പ്രവാചകത്വ സമാപ്തി ഹദീസുകളില്‍
പി.പി അബ്ദുര്‍റഹ്‌മാന്‍ കൊടിയത്തൂര്‍
താന്‍ അന്ത്യപ്രവാചകനാണെന്നും തനിക്ക് ശേഷം നബി വരില്ലെന്നും പല സന്ദര്‍ഭങ്ങളിലായി മുഹമ്മദ് നബി(സ) പറഞ്ഞതായി സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ നേരിയ അഭിപ്രായ വ്യത്യാസം പോലും അക്കാര്യത്തിലില്ല. മുഹമ്മദ് നബിക്കു ശേഷം കുറേയേറെ വ്യാജവാദികള്‍ രംഗപ്രവേശം ചെയ്തു. അപ്പോഴൊക്കെ ഭരണാധികാരികളും ഉലമാക്കളും അവരെ കൈകാര്യം ചെയ്തത് ഏകാഭിപ്രായത്തോടെത്തന്നെയായിരുന്നു.
ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട സ്വഹീഹും മുതവാതിറുമായ ഹദീസുകള്‍ ഖാദിയാനികളും അംഗീകരിക്കുന്നു. അവരതിന് പുതിയ വ്യാഖ്യാനം ചമയ്ക്കുകയാണ് ചെയ്യുന്നത്. മലയാളത്തില്‍ ലഭ്യമായ പല കൃതികളിലും അവ വിശദമായി പരാമര്‍ശിച്ചിരിക്കെ ഇവിടെ ചിലത് മാത്രം പറയാം.
1. മുഹമ്മദ് നബി(സ) പറഞ്ഞു
إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ
''എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്. ഒരാള്‍ ഒരു കെട്ടിടം പണിതു, അതിനെ വളരെ സുന്ദരവും ചേതോഹരവുമാക്കി. പക്ഷേ ഒരു മൂലക്കല്ലിന്റെ ഭാഗം അപൂര്‍ണമാക്കി ഒഴിച്ചിട്ടു. ആളുകള്‍ അത് ചുറ്റി നടന്നുകണ്ടു അത്ഭുതം കൂറി. 'എന്തുകൊണ്ട് ആ കല്ല് കൂടി വെച്ച് ഇത് പൂര്‍ത്തിയാക്കിയില്ല?' അവര്‍ ചോദിച്ചു. 'ഞാനാകുന്നു ആ കല്ല്. ഞാന്‍ അന്ത്യപ്രവാചകനാകുന്നു'' (ബുഖാരി, കിതാബുല്‍ മനാഖിബ്).
പ്രവാചകത്വ സൗധത്തെ പരിപൂര്‍ണമാക്കിയ അവസാനത്തെ കല്ല് എന്ന ഉപമ എത്ര സുന്ദരവും സുവ്യക്തവുമാണെന്ന് നോക്കുക. ഇനിയും ഒരു കല്ല് വെച്ചാല്‍ അത് അധികപ്പറ്റാവും, സൗധത്തിന് സൗന്ദര്യമല്ല കളങ്കമായി അത് മാറും. ഇവിടെ ശരീഅത്തോടുകൂടിയെന്നോ ഇല്ലാത്തതെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. പ്രവാചകത്വത്തിന്റെ കെട്ടിടം മുഹമ്മദ് നബിയോടെ പൂര്‍ണമായിരിക്കുന്നു.
എന്നാല്‍ ഖാദിയാനി പ്രവാചകന്റെ ധാര്‍ഷ്ട്യം നോക്കുക. അദ്ദേഹം എഴുതി: ''ഈ കെട്ടിടത്തില്‍ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിഞ്ഞുകിടന്നിരുന്നു. അതായത് അപ്പോള്‍ അല്ലാഹു ഈ പ്രവചനം പൂര്‍ത്തീകരിക്കാനുദ്ദേശിച്ചു. ഒടുവിലത്തെ ഇഷ്ടിക ഇഷ്ടിക കൂടി വെച്ചു കെട്ടിടം പൂര്‍ത്തിയാക്കി. ആ ഇഷ്ടിക ഞാനാകുന്നു'' (ഖുതുബയേ ഇാമിയ പേ 177-178).
മിര്‍സാ ഖാദിയാനി പ്രവാചകത്വത്തിന്റെ കെട്ടിടം പൂര്‍ത്തിയാക്കി എന്ന് പറയുമ്പോഴും പ്രശ്‌നം ഗുരുതരമാവുന്നു. ഖാദിയാനികള്‍ ദുര്‍വ്യാഖ്യാനിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഇനിയും നിരന്തരം തുടരുന്ന പ്രവാചകത്വമാണല്ലോ പ്രതിപാദിക്കുന്നത്. അപ്പോള്‍ മിര്‍സാ ഖാദിയാനി എങ്ങനെയാണ് അന്ത്യപ്രവാചകനാവുക? അദ്ദേഹമാകട്ടെ തന്റെ പ്രവാചകത്വ സമാപ്തി പലവുരു പ്രഖ്യാപിച്ചതുമാണ്. ഒരു കവിത ഇങ്ങനെ: ''ആദമിന്റെ തോട്ടം ഇത് വരെ അപൂര്‍ണമായിരുന്നു. ഞാന്‍ വന്നതോടെയാണ് അതില്‍ പൂക്കളും കായ്കളും ഉണ്ടായത്'' (ബറാഹിനെ അഹ്‌മദിയ ഭാഗം 5 പേജ്: 144).
ഖാദിയാനിയുടെ മറ്റൊരു വചനം കൂടി: ''ഒരു മഹാനായ റസൂലിനെ സ്വീകരിക്കാത്തവന്‍ നാശത്തിലാകുന്നു. എന്നെ തിരിച്ചറിഞ്ഞവനോ അനുഗൃഹീതനായി. ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗങ്ങളില്‍ അവസാനത്തെ മാര്‍ഗമാകുന്നു. അവന്റെ പ്രകാശങ്ങളില്‍ അവസാനത്തെ പ്രകാശവും ഞാന്‍ തന്നെ. എന്നെ നിരാകരിച്ചവന്‍ നിര്‍ഭാഗ്യവാന്മാരാകുന്നു; കാരണം ഞാനൊഴികെയുള്ളതെല്ലാം ഇരുട്ടാകുന്നു'' (കശ്തിയേ നൂഹ് പേജ്: 56).
എന്നാല്‍ അല്ലാഹുവിന്റെ ഖജനാവ് തീര്‍ന്നുപോയിട്ടില്ലെന്നും ഒരായിരം പ്രവാചകന്മാര്‍ ഇനിയും വരാമെന്നുമാണ് ഖാദിയാനി പുത്രനും ഖലീഫയുമായ മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദിന്റെ വാദം (അന്‍വാറുല്‍ ഖിലാഫത്ത് പേജ്: 62).
2. നബിതിരുമേനി(സ) അരുള്‍ ചെയ്തു:
كَانَتْ بَنُو إِسْرَائِيلَ تَسُوسُهُمُ الأَنْبِيَاءُ كُلَّمَا هَلَكَ نَبِيٌّ خَلَفَهُ نَبِيٌّ وَإِنَّهُ لاَ نَبِيَّ بَعْدِي وَسَتَكُونُ خُلَفَاءُ فَتَكْثُرُ
''ഇസ്രാഈല്‍ സമൂഹത്തെ പ്രവാചകന്മാരായിരുന്നു ഭരിച്ചിരുന്നത്. ഓരോ പ്രവാചകനും മരിക്കുമ്പോള്‍ തദ്സ്ഥാനത്ത് പ്രതിനിധിയായി മറ്റൊരു പ്രവാചകന്‍ വരും. എന്നാല്‍ എന്റെ ശേഷം പ്രവാചകന്മാരില്ല; ധാരാളം ഖലീഫമാരുണ്ടാകും'' (ബുഖാരി, കിതാബുല്‍ മനാഖിബ്).
