സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം നിഷിദ്ധമോ?
ഇല്‍യാസ് മൗലവി
ഒരു സത്യവിശ്വാസി/സത്യവിശ്വാസിനി മരണമടഞ്ഞാല്‍ മരിച്ചയാളോടുള്ള സാമൂഹികബാധ്യതകളില്‍ ഏറ്റവും പ്രധാനമാണ് ജനാസ നമസ്‌കാരവും പാപമോചന പ്രാര്‍ഥനയും. മരണപ്പെട്ടവരുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും അവരില്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കാനും പ്രാര്‍ഥന ഉപകരിക്കുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ആത്മാര്‍ഥവും നിഷ്‌കളങ്കവുമായ പ്രാര്‍ഥനയാണ് അല്ലാഹുവിങ്കല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാകുന്നത്. അതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. മരണമടഞ്ഞ വ്യക്തിയെ പ്രസവിച്ച് വളര്‍ത്തിയ മാതാവിനും സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ച ഭാര്യക്കും മക്കള്‍ക്കുമുണ്ടാകുന്ന ആത്മാര്‍ഥത മറ്റൊരാളില്‍നിന്ന് പ്രതീക്ഷിച്ചുകൂടാ. നമസ്‌കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും സ്ത്രീകളായി എന്ന കാരണത്താല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പാപമോചനം തേടി നമസ്‌കരിക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കുന്നത് ഇസ്‌ലാമികമായി ന്യായീകരിക്കാവുന്നതല്ല.
നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.
സഹ്ലുബ്നു ബൈദ്വാഇ(റ)ന്റെ മയ്യിത്ത് പള്ളിയില്‍ കൊണ്ടുവരികയും അദ്ദേഹത്തിനായി നബി(സ) മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തപ്പോള്‍ വിശ്വാസികളുടെ മാതാക്കളായ നബിപത്നിമാര്‍ അതില്‍ പങ്കെടുത്തതും, ഉത്ബ(റ)ക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കാന്‍ ഉമ്മു അബ്ദില്ലയെ ഉമര്‍(റ) കാത്തുനിന്നതും ചരിത്രത്തിലുണ്ട്. അബൂത്വല്‍ഹ(റ)യുടെ മയ്യിത്ത് നമസ്‌കാരത്തില്‍ സ്ത്രീകളും പങ്കാളികളായിരുന്നുവെന്ന് വിവിധ പരമ്പരകളിലൂടെ സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സഅ്ദുബ്നു അബീവഖ്ഖാസ്വ്(റ) മരണമടഞ്ഞപ്പോള്‍ വിശ്വാസികളുടെ മാതാക്കള്‍ക്ക് നമസ്‌കരിക്കാന്‍ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ കല്‍പിച്ചതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു. സ്ത്രീകളുടെ മയ്യിത്ത് നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ അംഗീകരിക്കുന്ന ശാഫിഈ മദ്ഹബിലും അവരുടെ തന്നെ പ്രസിദ്ധീകരണങ്ങളിലും സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം അംഗീകരിക്കുന്നതായി കാണാം.
പുരുഷന്മാരുണ്ടായിട്ടും അവരാരും നമസ്‌കാരം നിര്‍വഹിക്കാതെ സ്ത്രീകള്‍ മാത്രം നമസ്‌കരിച്ചാല്‍ ജനാസ നമസ്‌കരിച്ചതിന്റെ നിര്‍ബന്ധബാധ്യത നിര്‍വഹിക്കപ്പെട്ടതായി പരിഗണിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളില്‍ ഭിന്നതയുള്ളത്. പുരുഷന്മാര്‍ക്കു മുമ്പ് സ്ത്രീകള്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കരുതെന്ന വാദം അടിസ്ഥാനരഹിതമാണ്. ഇസ്ലാമിക പ്രമാണങ്ങളിലോ ശാഫിഈ മദ്ഹബിലോ ഇപ്രകാരം ഒരു നിബന്ധനയില്ല.
