ത്) സംബന്ധിച്ച് പൊതുവായൊരു അടിസ്ഥാന തത്ത്വം പഠിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. നബിവചനങ്ങളില്‍ ചിലത് ഇങ്ങനെയാണ്: 'നിങ്ങള്‍ പുത്തനാചാരങ്ങള്‍ (മുഹ്ദസാത്തുല്‍ ഉമൂര്‍) സൂക്ഷിക്കുക. എല്ലാ പുത്തനാചാരങ്ങളും (ബിദ്അത്ത്) വഴികേടാണ്'17. 'നമ്മുടെ ചര്യക്ക് വിരുദ്ധമായി പുത്തനാചാരങ്ങള്‍ ഉണ്ടാക്കിയാല്‍ അവ തള്ളിക്കളയേണ്ടതാണ്'18. ഈ വചനങ്ങള്‍ ആശയപരമായ പ്രസ്താവനകളാണ്, ഏതെങ്കിലും പ്രത്യേക വ്യക്തിയെയോ കക്ഷിയെയോ സംഘടനയെയോ പാരമ്പര്യത്തെയോ ഇതില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട്, വിയോജിക്കുന്നവരെയും വിരോധമുള്ളവരെയും മദ്ഹബ്, സംഘടനാ താല്‍പര്യങ്ങളോടെ പുത്തന്‍വാദി (മുബ്തദിഅ്) എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നതിന് യാതൊരു സാധൂകരണവുമില്ല. പക്ഷേ, പില്‍ക്കാലത്ത് സംഭവിച്ചത് അതാണ്. കര്‍മശാസ്ത്ര മദ്ഹബുകള്‍ക്കിടയില്‍ രൂക്ഷമായിരുന്ന സംഘര്‍ഷത്തിന്റെ ചരിത്രം ഇതിന്റെ തെളിവാണ്. എന്നാല്‍, ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ എന്നീ മദ്ഹബുകള്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിനകത്തുള്ളവ തന്നെയാണ്. ഇത് സര്‍വാംഗീകൃതമത്രെ. എന്നിട്ടും എന്തിനായിരുന്നു ഇവയുടെ അനുയായികളും പില്‍ക്കാല നേതാക്കളും തമ്മിലടിച്ചത്!
അഞ്ച്: പ്രഗത്ഭരായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കെതിരെ ചരിത്രത്തില്‍ മുബ്തദിഅ് ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇമാം അബൂ ഹാമിദുല്‍ ഗസ്സാലിയും ഇമാം ഇബ്‌നു തൈമിയ്യയും ഉള്‍പ്പെടെയുള്ളവര്‍ ഭിന്നധ്രുവങ്ങളില്‍ ഈ ആരോപണത്തിന് വിധേയരായിട്ടുള്ളവരാണ്. ഇമാം ഗസ്സാലിയെ പിഴച്ചവനെന്നുവരെ മുദ്രകുത്തിയ സമകാലികരായ പണ്ഡിതന്മാര്‍, ഇഹ്‌യാ ഉലൂമിദ്ദീന്‍ ചുട്ടെരിക്കാന്‍ ഫത്‌വ ഇറക്കുക പോലും ചെയ്തു. ആ നിര്‍ദേശം ശിരസ്സാവഹിക്കാന്‍ പൊതുജനം മാത്രമല്ല, ചില ഭരണാധികാരികളുമുണ്ടായി. ഇന്ന് മുസ്‌ലിം ലോകത്ത് പൊതുവെ ഇമാം ഗസ്സാലിയുടെ സ്ഥാനം എത്ര ഉയര്‍ന്നതാണെന്ന് നമുക്കറിയാം. ബിദ്അത്തുകാരന്‍ എന്ന് മുദ്ര ചാര്‍ത്തി, ഇമാം ഗസ്സാലി മരിക്കുമ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രംഗമൊന്ന് ഇന്ന് സങ്കല്‍പ്പിച്ചു നോക്കുക! ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യയാണ് ബിദ്അത്ത് ആരോപണം നേരിട്ട മറ്റൊരു മഹാന്‍. അദ്ദേഹത്തെ ദീനില്‍നിന്നുതന്നെ പുറത്താക്കിയവരുണ്ട്. ചിലരൊക്കെ ആ ഫത്‌വകള്‍ ഏറ്റെടുത്ത് ഇന്നും കൊണ്ട് നടക്കുന്നുമുണ്ട്. ഈ പട്ടിക ഏറെ നീണ്ടതാണ്.
