ഖുര്‍ആന്‍ പഠനത്തിന് 'തഫ്‌സീറി'ന്റെ ആവശ്യകത
ഡോ. യൂസുഫുല്‍ ഖറദാവി
തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം) എന്ന പദത്തിന്റെ ഭാഷാര്‍ഥം വിശദീകരണം എന്നാണ്. അല്ലാഹു പറയുന്നു:
وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا
(ഏത് പ്രശ്‌നവുമായി അവര്‍ താങ്കളെ സമീപിച്ചാലും വ്യക്തമായ സത്യവും ഏറ്റവും നല്ല വിശദീകരണവും നാം താങ്കള്‍ക്ക് നല്‍കാതിരിക്കില്ല - ഫുര്‍ഖാന്‍ 33).
'ഫസ്ര്‍' എന്ന പദത്തില്‍നിന്നാണ് തഫ്‌സീര്‍ എന്നപദം നിഷ്പന്നമായത്. വിശദീകരിക്കുക, വെളിപ്പെടുത്തുക എന്നിവയാണ് അതിന്റെ അര്‍ഥം. അത് ആശയങ്ങളുമാകാം, ഭൗതിക വസ്തുക്കളുമാകാം. അര്‍ഥങ്ങളും ആശയങ്ങളും വ്യക്തമാക്കാനാണ് അത് കൂടുതലും പ്രയോഗിക്കപ്പെടുന്നത്.
സാങ്കേതികമായി തഫ്‌സീറിന്റെ വിവക്ഷയായി ഇമാം സുയൂത്വി പറഞ്ഞത് ഇങ്ങനെ: 'മുഹമ്മദ് നബിക്ക് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം മനസ്സിലാക്കാനും അതിന്റെ ആശയങ്ങള്‍ വിശദീകരിക്കാനും അതിലെ വിധികളും വിജ്ഞാനങ്ങളും നിര്‍ധാരണം ചെയ്യാനും ശ്രമിക്കുന്ന വിജ്ഞാനശാഖ.' ഇതിനോടടുത്തു നില്‍ക്കുന്ന മറ്റൊരു നിര്‍വചനം: 'വിശുദ്ധ ഖുര്‍ആന്റെ വചനങ്ങളില്‍നിന്ന് അല്ലാഹുവിന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിച്ചറിയാനുള്ള മനുഷ്യസാധ്യമായ ശ്രമങ്ങളുടെ വിജ്ഞാനം.'
തഫ്‌സീറും തഅ്‌വീലും തമ്മില്‍ അന്തരമുണ്ടോ എന്ന ചോദ്യമുയരാം. അവ രണ്ടും ഒരേ അര്‍ഥത്തിലാണ് ആദ്യകാല പണ്ഡിതന്മാര്‍ പ്രയോഗിച്ചിരുന്നത്. മറ്റു ചിലരുടെ ദൃഷ്ടിയില്‍ തഫ്‌സീര്‍ നേര്‍ക്കു നേരെയുള്ള ആശയ പ്രകാശനവും 'തഅ്‌വീല്‍' വ്യാഖ്യാനവുമാണ്. വേറെയും അര്‍ഥങ്ങള്‍ ഇവക്ക് പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്.
തഫ്‌സീറിന്റെ ആവശ്യകത
ഖുര്‍ആന്‍ സ്വയം സുവ്യക്തമായ ഗ്രന്ഥമാണെന്നും താങ്കളുടെ ഭാഷയില്‍ നാമതിനെ എളുപ്പമാക്കി' എന്നും അവകാശപ്പെടുമ്പോള്‍ പിന്നെയെന്തിനാണൊരു വിശദീകരണം എന്ന് ചോദിച്ചേക്കും. മറുപടി ഇപ്രകാരമാണ്: 'എല്ലാ കാര്യങ്ങളുടെയും വിശദീകരണമായി നാം നിനക്ക് ഈ ഗ്രന്ഥം അവതരിപ്പിച്ചു' എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം അടിസ്ഥാന വിശ്വാസകാര്യങ്ങളും ശരീഅത്തിന്റെ അടിത്തറകളും പെരുമാറ്റച്ചട്ടങ്ങളുടെ മൗലികകാര്യങ്ങളും അതില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ്. ഏറ്റവും ശരിയായ ചിന്താകര്‍മ പദ്ധതിയിലേക്ക് അത് നയിക്കുന്നു. പക്ഷെ, അവയുടെയൊന്നും വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. അത് പ്രവാചക ചര്യയിലൂടെയാണ് ലഭിക്കുന്നത്. ഖുര്‍ആന്റെ പദങ്ങളും വാക്യങ്ങളുമെല്ലാം വിശദീകരണമര്‍ഹിക്കുന്നുണ്ട്.