ഇമാം നവവി(റ) വ്യക്തമാക്കുന്നു: ''സ്ത്രീകള്‍ ജമാഅത്തായി മയ്യിത്ത് നമസ്‌കരിക്കല്‍ മറ്റു നമസ്‌കാരങ്ങളെപ്പോലെ തന്നെ സുന്നത്താണ്'' (ശര്‍ഹുല്‍ മുഹദ്ദബ്). ''മയ്യിത്തിനു വേണ്ടി സ്ത്രീകള്‍ മാത്രം ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്താണ്'' (ഖല്‍യൂബി). ''മറ്റുള്ള നമസ്‌കാരം പോലെ തന്നെ സ്ത്രീകള്‍ മയ്യിത്തിന് ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്താണ്. ഇതാണ് പ്രബലമായ അഭിപ്രായം'' (ശര്‍വാനി). ''പുരുഷന്മാര്‍ ഉണ്ടായിട്ടും സ്ത്രീകള്‍ മാത്രം മയ്യിത്ത് നമസ്‌കരിച്ചാല്‍ ഫര്‍ദ് വീടുകയില്ല എന്നാണ് പ്രബലമായ അഭിപ്രായം'' (മിന്‍ഹാജ്).
സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് കേരളത്തിലെ ശാഫിഈ പണ്ഡിതന്മാര്‍ തന്നെ എഴുതിയത് കാണുക:
''പുരുഷന്മാരാണ് മയ്യിത്ത് നമസ്‌കരിക്കേണ്ടത്. പുരുഷന്മാരെ പിന്തുടര്‍ന്ന് സ്ത്രീകള്‍ക്കും നമസ്‌കരിക്കല്‍ സുന്നത്താകുന്നു. സ്ത്രീകള്‍ക്ക് സ്വന്തമായി നമസ്‌കരിക്കുകയും ചെയ്യാം'' (കെ.വി.എം മുസ്ലിയാര്‍ പന്താവൂര്‍, മരണം, മയ്യിത്ത് നിസ്‌കാരം, സിയാറത്ത്, പേജ് 28).
''ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്ത്രീകളും എന്ന ക്രമത്തില്‍ മയ്യിത്തിനോടടുത്ത് നില്‍ക്കണം. പക്ഷേ, ആദ്യം വന്നത് സ്ത്രീയാണെങ്കില്‍ അവള്‍ മുന്തി നില്‍ക്കരുത്. തന്റെ ശേഷം വന്ന പുരുഷന് സൗകര്യം ചെയ്തുകൊണ്ട് പിന്നിലേക്ക് മാറേണ്ടതാകുന്നു'' (ഉംദ പരിഭാഷ, പേജ് 80).
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അവതാരിക എഴുതിയ ഒരു കൃതിയില്‍ ഇങ്ങനെ കാണാം:
''സ്ത്രീകള്‍ മയ്യിത്ത് നിസ്‌കരിക്കലും അത് ജമാഅത്തായി നിര്‍വഹിക്കലും സുന്നത്താണ്'' (ആധുനികപ്രശ്നങ്ങള്‍ ഫിഖ്ഹിലൂടെ 1 /72).
''കുളിപ്പിച്ചു കഴിഞ്ഞ് മയ്യിത്ത് കൊണ്ടുപോകുന്നതിനു മുമ്പ് വീട്ടിനകത്തു തന്നെ സൗകര്യമുണ്ടാക്കി പെണ്ണുങ്ങള്‍ക്കും നിസ്‌കരിക്കാം. പള്ളിയിലേക്ക് പോയശേഷം വീട്ടില്‍ വെച്ച് നിസ്‌കരിക്കാന്‍ പാടില്ല'' (ഒ.എം തരുവണ, മയ്യിത്ത് സംസ്‌കരണം, പേജ് 56, പൂങ്കാവനം ബുക്സ്).
''സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം ഹറാമാണെന്ന് ധരിച്ചുവെച്ച കുറെ ആളുകളുണ്ട്. അക്കാരണത്താല്‍തന്നെ മയ്യിത്ത് നിസ്‌കാരത്തിന്റെ രൂപത്തെക്കുറിച്ച് അവര്‍ അജ്ഞരുമത്രെ. ഈ തെറ്റിദ്ധാരണ നീക്കാനും മയ്യിത്തിന്റെ പേരില്‍ നിസ്‌കരിച്ചതിനുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതിനും വേണ്ടി മയ്യിത്ത് കൊണ്ടുപോകുന്നതിനു മുമ്പ് വീട്ടില്‍വെച്ച് സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ അവസരം നല്‍കുന്നത് നന്നായിരിക്കും'' (സി.വി.എം ഫൈസി നെല്ലിക്കാട്ടിരി, മരണം മുതല്‍ മഖ്ബറ വരെ, പേജ് 8,9).
ചുരുക്കത്തില്‍, മയ്യിത്ത് നമസ്‌കാരം പുണ്യവും പ്രതിഫലാര്‍ഹവും മരണപ്പെട്ട ആളുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് നിമിത്തവുമാകുമെന്ന് വ്യക്തമാകുന്നു. പ്രവാചകന്റെ(സ) കാലത്തും അതിനു ശേഷവും ആ സുന്നത്ത് നിലനിന്നു. മദ്ഹബിന്റെ ഇമാമുകളും അത് അംഗീകരിച്ചു. കേരളത്തിലെ സുന്നി പണ്ഡിതന്മാരും അതിനെതിരായിരുന്നില്ല. അതുകൊണ്ട് പ്രവാചകന്‍ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുണ്യകര്‍മത്തെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.
സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരം ഉപേക്ഷിക്കുന്നത് പുത്തനാചാരം
സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരമില്ലെന്ന ഒരു തെറ്റിദ്ധാരണ മിക്ക മുസ്‌ലിംകള്‍ക്കിടയിലും പ്രചരിച്ചു കാണാം. സ്വന്തം ഭര്‍ത്താവിനു ഭാര്യ നമസ്‌കരിക്കുക, സ്വന്തം സന്താനങ്ങള്‍ക്ക് മാതാവ് നമസ്‌കരിക്കുക, സ്വന്തം സഹോദരനും സഹോദരിക്കും വേണ്ടി നമസ്‌കരിക്കുക എന്നിവ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ തെറ്റായ നടപടിയായാണ് പരിഗണിക്കപ്പെടുന്നത്. സമൂഹത്തില്‍ പില്‍ക്കാലത്ത് കടന്നുകൂടിയ ഒരു തെറ്റിദ്ധാരണയാണിത്. ഇവ്വിഷയകമായി വന്ന ചില ഹദീസുകള്‍ കാണുക:
عَنْ عَبَّادِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ عَائِشَةَ أَمَرَتْ أَنْ يُمَرَّ بِجَنَازَةِ سَعْدِ بْنِ أَبِى وَقَّاصٍ فِى الْمَسْجِدِ، فَتُصَلِّىَ عَلَيْهِ. فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا، فَقَالَتْ: مَا أَسْرَعَ مَا نَسِىَ النَّاسُ! مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ ابْنِ الْبَيْضَاءِ إِلاَّ فِى الْمَسْجِدِ. رَوَاهُ مُسْلِمٌ: 2296، باَبُ الصَّلاَةِ عَلَى الْجَنَازَةِ فِى الْمَسْجِدِ.
അബ്ബാദുബ്നു അബ്ദുല്ലാഹിബ്നു സുബൈറില്‍നിന്ന്: സഅ്ദുബ്നു അബീവഖ്ഖാസ്വിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാനായി അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ ആഇശ നിര്‍ദേശിച്ചു. ജനാസ പള്ളിയില്‍ കൊണ്ടുവരുന്നതില്‍ ആളുകള്‍ നീരസം പ്രകടിപ്പിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞു: ''ബൈദാഇന്റെ മകന്‍ സുഹൈലിനു വേണ്ടി അല്ലാഹുവിന്റെ ദൂതന്‍ നമസ്‌കരിച്ചത് പള്ളിയില്‍ വെച്ചായിരുന്നു എന്ന കാര്യം ജനങ്ങള്‍ എത്ര പെട്ടെന്നാണ് മറന്നുകളഞ്ഞത്'' (മുസ്ലിം 973-99).