ഇനി ബിദ്അത്തിന്റെ മറ്റു ചില സങ്കല്‍പ്പങ്ങള്‍ പരിശോധിക്കാം. തറാവീഹ് നമസ്‌കാരം എട്ടും മൂന്നും ചേര്‍ത്ത് പതിനൊന്ന് നമസ്‌കരിക്കുന്നത് ബിദ്അത്താണെന്ന് ഒരുവിഭാഗം വാദിക്കുന്നു. ഇരുപതും മൂന്നും ചേര്‍ത്ത് ഇരുപത്തിമൂന്ന് നമസ്‌കരിക്കലാണ് ബിദ്അത്ത് എന്നാണ് മറുവിഭാഗത്തിന്റെ വാദം. ബിദ്അത്ത് മാര്‍ഗഭ്രംശവും (ദലാലത്ത്) നരകപ്രവേശ നിമിത്തവും (കുല്ലു ദലാലത്തിന്‍ ഫിന്നാര്‍) ആണല്ലോ! എങ്കില്‍, തറാവീഹ് പതിനൊന്ന് റക്അത്ത് എന്ന് ഉറപ്പിച്ചു പറയുന്ന നബിപത്‌നി ആഇശയുടെ (റ) വിധിയെന്താണ്?19. ഇമാം ശാഫിഈയും അബൂഹനീഫയും അഹ്‌മദുബ്‌നു ഹമ്പലും ഇരുപത്തിമൂന്ന് റക്അത്ത് എന്ന് അഭിപ്രായപ്പെടുന്നു. ഇരുപത്തിമൂന്ന് റക്അത്ത് ബിദ്അത്താണെന്ന് ശാഠ്യം പിടിക്കുന്നവര്‍, ഈ മൂന്ന് ഇമാമുമാരെയും ഇതേ അഭിപ്രായമുള്ള മഹാപണ്ഡിതന്മാരെയും മുബ്തദിഅ് എന്ന് വിശേഷിപ്പിക്കുമോ? തറാവീഹ് മുപ്പത്തിയാറ് റക്അത്താണെന്ന് അഭിപ്രായമുള്ള ഇമാം മാലികിനെ മറ്റു രണ്ടു വീക്ഷണക്കാരും എങ്ങനെ കാണുന്നു?
സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത് സുന്നത്താണെന്ന് പറയുന്നവര്‍, അത് അംഗീകരിക്കാത്ത ഇമാം അബൂഹനീഫയെയും ഇമാം അഹ്‌മദിനെയും മുബ്തദിഅ് മുദ്രകുത്തി, ബിദ്അത്തുകാരോടുള്ള നിലപാട് സ്വീകരിക്കുകയും അവര്‍ മരിച്ചതില്‍ സന്തോഷിക്കുകയും ചെയ്യുമോ? സ്വുബ്ഹിക്ക് ഖുനൂത്ത് ബിദ്അത്താണെന്ന് പറയുന്നവര്‍, ഇമാം ശാഫിഈയോടും ഇമാം മാലികിനോടും എന്ത് നിലപാടാണ് സ്വീകരിക്കുക? ഇങ്ങനെ, ബിദ്അത്ത് ചര്‍ച്ചയുടെ പട്ടിക നീണ്ടതാണ്, ലാഘവത്തോടെ കൈകാര്യം ചെയ്താല്‍ ഏറെ അപകടകരവും. മുബ്തദിഅ് മരിച്ചാല്‍ സന്തോഷിക്കാം എന്നത് ഒരു പൊതു തത്ത്വമായെടുത്താല്‍ ആരെല്ലാം മരിച്ചാല്‍ സന്തോഷിക്കേണ്ടി വരും എന്നതിന്റെ സൂചന മാത്രമാണിത്.
