പ്രകൃതിയുമായി ആത്മീയ സഹവര്‍ത്തിത്വം
അബ്ദുല്ലത്വീഫ് കൊടുവള്ളി
ഇസ്‌ലാമിക വീക്ഷണത്തില്‍ പ്രകൃതിയിലെ എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. എല്ലാം അവനെ മാത്രം വണങ്ങി കഴിയുന്നു. ഒരു വിഭാഗം ജിന്നുകളും മനുഷ്യരുമൊഴികെ എല്ലാം അല്ലാഹു നിശ്ചയിച്ച പ്രകൃതിയുമായി ഇണങ്ങിയും ഇഴുകിച്ചേര്‍ന്നും മുന്നോട്ടു പോകുന്നു. ഈ പ്രപഞ്ചവീക്ഷണം ഉള്‍ക്കൊള്ളുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാകുന്നത്.
أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِۖ
(ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറേപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? - ഹജ്ജ്: 18).
أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
(അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ലതുമാണോ അവരാഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന് കീഴ്‌പ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും - ആലുഇംറാന്‍: 83).
ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യവും(خلافة) പരിപാലനവും (عمارة) ഏറ്റെടുത്ത് അല്ലാഹുവിന് ഇബാദത്ത് ചെയ്തു ജീവിക്കേണ്ട മനുഷ്യന്‍ പ്രകൃതിയിലെ എല്ലാ വസ്തുക്കളുമായും ആത്മീയമായ കരുതലോടെ മാത്രം ഇടപഴകാന്‍ കടപ്പെട്ടവനാണ്. എന്തിനെയും എങ്ങനെയും ബലാല്‍ക്കാരം വശപ്പെടുത്താന്‍ അവകാശമുള്ളവന്‍ എന്ന നിലയില്‍അവയെ സമീപിച്ചുകൂടാ. ഈ വിഷയകമായി ഖുര്‍ആനും നബിവചനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങളുടെ ആകത്തുക, പ്രകൃതിയുമായുള്ള മനുഷ്യരുടെ ബന്ധം ആത്മീയമായിരിക്കണം എന്നതാണ്.
മൃഗീയതയില്‍നിന്ന് മനുഷ്യത്വത്തിലേക്ക്
പൊതുവെ മനുഷ്യരുടെ ആഗ്രഹങ്ങള്‍ അഞ്ച് തലങ്ങളിലായാണ് കാണപ്പെടുന്നത്:
1. ഭക്ഷണ പാനീയങ്ങള്‍, സൗഖ്യം, ലൈംഗികത, കുടുംബം മുതലായ മനുഷ്യന്റെ പ്രാഥമികവും മൗലികവുമായ ആവശ്യങ്ങള്‍.
2. ചിലരില്‍ അടുത്തഘട്ടത്തില്‍ സമ്പത്തുള്‍പ്പെടെയുള്ളവ കൂടുതല്‍ നേടാനുള്ള ത്വരയും ആഗ്രഹവും. വര്‍ധിക്കുന്നു. ഈ ഘട്ടത്തില്‍, നല്ല ജീവിതം സാധ്യമാകണമെങ്കില്‍ ധാരാളം സമ്പത്ത് വേണമെന്ന ചിന്ത ചിലരില്‍ ഉടലെടുക്കുന്നു.
3. അടുത്ത ഘട്ടത്തില്‍ മറ്റുള്ളവരുടെ അവകാശം കവര്‍ന്നും സമ്പത്ത് വര്‍ധിപ്പിക്കണമെന്ന ചിന്ത ചിലരെ പിടികൂടുന്നു.
4. മുന്‍ മൂന്നവസ്ഥകളില്‍നിന്ന് ഭിന്നമായി, ജീവിതത്തെക്കുറിച്ച ഭൗതികാതീതമായ കാഴ്ചപ്പാടും അതിനു സഹായകമായ അറിവുമാണ് നമ്മെ യഥാര്‍ഥത്തില്‍ ധന്യരാക്കുക എന്ന തിരിച്ചറിവ് ചിലരെ ആവേശഭരിതരാക്കുന്നു.
5. ചിലരില്‍ ഈ തിരിച്ചറിവ് കൂടുതല്‍ ബലപ്പെട്ട്, ഭാവിയില്‍ താന്‍ എത്തിച്ചേരും എന്ന് മനസ്സിലാക്കുന്ന 'പരലോകം' മഹത്തും ശാശ്വതവുമായ സന്തോഷ ജീവിതം നല്‍കി തന്നെ അനുഗ്രഹിക്കും എന്ന് ആത്മസായൂജ്യമടയുന്നു. തദടിസ്ഥാനത്തില്‍ മാത്രം പ്രകൃതിയുമായി ബന്ധം സ്ഥാപിക്കുന്നു. ആത്മീയാന്വേഷണത്തിന്റെ പരകോടിയാണിത്.
മൃഗീയതലം അഥവാ ജന്തുസഹജം എന്നു പറയാവുന്ന തലത്തില്‍നിന്ന് മനുഷ്യനെ ആത്മീയതയുടെ പരമതലത്തിലേക്ക് ഉയര്‍ത്തുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം.
ആത്മീയ സമീപനം
ഭൗതിക ശാസ്ത്രപ്രകാരം 140 പൗണ്ട് തൂക്കമുള്ള മനുഷ്യശരീരം താഴെ പറയുന്ന അളവിലുള്ള വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതാണ്.
• 7 കഷ്ണം സോപ്പുണ്ടാക്കാന്‍ വേണ്ടുന്ന എണ്ണ
• 7 പെന്‍സില്‍ ഉണ്ടാക്കാവുന്ന കാര്‍ബണ്‍.
• 120 തീപ്പെട്ടിക്കോലിന് വേണ്ടുന്ന ഫോസ്ഫറസ്
• ഒരു കവിള്‍ വിരേചനൗഷധത്തിന് ആവശ്യമായ മെഗ്‌നീഷ്യം സാള്‍ട്ട്
• ഒരിടത്തരം ആണിയുണ്ടാക്കാനാവശ്യമായ ഇരുമ്പ്.
• ഒരു കോഴിക്കൂട് വെള്ളപൂശാന്‍ മാത്രം ചുണ്ണാമ്പ്.
• ഒരു നായയുടെ തോല്‍ വൃത്തിയാക്കാന്‍ വേണ്ട ഗന്ധകം.
• പത്ത് ഗ്യാലന്‍ വെള്ളം.
