ഖല്‍ഖ് - തസ്‌വിയ - തഖ്ദീര്‍ - ഹിദായ 2/2
....
ബൃഹദ്പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും സൃഷ്ടിപ്പും അവയുടെ സന്തുലിതത്വവും കുറ്റമറ്റ സൃഷ്ടിപ്പുമെല്ലാം അല്ലാഹുവിന്റെ ആസ്തിക്യത്തെ കൃത്യമായി സ്ഥാപിക്കുന്ന ഒന്നും രണ്ടും തെളിവുകളാണ്. സൃഷ്ടികള്‍ തമ്മിലെ പൊരുത്തവും യോജിപ്പും മൂന്നാമത്തെ തെളിവാണ്. സൃഷ്ടിച്ച എല്ലാ വസ്തുക്കള്‍ക്കും അവ നിര്‍വഹിക്കേണ്ടതായ ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച് അല്ലാഹു മാര്‍ഗദര്‍ശനം -ഹിദായ- നല്‍കി എന്നത് നാലാമത്തെ തെളിവാണ്.
പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെ ഉത്തരവാദിത്തത്തിനനുസൃതമായ രൂപവും അത് നിര്‍വഹിക്കുന്നതിനാവശ്യമായ ഘടനയും നല്‍കിയിരിക്കുന്നു. അതിനു യോജിച്ച പൂര്‍ണതയിലെത്താനാവശ്യമായ വഴി എളുപ്പമാക്കപ്പെട്ടിരിക്കുന്നു. മനുഷ്യന് ഇതേവിധം തന്റെ ജീവിതലക്ഷ്യത്തിനനുസൃതമായ മാര്‍ഗം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. തന്റെ മാനുഷിക പൂര്‍ണത നേടിയെടുക്കുന്നതിനാവശ്യമായ വഴി എളുപ്പമാക്കപ്പെട്ടിരിക്കുന്നു. ഇതിന് 'ഹിദായത്ത്' എന്നു പറയുന്നു. ഇത് നേരത്തേ നാം മനസ്സിലാക്കിയ സൃഷ്ടിപ്പിന്റെയും സന്തുലിതത്വത്തിന്റെയും പരിമാണ നിര്‍ണയത്തിന്റെയും ഉപരിയായ മറ്റൊന്നാണ്. ഹിദായത്ത് അഥവാ മാര്‍ഗദര്‍ശനം എന്നതിന്റെ വിവക്ഷ സൃഷ്ടികള്‍ക്ക് അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന ഇല്‍ഹാം അഥവാ അന്തഃപ്രജ്ഞ ദൈവികാഭ്യസനമാണ്. അല്ലാഹുവിന്റെ തഖ്ദീര്‍ ഈ ഇല്‍ഹാമോടെ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ. സൃഷ്ടിപ്പും ആസൂത്രണവും തികവാര്‍ന്ന ലക്ഷ്യത്തിലെത്തുന്നതും ഹിദായത്തിലൂടെ തന്നെ. പ്രപഞ്ചത്തിലെ ജീവനുള്ളതും ഇല്ലാത്തതും സംസാരിക്കുന്നതും സംസാരിക്കാത്തതും ബുദ്ധിയുള്ളതും ബുദ്ധിയില്ലാത്തതുമായ എല്ലാ സൃഷ്ടികള്‍ക്കും അല്ലാഹുവില്‍നിന്ന് ഹിദായത്ത് ലഭിക്കുന്നുണ്ട്.
അല്ലാഹുവിന്റെ കല്‍പന ബാധകമായവര്‍, ബുദ്ധിയുള്ളവര്‍, പക്ഷികള്‍, മൃഗങ്ങള്‍, പ്രാണികള്‍ മുതലായവയെല്ലാം ഈ വിഷയത്തില്‍ ഒരുപോലെയാണ്.
തന്നെ സമീപിച്ച മൂസാ നബിയോട് ഫറോവ ഉന്നയിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം:
قَالَ فَمَن رَّبُّكُمَا يَا مُوسَىٰ ﴿٤٩﴾ قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ ﴿٥٠﴾
''ഫറോവ ചോദിച്ചു: 'നിങ്ങള്‍ രണ്ടു പേരുടെയും- മൂസായുടെയും ഹാറൂനിന്റെയും- നാഥന്‍ ആരാണ്?' മൂസാ പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും അവയുടെ സൃഷ്ടിപ്പ് നല്‍കുകയും എന്നിട്ട് അതിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തവനാണവന്‍'' (ത്വാഹാ: 49,50). അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ലഭിക്കാത്ത ഒരു വസ്തുവും ഈ ബൃഹദ്പ്രപഞ്ചത്തിലില്ലെന്നു സാരം.
