മഴ ഖുര്‍ആനില്‍ - 2/2
ഹൈദറലി ശാന്തപുരം
അര്‍റൂം 48,49,50 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
اللَّهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٨﴾ وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ ﴿٤٩﴾ فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَاۚ
''അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ടവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ടവന്‍ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്ത് പരത്തുന്നു. അതിനെ അവന്‍ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍നിന്ന് മഴ പുറത്തുവരുന്നതായി നിങ്ങള്‍ക്ക് കാണാം. എന്നിട്ട് തന്റെ ദാസന്മാരില്‍നിന്ന് താനുദ്ദേശിക്കുന്നവര്‍ക്ക് ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിനു മുമ്പ് (ആ മഴ അവരുടെ മേല്‍ വര്‍ഷിക്കപ്പെടുന്നതിനു മുമ്പ്) തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ നോക്കൂ, ഭൂമി നിര്‍ജീവമായതിനുശേഷം എങ്ങനെയാണ് അവന്‍ അതിനു ജീവന്‍ നല്‍കുന്നത്.''
അല്ലാഹുവാണ് കാറ്റുകളെ അയച്ച് അവ മുഖേന മേഘങ്ങളെ ഇളക്കിവിടുന്നതും അവയെ ആകാശത്ത് പരത്തുന്നതും അവയെ കഷ്ണങ്ങളാക്കി അവക്കിടയില്‍നിന്ന് മഴ വര്‍ഷിപ്പിക്കുന്നതും എന്ന വസ്തുതയിലേക്ക് ഈ സൂക്തങ്ങള്‍ മനുഷ്യരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
കാറ്റുകള്‍ മഴമേഘങ്ങളെ ഇളക്കിവിടുന്നതും അവയെ മാനത്ത് ഖണ്ഡങ്ങളാക്കി പരത്തുന്നതും തുടര്‍ന്ന് അവക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പെയ്തിറങ്ങുന്നതും കാണാം. മഴ ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആളുകള്‍ ആനന്ദം കൊള്ളുന്നതിനു മുമ്പ് അവര്‍ അതിന്റെ അഭാവത്തില്‍ നിരാശരായിരുന്നു. മഴയാകുന്ന ദൈവാനുഗ്രഹം വഴി ഭൂമിയിലുണ്ടാകുന്ന ഗുണകരമായ മാറ്റങ്ങളെക്കുറിച്ചും ഈ സൂക്തങ്ങള്‍ സൂചിപ്പിക്കുന്നു.
സൂറഃ ലുഖ്മാന്‍ 10-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
''ആകാശത്തുനിന്ന് നാം വെള്ളമിറക്കുകയും എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ (ഭൂമിയില്‍) മുളപ്പിക്കുകയും ചെയ്തു.''
അല്ലാഹു ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ച് അതുവഴി വിശിഷ്ടമായ തരാതരം സസ്യലതാദികള്‍ ഭൂമിയില്‍ മുളപ്പിച്ച അനുഗ്രഹത്തെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പറയുന്നത്. സസ്യങ്ങളുടെയും ആദരണീയതയെയും അവയിലെ ആണ്‍-പെണ്‍ ഇണകളെക്കുറിച്ചും സൂക്തം പരാമര്‍ശിക്കുന്നു.
സൂറഃ ലുഖ്മാനിലെ തന്നെ 34-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًاۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴿٣٤﴾
''തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല, താന്‍ ഏത് നാട്ടില്‍വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.''
അല്ലാഹുവിന് മാത്രമറിയാവുന്ന അഞ്ചു കാര്യങ്ങളുടെ കൂട്ടത്തില്‍ മഴ വര്‍ഷിപ്പിക്കുന്നതിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിങ്ങളുടെ ജീവിത സൗഭാഗ്യങ്ങളെയും ദൗര്‍ഭാഗ്യങ്ങളെയും വലിയൊരളവോളം ആശ്രയിക്കുന്ന മഴയുടെ നിയന്ത്രണം തീര്‍ത്തും അല്ലാഹുവിന്റെ ഹസ്തങ്ങളിലാണ്. അവന്‍ ഇഛിക്കുന്നിടത്ത് അവന്‍ ഇഛിക്കുന്നേടത്തോളം മഴ വര്‍ഷിപ്പിക്കുന്നു. അവന്‍ ഇഛിക്കുന്നേടത്ത് അത് വിലക്കുന്നു. എവിടെ, എപ്പോള്‍, ഏതളവില്‍ മഴ പെയ്യുമെന്നോ ഏത് ഭൂമി മഴയില്‍നിന്ന് തടയപ്പെടുമെന്നോ ആര്‍ക്കുമറിയില്ല. മഴ മൂലം ആപത്തുകളുണ്ടാവുന്നത് എവിടെയാണെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടാ.