ആഇശ (റ) തനിക്ക് നമസ്‌കരിക്കാനായി സഅ്ദുബ്‌നു അബീവഖ്ഖാസ്വി(റ)ന്റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ആളുകള്‍ അവരെ എതിര്‍ത്തു. അവര്‍ പറഞ്ഞു: ''ആളുകള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മറക്കുന്നത്. നബി (സ) സുഹൈലുബ്‌നു ബൈദാഇ(റ)നു വേണ്ടി പള്ളിയില്‍ വെച്ച് തന്നെയാണ് ജനാസ നമസ്‌കരിച്ചത്'' (മുസ്ലിം: 973).
عَنْ عَائِشَةَ أَنَّهَا لَمَّا تُوُفِّىَ سَعْدُ بْنُ أَبِى وَقَّاصٍ أَرْسَلَ أَزْوَاجُ النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَمُرُّوا بِجَنَازَتِهِ فِى الْمَسْجِدِ فَيُصَلِّينَ عَلَيْهِ فَفَعَلُوا فَوُقِفَ بِهِ عَلَى حُجَرِهِنَّ يُصَلِّينَ عَلَيْهِ أُخْرِجَ بِهِ مِنْ بَابِ الْجَنَائِزِ الَّذِى كَانَ إِلَى الْمَقَاعِدِ فَبَلَغَهُنَّ أَنَّ النَّاسَ عَابُوا ذَلِكَ وَقَالُوا مَا كَانَتِ الْجَنَائِزُ يُدْخَلُ بِهَا الْمَسْجِدَ. فَبَلَغَ ذَلِكَ عَائِشَةَ فَقَالَتْ مَا أَسْرَعَ النَّاسَ إِلَى أَنْ يَعِيبُوا مَا لاَ عِلْمَ لَهُمْ بِهِ. عَابُوا عَلَيْنَا أَنْ يُمَرَّ بِجَنَازَةٍ فِى الْمَسْجِدِ وَمَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ ابْنِ بَيْضَاءَ إِلاَّ فِى جَوْفِ الْمَسْجِدِ.- رَوَاهُ مُسْلِمٌ: 2297، باَبُ الصَّلاَةِ عَلَى الْجَنَازَةِ فِى الْمَسْجِدِ.
അബ്ബാദുബ്നു അബ്ദുല്ലാഹിബ്നു സുബൈറില്‍നിന്ന്: അദ്ദേഹം ആഇശയെ ഉദ്ധരിക്കുന്നു: സഅ്ദുബ്നു അബീവഖ്ഖാസ്വ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരത്തില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുമാറ് ജനാസ പളളിയില്‍ കൊണ്ടുവരാന്‍ പ്രവാചക പത്നിമാര്‍ ചൊല്ലിയയച്ചു. ബന്ധപ്പെട്ടവര്‍ അപ്രകാരം ചെയ്തു. അങ്ങനെ അവര്‍ക്ക് നമസ്‌കരിക്കാന്‍ പാകത്തില്‍ അവരുടെ വീടുകള്‍ക്കരികില്‍ ജനാസ കൊണ്ടുവന്നു വെച്ചു. പടികള്‍ക്കടുത്തുള്ള ബാബുല്‍ ജനാഇസ് (ജനാസ പുറത്തെടുക്കുന്ന കവാടം) വഴിയാണ് അത് പുറത്തെടുത്തത്. ജനാസ പള്ളിയില്‍ കയറ്റാന്‍ പാടില്ലായിരുന്നു എന്ന് ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആഇശ ചോദിച്ചു: തങ്ങള്‍ക്കറിയാത്ത കാര്യത്തില്‍ ആക്ഷേപം പറയാന്‍ ഈ മനുഷ്യര്‍ക്ക് എന്തൊരു ധൃതിയാണ്! ഒരു ജനാസ പള്ളിയില്‍ കൊണ്ടുവന്നതിന്റെ പേരില്‍ അവര്‍ ഞങ്ങളെ ആക്ഷേപിക്കുന്നു. സുഹൈലുബ്നു ബൈദാഇനു വേണ്ടി പള്ളിയുടെ അകത്തളത്തില്‍ വെച്ചാണ് നബി(സ) നമസ്‌കരിച്ചിരുന്നത്'' (മുസ്ലിം: 2297).