ഹിദായത്തിന്റെ ചില ഉദാഹരണങ്ങള്‍
എല്ലാ ജീവികള്‍ക്കും അവയുടേതായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും ജോലി ചെയ്യുന്നതിനുമാവശ്യമായ പഞ്ചേന്ദ്രിയങ്ങളും സവിശേഷ സംവിധാനങ്ങളും നല്‍കിയിരിക്കുന്നു. ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തിന് ചെറിയ ഇരയെപോലും വ്യക്തമായി കാണാവുന്ന ദൂരദര്‍ശിനിയായ കണ്ണ് നല്‍കിയിരിക്കുന്നു. കൊച്ചു പ്രാണികള്‍ക്ക് നമ്മെ സംബന്ധിച്ചേടത്തോളം അചിന്ത്യമായ സൂക്ഷ്മദര്‍ശി സമാനമായ കണ്ണുകളാണുള്ളത്. മനുഷ്യര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താനുള്ള പഞ്ചേന്ദ്രിയ കഴിവില്ല. എന്നാല്‍, സന്ദേശവാഹി പ്രാവ് ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടിക്കടന്ന് ലക്ഷ്യസ്ഥാനത്തെത്തുന്നു. തേനീച്ചയുടെ യാത്ര പ്രസിദ്ധമാണല്ലോ. പക്ഷികള്‍ ദിശതെറ്റാതെ ഭൂഖണ്ഡാന്തര യാത്രകള്‍ നടത്തുന്നു. കടല്‍ നീര്‍ക്കോലികള്‍ കുളങ്ങളില്‍നിന്നും നദികളില്‍നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി ബര്‍മുഡയുടെ ദക്ഷിണ ഭാഗത്തെത്തി മുട്ടയിട്ട് ചത്തുപോകുന്നു. പിറന്ന കുഞ്ഞുങ്ങള്‍ തള്ള നീര്‍ക്കോലികള്‍ വന്ന കേന്ദ്രങ്ങളിലെത്തിച്ചേരുന്നു. സമുദ്രാന്തര്‍ഭാഗത്ത് ശക്തിയായ അടിയൊഴുക്കുകളുണ്ടാവുന്നു. തിരമാലകള്‍ ശക്തിയായി അടിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊന്നും അവയെ ലക്ഷ്യത്തില്‍നിന്ന് അകറ്റുന്നില്ല. ആഫ്രിക്കയുടെ ഭാഗത്തുനിന്ന് പോന്നവ ഏഷ്യയിലോ യൂറോപ്പില്‍നിന്ന് പോന്നവ അമേരിക്കയിലോ എത്തുന്നില്ല. പക്ഷികളെയും മൃഗങ്ങളെയും പ്രാണികളെയും സംബന്ധിച്ച പഠനങ്ങള്‍ കൂടുതല്‍ അത്ഭുതങ്ങളാണ് നമ്മുടെ മുമ്പാകെ തുറന്നുതരുന്നത്. തേനീച്ചയുടെ കൂടുനിര്‍മാണം, അതിന്റെ തികവാര്‍ന്ന നിര്‍മിതി, ഭദ്രത, ജോലി വിഭജനം, കാവല്‍ തുടങ്ങിയവ സംബന്ധിച്ച് എണ്ണമറ്റ പഠനങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്.
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًاۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾
''നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്‌യ് നല്‍കി. എന്തെന്നാല്‍, പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ റബ്ബ് ഒരുക്കിത്തന്ന സരണിയില്‍ ചരിക്കുക. ഇതിന്റെ ഉള്ളറകളില്‍നിന്ന് വര്‍ണ വൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്'' (നഹ്ല്‍: 68,69).
പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുന്ന ഉറുമ്പുകള്‍ അല്ലാഹുവിന്റെ ഹിദായത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 'എണ്ണക്കൂടുതലുള്ളവര്‍ക്കാണ് ഏറ്റവും മികച്ച നന്മ' എന്ന തത്വം പ്രായോഗികമായി തെളിഞ്ഞു കാണുന്ന ജീവിവര്‍ഗമാണ് അവ- ശൈത്യകാലത്തെ ഉപയോഗത്തിനായി അവ വേനല്‍കാലത്ത് ആഹാരം സംഭരിച്ചുവെക്കുന്നു. സംഭരിച്ചവയില്‍ മുളയ്ക്കുന്നവയുണ്ടെങ്കില്‍ അവ മുളയ്ക്കാതിരിക്കാനായി രണ്ടായി പിളര്‍ക്കുന്നു. രണ്ടായി പിളര്‍ന്നാലും മുളയ്ക്കുന്നവയുണ്ടെങ്കില്‍ അത് നാലായി പിളര്‍ക്കുന്നു. നനഞ്ഞ ധാന്യങ്ങള്‍ മുളയ്ക്കാതിരിക്കാനായി വെയിലുള്ള ദിവസങ്ങളില്‍ പുറത്തുകൊണ്ടുവന്ന് ഉണക്കിയ ശേഷം അകത്തേക്ക് കൊണ്ടുപോകുന്നു. അല്ലാഹുവില്‍നിന്ന് ലഭിച്ച അന്തഃചോദനയല്ലാതെ ഇതിനു പിന്നില്‍ മറ്റെന്താണ്?
ചില ജീവികള്‍ കണ്ടോ കേട്ടോ മനസ്സിലാക്കുന്നവ ഉറുമ്പുകള്‍ ദൂരെനിന്ന് തന്നെ മനസ്സിലാക്കുന്നു. തന്നാല്‍ കഴിയുന്നവ ചുമന്നു കൊണ്ടുപോകുന്നു. സ്വന്തം നിലയില്‍ കൊണ്ടുപോകാന്‍ കഴിയാത്തവ സഹ ഉറുമ്പുകളെ കൂട്ടിക്കൊണ്ടുവന്ന് കടത്തിക്കൊണ്ടുപോവുന്നു. നിരനിരയായി നിന്ന്, കറുത്ത/വെളുത്ത നൂലുപോലെ അണിനിരന്ന് അന്യോന്യം സഹകരിച്ച് തീറ്റ കൊണ്ടുപോകുന്നു. ഉറുമ്പുകള്‍ക്ക് തേനീച്ചകളുടേതു പോലെ നേതാവില്ല. എങ്കിലും ആഹാരമുള്ളതായി മനസ്സിലാക്കുന്ന ഇടങ്ങള്‍ കണ്ടെത്താനായി ഒരാള്‍ നേതൃത്വം നല്‍കുന്നു. കണ്ടെത്തിയാല്‍ സംഘത്തെ വിവരമറിയിച്ച് സഹകരണപൂര്‍വം ശേഖരിച്ചു സൂക്ഷിക്കുന്നു. ഒരുറുമ്പുപോലും കൂട്ടുകാരെ അവഗണിച്ച് ആഹാരം സ്വന്തമാക്കുന്നില്ല.
ആണ്‍പ്രാവും പെണ്‍പ്രാവും കുഞ്ഞുങ്ങളുടെ കാര്യം നീതിപൂര്‍വകമായി പങ്കിട്ടെടുക്കുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിപാലനവും തള്ളപ്പക്ഷിയുടെ ബാധ്യതയാണ്. ആഹാരം കണ്ടെത്തുന്നതും കുഞ്ഞിനെ തീറ്റുന്നതും ആണ്‍ പ്രാവാണ്. സ്വന്തം കൊത്തിത്തിന്നാനുള്ള കഴിവെത്തിയാല്‍ തീറ്റ കൊടുക്കാതെ ആഹാരം കണ്ടെത്താനുള്ള സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു. ഈ പ്രായമായിട്ടും ആഹാരം ചോദിച്ചാല്‍ ഇണകള്‍ കുഞ്ഞിനെ അടിക്കുകയും അടുത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു.
ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ജീവികള്‍ക്ക് അല്ലാഹു ജീവിക്കാനാവശ്യമായ സംവിധാനങ്ങളും ആവാസകേന്ദ്രങ്ങളും സംവിധാനിച്ചിരിക്കുന്നു. കടല്‍, മത്സ്യങ്ങളുള്‍പ്പെടെയുള്ള ജലജീവികളുടെ ആവാസ കേന്ദ്രമാണല്ലോ. പെണ്‍ ഹിംസ്രജീവികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഉറുമ്പും മറ്റും കടിക്കാതിരിക്കാനായി മുകളിലേക്ക് പൊക്കുന്നതും ഇടക്കിടക്ക് താഴ്ത്തുന്നതും സ്ഥലം മാറ്റിക്കൊണ്ടിരിക്കുന്നതുമെല്ലാം ഈ അന്തഃചോദനയുടെ ഫലമായാണ്. കാലടിപ്പാടുകള്‍ കണ്ട് മറ്റാരും പിന്തുടരാതിരിക്കാനായി അവ വാലുകൊണ്ട് മായ്ച്ചു നടക്കാന്‍ സിംഹത്തെ ആരാണ് പഠിപ്പിച്ചത്? വിശപ്പ് കഠിനമായാല്‍ കുറുക്കന്‍ മലര്‍ന്നു കിടന്ന് ചത്തത് പോലെ അഭിനയിക്കുന്നു. ചത്തെന്ന് കരുതി തിന്നാനെത്തുന്ന പക്ഷികളെ കുറുക്കന്‍ പിടികൂടുന്നു. വല്ല മുറിവും പറ്റിയാല്‍ പ്രത്യേക തരം വസ്തു ലേപനമായി ഉപയോഗിക്കുന്നു. ഇതെല്ലാം ആരുടെ നിര്‍ദേശപ്രകാരമായിരിക്കും? വെള്ളത്തില്‍ നിന്നു പ്രസവിക്കുകയാണ് ആനയുടെ രീതി. ഇതര ജീവികളില്‍നിന്ന് ഭിന്നമാണ് ആനയുടെ സന്ധിബന്ധങ്ങളെന്നതിനാല്‍ നിന്നുമാത്രമേ പ്രസവിക്കുകയുള്ളൂ. അതുകാരണം കുഞ്ഞിന് പരിക്കേല്‍ക്കാതിരിക്കാനാണ് വെള്ളത്തില്‍ പ്രസവിക്കുന്നത്. പക്ഷികളിലും അന്തഃചോദനകള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നാം കാണുന്നു. എട്ടുകാലി വലയുടെ ശാസ്ത്രീയ നിര്‍മിതി നമ്മെ അത്ഭുതപ്പെടുത്തുന്നു. രക്ഷപ്പെടാനായി മരങ്ങള്‍ക്കിടയിലൊളിക്കുന്ന മാനുകള്‍ ശത്രുക്കള്‍ പിന്നാലെയുണ്ടോ എന്ന് നിരീക്ഷിക്കാനായി പിന്നോട്ട് നടന്നാണ് നീങ്ങുക. ഇതും ദൈവികമായ ബോധനത്തിന്റെ ഭാഗമായല്ലെങ്കില്‍ മറ്റെന്താണ്? എലിയെ കാണുന്ന പൂച്ച താല്‍പര്യമില്ലെന്ന് തോന്നിക്കുമാറ് ഭാവിച്ച് തിരിച്ചുപോരുന്നതുപോലെ കാണിച്ചശേഷം പെട്ടെന്ന് പിടികൂടാനായി ഓടുന്നു. എലിയെ ഭയപ്പെടുത്തി വീഴ്ത്തി ഇരയാക്കുകയാണ് ഉദ്ദേശ്യം. വെള്ളപ്പാച്ചിലില്ലാത്ത സ്ഥലങ്ങളില്‍ രക്ഷപ്പെടാന്‍ മാളങ്ങളുണ്ടാക്കുന്ന പെരുച്ചാഴി മറ്റൊരു ഉദാഹരണമാണ്. ഇബ്‌നുല്‍ ഖയ്യിം ഈ അധ്യായം അവസാനിപ്പിക്കുന്നത്
وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾
''ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും വായുവില്‍ പറക്കുന്ന ഏതു പറവയെയും നോക്കുവിന്‍. അവയൊക്കെയും നിങ്ങളെപ്പോലുള്ള സമുദായങ്ങള്‍ തന്നെയാകുന്നു. നാം അവരുടെ വിധി പ്രമാണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. പിന്നീട് അവരെല്ലാവരും തങ്ങളുടെ നാഥങ്കല്‍ സമ്മേളിപ്പിക്കപ്പെടുന്നതാകുന്നു'' (അല്‍അന്‍ആം: 38).