ആറ്: യഥാര്‍ഥ ബിദ്അത്ത് എന്ത്, ശരിയായ മുബ്തദിഅ് ആര് എന്നത് ഈ ചര്‍ച്ചയിലെ പ്രധാന വിഷയമാണ്. ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കും പ്രവാചക ചര്യക്കും വിരുദ്ധമായി ദീനില്‍ നിര്‍മിക്കപ്പെടുന്ന കൃതിപ്പുകളാണ് ബിദ്അത്ത്. അത് ബോധപൂര്‍വം അനുഷ്ഠിക്കുന്നവരാണ് പാപികളായ മുബ്തദിഉകള്‍. ഓരോ വ്യക്തിയും വിഭാഗവും തങ്ങളുടേതായ വിധത്തില്‍ വ്യാഖ്യാനിച്ചു സമര്‍ഥിക്കുന്ന കാര്യങ്ങളെല്ലാം കുറ്റകരമായ ബിദ്അത്ത് എന്ന് വിധി പറയാനാകില്ല. പല വിഷയങ്ങളിലും അന്തിമ വിധിതീര്‍പ്പ് നടത്താനാകാത്ത വിധം സങ്കീര്‍ണമായ ചര്‍ച്ചകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റു ചില വിഷയങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്താല്‍, നിലവിലെ ബിദ്അത്ത് ആരോപകരില്‍ ചിലര്‍ പ്രതിയാകാനും ആരോപിതരില്‍ പലരും വാദിയാകാനും സാധ്യതയുണ്ട്. ചില അറബ് മുസ്‌ലിം രാജ്യങ്ങളിലും ബിദ്അത്തുകാര്‍ക്കെതിരെ കര്‍ക്കശ നിലപാട് എടുക്കണമെന്ന് പറയുന്ന അവിടത്തെ അറബി പണ്ഡിതന്മാരുടെ വീക്ഷണത്തിലുമുള്ള മുബ്തദിഉം, കേരളത്തില്‍ ചില സഹോദരങ്ങള്‍ ആരോപിക്കുന്ന മുബ്തദിഉം നേര്‍വിരുദ്ധമാണ്. അവിടത്തെ ആരോപകന്‍ ഇവിടത്തെ 'പ്രതിയും' ഇവിടത്തെ ആരോപകന്‍ അവിടത്തെ 'പ്രതി'യുമായി പരസ്പരം ഏറ്റുമുട്ടുന്നു! ഈ വൈരുധ്യത്തെക്കുറിച്ച് ആലോചിച്ചിട്ടെങ്കിലും മിതനിലപാടിലേക്ക് എത്താന്‍ ശ്രമിക്കേണ്ടതാണ്. മുര്‍തദ്ദ്, മുശ്‌രിക്ക്, കാഫിര്‍, മുബ്തദിഅ് എന്നൊക്കെ ഇതര മുസ്‌ലിം സംഘടനകളെയും നേതാക്കളെയും വിശേഷിപ്പിക്കുന്നത് വിവേകമുള്ള പണ്ഡിതന്മാര്‍ക്ക് ചേര്‍ന്നതല്ല.
'ഒരു മുജാഹിദ് പ്രഭാഷകന്‍ മരിച്ചപ്പോള്‍ ചിലര്‍ അല്‍ഹംദു ലില്ലാഹ് എന്ന് ഫെയ്‌സ് ബുക്കില്‍ എഴുതി. അങ്ങനെ നമ്മുടെ മുന്‍ഗാമികള്‍ ചെയ്തിട്ടില്ല. മുന്‍ഗാമികളുടെ കാലത്തും ഒരുപാട് മുബ്തദിഉകള്‍ മരിച്ചിട്ടില്ലേ! അപ്പോള്‍ അവര്‍ അല്‍ഹംദു ലില്ലാഹ് എന്ന് പറഞ്ഞിട്ടുണ്ടോ? അപ്പോള്‍, ആ മുന്‍ഗാമികളെക്കാള്‍ വലിയ സുന്നിയായി, അല്‍ഹംദുലില്ലാഹ്, അയാള്‍ പോയത് നന്നായി എന്ന് ചിലര്‍ പറഞ്ഞു. അതിന്റെ പേരില്‍ ദുന്‍യാവിലെ ആലിമീങ്ങളെ മുഴുവന്‍ ചീത്ത പറയാന്‍ തുടങ്ങി. ഇങ്ങനെ സുന്നി മൂത്ത് പോയാല്‍ പറ്റില്ല. അത്ര മൂത്ത സുന്നിയാകണമെന്ന് നമ്മുടെ ഉലമാക്കള്‍ പഠിപ്പിച്ചിട്ടില്ല. നമ്മള്‍ പഠിപ്പിച്ച അവിടെ നില്‍ക്കണം. അതിനപ്പുറത്തോട്ട് സുന്നിയായാല്‍ അത് സുന്നിയല്ല. ബിദ്അത്ത്കാരന്‍ മരണപ്പെട്ടാല്‍ സന്തോഷിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ, ബിദ്അത്തുകാരോട് സഹകരണം പാടില്ലെന്ന് നാം പഠിച്ചിട്ടുണ്ട്. 'അവര്‍ മരിച്ചു പോയി! നാം അവരുമായി സഹകരിക്കുന്നില്ല. നാം കാണാനും നമസ്‌കരിക്കാനും പോകുന്നില്ല. അവര്‍ അവരുടെ ഹാലില്‍, നാം നമ്മുടെ ഹാലില്‍'. മത സംഘടനാ നേതാക്കളുടെ ഇത്തരം തിരുത്തുകള്‍ ചില തിരിച്ചറിവുകളില്‍ നിന്നാണെന്ന് പ്രതീക്ഷിക്കാം20.
