വിധിവിശ്വാസത്തിന്റെ സദ്ഫലങ്ങള്‍

‌‌

ഖുര്‍ആനും സുന്നത്തുമനുസരിച്ചും പൂര്‍വകാല മുസ്‌ലിംകള്‍ മനസ്സിലാക്കിയതനുസരിച്ചും പ്രായോഗികാനുഭവങ്ങളിലൂടെ അവര്‍ അനുഭവിച്ചറിഞ്ഞതു പ്രകാരവും വിധിവിശ്വാസത്തിന് നല്ലതും അനുഗൃഹീതവുമായ ധാരാളം ഫലങ്ങളുണ്ട്. മുസ്‌ലിമിന്റെ ധൈഷണികതയിലും സ്വത്വത്തിലും മനസ്സിലും ഇഛയിലും താനുമായും താനും അല്ലാഹുവുമായും ചുറ്റുമുള്ള വസ്തുക്കളുമായും ചുറ്റുമുള്ളവരുമായുമുള്ള ബന്ധങ്ങളിലും ഇസ്‌ലാമിക ജീവിതത്തില്‍ പൊതുവായും ഈ സദ്ഫലങ്ങള്‍ ദൃശ്യമാണ്. ബുദ്ധിയുള്ളവര്‍ക്കെല്ലാം അത് മനസ്സിലാക്കാം. കണ്ണുള്ളവര്‍ക്കെല്ലാം അത് കാണാം. സാമാന്യവും സവിശേഷവുമായ സ്വഭാവ സമീപനങ്ങളിലും യുദ്ധത്തിലും സമാധാനത്തിലും ആയാസത്തിലും അനായാസത്തിലും സുഖസമൃദ്ധിയിലും ദുഃഖസങ്കോചങ്ങളിലും സൗഭാഗ്യത്തിലും ദൗര്‍ഭാഗ്യത്തിലുമെല്ലാം വിധിവിശ്വാസത്തിന്റെ രചനാത്മകമായ വശങ്ങള്‍ കാണാം. അത്തരം ഏഴു നേട്ടങ്ങളെക്കുറിച്ച ലഘുവിവരണങ്ങളാണ് താഴെ:

1. അപകട ഘട്ടങ്ങളില്‍ ശക്തി
യുദ്ധം, അപകടം പോലുള്ള ഘട്ടങ്ങളിലും യുദ്ധങ്ങളില്‍ ശത്രുക്കളെ ഏറ്റുമുട്ടുമ്പോഴും വിധിവിശ്വാസം ശക്തമായ തുണയായും വര്‍ധിത വീര്യമായും ഊര്‍ജം പകര്‍ന്നുതരുന്നു. ചരിത്രം അതിനു സാക്ഷിയാണ്. ആനുകാലികമായും അത്തരം അനുഭവങ്ങള്‍ നാം കാണുന്നു.

തനിക്ക് അനുകൂലവും പ്രതികൂലവുമായി അല്ലാഹു തീരുമാനിച്ചതെന്തും അനിവാര്യമായും സംഭവിച്ചിരിക്കുമെന്ന് സത്യവിശ്വാസി അടിയുറച്ച് വിശ്വസിക്കുന്നു. നിശ്ചിത അവധിക്ക് മുമ്പ് താന്‍ മരിക്കുകയില്ലെന്നും ആര്‍ക്കും തന്റെ ആയുസ്സ് കൂട്ടാനോ കുറക്കാനോ കഴിയില്ലെന്നും അയാള്‍ക്ക് ദൃഢബോധ്യമുായിരിക്കും.
فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةًۖ وَلَا يَسْتَقْدِمُونَ
(അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം പോലും വൈകിക്കുകയോ നേരത്തേയാക്കുകയോ ഇല്ല - അഅ്‌റാഫ് 34).
ബദ്ര്‍ യുദ്ധം മുതല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ചെച്‌നിയ ഉള്‍പ്പെടെ ഇന്നുവരെ നടന്ന യുദ്ധങ്ങളില്‍ ഇതിന്റെ നേര്‍സാക്ഷ്യങ്ങളുണ്ട്.
قُل لَّوْ كُنتُمْ فِي بُيُوتِكُمْ لَبَرَزَ الَّذِينَ كُتِبَ عَلَيْهِمُ الْقَتْلُ إِلَىٰ مَضَاجِعِهِمْۖ
((നബിയേ) താങ്കള്‍ പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തന്റെ മരിച്ചു വീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ടുവരുമായിരുന്നു - ആലുഇംറാന്‍ 154).

മരിക്കുമെന്ന് ഉറപ്പുള്ള ഇടങ്ങളിലേക്ക് കടന്നു ചെല്ലുമ്പോഴും സ്വാഭാവിക മരണം ഏറ്റുവാങ്ങുമ്പോഴും മുസ്‌ലിംകളുടെ നിലപാട് ഇതഃപര്യന്തം ഇതായിരുന്നു. മരണത്തെ അവര്‍ കൂസലന്യേ അഭിമുഖീകരിച്ചു. 
അലി(റ) ഇങ്ങനെ പാടുകയുണ്ടായി:
أيّ يومي الموت أفرّ    يوم لا يقدر أم يوم قدر
يوم لا يقدر لا أحذره    ومن المقدور لا ينجى الحذر
(മരണത്തിന്റെ രണ്ടു ദിവസങ്ങളില്‍ ഏതു ദിവസത്തില്‍നിന്നാണ് ഞാന്‍ ഓടി രക്ഷപ്പെടുക? വിധിക്കപ്പെടാത്ത ദിവസത്തില്‍നിന്നോ വിധിക്കപ്പെട്ട ദിവസത്തില്‍നിന്നോ? വിധിക്കപ്പെടാത്ത ദിവസത്തെ ഞാന്‍ ഭയപ്പെടുന്നില്ല. വിധിക്കപ്പെട്ടതില്‍നിന്ന് പേടികൊണ്ടുമാത്രം രക്ഷപ്പെടാനുമാവില്ല).
അതായത്, മരണം വിധിക്കപ്പെട്ടതാണെങ്കില്‍ അത് സംഭവിച്ചിരിക്കുക തന്നെ ചെയ്യും. രണാങ്കണത്തിലായിട്ടും മരണം വിധിക്കപ്പെട്ടില്ലെങ്കില്‍ എന്തിന് വിധിയെ ഭയക്കണം? രണ്ടു സാധ്യതകളിലും ഒട്ടും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നര്‍ഥം.
സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി എഴുതുന്നു:

വിധിവിശ്വാസം സത്യവിശ്വാസിക്ക് ധീരതയും മുന്നോട്ടു കുതിക്കാനുള്ള ആവേശവും പകര്‍ന്നു നല്‍കുന്നു. സിംഹങ്ങള്‍ പോലും ഭയക്കുന്ന അപകടമേഖലകളിലേക്ക് കടന്നുചെല്ലാനുള്ള ത്രാണി പ്രദാനം ചെയ്യുന്നു. അതി തിക്തകങ്ങളായ സന്ദിഗ്ധ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. അസഹനീയമായ എല്ലാറ്റില്‍നിന്നും പുറത്തു കടക്കാനുള്ള ഇഛയെ ഉല്‍പാദിപ്പിക്കുന്നു. ജീവന്‍ ബലി നല്‍കാനും ഭൗതിക ജീവിതത്തിന്റെ നശ്വരശോഭയില്‍നിന്ന് ശാശ്വതജീവിതത്തിന്റെ നിത്യശോഭയിലേക്ക് മാറാനും പ്രചോദനമാകുന്നു. എല്ലാറ്റിന്റെയും അടിസ്ഥാന പ്രേരകം ആദര്‍ശപ്രതിബദ്ധത മാത്രം.