തേനീച്ചയും ഉറുമ്പും പ്രാവും മറ്റും ഉണ്ടായിവരുന്ന ബീജങ്ങളില്‍ ഇത്രയും സങ്കീര്‍ണമായ ജൈവിക പ്രവണതകള്‍ സ്രഷ്ടാവില്ലാതെ എങ്ങനെയുണ്ടായെന്ന് നിരീശ്വരവാദികള്‍ വിശദീകരിക്കണം. ചുരുക്കത്തില്‍, പ്രപഞ്ചത്തിലാസകലം നാം കാണുന്നത് 'എല്ലാ വസ്തുക്കള്‍ക്കും സൃഷ്ടിപ്പ് നല്‍കുകയും എന്നിട്ടവക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത നാഥന്‍' (ത്വാഹ: 50) എന്ന സൂക്തത്തിന്റെ സാക്ഷാല്‍ക്കാരമാണ്.
സസ്യങ്ങളെ പരിശോധിച്ചാലും ഈ അത്ഭുതം കാണാം. ഒരേ മണ്ണില്‍, ഒരേ വെള്ളം ഉപയോഗിച്ചും ഒരേ കാറ്റും വെയിലുമേറ്റും വളരുന്ന തരാതരം സസ്യങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ളവ, ആവശ്യമായ അളവില്‍ സ്വാംശീകരിക്കുന്നു. ഈ പ്രതിഭാസത്തെ ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു:
وَفِي الْأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿٤﴾
''ഭൂമിയില്‍ വെവ്വേറെ ഖണ്ഡങ്ങളുണ്ട്. അവ പരസ്പരം ചേര്‍ന്നു സ്ഥിതിചെയ്യുന്നു. മുന്തിരിത്തോപ്പുകളുണ്ട്. വയലുകളുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്ക മരങ്ങളുണ്ട്. എല്ലാറ്റിനും ഒരേ വെള്ളമാകുന്നു സേവനം ചെയ്യുന്നത്. എന്നാല്‍ രുചിയില്‍ നാം ചിലതിനെ ഏറെ വിശിഷ്ടമാക്കുന്നു. ചിലതിന് രുചി കുറയ്ക്കുന്നു. ബുദ്ധി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഈ വസ്തുക്കളിലെല്ലാം ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (റഅ്ദ്: 4).
ഓരോ വ്യക്തിയും ഓരോ സമൂഹമാണ്. കോടിക്കണക്കിന് കോശങ്ങളുടെ വ്യവസ്ഥാപിതവും സംഘടിതവുമായ സമൂഹം. ഓരോ കോശവും തന്റേതായ സേവനം വിദഗ്ധമായും സമര്‍ഥമായും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ഓരോ കോശവും ഭൗതികലോകത്തെ മറ്റൊരു കോശവും നിര്‍വഹിക്കാനാവാത്ത ധര്‍മമാണ് നിര്‍വഹിക്കുന്നത്. കോശങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ സവിശേഷതകള്‍ വംശ സംരക്ഷണം, പോരായ്മകളുടെ പരിഹാരം, ആവര്‍ത്തന ക്ഷമത, നവീകരണം എന്നിവയാണ്.
ഓരോ കോശവും അനുയോജ്യമായ സമയത്ത് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ ഗുണകരമായ നിര്‍മിതിയാണ് കോശങ്ങളുടെ ധര്‍മം. തദ്വിഷയകമായി അവ അനിതരസാധാരണമാംവിധം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. നശിക്കുന്ന കോശങ്ങള്‍ക്ക് പകരം പുതിയവ ഉണ്ടാകുന്നു. ഓരോ മനുഷ്യന്റെയും തുടക്കമായ ബീജവും അണ്ഡവും ഭ്രൂണമായി മാറുന്നതു മുതല്‍ രൂപം കൊള്ളുന്ന കോശം സൂക്ഷ്മദര്‍ശിനി കൊണ്ടുപോലും കാണില്ല. ഈ കോശത്തില്‍നിന്നാണ് മനുഷ്യശരീരം രൂപംകൊള്ളുന്നത്. അപ്പോള്‍ അതിന് ബുദ്ധിയോ ശക്തിയോ ഇഛയോ ഇല്ല. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച തുടങ്ങുന്നതോടെ അത് ഭക്ഷണം അന്വേഷിച്ചു തുടങ്ങുന്നു.