നിവേദനത്തിലും ഉള്ളടക്കത്തിലും ഏറെ പ്രാധാന്യമുള്ള ഒരു തിരുവചനമാണിത്. മുസ്‌ലിം സമുദായത്തില്‍ ഇനി പ്രവാചകന്മാരുണ്ടാവില്ലെന്നും പകരം ഖലീഫമാരാണ് നയിക്കുകയെന്നും വ്യക്തമാക്കുമ്പോള്‍ തന്നെ ഇസ്രാഈല്‍ സമുദായത്തിലേക്ക് ശരീഅത്തുള്ളവരും ഇല്ലാത്തവരും പ്രവാചകന്മാരുടെ സഹായികളുമായി ദൂതന്മാര്‍ നിയുക്തരായിട്ടുണ്ടെങ്കിലും ഒരു തരത്തിലുമുള്ള പ്രവാചകന്മാരും തന്റെ സമുദായത്തില്‍ വരില്ലെന്ന് നിര്‍വിശങ്കം പ്രഖ്യാപിക്കുകയാണ് മുഹമ്മദ് നബി(സ). ഈ സമുദായത്തിന്റെ നേതൃത്വം ഖലീഫമാരിലും ഭരണാധികാരികളിലുമായിരിക്കും; പ്രവാചകന്മാരിലായിരിക്കില്ല.
3. സൗബാനില്‍നിന്ന് നിവേദനം: നബിതിരുമേനി(സ) പറഞ്ഞു.
وَإِنَّهُ سَيَكُونُ فِي أُمَّتِي ثَلاَثُونَ كَذَّابُونَ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ وَأَنَا خَاتَمُ النَّبِيِّينَ لاَ نَبِيَّ بَعْدِي
''തീര്‍ച്ചയായും എന്റെ സമുദായത്തില്‍ മുപ്പത് കള്ളവാദികളുണ്ടാകും. താന്‍ പ്രവാചകനാണെന്ന് ഓരോരുത്തരും വാദിക്കും. ഞാനാകട്ടെ അവസാനത്തെ പ്രവാചകനാകുന്നു; എന്റെ ശേഷം പ്രവാചകനില്ല'' (അബൂദാവൂദ്- കിതാബുല്‍ ഫിതന്‍).
ഈ ഹദീസ് വായിക്കുമ്പോള്‍ ഒരു സംശയമുദിച്ചേക്കാം. മുഹമ്മദ് നബി(സ) തനിക്ക് ശേഷം മുപ്പത് കള്ളവാദികള്‍ വരുമെന്നാണല്ലോ പറഞ്ഞത്. പക്ഷേ കള്ളവാദികള്‍ ധാരാളം വന്നു കഴിഞ്ഞതാണല്ലോ. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇതിനെ ഇബ്‌നുഹജര്‍ 'ഫത്ഹുല്‍ ബാരി'യില്‍ ഇവ്വിധം വിവരിക്കുന്നു:
''ഈ ഹദീസില്‍ നിരുപാധികം പ്രവാചകത്വവാദികളെയല്ല ഉദ്ദേശിച്ചത്. അവരുടെ എണ്ണം ധാരാളമാണല്ലോ. പലരും മനോരോഗം മൂലമാണ് പ്രവാചകത്വവാദമുന്നയിക്കുക. ഈ ഹദീസില്‍ പറഞ്ഞ മുപ്പത് കള്ളവാദികള്‍ കൊണ്ടുള്ള വിവക്ഷ സ്വന്തമായി മതം സ്ഥാപിച്ച കൂടുതലായി അനുയായികളെ ലഭിച്ച വ്യാജവാദികളാണ്'' (ഭാഗം 14, പേജ്: 343).
പല ഭാഷകളിലും നിശ്ചിത സംഖ്യക്ക് വേണ്ടി മാത്രമല്ല, ചില എണ്ണങ്ങള്‍ പ്രയോഗിക്കാറുള്ളത് എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. അറബി ഭാഷയില്‍ ധാരാളം എന്ന അര്‍ഥത്തില്‍ 30,70,100 തുടങ്ങിയ സംഖ്യകള്‍ പ്രയോഗിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ കപട വിശ്വാസികള്‍ക്കു വേണ്ടി നീ എഴുപത് വട്ടം മാപ്പപേക്ഷിച്ചാലും അല്ലാഹു മാപ്പു നല്‍കിയില്ല എന്ന് പറയുന്നുണ്ട് (അത്തൗബ: 80) എഴുപത്തി ഒന്നാമതും മാപ്പപേക്ഷിച്ചാല്‍ പൊറുത്തു കൊടുക്കുമെന്ന് ആരെങ്കിലും ഇതിന് അര്‍ഥം കല്പിക്കുമോ? അതുകൊണ്ടുതന്നെ മിര്‍സാ ഖാദിയാനി മുപ്പത്തി ഒന്നാമനായതുകൊണ്ട് സത്യവാദിയാണെന്ന ഖാദിയാനികളുടെ വാദത്തിന് യാതൊരു പ്രസക്തിയുമില്ല. ഭാഷയിലും സാഹിത്യത്തിലുമുള്ള ഇത്തരം പ്രയോഗങ്ങള്‍ ഒരു പ്രവാചകത്വവാദിയുടെ തെളിവായി സമര്‍പ്പിക്കുന്നുവെന്നത് തന്നെ ആദര്‍ശദൗര്‍ബല്യമാണ്.
ഈ രണ്ട് ഹദീസുകളിലും 'ലാ നബിയ്യ ബഅ്ദീ' - എനിക്ക് ശേഷം നബിയില്ല എന്ന് വ്യക്തമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഹദീസുകള്‍ സ്വീകരിച്ചുകൊണ്ട് അവക്ക് ദുര്‍വ്യാഖ്യാനം ചമയ്ക്കാനാണ് ഖാദിയാനികള്‍ ശ്രമിക്കുന്നത്.
a) 'ഇവിടെ 'ലാ' എന്ന നിഷേധം എല്ലാ നബിമാരെയും ഉദ്ദേശിച്ചല്ല, ശരീഅത്തോടുകൂടിയുള്ള നബിമാരാണുദ്ദേശ്യം.' 'നഫീ കാമില്‍ അല്ല, നഫീ ജിന്‍സ്' ആണെന്ന് വ്യാകരണ ഭാഷ.
ഇത് വെറുമൊരു വാദം മാത്രമാണ്. അങ്ങനെയായിരുന്നെങ്കില്‍ നബി തിരുമേനി(സ) തന്നെ അക്കാര്യം വിശദമാക്കുമായിരുന്നു. തനിക്കു ശേഷം നബിമാര്‍ വരികയും സമുദായം അവരെ തിരസ്‌കരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമല്ലല്ലോ. 'ലാഇലാഹ ഇല്ലല്ലാ' എന്നതിന്റെ വിവക്ഷ സമ്പൂര്‍ണനായ ദൈവമാണ്, ഉപദൈവങ്ങള്‍ അല്ല എന്ന് ബഹുദൈവ വിശ്വാസികള്‍ പറഞ്ഞാല്‍ അംഗീകരിക്കാനാവുമോ? എന്തായിരിക്കും ഖാദിയാനികളുടെ മറുപടി? രണ്ടിടത്തും 'ലാ' എന്നു തന്നെയാണല്ലോ പ്രയോഗിച്ചത്?
