നബിചരിത്രത്തിന്റെ പൂര്‍ണതയും സമഗ്രതയും
സയ്യിദ് സുലൈമാന്‍ നദ്‌വി
മഹാന്മാരുടെ ജീവിതം ചരിത്രപരമായി സ്ഥാപിതമായതാണെങ്കിലും അത് സമഗ്രവും സമ്പൂര്‍ണവുമല്ലെങ്കില്‍ നമുക്ക് മാതൃകയാവില്ല. അതേപോലെ, ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുകയും കുറ്റങ്ങളില്‍നിന്നും കുറവുകളില്‍നിന്നും മുക്തമാവുകയും ചെയ്യുമ്പോഴേ അത് അനുകരണീയമാവുകയുള്ളൂ. അവ്വിധമാവണമെങ്കില്‍ അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ നമ്മുടെ കണ്‍ മുമ്പില്‍ തെളിമയോടെ ഉണ്ടാവണം.
നബിയുടെ ജനനം മുതല്‍ പരലോകപ്രാപ്തി വരെയുള്ള ഓരോ നിമിഷവും അവിടുത്തെ സമകാലികര്‍ക്ക് തുറന്ന പുസ്തകം പോലെയായിരുന്നു. ശേഷവും തഥൈവ. അനുയായികളുടെ കണ്ണുകളില്‍നിന്ന് അദ്ദേഹം ഒരിക്കലും മറഞ്ഞു ജീവിച്ചില്ല. ഭാവിപരിപാടികള്‍ തയാറാക്കാനായി അജ്ഞാതവാസം നടത്തിയില്ല. ജനനം, മുലകുടി, പരിപാലനം, ശൈശവം, വകതിരിവിന്റെ പ്രായപ്രാപ്തി, കൗമാരം, യൗവനം, കച്ചവടം, കച്ചവടയാത്രകള്‍, വിവാഹം, പ്രാവചകത്വ പൂര്‍വ സൗഹൃദം, ഖുറൈശികള്‍ തമ്മിലെ സംഘര്‍ഷങ്ങള്‍, സന്ധി വിഷയകമായ പങ്കാളിത്തം, അല്‍ അമീന്‍ എന്ന നാമധേയം, കഅ്ബയില്‍ ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ച സംഭവം, ഹിറായിലെ ധ്യാനം, വഹ്‌യിന്റെ തുടക്കം, ഇസ്‌ലാം വിളംബരം, പ്രബോധനം, ഹുദൈബിയ സന്ധി, ഇസ്‌ലാമിക പ്രബോധനത്തിന്റെ വ്യാപ്തി, ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം, ഹജ്ജത്തുല്‍ വദാഅ്, മരണം മുതലായവയും ഇവക്കിടയിലെ സംഭവങ്ങളും അനുയായികളുടെയും ശത്രുക്കളുടെയും മുമ്പാകെയായിരുന്നു കഴിഞ്ഞുപോയത്. മുകളില്‍ പറഞ്ഞ ഏതെങ്കിലും സംഭവം ചരിത്രകാരന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതായി ഉണ്ടോ?
ഹദീസ് പണ്ഡിതന്മാര്‍ ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍ പോലും സൂക്ഷിച്ചു വെച്ചതെന്തിനെന്ന് ചോദ്യമുയരാം. അവ സൂക്ഷിച്ചുവെച്ചത് ദൈവികമായ താല്‍പര്യത്തിന്റെ ഭാഗമായിരുന്നു. അതിതാണ്: മുസ്‌ലിംകള്‍ തങ്ങളുടെ കുറ്റങ്ങളും കുറവുകളും മറച്ചുവെക്കാനായി ചില റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിക്കളഞ്ഞു എന്ന് ആക്ഷേപമുയരും. ക്രൈസ്തവ കൃതികളെപ്പറ്റിയുള്ള വലിയൊരാക്ഷേപം അതാണല്ലോ.