സൂറഃ സജദഃ 27-ാം സൂക്തത്തില്‍ ഇങ്ങനെയാണ് കാണുക:
أَوَلَمْ يَرَوْا أَنَّا نَسُوقُ الْمَاءَ إِلَى الْأَرْضِ الْجُرُزِ فَنُخْرِجُ بِهِ زَرْعًا تَأْكُلُ مِنْهُ أَنْعَامُهُمْ وَأَنفُسُهُمْۖ
''വരണ്ട ഭൂമിയിലേക്ക് നാം വെള്ളം കൊണ്ടു ചെല്ലുകയും അതുമൂലം ഇവരുടെ കാലികള്‍ക്കും ഇവര്‍ക്കു തന്നെയും തിന്നാനുള്ള കൃഷി നാം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു എന്ന് ഇവര്‍ കണ്ടില്ലേ?''
വരണ്ട ഭൂമിയില്‍ മഴ വര്‍ഷിക്കുക വഴി മനുഷ്യര്‍ക്കും കാലികള്‍ക്കും ആഹാരമാകുന്ന കൃഷി വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് അല്ലാഹുവാണ് എന്ന യാഥാര്‍ഥ്യമാണ് ഇവിടെ വിവരിക്കുന്നത്.
സൂറഃ ഫാത്വിര്‍ 9-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَابًا فَسُقْنَاهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَاۚ
''അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍ അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ടുപോവുകയും അതു മുഖേന ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കു ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു.''
കാറ്റുകളെ അയച്ച് മേഘത്തെ ഇളക്കിവിട്ട് നിര്‍ജീവാവസ്ഥയിലുള്ള ഭൂമിയിലേക്ക് അതിനെ ആനയിച്ച് അതിനെ ജീവസ്സുറ്റതാക്കുന്നത് അല്ലാഹുവാണ് എന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.
സൂറ ഫാത്വിറിലെതന്നെ 27-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَاۚ
''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കി. എന്നിട്ട് അതു മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു.''
മഴ വര്‍ഷിക്കുക വഴി വിവിധ വര്‍ണങ്ങളിലുള്ള പഴവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനെ സംബന്ധിച്ചാണ് ഈ സൂക്തം. ഒരേ വെള്ളം ഉപയോഗിച്ച് വ്യത്യസ്ത ഗുണങ്ങളുള്ള പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു എന്ന് മറ്റൊരു അധ്യായത്തിലും എടുത്തു പറഞ്ഞിരിക്കുന്നു.
അസ്സുമര്‍ 21-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُّخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًاۚ
''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ഇറക്കി. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അതുമുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീട് അവനതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു.''
മഴ വര്‍ഷിപ്പിച്ച് അതിലെ വെള്ളം ഭൂമിയിലെ ജലസ്രോതസ്സുകളില്‍ പ്രവേശിപ്പിക്കുകയും അതുവഴി വിവിധ വര്‍ണങ്ങളിലുള്ള കൃഷി വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തശേഷം ആ കൃഷി ഉണങ്ങിപ്പോയി മഞ്ഞനിറം പ്രാപിച്ച് വൈക്കോല്‍ തുരുമ്പുപോലെയാക്കുന്ന അല്ലാഹുവിന്റെ സൃഷ്ടി വിലാസത്തെക്കുറിച്ചാണ് ഈ സൂക്തം സൂചന നല്‍കുന്നത്. ദുന്‍യാവിന്റെ നിസ്സാരതയും ക്ഷണികതയും വാചാലമായി അവതരിപ്പിച്ചിരിക്കുന്നു.
സൂറഃ ഗാഫിറിലെ 13-ാം സൂക്തത്തില്‍ അല്ലാഹു മഴയെ 'രിസ്ഖാ'യി അവതരിപ്പിച്ചിരിക്കുന്നു:
هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ السَّمَاءِ رِزْقًاۚ
''അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്. ആകാശത്തുനിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരികയും ചെയ്യുന്നു.''