ആയുസ്സ് നിര്‍ണിതമാണെന്നും, വിഭവങ്ങള്‍ തരാമെന്ന് അല്ലാഹു ഏറ്റതാണെന്നും എല്ലാം അല്ലാഹുവിന്റെ കൈകളിലാണെന്നും അതവന്‍ ഉദ്ദേശിക്കുംവിധം കൈകാര്യം ചെയ്യുകയാണെന്നും വിശ്വസിക്കുന്ന ഒരാള്‍, തന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുമ്പോഴും തന്റെ ദീനിന്റെയും സമുദായത്തിന്റെയും ഉത്തമവചനം ഉയര്‍ത്തിപ്പിടിക്കുമ്പോഴും തന്നിലര്‍പ്പിതമായ ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴും എങ്ങനെയാണ് മരണത്തെ ഭയക്കുക?

വെറും എണ്‍പത് വര്‍ഷങ്ങള്‍കൊണ്ട് മുസ്‌ലിംകള്‍ തങ്ങളുടെ ജൈത്രയാത്രകളിലൂടെ ഭൂഖണ്ഡങ്ങള്‍ കീഴടക്കി അധികാരം വാണു. അത് മനുഷ്യരെ ഞെട്ടിച്ചു, അതുകണ്ട് ജനങ്ങള്‍ പകച്ചു. സ്‌പെയിനിനെയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന ബെനീനിയ മലനിരകള്‍ മുതല്‍ ചൈനയിലെ വന്മതില്‍ വരെ നീണ്ടുകിടക്കുന്ന നാടുകള്‍ മുസ്‌ലിംകള്‍ക്കധീനമായി. അപ്പോഴൊക്കെ അവരുടെ കൈവശം സജ്ജീകരണങ്ങള്‍ വളരെ കുറവായിരുന്നു. പല നാടുകളിലെയും സാഹചര്യങ്ങള്‍ അത്യന്തം പ്രതികൂലമായിരുന്നു. ഇങ്ങനെയെല്ലാമായിട്ടും കൊലകൊമ്പന്മാരായ രാജാക്കന്മാരെയും ഭരണാധികാരികളെയും മൂക്കുകുത്തിക്കാന്‍ വിധിവിശ്വാസത്തിന്റെ കരുത്തുറ്റ ബലത്തില്‍ മുസ്‌ലിംകള്‍ക്കായി.1

2. അതിക്രമങ്ങള്‍ക്ക് മുമ്പില്‍ സ്ഥിരചിത്തത
അതിക്രമങ്ങളെയും മിഥ്യകളെയും നേരിടാന്‍ പാകത്തിലുള്ള സ്ഥൈര്യവും ഇഛാശക്തിയും പ്രദാനം ചെയ്യുന്നു. ദൈവം ചമയുന്ന ഫറോവമാരെയും ദൈവേതര ശക്തികളെയും ചെറുത്തുനില്‍ക്കാനുള്ള ഊര്‍ജം ലഭിക്കുന്നു.
قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَاۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿٥١﴾
(പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത് - തൗബ: 51). നബി (സ) പറയുന്നു:
ولا يمنعن أحدكم رهبة النّاس أن يقول بحق إذارآه أو يذكّر بعظيم ، فان ذلك لا يقرّب من اجل ، ولا يباعد من رزق
(ജനങ്ങളെക്കുറിച്ച ഭയം താന്‍ മനസ്സിലാക്കുന്ന സത്യം പറയുന്നതില്‍നിന്നോ ഭയാനകമായ ശിക്ഷയെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നതില്‍നിന്നോ നിങ്ങളിലാരെയും തടയരുത്. കാരണം, അത് നിങ്ങളുടെ ആയുസ്സറുതി നേരത്തേയാക്കുകയോ, അല്ലാഹു വിധിച്ച വിഭവത്തെ അകറ്റുകയോ ഇല്ല).2