മാതൃകാ നിലപാടുകള്‍
അടിസ്ഥാനപരമായി ഇസ്‌ലാമിക വിശ്വാസം പ്രഖ്യാപിക്കുകയും നിര്‍ബന്ധ വിധികള്‍ പാലിക്കുകയും ചെയ്യുന്ന മുസ്‌ലിംകളില്‍ ചിലരില്‍, മറ്റുള്ളവരുടെ വ്യാഖ്യാനമനുസരിച്ച് തെറ്റായ നിലപാടുകള്‍ കണ്ടേക്കാം. അവരില്‍ ആരാണ് യഥാര്‍ഥത്തില്‍ മുര്‍തദ്ദ്, മുബ്തദിഅ് എന്നൊക്കെ തീരുമാനിക്കേണ്ടത് അല്ലാഹുവാണ്. അല്ലെങ്കില്‍, ഖവാരിജുകളുടെയും ഖാദിയാനികളുടെയും വിഷയത്തിലെന്ന പോലെ അഹ്‌ലുസ്സുന്നത്തിലെ പണ്ഡിതന്മാര്‍ ഏകകണ്ഠമായി നിലപാട് പ്രഖ്യാപിച്ചിരിക്കണം. അങ്ങനെ അല്ലാത്ത ഏതെങ്കിലുമൊരു പക്ഷത്തിന്റെ പണ്ഡിതനെയോ നേതാവിനെയോ മരണവേളയില്‍ ആക്ഷേപിക്കുന്നതും സന്തോഷിക്കുന്നതും തെറ്റാണ്.
ഇമാം ഗസ്സാലിയുടെ ഈ വാചകങ്ങള്‍ സൂക്ഷ്മതയോടെ വായിക്കുക; 'ഈ സന്ദര്‍ഭത്തില്‍ രണ്ടിലൊരു നിലപാട് സ്വീകരിക്കാം. ഒന്നുകില്‍, ഒരു മുസ്‌ലിമിനെ കുറിച്ച് മോശം വിചാരം പുലര്‍ത്തുകയും എന്നിട്ടദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്ത്, കളവ് പറയുന്നവനാകാം. അല്ലെങ്കില്‍, അദ്ദേഹത്തെ സംബന്ധിച്ച് സദ്‌വിചാരം പുലര്‍ത്തുകയും അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍നിന്ന് നാവിനെ സൂക്ഷിക്കുകയും ചെയ്യുക; അക്കാര്യത്തില്‍ ഒരുപക്ഷേ താങ്കള്‍ക്ക് തെറ്റുപറ്റിയേക്കാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ച് സദ്‌വിചാരം പുലര്‍ത്തുന്നതാണ് അദ്ദേഹത്തെ ആക്ഷേപിച്ച് കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ഉത്തമം. ഒരാള്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ ഇബ്‌ലീസിനെയോ, അബൂജഹ്‌ലിനെയോ, അബൂലഹബിനെയോ എന്നുവേണ്ട തിന്മയുടെ ദുര്‍മൂര്‍ത്തികളെപ്പോലും ശപിക്കാതെ കഴിഞ്ഞെന്നിരിക്കട്ടെ. അതു വഴി അയാള്‍ക്കു യാതൊരു ദോഷവും സംഭവിക്കുകയില്ല. എന്നാല്‍ അല്ലാഹുവിന്റെയടുത്ത് തികച്ചും നിരപരാധിയായ ഒരു മുസ്‌ലിമിനെ സംബന്ധിച്ച് തെറ്റായ നിഗമനത്തിലെത്തുകയാണങ്കിലോ അവന്‍ നാശത്തില്‍ അകപ്പെട്ടതു തന്നെ.'21
