ഋഗ്വേദത്തിലെ ഏകദൈവവിശ്വാസം

ശിഹാബുദ്ദീന്‍ ആരാമ്പ്രം‌‌
img

എല്ലാ മതങ്ങളുടെയും അടിസ്ഥാനമാണ് ദൈവവിശ്വാസം. ദൈവം ഒന്നാണെന്നും പലതാണെന്നുമുള്ള ചര്‍ച്ചയും വിശകലനവുമാണ് മതവിശ്വാസത്തെ ഊര്‍ജസ്വലമാക്കുന്ന ഘടകങ്ങളില്‍ മുഖ്യം. ഹിന്ദുമത പഠനത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന സംജ്ഞകള്‍ ദൈവവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിലെ പ്രാമാണിക ഗ്രന്ഥങ്ങളെയും രേഖകളെയും വിശകലനം ചെയ്താല്‍ ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം, അവതാരവാദം, വിഗ്രഹാരാധന, അദ്വൈത സിദ്ധാന്തം എന്നീ ക്രമത്തില്‍ ക്രോഡീകരിക്കാവുന്നതാണ്. ഈ അഞ്ച് സമ്പ്രദായങ്ങളും ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ദൈവവിശ്വാസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവയില്‍ ഏകദൈവ വിശ്വാസം ഒഴികെ മറ്റ് നാലു വിശ്വാസരീതികളും ഭൂരിഭാഗം വിശ്വാസികളുടെയും പിന്തുണയോടെ സ്വീകാര്യത നേടിയിട്ടുള്ളതാണ്. എന്നാല്‍ ഏകദൈവ വിശ്വാസം ചില സൈദ്ധാന്തിക സംവാദങ്ങളിലോ ചരിത്ര വിശകലനത്തിലോ മാത്രം പരിമിതപ്പെട്ടതായി കാണാം. വേദങ്ങളെ ഹിന്ദുമതത്തിന്റെ പ്രഥമ സ്രോതസ്സായി അംഗീകരിച്ചാല്‍, ഏറ്റവും ആദിമമായ കാലത്ത് ഹിന്ദുമതത്തില്‍ നിലനിന്നിരുന്നത് ഏകദൈവ വിശ്വാസമായിരുന്നു എന്ന് കാണാവുന്നതാണ്.

പുരാതന ഭാരതീയരുടെ ദൈവവിശ്വാസത്തെപ്പറ്റിയുള്ള പ്രാമാണിക വിവരണം ഋഗ്വേദത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ദൈവത്തെപ്പറ്റി മാത്രമല്ല, ദൈവിക ആരാധനയെപ്പറ്റിയും അതില്‍ വ്യക്തമായ സൂചനകള്‍ ഉണ്ട്. ഇന്ദ്രന്‍, അഗ്നി, വരുണന്‍, മിത്രന്‍ തുടങ്ങിയ പേരുകളിലായിരുന്നു ഋഗ്വേദ കാലത്ത് ഇന്ത്യയില്‍ ദൈവത്തെ പരിചയപ്പെടുത്തിയിരുന്നത്. അന്ന്, ഇന്നത്തേതുപോലുള്ള മനുഷ്യരൂപത്തെയോ ഏതെങ്കിലും ജീവജാലങ്ങളെയോ ആരാധിക്കാന്‍ ആജ്ഞാപിച്ചിരുന്നില്ല. അത്തരം കല്‍പ്പനകളോ സൂക്തങ്ങളോ ഋഗ്വേദത്തില്‍ ഒരിടത്തും ഇല്ലെന്ന് ഉറപ്പിച്ചു പറയാം. ഋഗ്വേദ സൂക്തങ്ങള്‍ അനാവരണം ചെയ്യുന്ന ദൈവവിശ്വാസവും ഈശ്വരാരാധനയും ഊന്നിപ്പറയുന്നതും ഈ വസ്തുതയാണ്.

