ഓണ്‍ലൈന്‍ മുഫ്തിമാര്‍ക്ക് വിശ്രമം കൊടുക്കുക
അബ്ദുല്‍ ഹഫീള് നദ്‌വി
ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമായ ഫ്‌ളോട്ടിംഗ് മുഫ്തികളില്‍ അമ്പതു ശതമാനത്തിനും ഹറാമില്‍ കുറഞ്ഞ ഒന്നില്ല. അവശേഷിക്കുന്നവരില്‍ പകുതിയിലേറെയും ഇതിനു വിരുദ്ധമായി എന്തും ഹലാലാക്കുന്ന മുഫ്തിമാരുമാണ്. കഴിഞ്ഞ ഈദുല്‍ അദ്ഹാക്ക് തൊട്ടുമുമ്പു വന്ന ഒരു വാട്‌സാപ്പ് സന്ദേശം വായിച്ചു മൂക്കത്ത് വിരല്‍വെച്ചുപോയി: 'മൃഗബലി ഇസ്‌ലാമില്‍ നിര്‍ബന്ധമല്ല; സൂക്ഷ്മത(തഖ്‌വ)യാണ് വേണ്ടത്.'
അതുകൊണ്ടാവണം (ക്രേണലിസം) ആദ്യ രണ്ടു ഖലീഫമാര്‍ അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ അവരുടെ ഭരണകാലത്ത് പലഘട്ടങ്ങളായി വേണ്ടെന്നു വെച്ചതെന്ന് സമര്‍ഥിക്കാന്‍ വേണ്ടതിലധികം പെടാപ്പാടു പെടുന്നതും കാണാനായി. സ്ഥിരമായി ബലിപെരുന്നാളിന് മാംസം വിതരണം ചെയ്തിരുന്നവര്‍ക്ക് കൊടുക്കാന്‍ ആ വര്‍ഷങ്ങളില്‍ പുറത്തുനിന്നും വാങ്ങേണ്ടിവന്നു എന്നെല്ലാം ഘോരഘോരം വാദിക്കുന്ന ചില മാനവിക മൗലവിമാരും ഇടക്കാലത്തായി നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ടായിട്ടുണ്ട്: 'പശുവിറച്ചി രോഗമാണെന്ന' ഹദീസ് ആധികാരിമാണെന്നും ഇമാം അല്‍ബാനി സ്വഹീഹാക്കിയതാണെന്നും പറയുന്ന മെസ്സേജുകളും വളരെയടുത്ത കാലത്ത് മാത്രമാണ് വായിക്കുന്നത്.
ഈ കാലഘട്ടത്തില്‍ പുതുതായുണ്ടാകുന്ന മതകീയ വിഷയങ്ങളില്‍ വ്യക്തിതല ഫത്‌വകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുസ്‌ലിം സംഘടനകള്‍ ഉറക്കെ ചിന്തിക്കേണ്ട സമയം വൈകിയിരിക്കുന്നു. കഴിഞ്ഞ ബലിപെരുന്നാള്‍, ഓണം പ്രമാണിച്ച് നടന്ന അനഭിലഷണീയമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അതിരുവിട്ട് നിറഞ്ഞാടിയ പണ്ഡിതന്മാര്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ സഗൗരവം വിഷയം പരിഗണനക്കെടുക്കണം.
വ്യക്തികളും ഫിഖ്ഹ് അക്കാദമികളും
വ്യക്തികളുടെ അഭിപ്രായങ്ങള്‍ക്ക് നബിയുടെ ശേഷം അപ്രമാദിത്വമില്ല.
كل يؤخذ من قوله ويردّ إلّا صاحب هذا القبر
(ഈ ഖബ്‌റില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ)യുടേതല്ലാത്ത ആരുടെയും അഭിപ്രായം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം) എന്ന ഇമാം മാലികി(റ)ന്റെ വാചകം ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.