അറബി ഭാഷയിലാണ് ഖുര്‍ആന്‍. അതില്‍ പലതരം പ്രയോഗശൈലികളുണ്ട്. അവ മനസ്സിലാക്കുന്നതില്‍ ആളുകളില്‍ ഏറ്റ വ്യത്യാസങ്ങള്‍ കാണും. അതുപോലെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും അവതരിച്ച സൂക്തങ്ങളുണ്ട്. അവയെല്ലാം മനസ്സിലാക്കുമ്പോഴേ ആശയ വ്യക്തത ഉണ്ടാകൂ.
ഇക്കാരണങ്ങളാലും മറ്റും ഖുര്‍ആന് തഫ്‌സീര്‍ ആവശ്യമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ സൂക്ഷ്മമായി പരിചിന്തനം ചെയ്യാന്‍ അല്ലാഹു ആവശ്യപ്പെടുന്നത്:
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ
(ഇത് നാം നിനക്ക് അവതരിപ്പിച്ച അനുഗൃഹീത ഗ്രന്ഥമാണ്. അതിലെ സൂക്തങ്ങള്‍ ജനങ്ങള്‍ മനനം ചെയ്യുന്നതിനും ബുദ്ധിയുള്ളവര്‍ ഉല്‍ബുദ്ധരാകുന്നതിന്നും - സ്വാദ് 29).
وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ ﴿٤٣﴾
(ആ ഉദാഹരണങ്ങള്‍ ജനങ്ങള്‍ക്ക് നാം പറഞ്ഞു കൊടുക്കുന്നു. വിവരമുള്ളവരേ അത് ഗ്രഹിക്കുകയുള്ളൂ' - അല്‍ അന്‍കബൂത്ത് 43).
ഇമാം ത്വബരി പറയുന്നു: ഇത്തരം ഖുര്‍ആനിക സൂക്തങ്ങളില്‍ അല്ലാഹു അവന്റെ ദാസന്മാരോട് ആജ്ഞാപിക്കുന്നതും അവരെ പ്രേരിപ്പിക്കുന്നതും ഖുര്‍ആനിലെ ഉദാഹരണങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും അതിലെ ഉപദേശങ്ങള്‍ സ്വീകരിക്കാനുമാണ്. അത് വ്യക്തമായും സൂചിപ്പിക്കുന്നത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം പഠിക്കണമെന്നാണ്. പറയുന്നത് മനസ്സിലാക്കാന്‍ കഴിയാത്തവനോട് അതില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് പറയില്ലല്ലോ - ത്വബരി 1-82, 83).
ഖുര്‍ആന്റെ അവതരണകാലം മുതല്‍ക്കേ അത് മനസ്സിലാക്കുന്നതില്‍ പിഴവുകള്‍ സംഭവിക്കാറുണ്ടായിരുന്നു എന്ന് താഴെ പറയുന്ന സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. തഫ്‌സീറിന്റെ ആവശ്യകതക്ക് അവ അടിവരയിടുന്നു.
1) സൂറത്തുല്‍ ബഖറിലെ 187-ാം സൂക്തം: 'പ്രഭാതത്തിലെ കറുത്ത നൂലില്‍നിന്ന് വെള്ളനൂല്‍ വ്യക്തമാകുവോളം നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നീട് രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക.'' അദിയ്യുബ്‌നു ഹാതിം ത്വാഈ ഇതില്‍നിന്ന് മനസ്സിലാക്കിയത് ഇതുകൊണ്ടുദ്ദേശ്യം യഥാര്‍ഥത്തില്‍ തന്നെ വെള്ളനൂലും കറുപ്പു നൂലുമാണെന്നത്രെ. പ്രവാചകനാണ് അദ്ദേഹത്തിന് ഇതിന്റെ വിവക്ഷ രാത്രിയുടെ ഇരുട്ടും പകലിന്റെ വെളിച്ചവുമാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നത്.
الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ
2) വിശ്വസിക്കുകയും പിന്നീട് വിശ്വാസത്തില്‍ അതിക്രമം കലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ശാശ്വത നിര്‍ഭയത്വമുണ്ട്. അവര്‍ സന്മാര്‍ഗ ചാരികളാണ്. (അല്‍ അന്‍ആം 82). ഇതിലെ 'അതിക്രമം' എന്നതിന്റെ വിവക്ഷ 'കുറ്റങ്ങള്‍' എന്നാണെന്ന് ചില സ്വഹാബിമാര്‍ ധരിക്കുകയും അതവരെ വിഷമിപ്പിക്കുകയും ചെയ്തു. നമ്മില്‍ ഒരു തെറ്റു ചെയ്യാത്തവര്‍ ആരാണുണ്ടാവുകയെന്നു ചോദിച്ചപ്പോള്‍, നബി(സ) വിശദീകരിച്ചു, അതിന്റെ താല്‍പര്യം 'ശിര്‍ക്ക്' (ബഹുദൈവവിശ്വാസം) ആണെന്ന്. സൂറതു ലുഖ്മാനിലെ 'നിശ്ചയം ശിര്‍ക്ക് വമ്പിച്ച അതിക്രമമാണെന്ന സൂക്തം തെളിവായി പറയുകയും ചെയ്തു.
3) തന്റെ ഭരണകാലത്ത് അബൂബക്ര്‍ മിമ്പറില്‍ കയറി ജനങ്ങളോട് ഇപ്രകാരം പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ ഈ സൂക്തം പാരായണം ചെയ്ത് അതിന് തെറ്റായ വ്യാഖ്യാനം നല്‍കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْۚ
(വിശ്വസിച്ചവരെ! നിങ്ങള്‍ സ്വന്തം ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ സന്മാര്‍ഗചാരികളാണെങ്കില്‍ മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിങ്ങളെ ദോഷകരമായി ബാധിക്കില്ല. അല്‍ മാഇദ 105). പ്രവാചകന്‍ ഇവ്വിധം പറയുന്നത് ഞാന്‍ കേട്ടു: ജനങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ കാണുകയും, അയാളുടെ കൈക്ക് പിടിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ദൈവശിക്ഷ അവരെ ഒന്നടങ്കം ബാധിക്കാന്‍ സാധ്യതയുണ്ട്.
4) ഉമറുബ്‌നുല്‍ ഖത്വാബിന്റെ ഭരണകാലത്ത് ചില സ്വഹാബികള്‍ കുറ്റകരമല്ലെന്ന് കരുതി മദ്യപിക്കുകയുണ്ടായി.
لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوا وَّآمَنُوا وَعَمِلُوا الصَّالِحَاتِ ثُمَّ اتَّقَوا وَّآمَنُوا ثُمَّ اتَّقَوا وَّأَحْسَنُواۗ
എന്ന സൂക്തം തെറ്റിദ്ധരിച്ചാണ് അവരങ്ങനെ ചെയ്തത്. 'വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ എന്തു ആഹരിച്ചാലും അത് കുറ്റകരമല്ല, അവര്‍ ദൈവഭയം ഉള്ളവരും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും വീണ്ടും ഭക്തരാവുകയും വിശ്വസിക്കുകയും വീണ്ടും ഭക്തികാണിക്കുകയും സുകൃതം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ - മാഇദ 93).