സാധാരണയായി എല്ലാ മനുഷ്യരും ആശങ്കയോടെ കാണുന്നവയാണ് ആയുസ്സും ജീവിത വിഭവങ്ങളും. എന്നാല്‍, രണ്ടും അല്ലാഹുവിനാല്‍ തീരുമാനിക്കപ്പെട്ടതും വിതരണം ചെയ്യപ്പെടുന്നതുമാണ്. അതിനാല്‍തന്നെ ആരുടെയും ആയുസ്സില്‍നിന്ന് ആര്‍ക്കും ഒന്നും കുറക്കാന്‍ കഴിയില്ല, ഒരുരുള ചോറുപോലും നഷ്ടപ്പെടില്ല.
لا تعجلنّ فليس الرّزق بالعجل   الرّزق في اللوح مكتوب مع الأجل
من يتّق الله يرزقه ويعل به     من غير محتسب منه ولا وجل
(നീ ധൃതിപ്പെടാതെ! ധൃതിപ്പെട്ടു നേടാവുന്നതല്ല വിഭവങ്ങള്‍. വിഭവങ്ങള്‍ ആയുസ്സോടൊപ്പം സുരക്ഷിത ഫലകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുകയാണെങ്കില്‍ അവന്‍ അയാള്‍ക്ക് വിഭവങ്ങള്‍ നല്‍കുകയും അയാളില്‍നിന്ന് പ്രതിഫലം പ്രതീക്ഷിക്കാതെയും ഭയക്കാതെയും അയാളെ ഉയര്‍ത്തുകയും ചെയ്യും).
ഇസ്‌ലാംവിരുദ്ധ ശത്രുക്കളുടെ മുമ്പില്‍ ആര്‍ജവത്തോടെ നിലകൊള്ളാന്‍ മുസ്‌ലിംകളെ പ്രാപ്തരാക്കിയത് ഈ നിലപാടാണ്.
ഹജ്ജാജുബ്‌നു യൂസുഫ് (ക്രി.വ 661-714) പ്രമുഖ പണ്ഡിതന്‍ സഈദുബ്‌നു ജുബൈറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സഈദിന്റെ ആര്‍ജവമുള്ള പ്രതികരണം ഇങ്ങനെയായിരുന്നു:
لو علمت أن الموت والحياة بيدك ، ما عبدت إلها غيرك
(ജീവിതവും മരണവും നിങ്ങളുടെ കൈകളിലാണെന്നറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങളല്ലാത്ത ദൈവത്തെ ഞാന്‍ ആരാധിക്കുമായിരുന്നില്ല).
ഒരു ഖവാരിജീ വനിതയോട്, നിങ്ങളെ മുച്ചൂടും ഞാന്‍ കൊയ്‌തെടുക്കുമെന്ന് ഹജ്ജാജ് ഭീഷണിപ്പെടുത്തിയപ്പോള്‍ അവരുടെ പ്രതികരണം, أنت تحصد، والله يزرع (നിങ്ങള്‍ കൊയ്‌തെടുക്കും, അല്ലാഹു കൃഷി ചെയ്തുകൊള്ളും) എന്നായിരുന്നു. അല്ലാഹുവിന്റെ കഴിവിനു മുമ്പില്‍ സൃഷ്ടിയുടെ കഴിവിനെന്തു പ്രസക്തി?
ആധുനിക യുഗത്തില്‍ ജീവിച്ച മഹാന്മാരായ എത്രയോ പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും പ്രബോധകരും സാമ്രാജ്യത്വശക്തികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കുമെതിരെ സധീരം പോരാടിയത് ഈ ആദര്‍ശബലത്തിലാണ്. ഇംഗ്ലീഷുകാര്‍ക്കെതിരെ ധര്‍മസമരം ചെയ്ത മൗലാനാ അബുല്‍കലാം ആസാദ്, അത്താതുര്‍ക്കിന്റെ വിചാരണ നേരിട്ട ബദീഉസ്സമാന്‍ സഈദ് നൂര്‍സി, ഖാദിയാനി വിഷയത്തില്‍ ധീരമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാക് ഭരണകൂടം വധശിക്ഷക്ക് വിധിച്ചിരുന്ന മൗലാനാ മൗദൂദി, 'മആലിമുന്‍ ഫിത്ത്വരീഖ്' എഴുതിയതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുകയും തുടര്‍ന്ന് വധശിക്ഷക്ക് വിധേയനാവുകയും ചെയ്ത ശഹീദ് സയ്യിദ് ഖുത്വ്ബ്, 'അത്തശ്‌രീഉന്‍ ജിനാഈ അല്‍ ഇസ്‌ലാമി' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദ മുതലായവര്‍ ഈ ഗണത്തിലെ പലരില്‍ ചിലര്‍ മാത്രമാണ്.
സത്യവിശ്വാസി തന്റെ ആയുസ്സിനെക്കുറിച്ച് ഭയപ്പെടില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നേരത്തേ രേഖപ്പെട്ടുകിടക്കുന്ന ഏതാനും ശ്വാസനിശ്വാസങ്ങള്‍ മാത്രമാണ് ജീവിതമെന്ന കാര്യം അയാള്‍ക്ക് എപ്പോഴും ബോധ്യമുള്ള കാര്യമാണ്.
وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِ إِلَّا فِي كِتَابٍۚ
(ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ഒരാള്‍ക്കും ആയുസ്സ് നീട്ടിക്കൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവു വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ -ലൗഹുല്‍ മഹ്ഫൂളില്‍- ഉള്ളതനുസരിച്ചല്ലാതെ നടക്കുന്നില്ല - ഫാത്വിര്‍ 11).

3. ആപത്തുകളില്‍ ക്ഷമ
വിധിവിശ്വാസത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ഫലം ആപദ്ഘട്ടങ്ങളില്‍ ക്ഷമിക്കാന്‍ സഹായിക്കുന്നു എന്നതാണ്. ഭയമോ വെപ്രാളമോ വിധിവിശ്വാസിയെ ആശങ്കാകുലനാക്കുകയില്ല. പര്‍വതസമാനം സ്ഥിരചിത്തതയോടെ ആപത്തുകളെ നേരിടാന്‍ അയാള്‍ക്ക് കഴിയും. താഴെ ചേര്‍ത്ത ഖുര്‍ആന്‍ വാക്യം അയാളുടെ ഹൃദയാന്തരത്തില്‍ രൂഢമൂലമായിരിക്കും:
مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَاۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ ﴿٢٢﴾ لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْۗ
(ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാനും വേണ്ടിയാണ് - ഹദീദ് 22,23).

അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം ആപദ്ഘട്ടങ്ങളില്‍ സ്ഥൈര്യം നല്‍കുന്നു. ആപത്തിന് വിധേയമാകുന്ന അയാളും ആപത്തുകളും സൃഷ്ടിക്കപ്പെടുന്നതിനുമുമ്പേ അതെല്ലാം തീരുമാനിക്കപ്പെട്ടതാണെന്ന് അയാള്‍ക്കറിയാവുന്നതാണ്. അതിനാല്‍ നഷ്ടപ്പെട്ടതിനെച്ചൊല്ലി അയാള്‍ നിരാശനാവുകയില്ല. വരാനിരിക്കുന്ന നന്മകളെക്കുറിച്ച് അയാള്‍ മതിമറന്ന് സന്തോഷിക്കുകയുമില്ല. അയാള്‍ സന്തുലിതമനസ്‌കനും സ്ഥിരചിത്തനുമായിരിക്കും. അത്തരം സത്യവിശ്വാസികളെ സ്തുതിച്ചുകൊണ്ട് നബിതിരുമേനി(സ) പറയുന്നു:
عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
(സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവന്റെ എല്ലാ കാര്യങ്ങളും അവന് നന്മയായി ഭവിക്കുന്നു. ഇത് സത്യവിശ്വാസിക്ക് മാത്രമേ ഉള്ളൂ. അവന് സന്തോഷമുണ്ടായാല്‍ അവന്‍ നന്ദിചെയ്യും. അങ്ങനെ അത് അവന് നല്ലതായി ഭവിക്കും. വല്ല ദുരിതവും ബാധിച്ചാലോ അവന്‍ ക്ഷമിക്കും. അങ്ങനെ അതും അവന് നല്ലതായി ഭവിക്കും).