ഇത്രയും സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടത് ഏതാനും രൂപമാത്രം. (വിശ്വാസവും ജീവിതവും, ഡോ. യൂസുഫുല്‍ ഖറദാവി). ഈയര്‍ഥത്തില്‍ പരിഗണിച്ചാല്‍ മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള താരതമ്യത്തില്‍ മനുഷ്യനേക്കാള്‍ മൂല്യം ഇതരജീവികള്‍ക്കായിരിക്കും. എന്നാല്‍ മനുഷ്യന്റെ ഭൗതികേതര മൂല്യം സകലജീവികളേക്കാളും മീതെയാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾
'തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാമവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു' (ഇസ്‌റാഅ് 70).
മനുഷ്യേതര ജീവ നിര്‍ജീവ ജാലങ്ങളുടെ നേരെയും ഇസ്‌ലാമിന്റെ വീക്ഷണം തികച്ചും വ്യത്യസ്തമാണ്. അവ ഭൗതിക പദാര്‍ഥങ്ങള്‍ മാത്രമല്ല, അല്ലാഹുവുമായി സംവദിക്കുന്നവയുമാണ്.
ഏതൊരാളുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നത് അയാളുടെ ജീവിത വീക്ഷണമായിരിക്കും. പ്രകൃതിയെ ദൈവമായി കാണുന്നയാള്‍ പ്രകൃതിവസ്തുക്കളെ ആരാധിക്കും. ഏക ദൈവവിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രകൃതിയിലെ എല്ലാം ദൈവദാസന്മാരും അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അവയോട് നിലപാട് രൂപപ്പെടുത്തേണ്ടതുമാണ്. കേവല ഭൗതികവാദിയെ സംബന്ധിച്ചേടത്തോളം തന്റെ ഭൗതിക കാമനകളെ ശമിപ്പിക്കാനുള്ള ചില വസ്തുക്കള്‍ മാത്രമാണ് പ്രകൃതിയും അവിടത്തെ അനുഗ്രഹങ്ങളും.
പരിസ്ഥിതിയെ കേവല ഭൗതിക സ്വത്വം എന്നതിനപ്പുറം ആത്മീയമായി സമീപിക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. ഭൗതികം എന്നതിന്റെ വിപരീതമാണ് ആത്മീയം. ഭൗതികമായി ദൃശ്യമാവാത്ത ആശയങ്ങളാണ് ആത്മീയം എന്നതിന്റെ വിവക്ഷ. ഉദാഹരണമായി, ഒരു ചിത്രകാരന്‍ വരയ്ക്കുന്ന ചിത്രം, അത് വരയ്ക്കാന്‍ ഉപയോഗിച്ച പദാര്‍ഥങ്ങളേക്കാളും വര്‍ണങ്ങളേക്കാളും വരകളേക്കാളും ആശയങ്ങളും മാനങ്ങളും പ്രകാശിപ്പിക്കുന്നതുപോലെ, ഒരാള്‍ തന്റെ സുഹൃത്തിന് കൈമാറുന്ന പാരിതോഷികം അതിന്റെ ഭൗതിക മൂല്യത്തേക്കാള്‍ കവിഞ്ഞുനില്‍ക്കുന്ന പോലെ, പരിസ്ഥിതിയുടെ ഭൗതിക ഭാവത്തേക്കാള്‍ പ്രകടവും പ്രധാനവുമാണ് അതിന്റെ ആത്മീയമൂല്യം. ഭൗതിക പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ ഭൗതിക മാനത്തേക്കാള്‍ കവിഞ്ഞ ധാരാളം മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇവയെ പരിസ്ഥിതിയുടെ ആത്മീയമാനം എന്നു വിളിക്കാം.
പ്രപഞ്ച സൃഷ്ടിപ്പിലെ ഭൗതികമായ ഘടകങ്ങള്‍ക്ക് മീതെ ആത്മാവിന്റെ സാന്നിധ്യത്തെയും മികവിനെയും എടുത്തുപറഞ്ഞ് തദടിസ്ഥാനത്തില്‍ പ്രപഞ്ചത്തെയും വിജ്ഞാനത്തെയും നിലപാടുകളെയും വ്യാഖ്യാനിച്ച് നയസമീപനം സ്വീകരിക്കുന്നതിനെ ആത്മീയ സമീപനം എന്നു സാമാന്യമായി പറയാം. റൂഹ് എന്ന പദത്തിന്റെ ആശയം തന്നെ ഭൗതികമായ തലത്തില്‍നിന്ന് ദൈവികോന്മുഖമായ തലത്തിലേക്കുള്ള അന്വേഷണമാണ്. മനുഷ്യസ്വത്വത്തില്‍ നിക്ഷിപ്തമായ ദൈവികാംശത്തിന്റെ പ്രകാശനമാവണം സത്യവിശ്വാസിയുടെ പ്രവര്‍ത്തനങ്ങളും നിലപാടുകളും. ونَفَخْتُ فيه مِن رُّوحي (ഞാന്‍ അവനില്‍ -മനുഷ്യനില്‍- എന്റെ ആത്മാവില്‍നിന്ന് ഊതി - ഹിജ്‌റ്: 29).
ധൈഷണിക വശം, വൈകാരിക വശം, സാമ്പത്തിക വശം, രാഷ്ട്രീയ വശം എന്നിങ്ങനെ ജീവിതത്തിലെ വിവിധ വശങ്ങളെ വ്യവഛേദിച്ചു മനസ്സിലാക്കുന്നതിനേക്കാളും പ്രധാനമാണ് ആത്മീയ വശം മനസ്സിലാക്കലും തദനുസൃതമായ ജീവിത സമീപനം സ്വീകരിക്കലും. പ്രകൃതിയിലെ വസ്തുക്കളുടെ ഭൗതികമായ ഉപയോഗത്തേക്കാള്‍ ഖുര്‍ആന്‍ ഊന്നല്‍ നല്‍കുന്നത് അവയുടെ ആത്മീയമായ ഗുണഭോഗത്തിനാണ്.
ഉദാഹരണമായി ഖുര്‍ആന്‍ പറയുന്നു:
نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ
(നാം അതിനെ -അഗ്നിയെ- ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ആവശ്യക്കാര്‍ക്ക് ജീവിത സൗകര്യവും - വാഖിഅ്: 73).
ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം ത്വബരി എഴുതുന്നു:
نحن جعلنا النار تذكرة لكم تذكرون بها نار جهنم، فتعتبرون بها وتتّعظون
(നാം അഗ്നിയെ, നിങ്ങള്‍ നരകത്തീയെ ഓര്‍ക്കാനും അതുവഴി ഗുണപാഠമുള്‍ക്കൊള്ളാനും ഉല്‍ബുദ്ധരാകാനുമായി ഉദ്‌ബോധനമായി സൃഷ്ടിച്ചിരിക്കുന്നു) ഇതിന്റെ വിശദീകരണമായി നബിവചനവും കാണാം:
نَارُكُمْ هَذِهِ الَّتِي توقِدُون جُزْءٌ مِنْ سَبْعِينَ جُزءًا مِنْ حَرِّ نَار جَهَنَّمَ. قَالُوا: يا نبيّ اللَّهِ إِنْ كَانَتْ لَكَافِيَةً . قَالَ: قد ضربت بالماء ضربتين اوْ مرَّتَين، ليَستنفغ بها بنو آدم ويدنو منها.
(നിങ്ങള്‍ കത്തിക്കാന്‍ ഉപയോഗിക്കുന്ന ഈ അഗ്നിയുണ്ടല്ലോ, അത് നരകാഗ്നിയുടെ എഴുപതംശങ്ങളില്‍ ഒരു അംശമാണ്. സ്വഹാബികള്‍ ചോദിച്ചു; അല്ലാഹുവിന്റെ നബിയേ! അത് തന്നെ മതിയല്ലോ. നബി: അത് ഒന്നോ രണ്ടോ തവണ വെള്ളത്തില്‍ അടിച്ച് വീര്യം കുറച്ചതിനാലാണ് മനുഷ്യര്‍ക്ക് ഉപയോഗിക്കാനും അടുക്കാനും കഴിഞ്ഞത് (തിര്‍മിദി).
ഭൗതിക വസ്തുക്കളെ ഒന്നാമതായി ആത്മീയമായും രണ്ടാമതായി മാത്രം ഭൗതികമായും നോക്കിക്കാണുകയാണ് ഇസ്‌ലാമിക രീതി. ഹവായ് ദ്വീപിലെ ജനങ്ങള്‍ കടലാമയെ ഭൗതികതയുടെയും ആത്മീയതയുടെയും സമന്വയത്തിന്റെ പ്രതീകമായാണത്രെ കാണുന്നത്. ഈ വിശ്വാസം വഴിതെറ്റിയാണല്ലോ പ്രകൃതി വസ്തുക്കളെ ആരാധിക്കുന്ന അവസ്ഥ ഉണ്ടായിത്തീര്‍ന്നത്. ആത്മീയ വീക്ഷണം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ പ്രപഞ്ചത്തെ സാകല്യത്തില്‍നിന്ന് അടര്‍ന്ന് മനുഷ്യഗുണം ഇല്ലാതായി വരണ്ട ഭൗതികമാത്ര ജീവിയായി മാറുന്നു. അതിനാല്‍ സന്തുലിതമായ ആത്മീയ-ഭൗതിക സമന്വയം പരിസ്ഥിതി-പ്രകൃതി ജീവനത്തിന്റെ മൗലിക തന്തുവായി നാം അംഗീകരിക്കണം.
പ്രകൃതിവസ്തുക്കളെ ഉപയോഗിച്ചും പ്രയോഗിച്ചും തുടങ്ങുന്നതിനു മുമ്പ് മനുഷ്യനില്‍ ഗുപ്തമായ ആത്മീയ ശേഷികളെ കണ്ടെത്തി പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ ശരിയായ പ്രകൃതിജീവനവും സൗഹൃദവും സാധ്യമാവൂ എന്ന ഖാര്‍ത്തൂം യൂനിവേഴ്‌സിറ്റിയിലെ ജിയോഗ്രഫി വിഭാഗം അസോസിയേറ്റഡ് പ്രഫസര്‍ സമീര്‍ മുഹമ്മദലി ഹസന്‍ റദീസിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ഖുര്‍ആനിലെ بصيرة، مقدار، ميزان، فطرةമുതലായ പദങ്ങള്‍ ഒരേസമയം ആത്മീയ ശേഷിയുടെ സാധ്യതകളെയും പ്രയോഗത്തിലെ സൂക്ഷ്മതയെയും പരസ്പരം ബന്ധപ്പെടുത്തുന്നതാണ്.
ഖുര്‍ആനിലും ഹദീസിലും പ്രകൃതിയുമായുള്ള സത്യവിശ്വാസികളുടെ ബന്ധം ആത്മീയനിഷ്ഠമായിരിക്കണമെന്ന് താത്ത്വികമായി പഠിപ്പിക്കുകയും പ്രായോഗികമായി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. ഏതൊരു വസ്തുവുമായും ദൈവനിര്‍ദിഷ്ടമായ ബന്ധം സ്ഥാപിക്കുന്നത് ഇസ്വ്‌ലാഹും അത് വിഛേദിക്കുന്നത് ഫസാദുമാണ്.
الَّذِينَ يَنقُضُونَ عَهْدَ اللَّهِ مِن بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيُفْسِدُونَ فِي الْأَرْضِۚ أُولَٰئِكَ هُمُ الْخَاسِرُونَ
(അല്ലാഹുവിന്റെ ഉത്തരവ് അവന്‍ ശക്തിയുക്തം നല്‍കിയതിനുശേഷം അതിനു വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ കല്‍പിച്ചതിനെ മുറിച്ചു വേര്‍പ്പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍ - ബഖറ: 27).
ഇത് അല്ലാഹുവും നബിയുമായുള്ള ബന്ധം, കുടുംബബന്ധം, അയല്‍പക്കബന്ധം മുതലായവയില്‍ മാത്രം പരിമിതമല്ല, പ്രകൃതിയിലുള്ള സകല വസ്തുക്കളുമായുമുള്ള ദൈവികനിര്‍ദിഷ്ടമായ ബന്ധങ്ങളുടെ വിഛേദനമാണ് 'ഫസാദ്' എന്നതിന്റെ വിവക്ഷ.
وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَۗ
(അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനെടുക്കാനുമായിരിക്കും ശ്രമിക്കുക - ബഖറ: 205).
മനുഷ്യരുടെ നിലനില്‍പിനാധാരമായ കൃഷിയും ജീവജാലങ്ങളും നശിപ്പിക്കുന്നതിനെ ഫസാദായി എടുത്തു പറഞ്ഞതില്‍നിന്ന് അവയുമായി നല്ലബന്ധം സ്ഥാപിക്കുന്നത് അല്ലാഹു ഇസ്വ്‌ലാഹിലൂടെ നല്ല ബന്ധം സ്ഥാപിക്കാന്‍ നിര്‍ദേശിച്ചതിന്റെ ഭാഗമായാണെന്നാണ് സൂക്തത്തിന്റെ സാരം.