സ്തുതികളാല്‍ ഏറ്റവും പ്രാപ്യനും എതിരറ്റ ഗതിയോടുകൂടിയവനുമായ, ആ ഇന്ദ്രന്‍ തന്നെയാണ് ഭൂമിയിലെ എല്ലാ ധനങ്ങള്‍ക്കും ഒറ്റ ഈശ്വരനാകുന്നത് (ഏക ഈശ്വരന്‍); മറ്റാരുമല്ല (8-6-45-20).1 എല്ലാം നന്നായി കാണുന്നവനും വര്‍ഷ കര്‍മാവുമായ യാതൊരിന്ദ്രന്‍ ഒറ്റക്കു തന്നെയാണോ (ഏകനായിട്ടാണോ) പ്രജകളുടെ നാഥനായത്, ആ ഇന്ദ്രനെ തന്നെ അല്ലയോ സ്‌തോതാവേ, സ്തുതിക്കുക (ഋഗ്വേദം 6-45-16). അല്ലയോ ഇന്ദ്രാ, യജമാനന്മാര്‍ക്ക് അന്നാദിയും ധനവും നെല്ല് മുതലായ ധാന്യങ്ങളും കൊടുക്കുന്ന അങ്ങ്, എല്ലാ ജഗത്തിനും ഏകനായ സ്വാമിയായ ഈശ്വരനാകുന്നു. അപ്രകാരമുള്ള അവിടുന്ന് സ്തുത്യനായി ഭവിക്കുന്നു (ഋഗ്വേദം 2-13-6). അല്ലയോ ഇന്ദ്രാ, വലിപ്പമറ്റതും അതിരറ്റതും ഇളകുന്നതുമായ ഭൂമിയെ അവിടുന്ന് സന്തുലിതമാക്കി സൗരയൂഥത്തില്‍ ഉറപ്പിച്ചുനിര്‍ത്തി. പിന്നെ ദ്യോവിനെ (ആകാശം) വീഴാതെ നിലനിര്‍ത്തി (ഋഗ്വേദം 3-30-9).

സര്‍വൈശ്വര്യവാനും ബലവാനുമായ വരുണന്‍ ദ്യോവിനെ ഉറപ്പിച്ചുനിര്‍ത്തി. അതുപോലെ ഭൂമിയുടെ അതിരുകള്‍ അളന്നു ശരിപ്പെടുത്തി. അപ്രകാരം നിര്‍മിക്കപ്പെട്ട എല്ലാ ഭുവനങ്ങളെയും വേണ്ടപോലെ ഭരിച്ചുകൊണ്ട് വര്‍ത്തിച്ചു. വരുണന്റെ ആ കര്‍മങ്ങള്‍ വ്യാപ്തങ്ങളാണ്. അസംഖ്യേയങ്ങളാണ്, വര്‍ണിക്കുക എളുപ്പമല്ല (ഋഗ്വേദം 8-42-1). എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ യോജിച്ച (വൈശ്വാനരന്‍) ലോകങ്ങളെ നിര്‍മിച്ചവനും ദ്യോവില്‍ (ആകാശത്ത്) നക്ഷത്രങ്ങളെ സൃഷ്ടിച്ചവനും എല്ലാ ഭൂതജാതങ്ങളെയും എങ്ങും പരത്തിയവനുമായ അഗ്നി, ആരാലും നശിപ്പിക്കപ്പെടാത്തവനായി എല്ലാറ്റിനും രക്ഷിതാവായി മോക്ഷത്തിന്റെ പാലകനായി വര്‍ത്തിക്കുന്നു (ഋഗ്വേദം 6-7-7).

ഈ രീതിയില്‍ ഒരേ ഒരു ദൈവത്തിന്റെ ആധിപത്യത്തെയും മഹത്വത്തെയും ഊന്നിപ്പറയുന്ന സൂക്തങ്ങള്‍ ഋഗ്വേദത്തിലുണ്ട്. എന്നാല്‍ അവ ദൈവത്തെ സ്ഥിരമായി ഒരു പേരില്‍ മാത്രമല്ല, അഭിസംബോധന ചെയ്യുന്നത്; ദൈവത്തിന്റെ പലപല പേരുകള്‍ മാറ്റി- മാറി ഉപയോഗിച്ചിരിക്കുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഓരോ പേരില്‍ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും വ്യത്യസ്തരായ ഓരോരോ ദേവതമാരണെന്നാണ്. അതിനാല്‍തന്നെ ഋഗ്വേദത്തിലെ ദൈവസങ്കല്‍പം ബഹുദൈവ വിശ്വാസമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഋഗ്വേദത്തിലെ തന്നെ അധ്യാപനങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍, ബഹുദൈവ വിശ്വാസമല്ല ഋഗ്വേദത്തിലേത് എന്ന് ബോധ്യപ്പെടുന്നതാണ്. ആ വസ്തുത ഋഗ്വേദത്തിലെ ഒന്നിലധികം സൂക്തങ്ങളില്‍നിന്ന് വ്യക്തമാവുന്നുണ്ട്.