ഇവിടെ പരാമര്‍ശിച്ച സത്യവിശ്വാസി മറ്റൊരു ഹദീസില്‍ പറഞ്ഞപോലെ, 'ശക്തനായ സത്യവിശ്വാസി' യാണ്. അയാള്‍ ദുര്‍ബലനായ സത്യവിശ്വാസിയേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരനായിരിക്കും. എല്ലാ സത്യവിശ്വാസികളും ഉത്തമരും നല്ലവരുമാണെങ്കിലും ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും വന്നു ഭവിക്കുമ്പോള്‍قدر الله وما شاء فعل  (അല്ലാഹു വിധിച്ചു, അവന്‍ ഇഛിച്ചത് പ്രവര്‍ത്തിച്ചു) എന്ന് പ്രതികരിക്കുന്നതായിരിക്കും.
മരിച്ച മകനെച്ചൊല്ലി അത്യധികം ദുഃഖാകുലനായ ഒരു പിതാവിനെ സമാശ്വസിപ്പിക്കവെ അലി(റ) പറഞ്ഞു:
ياأبا فلان، انك إن صبرت نفذت فيك المقادير ولك الأجر - وان جزعت، نفذت فيك المقادير، وعليك الوزر
(ഇന്നാലിന്ന മകന്റെ പിതാവേ! താങ്കള്‍ ക്ഷമിച്ചാല്‍ താങ്കളില്‍ അല്ലാഹുവിന്റെ വിധികള്‍ നടപ്പിലായി. താങ്കള്‍ അക്ഷമ കാണിക്കുകയാണെങ്കില്‍ താങ്കളില്‍ വിധികള്‍ നടപ്പിലായി, അതോടൊപ്പം താങ്കള്‍ അക്ഷമയുടെ പേരില്‍ ശിക്ഷയനുഭവിക്കേണ്ടിയും വരും).
സുഖദുഃഖങ്ങളുടെ രണ്ടവസ്ഥകളിലും അല്ലാഹുവിന്റെ വിധികള്‍ നടപ്പിലാവും. പക്ഷേ, ബുദ്ധിമാന്‍ തന്നില്‍ അല്ലാഹുവിന്റെ വിധികള്‍ നടപ്പിലാകുന്നതിനെ തെരഞ്ഞെടുക്കും. അതിലൂടെ അയാള്‍ പ്രതിഫലം നേടും, പാപം ഏല്‍ക്കേണ്ടിവരില്ല.
الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ﴿١٥٦﴾ أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ ﴿١٥٧﴾
(തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ -ആ ക്ഷമാശീലര്‍- പറയുന്നത്, 'ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍ - ബഖറ 155,156).

4. അല്ലാഹു വിധിച്ചതില്‍ സംതൃപ്തി
യഥാര്‍ഥ സത്യവിശ്വാസി തനിക്ക് അല്ലാഹു വിധിച്ചതില്‍ സംതൃപ്തനായിരിക്കും. ഇത് അയാളുടെ ജീവിതത്തിലും സ്വത്വത്തിലും ധാരാളം സദ്ഫലങ്ങള്‍ നല്‍കുന്നതായിരിക്കും:

(എ) മനസ്സിന്റെ ധന്യത
ചില മനുഷ്യര്‍ക്ക് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍ രണ്ടാമതൊന്ന് ആഗ്രഹിക്കും. രണ്ടെണ്ണം കിട്ടിയാല്‍ മൂന്നാമതൊന്ന് ആഗ്രഹിക്കും. ഇത്തരക്കാര്‍ 'ഇനിയും കൂടുതല്‍ കിട്ടാനുണ്ടോ' എന്നു ചോദിക്കുന്ന നരകത്തെ പോലെയാണ്. യഥാര്‍ഥ ഐശ്വര്യം മനസ്സിന്റെ ഐശ്വര്യമാണ്. താഴെ നബിവചനം കാണുക.
ليس الغنى عن كثرة العرض، إنما الغنى غنى النفس
(കൂടുതല്‍ ചരക്കുകളുണ്ടാവുക എന്നതല്ല ഐശ്വര്യം. മനസ്സിന്റെ ഐശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം).4 മറ്റൊരു വചനം ഇങ്ങനെ:
ارض بما قسم الله لك تكن أغنى النّاس
അബൂഫിറാസില്‍ ഹംദാനിയുടെ താഴെ കവിതയിലെ പൊരുളും മറ്റൊന്നല്ല.
إن الغنى هو الغنى بنفسه    ولو أنه عارى المناكب حاف
ماكلّ فوق البسيطة كافيا   واذا قنعت فبعض شيئ كاف
(തീര്‍ച്ചയായും മനസ്സിന്റെ ഐശ്വര്യമുള്ളയാളാണ് ഐശ്വര്യവാന്‍. അയാള്‍ നഗ്നമായ ചുമലുകളുള്ളവനായാലും നഗ്നപാദനായാലും. ഭൂമിയുടെ മുകളിലുള്ളതെല്ലാം ലഭിച്ചാലും ഒരാള്‍ക്ക് തികയില്ല. നീ ആത്മസംതൃപ്തിയടഞ്ഞാല്‍ നിനക്ക് തുഛം മതിയാകും).
അല്ലാഹു തനിക്ക് വിധിച്ചതില്‍ തൃപ്തിയടയുന്നവര്‍ക്കു മാത്രമേ ഈ മാനസിക സംതൃപ്തി ലഭിക്കുകയുള്ളൂ.

(ബി) സാമര്‍ഥ്യത്തോടെയും സാവകാശത്തോടെയുമുള്ള അധ്വാനം.
സത്യവിശ്വാസി ജീവിതത്തില്‍ അത്യധ്വാനം ചെയ്യും. അത് പക്ഷേ സമര്‍ഥമായും സാവകാശത്തോടെയുമായിരിക്കും. രാപ്പകല്‍ കിതച്ചു പാഞ്ഞും താങ്ങാനാവാത്ത ശാരീരികക്ലേശം സഹിച്ചും, ശിഥിലഹൃദയരായും മനസ്സുടഞ്ഞു തകര്‍ന്നുമുള്ള അധ്വാനമാവില്ല. മനശ്ശാന്തിയോടെ, സന്തുലിത ഹൃദയത്തോടെയായിരിക്കും സത്യവിശ്വാസിയുടെ അധ്വാനം. നബി(സ) പറയുന്നു:
6إن روح القدس نفث في روعي: أن نفسا لن تموت حتى تستكمل أجلها وتستوعب رزقها، فاتقوالله وأجملوا في الطّلب
(തീര്‍ച്ചയായും ജിബ്‌രീല്‍ തന്റെ മനസ്സില്‍ ഇങ്ങനെ ബോധനം നല്‍കി. ഏതൊരു ആത്മാവും അതിന്റെ ആയുസ്സ് പൂര്‍ത്തിയാകാതെയും അതിന്റെ വിഭവങ്ങള്‍ തികച്ചെടുക്കുന്നതുവരെയും മരിക്കുകയില്ല. ആയതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. സമര്‍ഥമായും സാവകാശത്തോടെയും വിഭവങ്ങള്‍ അന്വേഷിച്ചുകണ്ടെത്തുക).