ദൈവിക ഹിദായത്ത് അതിന് ആഹരിക്കാനുള്ള പ്രവണത നല്‍കുന്നു. ഗര്‍ഭാശയം ആഹാരം തയാറാക്കുന്ന രക്തക്കുളമായി മാറുന്നു. ഭക്ഷണം ലഭിച്ചു തുടങ്ങുന്നതോടെ കോശം പുതിയ പ്രക്രിയ ആരംഭിക്കുന്നു. കോശം വിഭജിതമായി കൂടുതല്‍ കോശങ്ങള്‍ ഉണ്ടാവുന്നു. എന്താണ് ചെയ്യുന്നതെന്നും ഉദ്ദേശിക്കുന്നതെന്നും കോശങ്ങള്‍ക്കറിയാം. മാനവ നാഗരികതയുടെ ഒരു വലിയ നിര്‍മിതിയാണ് അതിലൂടെ നടക്കുന്നത്. അസ്ഥികൂടം, പേശീവ്യവസ്ഥ, ഗ്രന്ഥി വ്യവസ്ഥ അങ്ങനെയങ്ങനെ അത് വികസിച്ച് പൂര്‍ണതയിലെത്തുന്നു. ഈ പ്രക്രിയ അത്ര എളുപ്പമല്ല. ഓരോ അസ്ഥിയും പേശിയും ഞരമ്പും മറ്റുള്ളവയെപ്പോലെയല്ല. കാരണം, മനുഷ്യനിര്‍മിതി സൂക്ഷ്മമായ ഘടനയും അത്ഭുതകരമായ വിന്യാസവും വിവിധങ്ങളായ ഉത്തരവാദിത്തങ്ങളോടെയുമാണ് സംവിധാനിക്കപ്പെടുന്നത്. ഓരോ കോശത്തിനും അതിന്റേതായ വഴിയറിയാം, ധര്‍മമറിയാം. ഉദാഹരണമായി, കണ്ണ് നിര്‍മിക്കേണ്ട കോശത്തിന് കണ്ണ് മുഖത്താണ് നിര്‍മിക്കേണ്ടതെന്നറിയാം. കണ്ണിന്റെ സ്ഥാനം മുഖത്താണെന്ന് മേല്‍കോശത്തിന് മാര്‍ഗദര്‍ശനം നല്‍കിയതാരാണ്? ഓരോ കോശവും സ്വന്തം നിലയിലും കൂട്ടായും തങ്ങളില്‍ നിക്ഷിപ്തമായ ജീനുകള്‍ക്കനുസൃതമായി മാത്രം പ്രവര്‍ത്തിക്കുന്നു. ഉദാഹരണമായി, ഒരു മനുഷ്യന്റെ നേത്രനിര്‍മിതിയിലേര്‍പ്പെടുന്ന കോശങ്ങള്‍ കണ്ണിന്റെ ആകൃതിയിലും നിര്‍ണിതമായ സവിശേഷതകളോടെയും ആ മനുഷ്യന്റെ കണ്ണ് തന്നെ നിര്‍മിക്കുന്നു. അത് മൃഗത്തിന്റെയോ മറ്റൊരു മനുഷ്യന്റെയോ കണ്ണാവുന്നില്ല. ഈ വിധം കോശങ്ങള്‍ക്ക് അന്തഃചോദന നല്‍കിയത് അല്ലാഹു അല്ലാതെ മറ്റാരാണ്? ബുദ്ധിയോ ഗ്രാഹ്യശേഷിയോ ഇഛയോ കഴിവോ ഇല്ലാത്ത ലളിതമായൊരു കോശത്തിന് സ്വന്തം നിലയില്‍ ഇങ്ങനെയെല്ലാമാകാന്‍ എങ്ങനെ കഴിയും? നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും ഇതിനെന്തു മറുപടിയുണ്ട്? അല്ലാഹുവിന്റെ ആസ്തിക്യം എന്ന യാഥാര്‍ഥ്യം അംഗീകരിച്ചാല്‍ അതോടെ എല്ലാ സംശയങ്ങളും തീരും.
(അവസാനിച്ചു)
(ഡോ. യൂസുഫുല്‍ ഖറദാവി, അലൈവ മുസ്ത്വഫ, അലി ജമ്മാസ് എന്നിവര്‍ തയാറാക്കിയ 'അത്തൗഹീദ്' എന്ന കൃതിയില്‍നിന്ന്)
വിവ: കെ.എ.എല്‍