ഈ വചനത്തെപ്പറ്റി സാക്ഷാല്‍ ഖാദിയാനി പ്രവാചകന്‍ പറയുന്നത് കാണുക: ''അല്ലാഹു നമ്മുടെ പ്രവാചകന് നിരുപാധികം 'ഖാതമുന്നബിയ്യീന്‍' എന്ന് പേരു വിളിച്ചത് നിനക്കറിയില്ലേ? അതിനെക്കുറിച്ച് അന്വേഷിച്ചവരോട് 'ലാ നബിയ്യ ബഅ്ദി' എന്ന് സ്വന്തം വാക്യത്തില്‍ റസൂല്‍(സ)വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. നബി തിരുമേനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം നാം അംഗീകരിക്കുകയാണങ്കില്‍ പ്രവാചകത്വ വഹ്‌യിന്റെ കൊട്ടിയടച്ച കവാടം തുറക്കുമെന്നും സമ്മതിക്കേണ്ടിവരും. ഇത് വൈരുധ്യമാണ്. നമ്മുടെ റസൂലിന്റെ മരണശേഷം വഹ്‌യ് നിലക്കുകയും അല്ലാഹു അദ്ദേഹത്തിലൂടെ പ്രവാചകന്മാരെ അവസാനിപ്പിക്കുകയും ചെയ്തിരിക്കെ എങ്ങനെയാണ് മറ്റൊരു നബി വരിക?'' (ഹമാമതുല്‍ ബുശ്‌റ പേജ്: 20).
ഖുര്‍ആനിലും നിരവധി ഹദീസുകളിലുമുള്ള ഈ വചനങ്ങള്‍ക്ക് ഖാദിയാനി പ്രവാചകന്‍ ഒരേ ആശയമാണെന്ന് വിശദീകരിച്ചിരിക്കെ 'ലാ നബിയ്യ ബഅദി'യില്‍നിന്ന് ശരീഅത്തില്ലാത്ത പ്രവാചകന്മാര്‍ ഒഴിവാകുമെന്ന അനുയായികളുടെ വാദം നിലനില്‍ക്കില്ല. മുഹമ്മദ്(സ) ശ്രേഷ്ഠനാണെന്ന് ഈ ആയത്തിന് അര്‍ഥം നല്‍കുന്നത് ശരിയാവില്ലെന്നും ഉദ്ധൃത വചനം തെളിയിക്കുന്നു.
b) ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അഥവാ എനിക്കെതിരെ പ്രവാചകന്മാരില്ല എന്നാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ഇവര്‍ പറയുന്നു. ഇത്തരമൊരു വിചിത്രവാദം ലോകത്ത് മറ്റൊരാളും പറഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
മുഹമ്മദ് നബി(സ) ജീവിച്ചിരുന്നപ്പോഴും മരണശേഷവും പ്രവാചകത്വവാദികള്‍ വന്നിട്ടുണ്ട്. നബി(സ)യും ഖലീഫമാരും തുടര്‍ന്ന് ഭരണാധികാരികളും അവരെ എവ്വിധം കൈകാര്യം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുസൈലിമതുല്‍ കദ്ദാബ് മുതല്‍ ഇറാനിലെ ബാബും ബഹാഉല്ലയും വരെ അതിന്റെ ഉദാഹരണങ്ങളാണ്.
ഒരു പ്രവാചകനെ നിയോഗിച്ച ശേഷം അദ്ദേഹത്തിനെതിരില്‍ മറ്റൊരാളെ നിയോഗിക്കുകയെന്നത് ഏറെ വിചിത്രമായ സംഗതിയാണ്. പ്രവാചകന്മാരെ സഹായിക്കാനും ശക്തിപ്പെടുത്താനുമായി മറ്റു പ്രവാചകന്മാരെ നിയമിച്ചുവെന്നാണ് ഖുര്‍ആന്റെ പാഠം. 'ലാ നബിയ്യ ബഅ്ദീ' എന്നതിന് എനിക്കെതിരെ പ്രവാചകനില്ല എന്ന അര്‍ഥം പരിഹാസ്യമാണെന്നേ പറയാനാവൂ.
c) 'ഖാതമുന്നബിയ്യീന്‍ എന്ന് പറഞ്ഞുകൊള്ളുക, 'ലാ നബിയ്യ ബഅ്ദഹു' എന്ന് പറയരുത്' എന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ടല്ലോ. അതില്‍നിന്ന് മുഹമ്മദ് നബിക്ക് ശേഷം നബിമാര്‍ വരുമെന്നല്ലേ മനസ്സിലാവുക? എന്നാണ് ഖാദിയാനി വിഭാഗത്തിന്റെ മറ്റൊരു ന്യായം.
'അന ഖാതമുന്നബിയ്യീന്‍ വലാ നബിയ്യ ബഅ്ദീ' എന്ന് പലതവണ വ്യക്തമായി പറഞ്ഞിരിക്കുന്നു മുഹമ്മദ് നബി (സ). ആഇശ(റ) ആ ഹദീസുകളുടെ പകുതി ഭാഗം നിഷേധിച്ചുവെന്ന് പറയുന്നത് ഒരിക്കലും സത്യമാവില്ല. അങ്ങനെ അവര്‍ പറയില്ല. ഇത് വ്യാജ നിര്‍മിതമാണെന്നേ അതേക്കുറിച്ച് പഠിച്ചവര്‍ പറയുകയുള്ളൂ. 'ലാ നബിയ്യ ബഅ്ദീ' എന്ന് പരാമര്‍ശിക്കുന്ന ഒരൊറ്റ ഹദീസിനെയും ഖാദിയാനികള്‍ തള്ളിപ്പറയുന്നില്ല എന്നിരിക്കെ തങ്ങള്‍ അംഗീകരിക്കുന്ന ഹദീസുകളിലെ ഒരു പരാമര്‍ശത്തെ ആഇശ(റ), തള്ളിക്കളയാനാവശ്യപ്പെട്ടുവെന്ന് സമ്മതിച്ചാല്‍ തന്നെ അതവര്‍ക്ക് എങ്ങനെ സ്വീകാര്യമാവും? ഒന്നുകില്‍ ആ അഭിപ്രായപ്രകാരം ഹദീസുകളെ തള്ളുക. അല്ലെങ്കില്‍ അവ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക.
പ്രമുഖരായ ഹദീസ് പണ്ഡിതന്മാര്‍ അംഗീകരിച്ച സ്വഹീഹും മുതവാതിറുമായ ഹദീസുകള്‍ കേവലം ഒരു സ്വഹാബി വനിതയുടെ 'അഥര്‍'കൊണ്ട് ദുര്‍ബലപ്പെടുത്താന്‍ പറ്റുമോ? യഥാര്‍ഥത്തില്‍ ഈ വചനം ആഇശയുടേതാവാന്‍ ഒരു സാധ്യതയുമില്ല. പ്രമുഖരായ സ്വഹാബികള്‍ നിവേദനം ചെയ്തതും പണ്ഡിതലോകം അംഗീകരിച്ചതുമായ ഒരു വചനത്തെ അങ്ങനെ പറയാന്‍ പാടില്ലെന്ന് തീര്‍ച്ചയായും അവര്‍ പറയില്ല.
ഇത്തരം ഹദീസുകളുടെ വെളിച്ചത്തില്‍ ഈസാ(അ) മുഹമ്മദ് നബി(സ)ക്ക് ശേഷം വരുമെന്നതിനെ ആരെങ്കിലും നിഷേധിച്ചുകളയുമോ എന്ന് കരുതിയാവം ആഇശ(റ) ഈസാ(അ) തീര്‍ച്ചയായും ലോകത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചത്.