(സി) തന്നാല്‍ അസാധ്യമായത് ആഗ്രഹിക്കാതിരിക്കുക
അല്ലാഹു തനിക്ക് തന്നതില്‍ തൃപ്തിയടയാനും അതിലൂടെ തന്റെ ലക്ഷ്യം കണ്ടെത്താനും സത്യവിശ്വാസിക്ക് കഴിയണം. തന്നാല്‍ അസാധ്യമായതിന്റെ പിന്നാലെ കൊതിയോടെ ഓടരുത്. മറ്റുള്ളവര്‍ക്ക് അല്ലാഹു നല്‍കിയത് മോഹിക്കരുത്. അത് വൃദ്ധന്‍ യൗവനവും വിരൂപിണി സൗന്ദര്യവും ഹ്രസ്വകായന്‍ കായദൈര്‍ഘ്യവും മോഹിക്കുന്നതു പോലെയാണ് പുരുഷന്മാരുടെ അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്ന സ്ത്രീകളുടെ അവകാശവാദത്തെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ പറഞ്ഞത് ശ്രദ്ധേയമാണ്:
وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍۚ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُواۖ وَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَۚ وَاسْأَلُوا اللَّهَ مِن فَضْلِهِۗ
(നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍നിന്ന് ആവശ്യപ്പെട്ടുകൊള്ളുക - നിസാഅ് 32).
യുദ്ധം, പട്ടിണി, ദുരന്തങ്ങള്‍ മുതലായവ കാരണമായി വ്യക്തികളെയും സമൂഹങ്ങളെയും പലതരം ഞെരുക്കങ്ങള്‍ ബാധിക്കും. പ്രകൃതിവിഭവങ്ങള്‍ കുറഞ്ഞ നാടുകളില്‍ പ്രജകള്‍ക്ക് ക്ഷേമകരമായ ജീവിതം ഉറപ്പുവരുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഇത്തരം സാഹചര്യങ്ങളിലെല്ലാം അല്ലാഹുവില്‍നിന്ന് നിലവില്‍ ലഭ്യമായ വിഭവങ്ങളില്‍ ആത്മസംതൃപ്തിയടയുക മാത്രമേ നിവൃത്തിയുള്ളൂ. ഇത്തരക്കാര്‍ അപ്രാപ്യമായത് മോഹിക്കരുത്. മോഹിച്ചാല്‍ ഹൃദയത്തെ ഞെരുക്കുന്ന ദുഃഖത്തിനും മനഃസംഘര്‍ഷത്തിനും കാരണമാകും.

അത്മസംതൃപ്തി ശക്തി പകരുന്നു
അല്ലാഹു തനിക്ക് വിധിച്ചതില്‍ ആത്മസംതൃപ്തയടയുന്ന സത്യവിശ്വാസിക്ക് ആന്തരികമായി ഹൃദയശാന്തിയും മനശ്ശക്തിയും ലഭിക്കും. ആകാശത്ത് പറക്കുന്ന വിമാനത്തില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കൂറ്റന്‍ കൊട്ടാരങ്ങള്‍ ചെറിയ പെട്ടികളായും മനുഷ്യര്‍ ഉറുമ്പുകളായും തോന്നുന്നതുപോലെയാവും പ്രതിസന്ധികള്‍ അയാള്‍ക്ക് അനുഭവപ്പെടുക. അസത്യങ്ങളുടെയും അധര്‍മങ്ങളുടെയും പ്രചണ്ഡമായ പ്രളയപ്പെരുക്കത്തില്‍ പര്‍വതസമാനം ഉറച്ചുനില്‍ക്കാന്‍ അത് അയാള്‍ക്ക് കരുത്തു നല്‍കും.
ഇമാം ശാഫിഈയുടെ താഴെ കവിത എത്ര അന്വര്‍ഥമാണ്:
7أنا إن عشت لست أعدم قوتا   واذامت لست اعدم قبرًا
همّتي همّة الملوك ونفسي            نفس حرّ ترى المذلّة كفرًا
وإذا ما قنعت بالقوت عمري    فلما ذا أخاف زيدًا وعمرًوا?      

(ഞാന്‍ ഇനിയും ജീവിച്ചാല്‍ എനിക്ക് ഭക്ഷണം ലഭിക്കാതിരിക്കില്ല. മരിച്ചാല്‍ മറമാടാന്‍ ഖബ്‌റും കിട്ടാതിരിക്കില്ല. രാജാക്കന്മാരുടെ ദൃഢനിശ്ചയം തന്നെയാണ് എന്റേതും. എന്റെ മനസ്സ് നിന്ദ്യതയെ കുഫ്‌റായി കാണുന്ന സ്വതന്ത്രന്റെ മനസ്സാണ്. ആയുഷ്‌കാലമത്രയും ഭക്ഷണത്തെക്കുറിച്ച് എനിക്ക് ആത്മസംതൃപ്തിയുണ്ടെങ്കില്‍ ഞാന്‍ എന്തിന് അന്യരെ പേടിക്കണം?)

5. പ്രതാപ ബോധം
സൃഷ്ടികളുടെ മുമ്പില്‍ അയാള്‍ തലകുനിക്കില്ല.
أطلبو الحوائج بعزّة الأنفس، فان ما قدّر كائن
(നിങ്ങള്‍ പ്രതാപത്തോടെ ആവശ്യങ്ങളുന്നയിക്കുക. കാരണം, വിധിക്കപ്പെട്ടതെല്ലാം സംഭവിക്കാനുള്ളതാണ്).
وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ 
(അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ കപടവിശ്വാസികള്‍ അറിയുന്നില്ല - മുനാഫിഖൂന്‍ 8).
ആരില്‍നിന്ന് കാര്യം സാധിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതാപബോധം നിലനിര്‍ത്തണം. 'നായയില്‍നിന്നാണ് കാര്യം സാധിക്കുന്നതെങ്കിലും നായയെ യജമാനന്‍!' എന്ന അഭിസംബോധന ചെയ്യണമെന്നാണല്ലോ ചൊല്ല്. പിതൃവ്യപുത്രന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ ഉപദേശിച്ചുകൊണ്ട് നബി(സ) പറഞ്ഞു:
8 إحْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك
(നീ അല്ലാഹുവെ സൂക്ഷിക്കുക, എങ്കില്‍ അവന്‍ നിന്നെ കാത്തുരക്ഷിക്കും. നീ അല്ലാഹുവെ സൂക്ഷിക്കുക, എങ്കില്‍ നിനക്ക് അവനെ നിന്റെ മുമ്പാകെ കാണാം (സഹായം ലഭിക്കും). നീ ചോദിക്കുന്നത് അല്ലാഹുവിനോടാവണം. നീ സഹായം യാചിക്കുന്നത് അല്ലാഹുവിനോടാവണം. നീ അറിയുക! മാനവസമൂഹം നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ കൂട്ടായി തീരുമാനിച്ചാലും, അല്ലാഹു നിനക്കെന്താണോ വിധിച്ചത് അത്ര മാത്രമേ അവര്‍ നിനക്ക് ഉപകാരം ചെയ്യുകയുള്ളൂ. അവര്‍ നിനക്കെന്തെങ്കിലും ഉപദ്രവം ചെയ്യാന്‍ കൂട്ടായി തീരുമാനിച്ചാലും അല്ലാഹു നിനക്കെതിരെ വിധിച്ച അളവില്‍ മാത്രമേ നിന്നെ ഉപദ്രവിക്കാന്‍ അവര്‍ക്കാവുകയുള്ളൂ).

