സര്‍വമത സത്യവാദം സഹിഷ്ണുതയുടെ തെറ്റായ വായന
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി
നിങ്ങളുടെ കൈവശമുള്ള ഒരു വസ്തുവെപ്പറ്റി, അത് വെളുത്തതാണെന്ന് ഒരാള്‍ പറയുന്നു. കറുത്തതാണെന്ന് രണ്ടാമതൊരാള്‍ അഭിപ്രായപ്പെടുന്നു. പച്ചയാണെന്ന് മൂന്നാമത്തെയാളും മഞ്ഞയാണെന്ന് നാലാമത്തെയാളും പറയുന്നു. നാലഭിപ്രായങ്ങളും ഒരുപോലെ സത്യമാണെന്ന് താങ്കള്‍ക്ക് സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ല. ഇതേപോലെ, ഒരാള്‍ ഒരു പ്രവൃത്തിയെ വാഴ്ത്തുകയും അത് കല്‍പിക്കുകയും ചെയ്യുന്നു. മറ്റൊരാള്‍, അതേ പ്രവൃത്തിയെ മോശമായി കാണുകയും വിലക്കുകയും ചെയ്യുന്നു. രണ്ടുപേരുടെയും നിലപാടുകള്‍ ഒരുപോലെ ശരിയാണെന്ന് സമ്മതിച്ചുകൊടുക്കാനും സാധ്യമല്ല. അതേസമയം, മുകളില്‍ പറഞ്ഞവിധമുള്ള വൈരുധ്യങ്ങളെ സുബദ്ധവും സാധുവുമായി ന്യായീകരിക്കുന്നവര്‍ എല്ലാവരുടെയും തൃപ്തി നേടാന്‍ ശ്രമിക്കുന്നവരാണ്, നിലപാടിനെ തുടര്‍ന്നുണ്ടാവുന്ന പരിണിതഫലങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരാണ്. ഇത് രണ്ടും ബുദ്ധിയോടും വ്യക്തമായ സത്യത്തോടും യോജിക്കുന്നില്ല. ബുദ്ധിയെ സ്‌നേഹിക്കുകയും സത്യത്തിന്റെ മൂല്യം മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് പരസ്പരവിരുദ്ധങ്ങളായ നിലപാടുകളെയും അഭിപ്രായങ്ങളെയും ഏതെങ്കിലും കാരണത്താല്‍ ഒരുപോലെ അംഗീകരിക്കാന്‍ കഴിയില്ല.
ചിലയാളുകള്‍ വിചാരിക്കുന്നത്, പരസ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നതും സത്യമാണെന്ന് അംഗീകരിക്കുന്നതുമാണ് സഹിഷ്ണുത എന്നത്രെ. യഥാര്‍ഥത്തില്‍ അത് സഹിഷ്ണുതയല്ല, ഒരുതരം കാപട്യമാണ്. സഹിഷ്ണുത എന്നാല്‍ നമ്മുടെ വീക്ഷണത്തില്‍ തെറ്റായ അന്യരുടെ വിശ്വാസങ്ങളെയും പ്രവൃത്തികളെയും സഹിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത നിലപാട് സ്വീകരിക്കുകയുമാണ്. അന്യരെ അവരുടെ വിശ്വാസങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഹിതകരമല്ലാത്ത മാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കുന്നതും സഹിഷ്ണുത തന്നെ. ജനങ്ങള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുംവിധമുള്ള ആദര്‍ശം സ്വീകരിച്ചു ജീവിക്കാന്‍ കഴിയുമാറ് ഈയൊരു നിലപാട് കൈക്കൊള്ളുന്നത് നല്ലതാണെന്നു മാത്രമല്ല, വ്യത്യസ്ത ജീവിത നിലപാടുകള്‍ സ്വീകരിച്ച ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സമാധാനാന്തരീക്ഷവും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതവുമാണ്. നാം സര്‍വഥാ വ്യക്തതയുള്ള ഒരു ആദര്‍ശം അംഗീകരിക്കുക, എന്നിട്ട് അതിനു വിരുദ്ധമായ ഇതര ആദര്‍ശങ്ങളെ അവയുടെ വക്താക്കളുടെ തൃപ്തി നേടാനായി സത്യപ്പെടുത്തുന്നതും, നാം പ്രത്യേക ജീവിതവും ഭരണഘടനയും അംഗീകരിച്ച ശേഷം ഇതര ജീവിതവ്യവസ്ഥകളുടെയും ഭരണഘടനകളുടെയും വക്താക്കളോട് നിങ്ങളെല്ലാവരും സത്യമാര്‍ഗത്തിലാണെന്നു പറയുന്നതും സഹിഷ്ണുതയല്ല, ശുദ്ധ കാപട്യമാണ്. അഥവാ, നമ്മുടെ നിലപാടുകള്‍ എപ്പോഴും ബോധപൂര്‍വമായിരിക്കണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കുക എന്ന അര്‍ഥത്തിലുള്ള മൗനവും, വസ്തുതകള്‍ ബോധ്യപ്പെട്ടിട്ടും നടത്തുന്ന ബോധപൂര്‍വമായ കളവുപറയലും രണ്ടായിത്തന്നെ നാം പരിഗണിക്കണം.
പ്രശംസനീയവും സത്യസന്ധവുമായ സഹിഷ്ണുതാ നിലപാട് എന്തായിരിക്കണമെന്ന് ഖുര്‍ആനില്‍നിന്ന് വ്യക്തമാണ്:
وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا يَعْمَلُونَ ﴿١٠٨﴾
(അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ് - അന്‍ആം: 108).