മുഗീറത്തുബ്‌നു ശുഅ്ബ(റ)യോട് ഒരാള്‍ പറഞ്ഞു: 'സ്വല്ലല്ലാഹു അലാ ഖാതമുല്‍ അമ്പിയാ ലാ നബിയ്യ ബഅ#്ദഹു' ഖാതമില്‍ അമ്പിയാ എന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ, 'ലാ നബിയ്യ ബഅ്ദഹു' എന്ന് പറയണമെന്നില്ല. കാരണം ഈസാ നബി(അ) വരാനുണ്ടല്ലോ. അദ്ദേഹമാകട്ടെ മുഹമ്മദിന് മുമ്പും ഉണ്ടായിരുന്നു, ശേഷം ഉണ്ടാവുകയും ചെയ്യും (ദുര്‍റുല്‍ മന്‍സൂര്‍ ഭാഗം 5, പേജ്: 386).
ഈ വിഷയകമായി ആഇശയില്‍നിന്ന് ര് അസറുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടു്.
قولوا: خاتم النبيين، ولا تقولوا: لانبي بعده
ഇതിന്റെ നിവേദക പരമ്പരയില്‍ ആഇശയുടെയും ജരീറുബ്‌നു ഹാസിം എന്ന നിവേദകന്റെയും ഇടയില്‍ കണ്ണി മുറിഞ്ഞിരിക്കുന്നു.
لا تقولوا: لا نبي بعد محمّد وقولوا: خاتم النبيه - فانّه ينزل عيس بن مريم حكما عدل وإماما مقسطا فيقتل الدّجّال ويكسر الصّليب ويقتل الخنزير ويضع الجزية وتضع الحرب أوزارها.
ഇതിന്റെ പരമ്പരയിലെ യഹ്‌യബ്‌നു സലാമും റബീഉബ്‌നു സ്വബീഹും ദുര്‍ബലരാണ്. എങ്കിലും ഇതില്‍ മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വത്തെ നിഷേധിക്കുകയല്ല, മുഹമ്മദ് നബിയുടെ കാലശേഷം ലോകാന്ത്യത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ഈസായുടെ പുനരാഗമനം ഊന്നിപ്പറയുകയാണ്. അവരുടെ ലക്ഷ്യമെന്ന് അവരുടെ വാചകത്തില്‍നിന്ന് മനസ്സിലാക്കാം.
ആഇശ(റ)യുടെ വചനം രേഖപ്പെടുത്തിയ അതേ ഗ്രന്ഥത്തില്‍ തന്നെയാണ് ഉദ്ധൃത വചനവും ഉള്ളത് എന്നതില്‍നിന്ന് അവ പരസ്പരവിരുദ്ധമല്ലെന്ന് കരുതാം.
സ്വഹീഹും മുതവാതിറുമായ അമ്പതിലേറെ ഹദീസുകള്‍ കേവലം ഒരു 'അഥര്‍'- ആഇശയുടേതാണെന്ന് ഖണ്ഡിതമായി തെളിയിക്കാന്‍ പറ്റാത്ത ഒരു വചനം-കൊണ്ട് നസ്ഖ് ചെയ്യുകയെന്നത് ഹദീസ് നിഷേധമാണെന്ന കാര്യത്തില്‍ സംശയമില്ല.
4. ആഇശ(റ)യില്‍നിന്ന് നിവേദനം: ''നബിതിരുമേനി (സ) പറഞ്ഞു: 'എനിക്ക് ശേഷം നുബുവ്വത്തിന്റെ ഒരു ഭാഗവും ബാക്കിയുണ്ടാവില്ല; മുബശ്ശിറാത്ത് ഒഴികെ'' (മുസ്‌നദ് അഹ്‌മദ് ഭാഗം 6, പേജ്: 129), കന്‍സുല്‍ അമ്മാല്‍ (ഭാഗം 15, പേജ്: 158).
എന്താണ് മുബശ്ശിറാത്ത്? ഈ ചോദ്യത്തിന് മുഹമ്മദ് നബി(സ) തന്നെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്: 'നല്ല സ്വപ്‌നങ്ങളാണത്. വിശ്വാസികള്‍ക്ക് അല്ലാഹുവില്‍നിന്ന് സ്വപ്‌നത്തിലൂടെ ലഭിക്കുന്ന സദ്‌വാര്‍ത്തകള്‍'. പ്രവാചകന്മാര്‍ക്ക് ലഭിച്ചിരുന്ന ദിവ്യ വെളിപാടുകളുടെ ഭാഗമായിരുന്നു നല്ല സ്വപ്‌നങ്ങള്‍. ഹിജ്‌റയെ സംബന്ധിച്ച വിവരം പ്രവാചകന് ലഭിച്ചത് സ്വപ്‌നത്തിലൂടെയായിരുന്നു. പ്രവാചകത്വം അവസാനിച്ചിരിക്കെ സ്വപ്‌നങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതാകട്ടെ അനുഭവപ്പെടുന്ന ആള്‍ക്ക് മാത്രമുള്ളതാണ്. മറ്റുള്ളവര്‍ക്ക് അവ അംഗീകരിക്കേണ്ട കാര്യമില്ല.
ഇതിനിയും വിശദീകരിക്കേണ്ട കാര്യമില്ല. പ്രവാചകന്മാര്‍ക്ക് വഹ്‌യ് മുഖേനയും സ്വപ്‌നങ്ങളിലൂടെയുമൊക്കെ (റൂയായേ സ്വാദിഖ) അധ്യാപനങ്ങളും നിര്‍ദേശങ്ങളും ലഭിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. ഇബ്‌റാഹീമി(അ)ന്റെ സ്വപ്‌നം ഏറെ പ്രശസ്തമാണല്ലോ. ആ നിര്‍ദേശമായിരുന്നു അദ്ദേഹം സ്വന്തം മകനെ അറുക്കാന്‍ സന്നദ്ധനായതിന്റെ പ്രേരകം. എന്നാല്‍ പ്രവാചകത്വത്തിന്റെ സമാപ്തി കുറിച്ചതോടെ ഇനി ആര്‍ക്കെങ്കിലും ഇത്തരം നിര്‍ദേശം ലഭിച്ചാല്‍ പോലും ശരീഅത്തിന്റെ പരിധിയില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ശരീഅത്തിന് വിരുദ്ധമായ സ്വപ്‌നനിര്‍ദേശങ്ങള്‍ അല്ലാഹുവില്‍നിന്നല്ലെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ശരീഅത്ത് അംഗീകരിക്കുന്ന നിര്‍ദേശങ്ങള്‍ അപൂര്‍വമായെങ്കിലും വിശ്വാസികള്‍ക്ക് സ്വപ്‌നത്തിലൂടെ ലഭിക്കാം. പക്ഷേ അത് പോലും അയാള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ യാതൊരു ഭിന്നാഭിപ്രായവുമില്ല.
ഈ ഹദീസ് നിവേദനം ചെയ്തത് ആഇശ(റ) ആണെന്ന കാര്യവും ശ്രദ്ധേയമാണ്. അവര്‍ 'ലാ നബിയ്യ ബഅ്ദഹു' എന്ന് പറയരുതെന്ന് പറഞ്ഞുവെങ്കില്‍ അത് കൊണ്ടുദ്ദേശ്യം പ്രവാചകത്വ സമാപ്തിയുടെ നിഷേധമാവില്ലെന്ന് മനസ്സിലാക്കാന്‍ ഈ നിവേദനത്തിലൂടെ സാധിക്കുമല്ലോ.