6. മനശ്ശാന്തി
ഏതൊരു മനുഷ്യനെ സംബന്ധിച്ചേടത്തോളവും മനശ്ശാന്തിയാണ് പ്രധാനം. അല്ലാഹുവിന്റെ വിധിപ്രകാരം തന്റെ നേരെ വരുന്നതൊന്നും തെറ്റിപ്പോവുകയില്ലെന്ന് സത്യവിശ്വാസി മനസ്സിലാക്കുന്നു. തന്നെ ബാധിക്കില്ലെന്ന് വിധിച്ചതൊന്നും യാതൊരു കാരണവശാലും തന്നെ ഏശുകയില്ല എന്നും അയാള്‍ അടിയുറച്ചു വിശ്വസിക്കുന്നു. അല്ലാഹു വിധിച്ച ആരോഗ്യം തനിക്ക് ലഭിക്കാതെ പോവില്ല. പരീക്ഷണങ്ങളില്‍നിന്ന് ഓടി രക്ഷപ്പെടാനാവില്ല. ആധുനിക ഭൗതിക നാഗരികതയുടെ സംഭാവനയായ മാനസിക സമ്മര്‍ദങ്ങള്‍ക്ക് അയാള്‍ ഇരയാവില്ല.

ഉണ്ടായിരുന്നുവെങ്കില്‍.... അസാധ്യമായതും വിദൂരസാധ്യതയുള്ളതും ലഭ്യമായിരുന്നുവെങ്കില്‍.... എന്നിങ്ങനെയുള്ള ചിന്ത യഥാര്‍ഥ വിശ്വാസിയെ അലട്ടുകയില്ല. ഭൂതകാലത്തെക്കുറിച്ച നിരാശയും വര്‍ത്തമാനകാലത്തെക്കുറിച്ച ക്ഷോഭവും ഭാവിയെക്കുറിച്ച ഭയവും മനുഷ്യന്റെ സ്വസ്ഥ്യം കെടുത്തും. ചില ദുരിതബാധിതര്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനില്‍ക്കുമാറ് ദുരന്തങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കും. ഞാന്‍ അന്ന് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു..... അത് വേണ്ടെന്ന് വെച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു.... ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അങ്ങനെയാകുമായിരുന്നു..... എന്നെല്ലാം. അതുകൊണ്ടാണ് മനശ്ശാസ്ത്രജ്ഞരും സാമൂഹിക മാര്‍ഗദര്‍ശികളും വിദ്യാഭ്യാസവിചക്ഷണരും മറ്റും ഭൂതകാല വേദനകള്‍ മറക്കാനും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളില്‍ ജീവിക്കാനും ഉപദേശിക്കുന്നത്.
ما مضى فات والمؤمل غيب     ولك السّاعة الّتي أنت فيها
(കഴിഞ്ഞതു കഴിഞ്ഞു. പ്രതീക്ഷിക്കുന്ന ഭാവിയാകട്ടെ അദൃശ്യമാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ ഇപ്പോഴുള്ള വര്‍ത്തമാനകാലമാണ്).

ഈ ആശയം അമേരിക്കയിലെ ഒരു യൂനിവേഴ്‌സിറ്റി പ്രഫസര്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് മുമ്പാകെ വിശദീകരിച്ചത് ഇങ്ങനെ: അദ്ദേഹം തന്റെ വിദ്യാര്‍ഥികളോട് ചോദിച്ചു: 'നിങ്ങളില്‍ എത്ര പേര്‍ മരത്തടി ഈര്‍ന്നിട്ടുണ്ട്?' ധാരാളം വിദ്യാര്‍ഥികള്‍ തങ്ങള്‍ അറുത്തിട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹം വീണ്ടും ചോദിച്ചു: 'നിങ്ങളില്‍ എത്ര പേര്‍ ഈര്‍ച്ചവാള്‍ ഈര്‍ന്നിട്ടുണ്ട്?' ഒരു കുട്ടി പോലും കൈപൊക്കിയില്ല. പ്രഫസര്‍ പറഞ്ഞു: 'സ്വാഭാവികമായും നിങ്ങള്‍ ഈര്‍ച്ചവാള്‍ ഈര്‍ന്നിട്ടുണ്ടാവില്ല. കാരണം, അതിന്റെ പല്ലുകള്‍ നേരത്തേതന്നെ അങ്ങനെ നിര്‍മിക്കപ്പെട്ടതാണല്ലോ! ഭൂതകാലത്തെ ദുരന്തങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കുന്നവര്‍ ഈര്‍ച്ചവാള്‍ ഈരുകയാണെന്ന് മനസ്സിലാക്കണം.' 'അസ്വസ്ഥത വെടിഞ്ഞ് ജീവിതം തുടങ്ങുക' എന്ന തന്റെ പുസ്തകത്തില്‍ DEAL CARNEGIE എഴുതുന്നു: 'ഭൂതകാല ദുരനുഭവങ്ങളെക്കുറിച്ച ചിന്തകള്‍ നമുക്ക് ഒട്ടും പ്രയോജനം ചെയ്യില്ല. പൊടിച്ച ഗോതമ്പ് വീണ്ടും പൊടിക്കാന്‍ കഴിയാത്തപോലെ, പല്ലുകളുള്ള ഈര്‍ച്ചവാളില്‍ വീണ്ടും പല്ലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്തതുപോലെ വ്യര്‍ഥമാണ് അതിനുള്ള ശ്രമം. അതവഗണിച്ച് വീണ്ടും പഴയ കാര്യങ്ങളോര്‍ത്താല്‍ മുഖത്ത് കൂടുതല്‍ ചുളിവുകളും ആമാശയത്തില്‍ വ്രണങ്ങളുമുണ്ടാവുകയും മാത്രമേയുള്ളൂ.'9 പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ മിക്ക മനുഷ്യരും അധീരരാവുകയും പൊടിച്ച പൊടി വീണ്ടും പൊടിക്കുകയും ഈര്‍ച്ചവാളില്‍ പല്ല് കീറിയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം സത്യവിശ്വാസി ഇത്തരം വേദനാജനകമായ ചിന്തകളില്‍നിന്നും ഇരുണ്ട സ്മൃതികളില്‍നിന്നും മുക്തനായിരിക്കും. അല്ലാഹുവിന്റെ വിധിയെക്കുറിച്ച ദൃഢബോധ്യം അയാള്‍ക്ക് കരുത്തു പകരും. അതുകൊണ്ടുതന്നെ അയാള്‍ തന്നെ ഭൂതകാലത്തിന് വേട്ടയാടാനായി വിട്ടുനല്‍കില്ല. എല്ലാം അല്ലാഹുവിന്റെ തീരുമാനമാണെന്ന് അയാള്‍ ദൃഢമായി മനസ്സമാധാനമടയും.
سبقت مقادير الإله وحكمه   فأرح فؤادك من لعلّ ومن لو
(അല്ലാഹുവിന്റെ വിധികളും തീരുമാനവും നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്. ആയതിനാല്‍, താങ്കള്‍ താങ്കളുടെ മനസ്സിന് 'ആയേക്കാം', 'ആയിരുന്നെങ്കില്‍' മുതലായവയില്‍നിന്ന് സമാശ്വാസം നല്‍കുക).
അല്ലാഹുവിന്റെ വിധിനിശ്ചയമനുസരിച്ചായിരിക്കും എല്ലാം നടക്കുക എന്നു മനസ്സിലാക്കുന്ന മുസ്‌ലിം മനസ്സ് നുറുങ്ങി അസ്വസ്ഥനാവേണ്ടതില്ല.
مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَاۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ ﴿٢٢﴾ لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْۗ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿٢٣﴾
(ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല - ഹദീദ്: 22,23).