ഈയൊരര്‍ഥത്തിലാവണം ഡ്രസ്‌കോഡ് വിഷയത്തില്‍ ഡോ. താരിഖ് റമദാന്റെയും അഭിപ്രായങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ മുഖവിലക്കെടുക്കാന്‍. വ്യക്തികളുടെ അഭിപ്രായങ്ങള്‍ ഒരിക്കലും സമൂഹത്തിന്റെയോ സംഘടനകളുടെയോ അഭിപ്രായമായി വിലയിരുത്തപ്പെടരുത്. ഇജ്തിഹാദിന്റെ അര്‍ഹതയുള്ള ആളുകളുടെ സമിതികള്‍ (ഉദാ: ഫിഖ്ഹ് അക്കാദമികള്‍, പണ്ഡിതസഭകള്‍) മുഖേന ആവണം നവംനവങ്ങളായ വിഷയങ്ങളില്‍ സമന്വയം ഉണ്ടാവേണ്ടത്. വ്യക്തികള്‍ക്ക് ശരീഅത്തിന്റെ അകത്തു നിന്ന് പാരമ്പര്യ മസ്അലകളല്ലാത്ത അത്യാധുനിക വിഷയങ്ങളില്‍ ഇജ്തിഹാദ് ചെയ്യാനും ഇസ്തിന്‍ബാത്വ് (നിര്‍ധാരണം) നിര്‍വഹിക്കാനുമുള്ള അവകാശം അവരുടെ വ്യക്തിജീവിതത്തിലൊതുങ്ങണം. ഫത് വ നല്‍കുമ്പോള്‍ അതിസൂക്ഷ്മതയുടെ നിലപാട് സ്വീകരിക്കുന്നവര്‍ തീവ്രവാദികളാണ്. മുഫ്തിമാര്‍ ജനങ്ങള്‍ക്ക് സ്വീകരിക്കുവാന്‍ ഏറ്റവും എളുപ്പമുള്ള നിലപാടായിരിക്കണം സ്വീകരിക്കുന്നതെന്ന് ഖറദാവിയെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു.
ഫിഖ്ഹ് അക്കാദമികള്‍ അവരുടെقرارات\ توصيات (പ്രമേയങ്ങളി)ലൂടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ പണ്ഡിത സമിതികള്‍ അവരുടെ ശൂറയിലൂടെയും ഉരുത്തിരിച്ചെടുക്കുന്ന അഭിപ്രായങ്ങളാവണം പുതിയ വിഷയങ്ങളില്‍ സമൂഹത്തില്‍/സോഷ്യല്‍ മീഡിയകളില്‍ പ്രസരിക്കപ്പെടേണ്ടത്. അനന്തരാവകാശ നിയമങ്ങളില്‍ ചില വിഷയങ്ങളിലെങ്കിലും ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ) എന്നിവര്‍ക്ക് ഉമറി(റ)ല്‍നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ അവരുടെ ഒറ്റപ്പെട്ട വാദങ്ങള്‍ (ഉദാ: മസ്അല ഹിമാരിയ്യഃ) മാറ്റിവെച്ച് ഖലീഫ/ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന മജ്‌ലിസ് ശൂറയുടെ തീരുമാനങ്ങളായിരുന്നു ഉപരിസൂചിത സ്വഹാബികള്‍ ഫത്‌വക്ക് അവലംബിച്ചിരുന്നതെന്ന് നാം മനസ്സിലാക്കുക.
ഫിഖ്ഹ് അക്കാദമികള്‍
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, കര്‍മശാസ്ത്രപാരമ്പര്യം (തുറാസ്) എന്നിവപോലെ ആധുനിക വിഷയങ്ങളില്‍ നമ്മുടെ അവലംബം സംഘടിത ഇജ്തിഹാദുകളാവണം.
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩﴾
(അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത് - അന്നിസാഅ്: 59)
وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣٨﴾
(തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ് - ശൂറാ 38).
ബദ്‌റിലും ഉഹുദിലും ഹുദൈബിയയിലും മറ്റും നബി(സ) കാണിച്ചുതന്ന ശൂറയുടെ മാതൃകകള്‍ നാം വിസ്മരിക്കാവതല്ല.
ما تشاور قوم قط بينهم إلّا هداهم الله لأفضل ما يحضرهم (الأدب المفرد
'തങ്ങള്‍ക്കിടയില്‍ കൂടിയാലോചിക്കുന്ന സമൂഹത്തെ അല്ലാഹു ഏറ്റവും നല്ല തീരുമാനത്തിലേക്ക് വഴിനടത്താതിരിക്കുകയേ ഇല്ല.'