അതുകൊണ്ടുതന്നെ ഹദീസ് വിശാരദന്മാരുള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിവെച്ചു. പ്രബലം, ദുര്‍ബലം, സാധു, അസാധു, വ്യാജം എന്നൊന്നും നോക്കിയില്ല. എല്ലാം വ്യവഛേദിച്ച് തരംതിരിച്ച് അതിനായി ചില നിദാനങ്ങള്‍ ആവിഷ്‌കരിച്ചു. നബി(സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം അവര്‍ എഴുതി സൂക്ഷിച്ചു, ക്രോഡീകരിച്ചു. അവിടുത്തെ നടത്തം, ഇരുത്തം, ഉറക്കം, ഉണര്‍ച്ച, വിവാഹം, സന്താനങ്ങള്‍, കൂട്ടുകാര്‍, നമസ്‌കാരം, നോമ്പ്, യുദ്ധം, സമാധാനം, യാത്ര, താമസം, കുളി, ഭക്ഷണപാനീയം, ചിരി, പുഞ്ചിരി, വസ്ത്രങ്ങള്‍, അലങ്കാരം, നടത്തം, തമാശ, സംസാരം, രൂപം, സ്വഭാവം, നിറം, ഇഷ്ടസുഗന്ധം, ശരീര വര്‍ണന, കുടുംബജീവിതം, ദാമ്പത്യം, ശുചിത്വം..... ഇങ്ങനെ എല്ലാമെല്ലാം.
നബിയുടെ ജീവിതരീതികളുമായി ബന്ധപ്പെട്ട് പ്രഥമമായി വിരചിതമായ അബൂ ഈസാ മുഹമ്മദുബ്‌നു സൗറത്തിര്‍മിദി(ഹി. 209-279-ക്രി.വ 824-892)യുടെ 'അശ്ശമാഇലുല്‍ മുഹമ്മദിയ്യ' യിലെ തത്സംബന്ധമായ അധ്യായവിവരം മാതൃകയായി താഴെ ചേര്‍ക്കുന്നു.
1. നബിയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച അധ്യായം 2. നബിയുടെ മുടിയെക്കുറിച്ച അധ്യായം 3. മുടിചീകല്‍ 4. നര 5. മുടി ചായംപൂശല്‍ 6. സുറുമ ഉപയോഗം 7. വസ്ത്രം 8. ഖുഫ്ഫ് 9. ചെരുപ്പ് 10. മോതിരം 11. വലതു കൈയിലെ മോതിരധാരണം 12. വാള്‍ 13. പടയങ്കി 14. പടത്തൊപ്പി 15. തലപ്പാവ് 16. തുണി 17. നടത്തം 18. ആയുധധാരണം 19. ചാരിയിരുത്തം 20. ജീവനം 21. ഭക്ഷണം 22. ബാഹ്യപ്രകൃതി 23. ആഹാരം കഴിച്ച രീതി 24. കഴിച്ചിരുന്ന റൊട്ടിയുടെ സ്വഭാവം 25. കറി 26. വുദൂ ചെയ്ത രൂപം 27. ഭക്ഷണത്തിനു മുമ്പും ശേഷവും പറഞ്ഞത്. 28. നബി ഉപയോഗിച്ച പാത്രങ്ങള്‍ 29. കഴിച്ചിരുന്ന പഴങ്ങള്‍ 30. വെള്ളം കുടിച്ച രീതി 31. കുടിച്ച പാനീയങ്ങള്‍ 32. സുഗന്ധോപയോഗം 33. സംസാരം 34. ചിരി 35. തമാശ 36. കവിതയെക്കുറിച്ച പരാമര്‍ശം 37. രാക്കഥ പറയുന്നതിനെപ്പറ്റി 38. ഉറക്കം 39. ആരാധനാനുഷ്ഠാനങ്ങള്‍ 40. പൂര്‍വാഹ്ന നമസ്‌കാരം 41. വീട്ടില്‍ വെച്ചുള്ള സുന്നത്ത് നമസ്‌കാരം 42. വ്രതാനുഷ്ഠാനം 43. ഖുര്‍ആന്‍ പാരായണം 44. കരച്ചില്‍ 45. ഉപയോഗിച്ച വിരിപ്പ് 46. വിനയം 47. സ്വഭാവം 48. ലജ്ജ 49. ചികിത്സാര്‍ഥം കൊമ്പ് വെപ്പ് 50. നബിയുടെ വിവിധ പേരുകള്‍ 51. പല്ല് 52. മരണം 53. മരണാനന്തര സ്വത്ത്.
