ഇമാം ഹമീദുദ്ദീന്‍ ഫറാഹി; അതുല്യനായ ഖുര്‍ആന്‍ വ്യാഖ്യാതാവ്

കെ.ടി അബ്ദുര്‍റഹ്‌മാന്‍ നദ്‌വി‌‌

വ്യക്തിമുദ്ര

ലോകത്തിന് ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ബൃഹദ് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തദബ്ബുറെ ഖുര്‍ആനി'ന്റെ കര്‍ത്താവ് അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുടെ വന്ദ്യ ഗുരുനാഥനാണ് ഇമാം ഹമീദുദ്ദീന്‍ ഫറാഹി.

ഉത്തര്‍പ്രദേശില്‍ അഅ്‌സംഗഢ് ജില്ലയിലെ ഫീര്‍ഫഹ ഗ്രാമത്തില്‍ 1863-ലാണ് ജനനം. അബ്ദുല്‍ ഹമീദ് എന്നും ഹമീദുദ്ദീന്‍ എന്നും വിളിക്കപ്പെട്ടു. ഖുര്‍ആന്‍ പാരായണവും പേര്‍ഷ്യന്‍ ഭാഷയും ചെറുപ്പത്തിലേ വശമാക്കി. തുടര്‍ന്ന് അല്ലാമാ ശിബ്‌ലി നുഅ്മാനിയില്‍നിന്ന് പേര്‍ഷ്യന്‍ ഭാഷ, അറബി സാഹിത്യം, സാമ്പ്രദായിക ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ നേടി. ആഴത്തിലുള്ള പഠനാവശ്യാര്‍ഥം അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ പ്രധാന ഗുരുവായ മൗലാനാ ഫാറൂഖ് ചിയാല്‍കോട്ടിയുടെ ശിഷ്യത്വം സ്വീകരിച്ചു. കൂടാതെ ഹനഫി കര്‍മശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന മൗലാനാ അബ്ദുല്‍ ഹയ്യ് ഫറങ്കിമഹലിയുടെ ശിഷ്യത്വവും സ്വീകരിച്ചു. അറബി ഭാഷാ സാഹിത്യത്തില്‍, ലാഹോറില്‍ താമസിച്ചു വന്ന മൗലാനാ ഫൈദുല്‍ ഹസന്‍ സഹാറന്‍പൂരിയായിരുന്നു ഗുരു. തന്റെ കാലത്തെ ചരിത്രപ്രസിദ്ധരായ മഹാപണ്ഡിതന്മാരില്‍നിന്നാണ് മഹാനവര്‍കള്‍ വിദ്യയഭ്യസിച്ചത്. ഇത് മഹാഭാഗ്യമായി വൈജ്ഞാനിക ലോകം മനസ്സിലാക്കുന്നു.

ലാഹോറിലെ വിദ്യാഭ്യാസത്തിനുശേഷം ആധുനിക വിദ്യാഭ്യാസം ലക്ഷ്യംവെച്ച്, ഇംഗ്ലീഷ് ഭാഷാപഠനം നേടി. തുടര്‍ന്ന് ഇലാഹാബാദിലെ കര്‍ണല്‍ഗഞ്ച് സ്‌കൂളില്‍ ചേര്‍ന്ന് യഥാക്രമം മിഡില്‍, എന്‍ട്രന്‍സ് കോഴ്‌സുകള്‍ പഠിച്ച് പരീക്ഷ എഴുതി ജയിച്ചു. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയായി മാറിയ അലീഗഢ് മുഹമ്മദന്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന് പഠിക്കാനുള്ള മുന്നൊരുക്കമായിരുന്നു അത്. 1891-ല്‍ അലീഗഢില്‍ ഡിഗ്രിക്ക് ചേര്‍ന്നു.