5. മുഹമ്മദ് നബി(സ) അരുള്‍ ചെയ്തു: 'മറ്റു പ്രവാചകന്മാരേക്കാള്‍ ആറ് കാര്യങ്ങളില്‍ എനിക്ക് മഹത്വമുണ്ട്. എനിക്ക് സമഗ്ര പ്രവചനങ്ങള്‍ നല്‍കപ്പെട്ടു. ശത്രുക്കള്‍ക്ക് ഭയം നല്‍കി എന്നെ സഹായിച്ചു. യുദ്ധമുതലുകള്‍ എനിക്ക് അനുവദിച്ചു. ഭൂമി എനിക്ക് പള്ളിയും ശുചീകരണ വസ്തുവുമായി തന്നു, സൃഷ്ടികള്‍ക്കൊക്കെയും ഞാന്‍ ദൂതനായി നിയോഗിക്കപ്പെട്ടു. പ്രവാചകപരമ്പര എന്നെ കൊണ്ടവസാനിപ്പിച്ചു' (മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ).
സമഗ്ര വചനങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത് ഖുര്‍ആനിലെ സമ്പൂര്‍ണ വാക്യങ്ങളാണ്. മുന്‍ പ്രവാചകന്മാര്‍ക്ക് ഇത്രയും ആശയസമ്പൂര്‍ണവും വാക്യഘടനയോടുമുള്ള വചനങ്ങള്‍ നല്‍കിയിരുന്നില്ല. ഖുര്‍ആന്‍ ഖണ്ഡിതവും പരിപൂര്‍ണവുമായ നിയമങ്ങളും വിധിവിലക്കുകളും സമര്‍പ്പിച്ചുവെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.
മുന്‍വേദക്കാരില്‍നിന്നും മതവിശ്വാസികളില്‍നിന്നും വ്യത്യസ്തമായി ഭൂമിയില്‍ എവിടെ വെച്ചും ആരാധന നിര്‍വഹിക്കാന്‍ അനുമതി നല്‍കിയത് മുസ്‌ലിംകള്‍ക്ക് മാത്രമാണ്. മറ്റുള്ളവര്‍ക്ക് ആരാധനാലയങ്ങളില്‍ മാത്രമാണ് അനുവാദം നല്‍കപ്പെട്ടത്. അതേ പോലെ മണ്ണ് ഉപയോഗിച്ച് ചെറുതും വലുതുമായ അശുദ്ധി നീക്കാനും മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
പ്രത്യേക ഗോത്രങ്ങള്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടി സമയപരിധിയോടെയായിരുന്നു പൂര്‍വ പ്രവാചകന്മാര്‍ നിയുക്തരായിരുന്നത്. എന്നാല്‍ അന്ത്യദിനം വരേക്കുമുള്ള എല്ലാ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കുമൊക്കെ പ്രവാചകനായി മുഹമ്മദ് നബി(സ)യെ നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം അന്ത്യപ്രവാചകനുമാണ്. മറ്റൊരാളെ നിയോഗിക്കുന്നതോടെ അവസാനകാലം വരെയുള്ള പ്രവാചകന്‍ എന്ന മഹത്വം നഷ്ടപ്പെടുകയും പിന്നീട് വന്ന പ്രവാചകനില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമാവുകയും ഹദീസില്‍ പറഞ്ഞ സുപ്രധാനമായ രണ്ട് മഹത്വങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.
സമൂഹനാമത്തോട് 'ഖാതം' ചേര്‍ന്നാല്‍ അവസാനത്തെ എന്ന അര്‍ഥം ലഭിക്കില്ലെന്ന പറയുന്നവരോട് ഈ ഹദീസിലെ 'ഖുതിമ ബീ അന്നബിയ്യൂന്‍' എന്ന പ്രയോഗത്തിന് എന്തര്‍ഥമാണെന്ന് വിനീതമായി ചോദിക്കാവുന്നതാണ്. പ്രവാചകന്മാരെ എന്നെക്കൊണ്ട് അവസാനിപ്പിച്ചുവെന്ന് മാത്രം അര്‍ഥം ലഭിക്കുന്ന ഈ വചനം പ്രവാചകത്വസമാപ്തിക്ക് വ്യക്തമായ തെളിവാണ്.
ഇനിയും നിരവധി ഹദീസുകള്‍ മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വത്തിന് തെളിവായി സമര്‍പ്പിക്കാന്‍ സാധിക്കും. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ സൂറഃ അഹ്‌സാബിലെ 40-ാം സൂക്തം വിശദീകരിച്ചു കൊണ്ട് പതിനാല് ഹദീസുകള്‍ വിശദീകരിച്ചത് കാണാം. സ്വിഹാഹുസ്സിത്തയില്‍ തന്നെ വേറെയും നിരവധി ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും. ചിലത് മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. ഹദീസ് നിദാനശാസ്ത്രപ്രകാരം സ്വഹീഹും യുക്തിഭദ്രവും ആരും നിഷേധിച്ചിട്ടില്ലാത്തതുമായ ഹദീസുകളാണവ. മുസ്‌ലിം ലോകത്ത് മുഹമ്മദ്(സ) അവസാനത്തെ ദൂതനാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ലാതിരിക്കാന്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് പുറമെ ഈ ഹദീസുകള്‍ കൂടി കാരണമാകുന്നു.
പണ്ഡിതലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായം
മുസ്‌ലിം ലോകത്ത് സ്വഹാബികള്‍, താബിഉകള്‍, ഖലീഫമാര്‍, ഇമാമുമാര്‍, മുഹദ്ദിസുകള്‍, മുഫസ്സിറുകള്‍ തുടങ്ങി എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചതും ഒരാളും സംശയമുന്നയിക്കാത്തതുമായ കാര്യമാണ് മുഹമ്മദ് നബി(സ) അവസാനത്തെ പ്രവാചകനാണെന്നത്. അതുകൊണ്ടുതന്നെ വിവിധ കാലഘട്ടങ്ങളില്‍ പ്രവാചകത്വവാദവുമായി രംഗത്തുവന്നവരെ സ്വഹാബികളും ഖുലഫാഉര്‍റാശിദയും നേരിട്ടത് ഒരാളും ചോദ്യം ചെയ്യാത്തവിധം ഏകകണ്ഠമായ തീരുമാനപ്രകാരമായിരുന്നു. പില്‍ക്കാലത്ത് മുസ്‌ലിം ഭരണാധികാരികളും പണ്ഡിതന്മാരും അതേ രീതി തന്നെ സ്വീകരിച്ചു. ഇറാനില്‍ ബാബിന്റെയും ബഹാഉല്ലയുടെയും പരിണതി നമുക്കറിയാം. മുസ്‌ലിം ഭരണകൂടത്തിന്റെ നടപടി മൂലം അവ മുളയിലേ കൂമ്പടയുകയായിരുന്നു.
മുഹമ്മദ് നബി(സ)ക്കു ശേഷം പ്രവാചകത്വം വാദിക്കുന്നവര്‍ കാഫിറുകളും വ്യാജവാദികളുമാണെന്ന് ഇമാമുമാരും മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബൂഹനീഫയുടെ അഭിപ്രായം സുവിദിതമാണ്; ''പ്രവാചകത്വവാദിയോട് അടയാളം ചോദിക്കുന്നവന്‍ കാഫിറാണ്. കാരണം അല്ലാഹുവിന്റെ ദൂതന്‍ നബിതിരുമേനി (സ) തനിക്കു ശേഷം നബി വരില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു''(മനാഖിബുല്‍ ഇമാമില്‍ അഅ്‌സം ഭാഗം 1, പേജ്: 161).