رزق (അന്നം) എന്നതുകൊണ്ട് ഇവിടെ വിവക്ഷ മഴയാണ്. ഈ ലോകത്ത് മനുഷ്യന് എന്തൊക്കെ ആഹാരവിഭവങ്ങള്‍ ലഭിക്കുന്നുവോ അതൊക്കെ അന്തിമ വിശകലനത്തില്‍ മഴയെ ആശ്രയിച്ചിരിക്കുന്നു.
അല്ലാഹു ഭൂമിയില്‍ മനുഷ്യരെയും ഇതര ജന്തുക്കളെയും സസ്യലതാദികളെയും സൃഷ്ടിച്ചപ്പോള്‍ അവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വെള്ളവും സൃഷ്ടിച്ചു. ആ വെള്ളം ഭൂമിയുടെ എല്ലാ ഭാഗത്തും ക്രമാനുസാരം എത്താനും പരക്കാനും അത്ഭുതകരമായ വ്യവസ്ഥകളും സംവിധാനങ്ങളും ആവിഷ്‌കരിച്ചു.
സൂറഃ ഫുസ്സ്വിലത്ത് 39-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰۚ
''നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് നാം അതില്‍ വെള്ളമിറക്കിയാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ, അതിന് ജീവന്‍ നല്‍കിയവന്‍ മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്നവന്‍ തന്നെയാകുന്നു.''
വരണ്ടുണങ്ങിയ ഭൂമിയില്‍ മഴ വര്‍ഷിക്കുന്നതോടെ അതിന്റെ ഉപരിതലത്തിന് ചലനമുണ്ടാവുകയും മണ്ണ് അല്‍പം പൊന്തിവരുകയും ചെയ്യുന്നു. അതിലൂടെ സസ്യലതാദികള്‍ മുളച്ചുപൊന്തി ഭൂമി ജീവസ്സുറ്റതാകുന്നു എന്ന യാഥാര്‍ഥ്യത്തെ മരണാനന്തര ജീവിതത്തിന് ഉദാഹരണമായി എടുത്തുപറയുകയാണ് ഈ സൂക്തത്തില്‍. തൗഹീദ്, ആഖിറത്ത് എന്നീ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ ജനങ്ങള്‍ക്ക് മനസ്സിലാക്കാനായി അല്ലാഹു ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് പരിസ്ഥിതിയിലെ പ്രതിഭാസങ്ങളെയാണ്. അവയില്‍ ഏറ്റവും ശ്രദ്ധേയമായ സൂക്തമാണ് ഇത്.
അശ്ശൂറാ 28-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:
وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُۚ
''മനുഷ്യര്‍ നിരാശപ്പെട്ടുകഴിഞ്ഞ ശേഷം മഴ വര്‍ഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍ അവന്‍ (അല്ലാഹു) തന്നെയാകുന്നു.''
മഴ വര്‍ഷിക്കാത്തതുമൂലമുള്ള നൈരാശ്യത്തിന്റെ അവസ്ഥയില്‍ ദിവ്യാനുഗ്രഹമാകുന്ന മഴ വര്‍ഷിപ്പിച്ച് അളവറ്റ അനുഗ്രഹം പ്രദാനം ചെയ്യുന്നവന്‍ അല്ലാഹുവാണെന്ന വസ്തുതയാണ് ഇവിടെ വിവരിക്കുന്നത്. മഴ ഇല്ലാതിരിക്കുമ്പോഴാണ് മഴയുടെ അനുഗ്രഹമൂല്യം നമുക്ക് തിരിച്ചറിയാനാവുക.
അസ്സുഖ്‌റുഫ് 11-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു;
وَالَّذِي نَزَّلَ مِنَ السَّمَاءِ مَاءً بِقَدَرٍ فَأَنشَرْنَا بِهِ بَلْدَةً مَّيْتًاۚ
''ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളമിറക്കിത്തരികയും ചെയ്തവനാണവന്‍. അതുമൂലം നിര്‍ജീവമായ നാട്ടിനെ നാം പുനരുജ്ജീവിപ്പിച്ചു.''
ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ വിവരിക്കുന്നതിനിടയില്‍ വന്നതാണ് ഈ സൂക്തം. ആകാശത്തുനിന്ന് ഒരു പ്രത്യേക അനുപാതത്തിലാണ് മഴ വര്‍ഷിപ്പിക്കുന്നതെന്നും അതുവഴി മൃതപ്രായമായ ഭൂമിയെ അല്ലാഹു ജീവസ്സുറ്റതാക്കുമെന്നുമാണ് ഇവിടെ പറയുന്നത്.