ഈ ആദിത്യനെ (സര്‍വേശ്വരനെ) ഇന്ദ്രനെന്നു പറയുന്നു. മിത്രനെന്നു പറയുന്നു. വരുണനെന്നു പറയുന്നു. അഗ്നിയെന്ന് പറയുന്നു. പിന്നെ ദ്യോവിലുണ്ടായ നല്ല പറക്കലോടു കൂടിയ ഗരുഡനെന്നും പറയുന്നു. എന്നാല്‍ വാസ്തവത്തില്‍ ഉള്ള ഒന്നിനെയാണ് ദേവതാ തത്വവിത്തുക്കളായ മേധാവികള്‍, പണ്ഡിതന്മാര്‍ ഇന്ദ്രാദി രൂപന്മാരായി പലവിധം പറയുന്നത്. ഋഗ്വേദം (1-164-46). ഈ ഇന്ദ്രന്‍ രൂപങ്ങളുടെ പ്രതിനിധിയായ അഗ്ന്യാദി ദേവതാത്മകമായ ഓരോ രൂപത്തെയും പ്രാപിക്കുന്നു. എന്നാല്‍ ഈ ഇന്ദ്രന്റെ അഗ്ന്യാദി ദേവതാ സ്വരൂപം ഇന്നിന്ന വിധമെന്നത് (ഇതഗ്‌നി, ഇത് വിഷ്ണു, ഇതു രുദ്രന്‍ എന്നിങ്ങനെ), വ്യക്തമായ ദര്‍ശനത്തിനു വേണ്ടിയാകുന്നു. ഈ ഇന്ദ്രന്‍ ആത്മീയ സങ്കല്‍പങ്ങളൊത്ത ജ്ഞാനങ്ങളാല്‍ ബഹുവിധ ശരീരങ്ങളുറ്റവനായി പലപല യജമാനന്മാരെ പ്രാപിക്കുന്നു. ഋഗ്വേദം (6-47-18)

അല്ലയോ അഗ്‌നേ, സത്തുക്കള്‍ക്ക് അഭിമതം വര്‍ഷിക്കുന്നവനാകയാല്‍ അവിടുന്ന് ഇന്ദ്രനാകുന്നു. ജനങ്ങളാല്‍ സങ്കീര്‍ത്തനം ചെയ്യപ്പെടുന്നവനും കുമ്പിടപ്പെടേണ്ടവനുമാകയാല്‍ വിഷ്ണുവാകുന്നു. അല്ലയോ മഹത്തായ മന്ത്രത്തിന്റെ (കര്‍മത്തിന്റെ) പാലയിതാവേ, അവിടുന്ന് ബ്രഹ്‌മാവാകുന്നു, അല്ലയോ വിധികര്‍മന്‍, വൈശ്വാനര രൂപാ (എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ യോജിച്ചവനേ) നാനാപ്രകാരത്തിലുള്ള ബുദ്ധിയോടു കൂടി അവിടുന്ന് വര്‍ത്തിക്കുന്നു, സ്തുതിക്കപ്പെടുന്നു. ഋഗ്വേദം (2-1-3).

ഋഗ്വേദത്തിലെ ദൈവിക വിശ്വാസത്തെ ബഹുദൈവ വിശ്വാസത്തിന്റെ ആണിക്കല്ലായി വിലയിരുത്തപ്പെട്ടിരുന്ന ദേവന്മാരുടെ സ്ഥാനത്തെപ്പറ്റിയാണ് മേല്‍സൂക്തങ്ങളില്‍ സൂചിപ്പിക്കുന്നത്. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്‌നി, ഗരുഡന്‍, വിഷ്ണു, ബ്രഹ്‌മാവ് തുടങ്ങിയ വിവിധ പേരുകളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്ന ദേവതകള്‍ ബഹുദൈവ സങ്കല്‍പത്തിന്റെ അടിസ്ഥാനമല്ലെന്നാണ് ഉണര്‍ത്തുന്നത്. വിവിധ പേരുകളില്‍ അഭിസംബോധന ചെയ്യപ്പെടുന്ന ആ ദേവതകളെല്ലാം വാസ്തവത്തില്‍ ഒരേ ഒരു ദൈവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ പേരുകളുടെ വൈവിധ്യം ദൈവത്തിന്റെ ബഹുത്വത്തിലേക്കുള്ള പാതകളല്ലെന്നു മാത്രമല്ല ഉണര്‍ത്തുന്നത്; ഏകദൈവ വിശ്വാസത്തിന്റെ വിശാല ലോകം കൂടിയാണ് എന്നും ഓര്‍മപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വരൂപം ഇന്നയിന്ന വിധമാണെന്ന് ഊന്നിപ്പറയാനാവില്ലെന്നും ആത്മീയ സങ്കല്‍പങ്ങള്‍ക്കനുസൃതമായിട്ടാണ് ആ രൂപമാറ്റമെന്നും പ്രസ്താവിച്ചിരിക്കുന്നു. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ഋഗ്വേദത്തിലെ സംജ്ഞകള്‍ വിശകലനം ചെയ്താല്‍ അവതാരവാദം, വിഗ്രഹാരാധന, അദ്വൈത സിദ്ധാന്തം തുടങ്ങിയവയെ സാധൂകരിക്കുന്ന പ്രസ്താവനകള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ബഹുദൈവ വിശ്വാസത്തെ സൂചിപ്പിക്കുന്നവയാണെന്ന് കരുതാവുന്ന സംജ്ഞകളെ പ്രത്യേകം പരാമര്‍ശിച്ച ശേഷം, അത് ബഹുദൈവ വിശ്വാസത്തെയല്ല, ഏകദൈവ വിശ്വാസത്തെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് ഒന്നിലധികം സൂക്തങ്ങളിലൂടെ എടുത്തു പറഞ്ഞതും കാണാം.