അലീഗഢില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് ഫറാഹി അലീഗഢ് കോളേജിനു വേണ്ടി ഫാരിസി പാഠപുസ്തകം തയാറാക്കി നല്‍കിയത്. ചെറുപ്പത്തില്‍ അദ്ദേഹം നേടിയ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ അത് പര്യാപ്തമാണ്. ഇമാം ഗസ്സാലിയുടെ ഒരു ഗ്രന്ഥത്തിന്റെ കൈയെഴുത്തു കോപ്പി സര്‍ സയ്യിദ് അഹ്‌മദ് ഖാന്റെ കൈവശമുണ്ടായിരുന്നു. അതിലെ പല വരികളും വാക്യങ്ങളും മാഞ്ഞുപോയിരുന്നു. അതിന്റെ പുതിയ കൈയെഴുത്ത് കോപ്പി തയാറാക്കാന്‍ സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍ കൂട്ടുകാരായ ശിബ്‌ലിയെയും മൗലാനാ ഹാലിയെയും ഏല്‍പിച്ചു. ഇഴഞ്ഞാണ് പണി നീങ്ങിയത്. സര്‍ സയ്യിദിന് ക്ഷമകെട്ടു. കൃത്യാന്തര ബാഹുല്യവും ഏല്‍പിച്ച പണിയുടെ ക്ലിഷ്ടതയും കാരണം മൂവരും തമ്മില്‍ ചെറിയൊരു പിണക്കമായി. ധൃതിയുണ്ടെങ്കില്‍ ഈ ജോലി അബ്ദുല്‍ ഹമീദിനെ ഏല്‍പിക്കുകയാണ് നല്ലതെന്ന് ശിബ്‌ലി പറഞ്ഞു. ഏത് അബ്ദുല്‍ ഹമീദ്? സര്‍ സയ്യിദ് ആരാഞ്ഞു: 'ഈയിടെ ഡിഗ്രിക്ക് ചേര്‍ന്ന വിദ്യാര്‍ഥി.' ശിബ്‌ലിയുടെ മറുപടി. 'ഇത്ര വലിയൊരു കാര്യം ഒരു വിദ്യാര്‍ഥിയെ ഏല്‍പിക്കുകയോ?' സര്‍ സയ്യിദിന്റെ പ്രതികരണം. 'നിങ്ങള്‍ ഏല്‍പിച്ചുനോക്കൂ! ഞാനല്ലേ പറഞ്ഞ്' - ശിബ്‌ലിയുടെ ഉറച്ച മറുപടി. ഒടുവില്‍ അര്‍ധമനസ്സോടെയാണെങ്കിലും സര്‍ സയ്യിദ് അബ്ദുല്‍ഹമീദിനെ വിളിച്ചുവരുത്തി പഴകി ജീര്‍ണിച്ച ആ പ്രതി അദ്ദേഹത്തെ ഏല്‍പിച്ചു. അത്ഭുതം! ഒരു മാസം തികയുന്നതിനു മുമ്പെ പുതുക്കിയ കൈയെഴുത്തു കോപ്പിയുമായി ഹമീദുദ്ദീന്‍ ഫറാഹി സര്‍ സയ്യിദിനെ സമീപിച്ചു. അദ്ദേഹം പരിശോധിച്ചു. അസ്പഷ്ട ഭാഗങ്ങള്‍ തെളിച്ചെഴുതിയിരിക്കുന്നു. വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിച്ചിരിക്കുന്നു. വിസ്മയഭരിതനായ സര്‍ സയ്യിദ് ചോദിച്ചു: 'മോനേ, നീ ഇതെങ്ങനെ സാധിച്ചു?' സ്‌നേഹബഹുമാനത്തോടെയുള്ള അന്വേഷണം. 'ഇമാം ഗസ്സാലിയുടെ ലഭ്യമായ കൃതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ചിലതൊക്കെ ഓര്‍മയിലുണ്ട്. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും ചിന്തയും പരിചയമുണ്ട്. എന്താണ് പറയുകയെന്നും എന്തായിരിക്കും മാഞ്ഞുപോയതെന്നും എനിക്ക് ഏതാണ്ട് ഊഹിക്കാനാകും' ഫറാഹിയുടെ മറുപടി. സ്മര്യ പുരുഷന്റെ പാണ്ഡിത്യത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഇതില്‍പരം ഒരു തെളിവും ആവശ്യമില്ല.