പ്രകൃതിയുമായി നബിയുടെ സഹവര്‍ത്തിത്വം
മറ്റെല്ലാ മേഖലകളിലുമെന്നപോലെ പരിസ്ഥിതിയും പ്രകൃതിയുമായി നബി ആത്മീയമായായിരുന്നു സഹവര്‍ത്തിച്ചിരുന്നതെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാക്കാം. ചില ഉദാഹരണങ്ങള്‍ താഴെ:
അനസുബ്‌നു മാലികില്‍നിന്ന് നിവേദനം:
أصابنا ونحن مع رسول الله مطر فحسر رسول الله ثوبه حتى أصابه من المطر فعلنا: يا رسول الله لم صنعت هذا. قال: لأنه حديث عهد بربّه تعالى
''ഞങ്ങള്‍ നബി(സ)യോടൊപ്പമുള്ളപ്പോള്‍ മഴപെയ്തു. അവിടുന്ന് തന്റെ വസ്ത്രം നീക്കി മഴകൊണ്ടു. ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കളെന്തിനാണ് അങ്ങനെ ചെയ്തത്?' അവിടുന്ന് പ്രതിവചിച്ചു: അത് (മഴ) തന്റെ റബ്ബിന്റെ അടുത്തുനിന്ന് ഇപ്പോള്‍ മാത്രം പുറപ്പെട്ടതാണ്.''1 അല്ലാഹുവിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ്.
യസീദുബ്‌നുല്‍ ഹാദി നബി(സ)യില്‍നിന്ന്ഉദ്ധരിക്കുന്നു: (മലവെള്ളം വരുമ്പോള്‍) നബി(സ) ഇങ്ങനെ പറയാറുണ്ടായിരുന്നു:
أخرجوا بنا الى هذا الذي جعله الله طهورًا فنتطهّر منه ونحمد الله عليه
'അല്ലാഹു സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാന്‍ കഴിയുന്നതുമാക്കിയ വെള്ളത്തിലേക്ക് നമുക്ക് പോവാം. നമുക്ക് അതുപയോഗിച്ച് ശുദ്ധി വരുത്താം. അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കാം.'2
ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ), മഴപെയ്തപ്പോള്‍ തന്റെ ഭൃത്യനോട് 'എന്റെ വിരിപ്പും ഒട്ടകജീനിയും മഴയത്തിടുക.' അപ്പോള്‍ അബുല്‍ ജൗസാഅ്, ഇബ്‌നു അബ്ബാസിനോട് ചോദിച്ചു; 'എന്തിനാണങ്ങനെ ചെയ്യുന്നത്?'. പ്രതികരണമായി ഇബ്‌നു അബ്ബാസ്:
ونزلنا من السّماء ماء مباركا
(നാം ആകാശത്തുനിന്ന് അനുഗൃഹീതമായ ജലം വര്‍ഷിപ്പിച്ചിരിക്കുന്നു - ഖാഫ് 9) എന്ന് നിങ്ങള്‍ ഖുര്‍ആനില്‍ പാരായണം ചെയ്യുന്നില്ലേ? എന്റെ വിരിപ്പിലും ഒട്ടകജീനിയിലും ബറകത്ത് സ്പര്‍ശിക്കണമെന്ന് ഞാന്‍ ഇഷ്ടപ്പെടുന്നു.3
ഒരിക്കല്‍ പള്ളിയിലിരിക്കവെ, പുറത്തു മഴ പെയ്തപ്പോള്‍ സഈദുബ്‌നുല്‍ മുസയ്യബ് മുറ്റത്തേക്കിറങ്ങി മഴകൊണ്ട് തന്റെ ഇരിപ്പിടത്തില്‍ വന്നിരിക്കുകയുണ്ടായി.4
മഴവെള്ളം ഒലിച്ചുവരുന്നത് കാണുമ്പോള്‍ ഉമര്‍(റ) തന്റെ സഖാക്കളോട്, 'വെള്ളം ശരീരത്തില്‍ ഏറ്റുവാങ്ങി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം' എന്ന് പറയുമായിരുന്നു.5
മഴപെയ്യുമ്പോള്‍ അലി(റ) തന്റെ കഷണ്ടിയില്‍ മഴയേല്‍ക്കുകയും തലയും മുഖവും ശരീരവും വെള്ളത്താല്‍ തടവി 'ഒരു കൈയും സ്പര്‍ശിക്കാതെ ആകാശത്തുനിന്ന് വന്നെത്തിയ ജലം' എന്ന് പറയുമായിരുന്നു.6
ഇബ്‌നു മുലൈകഃ പറയുന്നു: മഴപെയ്യുമ്പോള്‍ 'എല്ലാം പുറത്തേക്ക് വെക്കൂ, മഴയേല്‍ക്കട്ടെ' എന്ന് അലി(റ) ഇക്‌രിമയോട് പറയാറുണ്ടായിരുന്നു.7 'അല്ലാഹുവിന്റെ സിംഹാസനത്തിന് സമീപത്തുനിന്ന് ഇപ്പോള്‍ മാത്രം പോന്നത്' (إنه حديث عهد بالعرش) എന്നു പറഞ്ഞുകൊണ്ട് വസ്ത്രം അഴിച്ച് അലി (റ) ദേഹത്ത് മഴ കൊണ്ടിരുന്നു. വര്‍ഷത്തില്‍ ആദ്യം പെയ്യുന്ന പുതുമഴ ശരീരത്തില്‍ ഏറ്റുവാങ്ങുന്നത് അഭികാമ്യമാണെന്ന് ഇമാം ശാഫിഈ രേഖപ്പെടുത്തിയിട്ടുണ്ട്.8 ഒരിക്കല്‍ നബി(സ) ജുമുഅ ഖുത്വ്ബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിച്ച ഉടനെ മഴപെയ്യുകയും അവിടുത്തെ താടിയിലൂടെ വെള്ളം ഊര്‍ന്നിറങ്ങുകയും ചെയ്തു. മഴയില്‍നിന്ന് മാറിനില്‍ക്കാതെ മഴകൊണ്ട് തന്നെ പ്രസംഗം തുടര്‍ന്നു. ബോധപൂര്‍വമാണ് അങ്ങനെ പെയ്തതെന്നാണ് മനസ്സിലാകുന്നതെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു.9
പക്ഷിമൃഗാദികള്‍
മനുഷ്യരെപോലെയോ മനുഷ്യരേക്കാള്‍ ഉപരിയായോ അല്ലാഹുവെ കൂടുതലായി സ്മരിക്കുന്ന പക്ഷിമൃഗാദികളെ സത്യവിശ്വാസികള്‍ ഏറെ ആര്‍ദ്രമായാണ് സമീപിക്കേണ്ടത്. നബി(സ) പ്രസ്താവിക്കുന്നു:
ربّ بهيمة خير من راكبها واكثر لله منه ذكرًا
'എത്രയെത്ര മൃഗങ്ങള്‍ അവയെ യാത്രക്കുപയോഗിക്കുന്ന യാത്രികനേക്കാള്‍ ഉത്തമവും അല്ലാഹുവിനെ അയാളേക്കാള്‍ കൂടുതലായി സ്മരിക്കുന്നവയായുമുണ്ട്.'10
മറ്റൊരു റിപ്പോര്‍ട്ടില്‍ നബി പ്രസ്താവിച്ചതായി ഇങ്ങനെ കാണാം:
اركبوها سالمة وانزلوا عنها سالمة ولا تتخذوها كراسيّ لأحاديثكم، ومجالسكم فربّ مركبة خير من راكبها واكثر ذكرالله منه