എല്ലാ ഭൂതജാതങ്ങള്‍ക്കും സുഖദാത്രികളായ ദ്യാവാവൃഥിവികളെ (ആകാശഭൂമികളെ) ആര്‍ ഉല്‍പ്പാദിപ്പിച്ചുവോ, ആ ദ്യാവാവൃഥിവികളെ ആര്‍, തന്റെ സുഖഭോഗത്തിന് വേണ്ടിയല്ലാതെ സര്‍വ പ്രാണികള്‍ക്കും ക്ഷേമകരമായ കര്‍മത്തില്‍ ഇഛയോടുകൂടി ഉറപ്പുള്ള ആണികളായിട്ട് ഇളകാതെ അതിരിട്ടു നിര്‍ത്തിയോ, ആ ആദിത്യന്‍ ദേവന്മാരുടെ ഇടയില്‍ മഹാദേവനും കര്‍മവാന്മാരുടെ ഇടയില്‍ മഹാകര്‍മാവുമാകുന്നു. (ഋഗ്വേദം 1-160-5). ഏതൊരാള്‍ ഈ ദ്യാവാവൃഥിവികളെ (ആകാശഭൂമികളെ) ഉല്‍പ്പാദിപ്പിച്ചുവോ, ഏതൊരാള്‍ വിസ്തീര്‍ണകളും അവിചലകളും (ഇളക്കം ഇല്ലാത്ത) ലോകാത്മികകളുമായ അവയെ ശോഭന രൂപകളും ഉല്‍പ്പത്തിരഹിതകളും നിരാധാരകളുമായി അന്തരീക്ഷത്തില്‍ സ്വന്തം കര്‍മ സാമര്‍ഥ്യത്താല്‍ നിര്‍ത്തിയോ, ധീമാനായ (അദൃശ്യങ്ങള്‍ അറിയുന്ന) ആ പ്രജാപതി മാത്രമാണ് പ്രശസ്ത കര്‍മാവായി ഭുവനങ്ങളിലുള്ളത്. ഋഗ്വേദം (4-57-3).

പ്രപഞ്ചസൃഷ്ടിപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ ഘടകങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടും ഏകദൈവ വിശ്വാസത്തിലേക്ക് വേദങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം ദൈവത്തിന്റെ സ്ഥാനത്ത് പേര് വിളിച്ച് വാഴ്ത്തപ്പെടുന്നത് ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്‌നി തുടങ്ങിയ ദേവതകളെയാണ്. അത്തരത്തിലുള്ള 33 ദേവതകളെ ഋഗ്വേദം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ ദേവനെയും ഏകദൈവത്തിന്റെ സ്ഥാനത്ത് നിര്‍ത്തിയാണ് കീര്‍ത്തിക്കുന്നത്. കൂടാതെ ഒടുവിലായി പരാമര്‍ശിച്ച സൂക്തങ്ങളിലേതു പോലെ പ്രപഞ്ച സംവിധാനത്തിന്റെ വിവിധ വശങ്ങള്‍ എടുത്തു പറഞ്ഞ ശേഷം, ആ മഹദ്്കര്‍മം നിര്‍വഹിച്ച ശക്തിയെയോ സ്രഷ്ടാവിനെയോ ഏകനായ ദൈവം, മറ്റെല്ലാറ്റിനേക്കാളും ഉന്നതനായവന്‍ എന്നെല്ലാമുള്ള പരാമര്‍ശങ്ങളിലൂടെയും ഊന്നിപ്പറയുന്നത് ഏകദൈവ വിശ്വാസം തന്നെയാണ്. അവയെല്ലാം പൊതുവായി വിലയിരുത്തിയാല്‍ മൂന്ന് രീതിയിലാണ് ഏകദൈവ വിശ്വാസത്തെപ്പറ്റിയുള്ള അധ്യാപനങ്ങള്‍ വേദങ്ങളില്‍ സ്ഥാനം പിടിച്ചതെന്നു കാണാം. ഒന്ന്: ഇന്ദ്രന്‍, അഗ്‌നി, വരുണന്‍ തുടങ്ങിയ വിവിധ ദേവതകളുടെ പേര്‍ പറഞ്ഞുകൊണ്ടുള്ള സൂക്തങ്ങള്‍. രണ്ട്: വിവിധ പേരുകളില്‍ പരാമര്‍ശിക്കുന്ന ദേവതാ നാമങ്ങളോ സംജ്ഞകളോ നാം കരുതുന്നതു പോലെ ബഹുദൈവത്വമല്ല, ഏകദൈവ വിശ്വാസത്തെ സൂചിപ്പിക്കാനുള്ള സംജ്ഞകള്‍ മാത്രമാണ്. മൂന്ന്: ഏതെങ്കിലും ഒരു പ്രത്യേക പേരോ സംജ്ഞയോ പരാമര്‍ശിക്കാതെ ഏകദൈവമായ സ്രഷ്ടാവിന്റെ മഹത്വവും വൈഭവവും പ്രത്യേകം എടുത്തുപറഞ്ഞു കൊണ്ടുള്ള സൂക്തങ്ങള്‍ എന്നിവയാണവ.

ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്‌നി എന്നെല്ലാമുള്ള പല പേരുകളില്‍ പറയുന്ന ദേവന്മാര്‍ (1-164-46) ദൈവത്തിന്റെ പല പേരുകളോ വിശേഷണങ്ങളോ ആണ് എന്ന് ചുരുക്കം. ദൗര്‍ഭാഗ്യവശാല്‍ അവയെയെല്ലാം വ്യത്യസ്ത ദേവന്മാരായാണ് പൊതുവെ ഗണിക്കാറുള്ളത്. എന്നാല്‍ ഋഗ്വേദം വ്യക്തമാക്കിയതു പോലെയാണ് വാസ്തവമെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. 'ദേവന്‍' എന്നാല്‍ പ്രകാശമുള്ളവന്‍ എന്നായിരുന്നു ആദ്യകാലത്തെ അര്‍ഥം. സൂര്യന്‍, ആകാശം, നക്ഷത്രങ്ങള്‍, ഉഷസ്സ്, പകല്‍ മുതലായ തിളങ്ങുന്ന എല്ലാറ്റിനും പില്‍ക്കാലത്ത് ഈ വാക്ക് (ദേവന്‍) ഉപയോഗിച്ചു തുടങ്ങി. പ്രകാശമുള്ളവയുടെ പൊതു സ്വഭാവങ്ങള്‍ സൂചിപ്പിക്കുന്ന ഒരു സാമാന്യ നാമമായിരുന്നു 'ദേവന്‍' എന്ന പദം. പിന്നീട് ഭൂമിയെയും ദേവതാത്വം (ദേവത) എന്ന പ്രയോഗം കൊണ്ട് വിശേഷിപ്പിക്കാന്‍ തുടങ്ങി. അതിനു മുമ്പ് വൈപുല്യം, വിസ്താരം, ഉല്‍പ്പാദകത്വം എന്നീ വിശേഷണങ്ങളായിരുന്നു ഭൂമിക്കും ആകാശത്തിനും നല്‍കപ്പെട്ടിരുന്നതെന്ന് ഋഗ്വേദത്തില്‍ (1-160-2) നിന്നു തന്നെ മനസ്സിലാക്കാം. അവ കൂടാതെ 'മധുദുഘ' (തേന്‍ ചുരത്തുന്നത്), 'പയസ്വതി' (പാല്‍ നിറഞ്ഞത്) എന്നിവയും ഭൂമിക്ക് നല്‍കപ്പെട്ട വിശേഷണങ്ങളായിരുന്നുവെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ നിരീക്ഷിക്കുന്നു.2
എന്നാല്‍ വളരെ ആദികാലത്തു തന്നെ ആകാശഭൂമി(ദ്യാവാവൃഥിവി)കള്‍ക്ക് അജരകള്‍ (ക്ഷയിക്കാത്തവ), പിതാ, മാതാ മുതലായ മനുഷ്യോചിതങ്ങളായ വിശേഷണങ്ങളും നല്‍കിയിരുന്നു (6-70-6). ഈ രീതിയില്‍ ഏകദൈവ വിശ്വാസത്തില്‍നിന്ന് ബഹുദൈവ സങ്കല്‍പത്തിലേക്ക് ക്രമത്തില്‍ നീങ്ങുകയാണോ എന്ന് തോന്നുന്ന രീതിയിലുള്ള വചനങ്ങള്‍ ഋഗ്വേദത്തില്‍ പലയിടത്തായി കാണാം. വിവിധ നാമത്തിലുള്ള ദൈവങ്ങള്‍ പല സൂക്തങ്ങളിലും ഊന്നിയൂന്നി പരാമര്‍ശിക്കപ്പെട്ടതോടെ ഹിന്ദു മതത്തിന്റെ അടിസ്ഥാനം ബഹുദൈവത്വമാണെന്ന് ധരിച്ചവര്‍ അനവധിയാണ്. അങ്ങനെയാവാം ആകാശവും ഭൂമിയും പോലുള്ളവ ദേവതാ പദവിയില്‍ എത്തിയതും ആരാധനക്ക് വിഷയമായതും. എന്നാല്‍ ഏകദൈവ സങ്കല്‍പത്തെ സൂക്ഷ്മമായി വേര്‍തിരിച്ചു തന്നെയാണ് ഋഗ്വേദം (1-164-46) അത് വിശദീകരിച്ചത്. ആകാശഭൂമികളെ സൃഷ്ടിച്ചതിനെ പരാമര്‍ശിക്കുന്ന വേദവചനത്തിന്റെ (ഋഗ്വേദം 4-57-3) പൊരുള്‍ വിവര്‍ത്തകനും വ്യാഖ്യാതാവുമായ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേശ്വരന്‍ മാത്രമാണ് യഥാര്‍ഥമായിട്ടുള്ളത്. മറ്റുള്ളതെല്ലാം അയഥാര്‍ഥമാണ്.3 അതിനാല്‍ ഏകദൈവ വിശ്വാസത്തെപ്പറ്റിയുള്ള അധ്യാപനങ്ങള്‍ ഋഗ്വേദത്തിന്റെയോ അത് പ്രതിനിധീകരിക്കുന്ന ഹിന്ദുമതത്തിന്റെയോ പരിധിക്കപ്പുറമാണെന്ന് നാം ധരിക്കേണ്ടതില്ല. എന്നാല്‍ ബഹുദൈവത്വ സങ്കല്‍പവും വിശ്വാസവും ഹിന്ദുമതാനുയായികളെ എല്ലാ കാലത്തും സ്വാധീനിച്ചിട്ടുണ്ട്. ദേവതാ സങ്കല്‍പത്തിലെ അര്‍ഥ വ്യത്യാസമാണ് അതിന് നിമിത്തമായ പ്രധാന ഘടകങ്ങളില്‍ ഒന്ന്. കൂടാതെ വേദവചനങ്ങളിലെ ഭാവരംഗങ്ങളെ പ്രതീകവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമവും ഈ അവസ്ഥാ വിശേഷത്തിന് നിമിത്തമായിട്ടുണ്ടാവാം.