ഇംഗ്ലീഷും ഫിലോസഫിയുമായിരുന്നു വിഷയം. ഗുരുനാഥനും തന്റെ വിദ്യാഭ്യാസ ഗൈഡുമായിരുന്ന അല്ലാമാ ശിബ്‌ലി നുഅ്മാനിയും വിഖ്യാത ഓറിയന്റലിസ്റ്റ് പണ്ഡിതനായിരുന്ന തോമസ് ആര്‍നള്‍ഡും അക്കാലത്ത് അലീഗഢിലെ സ്റ്റാഫംഗങ്ങളായിരുന്നു. തോമസ് ആര്‍നോള്‍ഡുമായുള്ള ബന്ധം ഫിലോസഫിയില്‍ താല്‍പര്യമുണര്‍ത്തി. എന്നാല്‍, അദ്ദേഹം രചിച്ചതും മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയതുമായ 'ഇസ്‌ലാം: പ്രബോധനവും പ്രചാരണവും' എന്ന ചരിത്രകൃതി മുസ്‌ലിംകളുടെ സമരവീര്യം കെടുത്തിക്കളയാന്‍ ഉദ്ദേശിച്ചുകൊണ്ട് എഴുതിയതാണെന്നും അതിനാല്‍ മേല്‍കൃതിയെ കരുതിയിരിക്കണമെന്നും മൗലാന ഹമീദുദ്ദീന്‍ ഫറാഹി അഭിപ്രായപ്പെടുകയുണ്ടായി.

ഖുര്‍ആന്‍ പരിചിന്തനം
അല്ലാമാ ഫറാഹി 1897-ലാണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. അലീഗഢിലെ പഠനകാലത്തു തന്നെ ഖുര്‍ആന്‍ കേന്ദ്രീകരിച്ചുള്ള പഠനത്തിന് തുടക്കം കുറിച്ചു. 1897-ല്‍ കറാച്ചിയില്‍ അധ്യാപനം ആരംഭിച്ചതുമുതല്‍ ഗ്രന്ഥരചനയും ആരംഭിച്ചു. പത്തു വര്‍ഷം കറാച്ചിയില്‍ തന്നെയായിരുന്നു. 1907-ല്‍ അലീഗഢില്‍ അറബിക് അസിസ്റ്റന്റ് പ്രഫസറായി ചാര്‍ജെടുത്തു. ഡിപാര്‍ട്ട്‌മെന്റ് ഹെഡായിരുന്ന ജോസഫ് ഹോര്‍വൈസിനെ ഉപയോഗപ്പെടുത്തി ഹീബ്രു ഭാഷ പഠിച്ചു. ജോസഫ് അദ്ദേഹത്തില്‍നിന്ന് അറബിയും പഠിച്ചു. തുടര്‍ന്ന് 1908 മുതല്‍ 1914 വരെ ഇലാഹാബാദിലെ മെയ്‌വര്‍ കേളേജായിരുന്നു സേവനരംഗം. 1914-ല്‍ ഇലാഹാബാദില്‍നിന്ന് ഹൈദരാബാദ് സ്റ്റേറ്റിന്റെ അഭ്യര്‍ഥനപ്രകാരം അവിടത്തെ ദാറുല്‍ ഉലൂം പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുത്തു. 1919 വരെ അവിടെ സേവനമനുഷ്ഠിച്ചു. 1897-ല്‍ അധ്യാപനത്തില്‍ പ്രവേശിച്ചതുമുതല്‍ 1919-ല്‍ ദാറുല്‍ ഉലൂമില്‍നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം അധ്യാപനത്തോടൊപ്പം ഖുര്‍ആന്‍ കേന്ദ്രീകരിച്ച പഠന പരിചിന്തനങ്ങളിലും ഗ്രന്ഥരചനയിലും മുഴുകി. ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളും ഈ കാലയളവിലാണ് വിരചിതമായത്.