ഇമാം അബൂഹനീഫയുടെ വചനം ഖാദിയാനി വിഭാഗത്തിന് ഏറെ സ്വീകാര്യമാവണം. കര്‍മശാസ്ത്രകാര്യങ്ങളില്‍ ഹനഫീ മദ്ഹബനുസരിച്ച് പ്രവര്‍ത്തിക്കാനാണ് മിര്‍സാ ഖാദിയാനി അനുയായികള്‍ക്ക് ഫത്‌വ നല്‍കിയത് (ഫതാവാ അഹ്‌മദിയ്യ 3-ാമത്തെ ഫത്‌വ). ഈ നിര്‍ദേശത്തിന്റെ ഗര്‍ഹണീയത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.
ഇമാം ഇബ്‌നു ജരീറുത്ത്വബരിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ 'ഖാതമുന്നബിയ്യീന്' കൊടുത്ത വിവരണം ഇവ്വിധമാകുന്നു: ''പ്രവാചകത്വത്തെ അവസാനിപ്പിക്കുകയും അതിന് സീല്‍ വെക്കുകയും ചെയ്തിരിക്കുന്നു മുഹമ്മദ് നബി(സ). ഇനി ഖിയാമത്ത്‌നാള്‍ വരെ പ്രവാചകത്വത്തിന്റെ വാതില്‍ തുറക്കപ്പെടില്ല''(ഭാഗം 23, പേജ്:12).
ഖാതമിന് അവസാനിപ്പിക്കുക, സീല്‍ വെക്കുക എന്നീ രണ്ടര്‍ഥങ്ങളും നല്‍കിക്കൊണ്ടാണ് ഇനി ലോകാവസാനം വരെ പ്രവാചകന്മാര്‍ വരില്ലെന്ന് ഇമാം ത്വബരി പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാകുന്നു.
ഇമാം ബഗവി, ഇബ്‌നു അബ്ബാസി(റ)നെ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു: ''മുഹമ്മദ് നബി(സ) പ്രവാചകന്മാരില്‍ അവസാനത്തെയാളാകുന്നു. അദ്ദേഹത്തെക്കൊണ്ട് അല്ലാഹു പ്രവാചകത്വപരമ്പരക്ക് വിരാമമിട്ടിരിക്കുന്നു. ഇനിയും നബിമാര്‍ നിയുക്തരാവില്ലെന്നത് ഖണ്ഡിതമായ തീരുമാനമാണ് എന്നാകുന്നു ഈ ആയത്തിലൂടെ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഇബ്‌നു അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്'' (തഫ്‌സീറുത്ത്വബരി ഭാഗം 3 പേ: 157).
ഇമാം മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ അനുബന്ധമായി ചേര്‍ത്ത വിവരണത്തില്‍ ഹി. പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള ഇരുപത്തൊന്ന് മഹാ പണ്ഡിതന്മാരുടെ വചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്.
പ്രവാചകത്വസമാപ്തി ഖാദിയാനി വചനങ്ങളില്‍
ഈ കാലഘട്ടത്തില്‍ പ്രവാചകത്വ സമാപ്തി നിഷേധിച്ചുകൊണ്ട്, മുഹമ്മദ് നബി(സ)ക്കുശേഷം നിയുക്തനായ പ്രവാചകനില്‍ വിശ്വസിച്ചെങ്കിലേ മുസ്‌ലിമും മുഅ്മിനുമാവുകയുള്ളൂ എന്നും നിഷേധിച്ചാല്‍ കാഫിറും നരകാവകാശിയുമാവുമെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് മിര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി പ്രവാചകനാണെന്ന് വിശ്വസിക്കുന്ന അഹ്‌മദിയാക്കളിലെ ഖാദിയാനി വിഭാഗം. മിര്‍സയുടെ അനുയായികളായ അഹ്‌മദികളെന്ന് സ്വയം പരിചയപ്പെടുത്തുന്ന ലാഹോരി വിഭാഗം പോലും മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇവ്വിഷയകമായി മിര്‍സാ ഖാദിയാനിയുടെ വാക്കുകള്‍ക്ക് നല്ല പ്രസക്തിയുണ്ട്:
നേരത്തേ അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ നാം ഉദ്ധരിച്ചതാണ്. ഏറെ വ്യക്തവും ഖണ്ഡിതവുമായ ചിലതുകൂടി കാണുക:
1. ''ഈസാ മസീഹ് ഇറങ്ങുകയും ജിബ്‌രീല്‍ ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളും നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മശാസ്ത്ര കാര്യങ്ങളും വഹ്‌യ് മുഖേന അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്താല്‍ അതൊരു പുതിയ ദിവ്യഗ്രന്ഥമായി മാറും. 'ഖുര്‍ആനനുസരിച്ച് പ്രവര്‍ത്തിക്കുക' എന്ന് ഒരിക്കല്‍ മാത്രം വഹ്‌യ് നല്കി അവസാനിപ്പിച്ചാലും അത് ഖത്മുന്നുബുവ്വത്തിനെതിരായിത്തീരും... അല്ലാഹു വാഗ്ദത്തം പാലിക്കുന്നവനാണെങ്കില്‍ ഖാതമുന്നബിയ്യീന്‍ എന്ന ആയത്തിലെ വാഗ്ദാനവും ഹദീസുകളിലെ അതിന്റെ വിശദീകരണവുമനുസരിച്ച് നബി(സ)ക്കു ശേഷം ജിബ്‌രീല്‍ വഹ്‌യ് കൊണ്ടുവരുന്നത് അവസാനിപ്പിച്ചിരിക്കേ, ഒരാളും അദ്ദേഹത്തിനുശേഷം നബിയായി നിയുക്തനാവില്ല'' (ഇസാലയേ ഔഹാം പേ: 577).
അല്ലാഹുവില്‍നിന്ന് വഹ്‌യ് (ദിവ്യബോധനം) ലഭിക്കുന്ന ഒരാളും നിയുക്തനാവില്ലെന്ന് വ്യക്തമായ ഭാഷയില്‍ പറഞ്ഞത് മറ്റാരുമല്ല, ഖത്മുന്നുബുവ്വത്തിനെ നിഷേധിച്ച് താന്‍ നബിയാണെന്നും തന്നെ വിശ്വസിക്കുന്നവര്‍ കാഫിറുകളാണെന്നും പഠിപ്പിച്ച മിര്‍സാ ഖാദിയാനി തന്നെയാണ്.
2. ''നുബുവ്വത്തും രിസാലത്തും വാദിക്കുന്ന കുരുത്തം കെട്ട കള്ളവാദിക്കെങ്ങനെ ഖുര്‍ആനില്‍ വിശ്വസിക്കാന്‍ കഴിയും? വലാകിന്‍ റസൂലുല്ലാഹി വഖാതമുന്നബിയ്യീന്‍ എന്നത് അല്ലാഹുവിന്റെ വചനമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കെങ്ങനെ താന്‍ മുഹമ്മദ് നബി(സ)ക്കു ശേഷം നിയുക്തനായ നബിയാണെന്ന് പറയാന്‍ കഴിയും? യഥാര്‍ഥത്തില്‍ ഞാനൊരിക്കലും പ്രവാചകത്വം വാദിച്ചിട്ടില്ലെന്ന് നീതിമാന്മാര്‍ക്കറിയാം. ആലങ്കാരിക പദപ്രയോഗം കാഫിറാക്കാവുന്ന തെറ്റല്ല. എന്നിട്ടും സാധാരണ മുസ്‌ലിംകള്‍ വഞ്ചിക്കപ്പെടുമെന്ന് കരുതി ഞാന്‍ അത്തരം പദങ്ങള്‍ പോലും പ്രയോഗിച്ചിട്ടില്ല.....