ഖുദാമബ്‌നു മള്ഊന്‍ മദ്യപിച്ചപ്പോള്‍ പറഞ്ഞത്, ഞാന്‍ പ്രവാചകനോടൊപ്പം ബദ്‌റിലും ഉഹ്ദിലും ഖന്ദഖിലും മറ്റും സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ ഞാന്‍ അല്ലാഹുവിനെ ഭയക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരില്‍ പെട്ടവനാണ്. അപ്പോള്‍ ഉമറും മറ്റു സ്വഹാബിമാരും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു: ഈ സൂക്തം, മദ്യം അനുവദനീയമായ ഘട്ടത്തില്‍ മദ്യപിക്കുകയും അതേ അവസ്ഥയില്‍ മരിച്ചു പോവുകയും ചെയ്തവരെക്കുറിച്ചാണ് - അവര്‍ കുറ്റമുക്തരാണ്. എന്നാല്‍ പിന്നീടുള്ളവര്‍ക്ക് ഇത് ബാധകമല്ല.
തഫ്‌സീര്‍ നാലുവിധം
ഇബ്‌നു അബ്ബാസില്‍നിന്ന് ഇമാം ത്വബരി ഉദ്ധരിക്കുന്നു. തഫ്‌സീറുകള്‍ നാലു തരത്തിലുണ്ട്.
1) അറബി ഭാഷയിലാണ് ഖുര്‍ആന്റെ അവതരണം. അറബികള്‍ക്ക് സ്വന്തം ഭാഷ പരിചയമുണ്ട്. ഈ ഭാഷാ പരിജ്ഞാനം കൊണ്ട് മാത്രം മനസ്സിലാകുന്ന ഖുര്‍ആനിക സൂക്തങ്ങള്‍.
2) വലിയ ചിന്തയോ ബ്രയ്ന്‍ സ്‌റ്റോമിംഗോ ഇല്ലാതെ ഏവര്‍ക്കും ആശയം വ്യക്തമാകുന്ന ദീനിന്റെ അടിസ്ഥാന കാര്യങ്ങള്‍. ഇവ ഒരു വിശ്വാസി അറിയാതിരിക്കുന്നത് കുറ്റകരമാകും.
3) വിജ്ഞാനികള്‍ക്ക് മാത്രം ഗ്രഹിക്കാന്‍ കഴിയുന്നത്. പഠനം ഗവേഷണങ്ങളും വിചിന്തനങ്ങളും നടത്തിയാലേ അവയുടെ പൊരുള്‍ മനസ്സിലാകൂ.
4) അല്ലാഹുവിന് മാത്രം അറിയുന്ന കാര്യങ്ങള്‍. അദൃശ്യ കാര്യങ്ങള്‍ പരലോക ജീവിതം, അല്ലാഹുവിന്റെ സിംഹാസനം പോലുള്ളവ ഇതില്‍പെടും. ഒരു വ്യാഖ്യാന പ്രകാരം. 'മുതശാബിഹ്' ഈ ഗണത്തില്‍ പെട്ടതാണ്.
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُۗ
(അവയുടെ വ്യാഖ്യാന അല്ലാഹുവിനേ അറിയൂ - ആലുഇംറാന്‍ 7).
ഇബ്‌നു അബ്ബാസിന്റെ ഈ വിഭജനത്തെ വിശദീകരിച്ചുകൊണ്ട് സര്‍ക്കശീ തന്റെ 'അല്‍ബുര്‍ഹാന്‍' എന്ന കൃതിയില്‍ എഴുതി:
അറബികള്‍ക്ക് സ്വന്തം ഭാഷാജ്ഞാനത്തിലൂടെ മനസ്സിലാകുന്നത് എന്ന് പറഞ്ഞത് ഭാഷാ പദങ്ങള്‍, നാമങ്ങള്‍, اعراب കള്‍ എന്നിവയാണ്. ഖുര്‍ആന്‍ വ്യാഖ്യാതാവിന് അവ അറിഞ്ഞേ തീരൂ. اعراب -ന്റെ മാറ്റം അര്‍ഥ വ്യത്യാസം വരുത്തുമെങ്കില്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും പാരായണം ചെയ്യുന്നവനും അത് പഠിച്ചേ തീരൂ. എങ്കിലേ അതിലെ നിയമ വിധികള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയൂ.