أجمعواله العالمين أو قال العابدين المؤمنين فاجعلوه شورى بينكم ولا تقضوا فيه برأي واحد (كنز العمّال 497/4)
'നിങ്ങള്‍ കൂടിയാലോചനക്കു വേണ്ടി പണ്ഡിതന്മാരെ അഥവാ അല്ലാഹുവിനെ വണങ്ങി ജീവിക്കുന്നവരെ ഒരുമിച്ചുകൂട്ടുക. നിങ്ങള്‍ ഒരഭിപ്രായം വെച്ച് തീരുമാനമെടുക്കാതിരിക്കുക.'
വിശ്വാസികളുടെ അഭിപ്രായസമന്വയമനുസരിച്ച് മാത്രം വിധിക്കാനും ഒറ്റപ്പെട്ട അഭിപ്രായങ്ങളെ പരിഗണിക്കരുതെന്നുമെല്ലാമുള്ള അസറുകള്‍ നമ്മെ തെര്യപ്പെടുത്തുന്നത് ഒറ്റപ്പൂവില്‍നിന്നുള്ള തേനിനേക്കാള്‍ വ്യത്യസ്ത പൂക്കളില്‍നിന്നുള്ള തേനിന് ഔഷധമൂല്യം കൂടുമെന്ന 'ശൂറ' പദ സങ്കല്‍പത്തിലെ ഭാഷാ-അലങ്കാര-സാങ്കേതിക സത്യമാണ്.
ഡോ. മുഹമ്മദ് യൂസുഫ് മൂസാ, ശൈഖ് മുസ്ത്വഫാ സര്‍ഖാ, ഡോ. അഹ്‌മദ് ശാകിര്‍ എന്നിവര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സംഘടിപ്പിച്ച ഫിഖ്ഹ് കണ്‍വെന്‍ഷനുകള്‍ ഇത്തരം സംഘടിത ഇജ്തിഹാദുകളുടെ നല്ല മാതൃകകളായി നമ്മുടെ മുമ്പിലുണ്ട്.
ഇത്തരം ഒരു ചിന്ത നാമ്പിടുന്നത് 1381 AM/1961 CE ല്‍ കയ്‌റോയില്‍ ചേര്‍ന്ന ഇസ്‌ലാമിക ഗവേഷണ സംഘത്തിന്റെ സമ്മേളനത്തിലാണ്. ആ പണ്ഡിത കൂട്ടായ്മയുടെ പ്രധാന തീരുമാനങ്ങള്‍ താഴെ:
1. ആധുനിക ഫത്‌വകളുടെ നിയമപരതക്കായി വ്യത്യസ്ത മദ്ഹബുകളനുസരിച്ച് ഒത്തൊരുമിച്ച് പരിശ്രമിക്കും.
2. ആധുനിക ഇസ്‌ലാമിക ലോകത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ മാത്രം കര്‍മശാസ്ത്ര നിര്‍ധാരണ പരിഗണനയില്‍ കൊണ്ടുവരും.
3. നവംനവങ്ങളായ മസ്അലകള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ കൊല്ലവും ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പണ്ഡിത സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
4. പൊതു മുസ്‌ലിം സമൂഹം നേരിടുന്ന ആധുനിക കര്‍മശാസ്ത്ര വിഷയങ്ങളില്‍ ബോധവത്കരണം നടത്തുന്ന ഗ്രന്ഥങ്ങള്‍, ഗവേഷണ പഠനങ്ങള്‍ എന്നിവ സാധാരണക്കാരുടെ ഭാഷയില്‍ ലഭ്യമാക്കും.
ഈ കൂടിയിരുത്തമാണ് പിന്നീട് ലോകവ്യാപകമായ ഫിഖ്ഹ് അക്കാദമികള്‍ എന്ന ചിന്തയിലേക്ക് വികസിച്ചത്. അവയില്‍ പ്രധാനപ്പെട്ടവയെ കുറിച്ച് സംക്ഷിപ്തമായി വിവരിക്കാം.:
I. ഫിഖ്ഹ് അക്കാദമി - മക്ക (1393AH/1973CE)
റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി വിളിച്ചുവരുത്തിയ വ്യത്യസ്ത ചിന്താധാരകളില്‍പെട്ട 20 ഇസ്‌ലാമിക പണ്ഡിതരെ ഒരുമിച്ചിരുത്തി വര്‍ഷങ്ങളെടുത്ത് എത്തിച്ചേര്‍ന്ന പഠനമനനങ്ങള്‍ ഇസ്‌ലാമിക ലോകത്തിന് മുതല്‍ക്കൂട്ടാണ്. ശൈഖ് അഹ്‌മദ് ഖാലിദ് ബാബക്ര്‍ ആയിരുന്നു ഈ വേദിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി.