ഇമാം ഇബ്‌നു അസാക്കിറിനെ ഉദ്ധരിച്ചു കൊണ്ട് ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: 'പ്രിയ സഹോദരാ, അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, നന്മയുടെ വഴിയിലൂടെ നയിക്കട്ടെ. പണ്ഡിതന്മാരുടെ മാംസം തിന്നുന്നത് വിഷം ഭക്ഷിക്കുന്നത് പോലെയാണ്. പണ്ഡിതന്മാരെക്കുറിച്ച് ദുഷിച്ച വര്‍ത്തമാനം പറയുന്നവര്‍, യഥാര്‍ഥത്തില്‍ മരിക്കുന്നതിനു മുമ്പ് അല്ലാഹു അവരുടെ ഹ്യദയത്തെ കൊന്നുകളയും. 'അതിനാല്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍, തങ്ങളെ ഏതെങ്കിലും നാശം ബാധിക്കുന്നതും നോവേറിയ ശിക്ഷ പിടികൂടുന്നതും സൂക്ഷിക്കട്ടെ' എന്നാണ് അല്ലാഹു താക്കീത് ചെയ്തത്.'22
പുത്തന്‍ വാദി (മുബ്തദിഅ്) എന്ന് ചിലര്‍ മുദ്രകുത്താറുള്ള ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ മരിച്ചപ്പോള്‍, അദ്ദേഹത്തോട് വിയോജിപ്പുള്ളവരുള്‍പ്പെടെയുള്ള അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ ജനാസ സന്ദര്‍ശിക്കാനും ഖബ്‌റടക്കത്തില്‍ പങ്കെടുക്കാനും തടിച്ചുകൂടി. ജീവിച്ചിരിക്കെ അദ്ദേഹം തന്റെ എതിരാളികളോട് പുലര്‍ത്തിയ ഉയര്‍ന്ന സമീപനത്തിന്റെ ഗുണാത്മകമായ സ്വാഭാവിക പ്രതികരണമായി ഇതിനെ മനസ്സിലാക്കാം. ദമസ്‌കസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലികളിലൊന്നായിരുന്നു അന്നവിടെ ഒരുമിച്ചു ചേര്‍ന്നതെന്ന് ദൃക്‌സാക്ഷിയായ ഇമാം ഇബ്‌നു കസീര്‍ വിവരിക്കുന്നുണ്ട്.
'എന്റെ ഗുരുവായ അബുല്‍ ഹജ്ജാജില്‍ മിസ്സിയോടൊപ്പം ജനാസയില്‍ ഞാനും പങ്കെടുത്തിരുന്നു. ഗുരുവര്യനായ ഇബ്‌നുതൈമിയ്യയുടെ മുഖം ഞാന്‍ തുറന്നു നോക്കുകയും ചുംബിക്കുകയും ചെയ്തു. പിന്നീടവര്‍ അദ്ദേഹത്തെ കുളിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, കുളിപ്പിക്കാന്‍ സഹായിക്കുന്നവരൊഴിച്ച് ഒരാളെയും അവിടെ നില്‍ക്കാന്‍ അനുവദിച്ചില്ല. ആ കൂട്ടത്തില്‍ എന്റെ ഗുരു അബുല്‍ ഹജ്ജാജില്‍ മിസ്സിയും മഹത്തുക്കളും സച്ചരിതരുമായ കുറേപേരും ഉണ്ടായിരുന്നു. കുളിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും അവിടം ജനനിബിഡമായി. പ്രാര്‍ഥിച്ചും കരഞ്ഞും ജനങ്ങള്‍ ഒഴുകി. ജനാസയുമായി അവര്‍ ഉമവീ ജുമാ മസ്ദില്‍ പ്രവേശിച്ചു. പള്ളി ജനസമുദ്രമായിരുന്നു. ഒരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു; 'സുന്നത്തിന്റെ ഇമാമുമാരുടെ ജനാസഃ ഇതാ, ഇതുപോലിരിക്കും'.