ഓരോ പ്രദേശത്തിനും മിതവൃഷ്ടിയുടെ ഒരു തോത് നിശ്ചയിച്ചിരിക്കുന്നു. യുഗാന്തരങ്ങളായി വര്‍ഷം തോറും അത് ഒരേ രീതിയില്‍ ആവര്‍ത്തിച്ചുവരുന്നു. ചില വര്‍ഷങ്ങളില്‍ രണ്ടിഞ്ചും മറ്റു ചില വര്‍ഷങ്ങളില്‍ ഇരുനൂറിഞ്ചും എന്ന നിലയില്‍ അവ്യവസ്ഥിതമായല്ല വര്‍ഷപാതമുണ്ടാകുന്നത്. കൂടാതെ അല്ലാഹു വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത സമയങ്ങളിലുമായി എല്ലായിടത്തും മഴ വ്യാപിപ്പിച്ചുകൊണ്ട് മൊത്തത്തില്‍ വിപുലമായ തോതില്‍ ഭൂമിയുടെ ജലസമൃദ്ധിക്ക് പ്രയോജനപ്രദമാകുന്ന ഭൂമിയുടെ ചില ഭാഗങ്ങളില്‍ ഏറക്കുറെ മഴ വിലക്കി ജലശൂന്യമായ മരുഭൂമിയുണ്ടാക്കുന്നതും ചില ഭാഗങ്ങളില്‍ ചിലപ്പോള്‍ വരള്‍ച്ചയുണ്ടാക്കുന്നതും ചിലപ്പോള്‍ അതിവൃഷ്ടിയുണ്ടാക്കുന്നതും അല്ലാഹുവിന്റെ യുക്തിജ്ഞത കൊണ്ടാണ്.
സൂറഃ ഖാഫ് 9,10,11 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ ﴿٩﴾ وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ ﴿١٠﴾ رِّزْقًا لِّلْعِبَادِۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًاۚ كَذَٰلِكَ الْخُرُوجُ ﴿١١﴾
''ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളമിറക്കുകയും എന്നിട്ടതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈത്തപ്പനകളും (നമ്മുടെ) ദാസന്മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അതുമൂലം നാം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍നിന്നുള്ള പുറപ്പാട്).''
മഴവെള്ളം അനുഗൃഹീതമായ ജലമാണെന്നും അതുവഴി മനുഷ്യര്‍ക്ക് ആഹാരമായ പഴവര്‍ഗങ്ങളും ധാന്യങ്ങളും വിശിഷ്യാ, ഈത്തപ്പഴവും പ്രദാനം ചെയ്യുകയും ചെയ്തു തരുന്നത് അല്ലാഹുവാണെന്നും മഴ മൃതപ്രായമായ ഭൂമിയെ സജീവമാക്കുന്നതുപോലെയാണ് മനുഷ്യന്റെ പുനര്‍ ജീവനമെന്നും വ്യക്തമാക്കുകയാണ് അല്ലാഹു ഇവിടെ. മഴയെന്ന പ്രതിഭാസത്തെ ഭൗതികാനുഭവം മാത്രമായി കാണാതെ മരണാനന്തര ജീവിതം എന്ന വരാനിരിക്കുന്ന അനിവാര്യാനുഭവത്തിന്റെ പ്രഥമപടിയായി മനസ്സിലാക്കണം.
അല്‍ വാഖിഅ അധ്യായം 68,69,70 സൂക്തങ്ങളില്‍ ഇങ്ങനെയാണ്:
أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ ﴿٦٨﴾ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ ﴿٦٩﴾ لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ ﴿٧٠﴾
''ഇനി നിങ്ങള്‍ കഴിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്ന് ഇറക്കിയത്. അതല്ല നാമാണോ ഇറക്കിയത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്തേ?''
മനുഷ്യന് കുടിക്കാനാവശ്യമായ ശുദ്ധജലം ലഭ്യമാക്കാന്‍ അല്ലാഹു ഉണ്ടാക്കിയ സംവിധാനങ്ങളിലേക്കാണ് ഇവിടെ ശ്രദ്ധതിരിക്കുന്നത്.