ഇബ്‌നു അബ്ബാസ് (റ) നിവേദനം: പ്രവാചകനു വേണ്ടി മയ്യിത്ത് നമസ്‌കാരം നടന്നപ്പോള്‍ ആദ്യം പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കപ്പെട്ടു. അവര്‍ അദ്ദേഹത്തിന് നമസ്‌കരിച്ചു. പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കപ്പെട്ടു. അവരും അദ്ദേഹത്തിനു വേണ്ടി നമസ്‌കരിച്ചു (ബൈഹഖി).
ഇമാം നവവി (റ) പറയുന്നു: സ്ത്രീകള്‍ സംഘമായി മയ്യിത്ത് നമസ്‌കരിച്ചാലും യാതൊരു വിരോധവുമില്ല (ശര്‍ഹുല്‍ മുഹദ്ദബ് 5 /211).
عَنِ اِبْنِ عَبَّاسٍ قَالَ: لَمَّا مَاتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أُدْخِلَ الرِّجَّالُ فَصَلَّوْا عَلَيْهِ بِغَيْرِ إمَامٍ أَرْسَالاً حَتَّى فَرَغُوا، ثُمَّ أُدْخِلَ النِّسَاءُ فَصَلِّيَنَّ عَلَيْهِ، ثُمَّ أ أُدْخِلَ الصَّبِيَّانُ فَصَلَّوْا عَلَيْهِ، ثُمَّ أ أُدْخِلَ الْعَبِيدُ فَصَلَّوْا عَلَيْهِ أَرْسَالاً، لَمْ يَأُمَّهُمْ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحَدٌ.- الْبِدَايَةُ وَالنِّهَايَةُ.
ഇബ്നു അബ്ബാസ് പറയുന്നു: ''അല്ലാഹുവിന്റെ ദൂതര്‍ മരിച്ചപ്പോള്‍ പുരുഷന്മാരെ ഉള്ളിലേക്ക് വിട്ടു. അവര്‍ ഇമാമില്ലാതെ ചെറു സംഘങ്ങളായി നമസ്‌കരിച്ചു. അവര്‍ നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീകളെ വിട്ടു. അവരും നമസ്‌കരിച്ചു. പിന്നെ അടിമകളെ വിട്ടു. അവരും ചെറു സംഘങ്ങളായി ആരും നേതൃത്വം നല്‍കാതെ നമസ്‌കരിച്ചു'' (അല്‍ബിദായ വന്നിഹായയില്‍ ഇബ്നുകസീര്‍ ഉദ്ധരിച്ചത് 5/265).
قَالَ الشَّافِعِىُّ رَحِمَهُ اللَّهُ : وَذَلِكَ لِعَظَمِ أَمْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِى هُوَ وَأُمِّى وَتَنَافُسِهِمْ فِى أَنْ لاَ يَتَوَّلَى الإِمَامَةَ فِى الصَّلاَة عَلَيْهِ وَاحِدٌ وَصَلَّوْا عَلَيْهِ مَرَّةً بَعْدَ مَرَّةٍ أَخْبَرَنَا أَبُو سَعِيدٍ حَدَّثَنَا أَبُو الْعَبَّاسِ أَخْبَرَنَا الرَّبِيعُ قَالَ قَالَ الشَّافِعِىُّ فَذَكَرَهُ.- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 7157.
ഇമാം ശാഫിഈ പറയുന്നു: നബിയുടെ ജനാസ നമസ്‌കാരം ആ രീതിയിലായത് നബി(സ)യുടെ മഹത്വത്തിന്റെയും നമസ്‌കാരത്തിന് ഒരാള്‍ മാത്രം നേതൃത്വം നല്‍കേണ്ടതില്ല എന്നതിനാലുമായിരുന്നു. അവര്‍ പല തവണകളിലായി നമസ്‌കരിച്ചു.