മുകളില്‍ പറഞ്ഞവയെല്ലാം നബിയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. എങ്കിലും അവയോരോന്നും അനേകം സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഒന്നിലും അവ്യക്തതയില്ല. എല്ലാം പകല്‍തെളിച്ചത്തിലെന്ന പോലെ വ്യക്തമാണ്. അവിടുത്തെ ജീവിതത്തിലെ ഒരു സെക്കന്റ്‌പോലും അനുചരന്മാര്‍ക്ക് അവ്യക്തമായിരുന്നില്ല. വീട്ടിലാണെങ്കില്‍ ഭാര്യമാരുടെയും ബന്ധുക്കളുടെയും കൂടെ, പുറത്താണെങ്കില്‍ എപ്പോഴും ഒരു സംഘം സ്വഹാബികള്‍ കൂടെയുണ്ടാവും.
ഏതൊരു മനുഷ്യനും അയാള്‍ എത്ര മഹാനാണെങ്കിലും, സ്വന്തം വീട്ടില്‍ അയാള്‍ തികച്ചും സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണ്.
'ഏതൊരു മനുഷ്യനും സ്വന്തം വീടകത്ത് മഹാപ്രതിഭയോ വീരപുരുഷനോ ആവില്ല' (no man is hero to his valet)എന്നാണ് വോള്‍ട്ടയര്‍ (ക്രി.വ. 1694-1778) അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇതിനെ ഖണ്ഡിച്ചുകൊണ്ട് reverend Bosworth smith പറയുന്നു: 'വീടിനകത്തും വീരപരിവേഷത്തോടെ ജീവിച്ച ഒരാളേയുള്ളൂ, അദ്ദേഹമാണ് മുഹമ്മദ്.' തുടര്‍ന്നദ്ദേഹം ഗിബ്ബനെ ഉദ്ധരിക്കുന്നു: ''മുഹമ്മദ് നബി തന്റെ അനുയായികളെ പരീക്ഷിച്ചതുപോലെ മറ്റു നബിമാരൊന്നും തങ്ങളുടെ അനുയായികളെ പരീക്ഷിച്ചിട്ടില്ല. ഒരു സാധാരണ മനുഷ്യനായി തന്നെ അറിയുന്ന നാട്ടുകാര്‍ക്കുമുന്നില്‍ അദ്ദേഹം താന്‍ നബിയും ദൂതനുമാണെന്ന് പ്രഖ്യാപിച്ചു. തന്റെ ഭാര്യയുടെയും അടിമയുടെയും സഹോദരന്റെയും മുമ്പിലും ഇതുതന്നെ പ്രഖ്യാപിച്ചു. അവരെല്ലാം അദ്ദേഹത്തെ വിശ്വസിച്ചു സത്യപ്പെടുത്തി. ഒട്ടും ശങ്കിച്ചുനിന്നില്ല. ഒരു വ്യക്തിയുടെ ദൗര്‍ബല്യങ്ങള്‍ ഏറ്റവും നന്നായറിയുക ഭാര്യയാകുമല്ലോ. ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് ഭാര്യ ഖദീജയാണല്ലോ.
പ്രവാചകത്വലബ്ധിയുടെ മുമ്പ് പതിനഞ്ച് വര്‍ഷം ഭാര്യ എന്ന നിലയില്‍ നബിയോടൊപ്പം ജീവിതം പങ്കിടാന്‍ ഖദീജക്ക് അവസരമുണ്ടായി. ആ കാലയളവില്‍ അവിടുത്തെ വ്യക്തിത്വത്തെ അവര്‍ അനുഭവിച്ചറിഞ്ഞു. മുഹമ്മദ് എന്ന വ്യക്തിസ്വത്വത്തെ ഇഴപിരിച്ച് മനസ്സിലാക്കാന്‍ അവസരമുണ്ടായി. അതുകൊണ്ടുതന്നെ തിരുദൂതരില്‍ ആദ്യമായി വിശ്വസിക്കാന്‍ ഖദീജക്ക് ഭാഗ്യമുണ്ടായി.