സത്യവിശ്വാസികളുടെ സവിശേഷതയായി ഖുര്‍ആന്‍ പറയുന്നു:
وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا ﴿٧٢﴾
(കള്ളസാക്ഷ്യം വഹിക്കാത്തവരാണവര്‍, അനാവശ്യ കാര്യങ്ങളുടെ അടുത്തുകൂടി പോവുമ്പോള്‍, മാന്യന്മാരായി നടന്നുപോകുന്നവരാണവര്‍ - ഫുര്‍ഖാന്‍: 72).
സത്യത്തിന് വിരുദ്ധമായ വ്യാജവും മിഥ്യയുമാണ് മൂലത്തിലെ 'സൂര്‍' എന്ന പദത്തിന്റെ വിവക്ഷ. ബഹുദൈവ വിശ്വാസവും സത്യനിഷേധവും അക്രമവും അധര്‍മവും ഉള്ള ഇടങ്ങളിലേക്കും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ഇടങ്ങളിലേക്കും ബോധപൂര്‍വം അവര്‍ സന്ദര്‍ശനം നടത്തുകയില്ല എന്നു സാരം.
قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾
(നബിയേ, താങ്കള്‍ പറയുക! നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നവരുമല്ല. നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നവനുമല്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നവരുമല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം - കാഫിറൂന്‍ 1-6).
لَا إِكْرَاهَ فِي الدِّينِۖ
(മതത്തില്‍ ബലാല്‍ക്കാരമില്ല - ബഖറ 256).
وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٥٤﴾ وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ ﴿٥٥﴾
(അവര്‍ -സത്യവിശ്വാസികള്‍- നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയും ചെയ്യും. വ്യര്‍ഥമായ വാക്കുകള്‍ കേട്ടാല്‍ അവര്‍ അതില്‍നിന്ന് തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: 'ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളാണ്, നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മങ്ങളും. നിങ്ങള്‍ക്ക് സലാം. മൂഢന്മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല' - ഖസ്വസ്വ് 54, 55).
فَلِذَٰلِكَ فَادْعُۖ وَاسْتَقِمْ كَمَا أُمِرْتَۖ وَلَا تَتَّبِعْ أَهْوَاءَهُمْۖ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُۖ اللَّهُ رَبُّنَا وَرَبُّكُمْۖ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُۖ اللَّهُ يَجْمَعُ بَيْنَنَاۖ وَإِلَيْهِ الْمَصِيرُ ﴿١٥﴾
(അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടതു പോലെ നേരെ നിലക്കൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്നുപോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്‌നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത് - ശൂറാ: 15).
ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُۚ
(നീ നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടും സദുപദേശത്തോടും ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുകയും ചെയ്യുക - നഹ്ല്‍ 125).
മുകളിലെ സൂക്തങ്ങളില്‍ പരാമര്‍ശിച്ച നയനിലപാടുകളാണ് യഥാര്‍ഥ സഹിഷ്ണുത. സത്യത്തെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ശുദ്ധപ്രകൃതരെല്ലാം ഈ നിലപാടാണ് സ്വീകരിക്കുക. അയാള്‍ താന്‍ സത്യമെന്നു വിശ്വസിക്കുന്ന ആദര്‍ശത്തെ സത്യസന്ധമായും നിഷ്‌കളങ്കമായും വിശ്വസിച്ച് അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കും. സകലവിധ ധീരതയോടും അത് പ്രഖ്യാപിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യും. പക്ഷേ അത് മറ്റാരെയും വേദനിപ്പിക്കാതെയും ചീത്തപറയാതെയും ശപിക്കാതെയുമായിരിക്കും. അന്യരുടെ വിശ്വാസങ്ങളെ അഭിശംസിക്കാതെയായിരിക്കും. അവരെ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതില്‍നിന്ന് അയാള്‍ വിലക്കില്ല. തന്റെ ആദര്‍ശത്തിന്റെ മഹിമയും സത്യതയും സമ്മതിച്ചു കിട്ടാന്‍ ആരെയും അയാള്‍ നിര്‍ബന്ധിക്കില്ല. സത്യത്തെ സത്യമെന്ന് അംഗീകരിക്കാതിരിക്കാനോ, മിഥ്യയെ മിഥ്യയെന്നറിഞ്ഞിട്ടും സത്യമാണെന്ന് വാദിക്കാനോ സത്യസന്ധനും ധീരനുമായ ഒരാള്‍ക്ക് കഴിയില്ല. ആളുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കപട നാടകമാടുന്നത് വളരെ വൃത്തികെട്ട ശീലമാണ്. ഇത്തരം പ്രീണനങ്ങള്‍ ധാര്‍മികമായി മാത്രമല്ല, പ്രായോഗികമായും നിഷ്പ്രയോജനകരമാണ്. കാരണം, അതിലൂടെ നേടിയെടുക്കണമെന്നാഗ്രഹിക്കുന്ന ലക്ഷ്യം വളരെ കുറച്ചു മാത്രമേ നേടാന്‍ കഴിയാറുള്ളൂ. നബി(സ) സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:
وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِۙ مَا لَكَ مِنَ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ ﴿١٢٠﴾
(ജൂതന്മാരോ ക്രൈസ്തവരോ താങ്കളെ തൃപ്തിപ്പെടുകയില്ല. താങ്കള്‍ അവരുടെ മതം പിന്‍പറ്റുന്നതു വരെ. നബിയേ, താങ്കള്‍ പറയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ സന്മാര്‍ഗമാണ് സന്മാര്‍ഗം. താങ്കള്‍ക്ക് യഥാര്‍ഥ ജ്ഞാനം വന്നുകിട്ടിയ ശേഷം താങ്കള്‍ അവരുടെ ഇഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കാനോ സഹായിക്കാനോ ആരുമുണ്ടാവില്ല - ബഖറ 120).