ജലത്തിനകത്ത് അല്ലാഹു നിക്ഷേപിച്ച ആശ്ചര്യകരമായ ഗുണങ്ങളില്‍ മുഖ്യമായ ഒന്നിതാണ്: താപത്തിന്റെ ഫലമായി ആവിയാകുമ്പോള്‍ അത് എല്ലാ കലര്‍പ്പുകളെയും താഴെ ഉപേക്ഷിച്ച് ജലത്തിന്റെ മൗലിക ഘടകങ്ങളെ മാത്രമെടുത്ത് വായുവിലേക്കുയരുന്നു. ജലത്തിന് ഈ ഗുണമില്ലായിരുന്നുവെങ്കില്‍ ആവിയായി രൂപാന്തരപ്പെടുമ്പോഴും അത് അതില്‍ ലയിച്ച കലര്‍പ്പുകളെ വഹിക്കുമായിരുന്നു അപ്പോള്‍ സമുദ്രജലം ബാഷ്പീകൃതമാവുമ്പോള്‍ അതില്‍ ഉപ്പ് കലര്‍ന്നിരിക്കും. അത് മഴയായി വര്‍ഷിക്കുമ്പോള്‍ ഭൂമി മുഴുവന്‍ ഊഷരമായിത്തീരും. ആ ജലം കുടിച്ച് മനുഷ്യന് ജീവിക്കാനുമാവില്ല. കാര്‍ഷിക വിളകള്‍ക്ക് മുളച്ചുവരാനുമാകില്ല.
ജലത്തിന് ഈ ഗുണമുള്ളതായതിനാലാണ് ഉപ്പ് കലര്‍ന്ന സമുദ്ര ജലം സംശുദ്ധമായ തെളിനീരായി രൂപാന്തരപ്പെടുന്നതും മഴയായി വര്‍ഷിക്കുന്നതും, അങ്ങനെ നദികളും തോടുകളും ഉറവിടങ്ങളും കിണറുകളും കുളങ്ങളുമായി നിര്‍ലോഭമായ ജലസേചനം നിര്‍വഹിക്കുന്നതും.
അന്നബഅ് 14,15,16 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു:
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا ﴿١٤﴾ لِّنُخْرِجَ بِهِ حَبًّا وَنَبَاتًا ﴿١٥﴾ وَجَنَّاتٍ أَلْفَافًا ﴿١٦﴾
''കാര്‍മേഘങ്ങളില്‍നിന്ന് കുത്തിയൊഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. അതുവഴി ധാന്യവും സസ്യവും ഇടതിങ്ങിയ തോട്ടങ്ങളും നാം പുറത്തുകൊണ്ടുവരാന്‍ വേണ്ടി.''
ജലനിബിഡമായ കാര്‍മേഘങ്ങളില്‍നിന്ന് നിരന്തരം മഴ വര്‍ഷിപ്പിക്കുകയും അതുവഴി മനുഷ്യര്‍ക്കും ഇതര ജീവികള്‍ക്കും ആഹാരമാകാവുന്ന ധാന്യങ്ങളും സസ്യലതാദികളും ഫലങ്ങള്‍ നല്‍കുന്ന തോട്ടങ്ങളും ഉണ്ടാക്കിത്തരികയും ചെയ്യുന്ന അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിലേക്ക് ശ്രദ്ധതിരിക്കുകയാണ് ഈ സൂക്തങ്ങളില്‍.
അബസ അധ്യായത്തിലെ 24 മുതല്‍ 32 വരെ സൂക്തങ്ങള്‍ മഴയെയും അനുബന്ധ പ്രക്രിയകളെയും ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്:
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ﴿٢٤﴾ أَنَّا صَبَبْنَا الْمَاءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا ﴿٢٦﴾ فَأَنبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَائِقَ غُلْبًا ﴿٣٠﴾ وَفَاكِهَةً وَأَبًّا ﴿٣١﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٢﴾
''എന്നാല്‍ മനുഷ്യര്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കട്ടെ, നാം ശക്തിയായി വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗവും പുല്ലും നാം മുളപ്പിച്ചു, നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായി.''
മനുഷ്യരുടെയും അവരുടെ കന്നുകാലികളുടെയും ഉപയോഗത്തിനായി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള വസ്തുക്കള്‍ എങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന വസ്തുതയിലേക്ക് ശ്രദ്ധ തിരിക്കുകയാണ് അല്ലാഹു ഈ സൂക്തങ്ങളില്‍. മഴ വര്‍ഷിപ്പിക്കുകയെന്ന സംവിധാനത്തിലൂടെയാണ് ഇതെല്ലാം സാധ്യമാക്കുന്നത്.