കോപ്പിറൈറ്റ്, ഡെബിറ്റ്/ക്രെഡിറ്റ് വില്‍പനകള്‍, കറന്‍സി വിനിമയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവരെടുത്ത തീരുമാനങ്ങള്‍ ഇന്നും ആധികാരികമെന്ന് വിലയിരുത്തപ്പെടുന്നു.
സന്ദര്‍ശിക്കുക: http://themwl.org
ii ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി (1401AH/1981CE)
എല്ലാ ലോകരാജ്യങ്ങളിലെയും യോഗ്യരായ മുസ്‌ലിം പണ്ഡിതരെ ഒരുമിച്ചിരുത്തി കര്‍മശാസ്ത്രസംബന്ധിയായി ഉയര്‍ന്നുവരുന്ന ആധുനിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ യോജിപ്പിലെത്താന്‍ വേള്‍ഡ് മുസ്‌ലിം ഓര്‍ഗനൈസേഷന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ് IIFA. ശൈഖ് ഹബീബ് ശത്വി ആയിരുന്നു സ്ഥാപക സെക്രട്ടറി.
ബാങ്ക് പലിശ, ഗ്യാരണ്ടി/വാറണ്ടി, കറന്‍സിമൂല്യം, റിയല്‍ എസ്റ്റേറ്റ് മുതലായ വിഷയങ്ങള്‍ IIFA യുടെ പഠനത്തില്‍ വന്നിട്ടുണ്ട്.
സന്ദര്‍ശിക്കുക: WWW.iifa-aifi.org
iii ഇന്ത്യന്‍ ഫിഖ്ഹ് അക്കാദമി - ദല്‍ഹി (1408AH/1988CE)
മര്‍ഹൂം മൗലാനാ മുജാഹിദുല്‍ ഇസ്‌ലാം ഖാസിമി, ശൈഖ് ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി, അമീന്‍ ഉസ്മാനി നദ്‌വി എന്നിവര്‍ നേതൃത്വം നല്‍കുന്ന IFA-യുമായി ഇന്ത്യയിലെ മിക്കവാറും എല്ലാ ഇസ്‌ലാമിക സംഘടനകളും വൈജ്ഞാനികബന്ധം നിലനിര്‍ത്തുന്നു.
അന്യാധീനപ്പെട്ട വഖ്ഫ് വീണ്ടെടുക്കല്‍, ഇന്‍സ്റ്റാള്‍മെന്റ് കച്ചവടം, അഭയാര്‍ഥികളുടെ സകാത്ത് തുടങ്ങിയ ഡസന്‍കണക്കിന് വിഷയങ്ങളില്‍ (കുറിപ്പുകാരന്റേതടക്കം ലേഖനങ്ങള്‍) ലഭിക്കാന്‍ IFA യുടെ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടും.