ചിലര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ സഹിഷ്ണുത കാണിക്കാറുണ്ടെന്നതില്‍ സംശയമില്ല. പാശ്ചാത്യ നാടുകളിലെ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയത്തെ മൂല്യങ്ങളില്‍നിന്ന് വേര്‍പ്പെടുത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ കണ്ണ് നനക്കുന്നതും ഹൃദയം കരിച്ചുകളയുന്നതും 'എല്ലാ മതങ്ങളും സത്യമാ'ണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ കാണിക്കുന്ന ഉന്മേഷമാണ്. ഏതു കാര്യവും ബുദ്ധിപരമായി മാത്രമേ സംസാരിക്കൂ എന്നു വാദിക്കുന്നവരാണ് ഇത് പറയുന്നതെന്നതാണ് ഏറെ രസകരം. യഥാര്‍ഥത്തില്‍ ബുദ്ധിയുടെ ത്രാസില്‍ ഒരു വിലയുമില്ലാത്തതാണ് ഈ വാദം. എല്ലാ മതങ്ങളും സത്യമാണെന്ന വിധി നിലനില്‍ക്കുന്നതല്ല. കാരണം, നിലവിലെ എല്ലാ മതങ്ങളുടെയും അടിസ്ഥാനങ്ങള്‍ തമ്മില്‍ ആകാശവും ഭൂമിയും കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസങ്ങളുണ്ട്. ചില മതങ്ങളില്‍ ദൈവം ഏകനാണ്. മറ്റു ചിലതില്‍ രണ്ടു ദൈവങ്ങളുണ്ട്. മറ്റൊരു മതത്തില്‍ മൂന്നു ദൈവങ്ങളാണ്. ചില മതങ്ങളില്‍ അതിലധികം ദൈവങ്ങളുണ്ട്. ദൈവമേ ഇല്ല എന്നാണ് ചില മതങ്ങളിലെ നിലപാട്. മേല്‍പറഞ്ഞ അഞ്ചുതരം മതങ്ങളും ഒരുപോലെ ശരിയാണെന്ന് വാദിക്കണമെങ്കില്‍ അസാമാന്യ ധാര്‍ഷ്ട്യം തന്നെ വേണം. ഒരുമതം മനുഷ്യനെ ദൈവത്തിന്റെ പദവിയിലേക്കുയര്‍ത്തുന്നു, രണ്ടാമത്തെ മതം ദൈവത്തെ മനുഷ്യതലത്തിലേക്ക് താഴ്ത്തുന്നു. മൂന്നാമതൊരു മതം മനുഷ്യനെ ദാസനും ദൈവത്തെ ദാസ്യനുമാക്കുന്നു. മറ്റൊരു മതം മനുഷ്യനില്‍ ദാസനെയോ ദൈവത്തെയോ സങ്കല്‍പിക്കുന്നേയില്ല. മേല്‍ നാലു മതങ്ങളെയും ഒരുപോലെ സത്യമാണെന്ന് അംഗീകരിക്കണമെന്ന് പറയുന്നത് എങ്ങനെയാണ് യുക്തിസഹമാവുക? ചില മതങ്ങള്‍ മോക്ഷത്തിന്റെ അച്ചുതണ്ടായി കര്‍മത്തെ മാത്രം കാണുന്നു. മറ്റു ചിലത് വിശ്വാസത്തെ മാത്രം ആധാരമാക്കുന്നു. മൂന്നാമത്തേത്, മോക്ഷം ലഭിക്കണമെങ്കില്‍ ആദര്‍ശവും കര്‍മവും ഒരുപോലെ പ്രധാനമാണെന്ന് സമര്‍ഥിക്കുന്നു. ഈ വ്യത്യസ്ത മതങ്ങളെല്ലാം ഒരേസമയം ശരിയാണെന്ന് എങ്ങനെയാണ് നാം സമ്മതിക്കുക? ഒരു മതം രക്ഷയുടെ മാര്‍ഗം ദുന്‍യാവിനും അവിടത്തെ ജീവിതത്തിനും അപ്പുറമാണെന്ന് വാദിക്കുന്നു. മറ്റൊരു മതം, ദുന്‍യാവിലെ ജീവിത സന്ധാരണത്തിനും ബഹളങ്ങള്‍ക്കും ഇടയിലൂടെ തന്നെയാണ് രക്ഷയുടെ മാര്‍ഗം തിരയേണ്ടതെന്ന് വാദിക്കുന്നു. ഈ രണ്ടുവീക്ഷണങ്ങളും എങ്ങനെയാണ് ഒരേസമയം സാധുവാകുക? ഇത്തരം പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളെ സത്യമെന്നും ശരിയെന്നും സാധുവെന്നും വിധിക്കുന്നതിനെ എങ്ങനെയാണ് ബുദ്ധിപരമെന്ന് സമ്മതിക്കുക?
വ്യത്യസ്ത മതങ്ങളിലെ പൊതു സങ്കല്‍പങ്ങള്‍
പല മതങ്ങളും പങ്കുവെക്കുന്ന പൊതുമൂല്യങ്ങളും സങ്കല്‍പങ്ങളുമുണ്ട്. ഖേദകരമെന്നു പറയട്ടെ, വസ്തുക്കളുടെ തൊലിപ്പുറമെ മാത്രം നോക്കുന്നവര്‍, മേല്‍ പങ്കാളിത്തമൂല്യങ്ങളുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് അറിയാന്‍ ഉദ്ദേശിക്കുന്നവരാണ്.