ആശയം വളരെ വ്യക്തവും അന്യഥാ വ്യാഖ്യാനത്തിന് പഴുതില്ലാത്തതുമായ സൂക്തങ്ങള്‍ ഉദാഹരണമായി,
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ
(അറിയുക, അല്ലാഹുമാത്രമാണ് ദൈവം) - മുഹമ്മദ് 19). എന്നതിന്റെ വിവക്ഷ ദിവ്യത്വത്തില്‍ അല്ലാഹുവിന് പങ്കുകാരാരുമില്ലെന്നാണെന്ന് എല്ലാവര്‍ക്കുമറിയാം. ഭാഷയില്‍ 'ലാ' എന്നത് നിഷേധത്തിനും 'ഇല്ലാ' എന്നത് സ്ഥിരീകരണത്തിനുമാണ് എന്ന്. അത് രണ്ടും ചേരുമ്പോള്‍ 'ഹസ്വ്ര്‍ (അല്ലാഹു മാത്രമാണ് ദൈവം മറ്റാരുമല്ല എന്ന അര്‍ഥം) കിട്ടുമെന്നും അറിഞ്ഞില്ലെങ്കിലും. അതുപോലെ
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ
(നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുക - അല്‍ബഖറ 43) എന്നത് അവ ചെയ്യണമെന്ന കല്‍പനയാണെന്ന് എല്ലാവര്‍ക്കുമറിയാം. കല്‍പനയുടെ .....(صيغة الأمر) നിര്‍ബന്ധത്തിനോ 'നദ്ബി' (അഭിലഷണീയത) ക്കോ ഉള്ളതാണെന്ന് അറിയില്ലെങ്കിലും.
അല്ലാഹു മാത്രം അറിയുന്ന കാര്യങ്ങള്‍ എന്നതില്‍ അദൃശ്യകാര്യങ്ങള്‍, ലോകാവസാനം, ആത്മാവിന്റെ യാഥാര്‍ഥ്യം
(حم، ن ، الر، الم ) الحروف المقطعة
( മുതലായ ഖണ്ഡാക്ഷരങ്ങള്‍) എന്നിവ ഉള്‍പ്പെടുന്നു. അവയെക്കുറിച്ച് ഗവേഷണത്തിന് പഴുതില്ല. ഖുര്‍ആനിലൂടെയും ഹദീസിലൂടെയും ഇജ്മാഇലൂടെയും ലഭിക്കുന്ന വിവരങ്ങളേ അവയെ കുറിച്ച് അവലംബനീയമാകൂ.
പണ്ഡിതന്മാരുടെ ഇജ്തിഹാദിലൂടെ അറിയാന്‍ കഴിയുന്ന കാര്യങ്ങളില്‍ മതവിധികള്‍ നിര്‍ധാരണം ചെയ്യുക, എല്ലാവര്‍ക്കും ബാധകമായ ശൈലി ചിലര്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് വിധിക്കുക ((تخصيص العمومവിവിധ അര്‍ഥ ബാധ്യതയുള്ള പ്രയോഗത്തിന്റെ അര്‍ഥ നിര്‍ണയം നടത്തുക എന്നിവ ഉള്‍പ്പെടുന്നു. പണ്ഡിതന്മാര്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവയെക്കുറിച്ച് അഭിപ്രായപ്രകടനമാകാം.
തഫ്‌സീറിന്റെ പദവി
'ഇത്ഖാനില്‍ പറയുന്നു: ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്‌സീര്‍) ഫര്‍ദ് കിഫായകളിലും മൂന്ന് മതവിജ്ഞാനീയങ്ങളിലും (തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്) ഏറ്റവും ശ്രേഷ്ഠമാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഇസ്വ്ബഹാനി പറയുന്നു. മനുഷ്യര്‍ ചെയ്യുന്ന കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഖുര്‍ആന്‍ വ്യാഖ്യാനമാണ്. ഒരു ജോലിയുടെ ശ്രേഷ്ഠത അത് ഏത് വിഷയം കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. സ്വര്‍ണവും വെള്ളിയും കൈകാര്യം ചെയ്യുന്ന ആഭരണ നിര്‍മാതാവിന്റെ ജോലി ശവത്തിന്റെ തോല്‍ ഊറക്കിടുന്നവന്റേതിനേക്കാള്‍ ശ്രേഷ്ഠമാണ്. ആരോഗ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വൈദ്യരുടേത് അടിച്ചുവാരുന്ന സ്വീപ്പറുടേതിനേക്കാള്‍ അത്യാവശ്യമായ ജോലിയിലാണ് മുഴുകിയിരിക്കുന്നത്.