ഒരു മനുഷ്യന്‍ എത്ര മഹാനാണെങ്കിലും, സ്ഥാനപദവികളില്‍ എത്ര മികച്ചു നില്‍ക്കുന്നവനാണെങ്കിലും, ഒരു ഭാര്യ മാത്രമേ ഉള്ളൂവെങ്കിലും അവള്‍ കണ്ടതും കേട്ടതും രഹസ്യകാര്യങ്ങളും അന്യരുടെ മുമ്പില്‍ വെളിപ്പെടുത്താന്‍ അയാള്‍ അവളെ അനുവദിക്കുകയില്ല. എന്നാല്‍, നബിക്ക് ഒരേസമയം ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. തന്നില്‍നിന്ന് കേള്‍ക്കുന്നതെല്ലാം അന്യരുമായി പങ്കുവെക്കാനും കാണുന്നതെല്ലാം പരസ്യപ്പെടുത്താനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. രാത്രിയുടെ ഇരുട്ടില്‍ തങ്ങള്‍ കാണുന്നത് പകല്‍ വെളിച്ചത്തില്‍ വെളിപ്പെടുത്താന്‍ അവിടുന്ന് അവരെ അനുവദിച്ചു. തങ്ങളുടെ വീടകങ്ങളിലെ എല്ലാ രഹസ്യങ്ങളും അങ്ങനെ അവര്‍ ലോകാന്ത്യം വരെയുമുള്ള ജനങ്ങളുടെ മുമ്പാകെ തുറന്നുവെച്ചു. ഒന്നും മറച്ചുവെച്ചില്ല. സ്വന്തത്തെപ്പറ്റി ഇത്രയും തികഞ്ഞ ആത്മവിശ്വാസമുള്ള നേതാവായി മുഹമ്മദ് നബിയല്ലാതെ ലോകത്ത് മറ്റാരുണ്ട്? അവിടുത്തെ പവിത്രമായ വ്യക്തിജീവിതത്തിന്റെ കാര്യമാണിത്.
അതേസമയം, നബിയുടെ വിശിഷ്ട സ്വഭാവഗുണങ്ങളെക്കുറിച്ച് ഹദീസ് ഗ്രന്ഥങ്ങള്‍ വാചാലമായി സംസാരിക്കുന്നുണ്ട്. വിശിഷ്യാ അല്ലാമഃ ഖാദി അബുല്‍ ഫദ്ല്‍ ഇയാദുബ്‌നു മൂസാ അല്‍ യഹ്‌സ്വുബി അസ്സബ്ത്തീയുടെ
الشّفافى التعريف بحقوق المصطفى
എന്ന കൃതി. ഫ്രാന്‍സിലെ ഒരു ഓറിയന്റലിസ്റ്റ് പണ്ഡിതന്‍ മുഹമ്മദ് നബിയെ ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ ഈ പുസ്തകം ഏതെങ്കിലും യൂറോപ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിത്തന്നാല്‍ മതിയെന്ന് എന്നോട് പറയുകയുണ്ടായി. എന്റെ 'സീറത്തുന്നബി' എന്ന കൃതിയുടെ രണ്ടാം ഭാഗത്തില്‍ നബിതിരുമേനിയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.1
നബിയുടെ ശരീരം, ബാഹ്യപ്രകൃതി, ശരീരത്തില്‍ മുദ്രിതമായ പ്രവാചകത്വ മുദ്ര, മുടി, നടത്തം, സംസാരം, ചിരി, പുഞ്ചിരി, വസ്ത്രം, മോതിരം, പടയങ്കി, വട്ടത്തൊപ്പി, ഭക്ഷണം, ഭക്ഷണം കഴിച്ച രീതി, ആഹാര മര്യാദകള്‍, ഇഷ്ടവര്‍ണം, ഇഷ്ടമില്ലാത്ത നിറം, സുഗന്ധോപയോഗം, വൃത്തിപ്രിയം, വാഹനപ്പുറത്ത് കയറാനുള്ള താല്‍പര്യം, രാവിലെ മുതല്‍ വൈകുന്നേരം വരെ ചെയ്തിരുന്ന