പ്രാഥമിക വസ്തുതകളെ തെറ്റായി ക്രമീകരിച്ച്, അവയില്‍നിന്ന് തെറ്റായ വസ്തുതകളെ കണ്ടെടുക്കുകയാണവര്‍. പല മതങ്ങളിലും കാണുന്ന പൊതുമൂല്യങ്ങള്‍ പരമപ്രധാനമായ ഒരു യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതായത്, മതങ്ങളെല്ലാം ഒരേ അടിത്തറയില്‍നിന്നാണ് രൂപം കൊണ്ടിട്ടുള്ളത്. എല്ലാ അധ്യാപനങ്ങളുടെയും സങ്കല്‍പങ്ങളുടെയും ആദി തുടക്കം ഒന്നാണ്. വ്യത്യസ്ത കാലങ്ങളിലും ദേശങ്ങൡലും ഭാഷകളിലും ഈ പൊതു മൂല്യ യാഥാര്‍ഥ്യങ്ങള്‍ മനുഷ്യവംശത്തെ അറിയിച്ചത് ഒരേ ആദിസ്രോതസ്സ് തന്നെയാണെന്ന് മനസ്സിലാക്കാന്‍ നമ്മുടെ മുമ്പാകെ മാര്‍ഗമുണ്ട്. ലോകചരിത്രത്തില്‍ നൂറുകണക്കിനും ആയിരക്കണക്കിനും വര്‍ഷങ്ങളുടെ ഇടവേളകളിലായി എല്ലാ ജനവിഭാഗങ്ങള്‍ക്കും അവര്‍ക്കാവശ്യമായ ഉള്‍ക്കാഴ്ച ലഭിച്ചുപോന്നിട്ടുണ്ട്. ആ ഉള്‍ക്കാഴ്ചയിലൂടെ ഒരേ ഇനത്തിന്റെ പരസ്പര സാമ്യമുള്ള ഫലങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, മതങ്ങള്‍ അവയുടെ ആദി അടിത്തറയില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ പുറമെനിന്ന് അന്യവിശ്വാസങ്ങളും സങ്കല്‍പങ്ങളും അവയിലേക്ക് കടന്നുകയറി. ശേഷം വന്നുചേര്‍ന്നവയൊന്നും നാം പറഞ്ഞ ആദിസ്രോതസ്സില്‍നിന്ന് വന്നവയല്ല. വിവിധ കാലങ്ങളില്‍ മനുഷ്യര്‍ തങ്ങളുടെ നിലവാരവും ബുദ്ധിയും വെച്ച് പടച്ചുണ്ടാക്കിയവയാണ്. ആദിസ്രോതസ്സ് അഥവാ ദൈവിക സ്രോതസ്സ് പരിഗണിക്കാതെ കാലാകാലങ്ങളില്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയവ അതുകൊണ്ടുതന്നെ വ്യത്യസ്തവും പരസ്പരവിരുദ്ധങ്ങളുമായി മാറി.
ആയതിനാല്‍ ഒരു കാര്യത്തെ പറ്റി അത് സത്യമാണെന്ന് വിധിക്കാമെങ്കില്‍, അത് എല്ലാ മതങ്ങളിലും കാണപ്പെടുന്നതും അവ പങ്കുവെക്കുന്നതുമായ അടിത്തറകളെ അടിസ്ഥാനമാക്കിയായിരിക്കണം- അല്ലാതെ, മതങ്ങള്‍ ഇന്ന് നിലനില്‍ക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാവരുത്. കാരണം, തര്‍ക്കശാസ്ത്രയുക്തിയനുസരിച്ച് സത്യം വളരെ ലളിതമാണ്. അതിന്റെ അംശഭാഗങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടാവില്ല. വെളുപ്പും കറുപ്പും പച്ചയും ചുവപ്പും നിറങ്ങളാണെന്നു പറയാം. ഇതുപോലെ, അല്ലാഹു ഒന്നാണെന്നതും രണ്ടാണെന്നതും ദൈവങ്ങള്‍ പലതുണ്ടെന്നു പറയുന്നതും ഒരുപോലെ ശരിയാണെന്നു പറയാന്‍ കഴിയില്ല, എന്തുകൊണ്ടെന്നാല്‍ അത് സത്യമല്ല.
എല്ലാ മതങ്ങളും ഒരേ അടിത്തറയില്‍ നിന്നുണ്ടായവയാണ്. വിവിധ കാലങ്ങളിലായി വിവിധ മനുഷ്യസമൂഹങ്ങള്‍ക്ക് നല്‍കിയത് ഈ ഒരേ അടിത്തറയില്‍നിന്നുള്ള ദൈവികദര്‍ശനമാണ്. ഉദാഹരണമായി ഖുര്‍ആന്‍ പറയുന്നു:
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا
(എല്ലാ സമുദായങ്ങളിലും നാം ദൂതനെ അയച്ചിട്ടുണ്ട് - നഹ്ല്‍ 36).
وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
(ഒരു മുന്നറിയിപ്പുകാരന്‍ ഉണ്ടായിട്ടില്ലാത്ത ഒരു സമുദായവുമില്ല - ഫാത്വിര്‍ 24).
جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ
(അവര്‍ -പ്രവാചകന്മാര്‍- വ്യക്തമായ ദൃഷ്ടാന്തങ്ങളും വേദങ്ങളും പ്രകാശപൂര്‍ണമായ ഗ്രന്ഥവുമായും വന്നു - ആലുഇംറാന്‍ 184).
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ
(നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളുമായി അയക്കുകയും അവര്‍ക്കൊപ്പം ഗ്രന്ഥവും ത്രാസും ഇറക്കുകയും ചെയ്തിരിക്കുന്നു - ഹദീദ് 25).
അതായത്, എല്ലാ നബിമാരും സന്ദേശം സ്വീകരിച്ചത് ഒരേയൊരു സ്രോതസ്സില്‍നിന്ന് മാത്രമാണ്. എല്ലാവര്‍ക്കും നിര്‍വഹിക്കാനുണ്ടായിരുന്നത് ഒരേയൊരു ദൗത്യമായിരുന്നു താനും. അതിതാണ്:
أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَۖ
(നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. ദൈവേതര ശക്തികളെ വെടിയുക - നഹ്ല്‍ 36).