عَنْ إِسْحَاقَ بْنِ عَبْدِ اللهِ بْنِ أَبِي طَلْحَةَ، عَنْ أَبِيهِ، أَنَّ أَبَا طَلْحَةَ دَعَا رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى عُمَيْرِ بْنِ أَبِي طَلْحَةَ حِينَ تُوُفِّيَ، فَأَتَاهُمْ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى عَلَيْهِ فِي مَنْزِلِهِمْ، فَتَقَدَّمَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَكَانَ أَبُو طَلْحَةَ وَرَاءَهُ وَأُمُّ سُلَيْمٍ وَرَاءَ أَبِي طَلْحَةَ، وَلَمْ يَكُنْ مَعَهُمْ غَيْرُهُمْ.- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 1350، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَسُنَّةٌ غَرِيبَةٌ فِي إِبَاحَةِ صَلاَةِ النِّسَاءِ عَلَى الْجَنَائِزِ، وَلَمْ يُخَرِّجَا
ഉമൈറുബ്‌നു അബീത്വല്‍ഹ മരിച്ചപ്പോള്‍ അബൂത്വല്‍ഹ നബി(സ)യെ ക്ഷണിച്ചു. നബി(സ) അബൂത്വല്‍ഹയുടെ വീട്ടില്‍ ചെന്ന് ഉമൈറിന്റെ ജനാസ നമസ്‌കരിച്ചു. നബി(സ) ഇമാമായി മുന്നില്‍നിന്ന് നബി(സ)യുടെ പിന്നില്‍ അബൂത്വല്‍ഹയും അദ്ദേഹത്തിനു പിറകില്‍ ഭാര്യയും നിന്നു നമസ്‌കരിച്ചു. അവരുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. ബൈഹഖി, അസ്സുനനുല്‍ കുബ്‌റായില്‍ ഇതേ ഹദീസ് ഇതേ വാചകത്തില്‍ തന്നെ ഉദ്ധരിച്ചിരിക്കുന്നു (നമ്പര്‍ 7158).
'സ്ത്രീകളുടെ ജനാസ നമസ്‌കാരം സംബന്ധിച്ച അധ്യായം' എന്ന തലക്കെട്ടിനു താഴെ ഹൈസമി 'മജ്മഉസ്സവാഇദി'ല്‍ ഇപ്രകാരം ഉദ്ധരിക്കുന്നു:
عَنْ أَبِي إِسْحَاقَ، عَنْ عُمَرَ بن الْخَطَّابِ: أَنَّهُ انْتَظَرَ أُمَّ عَبْدٍ حَتَّى صَلَّتْ عَلَى عُتْبَةَ.- رَوَاهُ الطَّبَرَانِيُّ فِي الْكَبِير: 20934، قَالَ الْهَيْثَمِيّ فِي مَجْمَع الزَّوَائِد: 4172، إِسْنَادُهُ حَسَنٌ. بَابُ صَلَاةِ النِّسَاءِ عَلَى الجَنَائِزِ.
''മകന്‍ അബ്ദുല്ലയുടെ മാതാവ് ഉത്ബത്തിനു വേണ്ടി ജനാസ നമസ്‌കരിക്കും വരെ ഉമറുബ്നുല്‍ ഖത്ത്വാബ് ഉമ്മുഅബ്ദിനെ കാത്തിരുന്നു'' (മജ്മഉസ്സവാഇദ് 3/37).
ഇനി മജ്മഉസ്സവാഇദില്‍ ഇമാം ഹൈസമി ഉദ്ധരിച്ച ചില ഹദീസുകള്‍ കൂടിയുണ്ട്; ദുര്‍ബലങ്ങളെങ്കിലും മേല്‍ സംഭവങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ പോന്നവ. നബി(സ)യുടെയും സ്വഹാബിമാരുടെയും കാലത്ത് സ്ത്രീകളും മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നു എന്ന് കാണിക്കുന്നു അവ. മയ്യിത്ത് നമസ്‌കാരത്തില്‍ ഓതേണ്ട സൂറത്തും പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനയും ഏതൊക്കെയെന്ന് സ്ത്രീകള്‍ വഴിയാണ് ഉദ്ധരിച്ചുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ആ ഹദീസുകള്‍ താഴെ:
1. അസ്മാഅ് ബിന്‍ത് യസീദ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ''ജനാസ നമസ്‌കാരത്തില്‍ ഫാതിഹതുല്‍ കിതാബ് ഓതുവിന്‍.''