ജനബാഹുല്യം കാരണം ആളുകള്‍ അണിയൊന്നും നോക്കാതെ ഇരിക്കുകയായിരുന്നു. എന്നല്ല, നന്നേ പ്രയാസപ്പെട്ട് തൊട്ടുരുമ്മിയാണ് അവര്‍ നിന്നിരുന്നത്. പള്ളിക്കകത്തും ഗല്ലികളുടെ പുറത്തും മാര്‍ക്കറ്റുകളിലുമെല്ലാം ഇതു തന്നെയായിരുന്നു സ്ഥിതി..........നാനാദിക്കുകളില്‍നിന്നും ജനങ്ങള്‍ ആഗതരായി. തിന്നാനോ കുടിക്കാനോ ഒഴിവുകിട്ടാത്തതു കാരണം, അന്നേ ദിവസം നോമ്പെടുക്കുകയായിരുന്നു പലരും. ചുരുക്കത്തില്‍, ചരിത്രത്തില്‍ ഒരിക്കലും കാണപ്പെട്ടിട്ടില്ലാത്ത സംഭവത്തിനായിരുന്നു ദമസ്‌കസ് സാക്ഷിയായത്.
ജനാസക്ക് സന്നിഹിതരായവരെ എണ്ണിത്തിട്ടപ്പെടുത്തുക ഒരാള്‍ക്കും സാധ്യമായിരുന്നില്ല. ഏകദേശം പറഞ്ഞാല്‍ അന്നാട്ടിലും ചുറ്റുവട്ടത്തും ഹാജരാകാന്‍ പറ്റുന്നവരൊക്കെ വന്നിരുന്നു എന്നതാണ് വസ്തുത. കന്യകമാരിലും കുട്ടികളിലും പെട്ട ഏതാനും പേരൊഴിച്ച് ഒരാളും അതില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിനിന്നിട്ടില്ല. ജ്ഞാനികളില്‍പെട്ട ഏതാനും ചിലരല്ലാതെ ജനാസയില്‍ ഹാജരാവാതിരുന്നതായി എന്റെ അറിവിലില്ല.....നമ്മുടെ ബഹുമാന്യ ഗുരു ബുര്‍ഹാനുദ്ദീന്‍ അല്‍ഫസ്സാരി മൂന്നു ദിവസം തുടര്‍ച്ചയായി അദ്ദേഹത്തിന്റെ ഖബ്‌റിടം സന്ദര്‍ശിക്കുകയുണ്ടായി. ഒരു കൂട്ടം ശാഫിഈ പണ്ഡിതന്മാരും അതുപോലെ ചെയ്തു.
മഹാ പണ്ഡിതന്മാരില്‍ ഉള്‍പ്പെട്ട വ്യക്തിത്വമാണ് ശൈഖ്. ശരിതെറ്റുകള്‍ അദ്ദേഹത്തിനും സംഭവിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ ശരികളുമായി തുലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തെറ്റുകള്‍ പ്രവിശാലമായ സമുദ്രത്തിലെ ഒരു തുള്ളി പോലെയേ ഉള്ളൂ. ആ തെറ്റുകള്‍ പോലും പൊറുക്കപ്പെടും. സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തിയതു പോലെ; ഒരു ജ്ഞാനി ഇജ്തിഹാദ് ചെയ്തു, അത് ശരിയായാല്‍ രണ്ട് പ്രതിഫലമുണ്ട്. ഇജ്തിഹാദ് ചെയ്തിട്ട് തെറ്റിപ്പോയെങ്കില്‍ അദ്ദേഹത്തിന് ഒരു പ്രതിഫലമുണ്ട്. അപ്പോഴും അദ്ദേഹം പ്രതിഫലാര്‍ഹന്‍ തന്നെ. ഇമാം മാലിക് പറഞ്ഞു: എല്ലാ ഓരോരുത്തരുടെ വാക്കിലും കൊള്ളുകയും തള്ളുകയും ചെയ്യാനുണ്ടാവും; ഈ ഖബ്‌റില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബിയുടേത് ഒഴികെ.'23
ഉബയ്യുബ്‌നു സലൂല്‍ കപടവിശ്വാസി (മുനാഫിഖ്) ആണെന്ന് ദിവ്യവെളിപാട് വഴി അല്ലാഹു മുഹമ്മദ് നബിയെ അറിയിച്ചിരുന്നു. മുസ്‌ലിം സമൂഹത്തിനകത്ത് പലതരം ആഭ്യന്തര പ്രശ്‌നങ്ങളും സൃഷ്ടിച്ചവരാണ് കപട വിശ്വാസികള്‍. ഉബയ്യുബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ നബി(സ)യോട് ഉടുപ്പ് (ഖമീസ്) കഫന്‍ പുടവയായി ചോദിച്ചു. നബി(സ) അത് നല്‍കി. ഉബയ്യിന് വേണ്ടി നമസ്‌കരിക്കുന്നതും പാപമോചന പ്രാര്‍ഥന നടത്തുന്നതും വിലക്കിയ ഖുര്‍ആന്‍ വസ്ത്രം നല്‍കിയത് തടഞ്ഞില്ല. ഉബയ്യിന്റെ മകനെ ആദരിച്ചും മനസ്സിന് സമാധാനം പകരുന്നതിന് വേണ്ടിയുമാണ് നബി(സ) ഇത് ചെയ്തത്. കപടവിശ്വാസിയെന്ന് അല്ലാഹു തന്നെ അറിയിച്ച ഒരാളുടെ വിഷയത്തില്‍, മരണവേളയില്‍ നബി(സ) സ്വീകരിച്ചത് ഈ നിലപാടാണെങ്കില്‍, തീര്‍പ്പുകല്‍പിക്കാനാകാത്ത അഭിപ്രായഭിന്നതയുള്ളവരോട് എന്ത് സമീപനം കൈക്കൊള്ളണമെന്നത് സുമനസ്സുകള്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല.