കാര്യങ്ങള്‍, ഉറക്കം, നിശാ നമസ്‌കാരം, സ്ഥിരമായി നടത്തിയിരുന്ന ദിക്‌റ്-ദുആകള്‍, നമസ്‌കാരത്തില്‍ ചെയ്തിരുന്ന കാര്യങ്ങള്‍, പ്രസംഗ ശൈലി, രീതി, യാത്രകള്‍, യുദ്ധങ്ങളില്‍ സ്വീകരിച്ച പ്രായോഗിക മുറകള്‍, രോഗിസന്ദര്‍ശനം, സാന്ത്വനം, ജനസമ്പര്‍ക്കം, പൊതുകാര്യങ്ങള്‍, പ്രവാചക വസതി, ഉദ്‌ബോധന സദസ്സുകള്‍, സദസ്സുകളില്‍ സ്വീകരിച്ച മര്യാദകള്‍, പൊതു സദസ്സുകളുടെ സമയം, സ്ത്രീകള്‍ക്ക് മാത്രമായുള്ള സദസ്സുകള്‍, ഉപദേശ രീതികള്‍, സദസ്സുകളില്‍ കൈക്കൊണ്ട വിശാലത, മുഖപ്രസന്നത, സഹവാസത്തിലൂടെ മറ്റുള്ളവര്‍ക്ക് ലഭിച്ച അനുഗ്രഹവിശേഷങ്ങള്‍, സംസാരരീതി, പ്രസംഗ വൈവിധ്യം, പ്രസംഗത്തിന്റെ സ്വാധീനം, നമസ്‌കാരം, ദിക്ര്‍, പ്രാര്‍ഥന, നോമ്പ്, സകാത്ത്, ഐഛിക ദാനങ്ങള്‍, ഹജ്ജ്, ദൈവിക സാമീപ്യം, അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള അഭിനിവേശം, യുദ്ധരംഗങ്ങളിലെ ദൈവസ്മരണ, അല്ലാഹുവിനെക്കുറിച്ച ഭയഭക്തി, തവക്കുല്‍, ക്ഷമ, നന്ദി, നബിയുടെ സല്‍സ്വഭാവങ്ങളുടെ സമഗ്രവിവരണം, കര്‍മമേഖലയിലെ സ്ഥൈര്യം, സല്‍പെരുമാറ്റം, നീതിനിഷ്ഠ, ഔദാര്യം, പരക്ഷേമതല്‍പരത, ആതിഥ്യമര്യാദ, പാതിവ്രത്യം, ദാനങ്ങളുടെ നിരാകരണം, പാരിതോഷികം സ്വീകരിക്കുന്നത്, അന്യരുടെ ഔദാര്യം സ്വീകരിക്കായ്ക, പരുഷത ഇല്ലായ്മ, ക്ലിഷ്ടത ഒഴിവാക്കുന്ന രീതി, സ്തുതി പാഠനത്തോടും ആക്ഷേപത്തോടുമുള്ള വെറുപ്പ്, ലാളിത്യം, കൃത്രിമരാഹിത്യം, സത്യസന്ധത, വിശ്വസ്തത, കരാര്‍പാലനം, ഭൗതിക വിരക്തി, ആത്മസംതൃപ്തി, വിട്ടുവീഴ്ച, വിവേകം, ശത്രുക്കളോട് ഉദാര നിലപാട്, അവരോട് സല്‍പെരുമാറ്റം, ലോകമാന്യവിരക്തി, പ്രശസ്തിമോഹമില്ലായ്മ, സമത്വം, വിനയം, അതിരുകവിഞ്ഞ ബഹുമാനാദരവുകളോടുള്ള അപ്രിയം, ലജ്ജ, കൈകൊണ്ടുള്ള അധ്വാനം, മനക്കരുത്ത്, ധീരത, സത്യനിഷേധികളോടും ബഹുദൈവവിശ്വാസികളോടും യഹൂദ-നസ്വാറാ വിഭാഗങ്ങളോടുമുള്ള ഇടപഴക്കം, പാവങ്ങളോടുള്ള ദയയും ആഭിമുഖ്യവും, കടുത്ത ശത്രുക്കളോടു പോലും കാണിച്ച ഉദാരസമീപനം, ശത്രുക്കള്‍ക്ക് നന്മയുണ്ടാവാന്‍ നടത്തിയ പ്രാര്‍ഥന, കുട്ടികളോട് ദയ, സ്‌നേഹം, സ്ത്രീകളോടുള്ള പെരുമാറ്റം, മൃഗസ്‌നേഹം, പൊതുകാരുണ്യം, സ്‌നേഹം, ഹൃദയാര്‍ദ്രത, സൗമ്യപ്രകൃതം, പത്‌നിമാരോടുള്ള മാതൃകാപെരുമാറ്റം.