1919-ല്‍ ദാറുല്‍ ഉലൂമിലെ സേവനം മതിയാക്കി സ്വദേശത്തേക്ക് മടങ്ങി. ഇന്നും പ്രശസ്ത നിലയില്‍ നടന്നുവരുന്ന മദ്‌റസത്തുല്‍ ഇസ്വ്‌ലാഹ് സ്ഥാപനത്തെ കേന്ദ്രീകരിച്ചും സേവിച്ചുമാണ് മൗലാന തന്റെ അവസാന പതിനൊന്നു വര്‍ഷം ചെലവഴിച്ചത്. സമീപപ്രദേശമായ സറാ ഏ മീറിലാണ് മദ്‌റസത്തുല്‍ ഇസ്വ്‌ലാഹ് സ്ഥിതിചെയ്യുന്നത്. ഹൈദരാബാദിലായിരുന്നപ്പോള്‍ 1916-ല്‍ തന്നെ പ്രസ്തുത സ്ഥാപനത്തിന്റെ റെക്ടറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ നിര്‍ദേശപ്രകാരം സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനവും പാഠ്യപദ്ധതിയുമെല്ലാം അല്ലാമാ ഫറാഹിയുടെ വീക്ഷണപ്രകാരമാണ് രൂപപ്പെട്ടത്. ഖുര്‍ആന്‍ കേന്ദ്രീകരിച്ചുള്ള പഠനമാണ് അവിടത്തെ സവിശേഷത. ഇന്ത്യയിലെ പ്രധാന ഇസ്‌ലാമിക കലാലയങ്ങളില്‍നിന്ന് ബിരുദമെടുത്ത ധാരാളം അധ്യാപകര്‍ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹില്‍ സേവനമനുഷ്ഠിച്ചിരുന്നു. സ്ഥാപനത്തിലെ അധ്യാപകരെയും മുതിര്‍ന്ന വിദ്യാര്‍ഥികളെയും ഖുര്‍ആനില്‍ പരിചിന്തനം ചെയ്യാനും എല്ലാ വിജ്ഞാനീയങ്ങളെയും ഖുര്‍ആന്‍ കേന്ദ്രീകൃതമായി പുനര്‍നിര്‍മിക്കാനുമുള്ള ഇജ്തിഹാദീപരമായ പരിശീലനമാണ് അദ്ദേഹം അവര്‍ക്ക് നല്‍കിയത്.