കുറിപ്പുകള്‍
1.(മുസ്‌നദ് 4/436).
2.(സ്വഹീഹു മുസ്‌ലിം 3/1357).
3. (അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്തത്).
4.(ബുഖാരി റിപ്പോര്‍ട്ട് ചെയ്തത്, 1329).
5.(സ്വഹീഹു മുസ്ലിം 1695).
6. (സ്വഹീഹുല്‍ ബുഖാരി 6777).
7.(സുനനു അബീദാവൂദ് 4478).
8.(ബിഹാറുല്‍ അന്‍വാര്‍ ലില്‍ മജ്‌ലിസി 32/324. ഖുര്‍ബുല്‍ ഇസ്‌നാദ് ലില്‍ ഹിംയരി, 45 ).
9.(ഖുര്‍ബുല്‍ ഇസ്‌നാദ് ലില്‍ ഹിംയരി 45, അശ്ശീഅത്തു വസ്സുന്ന 157,158).
10. (ഇമാം ബുഖാരി 6147, ഇമാം മുസ്‌ലിം 950 തുടങ്ങിയവര്‍ ഉദ്ധരിച്ചത്).
11.(ശര്‍ഹു മുസ്‌ലിം 7/20, 21 ).
12.(ബുഖാരി 1301, മുസ്‌ലിം 949)
13.(മദാരിജുസ്സാലികീന്‍ 2/345).
14.(ഉംദത്തുല്‍ ഖാരീ, ശര്‍ഹു സ്വഹീഹില്‍ ബുഖാരി 8/195. അസ്സുന്നത്തു ലില്‍ഖല്ലാല്‍, 5 / 15. അല്‍ബിദായത്തു വന്നിഹായ 12/338).
16.(തഫ്‌സീറുല്‍ ഖുര്‍ആന്‍, ഇബ്‌നു കസീര്‍, 3/372).
17.(തഫ്‌സീറുത്ത്വബരി, തഫ്‌സീറു ഇബ്‌നു കസീര്‍ അല്‍ അന്‍ആം വ്യാഖ്യാനം).
18.(അബൂദാവൂദും തിര്‍മിദിയും ഉദ്ധരിച്ചത്).
19.(ബുഖാരി 2697, മുസ്‌ലിം 1718).
20.(ബുഖാരിയും 1909, മുസ്‌ലിമും 738 ഉദ്ധരിച്ച ഹദീസീല്‍ എട്ട് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റും എന്ന് ഉറപ്പിച്ചു പറയുന്നു).
21.(ഇ.കെ ഹസന്‍ മുസ്‌ലിയാര്‍; ജീവിതം ദര്‍ശനം പോരാട്ടം സെമിനാറില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസംഗം, ജൂലൈ, 2019)
22.(ബാബുല്‍ ഇമാമ, അല്‍ ഇഖ്തിസ്വാദ് ഫില്‍ ഇഅ്തിഖാദ്).
23.(അസ്സവാജിറു അന്‍ ഇഖ്ത്തിറാഫില്‍ കബാഇര്‍, ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി).
24.(അല്‍ ബിദായത്തു വന്നിഹായ, ഇബ്‌നു കസീര്‍).