'നിങ്ങള്‍ യാത്രാമൃഗങ്ങളെ അവക്ക് ആരോഗ്യമുള്ള അവസ്ഥയില്‍ യാത്രക്കുപയോഗിക്കുക. നിങ്ങള്‍ അവയുടെ പുറത്തു നിന്നിറങ്ങുമ്പോഴും അവയ്ക്ക് ആരോഗ്യമുണ്ടായിരിക്കണം. നിങ്ങള്‍ അവയുടെ പുറത്ത് സംസാരിച്ചിരിക്കരുത്. അവയെ നിങ്ങളുടെ ഇരിപ്പിടങ്ങളുമാക്കരുത്. മനുഷ്യര്‍ പുറത്ത് കയറി യാത്രക്കുപയോഗിക്കുന്ന മൃഗങ്ങള്‍ യാത്രികനേക്കാള്‍ ഉത്തമരാണ്. അവരേക്കാള്‍ അല്ലാഹുവെ സ്മരിക്കുന്നവയാണ്.'11
കല്ല്: നിര്‍ജീവമായി നാം കാണുന്ന കല്ലുകളും പര്‍വതങ്ങളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നു; മനുഷ്യരോട് പ്രതികരിക്കുന്നു.
اصْبِرْ عَلَىٰ مَا يَقُولُونَ وَاذْكُرْ عَبْدَنَا دَاوُودَ ذَا الْأَيْدِۖ إِنَّهُ أَوَّابٌ ﴿١٧﴾ إِنَّا سَخَّرْنَا الْجِبَالَ مَعَهُ يُسَبِّحْنَ بِالْعَشِيِّ وَالْإِشْرَاقِ ﴿١٨﴾ وَالطَّيْرَ مَحْشُورَةًۖ كُلٌّ لَّهُ أَوَّابٌ
'(നബിയേ) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചുകൊള്ളുക. നമ്മുടെ കൈയൂക്കുള്ള ദാസനായി ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചു മടങ്ങിയവനാകുന്നു.' നാം പര്‍വതങ്ങളെ അദ്ദേഹത്തിന്റെ കൂടെ വിധേയമാക്കിയിരുന്നു. അങ്ങനെ രാവിലെയും വൈകിട്ടും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുമുായിരുന്നു. പറവകളെയും കൂട്ടത്തോടെ (വിധേയമാക്കി). ഒക്കെയും അവന്റെ സങ്കീര്‍ത്തനത്തില്‍ നിമഗ്‌നരായിരുന്നു (38: 17,18).
تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْۗ
(ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാവില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു - ഇസ്‌റാഅ്: 44).
وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِۗ
(പാറകളില്‍ ചിലതില്‍നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്‍ന്ന് വെള്ളം പുറത്തുവരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ടുരുണ്ടു വീഴുകയും ചെയ്യുന്നു - ബഖറ: 74).
إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا
(തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തു കാട്ടുകയുണ്ടായി. എന്നാല്‍, അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവക്ക് പേടി തോന്നുകയും ചെയ്തു - അഹ്‌സാബ്: 72).
മക്കയിലെ ഒരു കല്ലിനെപ്പറ്റി നബി(സ) പറയുന്നു:
انني لأعرف حجرًا بمكة كان يسلّم عليّ قبل أن أبعث إنني لأعرفه الآن
'എനിക്ക് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് മക്കയിലെ ഒരു കല്ല് എനിക്ക് സലാം പറഞ്ഞിരുന്നു. അതേതാണെന്ന് എനിക്ക് ഇപ്പോഴും അറിയാം.'12 'അല്ലാഹുവോടുള്ള ഭയത്താല്‍ ചില കല്ലുകള്‍ വീഴുന്നു', 'അല്ലാഹുവിനെ പ്രകീര്‍ത്തിക്കാത്ത ഒരു വസ്തുവുമില്ല' മുതലായ സൂക്തങ്ങളിലെ ആശയം തന്നെയാണ് ഈ നബിവചനത്തിലും. വിഷം തീിയ കൊറുകിന്റെ സംസാരം, നബി(സ) വിളിച്ചപ്പോള്‍ ഒരു മരം മറ്റൊരു മരത്തിന്റെ അടുത്തേക്ക് നീങ്ങിയ സംഭവം മുതലായവ ഈ ഗണത്തില്‍ വരുന്നവയാണ്.
അബൂത്വാലിബുള്‍പ്പെടെ ഏതാനും ഖുറൈശികള്‍ക്കൊപ്പം നബി(സ) ബാല്യകാലത്ത് ശാമിലേക്ക് യാത്രപോയപ്പോള്‍ കണ്ടുമുട്ടിയ ക്രൈസ്തവ പുരോഹിതന്‍ ഖുറൈശി സംഘത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: 'ഇവന്‍ ലോകരുടെ നേതാവാണ്. ലോകരുടെ ദൂതനാണ്. ഇവനെ അല്ലാഹു ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കുന്നതായിരിക്കും.' ഖുറൈശി നേതാക്കള്‍ ചോദിച്ചു: 'ഇതെങ്ങനെ നിങ്ങളറിഞ്ഞു?' അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അഖബയില്‍ എത്തിയതു മുതല്‍ അവന്‍ നടന്നുപോന്ന എല്ലാ കല്ലുകളും മരങ്ങളും അവനുമുമ്പാകെ സുജൂദ് ചെയ്തിട്ടുണ്ട്. നബിമാരുടെ മുമ്പാകെയല്ലാതെ സുജൂദ് ചെയ്യുകയില്ല.' ഇതേ സംഭവത്തില്‍ തന്നെ, മരം നബിക്ക് തണലിട്ടതായി കാണാം.13
ഖുര്‍ആനിക വീക്ഷണത്തില്‍ പ്രകൃതിയിലെ ഓരോ അണുവും സദാ അല്ലാഹുവിനെ വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവയാണ്. അഥവാ അല്ലാഹുവിന്റെ അടിമകളാണവ. അതിനാല്‍തന്നെ മനുഷ്യന്‍ അവയുമായി ഇടപഴകുന്നത് അല്ലാഹുവിന്റെ അടിമ മറ്റ് അടിമകളോട് എന്ന വിധത്തിലായിരിക്കണം.