ഉസ്വൂലുല്‍ ഫിഖ്ഹ്, ഉസ്വൂലുല്‍ ഹദീസ് മുതലായ ആധാര വിജ്ഞാനപദ്ധതികള്‍ രൂപപ്പെടുത്തിയ പൂര്‍വസൂരികളും മുജ്തഹിദുകളുമായ ഇമാമുമാരുടെ വൈജ്ഞാനിക ഗരിമയെയും അവരുടെ സമീപനങ്ങളെയും അനുസ്മരിപ്പിക്കുന്ന ചിന്തകളും ഗവേഷണ രീതിശാസ്ത്രവും അദ്ദേഹം മുന്നോട്ടു വെക്കുകയുണ്ടായി. അത്രയും മൗലികമായിരുന്നു ഫറാഹിയുടെ ചിന്തകള്‍. അദ്ദേഹത്തിന്റെ ചിന്തകളെ മുന്നോട്ടു നയിക്കാന്‍ വലിയ പണ്ഡിത കൂട്ടായ്മ ആവശ്യമായിരുന്നു. അതിനാല്‍, എഴുതിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാളും, എഴുതിത്തുടങ്ങിയ ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനേക്കാളും താന്‍ പുനരാവിഷ്‌കരിച്ച ഖുര്‍ആന്‍ വ്യാഖ്യാന രീതിശാസ്ത്രവും ചിന്തയും ഗ്രഹിച്ച് അതിനെ വികസിപ്പിക്കാന്‍ പ്രാപ്തിയുള്ള ശിഷ്യന്മാരെ വാര്‍ത്തെടുക്കാനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. വൈകിയാണെങ്കിലും അതിന്റെ ഫലം കണ്ടു. അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി, അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി എന്നിവര്‍ ഫറാഹിയുടെ പ്രമുഖ ശിഷ്യരില്‍പെടുന്നു. ഇസ്‌ലാമിക അക്കാദമിക രംഗത്ത് ഫറാഹി ചിന്ത ഇന്ന് ഏറെ സജീവമാണ്. വിവിധ ചിന്താധാരകളും ഇസ്‌ലാമിക പാഠഭേദങ്ങളുമുള്ളതില്‍ ഒന്നിനെയും തള്ളിപ്പറയാതെയും ഒന്നിനെയും അതേപടി അനുകരിക്കാതെയും എല്ലാറ്റിനെയും ഖുര്‍ആനിന്റെ വെളിച്ചത്തില്‍ നിരൂപണബുദ്ധ്യാ സമീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിജയകരമായ ഈ ശ്രമം ഫലപ്രദവും അനുകരണീയവുമാണെന്നു മാത്രം പറഞ്ഞാല്‍ പോരാ, അതിന് സ്വീകാര്യത ലഭിക്കേണ്ടതുമുണ്ട്. സലഫി, സ്വൂഫി, മുഖല്ലിദ്, ഗയ്‌റുമുഖല്ലിദ്, തഫ്‌സീറു ബിര്‍റഅ്‌യ്, തഫ്‌സീറു ബില്‍ അസറ്, അല്ലാഹുവിന്റെ സ്വിഫാത്തുകളെ തഅ്‌വീല്‍ ചെയ്യുന്ന മഅ്ഖൂലികള്‍, ളാഹിരികള്‍ മുതലായ ദ്വന്ദങ്ങളോ പരസ്പര അപരവല്‍ക്കരണമോ അദ്ദേഹത്തിന്റെ ചിന്തയില്‍ കാണുകയില്ല. അദ്ദേഹം ഒരേസമയം മുകളില്‍ പറഞ്ഞതെല്ലാമായിരുന്നു. വാസ്തവത്തില്‍ മഹത്തായ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ മനോഹരവും ചിന്തോദ്ദീപകവുമായ വൈവിധ്യങ്ങളെ സമഞ്ജസമായി സമീകരിച്ച് സ്വാംശീകരിക്കുകയെന്ന അക്കാദമികവും സാംസ്‌കാരികവുമായ ഉദ്ഗ്രഥന ദൗത്യമാണ് അദ്ദേഹം സ്വന്തം നിലയില്‍ നിര്‍വഹിച്ചത്. ഏതൊരു ഇസ്‌ലാമിക നവോത്ഥാന സംരംഭത്തിന്റെയും ആദര്‍ശപരമായ അടിത്തറയാകേണ്ടതാണ് ഈ ഉദ്ഗ്രഥനം. ഇത് ഏറ്റെടുക്കാന്‍ യോഗ്യരായ ഒരു സംഘം ശിഷ്യന്മാരെ വളര്‍ത്തിക്കൊണ്ട് 1930 നവംബര്‍ പതിനൊന്നാം തീയതി മഹാനായ ആ ചിന്തകന്‍ പരലോകപ്രാപ്തനായി. അദ്ദേഹം വിട്ടേച്ചുപോയ ഈടുറ്റ ആ വൈജ്ഞാനിക ഭണ്ഡാരം ഇപ്പോള്‍ മഹത്തായ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ചിന്തയുടെയും അനിഷേധ്യ ഭാഗമാണ്.

ഖുര്‍ആനുമായി ബന്ധപ്പെട്ട മഹത്തായ ഒരു അക്കാദമിക ദൗത്യനിര്‍വഹണാര്‍ഥം നിയതി തന്നെ അദ്ദേഹത്തെ ഒരുക്കുകയായിരുന്നുവെന്നുവേണം കരുതാന്‍. 'ഫറാഹി സ്‌കൂള്‍ ഓഫ് തോട്ട്' എന്ന പേരില്‍ ആ ചിന്തയും രീതിശാസ്ത്രവും ഇന്ന് സുപരിചിതമാണ്. 'തദബ്ബുറെ ഖുര്‍ആന്‍' എന്ന പേരില്‍ ഉര്‍ദുഭാഷയിലുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഫറാഹിചിന്തയുടെ പ്രകാശനമാണെന്നാണ് ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ ശിഷ്യനുമായ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി പരിചയപ്പെടുത്തിയത്.