അല്ലയോ ഇന്ദ്രാ, വലിയ മൂങ്ങയുടെ രൂപത്തില്‍ വരുന്ന രാക്ഷസനെ നശിപ്പിച്ചാലും. ചെറിയ മൂങ്ങയുടെ രൂപത്തില്‍ വരുന്ന രാക്ഷസനെ കൊന്നാലും. ചക്രവാകത്തിന്റെ ആകൃതിയില്‍ വരുന്നവനെയും, പരുന്തിന്റെ വേഷത്തില്‍ വരുന്നവനെയും കഴുകന്റെ ഉടലെടുത്ത് വരുന്നവനെയും വധിച്ചാലും. കരിങ്കല്‍ പോലുള്ള വജ്രായുധത്താല്‍ രാക്ഷസനെ കൊന്നാലും. ഋഗ്വേദം (7-104-22). ഏകദൈവ വിശ്വാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ഋഗ്വേദത്തിലെ മറ്റൊരു സൂക്ത(പ്രാര്‍ഥന)മാണിത്. അതിനെ വിശദീകരിച്ച് വേദപണ്ഡിതനും വിവര്‍ത്തകനുമായ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് വേദത്തിന്റെ ആത്മീയ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മൂങ്ങ മുതലായ ആറ് ആകൃതികള്‍ കാമ ക്രോധ മദ മാത്സര്യ ലോഭ മോഹങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആ ദോഷങ്ങളെ അകറ്റാനാണ് പ്രാര്‍ഥിക്കുന്നതെന്ന് പറയാം. അപ്പോള്‍ ഇന്ദ്രന്‍ എന്ന പദത്തിന് സര്‍വേശ്വരന്‍ എന്ന അര്‍ഥവുമെടുക്കണം.4

വേദങ്ങളിലെ ദൈവിക നാമവും വിശേഷണങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ വേദപഠിതാക്കള്‍ അഭിമുഖീകരിക്കുന്നുണ്ട്. ദൈവത്തിന്റെ വിവിധ നാമങ്ങളെ ബഹുദൈവത്വസങ്കല്‍പത്തിന്റെ തുടര്‍ച്ചയായിട്ടാണ് പല പണ്ഡിതന്മാരും ചിന്തകന്മാരും വിലയിരുത്തി കാണുന്നത്. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വേദാനുയായികളായ ഹിന്ദു മതാനുയായികള്‍ ഏകദൈവ വിശ്വാസമാണ് അവരുടേതെന്ന് ശക്തമായി പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യാത്തതാണ്. ദൈവിക നാമത്തിന്റെ ബഹുത്വം ഖുര്‍ആനിലും കാണാം. റബ്ബ്, ഇലാഹ്, റഹ്‌മാന്‍, റഹീം, അസീസ്, ജബ്ബാര്‍, ഗനിയ്യ്, ഖദീര്‍ തുടങ്ങി 99 നാമങ്ങള്‍ അല്ലാഹുവിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഋഗ്വേദത്തിലേത് പോലെ ഖുര്‍ആനിലെ ദൈവം ബഹുത്വത്തില്‍ അധിഷ്ഠിതമാണെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കാരണം ഖുര്‍ആനിലേത്  ഏകദൈവ വിശ്വാസമാണെന്ന് അതിന്റെ അനുയായികള്‍ നിരന്തരം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ്. അതിലൂടെ ഖുര്‍ആനിലെ ഏകദൈവ വിശ്വാസമായ തൗഹീദ് സംരക്ഷിക്കുകയും ചെയ്തു. നമ്മുടെ ഭാഷയില്‍ പ്രയോഗിക്കാറുള്ള പടച്ചവന്‍, തമ്പുരാന്‍, ഉടയവന്‍, പെരിയവന്‍, കാരുണ്യവാന്‍, കരുണാനിധി, ദയാപരന്‍ തുടങ്ങിയ പദങ്ങളുടെ പ്രയോഗവും ഇതോടനുബന്ധിച്ച് പരിശോധിക്കാവുന്നതാണ്. ആ പദങ്ങളിലെല്ലാം മാനുഷിക ഗുണങ്ങളുടെ സാകല്യം ദര്‍ശിക്കാമെങ്കിലും, അവയെ സാധാരണ മനുഷ്യരെ സൂചിപ്പിക്കാന്‍ വേണ്ടിയല്ല പ്രയോഗിക്കുന്നതെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. ചില വ്യക്തികള്‍ ആ പേരില്‍ അറിയപ്പെടുമ്പോഴും ബഹുദൈവത്വത്തിന്റെ തെളിവായി ആരും അവയെ വിശകലനം നടത്താറുമില്ല. വിവിധ ദേവന്മാരെ പറ്റിയും സര്‍വേശ്വരനെ സൂചിപ്പിക്കാനുള്ള പദങ്ങളെപ്പറ്റിയും വേദങ്ങളില്‍ വന്ന പരാമര്‍ശങ്ങളെ പഠനവിധേയമാക്കുമ്പോള്‍, ഇത്തരം വസ്തുതകള്‍കൂടി മുമ്പില്‍വെച്ച് വിശകലനം നടത്തേണ്ടിയിരിക്കുന്നു.

മുകളില്‍ പരാമര്‍ശിച്ച ഋഗ്വേദ വചനങ്ങളില്‍നിന്ന് വേദകാലത്തെ ഈശ്വരാരാധനയുടെ രീതി നമുക്ക് വായിച്ചെടുക്കാം. അവ പ്രധാനമായും ഏകദൈവത്തിന്റെ സൃഷ്ടിവൈഭവത്തെയോ മഹത്വത്തെയോ വര്‍ണിച്ച് നടത്തുന്ന പ്രാര്‍ഥനകളായിരുന്നു. പ്രാര്‍ഥന ചൊല്ലുന്നതും നിവേദ്യങ്ങള്‍ അര്‍പ്പിക്കുന്നതുമായിരുന്നു അന്നത്തെ പ്രധാന ദൈവാരാധനാ രീതിയെന്ന് പ്രമുഖ ചരിത്രകാരനും ഗവേഷകനുമായ ആര്‍.എസ് ശര്‍മ സൂചിപ്പിച്ചിട്ടുണ്ട്.5  അത്തരം പ്രാര്‍ഥനകള്‍ വ്യക്തിപരമായും സംഘടിതമായും നടന്നിരുന്നതായും കാണാം. പച്ചക്കറികള്‍ക്ക് പുറമെ മാംസവും ദൈവാരാധനക്കു വേണ്ടി വഴിപാടായി നിവേദിച്ചിരുന്നു. എന്നാല്‍ ആ കാലത്ത് വിഗ്രഹാരാധനയുടെ ഭാഗമായ ഏതെങ്കിലും പൂജകളോ ആചാരാനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ല.

ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്‌നി തുടങ്ങിയ ദേവതകളുടെയൊന്നും വിഗ്രഹങ്ങളോ അവതാരങ്ങളോ ഇതുവരെയും ഹിന്ദുമതാനുയായികള്‍ക്കിടയില്‍ പ്രചരിച്ചിട്ടില്ല. അതിനാല്‍ രൂപരഹിതനായ ദൈവം എന്ന ആശയമാണ് ആ സംജ്ഞകള്‍ ഉള്‍ക്കൊള്ളുന്നതെന്ന് ന്യായമായും കരുതാം. ഹിന്ദുമതത്തില്‍ പില്‍ക്കാലത്ത് രൂപപ്പെട്ട ദൈവിക സങ്കല്‍പത്തില്‍നിന്ന് തികച്ചും ഭിന്നമായ ദൈവവിശ്വാസമായിരുന്നു ഋഗ്വേദത്തിലേത് എന്നതും ശ്രദ്ധേയമാണ്.

ബഹുദൈവത്വത്തിന്റെ ഛായയില്‍ വേദങ്ങള്‍ പഠിപ്പിക്കുന്ന ഏകദൈവ വിശ്വാസത്തെ വൈദ്യുതിയോട് താരതമ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തമാവും. വൈദ്യുതി എന്ന ഏകശക്തി അത് കടത്തിവിടുന്ന ഉപകരണത്തിന്റെ അവസ്ഥക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ട്യൂബിലും ബള്‍ബിലുമെല്ലാം വെളിച്ചമായും ഫാനില്‍ കാറ്റായും ഫ്രിഡ്ജില്‍ തണുപ്പായും ഇസ്തിരിപ്പെട്ടിയില്‍ ചൂടായും ടെലിവിഷനില്‍ നിറങ്ങളായും ഫ്‌ളോര്‍ മില്ലുകളില്‍ സംഹാരതാണ്ഡവമാടുന്ന ശക്തിയായുമാണ് അത് പ്രത്യക്ഷപ്പെടുന്നത്. ബാഹ്യദൃഷ്ടിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് വൈദ്യുതിയെ ഏതെങ്കിലും ഉപകരണത്തെ മുന്‍നിര്‍ത്തി ബള്‍ബാണെന്നോ ഫാനാണെന്നോ വാദിക്കാം. ആ ഉപകരണങ്ങളില്‍ ഒന്നിന്റെ രൂപമാണ് വൈദ്യുതിയുടേതെന്നോ ആ ഗുണം മാത്രമേ വൈദ്യുതിക്കുള്ളൂ എന്നോ വാദിക്കുന്നത്, യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടതിന്റെ മാനദണ്ഡമായി കരുതാനാവില്ല. എന്നാല്‍ വൈദ്യുതിയെപ്പറ്റി പഠിച്ച ഒരാള്‍ക്ക് എല്ലാ ഉപകരണങ്ങളിലും ഉള്ളത് വൈദ്യുതി എന്ന ഏക ശക്തിയാണെന്നും പുറമെ കാണുന്നതുപോലെ അവക്കിടയില്‍ ബഹുത്വമില്ലെന്നും തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ വൈദ്യുതിയുടെ യാഥാര്‍ഥ്യം അറിയാത്ത ഒരാള്‍ വിവിധ ഉപകരണങ്ങളില്‍നിന്ന് പ്രവഹിക്കുന്ന വൈദ്യുതിയിലെ ബഹുത്വത്തെയായിരിക്കും തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക. ഈ വസ്തുതകള്‍ ആരാധനക്കര്‍ഹനായ ഒരു ശക്തിയുടേതാകുമ്പോള്‍ ആരാധിക്കപ്പെടുക വൈദ്യുതിയായിരിക്കില്ല; ഫാനും ഫ്രിഡ്ജും ബള്‍ബും ടെലിവിഷനുമെല്ലാമായിരിക്കും. 

അവലംബം
1.    ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്. ഋഗ്വേദം ഭാഷാഭാഷ്യം. ഡി.സി ബുസ് കോട്ടയം - 1995.
2.    S.Radhakrishnan- Indian philosophy voll- page 76. Oxford university press new delhi-2007 (1922)
3.    ഋഗ്വേദം ഭാഷാഭാഷ്യം - വാല്യം മൂന്ന്, പുറം: 604.
4.    ഋഗ്വേദം ഭാഷാഭാഷ്യം - വാല്യം അഞ്ച്, പുറം: 639.
5.    R.S Sharma- indias Ancient past. Page 115. Oxford university press, new dehi  2018

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top