ഇസ്‌റാഅ് 44-ാം സൂക്തത്തിന്റെ വിശദീകരണമായി വിവിധ തഫ്‌സീറുകളില്‍ വന്ന വിവരണത്തില്‍ ഇങ്ങനെ വായിക്കാം. വാനാരോഹണ യാത്രയിലെ അനുഭവം വിവരിക്കവെ നബി (സ) പറയുന്നു:
سمعت تسبيحاً فى السموات العلى مع تسبيح كثير سبّحت السموات العلى من ذي المهابة مشفقات لذى العلو بما علا سبحان العلى الأعلى سبحانه وتعالى
'അത്യുന്നതങ്ങളായ ആകാശങ്ങളില്‍ ധാരാളം തസ്ബീഹുകള്‍ക്കൊപ്പം ഞാന്‍ തസ്ബീഹ് കേട്ടു. അത്യുന്നതനായ അല്ലാഹുവോടുള്ള ഭയഭക്ത്യാദരങ്ങളോടെ ആകാശങ്ങള്‍ തസ്ബീഹ് ചൊല്ലുന്നുണ്ടായിരുന്നു' (ത്വബറാനി).
'ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭക്ഷണത്തിന്റെ തസ്ബീഹ് ഞങ്ങള്‍ കേട്ടിരുന്നു' (ബുഖാരി) എന്ന് ഇബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നുണ്ട്.
അബൂദര്‍റ് സ്വാനുഭവം പറയുന്നു; 'ഒരിക്കല്‍ നബി(സ) ഏതാനും ചരല്‍ക്കല്ലുകളെടുത്തു. അപ്പോള്‍ അവയില്‍നിന്ന് തേനീച്ചയുടെ മുഴക്കംപോലെ തസ്ബീഹ് കേള്‍ക്കാനായി' (മുസ്‌നദുകളില്‍ പ്രസിദ്ധമായ ഹദീസ്). 'സുബ്ഹാനല്ലാഹ്!' എന്നത് എല്ലാ സൃഷ്ടികളുടെയും പ്രാര്‍ഥനയാണ്.
سبحان الله وبحمده فإنها صلاة كلّ شيئ وبها يرزق كلّ شيئ.
'അല്ലാഹുവിനെ സ്തുതിക്കുന്നതിനോടൊപ്പം അവനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു.' എന്നത് എല്ലാ വസ്തുക്കളുടെയും പ്രാര്‍ഥനയാണ്. അതുവഴിയാണ് എല്ലാറ്റിനും ആഹാരം ലഭിക്കുന്നത്. (അഹ്‌മദ്).
മറ്റൊരു നബിവചനം ഇങ്ങനെയാണ്:
لا يسمع صوت المؤذّن جن ولا انس ولا شجرة ولا حجر ولا مدر ولا شيئ الّا شهد له يوم القيامة.
'ബാങ്ക് കൊടുക്കുന്നയാളുടെ ശബ്ദം കേള്‍ക്കുന്ന ജിന്നും മനുഷ്യനും മരവും കല്ലും മണ്ണും മറ്റെല്ലാ വസ്തുക്കളും അന്ത്യനാളില്‍ അയാള്‍ക്ക് അനുകൂലമായി സാക്ഷ്യം വഹിക്കും' (ഇബ്‌നുമാജ, മാലിക്).
നബി(സ) പ്രസംഗിക്കാനായി നിന്നിരുന്ന മിമ്പര്‍ ഏങ്ങിക്കരഞ്ഞ സംഭവം ഉദ്ധരിച്ച ശേഷം ഇമാം ഖുര്‍ത്വുബി എഴുതുന്നു:
وإذا ثبت ذلك في جماد واحد جاز في جميع الجمادات، ولا استحالة في شيئ من ذلك فكلّ شيئ يسبّح للعموم
'ഒരു നിര്‍ജീവ വസ്തുവില്‍ ഇതുപോലൊന്ന് സ്ഥാപിതമായാല്‍ എല്ലാ നിര്‍ജീവവസ്തുക്കളിലും അങ്ങനെ സംഭവിക്കാവുന്നതാണ്. ഒന്നിലും അത് സംഭവ്യമല്ല. എല്ലാ വസ്തുക്കളും പൊതുവായി അല്ലാഹു പ്രകീര്‍ത്തിക്കുന്നുണ്ട്.'