ഇമാം ഫറാഹിയും സയ്യിദ് സുലൈമാന്‍ നദ്‌വിയും
ഇമാം ഫറാഹി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും വ്യക്തികളെ രചിക്കാനാണ് അതിലേറെ അദ്ദേഹം ഔത്സുക്യം കാണിച്ചത്. തന്റെ പ്രധാന ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്ന ശിബ്‌ലി നുഅ്മാനിക്കുപോലും ഖുര്‍ആന്‍ വ്യാഖ്യാനം, ചരിത്രരചന തുടങ്ങിയ വിഷയങ്ങളില്‍ അവലംബിക്കാവുന്ന തലത്തോളം അദ്ദേഹം വളരുകയുണ്ടായി. അവര്‍ തമ്മില്‍ നടന്ന വൈജ്ഞാനിക എഴുത്തുകുത്തുകള്‍ അതിന് സാക്ഷിയാണ്. 'സീറത്തുന്നബി' എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ രചനക്ക് കരടു തയാറാക്കുന്നതിലും ശിബ്‌ലി അദ്ദേഹവുമായി സഹകരിപ്പിച്ചിരുന്നുവെന്നതിന് രേഖയുണ്ട്. ഏഴു വാള്യങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ ഒന്നാം വാള്യം എഴുതാനുള്ള ആയുസ്സ് മാത്രമാണ് അല്ലാമാ ശിബ്‌ലിക്ക് ലഭിച്ചത്. ബാക്കി ആറു വാള്യങ്ങള്‍ ശിബ്‌ലി നിര്‍ണയിച്ച കരടു പ്രകാരം എഴുതി പൂര്‍ത്തിയാക്കിയത് ശിഷ്യോത്തമന്‍ അല്ലാമാ സുലൈമാന്‍ നദ്‌വിയാണ്. ഇതിന്റെ രചനയിലുടനീളം അല്ലാമാ ഫറാഹിയുടെ നിര്‍ദേശങ്ങളുണ്ടായിട്ടുണ്ട്. സയ്യിദ് സുലൈമാന്‍ നദ്‌വിക്ക് ഗുരുതുല്യനായ സഹപ്രവര്‍ത്തകനായിരുന്നു ഇമാം ഫറാഹി. 'ഹമീദുദ്ദീന്‍ ഫറാഹി ദൈവിക ദൃഷ്ടാന്തങ്ങളിലെ ഒരു ദൈവിക ദൃഷ്ടാന്തമാണെ'ന്നാണ് സുലൈമാന്‍ നദ്‌വി വിശേഷിപ്പിച്ചത്. ഇരുവരുടെയും ഗുരുനാഥനായ ശിബ്‌ലി വഖ്ഫ് ചെയ്ത ദാറുല്‍ മുസ്വന്നിഫീന്‍ അക്കാദമിയുടെ നടത്തിപ്പ് ഇരുവരെയും ഏല്‍പിച്ചുകൊണ്ടാണ് ശിബ്‌ലി നുഅ്മാനി 1914-ല്‍ ദിവംഗതനായത്.

മൗലാനാ അബുല്‍കലാം ആസാദിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തര്‍ജുമാനുല്‍ ഖുര്‍ആനി'ല്‍ ഫറാഹിചിന്തയുടെ അനല്‍പമായ സ്വാധീനം കാണാം. മൗലാനാ ആസാദിനും ഫറാഹി ഗുരുതുല്യനായ മുതിര്‍ന്ന സുഹൃത്തായിരുന്നു. ചുരുക്കത്തില്‍, 1857-ലെ യുദ്ധാനന്തരം സ്ഥാപിതമായ ദാറുല്‍ ഉലൂമുകളില്‍ രണ്ടാമത്തേതായ നദ്‌വ കേന്ദ്രീകരിച്ചും തുടര്‍ന്ന് ദാറുല്‍ മുസ്വന്നിഫീന്‍ ആസ്ഥാനമാക്കിയും അല്ലാമാ ശിബ്‌ലിയുടെ ജ്ഞാനോല്‍പാദന സംരംഭങ്ങളും പരിപാടികളും മുന്നോട്ടു നയിക്കുന്നതില്‍ നേതൃപരമായ പങ്കാണ് അല്ലാമാ ഫറാഹി നിര്‍വഹിച്ചത്. ഫറാഹിയുടെ പ്രധാന കളരി മദ്‌റസത്തുല്‍ ഇസ്വ്‌ലാഹും ദാറുല്‍ മുസ്വന്നിഫീനും ആയിരുന്നുവെങ്കിലും ആ തണലിന്റെ കുളിര്‍മ നദ്‌വയും നിസ്സാരമല്ലാത്ത അളവില്‍ അനുഭവിച്ചിട്ടുണ്ട്.