അത്യുത്തമരായ എഴുപത് സ്വഹാബികള്‍ രക്തസാക്ഷികളായ ഉഹുദ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, 'ആയിരുന്നെങ്കില്‍.....', 'ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു....' എന്നൊക്കെ പ്രതികരിച്ച മുനാഫിഖുകളെ ഭത്സിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെയാണ്:
وَطَائِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِاللَّهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِۖ يَقُولُونَ هَل لَّنَا مِنَ الْأَمْرِ مِن شَيْءٍۗ قُلْ إِنَّ الْأَمْرَ كُلَّهُ لِلَّهِۗ يُخْفُونَ فِي أَنفُسِهِم مَّا لَا يُبْدُونَ لَكَۖ يَقُولُونَ لَوْ كَانَ لَنَا مِنَ الْأَمْرِ شَيْءٌ مَّا قُتِلْنَا هَاهُنَاۗ قُل لَّوْ كُنتُمْ فِي بُيُوتِكُمْ لَبَرَزَ الَّذِينَ كُتِبَ عَلَيْهِمُ الْقَتْلُ إِلَىٰ مَضَاجِعِهِمْۖ
(....... വേറെ ഒരു വിഭാഗമാവട്ടെ, സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെപ്പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്‌ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ) പറയുക: കാര്യമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. നിന്നോട് അവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചുവെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവും ഉണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ടു വരുമായിരുന്നു..... - ആലുഇംറാന്‍: 154).

لَوْ أَطَاعُونَا مَا قُتِلُواۗ قُلْ فَادْرَءُوا عَنْ أَنفُسِكُمُ الْمَوْتَ إِن كُنتُمْ صَادِقِينَ
('ഞങ്ങളുടെ -മുനാഫിഖുകളുടെ- വാക്ക് സ്വീകരിച്ചിരുന്നുവെങ്കില്‍ അവര്‍-സ്വഹാബികള്‍- കൊല്ലപ്പെടുമായിരുന്നില്ല' എന്നു പറഞ്ഞവരാണ് അവര്‍ (കപടവിശ്വാസികള്‍). (നബിയേ) പറയുക: എന്നാല്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ നിങ്ങളില്‍നിന്ന് നിങ്ങള്‍ മരണത്തെ തടുത്തുനിര്‍ത്തൂ - ആലുഇംറാന്‍: 168).
സത്യവിശ്വാസികളുടേത് കപടവിശ്വാസികളുടെയോ സത്യനിഷേധികളുടെയോ സമീപനമല്ല.
يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ كَفَرُوا وَقَالُوا لِإِخْوَانِهِمْ إِذَا ضَرَبُوا فِي الْأَرْضِ أَوْ كَانُوا غُزًّى لَّوْ كَانُوا عِندَنَا مَا مَاتُوا وَمَا قُتِلُوا لِيَجْعَلَ اللَّهُ ذَٰلِكَ حَسْرَةً فِي قُلُوبِهِمْۗ وَاللَّهُ يُحْيِي وَيُمِيتُۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿١٥٦﴾ وَلَئِن قُتِلْتُمْ فِي سَبِيلِ اللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ اللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ ﴿١٥٧﴾ وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى اللَّهِ تُحْشَرُونَ ﴿١٥٨﴾
(സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെ പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോവുകയോ യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കി വെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാളെല്ലാം ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്കു തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് - ആലുഇംറാന്‍ 156-158).
قدّر الله وما شاء فعلസത്യവിശ്വാസിയുടെ ചിഹ്നം എപ്പോഴും  (അല്ലാഹു വിധിച്ചു, അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു),  الحمد لله على كلّ حال(ഏതവസ്ഥയിലും അല്ലാഹുവിന് സര്‍വസ്തുതി) എന്നതായിരിക്കും.
مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِۗ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ﴿١١﴾
(ഏതൊരു ആപത്തും അല്ലാഹുവിന്റെ അനുമതിയില്ലാതെ ബാധിക്കില്ല. ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവന്റെ ഹൃദയത്തെ അല്ലാഹു നേര്‍വഴിയിലാക്കും. അല്ലാഹു എല്ലാം അറിയുന്നവനത്രെ - തഗാബുന്‍ 11).
 هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْۗ
(സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിയത് അവന്‍ സത്യവിശ്വാസം വര്‍ധിക്കാനായി).