ഒരു യാത്രയില്‍ ജലക്ഷാമം നേരിട്ടപ്പോള്‍ നബി(സ) കുറച്ച് വെള്ളം കൊണ്ടുവരാനായി പറഞ്ഞു. സ്വഹാബികള്‍ കുറച്ച് വെള്ളം കൊണ്ടുവന്നു. അവിടുന്ന് വെള്ളത്തില്‍ കൈയിട്ട് ഇങ്ങനെ പറഞ്ഞു:
حيّ على الطّهور المبارك والبركة من الله
'അല്ലാഹുവില്‍നിന്നുള്ള ബറകത്തിലേക്കും അനുഗൃഹീതമായ ശുദ്ധജലത്തിലേക്കും നിങ്ങള്‍ വരിക' (തഫ്‌സീര്‍ ബഗവി). ഇവിടെ ജലത്തിന്റെ ഭൗതിക പ്രാധാന്യത്തേക്കാള്‍ അതിന്റെ ആത്മീയ ഉള്ളടക്കത്തെയാണ് നബി(സ) ഊന്നിയതെന്നത് ശ്രദ്ധേയമാണ്. തവളകളെ കൊല്ലരുതെന്നതിന് നബി(സ) പറഞ്ഞ ന്യായം نقيقها تسبيح 'തവളയുടെ ശബ്ദം അതിന്റെ തസ്ബീഹാണ്' എന്നത്രെ. ഖബ്‌റില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടു പേരുടെ ശിക്ഷ ലഘൂകരിക്കുന്നതിനു വേണ്ടി നബി(സ) ഒരു ഈന്തപ്പനമട്ടലെടുത്ത് രണ്ടു ചീന്താക്കി രണ്ടു ഖബ്‌റുകളിലും നാട്ടിയതും 'അവ പച്ചയായി നില്‍ക്കുവോളം ഇരുവര്‍ക്കും ശിക്ഷയില്‍ ഇളവുണ്ടാകു'മെന്നു പറഞ്ഞതും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഒരാളും തന്റെ വസ്ത്രത്തെയോ മൃഗത്തെയോ കുറ്റം പറയരുത്, കാരണം അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നവയാണെന്ന് ഇക്‌രിമ പറയാറുണ്ടായിരുന്നു. ഹജ്ജ് 18, സ്വാദ് 17, ബഖറ 74, മര്‍യം 90 എന്നീ സൂക്തങ്ങള്‍ നിര്‍ജീവ വസ്തുക്കളുടെ തസ്ബീഹിനെ സവിശേഷം എടുത്തുപറയുന്നവയാണ്. നിര്‍ജീവ വസ്തുക്കള്‍ ചലിക്കുകയും സംസാരിക്കുകയും പ്രതികരിക്കുകയും മാത്രമല്ല, സ്‌നേഹിക്കുക കൂടി ചെയ്യുമെന്ന് നബി(സ) പഠിപ്പിക്കുന്നു. അനസുബ്‌നു മാലിക് (റ) പറയുന്നു: 'ഞാന്‍ നബി(സ) സേവിക്കാനായി അവിടുത്തോടൊപ്പം ഖൈബറിലേക്ക് പോയി. തിരിച്ചുവരവെ ഉഹുദ് മല ദൃഷ്ടിയില്‍പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: هذا جبل يحبّنا (ഇത് നമ്മെ സ്‌നേഹിക്കുന്ന മലയാണ് -ബുഖാരി). അബൂഹുറൈറയില്‍നിന്നുള്ള റിപ്പോര്‍ട്ട് إن
أحدا جبل يحبنا ونحبّه (തീര്‍ച്ചയായും ഉഹുദ് മല നമ്മെ സ്‌നേഹിക്കുന്നു, നാം അതിനെയും സ്‌നേഹിക്കുന്നു -മുസ്‌ലിം). അനസുബ്‌നു മാലികില്‍നിന്ന് നിവേദനം: 'നബി(സ) ഉഹുദ് മലയില്‍ കയറി. അദ്ദേഹത്തിന്റെ കൂടെ അബൂബക്‌റും ഉമറും ഉസ്മാനും ഉണ്ടായിരുന്നു. അപ്പോള്‍ ഉഹുദ് മല വിറച്ചു. അപ്പോള്‍ നബി(സ) തന്റെ കാലുകൊണ്ട് മലയില്‍ അടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
اثبت أحد فما عليك الّا نبيّ أو صديق أو شهيدان
'ഉഹുദ്! അടങ്ങൂ, ശാന്തമാവൂ. നിന്റെ പുറത്ത് നബിയും സ്വിദ്ദീഖും (അബൂബക്ര്‍) രണ്ടു ശുഹദാക്കളും (ഉമര്‍, ഉസ്മാന്‍) അല്ലാതെ മറ്റാരുമില്ല' (ബുഖാരി). ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജറില്‍ അസ്ഖലാനി എഴുതുന്നു;
الحبّ من الجانبين على حقيقته وظاهره وقدخاطبه النّبيّ (ص) مخاطبة من يعقل فقال لما اضطرب، اسكن أحد.
'രണ്ടു ഭാഗത്തുനിന്നുമുള്ള സ്‌നേഹം- മുസ്‌ലിംകള്‍ക്ക് ഉഹുദിനോടും ഉഹുദിന് മുസ്‌ലിംകളോടും- അതിന്റെ പ്രത്യക്ഷവും യഥാര്‍ഥവുമായ അര്‍ഥത്തിലുള്ളതാണ്. നബി(സ) ഉഹുദിനോട് ചിന്താശേഷിയുള്ള മനുഷ്യരോടെന്ന പോലെയാണ് സംസാരിച്ചത്. അത് ചഞ്ചലമായപ്പോള്‍ അവിടുന്ന് 'ഉഹുദേ, ശാന്തമാവൂ' എന്ന് പറയുകയായിരുന്നു.
സുഹൈലി എഴുതുന്നു: ''നബി നല്ല പേരുകളെയും ശുഭലക്ഷണങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു. 'അഹദിയ്യത്ത്' (ഏകത്വം) എന്നതില്‍നിന്ന് നിഷ്പന്നമായ പദത്തേക്കാള്‍ നല്ല നാമമില്ല. അതോടൊപ്പം, 'ഉഹുദ്' എന്ന പദത്തിലെ അക്ഷരങ്ങള്‍ക്ക് ഉകാരമാണ് (أُحُد). ഉകാരം (رَفْع) ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. അതായത്, അഹദായ -ഏകനായ- അല്ലാഹുവിന്റെ ദീനിന്റെ ഉയര്‍ച്ച എടുത്തു പറയുന്നു. ഉഹുദിനോടുള്ള നബിയോടുള്ള സ്‌നേഹം പദപരമായും ആശയപരമായും ഇതിലൂടെ പ്രകാശിതമായി.
ഇമാം നവവി ശറഹു മുസ്‌ലിമില്‍ എഴുതുന്നു:
الصّحيح المختار أن معناه أن أحدً يحبّنا حقيقة جعل الله فيه تمييزًا يحبّ به...........
'ഈ നബിവചനത്തിന്റെ കൂടുതല്‍ പ്രാമാണികവും സുബദ്ധവുമായ ആശയം, ഉഹുദ് യഥാര്‍ഥമായും നമ്മെ ഇഷ്ടപ്പെടുന്നു എന്നാണ്. അല്ലാഹു ഉഹുദില്‍ സ്‌നേഹകാരണമായ വകതിരിവ് നിക്ഷേപിച്ചിരിക്കുന്നു. ബഖറ: 74-ാം സൂക്തത്തിന്റെ ആശയം ഇതിനോട് ചേര്‍ത്തു വായിക്കണം. ഉഹുദിന്റെ ചഞ്ചലാവസ്ഥ പ്രവാചക സാന്നിധ്യത്താലുള്ള സന്തോഷത്താലോ, നബിയുടെ ഗാംഭീര്യത്താലോ, പുളകത്താലോ ആവാം.' പ്രകൃതിയിലെ ഘടകങ്ങളുമായുള്ള ബന്ധം പദാര്‍ഥപരം മാത്രമല്ല വൈകാരികം കൂടിയാണ്. ഈ വിഷയകമായി നബിയുടെ അവതരണം ശ്രദ്ധിച്ചാല്‍ അതിലെ വൈകാരികത നമ്മെ തരളിതമാക്കും. ഒരിക്കല്‍ നബി(സ) സ്വഹാബികളോടായി പറഞ്ഞു:
أخبروني عن شجرة تشبه - أَوْ: كالرّجل - المسلم لا يتحات ورقها تؤتي أكلها كلّ حين.