തഫ്‌സീറിനെക്കുറിച്ച് ആലോചിച്ചാല്‍, അല്ലാഹുവിന്റെ കലാമാണ് അതിലെ പ്രതിപാദ്യവിഷയം; അതിന്റെ ലക്ഷ്യമാകട്ടെ ശാശ്വത വിജയം നേടിയെടുക്കുക എന്നതും. ഭൗതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഗ്രന്ഥത്തെ ആസ്പദിച്ചാണ് നിലകൊള്ളുന്നത് എന്നതിനാല്‍ അതിന്റെ ആവശ്യകത മറ്റേതിനേക്കാളും കൂടുതലാണ്.
ഇമാം ഖുര്‍ത്വുബി അദ്ദേഹത്തിന്റെ തഫ്‌സീറിന്റെ ആമുഖത്തില്‍ ചില സ്വഹാബിമാരുടെയും താബിഉകളുടെയും പ്രസ്താവനകള്‍ ഉദ്ധരിക്കുന്നു.
إن الذي فرض عليك القرآن لرادّك الى معاد
(ഈ ഖുര്‍ആന്‍ അവലംബിക്കുക എന്നത് നിനക്ക് നിര്‍ബന്ധമാക്കിയവന്‍ നിന്നെ പരലോകത്തേക്ക് തിരിച്ചുകൊണ്ടുവരും) എന്ന സൂക്തത്തിന്റെ വിവക്ഷ ഏറ്റവുമേറെ അറിയുക. ജാബിറി(റ)ന്നാണെന്നതിനാല്‍ അലിയ്യുബ്‌നു അബീത്വാലിബ് അദ്ദേഹത്തെ പണ്ഡിതന്‍ എന്നു വിശേഷിപ്പിച്ചിരുന്നു.
അല്ലാഹുവിന് അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് അവന്‍ അവതരിപ്പിച്ച ഗ്രന്ഥം ഏറ്റവും അറിയുന്നവനാണ് - മുജാഹിദ്
ഒരായത്തിന്റെ അര്‍ഥമന്വേഷിച്ച് മസ്‌റൂഖ് ബസറയിലേക്ക് പോയി. അപ്പോഴേക്കും ഉദ്ദേശിച്ച ആള്‍ സിറിയയിലേക്ക് പോയി എന്നറിഞ്ഞപ്പോള്‍ ഇദ്ദേഹവും സിറിയയില്‍ പോയി അതിന്റെ വ്യാഖ്യാനം പഠിച്ചു - ഹസനുല്‍ ബസ്വ്‌രി.
ومن يخرج من بيته مهاجر الى الله ورسوله
'ആരെങ്കിലും തന്റെ വീട്ടില്‍നിന്ന് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്തു പുറപ്പെട്ടാല്‍' എന്ന ആയത്തില്‍ പരാമര്‍ശിക്കുന്നത് ആരെക്കുറിച്ചാണെന്നറിയാന്‍ ഞാന്‍ പതിനാലു കൊല്ലം അന്വേഷിച്ചു. അവസാനം എനിക്കത് അറിയാന്‍ കഴിഞ്ഞു - ഇക്‌രിമ.
റസൂല്‍ (സ)ക്കെതിരെ പരസ്പരം സഹകരിച്ച രണ്ട് പത്‌നിമാര്‍ ആരായിരുന്നുവെന്ന് ഉമറിനോട് ചോദിക്കാന്‍ രണ്ടു വര്‍ഷം ഞാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ഗാംഭീര്യം കാരണം പിന്‍വലിയുകയാണുണ്ടായത്. അവസാനം ഞാനത് ചോദിച്ചു. അത് ഹഫ്‌സയും ആഇശയുമാണെന്ന് മനസ്സിലാക്കി - ഇബ്‌നു അബ്ബാസ്.
സംഗ്രഹ വിവര്‍ത്തനം: വി.കെ അലി