7. കര്‍മങ്ങളിലേക്ക് ആഭിമുഖ്യം വളര്‍ത്തുന്നു
വിധിവിശ്വാസത്തിന്റെ മുകളില്‍ പറഞ്ഞ സദ്ഫലങ്ങളെ തുടര്‍ന്ന് ക്രിയാത്മകമായി ഭാവി ജീവിതം കരുപ്പിടിപ്പിക്കാന്‍ സത്യവിശ്വാസിക്ക് കഴിയുന്നു. സമൂഹസംസ്‌കരണം, ഭൂമിയുടെ പരിപാലനം, ആത്മസംസ്‌കരണം, രചനാത്മക പ്രവര്‍ത്തനം മുതലായവയിലൂടെ മാത്രമേ ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ കഴിയൂ എന്നയാള്‍ മനസ്സിലാക്കുന്നു.
اَلْمُؤْمِنُ اَلْقَوِيُّ خَيْرٌ وَأَحَبُّ إِلَى اَللَّهِ مِنْ اَلْمُؤْمِنِ اَلضَّعِيفِ, وَفِي كُلٍّ خَيْرٌ, اِحْرِصْ عَلَى مَا يَنْفَعُكَ, وَاسْتَعِنْ بِاَللَّهِ, وَلَا تَعْجَزْ, وَإِنْ أَصَابَكَ شَيْءٌ فَلَا تَقُلْ: لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا, وَلَكِنْ قُلْ: قَدَّرَ اَللَّهُ وَمَا شَاءَ فَعَلَ; فَإِنَّ لَوْ تَفْتَحُ عَمَلَ اَلشَّيْطَانِ
(ദുര്‍ബലനായ സത്യവിശ്വാസിയേക്കാള്‍ ശക്തനായ സത്യവിശ്വാസിയാണ് അല്ലാഹുവിങ്കല്‍ ഉത്തമനും പ്രിയങ്കരനും. എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്പെടുന്നത് നീ കൊതിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക, ദുര്‍ബലനാവരുത്. 'ഞാന്‍ ഇങ്ങനെ ചെയ്താല്‍ അങ്ങനെ ആവുമായിരുന്നു' എന്ന് നീ പറയരുത്. 'അല്ലാഹു വിധിച്ചു, അവന്‍ ഉദ്ദേശിച്ചത് അവന്‍ പ്രവര്‍ത്തിച്ചു' എന്ന് നീ പറഞ്ഞുകൊള്ളുക. '.................. ആയിരുന്നെങ്കില്‍' എന്ന പദപ്രയോഗം പിശാചിന്റെ പ്രവൃത്തിയാണ് തുറക്കുക). 

ഇഹപരലോകങ്ങളില്‍ പ്രയോജനകരമാകുന്ന കാര്യങ്ങളെക്കുറിച്ച് സത്യവിശ്വാസി എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കണം. മാര്‍ഗതടസ്സങ്ങള്‍ നീങ്ങണം. ഭാവിയിലേക്കുള്ള വഴിയൊരുക്കാനും അല്ലാഹുവിന്റെ സഹായം മാത്രമാണ് ആശ്രയം.
إذا لم يكن عون من الله للفتى
فأول ما يجني عليه اجتهاده
(ഒരാള്‍ക്ക് അല്ലാഹുവിന്റെ സഹായമില്ലെങ്കില്‍, അയാളുടെ പരിശ്രമം അയാള്‍ക്ക് പീഡനമായി മാറും).

ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വിധിവിശ്വാസത്തെ ദുരുപയോഗിക്കുന്നത് ക്ഷന്തവ്യമല്ലാത്ത ദൗര്‍ബല്യമാണ്. എന്തിനും വിധിയെ പഴിചാരുന്നത് ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്. അല്ലാമാ ഇഖ്ബാലിന്റെ നിരീക്ഷണം കാണുക; 'ദുര്‍ബലനായ സത്യവിശ്വാസി അല്ലാഹുവിന്റെ വിധി എന്നുപറഞ്ഞ് ന്യായീകരിക്കും. ശക്തനായ സത്യവിശ്വാസിയാവട്ടെ, ഉല്ലംഘിക്കാന്‍ കഴിയാത്ത അല്ലാഹുവിന്റെ വിധി എന്ന് സമാശ്വസിക്കും.'

ഇസ്‌ലാമിക ദിഗ്വിജയങ്ങള്‍ മുന്നേറിയ ഒരു ഘട്ടത്തില്‍ ഒരു പേര്‍ഷ്യന്‍ സേനാനായകന്‍ ഒരു സ്വഹാബിയോട് ചോദിച്ചു: 'നിങ്ങള്‍ ആരാണ്? എന്താണ് നിങ്ങളുടെ യാഥാര്‍ഥ്യം?' സ്വഹാബിയുടെ മറുപടി: 
نحن قدر الله، ابتلاكم الله بنا، وابتلانابكم فلو كنتم في سحابة فى السماء لصعدنا إليكم أو لهبطتم الينا!
(ഞങ്ങള്‍ അല്ലാഹുവിന്റെ വിധിയാണ്. അല്ലാഹു ഞങ്ങളാല്‍ നിങ്ങളെയും നിങ്ങളാല്‍ ഞങ്ങളെയും പരീക്ഷിച്ചിരിക്കുന്നു. നിങ്ങള്‍ ആകാശത്ത് മേഘത്തിലാണെങ്കിലും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് കയറിവരും. അഥവാ, നിങ്ങള്‍ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവരും).

നബി(സ) രണ്ടു കക്ഷികള്‍ക്കിടയില്‍ വിധി പ്രഖ്യാപിച്ചപ്പോള്‍, വിധി എതിരായ ആള്‍ പ്രതികരിച്ചത്, 'എനിക്ക് അല്ലാഹു മതി, ഭരമേല്‍പിക്കാന്‍ ഏറ്റവും നല്ലവനാണവന്‍' എന്നായിരുന്നു. അപ്പോള്‍ നബി(സ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
11 إِنَّ اللَّهَ يَلُومُ عَلَى الْعَجْزِ وَلَكِنْ عَلَيْكَ بِالْكَيْسِ فَإِذَا غَلَبَكَ أَمْرٌ فَقُلْ حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
(മനുഷ്യരുടെ ദൗര്‍ബല്യത്തെ അല്ലാഹു ആക്ഷേപകരമായി കാണുന്നു. അതിനാല്‍ നീ ബുദ്ധിപൂര്‍വകമായി പ്രവര്‍ത്തിക്കുക. വല്ല കാര്യവും നിന്റെ നിയന്ത്രണത്തിനതീതമായാല്‍ എനിക്ക് അല്ലാഹു മതി, ഭരമേല്‍പിക്കാന്‍ അവന്‍ എത്ര നല്ലവന്‍ എന്ന് നീ പറയുക). 

വിവ: സലീല

യൂസുഫുല്‍ ഖറദാവിയുടെ 'അല്‍ ഈമാനുബില്‍ ഖദ്ര്‍' എന്ന പുസ്തകത്തില്‍നിന്ന്‌

കുറിപ്പുകള്‍
1. العورة الوثقى ، نشر دار العرب للبستاني في بيروت ص : 93
2. البيهقي في (مجمع الزوائد) 265/7 رواه الطّبراني في الأوسط عن أبي سعيد الخدري، ورجال الصحيح، غير شيخ الطّبراني
3. رواه مسلم صهيب فى الزّهد والرّقاق (2999)
4. متفق عليه ، اللؤلؤ والمرجان (624)
https://kuttipencil.in/support/5. احمد، ترمذي، بيهقي (صحيح الجامع الصّغير 100)
6. أبونعيم في الحلية عن أبي أمامة الباهلي، صحيح الجامع الصّغير 2085)
7. الإيمان والحياة للقرضاوي
8. ترمذي (2516) حسن صحيح - أحمد (1/293) أبويعلى: (2556) الحديث التاسع عشر من الأربعين النوويّة
9. دع القلق ص: 173
10. صحيح مسلم، كتاب القدر (2664)
11. أبوداود، النّسائي

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top