സന്ദര്‍ശിക്കുക: WWW.iifa-india.org
IV യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ & റിസര്‍ച്ച് ഡബ്ലിന്‍ (1423 AH/2003CE)
യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ജീവിക്കുന്ന ന്യൂനപക്ഷ മുസ്‌ലിംകളുടെ വിവിധ പ്രശ്‌നങ്ങള്‍, അവയവദാനം, ഇസ്രയേല്‍ അധിനിവിഷ്ട ഖുദ്‌സ് സന്ദര്‍ശനം, ഖുദ്‌സിലെ ഭൂമികച്ചവടം, അമുസ്‌ലിം ആഘോഷങ്ങളിലെ സഹകരണം തുടങ്ങിയ ഒരുപാട് വിഷയ ങ്ങളില്‍ ECFR-ന്റെ തീരുമാനങ്ങള്‍ ലഭ്യമാണ്. ഇറാഖീ വംശജനായ ശൈഖ് നൂഹ് കദ്ദുവായിരുന്നു സ്ഥാപക ഡയറക്ടര്‍. ആഗോള പണ്ഡിതവേദിയുടെ മുന്നണിപ്പോരാളികളായ ഖറദാവിയും റൈസൂനിയുമെല്ലാം ECFR-ന്റെ അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളാണ്. സന്ദര്‍ശിക്കുക: WWW.e-cfr.org
V അസംബ്ലി ഓഫ് മുസ്‌ലിം ജൂറിസ്റ്റ്‌സ് ഓഫ് അമേരിക്ക (1423AH/2002CE)
യൂറോപ്പിലെ സവിശേഷ സാഹചര്യങ്ങള്‍ മുന്നില്‍വെച്ചുകൊണ്ടുള്ള വിഷയങ്ങളാണ് AMJA ചര്‍ച്ചക്കെടുക്കാറ്. ശൈഖ് അബ്ദുല്ലാഹ് മുസ്‌ലിഹ്, ഡോ. വലീദ് മനീസി എന്നിവര്‍ നേതൃത്വം കൊടുത്തുവരുന്ന AMJA യുടെ സിറ്റിംഗുകളില്‍ ഇതുവരെ ബാങ്ക് ലോണ്‍ ഉപയോഗിച്ച് വീട് നിര്‍മാണം, സകാത്ത് ധനം ഉപയോഗിച്ച് പള്ളി/ഇസ്‌ലാമിക് സെന്ററുകള്‍ നിര്‍മാണം തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ആധികാരികമായി ചര്‍ച്ചചെയ്തിരിക്കുന്നത് അവരുടെ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ വായിക്കാവുന്നതാണ്.
സന്ദര്‍ശിക്കുക: WWW.amjaonline.org
ആധുനിക കര്‍മശാസ്ത്ര വിധികള്‍
ശമ്പളം, പെന്‍ഷന്‍, ഡിവിഡന്റ്, ഇന്‍ഷുറന്‍സ്, ഷെയര്‍ മാര്‍ക്കറ്റിംഗ് തുടങ്ങി ഇ-മാര്‍ക്കറ്റിംഗ്, ചാനല്‍/സിനിമ/നാടകം/ഗാനം എന്നിങ്ങനെ ആധുനിക മുസ്‌ലിമിന് ഉണ്ടാവാന്‍ സാധ്യതയുള്ള ന്യൂജന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തികള്‍ ഫത്‌വ നല്‍കാതിരിക്കുകയാണ് വേണ്ടത്. പ്രമാണങ്ങള്‍ ഹറാമെന്ന് പറയാത്തതിനെ ഹറാമെന്നോ ഹലാലെന്നോ വ്യക്തികള്‍ തീരുമാനിക്കേണ്ടതല്ല. ബഹുമാനപ്പെട്ട ഉസ്താദ് ശൈഖ് അലിമിയാനോട് ഞങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ ഫോട്ടോയെക്കുറിച്ച് ഫത്‌വ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു; 'ഞാന്‍ ഹറാമെന്ന് പറഞ്ഞാലും ഉമ്മത്ത് അത് ഹലാലായി കാണുവോളം വിജ്ഞാനത്തിന്റെ വിലയാണ് നഷ്ടപ്പെടുക.' പരമ്പരാഗത വിഷയങ്ങളില്‍ പോലും ഹലാല്‍/ഹറാം ഫത്‌വ പറയല്‍ നിര്‍ബന്ധമാവുന്ന ഘട്ടങ്ങളില്‍ لا ضرر ولا ضرار (പ്രയാസപ്പെടലോ പ്രയാസപ്പെടുത്തലോ പാടില്ല) എന്ന പ്രവാചകാധ്യാപനവും الأصل فى الأشياء الإباحة (സംഗതികളുടെ അടിസ്ഥാനം അനുവദനീയതയാണ്) എന്ന നിദാന ശാസ്ത്രവുമാവണം മുഫ്തിമാരെ വഴിനടത്തേണ്ടത്. സൂക്ഷ്മതയുടെ അഭിപ്രായങ്ങള്‍ അവര്‍ വ്യക്തിജീവിതത്തില്‍ പാലിക്കുന്നതോടൊപ്പം പൊതുസമൂഹത്തില്‍ പ്രസരിപ്പിക്കേണ്ടത് എളുപ്പമാക്കലിന്റെ(تفسير) കര്‍മശാസ്ത്രമാവണം.