എല്ലാ നബിമാര്‍ക്കും കിട്ടിയത് ഒരേയൊരു സന്ദേശമായിരുന്നു:
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾
(ഞാന്‍ -അല്ലാഹു- അല്ലാതെ ദൈവമില്ല എന്ന ദിവ്യസന്ദേശം നല്‍കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് നാം ഒരു ദൂതനെയും അയച്ചില്ല - അമ്പിയാഅ് 25).
ലോകത്ത് വന്ന ഒരു നബിയും നിങ്ങളുടെ മുമ്പാകെ ഞാന്‍ അവതരിപ്പിക്കുന്നതും നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നതും എന്റെ ചിന്തകളിലേക്കും എന്റെ ബൗദ്ധിക താല്‍പര്യങ്ങളിലേക്കുമാണെന്ന് അവകാശപ്പെട്ടിട്ടില്ല. നേരെമറിച്ച്, അവര്‍ ജനങ്ങളോട് പറഞ്ഞത് ഇത്രയുമാണ്:
وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّهِۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴿١١﴾ وَمَا لَنَا أَلَّا نَتَوَكَّلَ عَلَى اللَّهِ
(അല്ലാഹുവിന്റെ അനുവാദമില്ലാതെ ഞങ്ങള്‍ക്ക് നിങ്ങളുടെ മുമ്പാകെ ദൈവികദൃഷ്ടാന്തം കൊണ്ടുവരാന്‍ കഴിയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കട്ടെ.. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴികള്‍ കാണിച്ചുതന്നിരിക്കെ അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ എങ്ങനെയാണ് ഭരമേല്‍പിക്കാതിരിക്കുക - ഇബ്‌റാഹീം 12).
ഒരു നബിയും തന്നെ ആരാധിക്കണമെന്ന് തങ്ങളുടെ ജനതയോട് ആവശ്യപ്പെട്ടിട്ടില്ല, അല്ലാഹുവിന് മാത്രം ഇബാദത്ത്‌ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്‌ബോധനം.
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِّي مِن دُونِ اللَّهِ وَلَٰكِن كُونُوا رَبَّانِيِّينَ
(അല്ലാഹു ഒരു മനുഷ്യന് ഗ്രന്ഥവും ജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ടയാള്‍ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ എന്റെ ദാസന്മാരാവുകയും ചെയ്യുക എന്നുപറയുക സംഭവ്യമല്ല. പക്ഷേ, നിങ്ങള്‍ ദൈവജ്ഞരായ ആചാര്യന്മാരാവുക എന്നായിരിക്കും അവര്‍ പറയുക - ആലുഇംറാന്‍ 79).
മതാത്മകമായി ചിന്തിക്കുന്ന എല്ലാവരും എല്ലാ സമൂഹങ്ങളിലും പഠിപ്പിച്ചത് ഈ അധ്യാപനമാണ്. മാനവസമൂഹം ആദിമഘട്ടത്തില്‍ ഏകസമുദായമായിരുന്നു. അഥവാ, ശുദ്ധമാനുഷിക പ്രകൃതി(state of nature)യിലായിരുന്നു. അല്ലാഹുവിന്റെ നേരായ മാര്‍ഗത്തെ പറ്റി അവര്‍ക്ക് ശരിയായ വിവരമുണ്ടായിരുന്നു. ആധുനികകാലത്ത് കൈകാര്യം ചെയ്യപ്പെടുന്ന മനുഷ്യ ചരിത്രതത്വശാസ്ത്രം സ്ഥാപിക്കുന്നതിനു വിരുദ്ധമായി മാനവസമൂഹം ഭൂമുഖത്ത് ജീവിതമാരംഭിച്ചത് അജ്ഞതയുടെ അന്ധകാരത്തിലല്ല. പ്രത്യുത, അല്ലാഹുവിന്റെ വിജ്ഞാന പ്രകാശത്തിന്റെ തെളിമയുള്ള തെളിച്ചത്തിലാണ്. ഭൂമുഖത്തെ ഒന്നാമത്തെ മനുഷ്യന്‍ ആദമായിരുന്നു. തന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നതു സംബന്ധിച്ച് അല്ലാഹു അദ്ദേഹത്തിന് ദിവ്യബോധനം നല്‍കി. പക്ഷേ, പില്‍ക്കാലത്ത് പ്രസ്തുത മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയുടെ പുറത്തേക്ക് കടക്കാന്‍ തുടങ്ങിയതോടെയും സ്വാഭാവികവും പ്രകൃതിസഹജവുമായ സ്ഥാനത്തിനപ്പുറം എത്തിപ്പിടിക്കാനുള്ള വിവേകരഹിതമായ നിലപാട് സ്വീകരിച്ചതോടെയും നൈസര്‍ഗികമായ അവകാശങ്ങളേക്കാള്‍ കൂടുതല്‍ സ്വായത്തമാക്കാനുള്ള ശ്രമമാരംഭിച്ചതോടെയും വ്യത്യാസങ്ങള്‍ ഉടലെടുത്തു (യൂനുസ് 18,19-ന് ഇബ്‌നുകസീര്‍ നല്‍കിയ വിശദീകരണം കാണുക - വിവ.) ഈ സാഹചര്യത്തില്‍, അല്ലാഹു യഥാര്‍ഥവും സാധുവുമായ വിജ്ഞാനം ജനങ്ങള്‍ക്ക് നല്‍കാനും സാമൂഹികനീതി സ്ഥാപിക്കാനുമായി നബിമാരെ അയച്ചുകൊണ്ടിരുന്നു. ഈ ലോകത്ത് എല്ലാ നബിമാരുടെയും ദൗത്യം അതായിരുന്നു. അത് സ്വീകരിച്ചവരും അതിനെ പൂര്‍ണമായും ശരിയായും പിന്‍പറ്റിയവരും അതുവഴി സന്മാര്‍ഗപ്രാപ്തരായവരും മാത്രമാണ് സത്യത്തിന്റെ വക്താക്കളും പ്രയോക്താക്കളും. നബിമാരെ പിന്‍പറ്റാന്‍ വിസമ്മതിച്ചവരും അവരുടെ അധ്യാപനങ്ങളെ വ്യക്തിതാല്‍പര്യങ്ങള്‍ക്കും മറ്റുമായി മാറ്റിമറിച്ചവരും നബിമാരുടെ അനുയായികളായി പരിഗണിക്കപ്പെടില്ല.
وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُواۚ
(മനുഷ്യര്‍ ഏകസമുദായമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അനന്തരം ഭിന്നിച്ചു - യൂനുസ് 19).
كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْۖ
(മനുഷ്യര്‍ ഏക സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍) അല്ലാഹു നബിമാരെ സന്തോഷവാര്‍ത്ത നല്‍കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായി അയച്ചു. ജനങ്ങള്‍ ഭിന്നിച്ചുകഴിഞ്ഞ വിഷയങ്ങളില്‍ വിധി കല്‍പിക്കാനായി അല്ലാഹു സത്യവുമായി അവരുടെ കൂടെ ഗ്രന്ഥം ഇറക്കി. വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയ ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല - ബഖറ: 213).
സൂക്തത്തിലെ 'ബഗ്‌യ്' എന്ന പദം നിയമപരിധികള്‍ ലംഘിക്കുക എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസപരമായ വഴികേടിലും സാമൂഹികമായ അക്രമത്തിലും ജനങ്ങള്‍ ചെന്നു പെടുന്നതിന്റെ അടിസ്ഥാനമായാണ് അത് ഇവിടെ ഊന്നിപ്പറയുന്നത്. അതായത്, ചില മനുഷ്യര്‍ തങ്ങളുടെ നൈസര്‍ഗികമായ പരിധികള്‍ അതിലംഘിച്ച് പ്രവര്‍ത്തിക്കുന്നു. ചിലര്‍ തങ്ങളെ ദൈവങ്ങളായി പ്രഖ്യാപിച്ച് തങ്ങളെ ആരാധിക്കാന്‍ ആഹ്വാനം ചെയ്യുന്നു. മറ്റു ചിലര്‍ തങ്ങളെ ദൈവങ്ങളായി പ്രഖ്യാപിക്കില്ലെങ്കിലും സങ്കല്‍പ ദൈവത്തിന്റെ സേവകരായി തങ്ങളെ കാണുന്നവരാണ്. പിന്നീട് ഇത് വെച്ച് തങ്ങളെ ദൈവങ്ങളായി കാണാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു. ഇനിയും ചിലര്‍ തങ്ങളെ മതാധികാരിയായി പ്രഖ്യാപിച്ച് ജനങ്ങളുടെ ജയം തങ്ങളെ ആശ്രയിച്ചു മാത്രമാണെന്ന് അവകാശപ്പെടുന്നു. അതുവഴി ലോകത്ത് ബ്രാഹ്‌മണിസവും പോപിസവും ഉടലെടുക്കുന്നു. സാമ്പത്തികൈശ്വര്യവും ജീവിത സമൃദ്ധിയും ജനങ്ങളുടെ സമ്പത്തുക്കള്‍ കൊള്ളയടിക്കാനുള്ള മാര്‍ഗമായി കാണുന്നു. ചുരുക്കത്തില്‍, ഈ 'ബഗ്‌യ്' ആണ് മനുഷ്യരെ തങ്ങളുടെ നൈസര്‍ഗിക വൃത്തത്തില്‍നിന്ന് പുറത്താക്കുന്നത്. ഇതിലൂടെ ആദര്‍ശപരമായി മാത്രമല്ല, സാമൂഹികമായും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.
فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِۗ
(അങ്ങനെ അല്ലാഹു സത്യവിശ്വാസികളെ സത്യത്തില്‍നിന്ന് അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ തന്റെ അനുവാദപ്രകാരം സന്മാര്‍ഗത്തിലാക്കി - ബഖറ 213).
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِۖ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ
(തീര്‍ച്ചയായും നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അയക്കുകയും അവര്‍ക്കൊപ്പം ഗ്രന്ഥവും ത്രാസും അവതരിപ്പിക്കുകയുമുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വകമായി നിലകൊള്ളാന്‍ വേണ്ടി. നാം ഇരുമ്പും ഇറക്കുകയുണ്ടായി. അതില്‍ ശക്തമായ പരാക്രമശേഷിയുണ്ട്; ജനങ്ങള്‍ക്ക് ഉപകാരങ്ങളും - ഹദീദ് 25). 'ത്രാസ്' എന്നതിന്റെ വിവക്ഷ, സമ്പൂര്‍ണമായ സന്തുലിത സാമൂഹിക വ്യവസ്ഥയാണ്. തന്റെ ശരീഅത്തിലൂടെ നബിമാര്‍ വഴി അതവന്‍ പ്രയോഗവല്‍ക്കരണത്തിനായി തെരഞ്ഞെടുത്തു.
فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ
(ആരെങ്കിലും എന്റെ സന്മാര്‍ഗം പിന്‍പറ്റിയാല്‍ അവന്‍ വഴിതെറ്റുകയോ നിര്‍ഭാഗ്യവാനാവുകയോ ഇല്ല. എന്റെ സ്മരണയില്‍നിന്ന് ആരെങ്കിലും അവഗണിച്ചു പോയാല്‍ തീര്‍ച്ചയായും അവന് കുടുസ്സായ ജീവിതമായിരിക്കും. അവനെ നാം അന്ത്യനാളില്‍ അന്ധനായി ഒരുമിച്ചുകൂട്ടുകയും ചെയ്യും - ത്വാഹാ 7).