2. ഉമ്മു ഹഫീഫ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതര്‍ സ്ത്രീകളോട് ബൈഅത്ത് ചെയ്തപ്പോള്‍ ഞങ്ങളും ബൈഅത്ത് ചെയ്തിരുന്നു. വിവാഹബന്ധം നിഷിദ്ധമായ പുരുഷന്നല്ലാതെ മറ്റു പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ പാരിതോഷികം നല്‍കുകയില്ലെന്ന് നബി(സ)അവരോട് പ്രതിജ്ഞ ചെയ്യിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ മരിച്ചുപോയ ആളുകള്‍ക്കു വേണ്ടി (നമസ്‌കരിക്കുമ്പോള്‍) ഫാതിഹ ഓതാന്‍ നബി(സ) ഞങ്ങളോട് കല്‍പിക്കുകയും ചെയ്തു.''
3. ആഇശ(റ) പറഞ്ഞു: ''ജനാസ നമസ്‌കാരത്തില്‍, 'അല്ലാഹുവേ ഇയാള്‍ക്ക് പൊറുക്കേണമേ. ഇയാള്‍ക്ക് കാരുണ്യം ചൊരിയേണമേ, നിന്റെ ദൂതരുടെ ഹൗദിനടുത്ത് ഇയാളെ കൊണ്ടുവരേണമേ' എന്നിങ്ങനെ നബി(സ) പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.''
ആഇശയുടെ ഈ ഹദീസ് അബൂയഅ്ലാ ഉദ്ധരിച്ചിട്ടുണ്ട്. ത്വബറാനി ഔസത്വിലും ഇത് ഉദ്ധരിച്ചിരിക്കുന്നു. ത്വബറാനിയുടെ ഉദ്ധരണിയില്‍ 'ഇയാള്‍ക്ക് ബറകത്ത് ചൊരിയേണമേ' എന്ന് കൂടി പ്രാര്‍ഥിച്ചതായുണ്ട്. ഈ ഹദീസുകള്‍ ദുര്‍ബലമാണെങ്കിലും മുസ്ലിമും ഇബ്നുകസീറും ഉദ്ധരിച്ച സംഭവങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്.
മേല്‍ സംഭവങ്ങളത്രയും വ്യക്തമാക്കുന്ന കാര്യം ഇതാണ്: നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് സ്ത്രീകളും ജനാസ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് അവരാരും തടഞ്ഞതായി അറിയില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ ജനാസ നമസ്‌കാരത്തില്‍നിന്ന് തടയുന്നത് കുറ്റകരമാണ്.
പുരുഷന്മാര്‍ക്കു മുമ്പ് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാമോ?
ആര്‍, ആര്‍ക്കു മുമ്പ് മയ്യിത്ത് നമസ്‌കരിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു നിര്‍ദേശവുമില്ല. ഏതു കാര്യവും സമയമായാല്‍ സൗകര്യമുള്ളവര്‍ക്ക് ചെയ്യാം എന്നതാണ് അംഗീകൃത തത്ത്വം. മയ്യിത്ത് നമസ്‌കാരത്തിന്റെ സമയം, കുളിപ്പിച്ച് കഫന്‍ ചെയ്ത ശേഷമാണ്. പിന്നെ ആര്‍ക്കും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാം. പുരുഷന്മാര്‍ക്കു മുമ്പ് സ്ത്രീകള്‍ നിര്‍വഹിച്ചതുകൊണ്ട് പുരുഷ നമസ്‌കാരത്തിന്റെ പുണ്യം കുറയുന്നില്ല. ഒരു മനുഷ്യനു വേണ്ടി അയാളുടെ മരണാനന്തരം കുടുംബങ്ങള്‍ക്കും സ്നേഹജനങ്ങള്‍ക്കും ചെയ്തുകൊടുക്കാവുന്ന ഏറ്റവും ഗുണകരമായ കാര്യം അയാള്‍ക്കു വേണ്ടി നമസ്‌കരിക്കുക എന്നതാണ്. അതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ മറ്റുള്ളവരുടെ അവകാശം തടയുന്നതോടൊപ്പം പരേതന് ലഭിച്ചേക്കാവുന്ന പരലോകഗുണം തടയുക കൂടിയാണ് ചെയ്യുന്നത്. ഇത് ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും ചെയ്യുന്ന മഹാ ദ്രോഹമല്ലാതെ മറ്റൊന്നുമല്ല.