ഇമാം ഇബ്‌നുല്‍ഖയ്യിം (ഹി. 691-751) തന്റെ 'സാദുല്‍ മആദ്' എന്ന കൃതിയില്‍ നബിയുടെ ജീവിതത്തിലെ നൂറ്റിയൊന്ന് വശങ്ങള്‍ ക്രമത്തില്‍ ക്രോഡീകരിച്ചിരിക്കുന്നു. മുകളില്‍ കൊടുത്തവക്കു പുറമെ അദ്ദേഹം എടുത്തു പറഞ്ഞവ താഴെ: വിവാഹം, ദാമ്പത്യമുറകള്‍, വാഹനോപയോഗം, അടിമകളോടും ഭൃത്യരോടുമുള്ള സമീപനം, കൊള്ളക്കൊടുക്കുകള്‍, മലമൂത്ര വിസര്‍ജനം, പ്രകൃതിചര്യകള്‍, മീശവെട്ട്, നിശാനമസ്‌കാരമോ സ്വുബ്ഹ് നമസ്‌കാരമോ കഴിഞ്ഞ് വലതു വശം ചെരിഞ്ഞുള്ള കിടത്തം, മയ്യിത്ത് നമസ്‌കാരം, മരിച്ചവീട് സന്ദര്‍ശനം, മറമാടല്‍, കടബാധ്യതയുടെ വിഷയത്തിലെ സമീപനം, ആത്മഹത്യയോടുള്ള സമീപനം, മാസപ്പിറവി സാക്ഷ്യം സ്വീകരിക്കുന്ന രീതി, വിവിധ വ്രതാനുഷ്ഠാനങ്ങള്‍, പള്ളിയില്‍ ഇഅ്തികാഫ്, ഹജ്ജ്, ഉംറ, മൃഗബലി, അഖീഖ, നവജാത ശിശുവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍, നാമകരണം, പദങ്ങള്‍ തെരഞ്ഞെടുത്തതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിവിധ സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകള്‍, അഭിവാദനം, തടവുകാരോടുള്ള സമീപനം, ചാരപ്രവൃത്തി നടത്തിയവരുടെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട്, സന്ധിമര്യാദകള്‍, രോഗ ചികിത്സ.....
മഹാന്മാരായ നമ്മുടെ പൂര്‍വസൂരികള്‍ നബിയുടെ ജീവിതത്തിലെ അതിസൂക്ഷ്മ വശങ്ങള്‍ പോലും ഇത്ര കണിശമായി രേഖപ്പെടുത്തി സൂക്ഷിച്ചുവെങ്കില്‍ ഇസ്‌ലാമിന്റെ മൗലികാശയങ്ങള്‍ എത്രമാത്രം പരിരക്ഷിച്ചുപോന്നിട്ടുണ്ടാകുമെന്ന് ഇതില്‍നിന്ന് മനസ്സിലായിക്കാണും. മുന്‍ നബിമാരില്‍നിന്ന് വ്യത്യസ്തമായി മുഹമ്മദ് നബിയുടെ ജീവിതം മാത്രമേ ഈവിധം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ എന്ന് ഒന്നാം അധ്യായത്തില്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.