أنما بعثتم ميسرين(നിങ്ങള്‍ എളുപ്പമാക്കേണ്ടവരാണ്) എന്ന നബിവചനം പ്രബോധകന്മാരെപ്പോലെ മുഫ്തിമാരും മറക്കാവതല്ല. ജീര്‍ണതയുടെയും തീവ്രതയുടെയും നിലപാടുകളല്ല നമുക്ക് വേണ്ടത്; പണ്ഡിതര്‍, വിശിഷ്യാ മുഫ്തിമാര്‍ അവരുടെ സ്ഥാനം മനസ്സിലാക്കണം. خير أمة\ أمة وسط ന്റെ ഭാഗമാണവരും എന്ന് സദാ ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാം എല്ലാ കാലത്തിനും صالح/fit ആണ് എന്ന് പ്രഘോഷിക്കുമ്പോള്‍ അതിന്റെصلاحة \ صالحية (Aptness & Fitness)മറ്റുള്ളവര്‍ക്കും ബോധ്യപ്പെടണം. ജീവിതത്തിലെ പ്രാഥമികമായ വിഷയങ്ങളില്‍ സാധാരണക്കാരായ മുസ്‌ലിംകള്‍ക്ക് തന്നെ അവബോധമുണ്ടാവേണ്ടതാണ്. ഇതര മതസ്ഥരുമായുള്ള സമ്പര്‍ക്ക മര്യാദകള്‍ ഉദാഹരണം. ബഹുസ്വരസമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലക്ക് ഉമ്മത്തുദ്ദഅ്‌വ/പ്രബോധകസംഘം എന്ന വിതാനത്തിലേക്കുയരാനുള്ള ഗുണങ്ങളാണ് ഇത്തരുണത്തില്‍ പ്രബോധകര്‍ ആര്‍ജിക്കേണ്ടത്. പിന്നാക്കക്കാരില്‍ പിന്നാക്കക്കാരാണെന്ന സങ്കടം പറച്ചില്‍ നമ്മുടെ മുന്നേറ്റത്തിന് യാതൊരുപകാരവും ഉണ്ടാക്കില്ലെന്നെങ്കിലും നാം തിരിച്ചറിയണം. ഇസ്‌ലാമിക ശരീഅത്ത് നിത്യനൂതനവും സജീവവുമായ ഏകകമാണെന്നും വരണ്ട കര്‍മശാസ്ത്ര തര്‍ക്കങ്ങളുടെ മാത്രം ഊഷരഭൂമിയല്ലെന്നും മുഴുവന്‍ ഉമ്മത്തിനും ബോധ്യപ്പെടണം. അതിനുള്ള പരിഹാരമാണ് ഈ ലേഖനത്തിന്റെ തലവാചകം.
റഫറന്‍സ്
1. ഖുര്‍ആന്‍
2. ഫിഖ്ഹുല്‍ മഖാസ്വിദ് - ഡോ. ജാസിര്‍ ഔദ
3. നഹ്‌വ മന്‍ഹജിന്‍ ഉസ്വൂലി - ഡോ. ഹസന്‍ തുറാബി
4. ഫീ ഫിഖ്ഹില്‍ അഖല്ലിയാത്ത് - ഡോ. ഖറദാവി
5. ആഗോള ഫിഖ്ഹ് അക്കാദമികളുടെ വെബ്‌സൈറ്റുകള്‍
6. ഡോ. താരിഖ് റമദാന്‍, ഡോ. ത്വാഹാ ജാബിര്‍ അല്‍വാനി എന്നിവരുടെ യൂട്യൂബ് പ്രഭാഷണങ്ങള്‍
9. കഅഇ ഡൈജസ്റ്റ് - എസ്.ഐ.ഒ കേരള സോണ്‍
10. ഫിഖ്ഹുല്‍ മുആമലാത്ത് - ഡോ. മുഹമ്മദ് ഉസ്മാന്‍ ശുബൈര്‍.