''സാക്ഷ്യം വഹിക്കുന്നവരില്‍ ഏറെ ഉന്നതനായ അല്ലാഹുവാണ, മുഹമ്മദ് ഖാതമുല്‍ അമ്പിയാ ആണ്. അദ്ദേഹത്തിനു ശേഷം പുതിയതോ പഴയതോ ആയ ഒരു പ്രവാചകനും വരില്ല. താന്‍ യഥാര്‍ഥത്തില്‍ നബിയോ റസൂലോ ആണെന്ന് വാദിക്കുന്നവന്‍ ഖുര്‍ആനും ശരീഅത്തും ഉപേക്ഷിച്ച കള്ളവാദിയും കാഫിറുമാകുന്നു'' (അന്‍ജാമെ ആഥം പേജ് 27 ഹാശിയ).
ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം നബി തിരുമേനി (സ) അവസാനത്തെ നബിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു ഖാദിയാനി പ്രവാചകന്‍ മിര്‍സാ ഗുലാം അഹ്‌മദ്. 'പുതിയതോ പഴയതോ' എന്ന പ്രയോഗം ഈസാ(അ)യുടെ പുനരാഗമനത്തെ മാത്രമല്ല സ്വന്തം പ്രവാചകത്വത്തെയുമാണ് നിഷേധിച്ചിരിക്കുന്നത്. എന്നിട്ടും പ്രവാചകത്വം എന്തിന് വാദിച്ചുവെന്ന് സംശയിച്ചേക്കാം. കള്ളവാദിയെ തിരിച്ചറിയാന്‍ അല്ലാഹു തന്നെ അടയാളങ്ങളും തെളിവുകളും നല്‍കുമെന്നതിന്റെ ഉദാഹരണമാണിത്. ഇത്തരം വാക്കുകള്‍ പൊക്കിപ്പിടിച്ചാണ് അനുയായികളില്‍ നല്ലൊരു വിഭാഗം അദ്ദേഹത്തിന്റെ നുബുവ്വത്തിനെ നിരാകരിച്ചത്.
3. ''മുഹമ്മദ് നബി(സ)യോടെ വഹ്‌യ് അവസാനിച്ചുവെന്ന് എന്തര്‍ഥത്തിലാണ് നാം വിശ്വസിക്കുന്നത്? യഥാര്‍ഥത്തില്‍ ദൈവിക വചനങ്ങള്‍ക്ക് യാതൊരു പരിമിതിയുമില്ല. എന്നാല്‍ ഏതൊരു ഉദ്ദേശ്യത്തിനാണോ ദൈവിക വചനങ്ങള്‍ ഇറങ്ങിയത് അഥവാ ഏതാവശ്യമാണോ വഹ്‌യുകള്‍ പൂര്‍ത്തീകരിച്ചത് അവ നിര്‍ണിതമായിരുന്നു. മനുഷ്യവംശത്തിനാവശ്യമായവയാണ് അവതരിച്ചത് എന്നര്‍ഥം. ധാര്‍മികവും വിശ്വാസപരവും വാചികവും കര്‍മപരവുമായ എല്ലാ കാര്യങ്ങളും ജീര്‍ണിച്ചിരുന്നു. കുഴപ്പങ്ങളും കലാപങ്ങളും കൊടികുത്തിവാണ ഒരു സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത്. പരമോന്നത പദവിയില്‍ സമ്പൂര്‍ണവും സാകല്യമാര്‍ന്നതുമായ നിയമസംഹിതയായിരുന്നു അതിന്റെ അധ്യാപനങ്ങള്‍. നേരത്തേ അവതരിച്ച ദൈവിക ഗ്രന്ഥങ്ങള്‍ അതത് കാലത്തെ പരമിതമായ ആവശ്യങ്ങളെ നിവര്‍ത്തിപ്പാന്‍ പോലും പര്യാപ്തമായിരുന്നില്ല.....
''മുന്‍ വേദഗ്രന്ഥങ്ങള്‍ അപൂര്‍ണവും സ്ഖലിതപൂര്‍ണവുമായതിനാല്‍ സമ്പൂര്‍ണമായ ഒരു ദിവ്യബോധനത്തിന്റെ ആവശ്യം നിലനിന്നിരുന്നു. അതാണ് ഖുര്‍ആന്‍ അവതരണത്തോടെ പൂര്‍ത്തിയായത്. അതിന്റെ ശേഷം മറ്റൊരു ഗ്രന്ഥം അവതരിക്കേണ്ട ആവശ്യമില്ല. കാരണം സമ്പൂര്‍ണതക്ക് ശേഷം ഒരു പദവിയില്ലല്ലോ....
''ഇനി എപ്പോഴെങ്കിലും വേദങ്ങളിലും ഇന്‍ജീലിലും സംഭവിച്ചപോലെ ഖുര്‍ആനികാധ്യാപനങ്ങളില്‍ ശിര്‍ക്കിന്റെ തത്ത്വങ്ങള്‍ കടന്നുകൂടുകയും തൗഹീദില്‍ മാറ്റങ്ങളും വ്യതിചലനങ്ങളും സംഭവിക്കുകയും ഏകദൈവ വിശ്വാസികളായ കോടിക്കണക്കിന് മുസ്‌ലിംകള്‍ ശിര്‍ക്കും സൃഷ്ടിപൂജയും സ്വീകരിക്കുകയും ചെയ്തുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിസ്സംശയം മറ്റൊരു ദൈവിക ഗ്രന്ഥവും പ്രവാചകനും ആവശ്യമായിവരുമെന്ന് തീര്‍ച്ച. എന്നാല്‍ ഇവ്വിധം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പ്. അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്; 'ഈ ഗ്രന്ഥം നാമാണ് ഇറക്കിയത്. നാം തന്നെ അതിന്റെ സംരക്ഷകനായിരിക്കും' (അല്‍ഹിജ്ര്‍: 9)...
''പതിമൂന്ന് നൂറ്റാണ്ടുകളായി ഈ പ്രവചനം സത്യമായി നിലനില്‍ക്കുന്നു. മുന്‍ വേദഗ്രന്ഥങ്ങളിലേതു പോലെ ഇന്നേവരെ വിശുദ്ധ ഖുര്‍ആനില്‍ ശിര്‍ക്കിന്റെ അധ്യാപനം കണ്ടെത്താനായിട്ടില്ല. ഭാവിയിലും അങ്ങനെ സംഭവിക്കുമെന്ന് ബുദ്ധി സമ്മതിക്കുന്നില്ല. കാരണം ലക്ഷക്കണക്കായ മുസ്‌ലിംകള്‍ അത് ഹൃദിസ്ഥമാക്കിയവരാണ്. അതിന് ആയിരക്കണക്കായ തഫ്‌സീറുകളുമുണ്ട്. അഞ്ചു നേരങ്ങളില്‍ അതിന്റെ സൂക്തങ്ങള്‍ നമസ്‌കാരങ്ങളില്‍ പാരായണം ചെയ്യപ്പെടുന്നുണ്ട്'' എന്നും അത് വായിക്കപ്പെടുകയും എല്ലാ രാജ്യങ്ങളിലും പ്രചരിക്കുകയും കോടിക്കണക്കിന് കോപ്പികള്‍ ലഭ്യമാവുകയും വിവിധ സമൂഹങ്ങള്‍ അത് പഠിക്കുകയും ചെയ്യുന്നുവെന്നതും ഭാവിയിലും അതില്‍ മാറ്റങ്ങളും തിരുത്തലുകളും സംഭവിക്കില്ലെന്ന് തന്നെയാണ് നമ്മുടെ ബുദ്ധിയുടെ വിധി......