ഇതാണ് ചരിത്രത്തെക്കുറിച്ച ഖുര്‍ആനിന്റെ വീക്ഷണം. അഥവാ, ചരിത്രത്തിന്റെ ധാര്‍മികമായ വ്യാഖ്യാനം. ഈ വ്യാഖ്യാനം മതപരമായ ഭിന്നതകളെയും നാഗരികമായ അഭിപ്രായാന്തരങ്ങളെയും വളരെ എളുപ്പത്തില്‍ വിശദീകരിക്കുന്നു. ഈ വീക്ഷണപ്രകാരം, അല്ലാഹുവിന്റെ നബിമാരെല്ലാവരും ഭൂമിയിലെ വ്യത്യസ്ത സമൂഹങ്ങളിലേക്ക് വന്നത് വ്യതിചലിച്ചുപോയ നൈസര്‍ഗികപാതയിലേക്കു തന്നെ ജനങ്ങളെ തിരികെകൊണ്ടുവരാനായിരുന്നു. സാമൂഹിക നീതിയുടെ പാതയില്‍ അവരെ ഉറപ്പിച്ചുനിര്‍ത്താനായിരുന്നു. പക്ഷേ മാനവ സമൂഹം പലപ്പോഴായി പിഴച്ചു കൊണ്ടേയിരുന്നു. ആധുനിക ലോകത്തെ വ്യത്യസ്ത സമൂഹങ്ങളില്‍ എവിടെയെങ്കിലും സുബദ്ധമായ തത്ത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ വ്യക്തികളേയോ സമൂഹങ്ങളെയോ കാണുന്നുണ്ടെങ്കില്‍ അത് യഥാര്‍ഥത്തില്‍ മുന്‍കാലങ്ങളില്‍ വന്നുപോയ നബിമാരുടെ അധ്യാപനങ്ങളുടെ ഇന്നും നിലനില്‍ക്കുന്ന സ്വാധീനഫലമാണെന്നും കാണാം. അതിലൂടെ അത്തരം വ്യക്തികളും സമൂഹങ്ങളും തങ്ങളുടെ ആദര്‍ശസ്വത്വവും മൂല്യ ജൈവികതയും നിലനിര്‍ത്തിപ്പോരുന്നു എന്നു മനസ്സിലാക്കാം.
ഇനി നമുക്ക് മനസ്സിലാക്കാനുള്ളത്, ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന സന്ദേശത്തെക്കുറിച്ചാണ്. ലോകാരംഭം മുതല്‍ ഭൂഗോളത്തിന്റെ നാനാഭാഗങ്ങളില്‍ വന്നുപോയ സമൂഹങ്ങളിലേക്കെല്ലാം നിയോഗിതരായ നബിമാര്‍ കൊണ്ടുവന്ന അതേ മൗലിക സന്ദേശം തന്നെയാണ് ഖുര്‍ആനിന്റേതും.
قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ
(ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല - അഹ്ഖാഫ് 10).
എല്ലാ നബിമാരുടെയും ദൗത്യം ഒന്നു തന്നെയായിരുന്നു എന്ന് ഖുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ പറയുന്നുണ്ട്:
إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِۚ
(നൂഹിനും അദ്ദേഹത്തിനു ശേഷമുള്ള നബിമാര്‍ക്കും നാം ബോധനം നല്‍കിയതു പോലെ തീര്‍ച്ചയായും താങ്കള്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു - നിസാഅ് 163). അറേബ്യാ ഉപദ്വീപ്, ഈജിപ്ത്, ഇറാന്‍, ഇന്ത്യ, ചൈന, ജപ്പാന്‍, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക മുതലായ എല്ലാ രാജ്യങ്ങളിലും നബിമാരിലൂടെ ദൈവിക സന്ദേശം വന്നെത്തിയിട്ടുണ്ട്. ബുദ്ധനും കൃഷ്ണനും രാമനും കണ്‍ഫ്യൂഷ്യസും സൊരാഷ്ട്രറും മാനിയും സോക്രട്ടീസും പൈത്തഗോറസും മറ്റും നബിമാരാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഹമ്മദ് നബിയും ഇതര പ്രവാചകന്മാരും തമ്മിലുള്ള വ്യത്യാസം ഇത്രയുമാണ്: ഇതര നബിമാരുടെ മൗലികാധ്യാപനങ്ങളെല്ലാം കാലത്തിന്റെ ഗതിമാറ്റത്തില്‍ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. അതേസമയം മുഹമ്മദ് നബിയുടേത് മാനവ സമൂഹത്തിനാകമാനമുള്ള മൗലികമായ സന്ദേശമാണ്. ഇന്ന് നിലവിലുള്ള മറ്റു മതങ്ങളെല്ലാം ആ മൗലിക സന്ദേശത്തിന്റെ മാറ്റിമറിക്കപ്പെട്ട രൂപങ്ങള്‍ മാത്രമാണ്. അവയില്‍ കാണുന്ന സത്യത്തിന്റെ അംശങ്ങള്‍ പല കാലങ്ങളിലായി എല്ലാ സമൂഹങ്ങളിലേക്കും വന്ന ഇസ്‌ലാമിന്റെ നിലവിലെ ശേഷിപ്പുകള്‍ മാത്രമാണ്. ഈ മതങ്ങള്‍ ഇസ്‌ലാമുമായി വിയോജിക്കുന്ന വശങ്ങള്‍ അല്ലാഹുവിങ്കല്‍ തീര്‍ത്തും അസാധുവാണ്. ആയതിനാല്‍, ഇസ്‌ലാം വിയോജിക്കുന്നവ സുബദ്ധവും സാധുവുമാണെന്ന് വാദിക്കുന്നതും വിധിക്കുന്നതും വ്യക്തമായ അക്രമമല്ലാതെ മറ്റൊന്നുമല്ല.