'ഭൂമിയെ പിളരുക' എന്നതുകൊണ്ടുദ്ദേശ്യം മുളച്ചുവരാന്‍ പാകത്തില്‍ വിത്തുകളോ കമ്പുകളോ നടീല്‍ വസ്തുക്കളോ മനുഷ്യന്‍ ഭൂമിയില്‍ നടുക, അല്ലെങ്കില്‍ കാറ്റു മുഖേനയോ പക്ഷികള്‍ മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ മണ്ണില്‍ വിത്ത് വീഴുകയാകുന്നു. എണ്ണമില്ലാത്ത വിത്തിനങ്ങള്‍ മണ്ണിലെത്തിയാല്‍ പൊട്ടിമുളക്കാനും ഓരോ ഇനത്തില്‍നിന്നും അതേ ഇനത്തില്‍പെട്ട ചെടികളെ വളര്‍ത്താനുമുള്ള സവിശേഷ ഇനം ഈ വിളകളില്‍ നിക്ഷേപിച്ചിരിക്കുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല അവര്‍ക്ക് മാംസം, പാല്‍, കൊഴുപ്പ് തുടങ്ങിയ ആഹാരവസ്തുക്കള്‍ ലഭ്യമാക്കുകയും തങ്ങളുടെ ഭൗതിക ജീവിതത്തിന് നിരവധി സേവനങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന മൃഗങ്ങള്‍ക്കും അത് വിഭവമാകുന്നു.
അത്ത്വാരിഖ് 11,12 സൂക്തങ്ങളില്‍ മഴയുടെ ആവര്‍ത്തനപ്രക്രിയയിലേക്ക് വിരല്‍ചൂണ്ടുന്നു:
وَالسَّمَاءِ ذَاتِ الرَّجْعِ ﴿١١﴾ وَالْأَرْضِ ذَاتِ الصَّدْعِ ﴿١٢﴾
''ആവര്‍ത്തിച്ച് മഴ പെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.''
رجع എന്ന വാക്കിന്റെ ഭാഷാര്‍ഥം മടക്കം എന്നാണ്. മഴക്കും ആലങ്കാരികമായി ഈ പദം ഉപയോഗിക്കാറുണ്ട്. മഴയുടെ സീസണില്‍ ആവര്‍ത്തിച്ച് മഴ വര്‍ഷിക്കുന്നതാണ് അതിനു കാരണം. ചിലപ്പോള്‍ സീസണല്ലാത്ത കാലത്തും മഴ മടങ്ങിയെത്തി ഇടക്കിടെ വര്‍ഷിക്കാറുണ്ട്. ഭൂമിയിലെ സമുദ്രങ്ങളില്‍നിന്ന് ആവിയായി ഉയര്‍ന്നുപോയ വെള്ളം മഴയായി തിരിച്ചുവന്ന് ഭൂമിയില്‍ വര്‍ഷിക്കുന്നു എന്നതും മഴയെ رجعഎന്ന് വിളിക്കുന്നതിനുള്ള മറ്റൊരു ന്യായമാണ്.
* * *
പ്രസ്തുത വാക്യങ്ങള്‍ക്കു പുറമെ ഒരു സ്ഥലത്ത് മഴക്ക് ആലങ്കാരികമായി سماء എന്ന വാക്കും (നൂഹ്: 11) ഖുര്‍ആനില്‍ വന്നിട്ടുണ്ട്. സാധാരണ മഴക്ക് ഒരു സ്ഥലത്ത് മാത്രമാണ് (അന്നിസാഅ്: 102) مطرഎന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. ദൈവശിക്ഷയായി ഇറങ്ങുന്ന മഴക്കാണ് അധിക സ്ഥലത്തും (അഅ്‌റാഫ്: 84, ഫുര്‍ഖാന്‍: 40, ശുഅറാഅ്: 173, അന്നംല്: 58) مطرഎന്ന വാക്ക് വന്നിട്ടുള്ളത്. ചാറ്റല്‍ മഴക്ക് طلّ എന്നും പേമാരിക്ക് وابل എന്നും (അല്‍ബഖറ: 264,265) ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നു.
(പല സൂക്തങ്ങളുടെയും പരിഭാഷക്കും വിശദീകരണത്തിനും 'തഫ്ഹീമുല്‍ ഖുര്‍ആന്‍' മലയാളപരിഭാഷയും 'ഖുര്‍ആന്‍ ബോധന'വുമാണ് അവലംബം).
(അവസാനിച്ചു)