ലളിത ജീവിതം
സമ്പന്ന കുടുംബാംഗമായിരുന്ന ഫറാഹിയുടെ പിതാവ് ജന്മിയായിരുന്നു. പാരമ്പര്യ ഇസ്‌ലാമിക വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും ഒരുമിച്ച് നേടിയ നിയമ ബിരുദധാരി കൂടിയായ പിതാവ് മൗലവി അബ്ദുല്‍ കരീം സാഹിബിന്റെ പല സാമ്പത്തിക സമീപനങ്ങളോടും യോജിക്കാന്‍ മകന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിതാവിനോടുള്ള വിയോജിപ്പ് അദ്ദേഹത്തോട് പരസ്യമായി കലഹിക്കാതെയും കുടുംബത്തിന്റെ മാന്യതക്ക് കോട്ടം തട്ടാതെയും പ്രകടിപ്പിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങനെയാണ് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കുടുംബത്തിന് കൂടി അഭിമാനവുമായ പ്രഫസര്‍ ജോലി ഫറാഹി തേടിപ്പിടിച്ചത്.

കൃതികള്‍
ഇമാം ഫറാഹി മാതൃഭാഷയായ ഉര്‍ദുവില്‍ ഏതാനും കുറിപ്പുകളല്ലാതെ രചനകളൊന്നും നടത്തിയിട്ടില്ല. ഇംഗ്ലീഷ് ഭാഷ നല്ലപോലെ വശമുണ്ടായിരുന്നിട്ടും ആ ഭാഷയിലും നിര്‍വഹിച്ചിട്ടില്ല. ക്രിസ്ത്യാനികള്‍ക്ക് മറുപടിയായി ഇബ്‌റാഹീം നബി ഇസ്മാഈലിനെയാണോ ഇസ്ഹാഖിനെയാണോ ബലിനല്‍കാന്‍ തയാറായത് എന്ന വിഷയകമായി ഒരു ലഘുകൃതി എഴുതിയതും സമകാലികനായിരുന്ന ഒരു പണ്ഡിതന്റെ ഇംഗ്ലീഷിലുള്ള ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും എഡിറ്റ് ചെയ്തതും മാത്രമാണ് അപവാദം. അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും അറബിയിലാണ്. പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മുപ്പത്തിമൂന്ന് ഗ്രന്ഥങ്ങളാണ് ഫറാഹിക്കുള്ളത്. ഫീ മലകൂത്തില്ലാഹ്, ജംഹറത്തുല്‍ ബലാഗഃ, തഫ്‌സീറു നിളാമില്‍ ഖുര്‍ആന്‍, മുഫ്‌റദാത്തുല്‍ ഖുര്‍ആന്‍, ദലാഇലുന്നിളാം, ഹുജ്ജുല്‍ ഖുര്‍ആന്‍, അസാലീബുല്‍ ഖുര്‍ആന്‍ മുതലായവ അവയില്‍ ചിലതാണ്.