വ്യാജ സഹിഷ്ണുത കപടമായി നടിക്കുന്നതിനു പകരം, ലോകമാനവ സമൂഹത്തോട് നമുക്ക് പറയാനുള്ളത് ഇതു മാത്രമാണ്: 'സഹോദരങ്ങളേ, നിങ്ങള്‍ വരൂ! പക്ഷപാതിത്വവും സങ്കുചിത മനസ്സും മാറ്റിവെച്ച് ഒട്ടും കളങ്കമില്ലാത്ത സത്യത്തെ -മുഹമ്മദീയ സന്ദേശത്തെ- നിങ്ങള്‍ വിശാലഹൃദയത്തോടെ സ്വീകരിക്കുക. സത്യവും അസത്യവും സംശയവും ഉറപ്പും കൂടിക്കുഴഞ്ഞ് ശങ്കാ സങ്കീര്‍ണമായി മാറിയ കാര്യങ്ങളുടെ തലപ്പുകള്‍ പിടിച്ച് നിങ്ങള്‍ മുന്നോട്ടു പോകാതിരിക്കുക. ഇസ്‌ലാം ഇസ്‌ലാമിക സമൂഹത്തിന് വഖ്ഫ് ചെയ്തതൊന്നുമല്ല. അത് മാനവ സമൂഹത്തിന്റെ മൊത്തം അനന്തരസ്വത്താണ്. അത് അല്ലാഹു എല്ലാ രാജ്യങ്ങളിലെയും സമൂഹങ്ങള്‍ക്കായി വിതരണം ചെയ്യുകയായിരുന്നു. അവര്‍ അത് പാഴാക്കുകയും അതില്‍ സൃഷ്ടിപൂജയും അക്രമത്തിന്റെയും ശത്രുതയുടെയും മിഥ്യാ വിശ്വാസങ്ങളുടെയും അക്രമപരമായ വിവേചനങ്ങളുടെയും വിഷം അതില്‍ കലര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഞങ്ങളുടെയും നിങ്ങളുടെയും ഭാഗ്യദോഷമെന്നേ പറയേണ്ടൂ. ഈ നിര്‍ഭാഗ്യത്തില്‍ നിങ്ങള്‍ എന്തിന് പിടിവിടാതെ കൂടണം? നിങ്ങളുടെ പൂര്‍വപിതാക്കള്‍ ഈ അബദ്ധത്തില്‍ അകപ്പെട്ടുപോയി എന്നതിന്റെ പേരിലാണോ? മുഹമ്മദ് നബിക്ക് ഈ അനന്തര സ്വത്ത് ലഭിക്കുകയും അദ്ദേഹം അതിലെ വിഷം എടുത്തുകളഞ്ഞ് നമുക്ക് കൈമാറുകയും ചെയ്തുവെങ്കില്‍ അത് നമ്മുടെയും നിങ്ങളുടെയും മാത്രമല്ല, മാനവസമൂഹത്തിന്റെ തന്നെ മഹാഭാഗ്യമായി നാം മനസ്സിലാക്കുകയല്ലേ വേണ്ടത്? ആയതിനാല്‍, ഈ അനുഗ്രഹത്തിന് നാം അല്ലാഹുവിന് നന്ദിപറയുക. അറബിയായ ഒരാള്‍ മാധ്യമമായാണ് അത് ലഭിച്ചതെന്നതിന്റെ പേരില്‍ ആ സന്ദേശം ശ്രവിക്കുന്നതില്‍നിന്ന് നിങ്ങള്‍ അറച്ചുനില്‍ക്കാതിരിക്കുക. ഇസ്‌ലാമെന്ന പരമസത്യം വായു, വെള്ളം, വെളിച്ചം എന്നിവ പോലെ അല്ലാഹുവിന്റെ സാര്‍വലൗകിക അനുഗ്രഹങ്ങളിലൊന്നാണ്. കിഴക്കു നിന്നാണ് വരുന്നതെന്നതിന്റെ പേരില്‍ വായു ആസ്വദിക്കുന്നതിന് നിങ്ങള്‍ക്ക് വിസമ്മതമില്ലെങ്കില്‍, ഏതോ ഭൂമിയില്‍നിന്ന് ഉറവെടുത്തൊഴുകുകയാണെന്നതിന്റെ പേരില്‍ വെള്ളം കുടിക്കാന്‍ നിങ്ങള്‍ അറച്ചുനില്‍ക്കുന്നില്ലെങ്കില്‍, ആരുടെയോ വിളക്കില്‍നിന്ന് പ്രസരിക്കുന്നതാണെന്നതിന്റെ പേരില്‍ വെളിച്ചത്തെ നിരസിക്കുന്നില്ലെങ്കില്‍ സംശുദ്ധവും കളങ്കരഹിതവുമായ പരമസത്യമെന്ന അനുഗ്രഹത്തെ സ്വീകരിക്കുന്നതില്‍ നിങ്ങള്‍ എന്തിന് സംശയിക്കണം? മുഹമ്മദ് നബി നിങ്ങളുടെ നാട്ടില്‍ ജനിച്ചവനല്ല എന്നത് മാത്രം അദ്ദേഹത്തിലൂടെ ലഭ്യമായ പരമസത്യത്തെ നിരാകരിക്കാന്‍ മതിയായ ന്യായമാണോ?
(ഖലീല്‍ അഹ്‌മദുല്‍ ഹാമിദി സമാഹരിച്ച മൗദൂദിയുടെ ലേഖന സമാഹാരമായ 'അല്‍ ഇസ്‌ലാം ഫീ മുവാജഹത്തിത്തഹദ്ദിയ്യാത്ത് അല്‍ മുആസ്വിറഃ'യില്‍നിന്ന്)
വിവ: സലീല