തന്നില്‍നിന്ന് കാണുന്നതും കേള്‍ക്കുന്നതും അനുഭവിച്ചറിയുന്നതുമെല്ലാം അതേപടി മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ നബി എല്ലാവര്‍ക്കും അനുവാദം നല്‍കുകയുണ്ടായി. വീടകം, പള്ളി, യുദ്ധരംഗം, നിശാപ്രാര്‍ഥനാവേള, പ്രസംഗപീഠം, ജനങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന സമയം എന്നൊന്നും വ്യത്യാസമില്ലായിരുന്നു. മസ്ജിദുന്നബവിയോട് ചേര്‍ന്ന സ്വുഫ്ഫയില്‍ താമസിച്ചുവന്ന ദരിദ്രരായ സഖാക്കള്‍ കാടുകളില്‍ പോയി വിറക് ശേഖരിച്ച് മദീനതെരുവില്‍ വിറ്റ് ജീവസന്ധാരണം നടത്തി ബാക്കിയുള്ള സമയമത്രയും നബിയെ കേള്‍ക്കുകയായിരുന്നു പതിവ്. നബിയില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അബൂഹുറൈറ ഉള്‍പ്പെടെ എഴുപതു പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അതുപോലെ, മദീനാവാസികള്‍ മുഴുവന്‍ ദിനേന അഞ്ചുനേരം തിരുമേനിയെ നിരീക്ഷിച്ചറിഞ്ഞു. ഇത് പത്തുവര്‍ഷം തുടര്‍ന്നു. ഇതിലൂടെ ആയിരക്കണക്കിനു സ്വഹാബികള്‍ക്ക് രാപ്പകല്‍ഭേദമന്യേ നബിയുടെ അകവും പുറവും മനസ്സിലാക്കാനായി. മക്കാവിജയവേളയില്‍ പതിനായിരം സ്വഹാബികള്‍ കൂടെയുണ്ടായിരുന്നു. തബൂക്ക് യുദ്ധവേളയില്‍ മുപ്പതിനായിരം, ഹജ്ജത്തുല്‍ വദാഇല്‍ ഒരു ലക്ഷത്തോടടുത്ത സ്വഹാബികള്‍.
നബിതിരുമേനിയെ ആരെല്ലാം, എവിടെവെച്ച്, എങ്ങനെയെല്ലാം കണ്ടുവോ അതേപടി എല്ലാ ജനങ്ങള്‍ക്കുമായി സ്വഹാബികളിലൂടെ അനാവരണം ചെയ്യപ്പെട്ടു. അത് അവിടുത്തെ അനുവാദത്തോടെയായിരുന്നു എന്നു മാത്രമല്ല, ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ എന്ന നിര്‍ദേശത്തിന്റെ ഫലം കൂടിയായിരുന്നു. പകല്‍വെളിച്ചം പോലെ വ്യക്തമായ ഈ യാഥാര്‍ഥ്യങ്ങള്‍ മുമ്പിലിരിക്കെ, തിരുജീവിതത്തിന്റെ ഏതെങ്കിലും വശം നമ്മുടെ മുമ്പിലില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?
സകലമാന ശ്രമങ്ങള്‍ നടത്തിയിട്ടും അല്ലാഹുവിന്റെയും നബിയുടെയും ശത്രുക്കള്‍ക്ക് പ്രവാചക ജീവിതത്തിന്റെ ഏതെങ്കിലും ചെറിയ വശത്തെപ്പറ്റി പോലും ഒരു പരാതിയും പറയാന്‍ കഴിഞ്ഞിട്ടില്ല. ആകപ്പാടെ, അവര്‍ ചിലതു പറയുന്നത് ജിഹാദിനെയും ബഹുഭാര്യാത്വത്തെയും സംബന്ധിച്ചാണ്. ഇത്രയും വിശുദ്ധമായ നല്ല ജീവിതത്തെ പവിത്രവും പാപമുക്തവും സമ്പൂര്‍ണവുമായി നാം വിലമതിക്കണമോ? ജീവിതത്തിന്റെ സിംഹഭാഗവും അജ്ഞാതമായ മറ്റു മഹാന്മാരെ നാം സമ്പൂര്‍ണ വ്യക്തിത്വങ്ങളായി വാഴ്ത്തണമോ?