'മുസ്‌ലിമിനോട് സാദൃശ്യമുള്ള ഇലപൊഴിയാത്ത ഒരു മരത്തെപ്പറ്റി നിങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.' സദസ്സിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്‌നു ഉമറിന് ഈന്തപ്പന എന്ന് പറയാന്‍ തോന്നിയെങ്കിലും അബൂബക്‌റും ഉമറും ഒന്നും പ്രതികരിക്കാതിരുന്നതിനാല്‍ മൗനം ഭജിച്ചു. ഒടുവില്‍ നബി(സ) തന്നെ 'ഈന്തപ്പന' എന്ന് ഉത്തരം പറഞ്ഞു (ബുഖാരി). നന്മയുടെയും അനുഗ്രഹത്തിന്റെയും വിഷയത്തില്‍ മനുഷ്യനെ ഈന്തപ്പനയോട് ഉപമിക്കുന്നത് ആ വൃക്ഷത്തോട് മനുഷ്യമനസ്സില്‍ സ്‌നേഹമുണ്ടാക്കുമെന്ന് വ്യക്തമാണല്ലോ.
പരിസ്ഥിതിയിലെ എല്ലാ ജീവ നിര്‍ജീവഘടകങ്ങളെയും നല്ലകണ്ണോടെ കാണാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമുക്കറിയില്ലെങ്കിലും എല്ലാറ്റിലും നന്മയുണ്ടെന്ന് മനസ്സിലാക്കാന്‍ നമുക്കാവണം. ഇമാം റാഗിബുല്‍ അസ്വ്ഫഹാനി എഴുതുന്നു:
يحب أن ينظر هل في العالم شرّ مطلق فقد ذكر الحكماء أنا نظرنا وسبرنا فلم نجد فيه شرًّا مطلقا بوحه بل كل ما يعدّ شرًّا من وجه فهو يعدّ خيرا من وجه أو من وجوه - وما يعدّ شرّا من وجه وخيرا من وجوه لم يحكم بكونه شرّا.
ലോകത്ത് ചീത്ത മാത്രമായ വസ്തുവുാേ എന്ന് പരിശോധിക്കണം. തത്ത്വജ്ഞാനികള്‍ പറയുന്നത്, ഞങ്ങള്‍ സൂക്ഷ്മപഠനം നടത്തിയിട്ട് ഒരു വസ്തുവും കേവല തിന്മയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു തരത്തില്‍ തിന്മയായി ഗണിക്കപ്പെടുന്ന വസ്തു പരിശോധിക്കുമ്പോള്‍ ഒന്നോ അതിലധികമോ വശങ്ങളില്‍ നന്മയായി കാണപ്പെടുന്നു. ഒരുവശത്തില്‍ തിന്മയും മറ്റു വശങ്ങളില്‍ നന്മയുമായി കാണപ്പെടുന്നവ തിന്മയാണെന്ന് വിധിക്കാനും കഴിയില്ല.
കുറിപ്പുകള്‍
1.മുസ്‌ലിം, അബൂദാവൂദ്, അഹ്‌മദ്, നസാഈ, ഇബ്‌നു ഹിബ്ബാന്‍
2.ഇമാം ശാഫിഈ, കിതാബുല്‍ ഉമ്മ്, ബൈഹഖി; സുനനുല്‍ കുബ്‌റാ 3/6249, 1/252
3.ബൈഹഖി, മഅ്‌രിഫത്തുസ്സുനനി വല്‍ ആസാര്‍: 2020, ശാഫിഈ, കിതാബുല്‍ ഉമ്മ്: 1/252, ഇബ്‌നുല്‍ ജൗസി: തബ്‌സ്വിറഃ: 2/227, നവവി; മജ്മൂഅ്: 5/85, സാദുല്‍ മആദ്: 1/459
4.ശാഫിഈ, കിതാബുല്‍ ഉമ്മ് 1/253, ബൈഹഖി, മഅ്‌രിഫത്തുസ്സുനനി വല്‍ ആസാര്‍ (2021), നവവി, മജ്മൂഅ് 5/85
5.ശാഫിഈ, കിതാബുല്‍ ഉമ്മ് 1/253, ബൈഹഖി, മഅ്‌രിഫത്തുസ്സുനനി വല്‍ ആസാര്‍ 3023, നവവി, മജ്മൂഅ് 5/85, ഇബ്‌നുല്‍ ഖയ്യിം, സാദുല്‍ മആദ് 1/459.
6.ഇബ്‌നു റജബ്
7.ഇബ്‌നു റജബ്
8.ഫത്ഹുല്‍ ബാരി 7/140, നവവി, സ്വഹീഹു മുസ്‌ലിം 6/195, ശീറാസി, അല്‍ മുഹദ്ദബ് 1/125
9.ഫത്ഹുല്‍ ബാരി 2/520, ഉംദത്തുല്‍ ഖാരീ 7/54
10.മുസ്‌നദ് അഹ്‌മദ് 3/439, 440, 441
11.ത്വബറാനി, അല്‍ മുഅ്ജമുല്‍ കബീര്‍, ഹൈതമി, മജ്മഉസ്സവാഇദ്.
12.കിതാബുല്‍ ഫദാഇല്‍, ബാബു ഫദ്‌ലി നസബി ന്നബിയ്യി
13.തിര്‍മിദി (അല്‍ബാനി സ്വഹീഹാക്കിയത്)
-അര്‍റാഗിബുല്‍ അസ്വ്ഫഹാനി, അല്‍ ഇഅ്തിഖാദാത്ത് പേ: 253
-പരിസ്ഥിതി: ഇസ്‌ലാമിക പരിപ്രേക്ഷ്യം, ഡോ. അബ്ദുല്‍ മജീദ് ഉമറുന്നജ്ജാര്‍, പേ: 66,67,68 വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി.