ഹമീദുദ്ദീന്‍ ഫറാഹിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം; അഞ്ച് സവിശേഷതകള്‍
ഡോ. ഇനായത്തുല്ല സുബ്ഹാനി
1 ഖുര്‍ആന്‍ നേരാംവിധം അറിയുകയും അനുഭവിച്ചാസ്വദിക്കുകയും ചെയ്ത പണ്ഡിത വ്യക്തിത്വമെന്നതാണ് ഹമീദുദ്ദീന്‍ ഫറാഹിയുടെ പ്രത്യേകത. വിസ്മയകരമാംവിധം ഖുര്‍ആനിക ജ്ഞാനവും വെളിച്ചവും ആര്‍ജിച്ച മഹാനായിരുന്നു അദ്ദേഹം. ഖുര്‍ആനുമായുള്ള ദീര്‍ഘസഹവാസത്തിലൂടെ എല്ലാ ഖുര്‍ആനിക സൂക്തങ്ങളും ഖണ്ഡിത വിധികളും കല്‍പനകളുമുള്‍ക്കൊള്ളുന്ന വചനങ്ങളാണെന്ന് അദ്ദേഹം കണ്ടെത്തി. ഒരേ സൂക്തത്തിന് പരസ്പരവിരുദ്ധ അര്‍ഥകല്‍പനയെ സാധൂകരിക്കുന്ന പണ്ഡിത നിലപാട് അദ്ദേഹം തള്ളിക്കളഞ്ഞു. ആ നിലപാട് അംഗീകരിച്ചാല്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ അഖണ്ഡിതവും കേവല ധാരണ(ളന്ന്) മാത്രം കുറിക്കുന്നവയുമാണെന്നു വരും.
قَدْ جَاءَكُم مِّنَ اللَّهِ نُورٌ وَكِتَابٌ مُّبِينٌ
(നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വെളിച്ചവും സ്പഷ്ടമായ സത്യവേദവും സമാഗതമായിരിക്കുന്നു - മാഇദഃ 15)
يَا أَيُّهَا النَّاسُ قَدْ جَاءَكُم بُرْهَانٌ مِّن رَّبِّكُمْ
(ജനങ്ങളേ! നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് പ്രമാണം സമാഗതമായിരിക്കുന്നു - നിസാഅ്: 174) എന്നാണല്ലോ ഖുര്‍ആനിന്റെ നിലപാട്. യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ലാത്ത ഒന്നും ഒന്നും രണ്ട് എന്ന വിധം സ്പഷ്ടമായ ന്യായത്തിനാണ് 'ബുര്‍ഹാന്‍' എന്നു പറയുന്നത്. അത്തരമൊരു ന്യായത്തെയും പ്രമാണത്തെയും മാത്രമേ സ്പഷ്ടമായ വേദം, സത്യാസത്യ വിവേചനം -അല്‍ഫുര്‍ഖാന്‍- എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. 'കിതാബുല്‍ ഹഖ്' - സത്യവേദ പുസ്തകം അത്തരത്തിലുള്ള ഒന്നായിരിക്കണം എന്നു സാരം.
2 ശര്‍ഈ വിജ്ഞാനങ്ങളുടെയെല്ലാം അടിസ്ഥാനവും അച്ചുതണ്ടും ഖുര്‍ആനായിരിക്കുകയെന്ന നിലപാട് സദാ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതാണ് ഇമാം ഫറാഹിയുടെ രണ്ടാമത്തെ സവിശേഷത. സൗരയൂഥത്തിലെ എല്ലാ ഗോളങ്ങളും സൂര്യനെയെന്നപോലെ, എല്ലാ വിജ്ഞാനീയങ്ങളും ഖുര്‍ആന്‍ കേന്ദ്രീകരിച്ച് ചുറ്റിക്കറങ്ങേണ്ടതാണ്. എല്ലാ അറിവുകളുടെയും യഥാര്‍ഥ അടിത്തറ ഖുര്‍ആനാണെന്നിരിക്കെ അത് അങ്ങനെത്തന്നെ നടപ്പാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ വ്യാഖ്യാന നിദാന തത്ത്വങ്ങളും നിര്‍ബന്ധമായും ഖുര്‍ആന്‍ പ്രകാരം തന്നെയായിരിക്കണം. എങ്കില്‍ മാത്രമേ അതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്ന വിജ്ഞാനീയങ്ങള്‍ സര്‍വത്ര പ്രകാശം ചുരത്തുന്ന അറിവായിത്തീരുകയുള്ളൂ.
ദീനിന്റെ ഏതാണ്ടെല്ലാ അധ്യാപനങ്ങളുടെയും ലക്ഷ്യം ധാര്‍മികമായ ശിക്ഷണവും ധൈഷണിക വികാസവും മനുഷ്യന്റെ കര്‍മങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സംസ്‌കരണവുമാണെന്നിരിക്കെ, അതിന് ഖുര്‍ആനെ അവഗണിച്ച് സ്വന്തം അനുഭവങ്ങളും ദാര്‍ശനികരുടെ സിദ്ധാന്തങ്ങളും ഇസ്‌ലാമേതര സ്രോതസ്സുകളും അവലംബിക്കുകയും അവയില്‍ അല്‍പസ്വല്‍പം ഖുര്‍ആനിക നിര്‍ദേശങ്ങള്‍ സമം ചേര്‍ക്കുകയും ചെയ്താല്‍ പിണയുന്ന വ്യതിയാനങ്ങളാണ് സ്വൂഫികള്‍ക്കും കര്‍മശാസ്ത്രാചാര്യന്മാര്‍ക്കും സംഘടനാ നായകന്മാര്‍ക്കും ദൈവശാസ്ത്രകാരന്മാര്‍ക്കുമെല്ലാം സംഭവിച്ചത്.
മുതകല്ലിമുകളെന്ന് പറയപ്പെടുന്ന ദൈവശാസ്ത്രകാരന്മാരാവട്ടെ, പൗരാണിക ഭൗതികവാദികളുടെ തര്‍ക്കശാസ്ത്ര സമീപനം പിന്തുടര്‍ന്നതിനാല്‍ അവര്‍ക്ക് ഖുര്‍ആനിന്റെ ടെക്സ്റ്റും ഭൗതികതത്ത്വശാസ്ത്രവും തമ്മില്‍ സമന്വയിപ്പിക്കാന്‍ സാധിക്കാതെ വന്നു. റാസിയെ പോലെ ചില മഹാപണ്ഡിതന്മാര്‍ വരെ ഖുര്‍ആനെ നേര്‍ക്കുനേരെ പിന്തുടരാന്‍ സാധ്യമല്ലെന്ന് പ്രസ്താവിക്കുകയും തങ്ങളുടെ വാദം സാധൂകരിക്കാന്‍ പല ഖുര്‍ആന്‍ സൂക്തങ്ങളും അസ്പഷ്ട (മുതശാബിഹാത്ത്) വചനങ്ങളാവാനിടയുണ്ടെന്ന് ന്യായീകരിച്ച് പ്രശ്‌നത്തില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാല്‍ ഭൗതികന്മാരെയും നിരീശ്വരവാദികളെയും നാം ഖുര്‍ആന്‍ കൊണ്ടുതന്നെ നേരിടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമായി സമര്‍ഥിക്കുകയും അതിനുവേണ്ടി القائد إلى عيون العقائد എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു.
ഫറാഹിക്കുമുമ്പ് പണ്ഡിതന്മാര്‍ പൊതുവില്‍ ഖുര്‍ആന്‍ തഫ്‌സീറുകള്‍ രചിച്ചത് തങ്ങളുടെ വീക്ഷണത്തില്‍ ദുര്‍ഗ്രഹമെന്ന് തോന്നിയ ഭാഗങ്ങള്‍ വിശദീകരിക്കാനായിരുന്നു. അഥവാ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സമൊഴിവാക്കിക്കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
3 പണ്ഡിതന്മാര്‍, സാമാന്യജനം എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഖുര്‍ആന്‍ ഗ്രഹിക്കാന്‍ വഴിയൊരുക്കി എന്നതാണ് ഇമാം ഫറാഹിയുടെ മൂന്നാമത്തെ സവിശേഷത. എല്ലാവര്‍ക്കും നേര്‍ക്കുനേരെയും അനായാസമായും ഖുര്‍ആന്‍ പഠനം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. അത് സാധിതമാവുകയും ചെയ്തു. അദ്ദേഹത്തിനു ശേഷമാണ് ജനങ്ങളെ പൊതുവില്‍ ഖുര്‍ആനുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനമെഴുതുന്ന രീതിക്ക് തുടക്കമായത്.
ഖുര്‍ആന്‍ പഠിക്കാനും അതേക്കുറിച്ച് പരിചിന്തനം ചെയ്യാനും പ്രേരിപ്പിക്കുന്നു എന്നതാണ് ഫറാഹിയുടെ 'നിളാമുല്‍ ഖുര്‍ആന്‍' എന്ന തഫ്‌സീറിന്റെ പ്രത്യേകത. മൗലാന മൗദൂദി എഴുതുന്നു: 'അല്ലാമാ ഫറാഹി ഉന്നതസ്ഥാനീയനായ ഒരു ഗവേഷകനായിരുന്നു. ഇതര ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍നിന്ന് വ്യത്യസ്തനാണദ്ദേഹം. വളരെ സവിശേഷവും ഗവേഷണാത്മകവുമായ ഒരു ആഖ്യാനരീതിയാണ് തഫ്‌സീറില്‍ അദ്ദേഹം സ്വീകരിച്ചത്. ഫറാഹിയുടെ ഖുര്‍ആന്‍ വ്യാഖ്യാന കൃതികളുടെ വലിയ ഒരു മേന്മ ഏതു ഭാഗം വായിച്ചാലും ബന്ധപ്പെട്ട ഭാഗത്തിന്റെ അര്‍ഥവും ആശയവും മാത്രമല്ല, ഖുര്‍ആന്‍ മൊത്തം ഗ്രഹിക്കാനാവശ്യമായ പല അടിസ്ഥാന തത്ത്വങ്ങളും അവിടെ വെച്ച് ലഭിക്കുമെന്നതാണ്. ഖുര്‍ആന്‍ അപഗ്രഥിച്ചു പഠിക്കാനുള്ള നവീന മാര്‍ഗം അത് നമുക്ക് കാണിച്ചുതരും. അങ്ങനെ ഖുര്‍ആനെ പരിചിന്തനം ചെയ്യാന്‍ സഹായകമായ പുതിയ വാതിലുകള്‍ തുറന്നുകിട്ടും' (തര്‍ജുമാനുല്‍ ഖുര്‍ആന്‍).
4 ഖുര്‍ആനിന്റെ ക്രമം സൂക്തങ്ങളും അധ്യായങ്ങളും തമ്മിലുള്ള പൂര്‍വാപര ബന്ധമെന്ന പരികല്‍പന ഒരു യാഥാര്‍ഥ്യമാണെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടുന്ന സമ്പൂര്‍ണവും സമഗ്രവുമായ ഒരു കാഴ്ചപ്പാട് മുന്നോട്ടു വെച്ചു എന്നതാണ് ഇമാം ഫറാഹിയുടെ നാലാമത്തെ സവിശേഷത. ഖുര്‍ആന്‍ സൂക്തങ്ങളുടെ ഘടനയെയും അവ തമ്മിലെ ബന്ധത്തെയും സംബന്ധിച്ച് വിലപ്പെട്ട പഠനങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും അവ വായിക്കുമ്പോള്‍ കൃത്രിമത്വമുള്ളതായി തോന്നും. വിഷയത്തോടു തന്നെ വിരക്തിയനുഭവപ്പെടും. എന്നാല്‍ ഫറാഹിയുടെ പഠനം അതില്‍നിന്ന് വ്യത്യസ്തമാണ്. അദ്ദേഹത്തിന്റേത് ഗംഭീരവും പ്രൗഢവും, ശാസ്ത്രീയ സുഭഗതയും ലാവണ്യവുമുള്ളതുമായതിനാല്‍ വായനക്കാരെ ആകര്‍ഷിക്കും. ദൈവിക വചനങ്ങളുടെ മുമ്പില്‍ അവര്‍ നമ്രശിരസ്‌കരായി വീഴും. അത്രക്ക് ഹൃദ്യമാണ് ഫറാഹി ശൈലി.
ഖുര്‍ആനിന്റെ ഈ പൊതുസ്വഭാവം കണ്ടെത്താനുള്ള വഴിയടയാളങ്ങളെ ആറായി സംക്ഷേപിക്കാവുന്നതാണ്. ഖുര്‍ആനിന്റെ യുക്തിയിലേക്കും ഉള്‍പൊരുളിലേക്കും വഴികാട്ടുന്ന സൂക്തങ്ങള്‍ തമ്മിലുള്ള പരസ്പര യോജിപ്പിനെയും പൊരുത്തത്തെയും കുറിച്ചാണ് അദ്ദേഹം ഖുര്‍ആനിക ക്രമം -നിളാമുല്‍ ഖുര്‍ആന്‍- എന്ന് വിശേഷിപ്പിക്കുന്നത്. രണ്ടു സൂക്തങ്ങള്‍ തമ്മില്‍ ഏതെങ്കിലും തരത്തില്‍ സമന്വയിപ്പിച്ചതുകൊണ്ടുമാത്രം അത് ക്രമത്തിലാണെന്ന് പറയാനാവുകയില്ല. താല്‍പര്യപ്പെടുന്ന സൗന്ദര്യം അതിനുണ്ടാവുകയുമില്ല. ക്രമം സ്വയമേവ ഒരു ലക്ഷ്യമേയല്ല. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന യുക്തിഭദ്രതയും മനോഹാരിതയും അനുവാചകര്‍ക്ക് സുഗ്രഹമാക്കുന്ന ക്രമവും ഖുര്‍ആനിക ദര്‍ശനത്തിന്റെ പരസ്പര പൊരുത്തവുമാണ് ഖുര്‍ആനിക ക്രമം എന്നതിലൂടെ വിവക്ഷിക്കുന്നത്.
ഖുര്‍ആനിക ക്രമത്തിലേക്കുള്ള രണ്ടാമത്തെ വഴിയടയാളമായി ഫറാഹി ചൂണ്ടിക്കാട്ടുന്നത് ഖുര്‍ആനിന്റെ ദര്‍ശനം അനുവാചകരുടെ മുമ്പാകെ തുറക്കുന്ന താക്കോലായിരിക്കും അതെന്നതാണ്.
മൂന്നാമത്തേത്, ഏതൊരധ്യായത്തിനും ഒരു കേന്ദ്രാശയവും പ്രമേയവും ഉണ്ടാകുമെന്നതാണ്. കേന്ദ്രാശയം തന്നെയായിരിക്കും അതിന്റെ ക്രമവും. നാലാമത്തെ വഴിയടയാളം അടുത്തടുത്ത സൂക്തങ്ങള്‍ തമ്മിലുള്ള ക്രമവും പൊരുത്തവും അതിന്റെ മുമ്പോ ശേഷമോ ഉള്ള സൂക്തങ്ങളുമായി ഉണ്ടാകണമെന്നതാണ്. അങ്ങനെയല്ലെങ്കില്‍ അത് യഥാര്‍ഥ ക്രമമായിരിക്കില്ല. അടുത്തും അകലെയുമുള്ള എല്ലാ സൂക്തങ്ങളും പരസ്പരം യോജിക്കുംവിധമുള്ള ക്രമഭംഗിയും ചേര്‍ച്ചയും ഉണ്ടാവേണ്ടത് അനിവാര്യമാണ്.
അഞ്ചാമതായി, ഖുര്‍ആനിലും തിരുചര്യയിലുമുള്ള സ്പഷ്ടവും ഖണ്ഡിതവുമായ നിര്‍ദേശങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം ക്രമം. ആറാമതായി, വാച്യാ പരാമര്‍ശിക്കപ്പെട്ട സൂചകങ്ങളിലൂടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ ഗ്രഹിക്കാവുന്ന ക്രമം, വാച്യാ ഒരു സൂചനകളുമില്ലാത്ത ക്രമത്തേക്കാള്‍ പ്രബലമായി കണക്കാക്കേണ്ടതാണ്.
ചരുക്കത്തില്‍, ഖുര്‍ആനിന്റെ ക്രമവും പൂര്‍വാപര ബന്ധവും ഗ്രഹിക്കുകയെന്ന ശ്രമകരമായ അന്വേഷണങ്ങളില്‍ ഇമാം ഫറാഹി മുന്നോട്ടു വെച്ച മേല്‍കാര്യങ്ങള്‍ എന്തുമാത്രം പ്രധാനമാണെന്ന് മനസ്സിലാവും.
5 ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുകയെന്ന പരികല്‍പനയെ ഇതര ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ അപേക്ഷിച്ച് വളരെ വിശാലമായ പ്രതലത്തിലൂടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നതാണ് ഫറാഹിയുടെ അഞ്ചാമത്തെ പ്രത്യേകത. ഒരിടത്ത് സംക്ഷേപിച്ചു പറഞ്ഞ കാര്യം മറ്റൊരിടത്ത് വിസ്തരിച്ചു പറയുന്നു, ഒരിടത്ത് നല്‍കിയ ഒരു പ്രത്യേക സൂചനയെ മറ്റൊരു അധ്യായത്തിലൂടെ സാമാന്യവല്‍ക്കരിക്കുന്നു, ഒരിടത്ത് നല്‍കിയ കഥാസൂചന മറ്റൊരിടത്ത് വിസ്തരിച്ചുപറയുന്നു, ഒരിക്കല്‍ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു കല്‍പന മറ്റൊരു സൂക്തം ദുര്‍ബലപ്പെടുത്തുന്നു എന്നിങ്ങനെയായിരുന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍നിന്ന് ഭിന്നമായി സ്വീകരിച്ച നിലപാടാണ് ഫറാഹിയെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ മുന്‍നിരയിലെത്തിച്ചത്. ഖുര്‍ആനിനെ ഒരു മാലയിലെ മുത്തുകളെന്ന പോലെ പരസ്പരം കണ്ണിചേര്‍ന്ന ഒരു ആശയസാകല്യമായാണ് ഇമാം ഫറാഹി കാണുന്നത്. ഉദാഹരണമായി, അധ്യായം ഹുമസഃ മുതല്‍ അന്നാസ് വരെയുള്ള പതിനൊന്ന് അധ്യായങ്ങള്‍ ഓരോന്നും തൊട്ടടുത്ത അധ്യായത്തെയും തുടര്‍ അധ്യായങ്ങളെയും എങ്ങനെയാണ് വിശദീകരിക്കുന്നതെന്നും അവയിലുള്ള ഓരോരോ വചനങ്ങളും ഏതു പ്രകാരമാണ് ഇതര വചനങ്ങളെ വിശദീകരിക്കുന്നതെന്നും മാത്രം പരിശോധിച്ചാല്‍ ഈ നിലപാടിന്റെ സാധുത ആര്‍ക്കും ബോധ്യപ്പെടാതിരിക്കില്ല.
ഹുമസഃ അധ്യായം ആക്ഷേപശകാരങ്ങളുമായി ഊരു തെണ്ടുന്ന അഹങ്കാരിയെ അവതരിപ്പിച്ച് ചരിത്രത്തിലുടനീളം അത്തരക്കാര്‍ ഒടുവില്‍ എത്തിപ്പെടുന്ന ദുരന്തപൂര്‍ണമായ ജീവിതം വരച്ചുകാണിക്കുന്നുണ്ട്. കഅ്ബ തകര്‍ക്കാന്‍ ആനപ്പടയെ ചൂണ്ടിക്കാണിച്ച്, അവര്‍ക്കെന്തു സംഭവിച്ചുവെന്നും, ആ നിലപാട് പിന്തുടര്‍ന്നാല്‍, ദൈവാധീനം കൊണ്ടുമാത്രം സുഖസമൃദ്ധമായ ജീവിതം നയിക്കുന്ന ഖുറൈശികള്‍ക്കും അതു തന്നെയാണ് സംഭവിക്കുകയെന്നും മുന്നറിയിപ്പു നല്‍കുന്നു. നബിയും അനുയായികളും ഇപ്പോള്‍ ദുര്‍ബലരാണെങ്കിലും അവര്‍ ഭൗതിക ലോകത്ത് കഅ്ബയുടെയും പരലോകത്ത് കൗസറിന്റെയും കൈകാര്യാധികാരികളാകുമെന്നും വിശദീകരിക്കുന്നു. അവര്‍ ഒരു ഘട്ടത്തില്‍ മക്കയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നാലും പിന്നീട് തിരികെയെത്തി മക്ക ജയിച്ചടക്കും. അബൂലഹബും അയാളുടെ ധനവും അധികാരവും അയാള്‍ക്കു തന്നെയും ഉപകാരപ്പെടാതെ ഒടുങ്ങിപ്പോകും. നിഷേധികള്‍ അല്ലാഹുവിന്റെ ആധിപത്യം അംഗീകരിക്കുന്ന ഒരു നാള്‍ വരും. ആത്യന്തികമായി അല്ലാഹുവിന്റെ ആധിപത്യമാണ് പുലരുക. അന്ന് അവര്‍ അല്ലാഹുവിനു കീഴ്‌പ്പെടേണ്ടിവരും. മേല്‍ ആശയം കൃത്യമായ പദങ്ങളിലൂടെ ഒടുവിലെ അധ്യായങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നു. അവ വായിക്കുന്നതും കേട്ടാസ്വദിക്കുന്നതും വല്ലാത്തൊരു ദിവ്യാനുഭൂതിയാണ് നമുക്ക് പകരുന്നത്. ഖുര്‍ആന്‍ മുഴുവന്‍ ഈ വിധം വായിച്ചനുഭവിക്കാവുന്നതാണ്. ഇതേക്കുറിച്ചാണ് ഇമാം ഫറാഹി ഖുര്‍ആനിന്റെ ക്രമം, ഘടന എന്നൊക്കെ വ്യവഹരിക്കുന്നത്.
വിവ: കെ.ടി നദ്‌വി