ഇവിടെ ഒരു എതിര്‍വാദത്തിന് സാധ്യതയുണ്ട്. നബി(സ)ക്കു വേണ്ടി സ്ത്രീകള്‍ നമസ്‌കരിച്ചത് പുരുഷന്മാര്‍ നമസ്‌കരിച്ച ശേഷമാണ്. അത് പുരുഷന്മാര്‍ നമസ്‌കരിച്ച ശേഷമേ സ്ത്രീകള്‍ ജനാസ നമസ്‌കരിക്കാവൂ എന്നതിന് തെളിവല്ലേ എന്നുന്നയിക്കപ്പെടാം.
എന്നാല്‍, ആ വാദം നിലനില്‍ക്കത്തക്കതല്ല. കാരണം, അവിടെ നബി(സ)യുടെ മയ്യിത്ത് ഖബ്റിനടുത്താണുണ്ടായിരുന്നത്. രണ്ട്, അവിടെ സ്ത്രീകളും കുട്ടികളുമൊക്കെ ഹാജരുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ പുരുഷന്മാര്‍ക്കു ശേഷം ജനാസ നമസ്‌കരിക്കാന്‍ സ്ത്രീകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാവുന്ന സാഹചര്യമല്ല ഉള്ളത്. പുരുഷന്മാര്‍ പള്ളിയില്‍ വെച്ചാണ് ജനാസ നമസ്‌കരിക്കുന്നത്. പിന്നീട് അത് വീണ്ടും വീട്ടിലേക്കെടുക്കുന്നില്ല. അതിനാല്‍ അവര്‍ വീട്ടില്‍ വെച്ച് ആദ്യം നമസ്‌കരിക്കുകയാണ്. പുരുഷന്മാര്‍ക്കൊപ്പമോ അവര്‍ക്കു ശേഷമോ നമസ്‌കരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാതെ, അവര്‍ നേരത്തേ നമസ്‌കരിച്ചുകൂടാ എന്ന് ശഠിക്കുന്നത് ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ഏറ്റവും ഒടുവില്‍ നിര്‍വഹിക്കാവുന്ന ഒരു പുണ്യകര്‍മത്തില്‍നിന്ന് തടയുക എന്നത് അനീതിയാണ്. മദ്ഹബിലുമില്ല അതിന് വിരുദ്ധമായ ഒരഭിപ്രായമെന്ന് മുകളിലെ ഉദ്ധരണികളില്‍നിന്ന് സുവ്യക്തമാണല്ലോ.
ചുരുക്കത്തില്‍, മയ്യിത്ത് നമസ്‌കാരം പുണ്യവും പ്രതിഫലാര്‍ഹവും മരണപ്പെട്ട ആളുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് നിമിത്തവുമാകുമെന്ന് വ്യക്തമാകുന്നു. പ്രവാചകന്റെ(സ) കാലത്തും അതിനു ശേഷവും ആ സുന്നത്ത് നിലനിന്നു. മദ്ഹബിന്റെ ഇമാമുകളും അത് അംഗീകരിച്ചു. കേരളത്തിലെ സുന്നി പണ്ഡിതന്മാരും അതിനെതിരായിരുന്നില്ല. അതുകൊണ്ട് പ്രവാചകന്‍ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുണ്യകര്‍മത്തെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.