''മുസ്‌ലിംകള്‍ വീണ്ടും ബഹുദൈവത്വം സ്വീകരിക്കുകയെന്നത് ഈ ലോകത്ത് സംഭവിക്കാത്ത കാര്യമാണ് എന്നതും അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ പ്രവചനമാണ്. 'ശിര്‍ക്കും സൃഷ്ടിപൂജയും വിദൂരമായ കാര്യമാണ്. ഇനിയതിന് പുതിയ ശിഖരങ്ങള്‍ കിളിര്‍ക്കില്ല. പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോവുകയില്ല' (സബഅ്: 49). ഈ പ്രവചനത്തിന്റെ യാഥാര്‍ഥ്യവും സൂര്യപ്രകാശം പോലെ പ്രകടമാകുന്നു.
''ചുരുക്കത്തില്‍ പുതിയ ശരീഅത്തും പുതിയ ഇല്‍ഹാമുകളും അവതരിക്കുകയെന്നതിന് ബുദ്ധി തടസ്സം നില്‍ക്കുന്നു. ഒരു കാര്യം സംഭവിക്കാതിരിക്കുക അനിവാര്യമാണെങ്കില്‍ ഒരിക്കലും സംഭവിക്കില്ല. അതുകൊണ്ടുതന്നെ തീര്‍ച്ചയായും മുഹമ്മദ് നബി(സ) അന്തിമ ദൂതനാണെന്ന് തെളിയുന്നു''(ബറാഹിനെ അഹ്‌മദിയ വാള്യം 2, പേജ്: 109-111 ഹാശിയ).
വിശുദ്ധ ഖുര്‍ആന്‍ യാതൊരുവിധ കൈകടത്തലുകള്‍ക്കും വിധേയമാകാതെ നിലനില്‍ക്കുമെന്നും അതിനാല്‍തന്നെ ഒരു പ്രവാചകന്റെയും ദിവ്യബോധനത്തിന്റെയും ആവശ്യമില്ലെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം ഖണ്ഡിതമായി വിശദീകരിച്ചിരിക്കുകയാണ് ഖാദിയാനികളുടെ പ്രവാചകന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവാചകത്വവാദത്തിനും സമര്‍പ്പിക്കപ്പെട്ട വഹ്‌യുകള്‍ക്കും യാതൊരു നിലനില്‍പുമില്ല. അവ വ്യാജവും കറ്റു കെട്ടുമാണെന്നതിന് വേറെ തെളിവുകള്‍ വേണ്ട.
ആനുഷംഗികമായി പറയട്ടെ, മിര്‍സാ ഖാദിയാനി പ്രവാചകത്വവാദവുമായി വന്നതു തന്നെ ഖുര്‍ആന്റെ ഖണ്ഡിത നിയമത്തിനെതിരെ ജിഹാദ് ഹറാമാക്കാനും ത്വാഗൂത്തിനെ ശക്തിപ്പെടുത്താനുമാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അനുസരിക്കല്‍ ഇസ്‌ലാമിന്റെ അര്‍ധഭാഗമാണെന്നും അവര്‍ക്കെതിരെയുള്ള ജിഹാദ് ഹറാമാണെന്നുമാണ് അദ്ദേഹത്തിന്റെ അധ്യാപനങ്ങളുടെ കാതല്‍ (വിശദപഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമും ഖാദിയാനിസവും' വായിക്കുക).
4. ''ഈ വ്യക്തി മലക്കുകളില്‍ വിശ്വസിക്കുന്നില്ലെന്നും ശേഷം നബിവവരാനില്ലാത്ത ഖാതമുല്‍ അമ്പിയാ മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് അംഗീകരിക്കുന്നില്ലെന്നുമുള്ള ജല്‍പനങ്ങള്‍ കളവും കറ്റുകെട്ടുമാണ്. എന്റെ പരിശുദ്ധനായ രക്ഷിതാവാണ, ഞാനങ്ങനെ പറഞ്ഞിട്ടില്ല. ഇതൊക്കെ തീര്‍ത്തും കളവും വ്യാജാരോപണവുമാകുന്നു. അത്തരം ആളുകള്‍ ദജ്ജാലുകളാണെന്ന് അല്ലാഹുവിനറിയാം'' (ഹമാമതുല്‍ ബുശ്‌റ പേജ്: 9).
മലക്കുകളില്‍ വിശ്വസിക്കുന്നതു പോലെ, മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും താന്‍ വിശ്വസിക്കുന്നുവെന്നാണ് മിര്‍സാ ഖാദിയാനി എഴുതിയിരിക്കുന്നത്.
മുഹമ്മദ് നബി(സ) അവസാനത്തെ നബിയാണോ അതല്ല, അദ്ദേഹത്തിനു ശേഷവും നബിമാര്‍ നിയുക്തരാവുമോ എന്ന ചര്‍ച്ചക്ക് നിമിത്തമാകുന്നത്, കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രവാചകത്വവാദവുമായി മിര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി രംഗത്തു വന്നതാണ്. ഇന്ത്യയിലും പാകിസ്താനിലും മറ്റ് ചില മുസ്‌ലിം നാടുകളിലും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും ചിലരെങ്കിലും അതില്‍ വീണുപോവുകയും ചെയ്യുന്നതിനാലാണ് ഈ ചര്‍ച്ച പ്രസക്തമാവുന്നത്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ മൂലപ്രമാണങ്ങളില്‍നിന്ന് ഇവിടെ പ്രവാചകത്വസമാപ്തിക്ക് തെളിവുകള്‍ നിരത്തിയിട്ടുള്ളത്. നുബുവ്വത്ത് തുടരുമെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന അഹ്‌മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടാണ് അവരുടെ പ്രവാചകനായ മിര്‍സാ ഖാദിയാനിയുടെ വചനങ്ങള്‍ കൂടി തെളിവായി ഉദ്ധരിച്ചിട്ടുള്ളത്. അവയാകട്ടെ ഇന്നേവരെ ഖണ്ഡിക്കാന്‍ സാധിക്കാത്ത തെളിവുകളുമാണ്.
വളരെ ശ്രദ്ധേയമായ ഒരു ഖാദിയാനി വചനം ഇങ്ങനെയാണ്: അല്ലാഹു നേരായ മാര്‍ഗത്തില്‍ ചലിപ്പിക്കുമാറാകട്ടെ.
5. ''അവങ്കലേക്കുള്ള പാതകള്‍ എല്ലാം അടഞ്ഞുകിടക്കുന്നു. തുറന്നിരിക്കുന്നത് ഖുര്‍ആന്‍ മാത്രം. മുന്‍കാല പ്രവാചകത്വങ്ങളെയും ഗ്രന്ഥങ്ങളെയും വെവ്വേറെ പിന്‍പറ്റണമെന്നില്ല, അവയൊക്കെയും മുഹമ്മദീ നുബുവ്വത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ആ മാര്‍ഗം മാത്രമാണുളളത്. അത് അവസാനത്തെ മാര്‍ഗവും സത്യവുമാകുന്നു. എല്ലാ പ്രവാചകത്വവും അദ്ദേഹത്തില്‍ അവസാനിച്ചിരിക്കുന്നു. എല്ലാ തുടക്കത്തിനും ഒടുക്കവുമുണ്ട്. അപ്രകാരം സംഭവിച്ചേ പറ്റൂ'' (അല്‍ വസിയത് പേജ്: 10).