പരിചിന്തനീയമായ മറ്റൊരു കാര്യം, നബിയുടെ മുഴു ജീവിതവും തന്നെ സ്‌നേഹിക്കുന്നവരുടെയും തന്നില്‍ ആകൃഷ്ടരായവരുടെയും കൂടെയായിരുന്നില്ല. പ്രവാചകത്വത്തിനു മുമ്പുള്ള നാല്‍പത് വര്‍ഷം കഴിച്ചുകൂട്ടിയത് ഖുറൈശീ ബഹുദൈവവിശ്വാസികള്‍ക്കിടയിലായിരുന്നു. വാണിജ്യ മേഖലകളിലും മറ്റു രംഗങ്ങളിലും അവരോടൊപ്പം ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇത്തരം ഘട്ടങ്ങളില്‍ പല പ്രയാസങ്ങളും തരണം ചെയ്യേണ്ടിവരും. മോശമായ പെരുമാറ്റങ്ങള്‍ക്കിരയാവും. വാഗ്ദാനം ലംഘിക്കുന്ന അവസ്ഥയുണ്ടാവും. ചതിപ്രയോഗങ്ങള്‍ക്കിരയാവും. മുള്ളുകള്‍ നിറഞ്ഞ സാമൂഹിക ജീവിതത്തിന്റെ ഓരോ ഘട്ടവും ഒരപകടത്തിലും പെടാതെ നബി തിരുമേനി കടന്നുപോന്നു. അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് അവര്‍ തന്നെ അദ്ദേഹത്തിന് ചെല്ലപ്പേര്‍ നല്‍കി ആദരിച്ചു. പ്രവാചകത്വത്തിന് മുമ്പും പ്രവാചകത്വത്തിനു ശേഷവും അവര്‍ അദ്ദേഹത്തിന്റെ സമക്ഷം സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. അത്രക്ക് അവര്‍ക്ക് അദ്ദേഹത്തെ വിശ്വാസമായിരുന്നു. ഹിജ്‌റ പോകാനിരിക്കെ, ശത്രുക്കളുടെ നിക്ഷേപങ്ങള്‍ തിരികെ നല്‍കാനായി നബി അലി(റ)യെ ചുമതലപ്പെടുത്തിയത് പ്രസിദ്ധമാണല്ലോ.
നബി പ്രവാചകത്വം അവകാശപ്പെടുകയും ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തെ എതിര്‍ത്തു, ബഹിഷ്‌കരിച്ചു, ശാത്രവനിലപാട് സ്വീകരിച്ചു, ചീത്തപറഞ്ഞു, വഴി തടഞ്ഞു, കല്ലെറിഞ്ഞു, വധിക്കാന്‍ ഗൂഢാലോചന നടത്തി, മാരണക്കാരനെന്ന് വിളിച്ചു, ഭ്രാന്തനെന്ന് പരിഹസിച്ചു. എന്നാല്‍ ഒരാള്‍ പോലും നബിയുടെ സ്വഭാവത്തെ ചോദ്യം ചെയ്തില്ല. അവിടുത്തെ വിശുദ്ധ വൃത്തികളെ ആക്ഷേപിച്ചില്ല. പ്രവാചകത്വത്തിന്റെ സാധുതയുടെ അടിസ്ഥാനം തന്നെ പ്രവാചകത്വവാദികള്‍ എല്ലാ തിന്മകളില്‍നിന്നും ദുസ്വഭാവങ്ങളില്‍നിന്നുമുള്ള മുക്തി അവകാശപ്പെടുന്നു എന്നതാണല്ലോ.
കുറിപ്പ്
1. ഏഴു വാള്യങ്ങളുള്ള സീറത്തുന്നബിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ എഴുതിയത് അല്ലാമ ശിബ്‌ലി നുഅ്മാനിയാണ്. രണ്ടു ഭാഗങ്ങള്‍ എഴുതിയപ്പോഴേക്ക് ശിബ്‌ലി നുഅ്മാനി നിര്യാതനായി. അത് എഡിറ്റ് ചെയ്തതും ബാക്കി അഞ്ച് ഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയതും സയ്യിദ് സുലൈമാന്‍ നദ്‌വിയാണ്. ഇവക്ക് നബി ചരിത്ര കൃതികളില്‍ വേറിട്ട സ്ഥാനമുണ്ട്. അബുല്‍ ഹസന്‍ അലി ഹസന്‍ നദ്‌വി പറയുന്നു: 'ലോകത്ത് ഇതിനു തുല്യം മറ്റൊരു നബി ചരിത്രകൃതിയില്ല.' തുര്‍ക്കിയിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.