സന്തുലിത വ്യക്തിത്വം
തന്റെ കാലത്ത് നടന്നുവന്ന പുരോഗമനപരമായ എല്ലാ സംവിധാനങ്ങളോടും സഹകരിച്ചു കൊണ്ടുതന്നെ സ്വന്തം പാത സ്വയം നിര്‍ണയിച്ച് അത് നടപ്പാക്കാന്‍ അസാധാരണമായ അവധാനതയോടെ പ്രവര്‍ത്തിച്ച മഹാനായിരുന്നു ഇമാം ഫറാഹി. ഇസ്‌ലാമിക സംസ്‌കാരത്തെ നവീകരിക്കുകയെന്ന സര്‍ സയ്യിദ് അഹ്‌മദ്ഖാന്റെ  ദൗത്യത്തോട് സഹകരിച്ചുകൊണ്ടുതന്നെ സര്‍ സയ്യിദിന്റെ ലിബറല്‍ വ്യതിയാനങ്ങളെ ഫറാഹി നിസ്സംഗതയോടെ അവഗണിച്ചു. ബറേല്‍വി, ദയൂബന്ദി, അഹ്‌ലെ ഹദീസ് വാദപ്രതിവാദങ്ങളില്‍ താല്‍പര്യം കാണിച്ചില്ല. അതിഭാവുകത്വപരവും അന്ധവിശ്വാസ ജഡിലവുമായ അനുഷ്ഠാന രീതികള്‍ പിന്തുടരാതെ തന്നെ അതീവസാധാരണവും ലളിതവുമായ പരിത്യാഗ(സുഹ്ദ്) ജീവിതമാണ് അദ്ദേഹം പിന്തുടര്‍ന്നത്. നബിയുടെ സുന്നത്തും സലഫുകളുടെ ചിന്താസരണിയും പിന്തുടരുന്നതില്‍ ഒത്തുതീര്‍പ്പിന് തയാറായില്ല. അതേസമയം, ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന യുക്തിചിന്തയെയും ഗവേഷണപരവും വിമര്‍ശനമാത്മകവുമായ വിചിന്തന ധാരയെയും മരവിപ്പിക്കുന്ന സലഫി അക്ഷരവായനയെ പിന്തുടര്‍ന്നുമില്ല. മുജ്തഹിദുകളായ പണ്ഡിതന്മാരുടെ പാരമ്പര്യം പുനഃസൃഷ്ടിക്കാനുള്ള നിശ്ശബ്ദ പഠന ഗവേഷണമാണ് അദ്ദേഹം നടത്തിയത്. ഖുര്‍ആനിന്റെ ക്രമവും, സൂക്തങ്ങളും അധ്യായങ്ങളും തമ്മിലുള്ള ബന്ധവും വായനക്കാരെ ബോധ്യപ്പെടുത്തുന്ന സൂക്ഷ്മ പഠനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഇതിനായി അറബിഭാഷ, സാഹിത്യം, അറബിവ്യാകരണ തത്ത്വങ്ങള്‍, അറബി ഭാഷാലങ്കാര ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാന നിദാനതത്ത്വങ്ങള്‍, പൗരാണിക തഫ്‌സീറുകള്‍, പൂര്‍വവേദങ്ങള്‍ മുതലായവ വിപുലമായി പുനര്‍വായന നടത്തി. ജാഹിലിയ്യാ സാഹിത്യം, നബിയുടെ സമകാലീനരായ അറബികളുടെ കവിതകള്‍, പ്രഭാഷണങ്ങള്‍ മുതലായവ വിശകലനം ചെയ്തു. അനറബി വൈദേശിക ചിന്തകളുടെ ദുഃസ്വാധീനം എടുത്തുകാണിച്ചു.

ഇസ്‌ലാമിക പ്രസ്ഥാനം
ഇമാം ഫറാഹി സ്വന്തം നിലയില്‍ പ്രസ്ഥാനം രൂപവല്‍ക്കരിച്ചില്ലെങ്കിലും ഖുര്‍ആനിന്റെ ഘടന, സുതാര്യത, സമ്പൂര്‍ണത, അത് മുന്നോട്ടുവെക്കുന്ന ജീവിതവ്യവസ്ഥ മുതലായവയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. തന്റെ കാലശേഷം വരാനിരിക്കുന്ന പ്രസ്ഥാനത്തിന് അടിത്തറ പാകാനാവശ്യമായ ധൈഷണിക കളമൊരുക്കലുകള്‍ നടന്നു. ഫറാഹി മരിക്കുന്നതിന് മൂന്നുവര്‍ഷം മുമ്പ് 1927-ലാണ് മൗദൂദിയുടെ അല്‍ജിഹാദുഫില്‍ ഇസ്‌ലാം പുറത്തിറങ്ങിയത്. 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെട്ടപ്പോള്‍, ഇമാം ഫറാഹി പ്രത്യേകം വളര്‍ത്തിയെടുത്ത മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി, അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി എന്നീ ശിഷ്യോത്തമന്മാരും അവരുടെ ശിഷ്യന്മാരായ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി, മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി മുതലായ പ്രഗത്ഭമതികളും ഒരു നിയോഗമെന്നപോലെ പ്രസ്ഥാന നായകന്മാരായിത്തീര്‍ന്നത് യാദൃഛികമല്ല.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top